2009, ജൂൺ 9, ചൊവ്വാഴ്ച

മാധവിക്കുട്ടിയും വിവാദങ്ങളും-5

മലയാളം ബ്ലോഗ് അതിന്റെ ശൈശവാവസ്ഥ പിന്നിട്ടിട്ടില്ല, മറ്റു മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായ വായനക്കാരെ ഇപ്പോഴും ആയിട്ടുള്ളൂ. അതിന്നിടയിലാണ് ഒരു കവിതാപ്രശ്നം ഉടലെടുക്കുന്നത്. കവിത മുറിച്ചെഴുതാമെന്നും പാടില്ലെന്നും. പ്രശ്നം ചിലരെ രണ്ട് ചേരിയിലാക്കി. അവരവരുടെ വീക്ഷണങ്ങള്‍ കുറച്ചു വാഗ്വാദങ്ങളിലേക്കു വരെ നീങ്ങി, ചിലര്‍ കുറച്ച് തീവൃമായി - തെറി, അജ്ഞാത ഫോണ്‍ ഭീഷണി......

ആര്‍ക്കും എന്തുമെഴുതുവാന്‍ സ്വാതന്ത്ര്യമുള്ള ഒരു സംവിധാനം. അതെപോല്‍ എന്തു വായിക്കണമെന്നു തീരുമാനിക്കാനും. ഇഷ്ടമില്ലെങ്കില്‍ ആരും വന്ന് ഇതെന്തേ വായിച്ചില്ല എന്നു ചോദിച്ചു തല്ലില്ല. എന്നിട്ടും അത് ചിലര്‍ക്കെങ്കിലും ഉറക്കമില്ലാത്ത ദിവസങ്ങള്‍ സമ്മാനിച്ചു.

മതങ്ങള്‍ സംഘര്‍ഷം വളര്‍ത്തുന്നു എന്ന് പറയുന്നവര്‍ കണക്കിലെടുക്കാത്ത ഒരു വസ്തുതയാണിത്. മതമില്ലെങ്കില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മറ്റൊന്നുണ്ടാവും.

ഇവിടെ മുറിച്ച കവിതകളെഴുതുന്നവരും അവരെ അനുകൂലിക്കുന്നവരും തമ്മിലൊരു മാനസിക ഐക്യം രൂപപ്പെട്ടിരുന്നു, തിരിച്ചും.

ചിന്തയുടെ മറ്റൊരു രൂപമാണത്, താത്പര്യങ്ങളുടെ വികാരങ്ങള്‍ സംഘമാവുക എന്നത്. ഇത് പല കാരണങ്ങളാലുമാവാം.

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഒരു കുഗ്രാമത്തിലെ പ്രവൃത്തകനെ ഉത്തേജിപ്പിക്കുന്നത് അങ്ങിനെയാണ്. അല്ലാതെ അയാള്‍ക്കവിടെ നിന്നു ചിലവിന്നയച്ചു കിട്ടും എന്ന്‍ കരുതിയിട്ടല്ല.

ഇത് ഒരാളില്‍ ഒന്നില്‍ മാത്രം നില്‍ക്കുന്ന ഒരു സ്ഥായീ ഭാവത്തിലാവില്ല. ഇതേ ആള്‍ തന്നെ ഏഷ്യാഡില്‍ ചൈനക്കെതിരെ ഇന്ത്യന്‍ ടീമിനു വേണ്ടി കയ്യടിക്കും. അവിടെ അപ്പോള്‍ വിശ്വാസാദര്‍ശത്തേക്കാള്‍ ദേശീയതയാണ് മുന്‍പിട്ടു നില്‍ക്കുന്നത് എന്നു മാത്രം.

എ.ആര്‍ റഹ്‌മാനു ഓസ്കാര്‍ കിട്ടിയത് കൊണ്ട് ആര്‍ക്കും പത്തു പൈസയുടെ ഗുണമൊന്നുമുണ്ടായിട്ടില്ലല്ലൊ? എന്നിട്ടും നമ്മുടെ ഹൃദയം തുളുമ്പിയതെന്ത് കൊണ്ട്? അതിനേക്കാള്‍ മനസ്സൊന്നു പിടച്ചില്ലെ കേരളീയനായ റസൂല്‍ പൂക്കുട്ടി സ്റ്റേജില്‍ കയറിയപ്പോള്‍. റസൂല്‍ പൂക്കുട്ടിയുടെ നാട്ടുകാരനാണൊ, എന്നാല്‍ ഒരു പ്രമോഷന്‍ കിടക്കട്ടെ എന്നറബി വന്നു പറയുമെന്ന് കരുതിട്ടൊന്നുമല്ലല്ലോ?

