2011, മാർച്ച് 31, വ്യാഴാഴ്‌ച

ഉംറ യാത്ര- 2 ( അതിർത്തികൾ )

യു.എ.ഇ യിലെ ഏറ്റവും പ്രധാന ദേശീയ പാതയാണു എമിരേറ്റ്സ് റോഡ്. ദുബായില്‍ നിന്ന് എമിറേറ്റ്സ് പാതയിലേക്ക് കയറി അബുദാബി നഗരം എത്തുന്നത് വരെ അത് ആറു വരിയും നാലു വരിയുമായി രാജകീയമായി നിവര്‍ന്നു കിടക്കുകയാണു. പിന്നീട് സില വഴി അതിര്‍ത്തിയായ ഗുവൈഫാത് വരെ രണ്ട് വരിയിലേക്ക് ഒന്നു മെലിഞ്ഞു. ( എല്ലാം ഒരു ഭാഗത്തേക്കാണു കെട്ടോ)  ദുബായിയില്‍ നിന്നു അബുദാബിയിലേക്ക് ആറു വരിയായാലും നാലു വരിയായാലും വണ്ടിക്കെത്ര സ്പീഡുണ്ടെങ്കിലും നൂറ്റിരുപതിന്നപ്പുറം സ്പീഡായാല്‍ പിന്നീട് വിവരമറിയും. വഴി നീളെ ഫോട്ടോ ബ്ലോഗ്ഗെര്‍സ് ആണു. പിന്നീട് ഓരോ പടത്തിനും ചുരുങ്ങിയത് അറുനൂറ് ദിരഹം കൊടുത്ത് അടുത്ത മാസത്തിലെ ചിലവു ചുരുക്കല്‍ പദ്ധതിയില്‍ അം‌ഗമാവാന്‍ കഴിയും. ഇപ്പോഴടുത്ത് ദുബായില്‍ കണ്ട ഒരു ക്യാമറ കുറ്റിയില്‍ ആറു ക്യാമറ. ഒരു പാഞ്ചാലീ സ്റ്റയില്‍.  അതിനാല്‍ വിശാലമനസ്സോടെ റോഡു മുന്നില്‍ കിടന്നിട്ടും വളരെ മര്യാദനായാണു സുഹൈര്‍ വണ്ടിയോടിച്ചത്.

പ്രാതല്‍, പ്രാഥമിക കര്‍മങ്ങള്‍ , ഇന്ധനം എന്നിവക്ക് മാത്രമേ ഞങ്ങള്‍ വണ്ടി നിര്‍ത്തിയിരുന്നുള്ളൂ. ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ഗുവൈഫാത്തെന്ന അതിര്‍ത്തിയിലെത്തി.

രണ്ടാള്‍ക്കുയരത്തില്‍ ഒരു കമ്പിവേലിയില്‍ യു.എ.ഇയെ സൗദി അറേബ്യയുമായി അതിര്‍ത്തി തിരിച്ചിരിക്കുന്നു. ഞാനാ വേലിയിലേക്ക് വിശദീകരിച്ചു നോക്കി. പോര്‍ചുഗീസും തുര്‍ക്കിയും പിന്നീട് നാട്ടുരാജ്യങ്ങളും പലകുറി മാറ്റിമറിച്ച അതിര്‍ത്തിയിതാ  പുതിയ അതിര്‍ത്തിയെ അടയാളമിട്ടിരിക്കുന്നു. വേലിക്കപ്പുറവുമിപ്പുറവും രണ്ടാണു. ഇവിടെ ജനിക്കുന്ന ഒരു കുഞ്ഞും തീരുമാനിക്കുന്നില്ല ഞാനെവിടെയായിരിക്കണമെന്ന്. അങ്ങിനെ ഒരു തിരഞ്ഞെടുപ്പിനാര്‍ക്കും അവകാശം കിട്ടുന്നില്ല. ചതുരംഗം തുടങ്ങുന്നത് ജനിക്കുമ്പോള്‍ തന്നെയാണു. കരുവിനൊരവകാശവമില്ല എങ്ങോട്ട് നീങ്ങണമെന്ന് തീരുമാനിക്കാന്‍. നീക്കുന്നവന്‍ നീക്കുന്നതിനനുസരിച്ച് മുന്നോട്ടും ഇടത്തോട്ടും വലത്തോട്ടും ഇടക്കു വെട്ടിയും വെട്ടുകൊണ്ടും നീങ്ങുന്ന കുറേ കരുക്കള്‍ . ഒരു കരുവായി നില്‍ക്കുകയും പിന്നീട് പരിമിതമായെങ്കിലും കരുക്കളെ  നീക്കുന്നവനാകുവാന്‍ കഴിയുകയും ചെയ്യുന്നവനാണു മനുഷ്യന്‍ . അങ്ങിനെ നീക്കുന്നതിനവസരം കിട്ടിയതിനാല്‍ പണി തീര്‍ക്കുന്നതാണീ അതിര്‍ത്തികള്‍ . അപ്പോള്‍ എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍?!!

സ്വയം പണിത അതിര്‍ത്തികള്‍ക്കിടയില്‍ പരിശോധനകള്‍ക്ക് വിധേയനാകേണ്ട ജന്മവും അവന്റേതു തന്നെ. സ്വതന്ത്രനായിരുന്ന മനുഷ്യന്‍ എന്നാണു അതിരുകളിടാനാരംഭിച്ചത്? നാം അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണു. പക്ഷെ, അതോടൊപ്പം നമുക്കു കൂടി നാം അതിര്‍ സൃഷ്ടിക്കുന്നു. അങ്ങിനെ അതിര്‍ത്തിക്കുള്ളില്‍ സ്വയം ബന്ധനസ്ഥനാവുകയും ചെയ്യുന്നു.

വീടിന്റെ, ഗ്രാമത്തിന്റെ, ജില്ലയുടെ, സംസ്ഥാനങ്ങളുടെ നിരവധി അതിര്‍ത്തികള്‍ മുറിച്ചു   കടന്നിട്ടുണ്ട്. ആദ്യമായാണു ഒരു രാജ്യത്തിന്റെ അതിര്‍ത്തിയെ ഭൂമി തൊട്ട് ഭേദിക്കുന്നത്. വീമാനത്തില്‍ പലപ്പോഴും കടന്നിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു വികാരം അനുഭവ്യമായിട്ടില്ല.

അപ്പുറവും ഇപ്പുറവും ഒരേ മണ്ണ്. ഒരേ ഭാഷ, ഒരേ നിറമുള്ള മനുഷ്യര്‍ , എന്നിട്ടും രണ്ട് ദേശീയതയെ പ്രതിനിധീകരിക്കുന്നവര്‍ . രാജ്യങ്ങള്‍ക്കപ്പുറം ഇനി ഇവിടം ഇതിലും വലിയൊരതിര്‍ത്തിയില്ല. ഇനി എന്നാണാവോ ഈ ലോകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കുള്ള അതിര്‍ത്തി താണ്ടേണ്ടത്. അങ്ങിനെ ഒരു യാത്രക്കുള്ള ഒരുക്കുകൂട്ടലിലുനു വേണ്ടിയാണീ യാത്രയും.

