2009, ജൂൺ 29, തിങ്കളാഴ്‌ച

പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.

എന്താണ് പ്രവാസസാഹിത്യം? എന്തുകൊണ്ട് പ്രവാസസാഹിത്യമെന്ന ഒരു വസ്തു രൂപപ്പെടുന്നില്ല?

പ്രവാസജീവിതത്തെ കുറിക്കുന്ന രചനകള്‍ എന്നതോ അതല്ല പ്രവാസികള്‍ രചിക്കുന്നവ എന്നതോ ഏതാണ് പ്രവാസസാഹിത്യമെന്നത് നിര്‍വചിക്കപ്പെട്ടിട്ടില്ല.പ്രവാസം എല്ലാ അര്‍ത്ഥത്തിലും സ്വാധീനം ചെലുത്തുന്ന മലയാളത്തില്‍ എന്തുകൊണ്ട് അത് സര്‍ഗ്ഗാത്മകതയില്‍ സ്വാധീനം ചെലുത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

അതിന്നപ്പുറമുള്ള ഒരു വിഭജനം തന്നെ അപ്രസക്തമാണെന്നാണ് എന്റെ നിരീക്ഷണം. ഇപ്പോള്‍ തന്നെ പെണ്ണെഴുത്തും ദളിത് സാഹിത്യവും ഉണ്ട്. ഇനി മുസ്ലിം സാഹിത്യം, ഹിന്ദു സാഹിത്യം, അച്ചായന്‍ സാഹിത്യം, കോണ്‍‌ഗ്രസ്സ് സാഹിത്യം, കേരളാ കോണ്‍‌ഗ്രസ്സ് സാഹിത്യം, ലീഗ് സാഹിത്യം, തിരുവതാംകൂര്‍ സാഹിത്യം, മലബാര്‍ സാഹിത്യം ഇങ്ങിനെ തരം തിരിച്ചുണ്ടാക്കി സംവരണമുണ്ടാക്കി ചിലരുടെ പേരുകള്‍ അച്ചടിപ്പിക്കാമെങ്കിലും വായിക്കുന്നവന്റെ അവകാശമെന്നതിനെ പ്രഹരിക്കുന്നത് കുറച്ചൊന്നുമാവില്ല.

ദുബായിലെ അനുസ്മരണത്തില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിരുന്നു, ഏറ്റു വാങ്ങിയ പെണ്‍ സാഹിത്യം ചോദിച്ചത് ഇതില്‍ പെണ്ണെവിടെ എന്നായിരുന്നു. അച്ചടിക്കാന്‍ മാത്രം പെണ്ണെഴുതിയോ എന്നൊന്നും ആരും തിരിച്ച് ചോദിക്കില്ലല്ലോ? 33% സാഹിത്യത്തിലും വേണമെന്നും ഭാവിയില്‍ വാദിക്കാന്‍ സാധ്യത ഇല്ലായ്കയില്ല.

പ്രവാസ ജീവിതം എന്തുകൊണ്ട് സര്‍ഗ്ഗാത്മകമാവുന്നില്ല? പ്രധാന ചോദ്യമതാണെന്നു തോന്നുന്നു. എനിക്കുള്ളത് മൂന്ന് ഉത്തരങ്ങളാണ്.

ഒന്നാമതായി അനുഭവങ്ങള്‍ മാത്രം ഒരാളെ എഴുത്തുകാരനാക്കുന്നില്ല എന്നതാണ്. എഴുത്തുകാരനാക്കുന്നത് ഒരാളിലെ നൈസര്‍ഗ്ഗികതയാണ്. അത് കുറച്ചെല്ലാം രൂപപ്പെടുത്താമെങ്കിലും അടിസ്ഥാനമായി ജന്മവാസനയാണ്. ബഷീറിനെ പോലെ കുറെ അനുഭവങ്ങളുള്ള പലരുമുണ്ടായിരുന്നിരിക്കാം, പക്ഷെ ബഷീറിന്നനുഭവിക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അതൊരു സൃഷ്ടിയായി പുനസൃഷ്ടിക്കപ്പെടുന്നത്. മാധവിക്കുട്ടി പറയുന്നുണ്ട് എനിക്കധികം അറിവില്ല എന്ന്, ഒരു പക്ഷെ അത് വായനക്കാരുടെ ഭാഗ്യമായിരിക്കാം. അധികമറിഞ്ഞാല്‍ മര്‍മമറിയുന്ന നമ്പൂരി പശുവിനെ തല്ലാന്‍ നോക്കിയത് പോലെ ആയിപ്പോവും. മര്‍മമില്ലാത്ത ഒരു സ്ഥലവും തല്ലാന്‍ കിട്ടിയെന്ന് വരില്ല.

ഇവിടെ ഒരുപാടനുഭവങ്ങളുമായി ഒരുപാടാളുകളുണ്ട്, പക്ഷേ അവരില്‍ നൈസര്‍ഗ്ഗികതയില്ലെങ്കില്‍ എത്രയനുഭവങ്ങളും ഉത്പാദനക്ഷമമാവില്ല.

രണ്ടാമതായി അനുഭവങ്ങളും നൈസര്‍ഗ്ഗികതയുമൊത്തു ചേര്‍ന്നാലും ഞാനിതെഴുതും എന്നൊരാള്‍ക്കും വാശിപിടിക്കാന്‍ കഴിയില്ല. ബഷീര്‍ മതിലുകളെഴുതുന്നത് ജയിലനുഭവം വിവരിക്കാമെന്നു കരുതിയിട്ടല്ല. മറിച്ച് സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സമൂഹത്തോട് അതിന്നു വേണ്ടി ത്യാഗം ചെയ്ത ഒരാളുടെ ഞാനെന്തിനു സ്വതന്ത്രനാവണമെന്ന വലിയ ചോദ്യം ചോദിക്കാനാണ്. ആ ചോദ്യമലട്ടിയില്ലായിരുന്നുവെങ്കില്‍ മതിലുകള്‍ രൂപപ്പെടില്ലായിരുന്നു. അത് കൊണ്ടാണ് മതിലുകള്‍ മതിലുകളായി മാറുന്നത്. ഇന്ന് എഴുത്ത് നേരിടുന്ന വലിയൊരു പ്രതിസന്ധിയുമതാണെന്ന് തോന്നുന്നു. പെണ്ണ് പെണ്ണെഴുത്തിനു മാത്രം വിഷയം തേടി അലയുന്നു, ദളിതനും. ഇപ്പോള്‍ പ്രവാസിയും അങ്ങിനെയാവട്ടെ എന്നു നാം തീരുമാനിക്കുന്നു.

തന്റെ പ്രവാസം ഒരു നിമിഷത്തിന്റെ പ്രചോദനമായി കടന്നു വരാത്തൊരു സമയത്തോളം എഴുത്തിന്റെ പ്രവാസ സ്വഭാവം ഒരു സ്വയംഭോഗമാവുകയേ ഉള്ളൂ. രതിയെന്നു വിളിക്കാമെങ്കിലും.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സൂചിപ്പിക്കുകയുണ്ടായി, അദ്ദേഹം അനിയനെ കണ്ടു മുട്ടുന്നതിനെ കുറിച്ച്. ദുബായിയില്‍ തന്നെ നിര്‍മാണതൊഴിലാളിയായ അദ്ദേഹം കഠിന ചൂടിലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ ഇടക്കു ജേഷ്ടനെ വിളിക്കും, സ്നേഹിതരുടെ വണ്ടിയുമൊപ്പിച്ച് ഡോക്റ്ററെ കാണിക്കാന്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അഞ്ച് നിമിഷത്തോളം പരസ്പരം നോക്കി നിന്ന് കരയുകയായിരിക്കുമെന്ന്. നല്ല ഒരു കഥാതന്തുവാണല്ലോ. എന്നിട്ടും അത് പോലും നല്ല ക്രാഫ്റ്റുള്ള ഷിഹാബുദ്ദീനു പോലും പകര്‍ത്താന്‍ കഴിയാത്തെതെന്തേ?

അത് പകര്‍ത്താനുള്ള ഒരു സന്ദര്‍ഭം ഒരു വലിയ അലട്ടല്‍ മനസ്സ് രൂപം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതിനുള്ള പല കാരണങ്ങളുണ്ടാവാം.

അതിലെ പ്രധാനമായതില്‍ ഒന്ന് എനിക്കു തോന്നുന്നത് കേരളീയന്റെ ഉപഭോഗ തൃഷ്ണയാണെന്നതാണ്.

മറ്റേതൊരു വിഭാഗക്കാരെക്കാളും നമ്മെ സ്വീകാര്യരാക്കുന്നത് നമ്മുടെ സ്വാംശീകരിക്കുവാനുള്ള കഴിവോ അല്ലെങ്കില്‍ കഴിവുകേടോ ആണ്. അറബിയെ പോലെ അറബി സംസാരിക്കാനും ഇംഗ്ലീഷുകാരെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പെരുമാറാനും നമുക്കറിയാമെന്നതില്‍ നാമഭിമാനം കൊള്ളുന്നു. ഇത് സാഹിത്യ ചരിത്രത്തിലുമുണ്ട്. നോവല്‍ സാഹിത്യമെല്ലാം ആദ്യം തന്നെ മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നത് അതിന്റെ ഭാഗമായാണ്. മാത്രമല്ല ആധുനികത യൂറോപ്പിയന്‍ സാഹിത്യകാലഘട്ടത്തോടൊപ്പം തന്നെ നമ്മുടെ ചര്‍ച്ചകളിലും വരുന്നുണ്ട്. കാക്കനാടനുമെല്ലാം എക്സ്റ്റെന്‍ഷനിസം അതേ കാലയളവില്‍ തന്നെ നമുക്കും അനുഭവേദ്യമാക്കി തന്നിരുന്നു.