മാധവികുട്ടി സുരയ്യയായപ്പോള്‍ ഒരു മുസ്ലിം എന്ന നിലക്ക് എനിക്കൊരു സന്തോഷവുണ്ടായില്ല എന്ന് പറയുന്നത് വലിയ ഒരു കളവായിരിക്കും.

ഞാന്‍ മുമ്പ് സൂചിപ്പിച്ച അനുകൂലാശയങ്ങളുടെ മാനസിക‌ ഐക്യമുണ്ടല്ലോ അത് എത്രത്തോളം വേരുകള്‍ ആഴത്തിലാണൊ (deep routed) അത്രത്തോളം ശക്തവുമായിരിക്കും. തലമുറകള്‍ കൈമാറിവരുന്ന ദേശീയതയും മതവിശ്വാസങ്ങളും ജാതീയതയൊന്നും അത്ര പെട്ടെന്നു പറിച്ചെറിയാന്‍ കഴിയാത്തത് അത് കൊണ്ടാണ്.

1999-ലാണ് മാധവിക്കുട്ടി ഇസ്ലാം സ്വീകരിക്കുന്നത്. അതെ കാലത്തു തന്നെയാണ് സൌദിഅറേബ്യയിലെ ഇറ്റാലിയന്‍ അംബാസ്സിഡറും മുസ്ലിമാവുന്നത്.

സാമുവല്‍ പി ഹാംഗിഗ്ട്ടന്റെ The Clash of Civilizations എന്ന പുസ്തകം പാശ്ചാത്യ ലോകത്തിന് ഇസ്ലാം എന്ന പുതിയ ശത്രുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്ത ഒരു കാലത്തായിരുന്നു ഈ മതം മാറ്റങ്ങള്‍. ലോകമാധ്യമങ്ങള്‍ മുസ്ലിം ലോകത്തെ സംഘടിതമായി അക്രമിക്കുന്ന ഒരവസ്ഥ. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി കൊല്ലാന്‍ ശ്രമിക്കുമ്പോള്‍. എല്ലാ മുസ്ലിങ്ങളിലും ഒരക്ഷിതാവസ്ഥ മാനസികമായി വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നു.

ഒരു സമൂഹത്തെ തളര്‍ത്തുവാന്‍ ഏറ്റവും എളുപ്പമുള്ള വഴി മാനസികമായി അവരെ അക്രമിക്കുക എന്നതാണ്. മാധ്യമങ്ങള്‍
ഇസ്ലാം= തീവൃവാദം = ഭീകരവാദം = മൌലികവാദം
എന്ന സൂത്രവാക്യം അടിച്ചേല്‍പ്പിച്ചു മുസ്ലിമെന്നാല്‍ തീവൃവാദിയായ ഭീകരവാദിയായ മൌലികവാദി എന്നു ചിത്രം വരക്കുന്നതിന്നിടയില്‍, ലോകപ്രശസ്തയായ, സ്വാതന്ത്ര്യവാദിയെന്നവര്‍ തന്നെ മുദ്രണം നല്‍കിയ ഒരെഴുത്തുകാരിയും ഒരു പാശ്ചാത്യ നയതന്ത്രഞ്ജനും ഭീകരവാദ - തീവൃവാദ -മൌലികവാദത്തിലേക്കു കടന്നു വരുന്നത്.

ഇതെല്ലാ അരോപണങ്ങളുടെയും മുനയൊടിക്കപ്പെട്ടു. ഇപ്പ്രതിഭാസത്തിനെന്ത് മറുപടി നല്‍കുമെന്നവര്‍ക്ക് ഉത്തരം മുട്ടി. മുസ്ലിങ്ങളില്‍ ഇതൊരാത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി.

മാധവികുട്ടിയെ നാണപ്പനിലൂടെ വായിച്ച എനിക്കപ്പോഴും സംശയം ബാക്കിയായിരുന്നു. ഒരാവേശത്തില്‍ വരുന്നതെല്ലാം ആവേശമവസാനിക്കുമ്പോള്‍ മടുത്തു പോകും, സ്വപ്ന ജീവിയായ ആമിയെപ്പോലെയുള്ളവര്‍ക്കു പ്രത്യേകിച്ചും.