യു.എ.ഇ ഇമിഗ്രേഷന്‍ പെട്ടെന്നു  കഴിഞ്ഞു സൗദിയിലേക്ക് പ്രവേശിച്ചു.

ഇനി സൗദിയാണു രാജ്യം. ശരീ‌അത്താണു കോടതി.

വിശപ്പ് ചെറുതായി തല പൊക്കാന്‍ തുടങ്ങിയിരുന്നെങ്കിലും സൗദിയുടെ ഇമെഇഗ്രേഷനെല്ലാം കഴിഞ്ഞേ ഇനി നടക്കുകയുള്ളൂ. ഒരു ക്യാബിനിലാണു ഫോട്ടം പിടുത്തവും വിരല്‍ മുദ്ര പതിപ്പിക്കലും.

സൗദി ഫയലുകളിലും തന്റേതായ വിരല്‍മുദ്ര പതിപ്പിച്ച വ്യക്തിത്വം എന്ന് പേരെടുക്കാനുള്ള അവസരമാണു. നിഷേധിക്കേണ്ടതില്ല. ചെന്ന് നോക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ശുഅല്‍ മാഫി. ഞങ്ങള്‍ക്ക് മുമ്പേ വന്ന പത്തിരുപത് പേര്‍ കാത്ത് നില്‍ക്കുന്നുണ്ട്. പുറത്ത് മുടിഞ്ഞ കാറ്റ്. ഉള്ളിലാണെങ്കില്‍ സ്ഥലവുമില്ല. കാത്ത് നില്‍ക്കുന്നവരില്‍ അറബികളും പാക്കിയും ബം‌ഗാളിയുമെല്ലാമുണ്ട്. എന്തായാലും മക്കീന (യന്ത്രം) ശരിയാകുന്നത് വരെ സബൂറാകുക( ക്ഷമ) മാത്രമേ നിര്‍‌വാഹമുള്ളൂ. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ടോയലറ്റിന്റെ വൃത്തി കാരണം തിരിച്ചു ക്യാബിനിനടുത്തേക്ക് മടങ്ങി.

മുന്നില്‍ നിര്‍ത്തിയിട്ട ഒരു വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് FN ആണു. വണ്ടിയാണെങ്കില്‍ ഒരു പട്ടാളവണ്ടിയുടെ സെറ്റപ്പും. ട്രിപ്പര്‍ ലോറി ബോഡികെട്ടിയത് പോലുണ്ട്. ഒരു വെള്ളക്കാരനും ഭാര്യയുമാണു.  FN എന്നത് കണ്ട് ഫിന്‍‌ലാന്റിൽ നിന്നുമാണോ എന്നു ചോദിച്ചു ഞാന്‍. മസ്കത്തില്‍ നിന്നും അവധി ചിലവഴിച്ചു  മടങ്ങുന്ന ഒരു ജര്‍മന്‍ ദമ്പതികളാണു.  മസ്കത്തില്‍ രണ്ടു മാസത്തെ താമസത്തിനു ശേഷം മടങ്ങുകയാണു പോലും. അബുദാബിയില്‍ മൂന്നു ദിവസം മാത്രം. ഇനി സൗദി, ജോര്‍ദാന്‍ വഴി തുര്‍ക്കിയിലൂടെ യൂറോപ്പിലേക്കു കടക്കും. ആള്‍ കുറച്ചു പ്രായമുണ്ടെങ്കിലും എന്തൊരു സ്മാര്‍ട്ട്. ലോകം മുഴുവന്‍ ചുറ്റുന്നുണ്ടോ എന്നതിനു ഇല്ല, യാത്ര അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കയാണെന്നു പറഞ്ഞു.

യന്തിരവന്‍ ശരിയായി വന്നപ്പോഴേക്കും മണിക്കൂര്‍ രണ്ട് സലാം ചെല്ലിപ്പിരിഞ്ഞു. എല്ലാം ഇ- ആയതിനു നന്ദി. കയ്യില്‍ മഷി പുരളാതെ വിരലടയാളം കൊടുത്തു. പാസ്സ്പോര്‍ട്ടില്‍ അന്തസ്സോടെ ഞങ്ങള്‍ സൗദിയില്‍ പ്രവേശിച്ചു എന്നറിയിക്കുന്ന ഔദ്യോഗിക മുദ്ര പതിഞ്ഞപ്പോള്‍ പിന്നെ ഇനി അവിടെ നിന്നില്ല. ഉടന്‍ പുറം ചാടി. മുടിഞ്ഞ പൊടിക്കാറ്റ് കൂടി വരുന്നു. യു.എ.ഇ യുടെ അതിര്‍ത്തി പ്രദേശത്തിന്റെ പേരു ഗുവൈഫാത് എന്നാണെങ്കില്‍ സൗദിക്കത് ബത്തയാണു. ഒരു വേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരുകളിലായി ഒരു സ്ഥലം.

ബത്തയിലെ പെട്രോള്‍ ബങ്കില്‍ ഭയങ്കര തിരക്ക്. ട്രക്കുകള്‍ മുഴുവന്‍ അവിടെ നിന്നു നിറക്കാനുള്ള കാത്തിരിപ്പാണെന്ന് തോന്നി. അതിനാല്‍ ഇന്ധനം നിറക്കല്‍ അടുത്തതിലേക്ക് മാറ്റി. പക്ഷെ  ഒന്നര മണിക്കൂറോളം ഓടിയിട്ടും ഒറ്റ ബങ്കും കാണുന്നില്ല. ഇന്ധന മീറ്റര്‍ ചുകപ്പു കാണിച്ചു. സുഹൈറായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ബേജാറാകാതെ. കിട്ടിയിരിക്കും. ഞാന്‍ തറപ്പിച്ചു പറഞ്ഞു സമാധാനം കൊടുത്തു.

ബത്ത കഴിഞ്ഞത് മുതല്‍ വീശിയടിക്കുകയാണു പൊടിക്കാറ്റ്. പെരുമഴയത്ത് വണ്ടിയോടിക്കുന്ന അതേ പ്രതീതി. വലിയ ട്രക്കുകള്‍ മറികടക്കുമ്പോള്‍ വണ്ടി ചായുന്നു. അതിന്നിടയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവ് ചെയ്യാന്‍ പിന്തുണ നല്‍കിയേ മതിയാകൂ. പോന്ന വഴികളിലെല്ലാം ഒന്നോ രണ്ടോ കെട്ടിടങ്ങളെല്ല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. മരുഭൂമിയുടെ രൗദ്രദ ഭയത്തോടെയെങ്കിലും ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.