ഇതും പ്രവാസസാഹത്യവുമായുള്ള ബന്ധമെന്തെന്നു ചോദിച്ചാല്‍ പലര്‍ക്കും പ്രവാസം ഒരു നൊമ്പരമാവുന്നില്ല എന്നത് കൂടിയാണ്. നാം പലപ്പോഴും പ്രവാസത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപഭോഗമോഹങ്ങള്‍ക്ക് നല്‍കുന്ന ഒരു വിലയായാണ് പ്രവാസത്തെ സ്വീകരിക്കുന്നത്. അത്യാവശ്യമായാലും നമുക്ക് തിരിച്ച് പോകുവാന്‍ കഴിയാത്തതും അതിന്റെ ഭാഗമാണ്. തിരിച്ച് പോക്ക് നമ്മെ പേടിപ്പെടുത്തുന്നത് നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല, ഉപഭോഗതയുടെ ആധിക്യവും കൂടിയാണ്. പ്രവാസജീവിതത്തിന്റെ കഷ്ടതെയേക്കാള്‍ ഇതവസാനിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ വ്യാകുലപ്പെടുത്തുന്ന ഒരു സമൂഹം പ്രവാസത്തെ എങ്ങിനെ ഒരു നൊമ്പരമായി കൊണ്ടു നടക്കും.

ഒരു സര്‍ഗ്ഗവാസനയും ഒരടിച്ചേല്‍പ്പിക്കലാവരുത്, എന്നാല്‍ ചില സംഭവങ്ങള്‍ ചിലവയെ നൈമനുഷികമെന്നോണം സൃഷ്ടിച്ചേക്കാം. എന്‍.എസ് മാധവന്റെ വന്മരങ്ങള്‍ കടപുഴകുമ്പോളും തിരുത്തുമെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ മൂക്കാത്ത മാങ്ങയെ കാര്‍ബണിട്ടു പഴുപ്പിക്കുമ്പോളുള്ള ഒരസ്വാദ് പ്രവാസ ലേബല്‍ നല്‍കുമെന്നതിന്നപ്പുറം അത് സാഹിത്യലോകത്തിന് ഒരു സംഭാവനയും നല്‍കില്ല.ചിലരുടെ പേര് ചുളുവില്‍ അച്ചടിക്കുമെന്നല്ലാതെ.

പ്രവാസസാഹിത്യം രൂപപ്പെടാന്‍ പ്രവാസിയാവണമെന്നുമില്ല. അമേരിക്കന്‍ ഇന്ത്യക്കാരുടെ ജീവിതത്തെ എം.ടി.യുടെ ഷെര്‍ലക്ക് പോലെ നന്നായി ആരാണ് പകര്‍ത്തിയിട്ടുള്ളത്. ഒ.വി. വിജയനും മുകുന്ദനും സക്കരിയയുമെല്ലാം കാലങ്ങളൊളം പ്രവാസമനുഭവിച്ചിട്ടും നമുക്ക് കിട്ടിയത് കേരളത്തെ കുറിച്ചുള്ള നല്ല സൃഷ്ടികളായിരുന്നുവല്ലോ.


2009, ജൂൺ 14, ഞായറാഴ്‌ച

ദോഷൈക ദൃഷ്ടി- ബഷീര്‍ അനുസ്മരണം


ദുബായിയില്‍ ദലയും കേരള സാഹിത്യ അക്കാദമിയും കൌണ്‍സിലേറ്റും ചേര്‍ന്ന് നടത്തുന്ന ബഷീര്‍ അനുസ്മരണം ഒരു വി.എസ്. വിരുദ്ധസമ്മേളനമാണെന്നും അതിനാല്‍ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്ത് വി.എസ് അനുകൂലികള്‍ ബ്ലോഗില്‍ പോസ്റ്റ് വരെ ഇറക്കി. ബഷീറിന്നെന്ത് പോളിറ്റ് ബ്യൂറോ എന്ന നിലക്കു നമ്മളുമൊന്നു അനുസ്മരിക്കാന്‍ പോയി.


ചിലരങ്ങിനെയാണ്. എവിടെ ചെന്നാലും കാണെണ്ടാത്തതെ കാണൂ. അല്ലെങ്കില്‍ ബഷീറിനെ കേള്‍ക്കാന്‍ ചെല്ലുന്നേടത്തെന്തിനാ വേണ്ടാത്തിടത്ത് നോക്കുന്നത്? എന്തു ചെയ്യാനാ തലവര - അരുണ്‍ ചുള്ളിക്കളിന്റെ പോസ്റ്റിലൂടെ പോയപ്പോള്‍ എന്റെ ഒരു കരിങ്കണ്ണ്.

ദുബായിലെ പരിപാടികളില്‍ ചായ ഒരു ഫ്രീ ഐറ്റെം ആണ്. പതിവിന്നു വിപരീതമായി ആദ്യം തന്നെ സ്വാഗതം ചെയ്യുന്നത് ചായയാണ്. (അല്ലെങ്കിലധികവും ഇവനൊരു മൂലയിലായിരിക്കും - ആവശ്യക്കാരനെത്തുമെന്നവനറിയാം) എന്തോ “കെ.ഇ.എന്നും സുകുമാര്‍ അഴീക്കോടുമുള്ള ബേബിയുമുള്ള ഒരു പരിപാടിയില്‍ ചായ പറയുന്നത്" എന്ന വിഷയത്തിനു ഒരു പ്രബന്ധത്തിനു വരെ സ്കോപ്പുണ്ടാവുമ്പോള്‍ ഇവന്‍ ഇത്ര മുന്നിലോ?

കേരള രാഷ്ട്രീയത്തില്‍ കട്ടന്‍ ചായയും പരിപ്പുവടയും വി.എസിന്റെ സിമ്പ്‌ള്‍ ആണെന്നാര്‍ക്കാണറിയാത്തത് അത് കേരള രാഷ്ട്രീയത്തിനു ജയരാജന്റെ സംഭാവന - തന്റെ പ്രസംഗത്തില്‍ കെ.ഇ.എന്‍ വരെ അത് സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ടുമെന്തെ ഇവനിത്ര ധൈര്യത്തിലിങ്ങനെ?

‌‌----------------------------------------!


നിങ്ങളെന്തെങ്കിലും കാണുന്നുണ്ടോ?







അടുത്തു നോക്കു - IT'S TIME TO CHANGE


കട്ടനില്‍ നിന്നു പാലിലേക്കോ? പാലില്‍ നിന്നും കട്ടനിലേക്കോ?
(വി.എസില്‍ നിന്നും വിജയനിലേക്കോ വിജയനില്‍ നിന്നും വി.എസ്സിലേക്കോ)

മാറുവാനായിരിക്കുന്നുവോ?

2009, ജൂൺ 11, വ്യാഴാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ അടഞ്ഞ കത്ത്

അത്ര പ്രിയമൊന്നുമില്ലാത്ത .......................................................


ക്ഷമിക്കുന്നതിന്നുമൊരതിരുണ്ട്, ഞാനുമീ തട്ടകത്തില്‍ തന്നെയല്ലിയോ, അതു മറക്കേണ്ട, ഒരിലക്ഷന്‍ വന്നാല്‍ ജയിച്ചതിന്നും തോറ്റതിന്നും പലപല കാരണങ്ങള്‍ പറയും .തോറ്റാല്‍ സഹിക്കാം , ജയിച്ചിട്ടും ഇങ്ങിനെ മനസ്സു പുകഞ്ഞാല്‍.
എന്നാലും ഒരു പ്രതിപക്ഷനേതാവിന്നൊരു പണിയുമില്ലായിരുന്നു എന്നാണല്ലോ കര്‍ത്താവേ , ഇതുകണ്ടാല്‍ തോന്നുന്ന്ത് -

നമ്മുടെ പേര്, ഒരിടത്തെങ്കിലും ഒരു പത്രമെങ്കിലും മുന്‍പേജില്‍ വേണ്ട-അതൊക്കെ ഇക്കാലത്തൊരു അതിമോഹമെന്നറിയാം.
സഹിക്കാത്തതു കൊണ്ടുതന്നെയാ പറയുന്നത്, ഇതിവിടെ ഇങ്ങിനിരിക്കുക എന്നതത്ര എളുപ്പമുള്ള ഏര്‍‌പ്പാടൊന്നുമല്ല. അതു നിങ്ങള്‍ക്കുമറിയാത്തതൊന്നുമല്ലല്ലൊ? ആദ്യം ഞങ്ങളൊരു കണക്കു കൂട്ടും, മുസ്ലിമിന്നിത്ര, ഹിന്ദുവിന്നിത്ര, ക്രിസ്ത്യാനിക്കിത്ര. അതില്‍ തന്നെ എത്ര ജാതി-

അതിലെപ്പേളുമൊരു ഊഴം വന്നു കിട്ടുമ്പോഴാ ഇനി ചത്താലും വിടില്ല എന്നുറപ്പിച്ച് ഒന്നു കയറിയിരിക്കുന്നത്. അതെങ്ങാനും ആളു പോരായെന്നൊരു നാലാളു കൂടി പ്രമേയിച്ചാല്‍ - ഹെന്റെ മാതാവെ അലോചിക്കാനും കൂടി വയ്യെ.

അല്ലെ. എന്തൊക്കെ പുകിലുണ്ടായിരുന്നു. മാര്‍ട്ടിന്‍, ദേശാഭിമാനി, ഹാരിസ്, വി.ഐ.പി മന്ത്രി, മുന്നാര്‍, മന്ത്രിക്കുട്ടികള്‍ ഇതോന്നും നമ്മളായി കുത്തിപ്പൊക്കി പണ്ടത്തെ മറ്റവന്‍ ഗ്രാഫൈറ്റും പാമോയിലും കൊണ്ടുവച്ച കളി പോലെ തേടിപ്പിടിച്ചു നടന്നിട്ടൊന്നുമില്ല. മടക്കിക്കുത്തി ഒരു കാട്ടിലും കയറിയിട്ടില്ല.

എന്നാലും നമ്മളാണു പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഓരോന്നിനു പുറകെയും ചാനലും ക്യാമറയുമായി നാലാളൊന്നു വരും. പകുതി ശ്വാസം പിടിച്ച് നമ്മളൊരു കീച്ചു കീച്ചും, അത് കണ്ട പിള്ളാരു വിളിച്ചു പറയും, സംഗ്ഗതി പറ്റീട്ടാ, അത്രെ നമ്മളെക്കൊണ്ടാവൂ. അത് കാലാ കാലമായി എല്ലാവര്‍ക്കും തെരിയുകയും ചെയ്യും.