കുറച്ച് കൊല്ലങ്ങള്‍ക്കു ശേഷം സാറാജോസഫ് തുടങ്ങിയവരുമായുള്ള ഒരഭിമുഖത്തിലാണെന്നു തോന്നുന്നു അതിന്റെ ചില സൂചനകള്‍ കണ്ടു. ഞാന്‍ പിന്നെയും നാരായണപ്പിള്ളയെ ഓര്‍ത്തു.

പിന്നെയും കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഞാനാദ്യം സൂചിപ്പിച്ച പുനത്തിലുമായുള്ള അഭിമുഖം കാണുന്നത്. ഒരു പെരുന്നാള്‍ പരിപാടിയായാണ് ചാനലുകാര്‍ അത് കേരളത്തിനു സമര്‍പ്പിക്കുന്നത്. പെരുന്നാളിനു മമ്മൂട്ടിയുടെയും വിഷുവിന് മോഹന്‍ലാലിന്റെയും സിനിമയിടാന്‍ ചാനലുകാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

അതില്‍ പുനത്തില്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. മാതൃഭൂമിയില്‍ വന്ന അഭിമുഖത്തെ കുറിച്ച ചോദ്യത്തിന് സുരയ്യ പറഞ്ഞത് അവരെന്നെ മിസ്കോട്ട് ചെയ്തു എന്നാണ്, ഞാനത് തിരുത്തുവാനും പോയില്ല എന്നും. പുനത്തില്‍ ചോദ്യത്തില്‍ പരാമര്‍ശിച്ചില്ലെങ്കിലും അവര്‍ സമദാനിയുടെ പേരു വരെ പറഞ്ഞു. പാവം സമദാനി , എന്റെ മകന്റെ പ്രായമെ ഉള്ളൂ എന്നാണവര്‍ വ്യക്തമാക്കിയത്.

ഇത്ര വിശാലമായ ഹിന്ദു മതം എന്തുകൊണ്ടുപേക്ഷിച്ചു എന്ന പുനത്തിലിന്റെ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് എന്റെ ശ്രദ്ധപിടിച്ചെടുത്തത്.

“എനിക്ക് ഹിന്ദു മതത്തെ കുറിച്ചൊന്നുമറിയില്ല. ആരും എന്നെ പഠിപ്പിച്ചിട്ടുമില്ല . പക്ഷെ ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഖത്തറിലെ യൂസഫുല്‍ ഖര്‍ളാവി എന്ന പണ്ഢിതനാണ് എനിക്കു ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്. ആ വൃദ്ധനായ മഹാപണ്ഢിതന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ നിറച്ചു തരികയായിരുന്നു. “

ഞാന്‍ നാരായണപിള്ളയുടെ മൂന്നാംകണ്ണിനെ മനസ്സില്‍ നിന്നും തട്ടി മാറ്റി. ഖറളാവിയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. അയാളെപ്പൊലെയുള്ള ഒരാളില്‍ നിന്നും ഇസ്ലാം പഠിച്ച ഒരാളുടെ അടിത്തറ ഇളകിയാടുന്ന ഒന്നാവില്ല. കേവലം വൈകാരികതകളിലൊതുങ്ങുന്നതാവുകയില്ല അവരിലെ വിശ്വാസം.

ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു (വാര്‍ത്ത). എന്ന് മകന്‍ എം.ഡി.നാലപ്പാട്ട് പറയുമ്പോള്‍ കേവല വൈകാരികതയല്ല അവരുടെ മതം മാറ്റം എന്ന തിരിച്ചറിവെനിക്കുണ്ടാക്കുന്നു.

ഈ പോസ്റ്റിലുള്ളതൊന്നും (5 അദ്ധ്യായം) തന്നെ അവരുടെ സാഹിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ല, എന്നിലെ മുസ്ലിമിന്ന് അവരിലെ മുസ്ലിമുമായുള്ള ആത്മബന്ധത്തില്‍ നിന്നുമുള്ളതാണ്. അങ്ങിനെ ഒന്നില്ല എന്നു പറയുന്നത് എന്നിലെ കപടതയാകും. ജൈവീകമായ ഒന്നിനെ ഞാനെന്തിനു നിഷേധിക്കണം.