എമിരാത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു ഭൂമി. മണല്‍ കടും ചുവപ്പ്. റോഡിലേക്ക് മഴക്കാലത്ത് തീരദേശത്തെ കേരളത്തിലെ റോഡുകളില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് പോലെ മണല്‍ മുന്നിലൂടെ ഒഴുകിപ്പോകുന്നു. അവ വണ്ടിയില്‍ സീല്‍ക്കാരത്തോടെ അടിച്ച് വീഴുന്ന ഒച്ചയും . മനസ്സുരുകി പ്രാര്‍ത്ഥിച്ച ഒരു സമയമായിരുന്നു അത്. റോഡ് വഴി യാത്ര ചെയ്ത സ്നേഹിതന്‍ മുന്നറിയിപ്പ് തന്ന ഒരു കാര്യം ഒരു കാരണവശാലും വിശ്രമ കേന്ദ്രങ്ങളിലെല്ലാതെ വണ്ടി നിര്‍ത്തരുത് എന്നാണു. ഈ പൊടികാറ്റില്‍ ഒരു സഹായം പ്രതീക്ഷിക്ക വയ്യ. പടച്ചവനേ വണ്ടിയെങ്ങാന്‍ വഴിയില്‍ നിന്നാല്‍ !!

മുന്നില്‍ കാണുന്നത് നീണ്ടു കിടക്കുന്ന റോഡു മാത്രം. ദൂരെ ചില കെട്ടിടങ്ങള്‍ കാണാനുണ്ട്. മുന്നോട്ട് പോയപ്പോള്‍ ഒന്നു രണ്ട് വലിയ വണ്ടികള്‍ ഒരു കെട്ടിടത്തിന്നടുത്തായി നിര്‍ത്തിയതായി ദൂരെ നിന്നും തോന്നിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോള്‍ അത് ഞങ്ങളുടെ റോഡിലല്ല. എതിര്‍ സൈഡില്‍ മറ്റൊരു കൈവഴിയായി പോകുന്ന റോഡിലാണു. ഏതോ കണ്‍സ്റ്റ്രക്ഷന്‍ കമ്പനി ആകാനാണു സാധ്യത. ഞാന്‍ സഹീറിനോട് അങ്ങോട്ട് പോകാന്‍ ആവശ്യപ്പെട്ടു. സഹീര്‍ സംശയം പ്രകടിപ്പിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമായതിനാല്‍ ഞാന്‍ എതിര്‍ റോഡ് മുറിച്ച് അങ്ങോട്ട്  പോകാന്‍ വീണ്ടും നിര്‍ദ്ദേശിച്ചു. മൈന്‍ റോഡില്‍ നിന്നും  250 മീറ്ററോളം ദൂരെയാണു കെട്ടിടങ്ങള്‍. അടുത്തെത്തിയപ്പോഴാണു ആശ്വാസമായത്. അതൊരു പെട്രോള്‍ സ്റ്റേഷന്‍ തന്നെയായിരുന്നു. എമിറേറ്റ്സിലെ പമ്പുകളെ പോലെ ദൂരെ നിന്നും മനസ്സിലാക്കാനുള്ള ഒരടയാളവുമില്ല. അടുത്ത് ചെന്നാലേ അതിന്റെ ബങ്ക് പോലും അറിയാനാകുന്നുള്ളൂ. ഞാന്‍ മനസ്സു നിറച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു. ബത്തയില്‍ കടന്നാലുടന്‍ പെട്രോളടിക്കാന്‍ മറക്കരുത്. ഞങ്ങള്‍ മറന്നതിന്റെ ടെന്‍ഷന്‍ അനുഭവിച്ചു തീര്‍ത്തു.

ബത്തയില്‍ പ്രവേശിക്കുമ്പോള്‍ വണ്ടിക്ക് ഒരാഴ്ച്ചക്ക് എഴുപത് റിയാലിന്റെ ഇന്‍ഷൂര്‍ ചെയ്യണം. അതിന്റെ ബാക്കി മുപ്പത് റിയാലെ റിയാലായുള്ളൂ. അതിനാല്‍ അതിന്നപ്പുറം അടിക്കേണ്ട എന്നു കരുതി മീറ്റര്‍ പായുന്നതും നോക്കിയിരുന്നു. പത്തൊമ്പതായപ്പോള്‍ ആട്ടം മുട്ടി തുടങ്ങി. പിന്നെ ഞെക്കി ഞെക്കി പയ്യന്‍ ഇരുപതാക്കിയപ്പോള്‍ ഞെട്ടി. എഴൂപത് ദിര്‍ഹത്തിനു ഫുള്‍ ആക്കിയ വണ്ടിയാണു. വെറുതെയല്ല ബത്തയിലേക്ക് കടക്കുമ്പോള്‍ ഇന്ധനം നിറക്കാന്‍ ട്രക്കുകള്‍ കാത്തു കിടക്കുന്നത്. എന്തായാലും തക്ക സമയത്ത് പെട്രോള്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നത് ആലോചിക്കാന്‍ പോലുമാകുന്നില്ല.

മറ്റൊരു കാര്യം യാത്രയില്‍ ശ്രദ്ധിക്കേണ്ടത് റോഡരികിലെ റസ്റ്റാറന്റുകളാണു. കഴിയുന്നതും ഭക്ഷണം പാര്‍സല്‍ കരുതുക. സ്വയം ഉണ്ടാക്കാന്‍ കഴിയാത്തവരും നല്ലയിടങ്ങളില്‍ നിന്നു ഒരു ദിവസത്തേക്കുള്ള പാര്‍സല്‍ കരുതുക. യാത്രക്കാരായ കസ്റ്റമേര്‍സ് സ്ഥിര സ്വഭാവമുള്ളവരല്ല എന്നു നടത്തിപ്പുകാര്‍ക്കറിയാം. അതിനാല്‍ തന്നെ മിക്ക റസ്റ്റാറന്റുകളും അത്ര കമിറ്റഡ് ആയി കാണാറില്ല. നാട്ടിലെ ബസ് സ്റ്റാന്റിലെ ഹോട്ടലുകളിലും ഇതിനു സാക്ഷിയായിട്ടുണ്ട്. വണ്ടിക്കും നമുക്കുമുള്ള ഇന്ധനങ്ങള്‍ അവിടെ നിന്നും നിറച്ചു. അപ്പോഴേക്കും സമയം നാലുമണിയോടടുത്തിരുന്നു.

പിന്നീട് സൗദി അതിന്റെ ഭൂമിശാസ്ത്രം ഒന്നു തിരുത്തി. പലയിടത്തും മഴപെയ്തതിന്റെ അടയാളങ്ങള്‍ . ചെറിയ രീതിയിലുള്ള പച്ചപ്പ്. മണലിനു പകരം ഒന്നു കൂടി കട്ടികൂടിയ ഭൂതലം. അങ്ങകലങ്ങളിലായി മേയുന്ന ആട്ടിന്‍പറ്റങ്ങളും ഒട്ടകങ്ങളും. അവക്കിടയില്‍ ആരുമാലും എഴുതപ്പെടാതെ പോകുന്ന  നജീബുമാരുണ്ടാകാം.

