2011, ജനുവരി 30, ഞായറാഴ്‌ച

ഒരുകയ്യില്‍ ഇന്ത്യാവിഷ്യന്‍- മറുകയ്യില്‍ മുസ്ലിംലീഗുമായി മുനീര്‍


കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ ശ്രദ്ധിക്കുന്ന ആളുകളോട് പുതിയ വിവാദങ്ങളെ കുറിച്ച് വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. അതിനാല്‍ തന്നെ ഒരു തനിയാവര്‍ത്തനമല്ല ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നതും. എല്ലാവരെയും പോലെ ഞാനുമിപ്പോള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കയാണു. ഇടക്കിടക്കല്ലേ ഇങ്ങിനെ ചൂടന്‍ സാധനങ്ങള്‍ കിട്ടുകയുള്ളൂ. അതിനിടയില്‍ എനിക്ക് തോന്നുന്ന ചില  ചിന്തകള്‍  പങ്കുവക്കുകയാണിവിടെ ചെയ്യുന്നത്.

കുഞ്ഞാലിക്കുട്ടിയും വിവാദങ്ങളും മാത്രം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാനോലോചിക്കുന്നത് മുനീറിനെ കുറിച്ചാണു. സത്യത്തില്‍ മുനീറിന്റെ നിലപാടെന്താണു. റൗഉഫിനേക്കാള്‍ എനിക്കു വിശ്വാസം കുഞ്ഞാലികുട്ടിയെ ആണെന്ന് ആദ്യദിവസം പറഞ്ഞ മുനീറിനെ പിന്നെ ചാനലുകളിലൊന്നും തന്നെ കാണുന്നില്ല. ഇവിടെ മുനീറുനു ആരെ വിശ്വാസമെന്നതുമല്ല എന്റെ ചോദ്യം. മുനീര്‍ എവിടെ നില്‍ക്കുന്നു എന്നതറിയാനുള്ള താത്പര്യമാണു എനിക്കുള്ളത്. കാരണം മുനീര്‍ ഒരേ സമയം മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്റെ ചെയര്‍‌മാനുമാണു. ഒരാള്‍ക്ക് രണ്ടോ മൂന്നോ പദവി എന്നതിനേക്കാള്‍ ഈ രണ്ടും ഒരേ സമയം അലങ്കരിക്കുന്നത് മുനീറിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നില്ലെ? ധാര്‍മ്മികമായി ഏതെങ്കിലും ഒന്ന് കയ്യൊഴിയാന്‍ മുനീര്‍ ബാധ്യസ്തനല്ലെ?

ഇന്നത്തെ ചര്‍ച്ച കേട്ടപ്പോള്‍ ശരിക്കും മുനീറിന്റെ ഈ ഡബിള്‍ റോളാണു ഒരു കോമാളിത്തമായി തോന്നുന്നത്. അഞ്ച് വര്‍ഷം മുമ്പ് റജീനയുടെ വെളിപ്പെടുത്തല്‍ ഇന്ത്യാവിഷ്യനിലൂടെ വന്നപ്പോള്‍ എനിക്ക് മുനീറിനോട് ബഹുമാനമായിരുന്നു തോന്നിയിരുന്നത്. ജോസഫ് പോത്തന്‍ ഒരു ലേഖനത്തില്‍ ഡോണ്‍ എന്ന പത്രത്തില്‍ ജോലി ചെയ്തതിനെ കുറിച്ചനുസ്മരിച്ച് പത്രത്തിന്റെ  മാനേജിങ്ങ് പാര്‍ട്ട്ണെര്‍ മുഹമ്മദലി ജിന്നയെ കുറിച്ച് എഴുതിയ വാക്കുകളാണു തന്റെ കീഴിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുനീര്‍ നല്‍കുന്നതെന്ന തോന്നലായിരുന്നു അതിലെ ഒരു കാരണം. കൂടാതെ ചാനല്‍ മത്സരങ്ങളിലെ ഒരു നല്ല സ്കൂപ്പിനെ ഉപയോഗപ്പെടുത്തിയ കൗശലം എന്നും കണക്കു കൂട്ടി. അപ്പോള്‍ മുനീറിന്റെ  ചെയര്‍മാന്‍ പദവി എന്നതിനാല്‍ മാത്രം ഒരു വാര്‍ത്ത ആദ്യം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം മുനീറിനെ കുറ്റപ്പെടുത്താന്‍ അവകാശമുണ്ടാകേണ്ടതില്ല. മാത്രമല്ല. മുനീറിന്റെ ചാനലിനു പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് മുമ്പേ മുസ്ലിംലീഗ്  തീരുമാനിച്ചതുമാണു. പിന്നെയും ഇന്ത്യാവിഷ്യം മുസ്ലിംലീഗിനു വേണ്ടി നിലകൊള്ളണം എന്നു പറയുന്നതില്‍ ഒരു ന്യായവും വരുന്നില്ല.

