2011, ജനുവരി 30, ഞായറാഴ്‌ച

ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍


കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളോട് പുതിയ വിവാദങ്ങളെ കുറിച്ച് വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അതിനാല്‍ തന്നെ ഒരു തനിയാവര്‍ത്തനമല്ല ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും. എല്ലാവരെയും പോലെ ഞാനുമിപ്പോള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണു. ഇടക്കിടക്കല്ലേ ഇങ്ങിനെ ചൂടന്‍ സാധനങ്ങള്‍ കിട്ടുകയുള്ളൂ. അതിനിടയില്‍ എനിക്ക് തോന്നുന്ന ചില  ചിന്തകള്‍  പങ്കുവക്കുകയാണിവിടെ ചെയ്യുന്നത്.

കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളും മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാനോലോചിക്കുന്നത് മുനീറിനെ കുറിച്ചാണു. സത്യത്തില്‍ മുനീറിന്റെ നിലപാടെന്താണു. റൗഉഫിനേക്കാള്‍ എനിക്കു വിശ്വാസം കുഞ്ഞാലികുട്ടിയെ ആണെന്ന് ആദ്യദിവസം പറഞ്ഞ മുനീറിനെ പിന്നെ ചാനലുകളിലൊന്നും തന്നെ കാണുന്നില്ല. ഇവിടെ മുനീറുനു ആരെ വിശ്വാസമെന്നതുമല്ല എന്റെ ചോദ്യം. മുനീര്‍ എവിടെ നില്‍ക്കുന്നു എന്നതറിയാനുള്ള താത്പര്യമാണു എനിക്കുള്ളത്. കാരണം മുനീര്‍ ഒരേ സമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്റെ ചെയര്‍‌മാനുമാണു. ഒരാള്‍ക്ക് രണ്ടോ മൂന്നോ പദവി എന്നതിനേക്കാള്‍ ഈ രണ്ടും ഒരേ സമയം അലങ്കരിക്കുന്നത് മുനീറിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നില്ലെ? ധാര്‍മ്മികമായി ഏതെങ്കിലും ഒന്ന് കയ്യൊഴിയാന്‍ മുനീര്‍ ബാധ്യസ്തനല്ലെ?

ഇന്നത്തെ ചര്‍ച്ച കേട്ടപ്പോള്‍ ശരിക്കും മുനീറിന്റെ ഈ ഡബിള്‍ റോളാണു ഒരു കോമാളിത്തമായി തോന്നുന്നത്. അഞ്ച് വര്‍ഷം മുമ്പ് റജീനയുടെ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷ്യനിലൂടെ വന്നപ്പോള്‍ എനിക്ക് മുനീറിനോട് ബഹുമാനമായിരുന്നു തോന്നിയിരുന്നത്. ജോസഫ് പോത്തന്‍ ഒരു ലേഖനത്തില്‍ ഡോണ്‍ എന്ന പത്രത്തില്‍ ജോലി ചെയ്തതിനെ കുറിച്ചനുസ്മരിച്ച് പത്രത്തിന്റെ  മാനേജിങ്ങ് പാര്‍ട്ട്ണെര്‍ മുഹമ്മദലി ജിന്നയെ കുറിച്ച് എഴുതിയ വാക്കുകളാണു തന്റെ കീഴിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുനീര്‍ നല്‍കുന്നതെന്ന തോന്നലായിരുന്നു അതിലെ ഒരു കാരണം. കൂടാതെ ചാനല്‍ മത്സരങ്ങളിലെ ഒരു നല്ല സ്കൂപ്പിനെ ഉപയോഗപ്പെടുത്തിയ കൗശലം എന്നും കണക്കു കൂട്ടി. അപ്പോള്‍ മുനീറിന്റെ  ചെയര്‍മാന്‍ പദവി എന്നതിനാല്‍ മാത്രം ഒരു വാര്‍ത്ത ആദ്യം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം മുനീറിനെ കുറ്റപ്പെടുത്താന്‍ അവകാശമുണ്ടാകേണ്ടതില്ല. മാത്രമല്ല. മുനീറിന്റെ ചാനലിനു പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് മുമ്പേ മുസ്ലിംലീഗ്  തീരുമാനിച്ചതുമാണു. പിന്നെയും ഇന്ത്യാവിഷ്യം മുസ്ലിംലീഗിനു വേണ്ടി നിലകൊള്ളണം എന്നു പറയുന്നതില്‍ ഒരു ന്യായവും വരുന്നില്ല.