അല്ലെ- നമ്മളൊന്നു കാട്ടിലെങ്ങാനും കയറാന്‍ നിക്കുവാ ആ നായര്.

യൂത്തിന്റെ നമ്മുടെയാളെ തട്ടിയിട്ടത് ഒരിലക്‍ഷന്‍ കാലത്തല്ലിയോ. എന്നിട്ട് അതൊന്നു കുറച്ചു കാലത്തിനെങ്കിലും തിരികെ കയറ്റാന്‍ ഞാനെത്ര മെഴുകുതിരിയാ എന്റെ പുണ്യവാളച്ചാ നേര്‍ച്ച നേര്‍ന്നത്. എന്റെ കഷ്ടപ്പാടെനിക്കെ അറിയത്തുള്ളൂ. ഇങ്ങിനെയൊക്കെ എന്നെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ.

ആരെയും ഇപ്പ്രാവശ്യം തോല്പിക്കില്ലെന്ന് നാട്ടുകാര്‍ തീരുമാനിച്ചത് എറണാംകുളം കണ്ടാല്‍ പോരായിരുന്നോ . അല്ലേല്‍ അയാളെയൊക്കെ ജയിപ്പിച്ചത് തല്ല് കിട്ടില്ലെന്ന് നാട്ടുകാര്‍ക്കുറപ്പുണ്ടായിട്ടല്ലെ. ഇതൊക്കെ ഇങ്ങനെയൊക്കെയെല്ലാതെന്നാ ഉണ്ടായിട്ടുള്ളത്, എന്നാലും പ്രതിപക്ഷമെന്നത് ഒരു പ്രതിപക്ഷം തന്നെയല്ലിയൊ.

വയ്യ, പറയണ്ടാന്ന് കുറെ കരുതിയതാ, പറയിപ്പിച്ചേ അടങ്ങൂന്ന് വച്ചാ പിന്നെ.

പണ്ട് കേരളത്തിനൊരു വ്യവസായ സ്ഥാപനമുണ്ടായിരുന്നു, കേരളാ സോപ്സ് ആന്റ് ഡിറ്റേര്‍ജെന്റ്സ്. നല്ല സോപ്പൊക്കെയുണ്ടാക്കി, പുറത്തെ സംസ്ഥാനത്തെ വിതരണം മൊത്തം ഒരാളങ്ങേറ്റെടുത്തു. ഒരെ ഓര്‍ഡര്‍ കൊല്ലങ്ങളോളം, ഒരു കഷ്ണം കൂടുതലില്ല, ഒന്നു കുറവും, പിന്നെയാ അറിഞ്ഞത് അതൊരു മാര്‍വാഡി കമ്പനി പറ്റിച്ചതാന്ന്. വാങ്ങുന്ന സോപ്പ് അവര്‍ അങ്ങാടി തൊടീക്കില്ല,

ഇപ്പൊളിതെന്താ ഓര്‍ക്കാനെന്നെന്നോ- ഒരു പ്രസ്ഥാവനക്കു പോലും ഒരാളും ഇങ്ങോട്ടു വരാഞ്ഞാ പിന്നെ ഞാനിവിടുണ്ടെന്നതൈനെന്താ തെളിവ്? അല്ല ഞാനിവിടെന്തിനാ-

അറിയാഞ്ഞിട്ട് ചോദിക്കുവാ. ഞാനാരാ?

ഇതാര്‍ക്കാണു കര്‍ത്താവേ പോസ്റ്റ് ചെയ്യുക, മുഖ്യ മന്ത്രിക്കോ? അതോ സെക്രട്ടറിക്കോ? ആരാ ഭരിക്കുന്നത്? എവിടെയാ ഭരിക്കുന്നത്?

2009, ജൂൺ 9, ചൊവ്വാഴ്ച

മാധവിക്കുട്ടിയും വിവാദങ്ങളും-5

മലയാളം ബ്ലോഗ് അതിന്റെ ശൈശവാവസ്ഥ പിന്നിട്ടിട്ടില്ല, മറ്റു മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായ വായനക്കാരെ ഇപ്പോഴും ആയിട്ടുള്ളൂ. അതിന്നിടയിലാണ് ഒരു കവിതാപ്രശ്നം ഉടലെടുക്കുന്നത്. കവിത മുറിച്ചെഴുതാമെന്നും പാടില്ലെന്നും. പ്രശ്നം ചിലരെ രണ്ട് ചേരിയിലാക്കി. അവരവരുടെ വീക്ഷണങ്ങള്‍ കുറച്ചു വാഗ്വാദങ്ങളിലേക്കു വരെ നീങ്ങി, ചിലര്‍ കുറച്ച് തീവൃമായി - തെറി, അജ്ഞാത ഫോണ്‍ ഭീഷണി......

ആര്‍ക്കും എന്തുമെഴുതുവാന്‍ സ്വാതന്ത്ര്യമുള്ള ഒരു സംവിധാനം. അതെപോല്‍ എന്തു വായിക്കണമെന്നു തീരുമാനിക്കാനും. ഇഷ്ടമില്ലെങ്കില്‍ ആരും വന്ന് ഇതെന്തേ വായിച്ചില്ല എന്നു ചോദിച്ചു തല്ലില്ല. എന്നിട്ടും അത് ചിലര്‍ക്കെങ്കിലും ഉറക്കമില്ലാത്ത ദിവസങ്ങള്‍ സമ്മാനിച്ചു.

മതങ്ങള്‍ സംഘര്‍ഷം വളര്‍ത്തുന്നു എന്ന് പറയുന്നവര്‍ കണക്കിലെടുക്കാത്ത ഒരു വസ്തുതയാണിത്. മതമില്ലെങ്കില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മറ്റൊന്നുണ്ടാവും.

ഇവിടെ മുറിച്ച കവിതകളെഴുതുന്നവരും അവരെ അനുകൂലിക്കുന്നവരും തമ്മിലൊരു മാനസിക ഐക്യം രൂപപ്പെട്ടിരുന്നു, തിരിച്ചും.

ചിന്തയുടെ മറ്റൊരു രൂപമാണത്, താത്പര്യങ്ങളുടെ വികാരങ്ങള്‍ സംഘമാവുക എന്നത്. ഇത് പല കാരണങ്ങളാലുമാവാം.

ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഒരു കുഗ്രാമത്തിലെ പ്രവൃത്തകനെ ഉത്തേജിപ്പിക്കുന്നത് അങ്ങിനെയാണ്. അല്ലാതെ അയാള്‍ക്കവിടെ നിന്നു ചിലവിന്നയച്ചു കിട്ടും എന്ന്‍ കരുതിയിട്ടല്ല.

ഇത് ഒരാളില്‍ ഒന്നില്‍ മാത്രം നില്‍ക്കുന്ന ഒരു സ്ഥായീ ഭാവത്തിലാവില്ല. ഇതേ ആള്‍ തന്നെ ഏഷ്യാഡില്‍ ചൈനക്കെതിരെ ഇന്ത്യന്‍ ടീമിനു വേണ്ടി കയ്യടിക്കും. അവിടെ അപ്പോള്‍ വിശ്വാസാദര്‍ശത്തേക്കാള്‍ ദേശീയതയാണ് മുന്‍പിട്ടു നില്‍ക്കുന്നത് എന്നു മാത്രം.

എ.ആര്‍ റഹ്‌മാനു ഓസ്കാര്‍ കിട്ടിയത് കൊണ്ട് ആര്‍ക്കും പത്തു പൈസയുടെ ഗുണമൊന്നുമുണ്ടായിട്ടില്ലല്ലൊ? എന്നിട്ടും നമ്മുടെ ഹൃദയം തുളുമ്പിയതെന്ത് കൊണ്ട്? അതിനേക്കാള്‍ മനസ്സൊന്നു പിടച്ചില്ലെ കേരളീയനായ റസൂല്‍ പൂക്കുട്ടി സ്റ്റേജില്‍ കയറിയപ്പോള്‍. റസൂല്‍ പൂക്കുട്ടിയുടെ നാട്ടുകാരനാണൊ, എന്നാല്‍ ഒരു പ്രമോഷന്‍ കിടക്കട്ടെ എന്നറബി വന്നു പറയുമെന്ന് കരുതിട്ടൊന്നുമല്ലല്ലോ?

മാധവികുട്ടി സുരയ്യയായപ്പോള്‍ ഒരു മുസ്ലിം എന്ന നിലക്ക് എനിക്കൊരു സന്തോഷവുണ്ടായില്ല എന്ന് പറയുന്നത് വലിയ ഒരു കളവായിരിക്കും.

ഞാന്‍ മുമ്പ് സൂചിപ്പിച്ച അനുകൂലാശയങ്ങളുടെ മാനസിക‌ ഐക്യമുണ്ടല്ലോ അത് എത്രത്തോളം വേരുകള്‍ ആഴത്തിലാണൊ (deep routed) അത്രത്തോളം ശക്തവുമായിരിക്കും. തലമുറകള്‍ കൈമാറിവരുന്ന ദേശീയതയും മതവിശ്വാസങ്ങളും ജാതീയതയൊന്നും അത്ര പെട്ടെന്നു പറിച്ചെറിയാന്‍ കഴിയാത്തത് അത് കൊണ്ടാണ്.

1999-ലാണ് മാധവിക്കുട്ടി ഇസ്ലാം സ്വീകരിക്കുന്നത്. അതെ കാലത്തു തന്നെയാണ് സൌദിഅറേബ്യയിലെ ഇറ്റാലിയന്‍ അംബാസ്സിഡറും മുസ്ലിമാവുന്നത്.