അവരിലെ സാഹിത്യകാരിയെ ഞാന്‍ സ്നേഹിക്കുന്നതാകട്ടെ ഇതിന്റെ അടിസ്ഥാനത്തിലുമല്ല. അക്കിത്തത്തിന്റെ കവിതകളെനിക്കിഷ്ടമാണ്. അയാളുടെ രഷ്ട്രീയത്തെയില്ലതാനും, അതദ്ദേഹത്തിന്റെ കവിതകള്‍ സ്നേഹിക്കുന്നതിനെ എനിക്കു തടസ്സമാക്കുന്നില്ല.

അവസാനം ഇതവസാനിപ്പിക്കുമ്പോള്‍ അവരാഗ്രഹിച്ച ഒരു പ്രാര്‍ത്ഥന അവര്‍ക്കു വേണ്ടി എനിക്കു വേണ്ടി നമുക്കെല്ലാവര്‍ക്കും വേണ്ടി-

നാഥാ , ഇവര്‍ക്കു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ആദരിക്കുകയും കുഴിമാടത്തെ വിശാലമാക്കുകയും ചെയ്യേണമേ.

ശുദ്ധ ജലം കൊണ്ടും ആലിപ്പഴം കൊണ്ടും തണുത്ത വെള്ളം കൊണ്ടും ശുദ്ധിയാക്കേണമെ,

വസ്ത്രത്തെ വൃത്തിയാക്കി വെണ്മയാക്കിയെടുക്കും പ്രകാരം പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യേണമേ,

ഇഹലോകത്തെ ഭവനത്തേക്കാള്‍ ഉത്തമമായ ഭവനവും,

കുടുമ്പത്തെക്കാള്‍ ഉത്തമമായ കുടുമ്പവും,

ഇണയേക്കാള്‍ ഉത്തമമായ ഇണയേയും,

ഇവിടുത്തെ അയല്‍‌വാസികളെക്കാള്‍ നല്ല അയല്‍വാസികളെയും നല്‍കേണമെ.

ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബറിലെ ആപത്തുകളില്‍ നിന്നും നരകശിക്ഷകളില്‍ നിന്നും കാത്തു രക്ഷിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യേണമേ..


16 അഭിപ്രായങ്ങൾ:

  1. അവസാനപ്രാര്‍ത്ഥനയില്‍ പങ്ക് ചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായി..കാട്ടിപ്പരുത്തി....

    'ചീന്തുകളിലെ' സ്വര്‍ണമാണ്...5 അധ്യായങ്ങളിലായി പരന്നു കിടക്കുന്നത്...

    രാഷ്ട്രീയ നിലപാടുകളില്‍ പലരും ദിനാദിനം മാറുന്നത് പോലെ കണ്ടാല്‍ പോരെ മതത്തെയും???

    മത നിലപാടുകള്‍ സ്വതന്ത്രമാകുമ്പോള്‍ അതിനെ യാതസ്ഥിതികമായ കണ്ണുകളിലൂടെ കാണുന്നതാണ് നമ്മുടെ കുഴപ്പം...

    ജന്മം കൊണ്ട് വന്നു ചേര്ന്ന മതം ജീവിതം മുഴുവന്‍ കൊണ്ട് നടക്കാന്‍ വാശി പിടിക്കുന്ന നമ്മുടെ സങ്കുചിത മനസ്സ് മാറേണ്ടിയിരിക്കുന്നു...

    ഭാവുകങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  3. "ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബറിലെ ആപത്തുകളില്‍ നിന്നും നരകശിക്ഷകളില്‍ നിന്നും കാത്തു രക്ഷിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യേണമേ.."
    ....ആമീൻ..

    മറുപടിഇല്ലാതാക്കൂ
  4. ഒരു പാട് യഥാര്‍ഥ്യങ്ങള്‍ അനാവൃതമാക്കപ്പെട്ടിരിക്കുന്നു.

    കാപട്യം അധിക കാലം മറച്ചു വെക്കാന്‍ കഴിയില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് - നമ്മുടെ - ചില സംസ്കാരിക നായകന്മാര്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍.

    അര്‍ത്ഥവത്തായ കുറിപ്പ്. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. നമുക്ക് സൃഷ്ടികളെ സ്നേഹിക്കാം.. സ്രസ്ടാവിന്റെ ജീവിതം അവര്‍ക്കു വിട്ടേക്കൂ.

