2018, ജൂലൈ 16, തിങ്കളാഴ്‌ച

ചില സംവരണ ചിന്തകൾ

സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ചും വാട്സപ്പിൽ സംവരണ വിരുദ്ധ ചിന്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് കാണാറുണ്ട്.കഴിഞ്ഞ ദിവസം ഞങ്ങളുടെ കോളേജിലും സമാനമായ ഒരു കുറിപ്പ് കാണുകയുണ്ടായി.
സ്വാഭാവികമായും അതിനു എതിർകുറിപ്പിട്ടപ്പോൾ അത് ചിലർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്ന് കരുതിയാണ് ഇവിടെ സൂക്ഷിക്കുന്നത്.
ഫെയ്‌സ്ബുക്ക് വാട്സാപ്പ് തുടങ്ങിയവക്ക് ആയുസ്സ് വളരെ കുറവാണ്.
അതിനാൽ പിന്നീട് അത് തേടിപിടിക്കുക എന്നത് വളരെ ശ്രമകരമാണ്.അതിനാലാണ് കുറെ കാലങ്ങൾക്ക് ശേഷം ബ്ലോഗിനെ ഒന്ന് പുനര്ജീവിപ്പിക്കുന്നതും.
വാട്ട്സപ്പിൽ വന്ന കുറിപ്പ് 

ശശി തരൂരിന്റെ പരാമര്ശം ഇപ്പോള്ചര്ച്ചാവിഷയമായിരിക്കുകയാണല്ലോ. വോട്ടു ബാങ്ക് രാഷ്ട്രീയക്കാര്ഇവിടെ ന്യൂനപക്ഷത്തിനെ ഉയര്ത്തിക്കൊണ്ടു വരാനെന്ന പേരില്ഭൂരിപക്ഷത്തിനില്ലാത്ത അധികാര അവകാശങ്ങള്ന്യൂനപക്ഷങ്ങള്ക്ക് അനുവദിച്ചു കൊടുത്തിരിക്കുകയാണ്. സംവരണവും സാമ്പത്തിക ആനുകൂല്യങ്ങളും മററും. എന്റെ കാഴ്ചപ്പാടില്ദാരിദ്രത്തിന് ജാതിയും മതവും വര്ഗ്ഗവും ഒന്നുമില്ല. ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലും സമ്പന്നരും ദരിദ്രരും ഉണ്ട്. മതനിരപേക്ഷമായ നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസം ഇല്ലാതെ മുഴുവന്ജനങ്ങള്ക്കും തുല്ല്യ നീതിയും തുല്ല്യ അവകാശങ്ങളും നടപ്പാക്കുകയാണ് വേണ്ടത്. ന്യൂനപക്ഷങ്ങള്ക്കില്ലാത്ത ഒരവകാശവും തങ്ങള്ക്ക് വേണ്ടെന്ന് ഭൂരിപക്ഷവും ഭൂരിപക്ഷത്തിനില്ലാത്ത ഒരു അവകാശവും തങ്ങള്ക്ക് വേണ്ടെന്ന് ന്യൂനപക്ഷങ്ങളും തീരുമാനിച്ചാല്മതി. അതോടെ തീരും എല്ലാ പ്രശ്നങ്ങളും. ഒരൊററ ഇന്ത്യ ഒരൊററ ജനത അതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.....ജയ് ഹിന്ദ്.

ഇത് പോലുള്ള ചർച്ച ഇവിടെ വന്ന സ്ഥിതിക്ക് ചില കാര്യങ്ങൾ ഇനി സൂചിപ്പിക്കാതെ നിവൃത്തിയില്ല. സംവരണം എന്നത് ഭൂരിപക്ഷത്തിനില്ലാത്ത അധികാരങ്ങൾ ന്യുന്യപക്ഷത്തിനു നൽകുന്ന ഒരേർപ്പാടല്ല.
മറിച്ചു സാമൂഹിക നീതി നടപ്പിലാക്കുന്ന ഒരു ഇടപെടലാണ്.ഇന്ത്യയിൽ അതിന്റെ വലിയ പ്രായോജകർ ഭൂരിപക്ഷത്തിൽ തന്നെയുള്ള ദളിതുകളാണ്.

A survey by the National Sample Survey Organisation (NSSO) put the OBC population in the country at 40.94%, the SC population at 19.59%, ST population at 8.63% and the rest at 30.80%.

അതായത് 70 % പിന്നോക്ക-ദളിത്  സമുദായങ്ങളാണ് ഇന്ത്യയിലുള്ളത്.എന്നാൽ സർക്കാർ ജോലിയിലെ പ്രാധിനിത്യമാകട്ടെ ഒബിസി  12 %വും ദളിത് 4% വും മാത്രമാണ്.ഇതിനെയാണ് സാമൂഹിക അസമത്വം എന്ന് പറയുന്നത്