ജലാംശം പൊടിമണലിനെ ഇല്ലാതാക്കിയിട്ടുണ്ട്. സൗദി റോഡ് ഇമിറാത്ത് റോഡുമായി താരത്മ്യം ചെയ്യാൻ പോലുമുള്ള അര്‍ഹതയില്ല. എങ്കിലും സുഹൈര്‍ ആഞ്ഞു ചവിട്ടുന്നുണ്ട്. ക്യാമറയില്ല എന്നത് തന്നെ കാരണം. ഇതേ വരെ കാറ്റു തന്നെ ക്യാമറയുടെ ദൗത്യം നിറവേറ്റുകയായിരുന്നു.

പ്രകൃതി ക്രോധം അടക്കി ഊഷമളത പുറത്തെടുത്തതിന്റെ  ആഹ്ലാദം ഞങ്ങളിലുമുണ്ട്. ഒരുണര്‍‌വ്വ് തമാശകളെയും ചര്‍ച്ചകളെയും തിരിച്ചു കൊണ്ടു വന്നു. അല്ലെങ്കിലും മനുഷ്യനും പ്രകൃതിയുടെ ഭാഗമാണല്ലോ? അതിനാല്‍ തന്നെ ഭൂമിയുടെ വികാരങ്ങളും നമ്മുടെ വികാരങ്ങളുമായി യോജിക്കാതിരിക്ക വയ്യ. നീണ്ട യാത്രയുടെ ഇടക്കൊരു പുതുബലത്തിനായി ഒരു വിശ്രമ സങ്കേതത്തെ സമീപിച്ചു. അപ്പോഴാണു നീണ്ട പൊടികാറ്റ് വണ്ടിയുടെ ബമ്പറിന്റെ അരുഭാഗത്തെ പെയിന്റ് ഇളക്കിയടിച്ചാണു കടന്നു പോയിരിക്കുന്നത് കണ്ടത്. വെറുതയല്ല, വമ്പന്‍ വണ്ടികള്‍ പോലും മുന്‍ഭാഗം എന്തോഅടിച്ച് വൃത്തികേടാക്കി വച്ചിരിക്കുന്നത്. പലപ്പോഴും സൗന്ദര്യം ശാപമാണു. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലായിരുന്നു. ഇങ്ങിനെ ഒരു പ്രശ്നത്തെ കുറിച്ച് ആരും ബോധവാന്മാരുമായിരുന്നില്ല. അതിനാല്‍ റിയാദിലെത്തിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടതു ചെയ്യാനേ നിര്‍‌വാഹമുള്ളൂ. നീണ്ട യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണിത്. ഗ്രീസും പിന്നെ ചില പെയിന്റ് മിശ്രിതങ്ങളും കൂട്ടിയാണെന്നു തോന്നുന്നു. ഗ്യാരേജില്‍  നിന്നും ഇങ്ങിനെ ചായം പൂശിയേ യാത്ര പുറപ്പെടാവൂ.

റിയാദില്‍ എത്തിയപ്പോള്‍ രാത്രി എട്ടരയായിക്കാണും. പക്ഷെ, വരുന്ന വഴി സുഹൈര്‍ തെറ്റായാണു ധരിപ്പിച്ചിരുന്നത്. അതിനാല്‍ സുഹൈറിന്റെ സിസ്റ്ററുടെ വീട് കണ്ടെത്താന്‍ ഒന്നര മണിക്കൂര്‍ വട്ടം കറങ്ങി. പണ്ട് തിരുവനന്തപുരത്ത് ഓട്ടോ വിളിച്ചവന്‍ ഇവിടെ എട്ട് സെക്രട്ടറിയേറ്റുണ്ടോ എന്ന് ചോദിച്ചത് പോലെ തിരിഞ്ഞു മറിഞ്ഞും ഒരിടം തന്നെ കറങ്ങിക്കറങ്ങി അവസാനം വാസസ്ഥലം ചേക്കേറി.

സുഹൈറിന്റെ അളിയന്‍ നൗഷാദ് ഒരു കമ്പനിയില്‍ എക്കൗണ്ടന്റ് ആണു. എപ്പോഴും ചിരിച്ച മുഖം. പെങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ നാട് ചോദിച്ചു. ഞാന്‍ പറഞ്ഞു. വളാഞ്ചേരിക്കടുത്ത ഒരു ഗ്രാമം കാട്ടിപ്പരുത്തി. കാട്ടിപ്പരുത്തി എന്ന ഒരു ബ്ലോഗറില്ലെ? സുഹൈര്‍ പറഞ്ഞു. അവന്‍ തന്നെ ഇത്. ഒഹ്, എനിക്ക് മതിയായി. ജീവിതത്തില്‍ ആദ്യമായി എന്റെ ഒരു വായനക്കാരിയെ ജീവനോടെ കണ്ടല്ലോ! മറ്റെല്ലാം ഞാന്‍ തന്നെ ലിങ്ക് കൊടുത്ത് വായിപ്പിച്ചവരയേ എനിക്കറിയൂ. എന്തായാലും ഞാന്‍ കൃത്യാര്‍ത്ഥനായി. അങ്ങിനെ എന്നിലെ ബ്ലോഗറുടെയും വിജയമായി ഈ യാത്ര.

 സുഹൈറെന്ന കുറ്റ്യാടിക്കാരനിലൂടെ റിയാദിലെ മരുമക്കള്‍ ബ്ലോഗ് ലോകത്ത് അപരിചതരല്ല. പണ്ടൊരിക്കല്‍ അമ്മാവനില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് വാങ്ങിയ മിന്നു എന്നറിയപ്പെടുന്ന മിന്‍ഹാജ്‌ സ്കൂളില്‍ പോക്ക്  തുടങ്ങിയിരിക്കുന്നു. അവന്റെ രണ്ട് വയസ് കൂടുതലുള്ള റിദക്കൊപ്പം ഒരു കൊച്ചു പെങ്ങള്‍ കൂടി പുതുതായുണ്ട്.

കുറച്ച് ഗ്രോസറികള്‍ വാങ്ങാന്‍ പുറത്തിറങ്ങി. കൂടെ രസത്തിനു മിന്നുവിനെയും കൂട്ടി. റിയാദ് സൗദിയുടെ തലസ്ഥാനമാണു. വളരെ വലിയ പട്ടണം. അതിലെ പഴയ കെട്ടിടങ്ങളെല്ലാമുള്ള ഒരു ഭാഗത്താണിവര്‍ താമസിക്കുന്നത്. ഞാനും സുഹൈറും കൂടെ മിന്നുവും. പുറത്തിറങ്ങിയപ്പോള്‍ തെളിഞ്ഞു പൂര്‍ണ്ണചന്ദ്രന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. മനസ്സില്‍ ഒരു കുളിരു തോന്നി.