സാമുവല്‍ പി ഹാംഗിഗ്ട്ടന്റെ The Clash of Civilizations എന്ന പുസ്തകം പാശ്ചാത്യ ലോകത്തിന് ഇസ്ലാം എന്ന പുതിയ ശത്രുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്ത ഒരു കാലത്തായിരുന്നു ഈ മതം മാറ്റങ്ങള്‍. ലോകമാധ്യമങ്ങള്‍ മുസ്ലിം ലോകത്തെ സംഘടിതമായി അക്രമിക്കുന്ന ഒരവസ്ഥ. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി കൊല്ലാന്‍ ശ്രമിക്കുമ്പോള്‍. എല്ലാ മുസ്ലിങ്ങളിലും ഒരക്ഷിതാവസ്ഥ മാനസികമായി വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നു.

ഒരു സമൂഹത്തെ തളര്‍ത്തുവാന്‍ ഏറ്റവും എളുപ്പമുള്ള വഴി മാനസികമായി അവരെ അക്രമിക്കുക എന്നതാണ്. മാധ്യമങ്ങള്‍
ഇസ്ലാം= തീവൃവാദം = ഭീകരവാദം = മൌലികവാദം
എന്ന സൂത്രവാക്യം അടിച്ചേല്‍പ്പിച്ചു മുസ്ലിമെന്നാല്‍ തീവൃവാദിയായ ഭീകരവാദിയായ മൌലികവാദി എന്നു ചിത്രം വരക്കുന്നതിന്നിടയില്‍, ലോകപ്രശസ്തയായ, സ്വാതന്ത്ര്യവാദിയെന്നവര്‍ തന്നെ മുദ്രണം നല്‍കിയ ഒരെഴുത്തുകാരിയും ഒരു പാശ്ചാത്യ നയതന്ത്രഞ്ജനും ഭീകരവാദ - തീവൃവാദ -മൌലികവാദത്തിലേക്കു കടന്നു വരുന്നത്.

ഇതെല്ലാ അരോപണങ്ങളുടെയും മുനയൊടിക്കപ്പെട്ടു. ഇപ്പ്രതിഭാസത്തിനെന്ത് മറുപടി നല്‍കുമെന്നവര്‍ക്ക് ഉത്തരം മുട്ടി. മുസ്ലിങ്ങളില്‍ ഇതൊരാത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി.

മാധവികുട്ടിയെ നാണപ്പനിലൂടെ വായിച്ച എനിക്കപ്പോഴും സംശയം ബാക്കിയായിരുന്നു. ഒരാവേശത്തില്‍ വരുന്നതെല്ലാം ആവേശമവസാനിക്കുമ്പോള്‍ മടുത്തു പോകും, സ്വപ്ന ജീവിയായ ആമിയെപ്പോലെയുള്ളവര്‍ക്കു പ്രത്യേകിച്ചും.

കുറച്ച് കൊല്ലങ്ങള്‍ക്കു ശേഷം സാറാജോസഫ് തുടങ്ങിയവരുമായുള്ള ഒരഭിമുഖത്തിലാണെന്നു തോന്നുന്നു അതിന്റെ ചില സൂചനകള്‍ കണ്ടു. ഞാന്‍ പിന്നെയും നാരായണപ്പിള്ളയെ ഓര്‍ത്തു.

പിന്നെയും കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഞാനാദ്യം സൂചിപ്പിച്ച പുനത്തിലുമായുള്ള അഭിമുഖം കാണുന്നത്. ഒരു പെരുന്നാള്‍ പരിപാടിയായാണ് ചാനലുകാര്‍ അത് കേരളത്തിനു സമര്‍പ്പിക്കുന്നത്. പെരുന്നാളിനു മമ്മൂട്ടിയുടെയും വിഷുവിന് മോഹന്‍ലാലിന്റെയും സിനിമയിടാന്‍ ചാനലുകാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

അതില്‍ പുനത്തില്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. മാതൃഭൂമിയില്‍ വന്ന അഭിമുഖത്തെ കുറിച്ച ചോദ്യത്തിന് സുരയ്യ പറഞ്ഞത് അവരെന്നെ മിസ്കോട്ട് ചെയ്തു എന്നാണ്, ഞാനത് തിരുത്തുവാനും പോയില്ല എന്നും. പുനത്തില്‍ ചോദ്യത്തില്‍ പരാമര്‍ശിച്ചില്ലെങ്കിലും അവര്‍ സമദാനിയുടെ പേരു വരെ പറഞ്ഞു. പാവം സമദാനി , എന്റെ മകന്റെ പ്രായമെ ഉള്ളൂ എന്നാണവര്‍ വ്യക്തമാക്കിയത്.

ഇത്ര വിശാലമായ ഹിന്ദു മതം എന്തുകൊണ്ടുപേക്ഷിച്ചു എന്ന പുനത്തിലിന്റെ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് എന്റെ ശ്രദ്ധപിടിച്ചെടുത്തത്.

“എനിക്ക് ഹിന്ദു മതത്തെ കുറിച്ചൊന്നുമറിയില്ല. ആരും എന്നെ പഠിപ്പിച്ചിട്ടുമില്ല . പക്ഷെ ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഖത്തറിലെ യൂസഫുല്‍ ഖര്‍ളാവി എന്ന പണ്ഢിതനാണ് എനിക്കു ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്. ആ വൃദ്ധനായ മഹാപണ്ഢിതന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ നിറച്ചു തരികയായിരുന്നു. “

ഞാന്‍ നാരായണപിള്ളയുടെ മൂന്നാംകണ്ണിനെ മനസ്സില്‍ നിന്നും തട്ടി മാറ്റി. ഖറളാവിയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. അയാളെപ്പൊലെയുള്ള ഒരാളില്‍ നിന്നും ഇസ്ലാം പഠിച്ച ഒരാളുടെ അടിത്തറ ഇളകിയാടുന്ന ഒന്നാവില്ല. കേവലം വൈകാരികതകളിലൊതുങ്ങുന്നതാവുകയില്ല അവരിലെ വിശ്വാസം.

ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു (വാര്‍ത്ത). എന്ന് മകന്‍ എം.ഡി.നാലപ്പാട്ട് പറയുമ്പോള്‍ കേവല വൈകാരികതയല്ല അവരുടെ മതം മാറ്റം എന്ന തിരിച്ചറിവെനിക്കുണ്ടാക്കുന്നു.

ഈ പോസ്റ്റിലുള്ളതൊന്നും (5 അദ്ധ്യായം) തന്നെ അവരുടെ സാഹിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ല, എന്നിലെ മുസ്ലിമിന്ന് അവരിലെ മുസ്ലിമുമായുള്ള ആത്മബന്ധത്തില്‍ നിന്നുമുള്ളതാണ്. അങ്ങിനെ ഒന്നില്ല എന്നു പറയുന്നത് എന്നിലെ കപടതയാകും. ജൈവീകമായ ഒന്നിനെ ഞാനെന്തിനു നിഷേധിക്കണം.

അവരിലെ സാഹിത്യകാരിയെ ഞാന്‍ സ്നേഹിക്കുന്നതാകട്ടെ ഇതിന്റെ അടിസ്ഥാനത്തിലുമല്ല. അക്കിത്തത്തിന്റെ കവിതകളെനിക്കിഷ്ടമാണ്. അയാളുടെ രഷ്ട്രീയത്തെയില്ലതാനും, അതദ്ദേഹത്തിന്റെ കവിതകള്‍ സ്നേഹിക്കുന്നതിനെ എനിക്കു തടസ്സമാക്കുന്നില്ല.

അവസാനം ഇതവസാനിപ്പിക്കുമ്പോള്‍ അവരാഗ്രഹിച്ച ഒരു പ്രാര്‍ത്ഥന അവര്‍ക്കു വേണ്ടി എനിക്കു വേണ്ടി നമുക്കെല്ലാവര്‍ക്കും വേണ്ടി-

നാഥാ , ഇവര്‍ക്കു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ആദരിക്കുകയും കുഴിമാടത്തെ വിശാലമാക്കുകയും ചെയ്യേണമേ.

ശുദ്ധ ജലം കൊണ്ടും ആലിപ്പഴം കൊണ്ടും തണുത്ത വെള്ളം കൊണ്ടും ശുദ്ധിയാക്കേണമെ,

വസ്ത്രത്തെ വൃത്തിയാക്കി വെണ്മയാക്കിയെടുക്കും പ്രകാരം പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യേണമേ,

ഇഹലോകത്തെ ഭവനത്തേക്കാള്‍ ഉത്തമമായ ഭവനവും,

കുടുമ്പത്തെക്കാള്‍ ഉത്തമമായ കുടുമ്പവും,

ഇണയേക്കാള്‍ ഉത്തമമായ ഇണയേയും,

ഇവിടുത്തെ അയല്‍‌വാസികളെക്കാള്‍ നല്ല അയല്‍വാസികളെയും നല്‍കേണമെ.

ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബറിലെ ആപത്തുകളില്‍ നിന്നും നരകശിക്ഷകളില്‍ നിന്നും കാത്തു രക്ഷിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യേണമേ..


2009, ജൂൺ 7, ഞായറാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-4

കോളെജില്‍ പിറ്റേന്നു സമരമാണെന്നറിഞ്ഞ ഒരു ദിവസം ഞങ്ങള്‍ വൈകുന്നേരം ഊട്ടിയിലേക്കു പുറപ്പെട്ടു. നിലമ്പൂരില്‍ നിന്നും വഴിക്കടവു വഴി ഊട്ടിയിലെത്താം. ഗൂഡല്ലൂര്‍ എത്തിയപ്പോള്‍ പിന്നെ ബസ്സില്ല, ഒരു റൂമെടുത്തു. രാവിലെ ബസ് സ്റ്റാന്‍‌റില്‍ എല്ലാ ബസ്സുകളും വൃത്തിയാക്കി സ്റ്റാന്റും കഴുകി ഒരു ഫോട്ടോയില്‍ തിരിയും കത്തിച്ചു ദിവസം തുടങ്ങുന്ന കാഴ്ച്ച കണ്ടു. ഏതു കേരളത്തിലിതു കാണും.

നാം നമ്മുടെ വീടടിച്ചു വൃത്തിയാക്കി റോഡിലേക്കു ചാര്‍‌ത്തും, നമ്മുടെ മനസ്സുപോലെ. ചീഞ്ഞുനാറുന്ന വേസ്റ്റുകള്‍ക്കിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന നിരത്തിലൂടെ കൂടിയ ബ്രാന്‍ഡിന്റെ സ്പ്രേയുമടിച്ചു ഇസ്തിരിയിട്ടു കുട്ടപ്പനായി....