ഏതെങ്കിലും ഒരു നമ്പൂതിരി പട്ടിണി കൊടക്കുന്നതോ നായർ കൂലിക്ക് പോകുന്നതോ ഇല്ലാതാക്കാനുള്ള ഒന്നല്ല സംവരണം. അത് അവസരങ്ങൾ ഉണ്ടാക്കുക എന്ന ധൗത്യമാണ് ചെയ്യുന്നത്. നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള  ഒരാളെ തന്നെ ഉദാഹരണം. അദ്ദേഹം  ഇന്ന് സർക്കാർ കോളേജുകളിലെ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്.   ദളിതനായ അദ്ദേഹത്തെ അതിനു പ്രാപ്തനാക്കി മാറ്റിയത് സംവരണമാണ്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പത്തിലും പ്രീഡിഗ്രിക്കും മാർക്ക് കുറഞ്ഞിട്ടു പോലും അനുകൂലമായ സാഹചര്യത്തിൽ ഡിഗ്രി ഒന്നാം ക്ലാസിലും പിന്നീട് എംഫിലും എഴുതി വിജയിക്കുകയും ഇപ്പോൾ എല്ലാവരെയുമുൾക്കൊള്ളുന്ന ഒരു സംഘടനയെ നയിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുകയും ചെയ്തത് അവസരം ഉണ്ടായപ്പോഴാണ്.
ഇതാണ് സംവരണത്തിന്റെ കാതൽ.അതെല്ലാക്കാതെ കേവലം പട്ടിണി മാറ്റുകയോ ഒരു ജോലി കൊടുക്കുകയോ അല്ല സംവരണം കൊണ്ട് വിവക്ഷിക്കുന്നത്
അത് ഇന്ത്യയിൽ മാത്രമുള്ള ഒരേർപ്പാടുമല്ല.ലോകത്തിൽ ഇതേ പോലെ സാമൂഹികമായി പിന്നോട്ട് നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തി കൊണ്ട് വരാനുള്ള പല പദ്ധതികളും പല രാജ്യങ്ങളിലും ഉണ്ട്. അപ്പോഴാണ് രാജ്യം മൊത്തമായി  ഉയരുകയുള്ളു. 30  % മാത്രമുള്ള മുന്നോക്ക ജാതിയിൽ പെട്ടവർ 70 % ജോലി കയ്യിലും വച്ച് ഇനി സംവരണം വേണ്ട എന്ന് പറയുന്നത് കാപട്യമാണ്
കാരണവർക്കറിയാം ഞങ്ങൾ അധികം കണക്കിൽ പറ്റിയിട്ടുണ്ട് എന്നത്. അവർക്ക് ഇനി സംവരണം വേണ്ട എന്ന് പറഞ്ഞാൽ കുഴപ്പമില്ല എന്ന് മാത്രമല്ല. അധിക ആനുകൂല്യം പറ്റിയതിന്റെ ഗുണവുമുണ്ട്.

ഇടുക്കിയിൽ ജീവിക്കുന്ന ഒരു ആദിവാസിയുടെയും  എറണാംകുളം ജീവിക്കുന്ന ഒരാൾക്കും ഒരേ പോലെയല്ല അവസരങ്ങൾ ഉണ്ടാകുന്നത്.ജാതിയും വർക്ക് ചെയ്യുന്നത് അങ്ങിനെ തന്നെയാണ്.ഇനി എന്താണ് ചെയ്യേണ്ടത് എന്നത് ജാതീയമായി ഉയർന്ന സമുദായങ്ങൾക്കറിയാം. അതിനാൽ ജാതിയിൽ പിന്നിൽ നിൽക്കുന്ന ഒരാൾക്ക് അവസരങ്ങൾ ഉണ്ടാക്കി നൽകേണ്ടത് സമൂഹത്തിന്റെ കടമ തന്നെയാണ്. അതിനാൽ തന്നെയാണ് ഭരണ ഘടനയിൽ സംവരണം ജാതിയുടെ അടിസ്ഥാനത്തിൽ കടന്നു വന്നതും. ഇന്ത്യയിൽ ജാതി വർക്ക്ഔട് ചെയ്യുന്നത് വംശീയമായാണ്.അതിനാൽ വംശീയത ഇല്ലാതാക്കുക എന്ന ദൗത്യവും സംവരണത്തിനുണ്ട്.

സംവരണത്തെ എതിർക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന പ്രധാന കാര്യം സ്വാതന്ത്ര്യം നേടി 70  വർഷമായി  പിന്നെയും സംവരണമോ എന്നതാണ്.എന്നാൽ ജാതീയമായ വിവേചനം എത്ര നൂറ്റാണ്ടുകളായി എന്നത് ചർച്ചയിൽ കൊണ്ട് വരികയുമില്ല.ജാതി തുടങ്ങി 1000 കൊല്ലമായെങ്കിൽ അതിനെ മറികടക്കാനുള്ള  സംവരണം ഒരു നൂറ്റാണ്ടു പോലും പിന്നിട്ടില്ലെന്നത് സൗകര്യം പൂര്വ്വം മറക്കുകയും ചെയ്യും

1947 മുതൽ 2018 വരെ ആയി, എന്നിട്ടും സംവരണം നടപ്പിലായി എന്ത് നേടി? എത്ര നാൾ ഇത് തുടരണം?

സംവരണം എന്നാൽ ക്വാളിഫിക്കേഷൻ ഇല്ലാതെ ഉള്ളവർക്ക് ജോലി കൊടുക്കുന്ന ഒന്നല്ല.അത് ഒരു തെറ്റിധാരണയാണ്.പത്താം ക്ലാസ് പാസാവുക എന്നതാണ് +2 വിനുള്ള ക്വളിഫിക്കേഷൻ.ഏതെങ്കിലും പത്താം ക്ലാസ് തോറ്റ കുട്ടിയെ +2 വിനു ചേർക്കുന്നുണ്ടോ?അപ്പോൾ ക്വളിഫിക്കേഷൻ ഇല്ലാതെയല്ല +2 വിനു സീറ്റ് കൊടുക്കുന്നത്.അവിടെയാണ് സാമൂഹിക സാഹചര്യം എന്ന് പറയുന്നത്
ഒരുദാഹരണം പറയാം. നമ്മുടെ സ്നേഹിതൻ x ന്റെ അവസ്ഥ എല്ലാവർക്കുമറിയാം. അവന്റെ കയ്യിലുള്ള 1000 രൂപക്കും എന്റെ കയ്യിലുള്ള 1000 രൂപക്കും ഒരേ മൂല്യമാണ് സർക്കാർ കണക്കിൽ . എന്നാൽ സാമൂഹികമായി അതല്ല. എനിക്ക് അതുണ്ടാക്കാൻ വേണ്ടി വരുന്ന എഫർട്ടും അവനും വേണ്ടത് ഒരേ പോലെയല്ല. അതിനാൽ അതിന്റെ വില നമുക്ക് കൊടുത്തേ മതിയാകു
എന്ന് സംവരണം  നിർത്തണം എന്ന ചോദ്യത്തിന് സാമൂഹിക അസമത്വം ഇല്ലാതായി ജനസംഖ്യാനുപാതികമായി കാര്യങ്ങൾ പങ്കു വക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകുമ്പോൾ എന്നതാണ് ഉത്തരം.