ഞാന്‍ സുഹൈറിനോട് പറഞ്ഞു. ചന്ദ്രന്‍ നല്ല തിളക്കത്തിലാണല്ലോ/
മിന്നുവാണു പ്രതികരിച്ചത്.

"സൂപര്‍  മൂണ്‍ ജപ്പാനില്‍ ആകെ സുനാമിയുണ്ടാക്കി കടല്‍ കേറി ബില്‍ഡിങ്ങെല്ലാം പോയി".

അമ്പോ-- ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. മിന്നു അമ്മാവനില്‍ നിന്നും സര്‍ട്ടിഫികറ്റ് വാങ്ങാന്‍ അര്‍ഹന്‍ തന്നെ. ഗ്രോസറിയില്‍ നിന്നും രണ്ട് മിഠായി ഞാനവനു സമ്മാനിക്കാതിരിക്കാന്‍ ഒരു ന്യായവുമില്ലായിരുന്നു. ഇന്നത്തെ ഉറക്കം മിന്നുവിനു ഡെഡികേറ്റ് ചെയ്യാനുള്ളതാണു. ശുഭരാത്രി.

2011, മാർച്ച് 29, ചൊവ്വാഴ്ച

ഉംറ യാത്ര-1 ( പുറപ്പാട് )

ഗൂഗിള്‍ ബസ്സില്‍ ചെറിയ കമെന്റുകള്‍ മാത്രമാണെന്റെ സാന്നിദ്ധ്യം. പല പുലികള്‍ക്കിടയില്‍ ചെറിയ വല്ല നുറുങ്ങും കൊട്ടി പിന്നെ കളികാണുന്ന കാഴ്ച്ചക്കാരനായി ഒരു സീറ്റിലുണ്ടാകും. അതിന്നിടയിലൊരിക്കല്‍ എന്റെ ബസ്സില്‍ വന്ന് എന്റെ ഇമെയില്‍ ആവശ്യപ്പെട്ടു കൊണ്ട് സുഹൈര്‍ ഒരു കമന്റിടുകയുണ്ടായി. ആ കമെന്റ് കണ്ട ഷിഹാബ് തിരക്കിയത്, സുഹൈറിനെ അറിയുമോ/ അത് കുറ്റ്യാടിക്കാരനെന്ന ബ്ലോഗറാണ്. എനിക്ക് ശരിക്കുമോര്‍മയുണ്ട്, എന്റെ ആദ്യത്തെ ബ്ലോഗ് മീറ്റില്‍ പരിചയപ്പെട്ട കുറ്റ്യാടിക്കാരന്‍ എന്ന ബ്ലോഗറെ. അദ്ദേഹത്തിനു എന്റെ മൈല്‍ ഐഡി എന്തിനെന്ന്‍ ഒന്നു ശങ്കിച്ചു. പിന്നീട് ഗൂഗ്‌ള്‍ ടാക്കില്‍ ചേര്‍ത്ത് സുഹൈറുമായി ചാറ്റി പഴയ പരിചയമെല്ലാം പുതുക്കി മോഡികൂട്ടി.

സംസാരത്തില്‍ സഹീര്‍ ഉം‌റക്ക് പോകുവാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പക്ഷെ സുഹൃത്തിനു ഡ്രൈവ് ചെയ്യാന്‍ താത്പര്യമില്ലെന്നും ചേര്‍ത്തപ്പോള്‍ എന്റെ താത്പര്യം അറിയിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. ഹജ്ജും ഉം‌റക്കുമുള്ള വിളി കേള്‍ക്കുന്നവര്‍ ദൈവത്തിന്റെ അതിഥികളാണു. ആര്‍ക്കാണു ദൈവത്തിന്റെ അതിഥിയാകാനുള്ള അവസരം ഒഴിവാക്കാനാകുക. മക്കയില്‍ താമസിക്കുന്ന കസിന്‍ സിസ്റ്റര്‍ കുറേ കാലമായി ഉം‌റക്കായി വിളിക്കുന്നു. പക്ഷെ, സ്വന്തം വാഹനത്തില്‍ അത്ര ദൂരെ ഓടിക്കാന്‍ ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ല.

ഒരു റോഡ് വഴിയുള്ള ഉംറ എനിക്ക് വീമാന യാത്രയേക്കാള്‍ താത്പര്യമുള്ള ഒന്നാണെങ്കിലും അതു വരെ എന്റെ അറിവനുസരിച്ച് സ്വന്തം വാഹനത്തില്‍ ഉം‌റ ചെയ്യുവാന്‍ പോകാന്‍ രക്തബന്ധമുള്ള ബന്ധുക്കള്‍ക്കേ അനുവാദമുള്ളൂ എന്നായിരുന്നു, ഈ ആശങ്കകളെല്ലാം സുഹൈര്‍ ആദ്യമേ അന്വേഷിച്ച കാര്യങ്ങളായിരുന്നു. എന്റെ തെറ്റിദ്ധാരണകളായിരുന്നു ഇത്രകാലം ഉം‌റയില്‍ നിന്നെന്നെ തടഞ്ഞിരുന്നത്. എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് സുഹൈറില്‍ നിന്നുള്ള ഈ ക്ഷണം എന്നെ വളരെ സന്തോഷവാനാക്കുക തന്നെ ചെയ്തു.

ഒരു പക്ഷെ യു.എ.ഇ-യിലെ പലര്‍ക്കും ഇതറിയില്ലായിരിക്കാം. എന്റെ സുഹൃത്തുക്കളില്‍ പലരും കുടുമ്പസമേതം ഉം‌റക്ക് പോയിട്ടുണ്ട്. ഇതിനപ്പുറം സ്നേഹിതര്‍ കൂടി ഉം‌റക്ക് പോയത് എനിക്കറിയാത്ത കാര്യമായിരുന്നു. അതിനാല്‍  ഇതെന്നെ വളരെ സന്തോഷിപ്പിച്ചു.