ഏകദേശം രണ്ടുകൊല്ലങ്ങള്‍ക്കു മുമ്പ് തമിഴ് നാട്ടിലെ ഈറോഡിലൊരു സ്നേഹിതനൊരു പെണ്ണന്വേഷണവുമായി പോകേണ്ടിവന്നു. തിരിച്ച് മടങ്ങുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു . അങ്ങാടിയില്‍ പെണ്ണുങ്ങള്‍ ജമന്തിപ്പൂവും ചൂടി കളിച്ചു ചിരിച്ച് നടക്കുന്നു. ചിലര്‍ സൈക്കളില്‍ വരെ.

ഞാന്‍ ഒരു മാസം മുമ്പ് പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത- നിലമ്പൂരില്‍ ട്രൈനില്‍ പിതാവുമൊന്നിച്ച് യാത്ര പോകുകയായിരുന്ന യുവതിയെ മൂന്നു പേര്‍ കൈയേറ്റം ചെയ്തു. പ്രതികരിച്ച ഒരു യാത്രക്കാരനെ അക്രമികള്‍ മര്‍ദ്ദിച്ചവശനാക്കി.

നാം രണ്ടു നേരം കുളിക്കും, ഇരുപത് തവണ കുളിച്ചാലും പോകാത്ത കറകളുമായി.

ചിലത് ചൂണ്ടിക്കാണിക്കുമ്പോള്‍ മലയാളിക്കൊരു ഗുണവുമില്ല എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. മലയാളി പലപ്പോഴും മലയാളത്തെ പ്രതിനിധീകരിക്കുന്നില്ല.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്.

അവര്‍ കേരളം വിട്ടു പോകുന്നതിനു മുമ്പ് വനിതയില്‍ ഒരു തുടര്‍പംക്തിയുണ്ടായിരുന്നു, പല ലക്കങ്ങളിലും അവര്‍ക്കേല്‍ക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ധങ്ങളെകുറിച്ച് പലപ്പോഴായി ഞാന്‍ വായിച്ചിട്ടുണ്ട്. തെറിക്കത്തുകള്‍, അര്‍ദ്ധരാത്രികളിലെ ഫോണ്‍ വിളികള്‍, എക്കാലവും ഓര്‍മിക്കാന്‍ മുഷിഞ്ഞ അടിവസ്ത്രം പോലെയുള്ള സമ്മാനങ്ങള്‍......

ദുബായിക്കാര്‍ക്ക് മലയാളിയുടെ കലാബോധവും വരിമുറിച്ച കവിതകളും കാണാന്‍ ബ്ലോഗില്‍ തന്നെ വരണമെന്നില്ല, ബര്‍ദുബായിലെ ബസ്റ്റാന്റ് മൂത്രപ്പുരയില്‍ കയറിയാല്‍ മതിയല്ലോ! ചുവര്‍ചിത്ര വൈദഗ്ദ്യം.

കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. ശരിയാണ് അനിലിപ്പറഞ്ഞത്. അങ്ങിനെ ഒരു ഭാവം എല്ലാ കലാകാരന്മാരുടെയും സര്‍ഗ്ഗഭാവനയുടെ ഉപോല്പന്നമാണ്.

നിങ്ങള്‍ ബ്ലോഗിലെഴുതുന്ന ഒരു പോസ്റ്റിന് എന്തുകൊണ്ട് കമെന്റുകള്‍ പ്രതീക്ഷിക്കുന്നു, കാരണം അതു നിങ്ങളുടെ സൃഷ്ടിയാണ്. നമ്മുടെ മക്കള്‍ എങ്ങിനെയാണൊ നമ്മുടെതെന്ന് പറയുന്നത് അത് പോലൊരു ബന്ധം നമുക്കു നമ്മുടെ എല്ലാ സൃഷ്ടികളോടുമുണ്ടാകും. മക്കളെ കുറിച്ച് മറ്റുള്ളവര്‍ പുകഴ്ത്തുന്നത് പോലെ ഒരു കവിതയെക്കുറിച്ചും കഥയെക്കുറിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നാം അഭിമാനിക്കുകയും നിരാശരാവുകയും ചെയ്യും. നമ്മുടെ മക്കളെ കുറിച്ച് എത്ര നമ്മള്‍ നല്ലത് കേള്‍ക്കാനാഗ്രഹിക്കുന്നുവോ അത്ര തന്നെ നമ്മുടെതായ എല്ലാറ്റിനെ കുറിച്ചും ആ ആഗ്രഹമുണ്ട്.

കലാകാരനത് കൂടും, ടി.പത്മനാഭന്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥാകാരന്‍ ഞാനാണെന്നു പറയുമ്പോഴും ജഗതി ഏറ്റവും നല്ല ഹാസ്യനടനായി തന്നെതന്നെ കാണുമ്പോഴും തിലകന്‍ എന്നിലെ നടനെ മറ്റുള്ളവര്‍ ഭയപ്പെടുന്നുവെന്ന് അവകാശപ്പെടുമ്പോഴുമെല്ലാം അവരിലെ നൈസര്‍ഗ്ഗികതയിലെ ആത്മരതി തുളുമ്പിപ്പോകുന്നതാണത്. അതില്ലെങ്കില്‍ അവരിലെ കലാകാരനില്ല. സഹിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു വിഭാഗമാണ് ഇക്കൂട്ടര്‍. ഒരു സമൂഹം അവരെ സഹിക്കുന്നതിന്റെ പ്രതിഫലമാണു അവരില്‍നിന്നും നമുക്കു കിട്ടുന്ന സൃഷ്ടികള്‍.

അവരുടെ ആ ഈഗോകളിലും പ്രസ്ഥാവനകളിലും നാം സെന്‍സേഷനുണ്ടാക്കും. എന്നിട്ട് അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തി നാലുകാലിലാക്കിയാല്‍ മലയാളി കൃത്യാര്‍ത്ഥനായി.

മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.

അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?

ജഗതിയുടെ മൂന്നാം പക്കത്തിലെ അഭിനയമെങ്ങിനെ എന്നു ചോദിച്ചാല്‍ അയാള്‍ ഒരു പെണ്‍കേസിലെ പ്രതിയല്ലെ എന്നാണോ ഉത്തരം. വിതുരക്കേസില്‍ ജഗതി ശിക്ഷിക്കപ്പെടേണ്ടതല്ലെ എന്നതിന്ന് അയാളുടെ ഒരു അഭിനയമേ എന്നോ?


ഒരു കലാകാരനെയും ജീവിതത്തില്‍ പകര്‍ത്താനുള്ള മാതൃകയായി എടുക്കാതിരിക്കുക. എന്നില്‍ നിങ്ങള്‍ക്കു മാതൃകയുണ്ടെന്നവര്‍ അവ്കാശപ്പെടാത്തിടത്തോളം നാം തന്നെ ഒരു ലാബെല്‍ അവരുടെ മേല്‍ ഒട്ടിച്ച് കല്ലെറിയുന്നത് ശരിയല്ല.

മാധവികൂട്ടിയുടെ മതം മാറ്റം ചര്‍ച്ചചെയ്യപ്പെടാന്‍ പാടില്ലാത്ത ഒന്നായി എനിക്കഭിപ്രായമില്ല. വെറും വ്യക്തിപരമായ ഒന്നായിരുന്നുവെങ്കില്‍ അതൊരു പൊതുപരിപാടിയില്‍ വച്ച് പ്രഖ്യാപിച്ച അവരുടെ നടപടിയെയും ചോദ്യം ചെയ്യേണ്ടിവരും.

രണ്ടും രണ്ടായി ചര്‍ച്ചചെയ്യുക. ഒരു ചര്‍ച്ചയില്‍ ലോകാവസാനമൊന്നുമുണ്ടാവില്ലല്ലോ. പക്ഷെ, ഇത് രണ്ടുമല്ലാത്ത ഒരു വിഷയം സ്വയം സൃഷ്ടിച്ച് ഒരാളുടെ മേലാരോപിച്ച് വ്യക്തി ജീവിതം ചര്‍ച്ചെക്കെടുക്കുകയും അതും മരണസമയത്തുപോലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുകയും എന്നിട്ട് ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം എന്ന് വിലപിക്കുകയും ചെയ്യുമ്പോള്‍ എന്തെഴുതുന്നു എന്നത് ബോധത്തോടെയാവട്ടെ എന്നു പറയാനല്ലാതെന്തു പറയാന്‍?


തുടരും....

മാധവിക്കുട്ടിയും വിവാദങ്ങളും-3

രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹല്ലെ ബറി ( Halle Berry ) എന്ന ആഫ്രോ-അമേരികന്‍ നടിക്കു Monster's Ball എന്ന് സിനിമയിലെ അഭിനയത്തിനു ഏറ്റവും നല്ല നടിക്കുള്ള ഓസ്കാര്‍ ലഭിച്ചു. ഓസ്കാര്‍ ഏറ്റു വാങ്ങിയ വേദിയില്‍ വച്ച് അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിവേചനമനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി തന്റെ ഓസ്കര്‍ സമര്‍പ്പിച്ചു. എന്നെ അമ്പരപ്പിച്ച ഒരു കരച്ചിലായിരുന്നു അത്. വാഗ്ദത്ത ഭൂമിയായ അമേരിക്ക, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശപ്രവൃത്തനങ്ങളുടെയും ഈറ്റില്ലം. അവിടെ പ്രമുഖയായ ഒരു നടി വംശീയ ദു:ഖവുമായി........

അധിനിവേശം മനസ്സുകളിലെക്കു ബാധിക്കുമ്പോള്‍ പ്രതികരിക്കുന്നത് പല രീതിയിലാണ്. അധികപേരും വിധിക്കു കീഴടങ്ങും, ചിലര്‍ അമിത വിധേയത്താല്‍ സ്വയം അടിമകളാവും, ചിലര്‍ നി രാശരാവും, തെറിവിളിക്കും, കുറച്ചു പേര്‍ വിധിക്കെതിരെ പോരാടും, ഇപ്പോരാട്ടവും പല രീതിയിലായിരിക്കും.