സംവരണം എന്നത് സാമ്പത്തികമായ ഒന്നല്ല,അതിനാൽ തന്നെ സാമ്പത്തിക സംവരണം എന്നത് സംവരണത്തിന്റെ അടിസ്ഥാനങ്ങളുമായി യോജിച്ചു പോകുന്ന ഒന്നല്ല. സാമ്പത്തിക അസമത്വവും സാമൂഹിക അസമത്വവും ഒന്നല്ല. ഒരുദാഹരണം പറയാം. വളരെ വിദ്യാഭ്യാസമുള്ളതും സാമ്പത്തികമായി ഉന്നതിയിലും നിൽക്കുന്ന ഒരു ദളിത് പെൺകുട്ടിയെ എത്ര മുന്നോക്ക ജാതിക്കാർ വിവാഹം കഴിക്കാൻ തയ്യാറാകും? അപ്പോൾ സാമ്പത്തികം ജാതിയുടെ മുമ്പിൽ ഒന്നുമല്ല.
ചോദ്യം :സൗജന്യ വിദ്യാഭ്യാസം നല്കി കഴിവു തെളിയിക്കാന്അവസരം കൊടുത്താല്പോരേ...സംവരണത്തിലൂടെ മാത്രമേ ജോലി കിട്ടൂ എന്നുണ്ടോ? ഒരര്ത്ഥത്തില്ഗുണനിലവാരത്തിലുള്ള വിട്ടുവീഴ്ചയാണത്. പിന്നെ ജാതി ചിന്ത കുറഞ്ഞ ഒരു കാലഘട്ടമാണ് ഇത്. വിവാഹകാര്യത്തില്മാത്രമാണിത് പ്രകടമാവുന്നത്. അത് സര്വസാധാരണമാണ് താനും. ഒരു തങ്ങള്ടെ മോളെ മററ് മുസ്ളീം യുവാക്കള്ക്ക് കെട്ടിച്ച് കൊടുക്കുമോ? ഒരു ഒസ്സാന്കുട്ടിയെ മററുള്ളവര്കെട്ടുമോ? ഒരു ലത്തീന്കത്തോലിക്കനെ ഒരു റോമന്കത്തോലിക്കന്കെട്ടുമോ?   മതവും ജാതിയും വിവാഹക്കാര്യത്തില്എല്ലാവരും നോക്കാറുണ്ട്. സമ്പന്നനായ ഒരു ദളിത് പെണ്കുട്ടിയെ സവര്ണര്വിവാഹം കഴിക്കില്ലെന്നു പറയുമ്പോള്സംവരണം കൊണ്ട് സാമൂഹിക സമത്വം നേടുന്നില്ല എന്നല്ലേ അതിനര്ത്ഥം?

പൊലീസുകാരനായ താങ്കൾക്ക്  കിട്ടുന്ന സാമൂഹിക പരിഗണന അതിനേക്കാൾ കാശുണ്ടാക്കുന്ന ഒരു കച്ചവടക്കാരാണ് കിട്ടില്ല. ഒരു പഞ്ചായത്ത് ക്ലർക്കിനു ചെയ്യാനാകുന്നത് ഒരു ബസ് മുതലാളിക്ക് ചെയ്യാനാകില്ല - അതിനാൽ സർക്കാർ ജോലികളിൽ ജാതീയമായ സമത്വം ഉണ്ടാകേണ്ടതുണ്ട്. ജാതി ഹിന്ദുക്കളിൽ മാത്രമാണ്എന്നതു ഞാൻ കരുതുന്നില്ല. പക്ഷെ കൂടുതൽ ഹിന്ദുക്കളിലാണ് എന്നത് ഒരു യാഥാർഥ്യമാണ്. 70 % വരുന്ന പിന്നോക്കക്കാർ ജോലികളിൽ 20 % മാത്രമേയുള്ളു എന്നത് ഒരു യാഥാർഥ്യമാണ്. സർക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉള്ളതാണ്. അതിനർത്ഥം ഇവിടെ സാമൂഹികമായ അസമത്വം ഉണ്ട് എന്നതാണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് വിവാഹത്തിലൂടെ സൂചിപ്പിച്ചത്. ജാതിയെ ഇല്ലാതാക്കാനുമല്ല സംവരണം.സാമൂഹികമായ അസമത്വത്തെ ഇല്ലാതാക്കാനാണ്.എപ്പോൾ ജനസംഖ്യാനുപാതികമായി എല്ലാവരും സാമൂഹികമായി ഉയരുന്നുവോ അത് വരെ സംവരണം ഉണ്ടാകണം