പിന്നീടെല്ലാം വളരെ പെട്ടെന്നു തന്നെയായിരുന്നു. സുഹൈറിന്റെ കൂടെ വരാമെന്നേറ്റിരുന്നത് ഒരു ഹൈദരബാദി ആയിരുന്നു. പക്ഷെ, റോഡ് യാത്രയില്‍ താത്പര്യമില്ല എന്നും അതിനാല്‍ അയാള്‍  പിന്മാറാന്‍ സാദ്ധ്യതയുണ്ടെന്നും സുഹൈര്‍ ഒരു സൂചന തന്നു. അതിനാല്‍ തന്നെ ഞാന്‍ മറ്റൊരാളെ കൂടി  കൂട്ടുന്നതില്‍ സുഹൈറിന്റെ അഭിപ്രായം ചോദിച്ചു. സുഹൈറിനും അതില്‍ താത്പര്യമാണെന്നു കണ്ടപ്പോള്‍ കോമണ്‍ ഫ്രന്റ് എന്ന നിലയില്‍ ഷിഹാബിനെ വിളിച്ചു വരാനാകുമോ എന്നു തിരക്കി. ഷിഹാബിനു താത്പര്യമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ താത്പര്യം മാത്രം പോരല്ലോ/ ഒരു പ്രവാസി എന്ന നിലയില്‍ പല കടമ്പകളും ശരിയാകാനുണ്ട്. ഷിഹാബ് ഉത്തരത്തിനായി രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. ശിഹാബിന്റെ പ്രധാന പ്രശ്നം സഹപ്രവര്‍ത്തകന്‍ ലീവിലാണു എന്നതാണു. ആളില്ലാതെ പോരാനാകില്ല.  അദ്ദേഹത്തിന്റെ തിരിച്ച് വരവ് ശിഹാബിന്റെ യാത്രക്ക് ഒരു പ്രധാന ഘടകമാണു. നാട്ടിലുള്ള ആളെ വിളിച്ച് ശിഹാബ് കാര്യങ്ങള്‍ ഉറപ്പു വരുത്തി. അതിന്നിടയില്‍ ഞാന്‍ എന്റെ ഓഫീസില്‍ ബന്ധപ്പെട്ടു എന്റെ യാത്രക്കാവശ്യമായ രേഖകള്‍ക്കുള്ള അപേക്ഷകള്‍ നല്‍കി. വിസ അപേക്ഷിക്കുമ്പോള്‍ നമ്മുടെ ഓഫീസില്‍ നിന്നും ഒരു നോ ഒബ്ജെക്‌ഷന്‍ ലെറ്റര്‍ ആവശ്യമാണു.

യു.എ.ഇയില്‍ നിന്നും സ്വന്തം വാഹനത്തില്‍ പുറം രാജ്യങ്ങളിലേക്ക് പോകാന്‍ വളരെ കുറഞ്ഞ ഫോര്‍മാലിറ്റികളേയുള്ളൂ. ഖിസൈസിലുള്ള Automobile and touring club-ല്‍ നിന്നും ഒരു സര്‍ട്ടിഫികറ്റ് ശരിയാക്കാനുണ്ട്. ഇത് വണ്ടിക്കുള്ളതാണു. അതിന്നവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്  350 ദിര്‍ഹമാണു. കൂടാതെ ജി.സി.സി രാജ്യങ്ങളിലേക്ക് 500 ദിര്‍ഹം ഡെപോസിറ്റ് ആയും നല്‍കണം. ഇത് തിരിച്ചുകിട്ടുന്ന പണമാണു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും നമ്മുടെ വാഹനങ്ങള്‍ താത്ക്കാലികമായി ഇങ്ങിനെ കൊണ്ട് പോകാം എന്നത് എനിക്കൊരു പുതിയ വിവരമായിരുന്നു. പക്ഷെ, ജി.സി.സി രാജ്യങ്ങളല്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ട് പോകുമ്പോള്‍ കൂടുതല്‍ ഡെപോസിറ്റ് തുക നല്‍കേണ്ടി വരും. ഇങ്ങിനെ നമ്മുടെ വാഹനം നമുക്ക് ലീവില്‍ പോകുമ്പോള്‍ നാട്ടിലേക്കും കൂടെകൊണ്ട് പോയി ലീവ് കഴിഞ്ഞു വരുമ്പോള്‍ കൂടെ കൊണ്ട് വരാന്‍ പറ്റും ( കുടുമ്പം വെളുക്കുമെന്നു മാത്രം) അതിന്നു ശേഷം ആര്‍.ടി.എ യുടെ തസ്ജീലില്‍ പോയി ഒരു പേപ്പര്‍കൂടി ശരിയാക്കിയാല്‍ സംഗതി കഴിഞ്ഞു. ഇതെല്ലാം സുഹൈറും ഞാനും കൂടെ പോയാണു ചെയ്തത്. അപ്പോള്‍ വണ്ടിയുടെ കാര്യം സഹി. ഇനി ശരിയാകാനുള്ളത് നമ്മുടെ കാര്യമാണു.

അവസാനം കൂടിയ ഷിഹാബിന്റെ പാസ്പോര്‍ട്ടാണു ആദ്യം കിട്ടിയത്. എന്റെ പാസ്പോര്‍ട്ട് ഞങ്ങളുടെ ഓഫീസിലല്ല, ഞങ്ങളുടെ ശമ്പളം വരുന്നത് ദുബൈ ഗവര്‍മെന്റ് ഓഫീസില്‍ നിന്നാണു. അതിനാല്‍ എന്റെ ഓഫീസില്‍ നിന്നും അപേക്ഷ ദിവാന്‍ ഓഫീസില്‍ എത്തേണ്ടതുണ്ട്. ഇതിനു കുറച്ചു സമയം പിടിച്ചു.  നോ ഒബ്ജെക്ഷന്‍ ലെറ്ററും കൂടെ പാസ്പോര്‍ട്ടുമായി കറാമയിലുള്ള ഹജ്ജ് ഉം‌റ സര്‍‌വീസ് ചെയ്യുന്ന ഓഫീസില്‍ ഏല്പ്പിച്ചു. പാസ്പോര്‍ട്ട് ആറുമാസവും വിസ മൂന്നുമാസവും കാലാവധി നിര്‍ബന്ധമാണു. അവര്‍ ചാര്‍ജ്ജ് ചെയ്യുന്നത് 350 ദിര്‍ഹമാണു. വിസ പ്രോസസ്സ് ചെയ്യാനെടുക്കുന്നത് എട്ട് പ്രവര്‍ത്തന ദിവസവും. ശിഹാബിന്റെ വിസ മൂന്നു മാസത്തിനു എട്ട് ദിവസത്തെ കുറവുണ്ട്. അതിനാല്‍ കിട്ടുന്നത് വരെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

ഷിഹാബിന്റെ പാസ്പോര്‍ട്ടെല്ലാം വാങ്ങിയപ്പോഴാണു പണ്ടൊരു യാത്ര ഇവന്‍ മനോഹരമായി കുളമാക്കി തന്ന കാര്യം ഓര്‍ത്തത്. അല്‍-ഐനില്‍ പോകുമ്പോള്‍ പോരുന്നോ എന്നു വിളിച്ച് ചോദിച്ചത് ഞാന്‍ തന്നെയായിരുന്നു. ദുബായിക്കപ്പുറം പോയിട്ടില്ലാത്ത പാവമല്ലെ എന്നെല്ലാമുള്ള ഒരു കന്‍സിഡറേഷന്‍ കൊടുത്തതിനു അല്‍-ഐനെത്തും മുമ്പേ വാളുവച്ച് അവന്‍ പകരം വീട്ടി. അക്കണക്കിനു അബുദാബി വഴി മക്കയിലെത്തണമെങ്കില്‍ ഇവന്‍ വാളല്ല, തച്ചോളിത്തറവാട്ടിലെ  ഉറുമികളെല്ലാം തന്നെ വീശുമല്ലോ എന്നെല്ലാം പിന്നീടാണോര്‍ത്തത്. വിളിച്ച് കുരിശു യാത്രയാക്കുമോ എന്ന സം‌ശയം പ്രകടിപ്പിക്കാതിരുന്നില്ല. ഉത്തരം വളരെ അര്‍ത്ഥവത്തായിരുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം. പിന്നെ ഒന്നും പറയാനില്ലായിരുന്നു. വേണ്ട മെഡിസിനുകള്‍ കരുതാനും ബാക്കി ദൈവത്തില്‍ സമര്‍പ്പിക്കാനും ഞാനും തിരിച്ചാശംസിച്ചു.