    മറുപടിഇല്ലാതാക്കൂ
  6. ഒന്നും പറയാനില്ല. ആസ്വദിച്ചു വായിച്ചു. ഇഷ്ടപ്പെട്ടു. വളരെ നല്ല ശൈലി. ഒഴുകുള്ള എഴുത്ത്. കൃത്ത്യമായ അവതരണം. കാര്യമാത്ര പ്രസക്തം

    മറുപടിഇല്ലാതാക്കൂ
  7. കാട്ടിപ്പരുത്തീ,
    വായിച്ചു.
    മാധവികുട്ടി സുരയ്യയായപ്പോള്‍ ഒരു മുസ്ലിം എന്ന നിലക്ക് എനിക്കൊരു സന്തോഷവുണ്ടായില്ല എന്ന് പറയുന്നത് വലിയ ഒരു കളവായിരിക്കും.

    ഉണ്ടാവണമല്ലൊ.

    ഷാരോണ്‍ വിനോദ് പറഞ്ഞു...
    നന്നായി..കാട്ടിപ്പരുത്തി....

    'ചീന്തുകളിലെ' സ്വര്‍ണമാണ്...5 അധ്യായങ്ങളിലായി പരന്നു കിടക്കുന്നത്...

    രാഷ്ട്രീയ നിലപാടുകളില്‍ പലരും
    ദിനാദിനം മാറുന്നത് പോലെ കണ്ടാല്‍ പോരെ മതത്തെയും???

    ഈ കമന്റിനെ കാട്ടിപ്പരുത്തി എങ്ങിനെ കാണുന്നു. രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് മതം മാറിക്കൊണ്ടിരിക്കുക. ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യം ഉണ്ടല്ലൊ.

    “എനിക്ക് ഹിന്ദു മതത്തെ കുറിച്ചൊന്നുമറിയില്ല. ആരും എന്നെ പഠിപ്പിച്ചിട്ടുമില്ല . പക്ഷെ ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഖത്തറിലെ യൂസഫുല്‍ ഖര്‍ളാവി എന്ന പണ്ഢിതനാണ് എനിക്കു ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്. ആ വൃദ്ധനായ മഹാപണ്ഢിതന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ നിറച്ചു തരികയായിരുന്നു. “

    ബാലാമണിയമ്മയുടെ കാലത്ത് വള്ളത്തോൾ മുതലിങ്ങോട്ടുള്ള എല്ലാ തലങ്ങളിലുമുള്ള സാഹിത്യ - പണ്ഡിതന്മാക്ക് സ്വാഗതമരുളിയിട്ടുള്ള ഒരു തറവാടാണ് അത്. അവരുടെ വീട്ടിലെ ലൈബ്രറി ഒരു ഗ്രാമീണവായനശാലയെക്കാളും കൂടുതൽ സമാഹാരവും സൌകര്യവുമുള്ളതായിരുന്നു. ഇത്രയൊക്കെയുണ്ടായിരുന്നിട്ടും കൃഷ്ണനെ മാറോടണയ്ക്കുമ്പോഴും ഏതെങ്കിലും രണ്ട് ആധികാരിക-ആത്മീയ ഗ്രന്ഥം വായിച്ചു മനസ്സിലാക്കാനുള്ള വകതിരിവുണ്ടായില്ല എന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. അവരുടെ കൂടപ്പിറപ്പുകൾക്ക് ഇക്കാര്യത്തിൽ ട്യൂഷ്യൻ ഏർപ്പാടാക്കിയിരുന്നോ എന്നന്വേഷിക്കേണ്ടിയിരിക്കുന്നു. സുവർണ്ണ നാലപ്പാട്ടും അവിടത്തെ അംഗം തന്നെയല്ലെ.

    മതം മാറാനുണ്ടായ കാരണങ്ങളിൽ അവർ പറഞ്ഞ രണ്ടെണ്ണം ഇവിടെ കമന്റിയിരുന്നു. ഈ അപക്വമായ വെളിപ്പെടുത്തലിനോട് യോജിക്കാനാവുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  8. അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്നു തോനിയിട്ടില്ല, പാര്‍ത്ഥന്‍ തന്നെ എഴുതിയിരുന്നുവല്ലോ ഒരു കമ്യൂണിസ്റ്റ് കുടുമ്പമായിരുന്നു പാര്‍ത്ഥനെന്നല്ലാം- മാറണമെന്നു തോന്നിയപ്പോള്‍ മാറിയില്ലെ? രാഷ്ട്രീയ ചിന്താഗതിയില്‍ മാറ്റം വേണമെന്നു തോന്നുമ്പോള്‍ മതം മാറുകയോ? രാഷ്ട്രീയം മാറണം. മതത്തില്‍ മാറ്റം വേണമെന്നു തോന്നുമ്പോള്‍ മതവും മാറണം.