2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഡൽഹി കാഴ്ചകൾ

അണ്ണാഹസാരെയുടെ ടീമിലെ ആളുകളുടെ ഇപ്പോഴത്തെ ദൗത്യം കണ്ടാലറിയാം അന്നത്തെ സമരം ഒരു സംഘനാടകമായിരുന്നു എന്നത്. കിരൺബേധിബാബ രാംദേവ് തുടങ്ങിയവരെയെല്ലാം മുൻ‌നിർത്തി തുടങ്ങിയ നാടകം അപ്രതീക്ഷമായാണു കെജ്രിവാളിലേക്ക് വഴിമാറുന്നത്.  
ഇപ്പോഴും ഒരാവേശത്തിനു സംഭവിച്ച ഒരു തരംഗം എന്നതിലപ്പുറം ആപ്പിന്റെ രാഷ്ട്രീയത്തെ വിലയിരുത്താനായിട്ടില്ല. പക്ഷെ, വി.പി.സിങ്ങ് വരെ നീണ്ടു കിടക്കുന്ന രാഷ്ട്രീയ പരീക്ഷനങ്ങളി നിന്നും ആപ്പിനെ മാറ്റി നിർത്തുന്നത് അധികാരം മുഖ്യമല്ല എന്ന തോന്നലുണ്ടാക്കാ കെജ്രിവാളിനു കഴിയുന്നു എന്നതാണു. അതാകട്ടെ സ്ഥായിയായി നിലനിർത്താനാകുന്ന ഒന്നല്ല. എങ്കിലും ഇപ്പോ ഒരു അതിനായക പരിവേശമുള്ള സിനിമപോലെ ജനങ്ങ അതാസ്വദിക്കുന്നുണ്ട്.  
ബി.ജെ.പിയുടെയും പ്രചരണ രീതി സമീപനത്തിലൂടെ തന്നെയായിരുന്നു കോണ്ട് പോകാ കരുതിയിരുന്നത്. മോഡിക്ക് ഒരു ഹീറോ പരിവേശം ൽകി ഇല്ലാത്ത വികസനവും മുൻനിർത്തി നടത്താനിരുന്ന പ്രചരണ ഗിമ്മിക്കിനെ തൂണും ചാരി നിന്നവ പെണ്ണും കൊണ്ട് പോകുന്നത് കാണുമ്പോ അണ്ണ ഹസാരെ ബൂമറാങ്ങായ നിരാശയിലാണു ബി.ജെ.പി.

എന്തിനേറെ അമ്പാനിക്കെതിരെയുള്ള കത്തു പോലും ഒരു നല്ല രാഷ്ട്രീയ നോട്ടീസാണു. കോൺഗ്രസ്സിനും ബിജെപിക്കും മറുപടി കഴിയാ ആകാത്ത വിധമുള്ള കെട്ടിയിടലാണു ഒറ്റ മറുപടിയി കെജ്രിവാളിനു കൊടുക്കാനാകുന്നത്

വി.പി.സിങ്ങ് ബി.ജെ.പി മറിച്ചിടുമെന്ന് ഉറപ്പുള്ള ഒരു ഘട്ടത്തി ജനവിധി തേടിയത് പോലും രക്ത്സാക്ഷി പരിവേശമുണ്ടാക്കാ സഹായിച്ചുവെങ്കി അതിനേക്കാളേറെ സാധ്യതകളുള്ള ''മുതലാളി'' വിരോധമാണു കെജ്രിവാളിന്റെ തുരുപ്പ് ചീട്ട്.  ഇത് സാധാരണക്കാരി ഏശുക തന്നെ ചെയ്യും.  അതി എത്ര പ്രായോഗികതയുണ്ട് എന്നതെല്ലാം ബുദ്ധിജീവി കേന്ദ്രങ്ങളി മാത്രമായിരിക്കും ർച്ചകൾ.  അല്ലെങ്കിലും കണക്കുകളും പ്രായോഗികതകളും എന്നാണു ഇന്ത്യ രാഷ്ട്രീയത്തി ർച്ചകളായിട്ടുള്ളത്. ബാബരിമസ്ജിദും രാമജ്ന്മഭൂമിയും വീരാരാധനകളുമല്ലാതെ?