ചരിത്രത്തില്‍ അംബേദ്ക്കര്‍മാര്‍ ഉയര്‍ന്നു വരുന്നതങ്ങിനെയാണ്. അവര്‍ക്കു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനുള്ള ശക്തിഉണ്ടാവും, എന്നാല്‍ ചില പോരാട്ടങ്ങള്‍ അവനവനിലവസാനിക്കുകയോ അല്ലെങ്കില്‍ കീഴടക്കപ്പെടുകയുമോ ചെയ്തേക്കും.

വംശീയത ഇന്നും മനസ്സുകളില്‍ നിലനില്‍ക്കുന്നു എന്നതിന്നുദാഹരണമാണ് ശില്പാഷെട്ടി പ്രശ്നം. ശില്പക്കത് മുതല്‍കൂട്ടയെങ്കിലും.

ഇന്ത്യയിലെ വംശീയത ജാതീയതയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇന്നും അതിന്റെ ബഹിര്‍ സ്പുരണങ്ങള്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുക തന്നെ ചെയ്യുന്നു.

വി.കെ.എന്‍ ഒരിക്കല്‍ തമാശിക്കുന്നുണ്ട്, ചെറമന്റെ വിപ്ലവം തിയ്യനാവുന്നതിലൂടെയാണ്, തിയ്യന്റെത് നായരിലും. തമാശക്കപ്പുറം ഒരു പൊള്ളുന്ന സത്യം.

എനിക്കൊരനുഭവമുണ്ട്, കോളെജിലെ സഹമുറിയന്‍ ഒരു ദളിതനായിരുന്നു. ഒരു ദിവസം അവന്റെ വീട്ടില്‍ പോയി രാപ്പാര്‍ത്തു. അവന്റെ അച്ചനെ മുഷിപ്പിക്കാതിരിക്കാന്‍ ഞാനുമൊരു രാത്രി സഖാവായി. വര്‍ത്തമാനത്തിന്നിടയില്‍ പാവം തിളക്കത്തോടെ പറഞ്ഞു. തമ്പുരാനെല്ലാം നമ്മുടെ കൂടെയുണ്ടല്ലൊ, എന്റെ ഒറ്റ രാത്രി വിപ്ലവമറിയുന്ന സഹമുറിയന്‍ എനിക്കു വിശദീകരിച്ചുതന്നു, ഇ.എം.എസ്സിനെയാണ്. - ഇ.എം.എസ് ഒരു വിപ്ലവകാരിയെക്കാള്‍ പല ദളിതര്‍ക്കും പിന്നെയും തമ്പുരാനാണ്.

വാഴക്കുല ഇന്ന് അടിയാന്റെ കണ്ണില്‍ തമ്പുരാന്‍ ചെയ്യുന്ന ഒരു ക്രൂരത. സ്വന്തം കുട്ടികള്‍ക്കു പഴം കൊടുക്കാതെ തമ്പുരാന്റെ കുട്ടികള്‍ക്കു കൊടുക്കുന്ന അടിയാന്റെ നിസ്സഹയാവസ്ഥ. പക്ഷെ, ഇതിന്നൊരു മറുപുറമുണ്ട്, അടിയാളന്‍ അന്ന് സ്വപ്നം കണ്ടിരുന്നത് തന്നെ ഇത് വളര്‍ന്നു തമ്പുരാനില്‍ നിന്നും കിട്ടുന്ന ഒരു പ്രശംസയാണെങ്കിലോ? അടിമത്തം ബാധിക്കുന്നത് മനസ്സുകളിലേക്കുമാണ്. മനസ്സുകളെ കീഴടക്കിയാണ് ഇവ രാജപാതകളൊരുക്കുന്നത്.

ഇതെല്ലാകാലത്തുമുണ്ട്, അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും ബ്രാന്‍ഡ് അമേരിക്ക തന്നെ വേണം. മാധവികുട്ടിയുടെ എന്റെ കഥയില്‍ തന്നെ ഹിറ്റ്ലറിനെയും മുസ്സോളിനിയെയും നായകരാക്കുന്ന ബാല്യം കടന്നു വരുന്നുണ്ട്, വിജയിക്കുന്നവനോടുള്ള വീരാരാധന.

ഞാന്‍ ഇന്നെ വരെ കമല എന്തുകൊണ്ട് കമലാസുരയ്യയായി എന്നന്യേഷിച്ചിട്ടില്ലായിരുന്നു. കൈരളിയിലോ മറ്റോ ആണെന്നു തോന്നുന്നു, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ഒരു സംഭാഷണം മാത്രമാണ് ആ മേഖലയില്‍ എനിക്കുള്ള പരിചയം.

വായനയാകട്ടെ കയ്യില്‍ കിട്ടുന്നതില്‍ എന്തായാലും ഒന്നു കണ്ണോടിക്കാതിരിക്കാന്‍ എനിക്കാവാത്ത ഒന്നും.

അനിലിന്റെ ബ്ലോഗില്‍ നിന്നും ലിങ്കിലൂടെപ്പോയി പൊങ്ങുമ്മൂടന്റെ ബ്ലോഗ് ഇപ്പോള്‍ (07-06-2009 11 മണി ക്കാണ്) മാത്രമണു ഞാന്‍ നോക്കുന്നത്.

ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?

എന്ന്‍ അനില്‍ എഴുതുമ്പോള്‍ എല്ലാവരും ഒരു പോലെയല്ല പ്രതികരിക്കുന്നത് എന്നാണെന്റെപക്ഷം.

അവരുടെ വിധവയായപ്പോഴുള്ള അനുഭവം അനിലിന്റെ കമെന്റിലൂടെയാണു ഞാന്‍ അറിയുന്നത് തന്നെ.

പക്ഷെ തന്റെതെല്ലാത്ത ഒരു സംഭവത്തില്‍ തന്നെ തൊട്ടുകൂടത്തവളും കണ്ടാല്‍‌പ്പോലും അശുദ്ധമായവളുമായി തീര്‍ന്നു എന്നറിയുമ്പോള്‍ അതുള്‍കൊള്ളുന്നത് എല്ലാവരും ഒരേ രീതിയിലാവണമെന്നു ശഠിക്കുന്നതിലെന്തര്‍ത്ഥം.

എല്ലാവര്‍ക്കും അംബേദ്ക്കറാവാന്‍ കഴിയില്ല. അംബേദ്ക്കറോട് എല്ലാവരും സഹിക്കുന്നില്ലെ പിന്നെ നിനെക്കെന്താ എന്നു ചോദിച്ചിട്ട് കാര്യവുമില്ല.

ഇനി, ഇതിന്നത്തെ ആചാരം, ഞങ്ങള്‍ കുളിച്ചാല്‍ നിനക്കെന്താ എന്നാണെങ്കില്‍- അതിനേക്കാള്‍ നല്ലത് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ആരു പറഞ്ഞെടീ നിന്നോടൊരു പെണ്ണാവാന്‍ എന്നു ചോദിക്കുകയായിരിക്കും.
തുടരും


2009, ജൂൺ 6, ശനിയാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-2

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രററി ക്ലാസ്സിലേക്കു ആഴ്ചയിലൊരിക്കല്‍ ടീച്ചര്‍ കൊണ്ടു വന്നു തരുന്ന പുസ്തകങ്ങളായിരുന്നു. എല്ലാവര്‍ക്കും കൊണ്ടുവരുന്നതങ്ങു തരും. ഒരാഴ്ച്ചകഴിഞ്ഞാല്‍ തിരികെ കൊടുക്കണം. കിട്ടിയത് വായിക്കുക. ഒരിക്കല്‍ കിട്ടിയത് ബഷീറിന്റെ മാന്ത്രികപ്പൂച്ച. ഇപ്പൊഴും കുട്ടിക്കഥകളില്‍ നിന്നുമെന്റെ വായന മാറ്റി തന്ന ആ നാഴികകല്ലെനിക്കു നല്ല ഓര്‍മയുണ്ട്.

വീട്ടില്‍ അമ്മാവന്റെ അരികില്‍ ബഷീറിന്റെയും മറ്റും കുറച്ച് പുസ്തങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം കുട്ടിയായ എനിക്കുള്ളതെല്ലെന്ന തോന്നലില്‍ തൊടാറുണ്ടായിരുന്നില്ല. പക്ഷെ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂട്ടുകുടുമ്പമായതിനാല്‍ മുതിര്‍ന്ന ആരെങ്കിലും പറഞ്ഞുതരുന്ന കഥകളും ബാലപ്രസിദ്ധീകരണങ്ങളും എന്നെ കഥാലോകത്തിലേക്കു എത്തിച്ചിരുന്നു.

പഠിച്ചത് അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റലില്‍ ആയിരുന്നതിനാല്‍ അവധിക്കാലം ചിലവാക്കുന്നത് കുറെ ഈ പുസ്തകങ്ങളിലൂടെയായി. അതിനു സഹായകമായത് നിര്‍ബന്ധിതനായി വായിക്കാന്‍ കിട്ടിയ മാന്ത്രികപ്പൂച്ചയും. എട്ടാം ക്ലാസ്സില്‍ മറ്റൊരു ഹോസ്റ്റലില്‍ ചേര്‍ന്നു. അത് കുറച്ചുകൂടി വിശാലമായിരുന്നു. കോളെജും സ്കൂളുമെല്ലാം ചേര്‍‌ന്ന ഒരു സമുച്ചയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടുത്തെ കോളെജ് ലൈബ്രറിയില്‍ അംഗത്വമുള്ള ഏക സ്കൂള്‍ വിദ്യാര്‍ത്ഥി ഞാനായിരുന്നു.