    ആത്മീയഗ്രന്ഥം വായിച്ചോ ഇല്ലെയോ എന്നൊന്നും എനിക്കറിയത്തില്ലേ-

    ഇനി അവര്‍ക്കെന്തായാലും പക്വത ഉണ്ടാക്കാനുള്ള സമയമില്ല.

    മറുപടിഇല്ലാതാക്കൂ
  9. ഇങ്ങനെയാണ് എഴുതേണ്ടിയിരുന്നത്.
    (രാഷ്ട്രീയ-കാലാവസ്ഥക്കനുസരിച്ച് മതം മാറിക്കൊണ്ടിരിക്കുക.)
    ഇപ്പോൾ ആ തെറ്റിദ്ധാരണ മാറി എന്നു തോന്നുന്നു.

    മതം മാറ്റം വേണമെന്നു തോന്നുമ്പോൾ, മാറുകയല്ല പുനരുദ്ധരിക്കുകയാണ് വേണ്ടത്.
    പൌരാണികമായ എല്ലാം പൊളിച്ചു കളയുന്നത് അഭികാമ്യമല്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  10. സ്വന്തമായ നിലനില്‍പ്പില്ലാത്ത മതങ്ങള്‍ക്കു അങ്ങിനെ ഒരു മാറ്റം വേണമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  11. ഏതു മതമെടുത്തുനോക്കിയാലും അതിലൊരു ജീവിതദർശനവും പെരുമാറ്റച്ചിട്ടയും കാണാം. ദർശനം അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാലാന്തരത്തിൽ ഗുണത്തിനു പകരം ദോഷത്തെ ചെയ്യുന്നവയായി പരിണമിക്കുന്നു. അങ്ങനെയുള്ള മതങ്ങളെ ഹെൻഡ്രി ബെർഗ്‌സൺ സ്ഥൈതിക മതം (Static Religion) എന്നു വിളിച്ചിരിക്കുന്നു. മതങ്ങൾ മനുഷ്യൻ സമൂഹത്തിനുവേണ്ടി നിർമ്മിച്ചതായതുകൊണ്ട് കാലാകാലങ്ങളിലുള്ള സാമൂഹിക മാറ്റങ്ങൾ മതങ്ങൾ ഉൾക്കൊള്ളണം.

    മറുപടിഇല്ലാതാക്കൂ
  12. മനുഷ്യന്‍ നിര്‍മിച്ചമതങ്ങളല്ലെ- ഉണ്ടാവാതിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  13. മനുഷ്യനല്ല എന്നു കരുതുന്നത് അബദ്ധവിശ്വാസമാണ്.

    മറുപടിഇല്ലാതാക്കൂ
  14. "മെക്കിള്‍ ജാക്‌സ്‌ണും ഇസ്ലാമും" പുതിയ വിവാദത്തിന്‌ ഔപചാരികമായി ഉല്‍ഘാടനം ചെയ്‌താതായി അറിയിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  15. പാര്‍ത്ഥന്റെ വിശ്വാസം മനുഷ്യന്റെതാണെന്നു പാര്‍ത്ഥന്‍.എന്റെ വിശ്വാസം അങ്ങിനെയല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  16. കാട്ടിപ്പരുത്തീ... അഞ്ചദ്ധ്യാനങ്ങളീൽ നിറച്ച നല്ല രചൻ മനോഹരമായിരിക്കുന്നു.... പാർത്ഥൻ ചിന്തിക്കാനുള്ള സ്വതന്ത്ര്യം മറ്റുള്ളവർക്കനുവദിക്കൂ... പാർത്ഥൻ അതു മനോഹരമയി ആസ്വദിക്കുന്നുണ്ടല്ലോ.. എന്നിട്ടും മറ്റുള്ളവർ ചിന്തിക്കാൻ പാടില്ല മതം മാറാൻ പാടില്ല എന്നൊക്കെ വാഷി പിടിക്കുന്നതെന്തിനു... എന്തായാലും ചർച്ച ക്രിയാത്മകം തന്നെയാണു... കാട്ടിപ്പരുത്തിക്കും പാരതനും മറ്റുള്ളവർക്കും അഭിവദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