ഇവിടെ അതല്ല സ്ഥിതി. കുഞ്ഞാലികുട്ടി പെട്ടെന്ന് എന്നെ കൊല്ലാന്‍ വരുന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ അതൊരു പുക മാത്രമാണെന്ന് ഊഹിച്ചിരുന്നു. തീ കാണാനിരിക്കുന്നതെയുള്ളൂ എന്ന് മനസ്സിലാക്കാന്‍ വലിയ ഷെര്‍‌ലക്കൊന്നുമാകേണ്ട. വരാനിരിക്കുന്ന ഒന്നിനെ തടുക്കാന്‍ തടയിണകെട്ടുകയാണെന്ന കാര്യം ശരിവെക്കുന്ന കാഴ്ച്ചകളുടെ രണ്ടാം ഘട്ടത്തിലാണു കണക്കുകള്‍ തെറ്റിച്ച് ഇന്ത്യാവിഷ്യന്റെ രണ്ടാം ദിവസം കയറി വരുന്നത്. ശരിക്കും ഇതെന്നെ അത്ഭുതപ്പെടുത്തി എന്നു പറയാതെ വയ്യ.  കാരണം ഇന്ത്യാവിഷ്യന്‍ നാലുമാസത്തോളമായി അന്യേഷിച്ച് കണ്ടെത്തിയ വെളിപ്പെടുത്തലുകളാണു പുറത്ത് വിട്ടതെന്നായിരുന്നു ചാനല്‍ തന്നെ അവകാശപ്പെടുന്നത്.

ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യാവിഷ്യനു അങ്ങിനെ ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണത്. പലപ്പോഴും മാധ്യമങ്ങള്‍ക്ക് അങ്ങിനെയാകാന്‍ കഴിവുണ്ടാകാറില്ലെന്നു മാത്രം. ഇവിടെ പ്രശ്നമതല്ല. പിന്നീട് നടന്ന മുസ്ലിംലീഗിന്റെ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമെദ് ബഷീറും സമദാനിയും പറഞ്ഞത് ഇന്ത്യാവിഷ്യന്‍ മുസ്ലിംലീഗിനെ തകര്‍ക്കാന്‍ മനപൂര്‍‌വ്വം ശ്രമിക്കുന്നതിന്റെ ഫലമായി കെട്ടിചമച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണ് പുതിയ വിവാദങ്ങളെന്നാണു.

ആരുടെതാണു വിവാദങ്ങളിലെ ശരിതെറ്റ് എന്നതല്ല എന്റെ വിഷയം. ഞാന്‍ കാണുന്നത് മുനീര്‍ എന്ന വ്യക്തിയെയാണു. തന്റെ ഒരു കയ്യില്‍ മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനവും മറു കയ്യില്‍ ഇന്ത്യാവിഷ്യന്റെ ചെയര്‍മാന്‍ സ്ഥാനവും കൊണ്ട് നടക്കുന്ന മുനീറിനെ. കാരണം ഇവിടെ ആരോപണം ഉന്നയിച്ചിരിക്കുന്നത് മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷ്യനാണു. ആരോപണ വിധേയനായിരിക്കുന്നത് മുനീറിന്റെ തന്നെ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയും.