2012, ഡിസംബർ 5, ബുധനാഴ്‌ച

ബാബരി മസ്ജിദ് വീണ്ടും


ബാബരി മസ്ജിദ് പൊളിക്കുന്നത് 1992 ഡിസമ്പർ 6നു. ഞാൻ ഫെബ്രവരിയിലാണു ദുബായിലെത്തുന്നത്. എട്ടാം ക്ലാസ് മുതൽ തന്നെ ദേശീയ രാഷ്ട്രീയം പത്രങ്ങളിൽ വായിക്കുമായിരുന്നു. അതിന്റെ ഗുണമാകാം ബാബരി മസ്ജിദ് അവിടെ നില നിൽക്കില്ല എന്നത് ഒരു ധാരണയുണ്ടായിരുന്നു. കാരണം ബി.ജെ.പിയുടെ വളർച്ചതന്നെ ബാബരി മസ്ജിദിന്റെ ഇഷ്യൂവിലൂന്നിയായിരുന്നു. ഒരു പാർട്ടി എത്രയോ കൊല്ലമായി മുരടിച്ചു നിന്നത് ഒരു ഇഷ്യൂവിൽ വളരുന്നു എന്നതിന്നർത്ഥം അതിനെ ഒരു ഇഷ്യൂ ആക്കുന്നതിൽ അവർ വിജയിച്ചു എന്നതാണെന്ന് എന്നിലെ രാഷ്ട്രീയ വിദ്യാർത്ഥി എന്നെ ഓർമിപ്പിച്ചിരുന്നു. അതിനാൽ തന്നെ ബാബരി മസ്ജിദിനു ശേഷം എന്ത് എന്നതായിരുന്നു ഞാൻ പേടിച്ചിരുന്നത്. 
അതേ നിലയിൽ വർഗ്ഗീയ ധ്രുവീകരണം നിന്നില്ല്കുകയാണെങ്കിൽ ഇന്ത്യ ഒരു മുസ്ലിമിനു അത്ര സുഖകരമാകില്ല എന്ന തോന്നലുമാകാം. അതു ശരിയായ നിരീക്ഷണവുമായിരുന്നു. കാരണം വി.പി.സിങ്ങ് മന്ത്രി സഭയിൽ 82 അംഗബലമുണ്ടാകുന്നതിനു തൊട്ട് മുമ്പുള്ള തിരഞ്ഞെടുപ്പിൽ 2 അംഗങ്ങൾ മാത്രമായിരുന്നു. അതിനാൽ തന്നെ ബിജെ.പിയുടെ വളർച്ച  ബാബരി മസ്ജിദിന്റെ സ്ഥലം രാമജ്ന്മഭൂമിയാണെന്ന വിശ്വാസത്തിന്റെ പ്രചരണവും കൂടിയായിരുന്നു.
അന്നു ബാബരി മസ്ജിദ് പോലെ ഏകദേശം ആയിരത്തോളം പഌഇകളുടെ ഒരു ലിസ്റ്റുമായാണു സംഘപരിവാരം ഇറങ്ങിയിരുന്നത്. ബാബരി മസ്ജിദിനു ശേഷം അവയെല്ലാം ഇഷ്യൂ ആകുകയാണെങ്കിൽ ഇന്ത്യ എന്താകുമെന്ന് എന്നെ ഭയപ്പെടുത്തി. പ്രത്യേകിച്ചും ഈഷ്യൂവിന്റെ വിജയം . 

പക്ഷെ, ബാബരിയുടെ തകർച്ചക്കൊപ്പം തന്നെ മീഡിയയുടെ വളർച്ചയും വരുന്നുണ്ട്. ബാബരി മസ്ജിദ് തകരുന്നത് നോക്കി കണ്ടത് കേവലം അയോദ്ധ്യയിലെ ജനങ്ങളായിരുന്നില്ല. ലോകം മുഴുവൻ അതു കാണുകയായിരുന്നു. ഏതെല്ലാം മീഡിയകളാണോ അയോദ്ധ്യയെ ഒരു വികാരമാകാൻ ബിജെ.പി ഉപയോഗിക്കുകയും ഒരു ഇഷ്യൂ ആക്കി വളർത്താൻ ഇന്ത്യയിലെ എല്ലാ ജനങ്ങളിലേക്കും എത്തിച്ചത് അതെ മീഡിയകൾ തന്നെ അതിന്റെ ഓരോ കല്ലും എടുത്തു മാറ്റുന്നതും ലോകത്തിലെത്തിച്ചു. 

അത് സെക്കുലർ ശബ്ദങ്ങളെയും അവഗണിക്കാൻ കഴിയാത്ത വിധം പൊതുധാരയിലേക്ക് ഉയർത്തി. ലോകത്തിനു മുമ്പിൽ രാജ്യം നാണം കെട്ടു. ഇന്ത്യ ഉയർത്തി പിടിച്ചിരുന്ന മൂല്യങ്ങൾ വെറും പൊള്ളകളായിരുന്നോ എന്ന ചോദ്യം വന്നു. അപ്പോഴാണു തങ്ങളുടെ ഉറക്കത്തിന്റെ വിലക്ക് പകരം പോയത് എന്താണെന്ന് ഭരണാധികാരികൾക്ക് ബോധ്യമായുള്ളൂ. അല്ലെങ്കിലും അവസാനം ഉണരുന്നവർ അവരാണല്ലോ/

തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ആശാവഹനാണു. കാരണം മുമ്പുള്ള വായനകളിൽ തന്നെ ആസാമും അലീഗഡുമെല്ലാം എനിക്കറിയാം. അവിടങ്ങളിലെ വർഗ്ഗീയ ലഹലകൾ ഞാൻ വായിച്ചു മനസ്സിലാക്കിയവനായിരുന്നു. ബാബരി മസ്ജിദ് പക്ഷെ, ബി.ജെ.പിക്ക് രാഷ്ട്രീയമായ മൈലേജല്ല ഉണ്ടാക്കി കൊടുത്തത്. മറിച്ച് അത് ഇന്ത്യയുടെ അടിസ്ഥാന വികാരമായ മതേതരത്വത്തെയാണു ശക്തിപ്പെടുത്തിയത്. 

ഉത്തർപ്രദേശിൽ യാദവനും കാൻഷിറാമും ഒന്നിച്ചു. മത രാഷ്ട്രീയത്തിന്നപ്പുറം ജാതി രാഷ്ശ്ട്രീയവും ഉണരാൻ കാരണമായി. 

പഴയ കാല വർഗ്ഗീയ സംഘട്ടനങ്ങളെ പോലെ ഏതോ പത്രത്തിന്റെ ഒരലോസര വാർത്തയായി ബാബരി മസ്ജിദ് മാറിയില്ല. അത് എൻ.എസ്.മാധവന്റെ ശക്തമായ കഥാപാത്രം പോലെ ഒരു തിരുത്തായിരുന്നു.

അതെ. ഈ ഇന്ത്യൻ മതേതരത്വത്തിൽ എനിക്കിനിയും വിശ്വാസമുണ്ട്.