ഇവിടെ അതല്ല സ്ഥിതി. കുഞ്ഞാലികുട്ടി പെട്ടെന്ന് എന്നെ കൊല്ലാന്‍ വരുന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ അതൊരു പുക മാത്രമാണെന്ന് ഊഹിച്ചിരുന്നു. തീ കാണാനിരിക്കുന്നതെയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വലിയ ഷെര്‍‌ലക്കൊന്നുമാകേണ്ട. വരാനിരിക്കുന്ന ഒന്നിനെ തടുക്കാന്‍ തടയിണകെട്ടുകയാണെന്ന കാര്യം ശരിവെക്കുന്ന കാഴ്ച്ചകളുടെ രണ്ടാം ഘട്ടത്തിലാണു കണക്കുകള്‍ തെറ്റിച്ച് ഇന്ത്യാവിഷ്യന്റെ രണ്ടാം ദിവസം കയറി വരുന്നത്. ശരിക്കും ഇതെന്നെ അത്ഭുതപ്പെടുത്തി എന്നു പറയാതെ വയ്യ.  കാരണം ഇന്ത്യാവിഷ്യന്‍ നാലുമാസത്തോളമായി അന്യേഷിച്ച് കണ്ടെത്തിയ വെളിപ്പെടുത്തലുകളാണു പുറത്ത് വിട്ടതെന്നായിരുന്നു ചാനല്‍ തന്നെ അവകാശപ്പെടുന്നത്.

ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യാവിഷ്യനു അങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണത്. പലപ്പോഴും മാധ്യമങ്ങള്‍ക്ക് അങ്ങിനെയാകാന്‍ കഴിവുണ്ടാകാറില്ലെന്നു മാത്രം. ഇവിടെ പ്രശ്നമതല്ല. പിന്നീട് നടന്ന മുസ്ലിംലീഗിന്റെ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമെദ് ബഷീറും സമദാനിയും പറഞ്ഞത് ഇന്ത്യാവിഷ്യന്‍ മുസ്ലിംലീഗിനെ തകര്‍ക്കാന്‍ മനപൂര്‍‌വ്വം ശ്രമിക്കുന്നതിന്റെ ഫലമായി കെട്ടിചമച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് പുതിയ വിവാദങ്ങളെന്നാണു.

ആരുടെതാണു വിവാദങ്ങളിലെ ശരിതെറ്റ് എന്നതല്ല എന്റെ വിഷയം. ഞാന്‍ കാണുന്നത് മുനീര്‍ എന്ന വ്യക്തിയെയാണു. തന്റെ ഒരു കയ്യില്‍ മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനവും മറു കയ്യില്‍ ഇന്ത്യാവിഷ്യന്റെ ചെയര്‍മാന്‍ സ്ഥാനവും കൊണ്ട് നടക്കുന്ന മുനീറിനെ. കാരണം ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷ്യനാണു. ആരോപണ വിധേയനായിരിക്കുന്നത് മുനീറിന്റെ തന്നെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയും.

പഴയ പോലെ ചാനലില്‍ വരുന്നതിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്നു പറഞ്ഞൊഴിയാന്‍ മുനീറിന്നാകില്ല. കാരണം ചാനല്‍ തന്നെ തുറന്നു പറഞ്ഞത് നാലു മാസത്തോളമായി ഞങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ അന്യേഷിക്കുകയായിരുന്നു എന്നായിരുന്നു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള തെളിവുകള്‍ ശരിയാണെങ്കില്‍ അത് പുറത്ത് വിട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യാവിഷ്യനു അറിയാത്തതല്ലല്ലോ? ഇത്ര ഗൗരവമായ ഒരു വാര്‍ത്ത ഇത്ര നീണ്ടകാലം അന്യേഷിച്ചു കൊണ്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അറിയുകയില്ല എന്നു പറഞ്ഞാല്‍ മുനീറിനെ അപ്പണിക്ക് പറ്റില്ല എന്നു തന്നെയാണു. ബ്ലോഗിലെ കമെന്റുകള്‍ക്ക് പോലും ബ്ലോഗര്‍ ഉത്തരവാദിയാണെന്നിരിക്കെ ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ചെയര്‍മാനു തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനാവുമോ?