പഴയ പോലെ ചാനലില്‍ വരുന്നതിന്റെ ഉത്തരവാദിത്തം എനിക്കില്ലെന്നു പറഞ്ഞൊഴിയാന്‍ മുനീറിന്നാകില്ല. കാരണം ചാനല്‍ തന്നെ തുറന്നു പറഞ്ഞത് നാലു മാസത്തോളമായി ഞങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകള്‍ അന്യേഷിക്കുകയായിരുന്നു എന്നായിരുന്നു. കുഞ്ഞാലികുട്ടിക്കെതിരെയുള്ള തെളിവുകള്‍ ശരിയാണെങ്കില്‍ അത് പുറത്ത് വിട്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യാവിഷ്യനു അറിയാത്തതല്ലല്ലോ? ഇത്ര ഗൗരവമായ ഒരു വാര്‍ത്ത ഇത്ര നീണ്ടകാലം അന്യേഷിച്ചു കൊണ്ടിരിക്കുന്നത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ അറിയുകയില്ല എന്നു പറഞ്ഞാല്‍ മുനീറിനെ അപ്പണിക്ക് പറ്റില്ല എന്നു തന്നെയാണു. ബ്ലോഗിലെ കമെന്റുകള്‍ക്ക് പോലും ബ്ലോഗര്‍ ഉത്തരവാദിയാണെന്നിരിക്കെ ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ചെയര്‍മാനു തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാനാവുമോ?

ഇനി ഇന്ത്യാവിഷ്യന്‍ പുറത്തു കൊണ്ടുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള ഒരാളുടെ കീഴില്‍ സെക്രട്ടറിയായി തുടരുക എന്നത് ധാര്‍മികമായി മുനീറിനു ചെയ്യാന്‍ പാടുണ്ടോ? മുസ്ലിംലീഗ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കും എന്നു അസന്നിഗ്ദമായി വ്യക്തമാക്കിയിരിക്കെ മുനീര്‍ കുഞ്ഞാലിക്കുട്ടി തെറ്റുകാരനല്ല എന്ന നിലപാടെടുക്കുന്നുവോ? അതോ നേതൃത്വം എങ്ങിനെയായാലും എനിക്കെന്റെ സെക്രട്ടറിപ്പണിയും പാര്‍ട്ടി തരുന്ന എം.എല്‍.എ സ്ഥാനവും മന്ത്രിസ്ഥാനവുമെല്ലാമാണു വലുത് എന്നതാണോ നിലപാട്.  ഇനി ഒരു പാര്‍ട്ടിക്കാരനെന്ന നിലയില്‍ തിരഞ്ഞെടുപ്പിനു ഏതാനും അകലം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടിയെ ഇങ്ങിനെ ഒരു മുള്‍മുനയില്‍ നിര്‍ത്തിയതിന്റെ ഉത്തരവാദിത്തം മുനീറില്ല എന്നാണോ?

ഒരിക്കല്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരില്‍ എന്തു കൊണ്ട് ഇന്ത്യാവിഷ്യന്‍ എന്നതിന്റെ പൂര്‍ണ്ണ ഉത്തരമാകുന്നു. പക്ഷെ മുസ്ലിംലീഗ് നേതൃത്വം കുഞാലിക്കുട്ടിയും മുനീറും ഉള്‍കൊള്ളുന്നതാകുമ്പോള്‍ ഇന്ത്യാവിഷ്യന്‍ തുറന്നു വിട്ട ഭൂതം മുസ്ലിംലീഗിനെയും ബാധിക്കുന്ന ഒന്നാണല്ലോ.