2011, മേയ് 2, തിങ്കളാഴ്‌ച

ഉംറ യാത്ര-5 (തീർത്ഥജലം)

സൂര്യനുയരുന്നതിനുസൃതമായി മനസ്സിലെ വേവലാതിയുമുയരുന്നു. മുന്നില്‍ കാണുന്നത് കുറെ വരണ്ട മലകള്‍ മാത്രം. അതിന്നപ്പുറമെന്തെന്ന് ആ സ്ത്രീ വേവലാതിപ്പെട്ടു. അല്പം ദാഹജലമെങ്കിലും കിട്ടിയില്ലെങ്കില്‍ ? .ഇതൊന്നു മറിയാതെ ആകാശം നോക്കി ചിരിച്ചു കൊണ്ട് കിടക്കുകയാണ് തന്റെ പൊന്നോമന. മറ്റൊരു സമയത്തായിരുന്നുവെങ്കില്‍ കവിളില്‍ നിന്നു മാറ്റിവക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊന്നും ആസ്വദിക്കാനാവുകയില്ല.

അടുത്തു കാണുന്ന കുന്നിലേക്ക് അവര്‍ ഓടിക്കയറി. ഇല്ല  ഒരു ജീവിയുടെയും ഒരടയാളവും. പ്രതീക്ഷയോടെ നേരെ എതിര്‍ വശത്തിലുള്ളതിലേക്ക്. മുകളില്‍ നിന്നും അപ്പുറത്തേക്ക് നോക്കുമ്പോള്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതമാത്രം.  തലയില്‍ മുഴുവന്‍ വേവലാതിയാണു. ഇല്ല, അങ്ങിനെയാകില്ല. തനിക്കുറപ്പുണ്ട്. പ്രത്യാശക്കൊരു കുറവുമില്ല. അപ്പുറത്താരെങ്കിലും ഉണ്ടാകാതിരിക്കില്ല. എന്താണു ദൈവനിച്ഛയം എന്നു തനിക്കറിയില്ല. ആരിലൂടെയാണു അല്ലാഹുവേ നീ ഞങ്ങളെ തുണക്കുന്നത്? ഇല്ല, ഇക്കുന്നിന്നപ്പുറം കാറ്റിനൊത്തു നൃത്തം വക്കുന്ന മണലല്ലാതൊന്നുമില്ല. അവിടെ ആ മലക്കപ്പുറത്ത്- ..  അങ്ങോട്ട് പോയി നോക്കുക തന്നെ.

ഇത് ഏഴാമത്തെ തവണയാണു ഹാജറ അങ്ങോട്ടുമിങ്ങോട്ടുമായി ഓടുകയും നടക്കുകയും ചെയ്യുന്നത്. തന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു. മര്‍‌വയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവര്‍ ഒന്നു കൂടി മകന്റെയരികിലേക്ക് നോക്കി. മകന്‍ കിടന്നിടത്ത് എന്തോ ഇഴയുന്നതാണോ. അതോ തളര്‍ച്ച തനിക്ക് തോന്നിക്കുന്നതോ? അടുത്തെത്തുന്തോറും അവര്‍ ആശ്ചര്യത്തോടെ അല്ലാഹുവിന്റെ സഹായം എന്തെന്നറിഞ്ഞു. കുഞ്ഞ് കിടക്കുന്നതിന്നരികില്‍ നിന്നും പൊട്ടി വരുന്ന  ഒഴുകിയൊലിക്കുന്ന വെള്ളത്തെ തടഞ്ഞു നിര്‍‌ത്തി. എന്നിട്ടും ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ നോക്കി അവര്‍ കല്ലുകളും മണ്ണുമുപയോഗിച്ചു തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ചു. ഇടയില്‍ വെള്ളത്തെ നോക്കി പറഞ്ഞു. “നിൽക്ക് .. നിൽക്ക് !“ . (സം സം) .

ഒരാജ്ഞ കേട്ടതു പോലെ ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളം അവിടെ നിന്നു. ഒരു ചെറിയ സംഭരണിയായി ആ മരുഭൂമിയില്‍ ഒരു കൊച്ചു നീരുറവ. ഹാജറ ദൈവത്തിനു നന്ദി പറഞ്ഞു.

കുറച്ചു സമയം മുമ്പാണു ഇബ്രാഹീം എന്ന തന്റെ ഭര്‍ത്താവ് മുല കുടി മാറാത്ത പിഞ്ചു കുഞ്ഞിനെയും തന്നെയും ഈ മരുഭൂമിയിലുപേക്ഷിച്ചു പോയത്. ഉപേക്ഷിച്ചു പോയതോ. അല്ല, തീര്‍ച്ചയായുമല്ല. ഇബ്രാഹീം ആരെന്നു മറ്റാരെക്കാളും തനിക്കറിയാം. അദ്ദേഹത്തിനു ആരോടു പറഞ്ഞാലും കൊടും ക്രൂരത എന്ന് വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് തന്നെപോലെ വേറെ ആര്‍ക്കാണറിയുക.
 വീട്ടില്‍ നിന്നും കുട്ടിയേയും കൂട്ടി പിന്തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എങ്ങോട്ട് എന്ന് ചോദിക്കുക പോലും ചെയ്യാതെ പിന്തുടര്‍ന്നത് അദ്ദേഹത്തിലുള്ള വിശ്വാസത്തില്‍ തന്നെയായിരുന്നു. ഒരുപാടൊരുപാട് ദൂരം. മുന്നില്‍ നടക്കുന്ന അദ്ദേഹത്തിന്റെ കാല്പാടുകളെ ഞന്‍ പിന്തുടരുകമാത്രമാണു ചെയ്തത്.  നിശബ്ദനായി മുന്നില്‍ ചിന്താഗ്മനായി നടക്കുന്ന ഭര്‍ത്താവിനെ അനുഗമിക്കുക മാത്രം ചെയ്തു. ചുവന്ന മണല്‍ പരപ്പിനു നടുവിലൂടെ ഒരു ചിത്രമായി ഒരാണും പെണ്ണും പിന്നെയൊരു കൈകുഞ്ഞും.