ഇനി ഇന്ത്യാവിഷ്യന്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഒരാളുടെ കീഴില്‍ സെക്രട്ടറിയായി തുടരുക എന്നത് ധാര്‍മികമായി മുനീറിനു ചെയ്യാന്‍ പാടുണ്ടോ? മുസ്ലിംലീഗ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കും എന്നു അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കെ മുനീര്‍ കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ല എന്ന നിലപാടെടുക്കുന്നുവോ? അതോ നേതൃത്വം എങ്ങിനെയായാലും എനിക്കെന്റെ സെക്രട്ടറിപ്പണിയും പാര്‍ട്ടി തരുന്ന എം.എല്‍.എ സ്ഥാനവും മന്ത്രിസ്ഥാനവുമെല്ലാമാണു വലുത് എന്നതാണോ നിലപാട്.  ഇനി ഒരു പാര്‍ട്ടിക്കാരനെന്ന നിലയില്‍ തിരഞ്ഞെടുപ്പിനു ഏതാനും അകലം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ ഇങ്ങിനെ ഒരു മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം മുനീറില്ല എന്നാണോ?

ഒരിക്കല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരില്‍ എന്തു കൊണ്ട് ഇന്ത്യാവിഷ്യന്‍ എന്നതിന്റെ പൂര്‍ണ്ണ ഉത്തരമാകുന്നു. പക്ഷെ മുസ്ലിംലീഗ് നേതൃത്വം കുഞാലിക്കുട്ടിയും മുനീറും ഉള്‍കൊള്ളുന്നതാകുമ്പോള്‍ ഇന്ത്യാവിഷ്യന്‍ തുറന്നു വിട്ട ഭൂതം മുസ്ലിംലീഗിനെയും ബാധിക്കുന്ന ഒന്നാണല്ലോ.

ഇവിടെ മുനീര്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. രണ്ടുമൊരേ സമയം നിലനിര്‍ത്തുന്നത് ഒരു നപുംസക സമീപനമായിരിക്കും. ഏതാണു മുനീറിനു ശരി- പാര്‍ട്ടിയുടെ സമീപനമാണോ അതോ തന്റെ മാധ്യമത്തിന്റെ കണ്ടെത്തലാണോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

2011, ജനുവരി 24, തിങ്കളാഴ്‌ച

വേശ്യാലയങ്ങളില്‍ പിറന്നവര്‍

ജാതിയില്‍ പിറന്നവര്‍ ഇന്ത്യയിലിപ്പോഴും അതേ ജാതിയായി തുടരുന്നുവെങ്കിലും ജാതി തിരിച്ചുള്ള തൊഴിലുകളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ബാര്‍ബറുടെ മക്കള്‍ ബാര്‍ബറായും അലക്കുകാരുടെ മക്കള്‍ അലക്കുകാരായും കുശനിക്കാരുടെ മക്കള്‍ കുശനിക്കാരായും മാത്രമല്ല ജോലി ചെയ്യുന്നത്. അവരില്‍ നിന്നും അദ്ധ്യാപകരും എഞ്ചിനീര്‍, ഡോക്ടര്‍ , വക്കീലന്മാര്‍ മുതല്‍ പലതായും രൂപപ്പെട്ടു കഴിഞ്ഞു. എന്നാല്‍ തൊഴിലില്‍ പുതിയ ഒരു ജാതി രൂപപ്പെടുന്നത് വേശ്യകളിലാണെന്നു തോന്നുന്നു. വേശ്യകളുടെ മക്കളിലെ മിക്കവാറും പെണ്‍കുട്ടികള്‍ അതേ തൊഴിലില്‍ തുടരാന്‍ നിര്‍‌ബന്ധിതരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണു. ജാതി രൂപപ്പെട്ടത് തൊഴിലില്‍ നിന്നായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. അതില്‍ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ജാതികളുണ്ടായിരുന്നോ ആവോ? ചില ജാതികളിലെ മൂത്തപെണ്‍കുട്ടികളെ ദൈവപ്രീതിക്കായി ദേവദാസികളായി അയച്ചിരുന്നു എന്നതല്ലാതെ എല്ലാവരും വേശ്യകളായിരുന്നില്ല എന്നാണെന്റെ അറിവ്. ഇന്നത്തെ എസ്കോര്‍ട്ടേര്‍സിനുള്ള പരിഗണന ചില ഉയര്‍ന്ന ജാതികളിലെ വേശ്യകള്‍ക്കു ലഭിച്ചിരിക്കാം. അന്നത്തെ നക്ഷത്ര പദവി എന്നു കണക്കാക്കിയാല്‍ മതി. അങ്ങിനെയാണെങ്കില്‍ തൊഴിലില്‍ വേശ്യകള്‍ ഇന്ന് പുതിയ ഒരു ജാതിയായി രൂപപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണു. 

ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകളായ മുംമ്പെയിലും കല്‍ക്കത്തയിലും വളരെ പേരും ചതിക്കപ്പെടുന്നവരാണു. ഏകദേശം എഴുപത് ശതമാനം പേരും. ബാക്കി മുപ്പതു ശതമാനം അവിടെ നിന്നു തന്നെ പ്രസവിച്ച് വരുന്ന കുട്ടികളാണു. ഈ കുരുന്നുകള്‍ മറ്റെന്തികുലുമാവാനുള്ള സാധ്യത സൂചിക്കുഴലിലൂടെ ഒട്ടകം കടക്കുന്നത് പോലെയാണു. 

ഈ പോസ്റ്റിന്റെ പ്രധാന കാരണം Born into Brothels: Calcutta's Red Light Kids എന്ന ഡോക്യുമെന്ററിയാണു. Zana Brisk എന്ന അമേരിക്കക്കാരിയുടെ ഈ ഡോക്യുമെന്ററി മറ്റുള്ള സമാനമായ പല ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണു. സാധാരണ  ഉപരിവിപ്ലവകരമായ സ്മീപനമാണു ഇത്തരം ഡോക്യുമെണ്ടറികളില്‍ കാണാറുള്ളത്. ദല്ലാള്‍മാര്‍ക്ക് കാശു കൊടുത്ത് പെട്ടെന്നുള്ള ഒരു തട്ടിക്കൂട്ടലുകളില്‍ കുറച്ച് ഇക്കിളിയും മേമ്പൊടിക്കൊരു ദീര്‍ഘനിശ്വാസവും കൊണ്ടവസാനിക്കും. എന്നാല്‍ അവയില്‍ നിന്നെല്ലാം ഈ ഡോക്യുമെന്ററി മാറി നില്‍ക്കുന്നു. അനാവശ്യമായ ഒരു ശരീര പ്രദര്‍ശനവും ഇതിലില്ല. മറിച്ച് നിങ്ങളെ പലപ്പോഴും ഇത് പൊള്ളിക്കുക തന്നെ ചെയ്യും. കല്‍ക്കത്തയിലെ സൊനഗാച്ചി തെരുവിന്റെ ഒരു നേര്‍കാഴ്ച്ചയാണു ഇത്. ഇതില്‍ ചിരിയും കരച്ചിലും തെറിയും ആശ്വസിപ്പിക്കലും എല്ലാം ചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളോളം ഒരു വേശ്യാലയത്തില്‍ താമസിച്ചാണു സാന ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ അത് വിഷയത്തിന്റെ മര്‍മ്മത്തില്‍ തൊടുന്നു. പിന്നെ ഉരുകാതെ വയ്യല്ലോ. 