ഇവിടെ മുനീര്‍ എന്തു നിലപാടെടുക്കുന്നു എന്നറിയാന്‍ താത്പര്യമുണ്ട്. രണ്ടുമൊരേ സമയം നിലനിര്‍ത്തുന്നത് ഒരു നപുംസക സമീപനമായിരിക്കും. ഏതാണു മുനീറിനു ശരി- പാര്‍ട്ടിയുടെ സമീപനമാണോ അതോ തന്റെ മാധ്യമത്തിന്റെ കണ്ടെത്തലാണോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്.

10 അഭിപ്രായങ്ങൾ:

 1. ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

  നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
  ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
  എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
  ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം

  മറുപടിഇല്ലാതാക്കൂ
 2. കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
  കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

  മറുപടിഇല്ലാതാക്കൂ
 3. തൂറിയവനെ ചുമന്നാല്‍ ചുമന്നവനേയും നാറും എന്ന് പഴമക്കാര്‍ പറയുന്നു. ആ നാറ്റം മുകളില്‍ കമന്റിയവനും ഇല്ലേന്നൊരു സംശയം. ഇടതിന്റെ തെറ്റ് കൊണ്ട് വലതിനെ ന്യായീകരിക്കുന്നു.കഷ്ടം. എന്തായാലും മുനീര്‍ അധികം വൈകാതെ ലീഗില്‍ നിന്നും പുറത്തേക്ക് പോകാനാണ് സാധ്യത. കാത്തിരുന്ന് കാണാം!

  മറുപടിഇല്ലാതാക്കൂ
 4. ഈ വിജു എന്ന വ്യക്തി എല്ലാ ബ്ലോഗുകളിലും നടന്നു ഈ ഒരു കമന്റ് മാത്രമാണല്ലോ ഒട്ടിക്കുന്നത്!

  മറുപടിഇല്ലാതാക്കൂ
 5. muneer might have treid to destroy kunjalikutty, politically it is correct , he didnt create a news he put effort to bring out truh behind an existing case, now if muslim league thinks having sex wih teenage girls is correct and exposing such a corrupt , immoral person is wrong it is upto them

  മറുപടിഇല്ലാതാക്കൂ
 6. :) ഇത്ര വികാരവിക്ഷുബദ്ധമാകാന്‍ എന്തിരിക്കുന്നു?

  തനിക്കിട്ട് പണിതതിന് മുനീര്‍ തിരിച്ചടിക്കുമെന്ന് കേരളിയര്‍ക്കറിയരുതോ! പക്ഷേ തുറുപ്പ് ഇറക്കുന്നതിന് വളരെ മുന്‍പേ “സാഹിബ്” മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ജാമ്യം എടുത്തു കുളമാക്കി... അത് മുനീറിന്റെ കുറ്റമല്ലല്ലോ...

  എന്തായാലും അതിബുദ്ധി കാട്ടിയ “സാഹിബ്‍” ഇപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍... പണ്ടത്തെ പോലെ രക്ഷിക്കുവാന്‍ “തലതൊട്ടപ്പന്‍” ഇപ്പോഴില്ല എന്നതും “സാഹിബിന്” ഒരു നെഗറ്റീവ് പോയിന്റായിരിക്കും...

  ആരാണ് യഥാര്‍ത്ഥ “നപുംസകം” എന്ന് കേരളിയര്‍ക്ക് നന്നായി അറിയരുതോ...

  എന്തായാലും ഇപ്പോള്‍ ചര്‍ച്ച കഴിഞ്ഞ കുറേ മാസമായി നടക്കുന്ന ജുഡീഷ്യറിയുടെ അഴിമതിയില്‍ തന്നെ വന്ന് നില്‍ക്കുന്നു....

  ബെസ്റ്റ് ബേക്കറി കേസ്സ് പോലെ തന്നെ ഐസ്ക്രീമും നീങ്ങുന്നു എന്നത് രസകരമായ കാഴ്ചയാണ്....