 ശരിക്കും ദിവസങ്ങള്‍ പോകുന്നത്  എണ്ണിയ നാളുകളായിരുന്നു അവ. മനസ്സില്‍ ഒരു വലിയ പ്രതീക്ഷയായി മക്ക നിറഞ്ഞു നിന്നു. അതിന്നിടയില്‍ ഞങ്ങള്‍ ഉം‌റയുടെ മതപരമായ ചടങ്ങുകളുടെ പീഡീഎഫ് ഫയലുകളും യൂറ്റ്യൂബ് വിവരണങ്ങളും കണ്ടെത്തി. അവയെല്ലാം സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാരണം ഹജ്ജും ഉം‌റയും നമസ്കാരം പോലെയോ നോമ്പ് പോലെയോ സ്ഥിരമായി ചെയ്യുന്ന ഒന്നല്ല. അതിനാല്‍ തന്നെ അതിന്റെ നിയമങ്ങള്‍ എല്ലായ്പോഴും ഓര്‍ക്കുന്ന ഒന്നല്ല. ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യുന്ന ഒരാരാധന എന്ന നിലയില്‍ അതിലെ ചടങ്ങുകള്‍  പരിചിതമായ ഒന്നല്ല. പക്ഷെ, മറ്റു ആരാധനകളെ പോലെ ഹജ്ജിനും ഉം‌റക്കും അതിന്റെ ചിട്ടകളുണ്ട്. അതിന്റെ ചില അനുഷ്ടാനങ്ങളില്‍ പാകപ്പിഴവുകള്‍ വന്നാല്‍ കര്‍മ്മം തന്നെ അസാധുവാകും. അതിനാല്‍ പ്രത്യേകിച്ച് മുന്‍ പരിചയമുള്ളവരും മറ്റു പണ്ഡിതന്മാരുടെ അഭാവത്തിലും അതെല്ലാം ഞങ്ങള്‍ തന്നെ സ്വായത്തമാക്കേണ്ടിയിരുന്നു. ഷിഹാബ് അയച്ചു തന്ന പീഡി.എഫ് ഫയലില്‍ നിന്നു ഞങ്ങള്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ ഞാന്‍ പ്രിന്റ് ചെയ്തു. ഒരു ദിവസം ഒന്നിച്ചിരുന്ന് ഉം‌റ വിശദീകരിക്കുന്ന ഒരു യൂറ്റ്യൂബ് വീഡിയോ ഒന്നിച്ചിരുന്നു കാണുകയും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഒരു നോട്ടില്‍ പകര്‍ത്തുകയും ചെയ്തു.

പക്ഷെ, അതോടൊപ്പം തന്നെ, നെറ്റില്‍ വരുന്ന ചില വിവരങ്ങള്‍ തികച്ചും അബദ്ധങ്ങളാണു. ശരിയായ ഹദീസുകളുടെ പിന്ബലമില്ലാതെ ധാരാളം അനുഷ്ടാനങ്ങളുടെ വിവരണങ്ങള്‍ കാണാം. അതിനാല്‍ തന്നെ വളരെ ലളിതമായ ചടങ്ങുകളെ വളരെ സങ്കീര്‍ണ്ണമാക്കി, പ്രാര്‍ത്ഥനയുടെ ആത്മാവിനെ തന്നെ എടുത്തുമാറ്റി പുനരവതരിപ്പിക്കും. എന്നാല്‍ വളരെ കുറഞ്ഞ കാര്യങ്ങളേ ഉം‌റയില്‍ മനപാഠമാക്കാനുള്ളൂ. ബാക്കിയെല്ലാം നമുക്ക് എന്താണോ പടച്ചവനോട് ചോദിക്കാനുള്ളത്, അത് നേരിട്ട് ചോദിക്കാനുള്ള അവസരമാണു.

രണ്ടു കാര്യങ്ങളും എനിക്ക് സന്തോഷകരമായിരുന്നു. യു.എ.ഇ യില്‍ നിന്നു പല സംഘടനകളും ഉം‌റക്ക് കൊണ്ട് പോക്കുന്നുണ്ട്. പക്ഷെ, നാം കൂട്ടത്തില്‍ അവരെ പിന്തുടരുക എന്നതിന്നപ്പുറം ഒന്നും ചെയ്യാനുണ്ടാകില്ല. അതിനേക്കാള്‍ എന്ത് കൊണ്ടും ആവേശകരമായിരുന്നു ഈ  സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്ര. എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിയും വിശ്വാസിയും കുളിരുകോരിയണിഞ്ഞു. ഞാന്‍ കാണാന്‍ പോകുന്നത് ചെറുപ്പം മുതലേ ഞാന്‍ വായിച്ചറിഞ്ഞ കാലങ്ങളിലേക്കാണു. മനസ്സില്‍ പണി തീര്‍ത്ത ചിത്രങ്ങള്‍ പലതും ഇനി മാറ്റി വരക്കേണ്ടി വരും. പക്ഷെ പിന്നീട് വരക്കുന്ന ചിത്രങ്ങള്‍ക്ക് ശരിയുടെയും നിറച്ചാര്‍ത്തുണ്ടാകുക തന്നെ ചെയ്യും. അതിനാല്‍ തന്നെ മക്കയും മദീനയും  എന്നെ മഥിച്ചുകൊണ്ടേയിരുന്നു.