സാനയും തെരുവിലെ ഒമ്പത് കുട്ടികളുമാണു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . കാഴച നീങ്ങുന്നത് അവരിലൂടെയാണു. തെരുവില്‍ തന്നെ താമസിക്കുവാന്‍ തുടങ്ങുന്ന സാന കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണാദ്യമായി ചെയ്യുന്നത്. കൊച്ചി, ശാന്തി, അവിജിത്, സുചിത്ര, മാനിക്, ഗൗര്‍, പൂജ, താപസിയും മാമുനിയും.ഇതില്‍ സുചിത്ര മാത്രമാണു അല്പമെങ്കിലും മുതിര്‍ന്നത്. ഈ ഒമ്പത് പേര്‍ക്കും സാന ഓരോ ക്യാമറ നല്‍കുന്നു. അവര്‍ക്ക് ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കാര്യങ്ങളും മനസ്സിലാക്കി കൊടുക്കുന്നു. എത്ര പെട്ടെന്നാണു അവരിലെ സൗഹൃദം വളരുന്നതും അവരെ വിശ്വാസത്തിലെടുക്കുന്നതും. പലപ്പോഴും ഈ കുരുന്നുകള്‍ നമ്മെ അവരുടെ വാക്കുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തും. വലിയ കാര്യങ്ങള്‍ പറഞ്ഞ് വിസ്മയപ്പെടുത്തും. അതിന്നിടയില്‍ ഭാവിയില്‍ തങ്ങള്‍ അമ്മമാരെ പോലെയാകേണ്ടിവരുമെന്ന വെളിപ്പെടുത്തല്‍ നീറ്റലുണ്ടാക്കുകയും ചെയ്യും. 
തങ്ങളുടെ വീടുകളില്‍ നടക്കുന്നതെന്തെന്ന് അവര്‍ക്കറിയാം. അമ്മക്കു ജോലിയുണ്ടാകുമ്പോള്‍ മറക്കപ്പുറമോ അല്ലെങ്കില്‍ ടറസിനു മുകളിലോ അവര്‍ മാറിപോകുന്നു. 

കൊച്ചിക്ക് പത്ത് വയസ്സുണ്ടാകാം, ഒരിക്കല്‍ അവളെ അച്ചന്‍ വില്‍ക്കാന്‍ ശ്രമിച്ചതാണു. ചേച്ചി കണ്ടതിനാല്‍ രക്ഷപ്പെട്ടുവെന്നു മാത്രം. എങ്ങോട്ടോ നോക്കി ഞാനും അവരെ പോലെ ആയിത്തീരുമെന്നു പറഞ്ഞപ്പോള്‍ സഹിച്ചില്ല. അമ്മക്കവളെ സം‌രക്ഷിക്കാനാവാത്തതിനാല്‍ മുത്തശ്ശന്മാരൊപ്പമാണു വളരുന്നത്. 

അമ്മ മരണപ്പെട്ട സുചിത്ര വളരുന്നത് അവളുടെ അമ്മായിയോടൊപ്പമാണു. മും‌മ്പെയിലേക്ക് പോകാന്‍ അവളെ അവര്‍ നിര്‍ബന്ധിക്കുന്നു. അവളുടെ കൂടെയുള്ളവരെല്ലാം ലൈനില്‍ ( അതാണവരുടെ ഭാഷ) ചേര്‍ന്നു കഴിഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന അവളുടെ മുഖത്ത് ആ വിഷമം വായിച്ചെടുക്കാനാവുന്നു. ചിരിയില്‍ പോലും ഒരു കോണില്‍ സങ്കടം. സുചിത്ര എടുത്ത ചിത്രങ്ങള്‍ മനോഹരങ്ങളാണു. അവളുടെ ഭാവിയെ പോലെ അല്ല. 

കല്‍ക്കത്തയിലെ ഈ തെരുവിലുള്ളത് കുടുമ്പങ്ങളാണു. മിക്ക സ്ത്രീകള്‍ക്കും ഭര്‍‌ത്താക്കന്മാരുണ്ട്. ജോലി ഭാരം ഭാര്യക്കാണെന്നു മാത്രം. ഭര്‍‌ത്താവിന്റെ കള്ളിനു കാശ് ഭാര്യയില്‍ നിന്നാകും. 

കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ച് അവര്‍ ആശങ്കാലുക്കളാണു. ലൈനില്‍ ഇറങ്ങേണ്ടി വരും എന്നത് അവരെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഓരോരുത്തരുടെയും കുടുമ്പങ്ങളിലേക്കെത്തി നോക്കുന്ന ക്യാമറ നമുക്കു സൂക്ഷ്മമായി കാര്യങ്ങള്‍ വ്യക്തമാക്കി തരുന്നു. 

ഒരു ഡോക്യുമെന്ററിയുടെ സാധാരണ ഫ്രെയ്മുകളില്‍ നിന്നു ഇതിനെ മാറ്റി നിര്‍ത്തുന്നത് കുട്ടികളാണു. ജീവിതത്തിലെ തീക്ഷ്ണമായ വഴികളിലൂടെ സഞ്ചരിച്ചതിനാലാകാം ക്യാമറയുമായി കുട്ടികള്‍ പെട്ടെന്നിഴകി ചേരുന്നത്. 