  മറുപടിഇല്ലാതാക്കൂ
 7. കോഴിക്കോട്: ഇന്ത്യാവിഷന്‍ ചാനലിന്റെ ആലങ്കാരിക ചെയര്‍മാന്‍ മാത്രമാണ് താനെന്നും എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും മുസ്‌ലീം ലീഗ് സെക്രട്ടറിയും ഇന്ത്യാവിഷന്‍ ചെയര്‍മാനുമായ ഡോ.എം.കെ മുനീര്‍ വ്യക്തമാക്കി.കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദഹം ഇക്കാര്യം അറിയച്ചത്.

  പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ പുറത്തുവിട്ട വാര്‍ത്തകള്‍ക്കു പിന്നില്‍ ചാനല്‍ ചെയര്‍മാനായ താനാണന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബാധ്യത വന്ന സമയത്ത് ചാനലില്‍ പണം മുടക്കിയ നിക്ഷേപകരോടുള്ള ബാധ്യത മൂലമാണ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത്. അത് വെറും ആലങ്കാരിക പദവി മാത്രമാണ്. താന്‍ അതിന്റെ എം.ഡി പോലുമല്ല. ഡയറക്ടര്‍ ബോര്‍ഡ് ചേരുമ്പോള്‍ അതിന്റെ അധ്യക്ഷ പദവി വഹിക്കുക മാത്രമാണ് താന്‍ ചെയ്യുന്നത് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തികച്ചും സ്വതന്ത്രമാണ്. എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും അടങ്ങുന്ന സംഘമാണ് അതിനെ നയിക്കുന്നത്. ചാനലിന്റെ ചെയര്‍മാന്‍ അതെല്ലാം അറിയണമെന്നില്ല. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞ നാലു മാസമായി ഈ കേസിനെക്കുറിച്ച് നടത്തിയ അന്വേഷണത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയാമായിരുന്നില്ല. വളരെ സത്യസന്ധമായാണ് താനിതു പറയുന്നത്. വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം. അദ്ദേഹം വ്യക്തമാക്കി.

  ഇന്ത്യാവിഷന്‍ ചാനലിന്റെ ഉള്ളടക്കത്തോട് ഒരു ശതമാനം പോലും താന്‍ യോജിക്കുന്നില്ല. എന്നാല്‍ അത് അവരുടെ സ്വാതന്ത്ര്യമാണ്. മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ ബഹുമാനിക്കുന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കരുത് എന്ന് വിശ്വസിക്കുന്നയാളാണ് താന്‍. ചാനലിന്റെ വാര്‍ത്ത സംബന്ധിച്ച് പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ക്കൊപ്പമാണ് താന്‍.

  മുസ്‌ലീം ലീഗ് പ്രസ്ഥാനം കൂടി ഇതില്‍ വന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ഞങ്ങളെല്ലാം ഇതില്‍ ഒറ്റക്കെട്ടാണ്. താനും തന്റെ പിതാവും ചോരയും നീരും കൊടുത്ത് കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ഇത്. ലീഗിനെതിരെ വരുന്ന ഏത് ആരോപണങ്ങളേയും നേരിടാന്‍ താനും നേതാക്കള്‍ക്കൊപ്പമുണ്ടാകും. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളുമായി തനിക്ക് ബന്ധമുണ്ടെന്ന് അണികള്‍ക്ക് വരെ ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണം നല്‍കുന്നത്.ലീഗ് എല്ലാ ദുരാരോപണങ്ങളില്‍ നിന്നും പുറത്തു വരുന്നതിനും ഐക്യജനാധിപത്യ മുന്നണി ശക്തിപ്പെടുന്നതിനും എന്റെ എല്ലാ കഴിവുകളും വിനിയോഗിക്കും. അദ്ദേഹം പറഞ്ഞു.