യാത്രക്കാവശ്യമുള്ള സാധനങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി. ദുബൈ യൂണിയന്‍ കോ-ഒപെറേറ്റീവില്‍ പോയപ്പോള്‍ ഉം‌റക്കാവശ്യമുള്ള ഇഹ്‌റാമിന്റെ വസ്ത്രം അവിടെയുണ്ട്. ഉം‌റ, ഹജ്ജ് എന്നിവ ചെയ്യുമ്പോള്‍ സാങ്കേതികാര്‍ത്ഥത്തില്‍ അവയില്‍ പ്രവേശിക്കുന്നതിനെയാണു ഇഹ്‌റാം എന്നു പറയുന്നത്. മക്കയിലെത്തുന്നതിനു മുമ്പായി നിശ്ചയിക്കപ്പെട്ട സ്ഥലത്തിനു മുന്നേ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഈ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ മീഖാത്ത് എന്ന് പറയുന്നു. ഒന്നുകില്‍ അവിടെ വച്ചോ അല്ലെങ്കില്‍ അതിനു മുമ്പോ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഇഹ്‌റാം എന്ന വാക്കിന്റെ അര്‍ത്ഥം പവിത്രമാക്കല്‍ , നിഷിദ്ധമാക്കല്‍ എന്നെല്ലാമാണു. സാധാരണ ജീവിതത്തില്‍ അനുവദിക്കപ്പെട്ട പല കാര്യങ്ങളും ഇഹ്‌റാമിലായിരിക്കുമ്പോള്‍ അനുവദിക്കപ്പെടുന്നില്ല, അതൊടൊപ്പം പവിത്രമായ അവസ്ഥയിലുമാകുന്നു. അതിനാലാണു ഇഹ്‌റാമിലായിരിക്കുക എന്നു പറയുന്നത്. ഇഹ്‌റാമിനു പുരുഷന്മാര്‍ക്ക് പ്രത്യേക വസ്ത്രവുമുണ്ട്. രണ്ട് കൂട്ടി തുന്നാത്ത തുണി. അതാണു ഇഹ്‌റാമിലായിരിക്കെ അനുവദിക്കപ്പെട്ട വസ്ത്രം. കൂട്ടി തുന്നിയ ഒരു വസ്ത്രവും അനുവദനീയമല്ല. ഒന്നുടുക്കാനും ഒന്നു പുതക്കാനുമുള്ള രണ്ട് തുണികളാണു ഇഹ്‌റാമിലെ എല്ലാവരും ധരിക്കേണ്ടത്. രാജാവാണെങ്കിലും പ്രജയാണെങ്കിലും. ഞാന്‍ മൂന്ന് പേര്‍ക്കുമുള്ള വസ്ത്രങ്ങള്‍ വാങ്ങി അലക്കി.

മൂന്നു പേരുടെയും പാസ്പോര്‍ട്ട് ഉം‌റ വിസ അടിച്ചു കിട്ടി. ലീവ് നമുക്കൊരു പ്രശ്നമല്ല. പതിനഞ്ചു ദിവസം വരെ നമ്മുടെ ഷെയ്ഖ് അനുവദിക്കും. ഷിഹാബിനു പത്തു വരെ പോകാം. പക്ഷെ ഇക്കുറി വില്ലനായത് സുഹൈറാണു. ആകെ കിട്ടിയത് എട്ട് ദിവസം. അതെനിക്ക് വല്ലാത്ത ഒരടിയായിപ്പോയി. എന്റെ മനസ്സില്‍ ഒരു വിശാലമായ ഉം‌റയായിരുന്നു. ചരിത്ര സ്ഥലങ്ങള്‍കൂടി കാണണമെന്ന ആഗ്രഹത്തിനു ഒരു വെട്ടിക്കുറക്കല്‍ നടത്തേണ്ടി വരും.

അങ്ങിനെ കൂട്ടിക്കുറക്കലുകള്‍ക്കിടയില്‍ മാര്‍ച്ച് 14 തിങ്കളാഴ്ച്ച പോകുവാന്‍ ദിവസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുത്. ഒരു ദിവസത്തിനും യാത്രയോ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനോ ഒരു പ്രത്യേകതയുമില്ല. വെള്ളിയാഴ്ച മക്കയില്‍ ജുമ‌അ പങ്കെടുക്കാന്‍ പാകത്തിനു യാത്ര ക്രമീകരിച്ചപ്പോള്‍ തിങ്കളാണു കൂടുതല്‍ അഭികാമ്യം എന്നതിനാല്‍ തിങ്കള്‍ തിരഞ്ഞെടുക്കുകയായിരുന്നു.

സുഹൈറിനു തലേന്നു വൈകീട്ട് ഏഴുമണി വരെ ജോലിയുണ്ട്. ഷിഹാബിനു രാത്രി പത്തുമണിയും. അപ്പോഴും നമ്മളാണു ഫ്രീ. പിറ്റേന്നു യാത്രയിലെ ഭക്ഷ്യകാര്യ വകുപ്പ് നമ്മുടെ തലയില്‍ തന്നെ. കയ്യില്‍ സ്വന്തം ഫാമിലെ സ്വന്തം കോഴിയും. (ഞാന്‍ ജോലി ചെയ്യുന്നത് ഒരു ഷൈഖിന്റെ പ്രൈവറ്റ് അഗ്രി ഫാര്‍മിലാണു). രണ്ട് മൂന്നു കോഴി മുറിച്ചു അതില്‍ ചെറിയ ഉള്ളി. വെളുത്തുള്ളി, ഇഞ്ചി, വലിയജീരകം, ഒരു തക്കാളി, മുളക്- മഞള്‍- മല്ലി- കുരുമുളക് പൊടികള്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് രണ്ട് ചെറുനാരങ്ങയും പിഴിഞ്ഞ് രണ്ട് മൂന്നു മണിക്കൂര്‍ തേച്ച് പിടിപ്പിച്ചു വച്ച് പൊരിച്ചെടുത്തു. പൊരിക്കുന്നതിന്നിടയില്‍ ഒന്നു ടേസ്റ്റ് ചെയ്ത് നോക്കിയതാണു. എനിക്കെന്റെ പാചകത്തില്‍ അഭിമാനം തോന്നിയ അപൂര്‍‌വ്വ നിമിഷങ്ങളായിരുന്നു ഞാന്‍ സ്വയം അനുഭവിച്ചത്. ഇത്ര നല്ല ഒരു കുക്ക് എന്നില്‍ ഉറങ്ങിക്കിടന്നത് എന്താണാവോ ഞാനിത് വരെ അറിയാതിരുന്നത്. ഏകദേശം കഴിയാറായപ്പോഴാണു മസാലക്കൂട്ടില്‍ ഇനിയും കുറച്ചധികം പാത്രത്തില്‍ തന്നെ ചിക്കന്‍ കഷണങ്ങളുമായി കെട്ടിപ്പുണര്‍ന്ന് കിടക്കുകയാണെന്നു കണ്ടത്. കുക്കിനു പിന്നെയും ഉണരാതിരിക്കാനായില്ല. ഒരു പാത്രത്തില്‍ കുറച്ച് എണ്ണ ചൂടാക്കി ചിക്കനെ ഒന്നു പകുതി ഫ്രൈ ആക്കി. അതിലേക്ക് ഒരു സവാളയും തക്കാളിയും ബാക്കി വരുന്ന മസാലക്കൂട്ടും വച്ച് ഒരു ഫുള്‍ ഫ്രൈ. “സങ്കതി“ ഏറ്റുവെന്ന് പിറ്റേന്നത്തെ ഷിഹാബിന്റെയും സുഹൈറിന്റെയും ആക്രാന്തം സാക്ഷ്യം.

എല്ലാം ഒരു വഴിക്കായപ്പോള്‍ രണ്ട് പേരും എത്തി. പിറ്റേന്നേക്ക് വേണ്ടതെല്ലാം പാക്ക് ചെയ്ത് സുഖമായി കിടന്നുറങ്ങി. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള ഒരു മയക്കം.