മാനസികമായി കുട്ടികളുമായി അടുത്ത സാന അവരുടെ ഭാവിക്കു വേണ്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളെ പുറം ലോകത്തിലേക്ക് കൊണ്ട് പോയി മൃഗശാലയും കടലുമെല്ലാം കാണിക്കുന്നു. അവരുടെ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ച് അലപം കാശുണ്ടാക്കുന്നു. പിന്നീട്  അവര്‍ കുട്ടികളെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മിക്ക സ്കൂളുകള്‍ക്കും വേശ്യാലയങ്ങളിലെ കുട്ടികളെ എടുക്കാനാവുന്നില്ല. മാത്രമല്ല കുട്ടികള്‍ക്കും സ്വതന്ത്രമായ ചുറ്റുപാടുകളില്‍ നിന്നു മെരുങ്ങാന്‍ പ്രയാസമുണ്ട്. അമ്മമാരെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശ്രമകരം തന്നെയാണു. സുചിത്ര പിന്നെയും എന്റെ മനസ്സിനെ നോവിക്കുന്നു. അവളൂടെ ആന്റിക്ക് അവളുടെ ഭാവിയില്‍ താത്പര്യമില്ലല്ലോ.

ഡോക്യുമെന്ററി മുഴുവന്‍ പകര്‍ത്തിയെഴുതുകയല്ല എന്റെ താത്പര്യം. മറിച്ച് സാധാരണ കുട്ടികളേക്കാള്‍ വേഗത്തിലാണു ഈ കുട്ടികള്‍ കാര്യങ്ങള്‍ സ്വായത്തമാക്കുന്നത് എന്നത് അത്ഭുതം തോന്നിച്ച കാര്യമാണു. അതിലെ അവ്ജിത് എന്ന കുട്ടിയെ ആംസ്റ്റെര്‍ഡാമിലെ ഒരു ഫോട്ടോഗ്രാഫി കോണ്‍ഫരന്‍സിനു വരെ എത്തിക്കാന്‍ അവര്‍ക്കാവുന്നു. ചില കുട്ടികളെ സബേരയില്‍ ചേര്‍ത്തുന്നു. 

അവസാനം കുട്ടികള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന ഒരന്വേഷണത്തോടെ ഡോക്യുമെന്ററി അവസാനിക്കുന്നു. 

ലക്ഷക്കണക്കിനു കുട്ടികളിലെ വിരലിലെണ്ണാവുന്നവരെ രക്ഷപ്പെടുത്തിയതിനാല്‍ മാത്രമാകുന്നില്ല. കുടുമ്പമെന്ന ചട്ടക്കൂടുകലില്‍ ഈ കുട്ടിക്കള്‍ക്ക് അല്പമെങ്കിലും പരിഗനനയുണ്ട്. ഇതുമില്ലാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടാകാം. തങ്ങള്‍ക്കൊരു പങ്കുമില്ലാത്ത ജന്മം ദുരന്തം പേറാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍. അവരെ കുഞ്ഞുങ്ങളായി മാത്രം കാണുക. നമുക്കെന്തു ചെയ്യാനാകും. ജാതിയുടെ ഉത്ഭവം തൊഴിലായിരുന്നുവെങ്കില്‍ ഒരു പുതിയ ജാതിയായി ഇവരെ പരിഗണിക്കണമോ? അല്ല പുതിയ വേശ്യകളും കൂട്ടിക്കൊടുപ്പുമാരുമായി സാമൂഹിക സേവനം ചെയ്യിക്കണമോ? ബാര്‍ബര്‍മാരില്‍ നിന്നും ചെത്തുകാരില്‍ നിന്നും ഡോക്റ്ററും എഞ്ചിനീയര്‍മാരും വരുന്നത് പോലെ വേശ്യകളില്‍ നിന്നും പുതിയ ഉദയം വേണം. വേശ്യാലയങ്ങളിലും വെളിച്ചമെത്തണം. സാംസ്കാരിക-രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ ഈ കുട്ടികളെ ഉള്‍കൊള്ളേണ്ടതുണ്ട്. 

യൂട്യൂബ് ലിങ്ക്-

ഒന്നാം ഭാഗം- 
രണ്ടാം ഭാഗം- 
മൂന്നാം ഭാഗം-
നാലാം ഭാഗം
അഞ്ചാം ഭാഗം- 
ആറാം ഭാഗം-