നീണ്ട യാത്രയവസാനിച്ചത് ഈ കുന്നുകളുടെ നടുവിലാണു. കുഞ്ഞിനെ തന്റെ കയ്യില്‍ നിന്നും വാങ്ങി ഒരു ചെരുവിലെ തണലില്‍ കിടത്തി. വെള്ളം നിറച്ച തോല്‍ പാത്രം കയ്യില്‍ തന്നു. പിന്നെ കയ്യിലെ കുറച്ച് ഈത്തപ്പഴവും. തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന ഇബ്രാഹീമിന്റെ വസ്ത്രത്തില്‍ ഞാന്‍ പിടിച്ചു വലിച്ചു. എങ്ങിനെയാണു വസ്ത്രത്തില്‍ എനിക്കു കയ്യെത്തിയത് എന്നെനിക്കു തന്നെയറിയില്ലായിരുന്നു. പക്ഷെ തനിക്കു മുഖം തരാതിരിക്കാനായിരിക്കാം . തിരിഞ്ഞു നോക്കിയതേയില്ല. രണ്ടു പ്രാവശ്യം ഞാനതു വലിച്ചു തന്നിലേക്കദ്ദേഹത്തെ അടുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴാണെനിക്ക് ബോധ്യം വന്നത്.

ഇത് ഇബ്രാഹീമാണു. എന്റെ ഭര്‍ത്താവ് മാത്രമല്ല ഇബ്രാഹീം. ഒന്നും കാണാതെ ഒരിക്കലും ഇബ്രാഹീം ഇങ്ങിനെ ഇവിടെ ഞങ്ങലെ വിട്ടേച്ചു പോകുകയില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത് അല്ലാഹുവിന്റെ കല്പനയാണോ. അദ്ദേഹം തിരിഞ്ഞു നോക്കാതെ തലകുലുക്കി.

ഇനിയും അദ്ദേഹത്തെ കഷ്ടപ്പെടുത്താനെനിക്കു വയ്യ. ഒന്നു തിരിഞ്ഞാല്‍ തന്റെയും കുഞ്ഞിന്റെയും മുഖം കണ്ടാല്‍ അദ്ദേഹത്തിനു തന്നെ തന്നെ നിയന്ത്രിക്കാനാവാതെ വന്നേക്കും. ദൈവ കല്പനയെ ധിക്കരിക്കാന്‍ അദ്ദേഹത്തിനു താന്‍ കാരണമായിക്കൂട. എവിടെ നിന്നാണു തന്റെ ശബ്ദത്തിനിത്ര ഗാംഭീര്യം വന്നതെന്നു എനിക്കറിഞ്ഞു കൂട. ഞാന്‍ പറഞ്ഞതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. "എങ്കില്‍ നിങ്ങള്‍ പോയിക്കൊള്ളുക, ഞങ്ങളെ അല്ലാഹു കാത്തു കൊള്ളും. "

എന്റെ വാക്കുകളിലെ ധൈര്യം അദ്ദേഹത്തിനുമാശ്വാസം നല്‍കിക്കാണും . പിന്നീട് അദ്ദേഹം നടന്നു പോയത് വളരെ വേഗത്തിലായിരുന്നു.

ഇബ്രാഹീമിനോടിങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചതെന്ത്? എനിക്കു തന്നെ അറിയില്ലായിരുന്നു. ഒരുപക്ഷെ, ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഒരിബ്രാഹീം എന്നെ പറയിപ്പിച്ചതാണു. ദൈവഹിതത്തിന്നപ്പുറം ഒന്നും ആ മനുഷ്യനില്‍ നിന്നുണ്ടാകില്ലെന്നെനിക്കറിയാം. ഈ പുത്രനെ കുറിച്ച് അല്ലാഹുവിന്റെ വാഗ്ദാനം എനിക്ക് പലപ്പോഴും ഓതി തന്നിട്ടുണ്ട്. അതു പറഞ്ഞാണവനെ അദ്ദേഹം മാറോടണക്കാറ്. കാലങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹത്തിന് തന്റെ നാഥന്‍ ഈ  പൊന്നോമനകൊണ്ട് സന്തോഷ വാര്‍ത്ത അറിയിച്ചത് വിനീതനായ ദാസനായി അവന്‍ വളരുമെന്നാണു. അപ്പോള്‍ ഒരു മരുഭൂമിക്ക് ഉണക്കിക്കളയാനുള്ളതല്ല ഞങ്ങളുടെ ജീവിതമെന്ന് എന്റെ ഉള്ളം  പറഞ്ഞതിനാലാണു അദ്ദേഹത്തോട് ഞാന്‍ പോകാന്‍ പറഞ്ഞത്.