  കുഞ്ഞാലിക്കുട്ടിക്കെതിരായ ഏതെങ്കിലും ഒരു വിഷയം വരുമ്പോള്‍ അവിടെയല്ലാം മുനീറിന്റെ പേരും വരുന്നു. ഇത് ഐസ്‌ക്രീം കേസ് വിഷയത്തില്‍ മാത്രമല്ല. എല്ലാ വിഷയത്തിലും അങ്ങനെയാണ്. ഞങ്ങളെ രണ്ടു പേരെയും രണ്ട് ചേരിയില്‍ നിര്‍ത്തിക്കൊണ്ടുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. അത് നിഷിപ്ത താല്‍പ്പര്യക്കാരുടെ ലക്ഷ്യമാണ്. തന്നെക്കുറിച്ച് പാര്‍ട്ടിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ചാനലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാര്‍ട്ടിയുടെ എല്ലാ മേഖലകളിലും വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 8. എന്തൊക്കെ രസകരമായ വ്യാഖ്യാനങ്ങളാണ്‌ വിജു പറയുന്നത്. കിളിരൂര്‍ കേസിലെ ഇര കൊല്ലപ്പെടുമ്പോള്‍ ഏതു സര്‍ക്കാരായിരുന്നു ഇവിടെ ഭരിച്ചുകൊണ്ടിരുന്നത് ? യുഡിഎഫ്. ആരായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരായിരുന്നു ആഭ്യന്തര മന്ത്രി ഉമ്മന്‍ ചാണ്ടി അപ്പോള്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ എത്ര ഭേദമാണ്‌ കുഞ്ഞാലിക്കുട്ടി എന്നാണോ പറഞ്ഞു വന്നത്

  ഇനി കുഞ്ഞാലിക്കുട്ടി നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ ഏറ്റവും പ്രധാനപ്പെട്ടകാര്യമെന്താണ്‌ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഞാന്‍ റൌഫിന്‌ വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എന്താണ്‌ ഈ വഴി വിട്ട സഹായങ്ങള്‍? എന്തിനാണ്‌ ഇത് ചെയ്ത് കൊടുത്തത്. ഇത് രണ്ടും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ട് മുനീറിനെതിരെ അലെങ്കില്‍ ഇന്ത്യാവിഷനെതിരെ കുതിര കയറുന്നവര്‍ കുഞ്ഞാലിക്കുട്ടി ക്യാമറക്ക് മുന്നില്‍ (ഒളിയല്ല തെളി ക്യാമറക്ക് മുന്നില്‍) പറഞ്ഞ ഈ പ്രസ്താവനയെപ്പറ്റി വ്യാകുലപ്പെടുന്നില്ല?

  മറുപടിഇല്ലാതാക്കൂ
 9. ഇടതോ വലതോ കുറ്റക്കാര്‍ എന്നതിനപ്പുറം ജുഡീഷ്യറിക്ക് സംഭവിച്ച തകര്‍ച്ചയാണ് ചര്ച്ചയാവേണ്ടത് എന്നെനിക്ക് തോന്നുന്നു. പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ; തോല്‍ക്കുന്നത് ജനങ്ങളാണ്.

  മറുപടിഇല്ലാതാക്കൂ
 10. മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ ചാനലില്‍ വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ ചാനല്‍ ചെയര്‍മാന്‍ കൂടിയായ എം.കെ.മുനീര്‍ സന്നദ്ധത അറിയിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ നേരില്‍ക്കണ്ടാണ് മുനീര്‍ ഇക്കാര്യമറിയിച്ചത്. അതിനിടെ മുനീര്‍ രാജിക്കത്ത് തങ്ങള്‍ക്ക് കൈമാറിയതായും അഭ്യൂഹമുണ്ട്. എന്നാല്‍ രാജിക്കത്ത് മുനീര്‍ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പാണക്കാട്ട് എത്തിയ മുനീര്‍ ഹൈദരലി തങ്ങളും മറ്റ് ലീഗ് നേതാക്കളുമായി ഒരു മണിക്കൂറിലധികം രാജിക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. രാജിക്കാര്യം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എല്ലാ കാര്യവും ഹൈദരലി തങ്ങളെ അറിയിച്ചുവെന്നായിരുന്നു മുനീറിന്റെ മറുപടി.

  മറുപടിഇല്ലാതാക്കൂ