മാക്സിം ഗോര്‍ക്കിയുടെ അമ്മ, ലിയോ ടോള്‍സ്റ്റോയിയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, കുറ്റവും ശിക്ഷയും, യുദ്ധവും സമാധാനവുമെന്നു തുടങ്ങിയ ലോക ക്ലാസ്സിക്കുകളും മലയാളത്തിലെ മിക്ക നല്ല എഴുത്തുകാരുടെയും പുസ്തകങ്ങളും . എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായന പത്താം ക്ലാസ്സു വരെ ആയിരുന്നു. പിന്നീടങ്ങിനെ ഞാന്‍ വായിച്ചിട്ടേ ഇല്ല.

അത്ഭുതം അപ്പോഴൊന്നും മാധവിക്കുട്ടി എന്നൊരാളെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഒരു തെറിച്ചപെണ്ണിന്റെ പുസ്തകങ്ങള്‍ക്കു വായനശാലകളില്‍ അന്നു സ്ഥാനമുണ്ടായിരുന്നില്ല.

ഞാന്‍ പ്രീഡിഗ്രി എന്ന ഡിഗ്രിക്കു പഠിക്കുമ്പോഴാണു ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത്. ഇന്ത്യ എന്ന ഇന്ദിരാ വന്മരം കടപുഴകിയപ്പോള്‍ ജനാധിപത്യ ഇന്ത്യ ഒന്നാടിയുലഞ്ഞു. ടെലിവിഷന്‍ പോലുമില്ലാതിരുന്ന അന്ന് റേഡിയോയും പത്രങ്ങളും മാത്രമായിരുന്നു ഏക ആശ്രയം. സെന്‍സേഷന്‍ ഇത്രയില്ലെങ്കിലും ഇല്ലാതില്ല. ഒരോ കാര്യങ്ങളെയും കഴിയുന്നത്ര വിശദീകരിക്കുന്ന വാര്‍ത്തകളില്‍ ജനം തങ്ങളുടെ മുഖം പൂഴ്ത്തി.

ശവസംസ്കാരച്ചടങ്ങുകളായപ്പോള്‍ ചടങ്ങിനു പങ്കെടുക്കാന്‍ വരുന്ന അഥിതികളെ കുറിച്ചും ആചാരങ്ങളിലെ വിശദീകരണങ്ങളെ കുറിച്ചുമെല്ലാം വായിച്ചിടെക്കുന്ന ജനങ്ങളിലേക്കു അലോസരമുണ്ടാക്കി ഒരു ചോദ്യം ഒരാള്‍ ചോദിച്ചു.

ഇത്രയേറെ ദരിദ്രരായ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ഒരു ശവസംസ്കാരത്തിനു ഇത്രയേറെ ചന്ദനമുട്ടികളും നെയ്യും തീയില്‍ കളയുന്നു. എന്തെ ഇന്ദിരാഗാന്ധിയുടെ മൃതശരീരം സാധാരണ വിറകിലൊന്നും ദഹിക്കുകയില്ലെ?.

മാധവിക്കുട്ടിയെന്ന പേര്‍ എന്നെ കുലുക്കുന്നതപ്പോഴാണ്.

സാംസ്കാരിക നായകരെന്നാല്‍ ഇലക്ഷന്‍ കാലത്തു പക്ഷം പിടിച്ചു പ്രസ്താവനകളിറക്കി കുറെ പേരും ചേര്‍ത്ത് ഒപ്പിട്ട്, ഇതൊന്നും കൊണ്ട് ആളുകള്‍ വോട്ട് മാറുകയില്ലെന്നുറപ്പുണ്ടെങ്കിലും തന്റെ അക്കാദമി സ്ഥാനങ്ങള്‍ സംരക്ഷിതമാക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നതിന്നിടയിലേക്കാണ് എല്ലാവരെയും വെറുപ്പിച്ച് മാധവിക്കുട്ടി ഇച്ചോദ്യമെറിഞ്ഞത്. എല്ലാവരും കേട്ടില്ലെന്നു നടിച്ചു.

അന്നവര്‍ കേരളത്തിലായിരുന്നില്ല. പിന്നീട് തിരുവന്തപുരം ഇലക്ഷനിലാണു ഞാന്‍ കൂടുതല്‍ അവരെക്കുറിച്ചറിയുന്നതും വായനയിലവര്‍ വരുന്നതും.

മനപ്പൂര്‍വം അവര്‍ വിവാദങ്ങളുണ്ടാക്കുകയായിരുന്നില്ല. വിവാദങ്ങള്‍ അവരെ പിന്തുടരുകയായിരുന്നു.

കോഴിക്കോട് സര്‍വകലാശാല യുവജനോത്സവം ഉത്ഘാടനം ചെയ്ത് അവര്‍ പ്രസംഗിച്ചത് ഉത്സവങ്ങളുടെ ആധിക്യം യുവത്വത്തെ നശിപ്പിക്കുമെന്നാണ്. ഞാന്‍ അന്നുമാത്രമാണവരെ കാണുന്നതും കേള്‍ക്കുന്നതും. ഇങ്ങിനെ ഒരു സദസ്സില്‍ വന്നു പറയാനുള്ള അവരുടെ സത്യസന്ധത പ്രശംസിക്കാതെ വയ്യ.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് ഒന്ന് ഡെറ്റോളിട്ടു കുളിച്ചോളു, മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മാധവികുട്ടിക്കല്ലാതെ എത്രപേര്‍ക്കു സമാധാനിപ്പിക്കാന്‍ കഴിയും.

ഞാനൊരു ഫെമിനിസ്റ്റല്ല എന്നാണു ഫെമിനിസത്തിന്റെ ലാബെല്‍ ഒട്ടിക്കാന്‍ വന്നവരോടവര്‍ തുറന്നടിച്ചത്. എന്റെ ശക്തി സ്നേഹമാനെന്നും അത് എന്നിലെ സ്ത്രീയാണെന്നുമവര്‍ പറഞ്ഞു.

മാതൃഭൂമി എം.ഡി.നാലപ്പാട്ട് പ്രശ്നത്തില്‍ എനിക്കെന്റെ മകന്‍ എന്ന അവരിലെ മാതൃത്വം ലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ഒന്നിനെയും തടസ്സമാക്കിയില്ല.

അവര്‍ ചെയ്തെതെല്ലാം ശരി എന്നല്ല, അങ്ങിനെ ഒരു വിധേയത്വ മനസ്സുമില്ല, പക്ഷെ തനിക്കു ശരിയെന്നു തോന്നുന്നത് സത്യസന്ധതയോടെ പറയുന്നതിനെ എനിക്കു സ്നേഹിക്കാതിക്കാനാവുന്നുമില്ല.

തുടരും

2009, ജൂൺ 4, വ്യാഴാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-1

വായനയുടെ ലോകത്ത് കമലാസുരയ്യയേക്കാളും കമലാദാസിനെക്കളും എനിക്കിഷ്ടം മാധവിക്കുട്ടിയെയാണ്.എന്റെ വായനയിലെ ഒരത്ഭുതമായിരുന്നു അവര്‍.പരിചിതമായ വാക്കുകളിലൂടെ ലളിതമായ ഭാഷയിലൂടെ കഥാലോകത്ത് കൈപിടിച്ചു നടത്തുമ്പോള്‍ നമുക്കെങ്ങിനെ ഒരാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയും.

ബഷീര്‍ എനിക്കു കഥ പറഞ്ഞുതരികയായിരുന്നു.വെള്ളിത്തിരയില്‍ കഥ കാണിച്ചുതരിക- എന്റെ ഓര്‍മകളിലേക്കു കൊണ്ടു പോയും മറ്റും. പക്ഷെ മാധവികുട്ടി അങ്ങിനെ ആയിരുന്നില്ല. എന്നെ ശരിക്കും വിരല്‍ പിടിച്ച് കഥയുടെ പൂരപ്പറമ്പിലൂടെ കൈപിടിച്ചവര്‍ നടത്തിക്കൊണ്ടിരുന്നു.

ഞാന്‍ വെറുപ്പോടെ തിരികെ വച്ച ഒരേഒരു പുസ്തകമേ അവരുടേതായുള്ളു- അത് അവര്‍ അവസാനമെഴുതിയ വണ്ടിക്കാളകള്‍. വായിച്ച് തീരുമ്പോള്‍ വലിച്ച വണ്ടിയുടെ ഭാരം വല്ലാതെ തളര്‍ത്തിക്കളഞ്ഞു.

എന്റെ കഥയിലെ ശ്രീകൃഷ്ണനുമായുള്ള പ്രണയം ഞാനെത്രപ്രാവശ്യം ആവര്‍‌ത്തിച്ചെന്നതെനിക്കു തന്നെ എണ്ണാനാവില്ല.

കോളേജില്‍ പഠിക്കുമ്പോള്‍ കമലാദാസിന്റെ ഒരു കവിത ഇംഗ്ലീഷ് പദ്യ പുസ്തകത്തിലുണ്ടായിരുന്നു. A hot noon in Malabar- മലയാള കവിതതന്നെ കഷ്ടിച്ചു വഴങ്ങുന്ന എനിക്കു അതൊരു പഠന വസ്തു മാത്രമായി. മാധവിക്കുട്ടി കമാലാദാസാണെന്ന് അതെനിക്കറിവുതന്നെന്നു മാത്രം.

കലാകാരനും കലാസൃഷ്ടിയും രണ്ടാണെന്നു വായിച്ചത് എം.കൃഷ്ണന്‍ നായരിലൂടെയാണ്-ചങ്ങമ്പുഴയുടെയും മഹാകവി പി.യെയുമുദാഹരിച്ച് ഇവരൊന്നും ജീവിതമാത്ര്‌കകളല്ലെന്ന ബോധമുണ്ടാക്കി തന്നു.

എം.ടി.യുടെ അക്ഷരങ്ങളെന്ന സിനിമ ഇത് പറഞ്ഞുതരുന്നുണ്ട്.

സിനിമാ വില്ലന്മാരിലെ ബാലന്‍.കെ.നായരും ടി.ജി.രവിയുമെല്ലാം നല്ല ഉദാഹരണങ്ങള്‍ മാത്രം.

ഇവയെല്ലാം വ്യക്തിയെ അളക്കാനായി അവരുടെ സൃഷ്ടികളെ അളക്കരുതെന്നു എന്നെ പഠിപ്പിച്ചു.

മാധവികുട്ടിയെന്ന വ്യക്തി-

ഒരു സ്നേഹിതന്റെ കയ്യില്‍ നിന്നുമാണു നരായണപിള്ളയുടെ മൂന്നാംകണ്ണെന്ന പുസ്തകം കിട്ടുന്നത്.അഞ്ചു വ്യക്തികളെ കുറിച്ചുള്ള വ്യക്തി നിരീക്ഷണമായിരുന്നു അതിന്റെ ഉള്ളടക്കം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കരുണാകരനെ കുറിച്ചുള്ള വിലയിരുത്തലാണ്.

മുരളിയെ കരുണാകരന്‍ സ്നേഹിച്ചു സയാമീസ് ഇരട്ടകളെപ്പോലെയായി നില്‍ക്കുന്ന കാലം. അച്ചനെവിടെ തുടങ്ങുന്നു മകനെവിടെ അവസാനിക്കുന്നു എന്നു ഭൂതക്കണ്ണാടി നോക്കുന്നതിന്നിടയിലേക്കു നാണപ്പന്‍ കയറിപ്പറഞ്ഞു- കരുണാകരന്‍ സ്നേഹിക്കുന്നത് കരുണാകരനെ മാത്രം. അതിന്നിടയില്‍ മുരളി കയറി നിന്നാല്‍ പോലും തട്ടിത്തെറിപ്പിക്കും. അന്നങ്ങിനെ പറയാന്‍ അസാമാന്യ ധൈര്യം തന്നെ വേണമായിരുന്നു.

ആരെങ്കിലും ആ പുസ്തകമൊന്നു കിട്ടുന്നെങ്കില്‍ വായിച്ചു നോക്കുക. അത് ഞാന്‍ ദുബായിലേക്കു കൊണ്ടു വന്നിട്ടില്ല. ഈ പോസ്റ്റിന് അതൊരു നഷ്ടം തന്നെയാണു.

പിന്നീടാണു മാധവിക്കുട്ടിയെന്ന വ്യക്തിയെ വായിക്കുന്നത്. കുടുമ്പസുഹ്ര്‌ത്തുകൂടിയായ നാണപ്പന്‍ ഒരു നല്ല വ്യക്തിപഠനം തന്നെ നടത്തുന്നുണ്ട്.

പലര്‍‌ക്കും എന്റെ കഥ ഇന്നും ഒരു വള്ളിപുള്ളി തെറ്റാതെയുള്ള ഒരാത്മകഥയാണ്. നാണപ്പനോ, കാശില്ലാത്ത സമയത്ത് ആമിയെഴുതിയ ഒരു കൈക്രിയ മാത്രം.

ലോകബാങ്കില്‍ ജോലിയുള്ള ദാസിന്റെ ഭാര്യയായ കമലക്കു കാശില്ലാത്ത പ്രശ്നമോ? നമ്മളത്ഭുതപ്പെടുന്ന ഈ സാമ്പത്തിക പ്രതിസന്ധിയുടെ ശരിയായ ചിത്രമുണ്ട്. ഇപ്പോള്‍ നന്നായി ചര്‍ച്ച ചെയ്യപ്പെട്ട സമ്മാനദാനം തന്നെ.

വരുന്ന അതിഥികളുടെ മുമ്പില്‍ പുതുതായി വാങ്ങിയ ആഭരണമോ സാരിയോ കമല കാണിച്ചുചോദിക്കും.എങ്ങിനെയുണ്ട്? നന്നായിരിക്കുന്നോ? സ്വാഭാവികമായ മറുപടി വളരെ ഭംഗിയുണ്ടല്ലോ. ശരി എന്നാലെടുത്തോളൂ. വളരെ താത്പര്യപൂര്‍വ്വം ആമി വാങ്ങിക്കൂട്ടുന്ന ഈ സാധങ്ങള്‍ മറ്റൊരാളിലെത്താന്‍ കുറഞ്ഞ സമയം മാത്രം മതിയാകുമായിരുന്നു. കൊടുക്കുന്ന സമ്മാനങ്ങള്‍ നിരസിക്കുന്നത് ആമിക്ക് ഭയങ്കര ദ്യേഷ്യവും. സ്വാഭാവികമായും മുതലെടുപ്പുകാരും കൂടെക്കൂടി.

ഇങ്ങിനെ ഒരു സ്ത്രീയെ സഹിക്കാന്‍ ദാസിനെപ്പോലെയെല്ലാതെ ഒരു ഭര്‍ത്താവിനെ എവിടുന്നു കിട്ടും.
ദാസിനു കമല ജീവനായിരുന്നു. കമലക്കു ദാസും. വായനക്കാരനൊ കൊള്ളിക്കിഴങ്ങു പോലെയുള്ള തന്റെ പുരുഷലിംഗം കാണിച്ച് അറപ്പുളവാക്കുന്ന ഒരു വ്ര്‌ദ്ധനായ ഭര്‍ത്താവ്.(ചന്ദനമരങ്ങള്‍)

എന്റെ കഥ ഇത്ര പ്രശസ്തമാക്കുന്നത് ടൈം മാഗസിനാണ്. ആദ്യമായി മൂന്നാം-ലോകത്തില്‍ നിന്നുമൊരു പെണ്ണ് ചിലത് തുറന്നപ്പോള്‍ മുതലാളിത്തലോകത്തിന്നതൊരു വാതില്‍ കൂടിയായിരുന്നു. സ്വാഭാവികമായും അതവര്‍ നന്നായി മുതലെടുത്തു. ടൈമിന്റെ മുഖചിത്രം അങ്ങിനെ ഒരിക്കല്‍ കമലാദാസായി.

ഭാവനാലോകത്ത് ജീവിക്കാന്‍ കഴിയുന്നവനേ നല്ല എഴുത്തുകാരനാവാന്‍ കഴിയൂ. ഗബ്രീല്‍ മാര്‍കിസ്ന്റെ ഒരു പുസ്തകത്തില്‍ രാത്രി കിടക്കുമ്പോള്‍ പ്രേതങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ശരിക്കും വിവരിക്കുന്നുണ്ട്. ആ ശബ്ദം നമുക്കു കേള്‍ക്കാന്‍ കഴിയില്ല. അത് വെറും തോന്നലായിരുന്നെന്നു ബോധ്യപ്പെടാതിരിക്കേണ്ടത് നമ്മള്‍ വായനക്കാരുടെ ആവശ്യമാണ്.ബഷീറിന്റെ ജിന്നുകളും ഭ്രാന്തുമെല്ലാം ഇത്തരുണത്തില്‍ നോക്കി കാണണം. ഈ നാരായണപ്പിള്ള തന്നെ മറ്റൊരു ലേഖനത്തില്‍ നായക്കള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. അവ മനുഷ്യനേക്കാള്‍ ബുദ്ധിയുള്ളവയാണെന്നു വരെ. പരിണാമമെന്ന നാണപ്പന്റെ നോവലിന്റെ ശക്തിയും മറ്റൊന്നല്ല.

മാധവിക്കുട്ടി നാണപ്പനോട് മൂന്നു സന്ദര്‍ഭങ്ങളിലായി പ്പറഞ്ഞ ഒരേ സംഭവത്തിന്റെ വിവരണം എന്നെ കോളെജില്‍ പഠിച്ച കവിതയിലേക്കു കൊണ്ട് പോയി. ഒരു നട്ടുച്ചക്ക് കുറച്ചു നാടോടികള്‍ പാട്ടുമായി തറവാട്ടിലേക്കു വരുന്നതാണ് കവിതയുടെ ഇതിവൃത്തം. പഴയ ഗ്രാമങ്ങളിലെ ഒരു സധാകാഴ്ച്ച. മാധവിക്കുട്ടി ആദ്യം പറഞ്ഞപ്പോള്‍ വെറും കുറച്ചു നാടോടികള്‍ വന്നു പാട്ടുപാടുക മാത്രമേ ചെയ്തുള്ളൂ. പിന്നെ അവരോടൊപ്പം കമല പാടുന്നുണ്ട്, മൂന്നാമത്തെ പ്രാവശ്യം അതിലൊരാളുമായി രതിയിലേര്‍പ്പെടുകയും ചെയ്യുന്നു.(ഓര്‍മയില്‍ നിന്നും).

ഒരു നാടോടിപ്പാട്ടുക്കാരനോട് ഒറ്റക്കാഴ്ചയില്‍ തന്നെ രതിയിലേര്‍പ്പെടാന്‍ എന്റെ മാധവിക്കുട്ടിക്കേ കഴിയൂ. അങ്ങിനെ വിശ്വസിക്കാനും എന്നിട്ടു മറ്റുള്ളവരോട് പറയാനും.

വളരെ വൈകാരികമായ തീരുമാനങ്ങളെടുത്തു അബദ്ധങ്ങളില്‍ ചാടുന്ന മാധവിക്കുട്ടിയുടെ ചിത്രവും നമുക്കതില്‍ വായിക്കാം. തിരുവന്തപുരം തിരഞ്ഞെടുപ്പുമെല്ലാം അങ്ങിനെ ചിലതായിരുന്നു.ചില കേസുകളില്‍ നിന്നെല്ലാം തലയൂരാന്‍ നാണപ്പന്‍ തന്റെ സ്വാധീനങ്ങളുപയോഗിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടി മതം മാറിയെന്നത് കേട്ട്പ്പോള്‍ ആദ്യം എനിക്കോര്‍മ വന്നത് നാണപ്പന്റെ മൂന്നാംകണ്ണായിരുന്നു. കാരണം കരുണാകരനും മുരളിയും ഇരട്ടകള്‍ മാറി ഒറ്റകളായിത്തുടങ്ങിയിരുന്നുവപ്പോള്‍.

മാധവിക്കുട്ടിയുടെ മതം മാറ്റത്തെ അന്നു ചര്‍ച്ചചെയ്യുമ്പോള്‍ ഇതെപ്പോള്‍ അപ്പുറം തന്നെ ചാടുമെന്നും അപ്പോളെന്താകും പുകിലുമെന്നും ഞാന്‍ ആലോചിക്കുകയായിരുന്നു.
(തുടരും)