സാറ എന്നോട് പറഞ്ഞ ഇബ്രാഹീം തീകൂണ്ഢത്തില്‍ നിന്നു അല്ലാഹു രക്ഷിച്ച അല്ലാഹുവിന്റെ ഖലീലാണു. ഇല്ല, ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല തന്നെ. പക്ഷെ, ദാഹ ജലം തീര്‍ന്നു കഴിഞ്ഞു. എവിടെയാണു രക്ഷ. മുന്നിലെ മലകള്‍ക്കിടയിലൂടെ ആരെങ്കിലും ഞങ്ങളുടെ രക്ഷകരായി വരുന്നുണ്ടോ? എങ്ങിനെയാണു ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തുന്നത്. ഒരു മലയില്‍ നിന്നും മറ്റതിലേക്കോടിയും നടന്നും നീങ്ങുമ്പോള്‍ മനസ്സു മുഴുവന്‍ തീയായിരുന്നു, അത് നംറൂദിന്റെ തീകുണ്ഢത്തേക്കാള്‍ ഉയരത്തില്‍ പൊങ്ങി കൊണ്ടിരുന്നു. എല്ലാറ്റിനുമപ്പുറം ഞാനൊരു മാതാവാകുന്നത് ഞാന്‍ അറിഞ്ഞു തീര്‍ത്തു. എല്ലാറ്റിനുമപ്പുറം താനൊരു മാതാവും, അല്ലാഹുവിന്റെ അനുഗ്രഹിക്കപ്പെട്ട അടിമയും ആയിത്തീരുന്നത് ഹാജറ അനുഭവിക്കുകയായിരുന്നു

ഇത് ചരിത്രം.

എന്നാലിന്ന്  താഴെ കല്ലും മണലും നിറഞ്ഞ മരുഭൂമിക്കു പകരം വെണ്ണക്കല്‍ പതിച്ച രാജപാത, മുകളില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനുമില്ല, വെളിച്ചം പകര്‍ന്നു വൈദ്യുതവിളക്കുകള്‍ . ശീതീകരണയന്ത്രം ഒരു വിയര്‍പ്പുപോലും പൊടിപ്പിക്കാതെ ശരീരം കുളിര്‍പ്പിക്കുന്നു. എങ്കിലും എന്നിലൂടെ എന്റെ മാതാവ് ഹാജറ നടന്നും ഓടിയും രണ്ട് മലകള്‍ക്കിടയിലൂടെ ദാഹജലം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എനിക്കു മുമ്പേ കോടികള്‍ ഹാജറയെയും പേറി ഈ വഴി പിന്നിട്ടു, ഇനിയുമെത്രയോ കോടികള്‍ ബാക്കിയും. 

ത്വവാഫ് പ്രാര്‍ത്ഥനാപ്രധാനമെങ്കില്‍ സ‌അ്‌യ് ചരിത്രപ്രധാനമാണു. ഈ ചരിത്രത്തെ പേറാതെ ഏഴല്ല എഴുനൂറ് പ്രാവശ്യം ഓടിയാലും നിങ്ങള്‍ക്ക് സ‌അ്‌യ് ആസ്വദിക്കാനാവില്ല തന്നെ. ഹാജറ എത്ര ഭാഗ്യവതി. അന്നു മുതല്‍ ഇന്നുവരെ എത്ര പേരാണു ഈ രണ്ട് മലകള്‍ക്കിടയിലൂടെ ഹാജറയാകുന്നത്. ആത്മീയജലത്തിനായുള്ള ഉള്‍വിളി  കേട്ട്  നഗരവും നാടും സമുദ്രങ്ങളും താണ്ടി ഈ പര്‍‌വതങ്ങളെ ഓടി തീര്‍ക്കുന്നത്.

 ഓടുക, നടക്കുക, പരിശ്രമിക്കുക എന്നെല്ലാമാണു സഅ്‌യ് എന്ന പദത്തിന്നര്‍ത്ഥം. ഇപ്പോള്‍ ഹറം പള്ളിക്കുള്ളില്‍ തന്നെയാണു സഫാ-മര്‍‌വ കുന്നുകള്‍. ഇവിടെ ഒരു കുന്നായിരുന്നു എന്നു പറയേണ്ടിവരും. മുമ്പ് ഈ സ്ഥലം ഹറമിനു പുറത്തായിരുന്നു. എന്നാല്‍ പള്ളി വിസ്തൃതമായപ്പോള്‍ ഈ കുന്നുകള്‍ ഹറമിന്നുള്ളിലായി. കഅബയില്‍ നിന്നും 750 മീറ്ററോളം ദൂരമേ സഫയിലേക്കുള്ളൂ.സഫയില്‍ നിന്നു ഏകദേശം 500 മീറ്റര്‍ നടന്നാല്‍ മര്‍‌വയിലെത്തും. സഫയില്‍ നിന്നും മര്‍‌വയിലേക്കും തിരിച്ചുമായി ഏഴു പ്രാവശ്യം നടക്കണം. അതിന്നിടയില്‍ പച്ച നിറത്തില്‍ കത്തുന്ന രണ്ട് ലൈറ്റുകള്‍ക്കിടയില്‍ ഓടുകയും വേണം. ഇതാണു സഅ്‌യ് എന്നു പറയുന്നത്. സ‌അ്‌യ് തുടങ്ങുന്നത് സഫയില്‍ നിന്നാണു. മൊത്തം ഏഴു പ്രാവശ്യമാണു നടക്കേണ്ടത്. മൂന്നര കിലോമീറ്ററോളം നാം നടന്നിരിക്കും സഅ്‌യ് കഴിയുമ്പോഴേക്കും. അതിന്നിടയില്‍ തളര്‍ച്ച തോന്നുകയാണെങ്കില്‍ നമുക്കിരിക്കുകയും വഴിയില്‍ വച്ചിരിക്കുന്ന സംസം കൂടിക്കുകയും വെള്ളം കൊണ്ട് തലയിലും ദേഹത്തുമെല്ലാം നനക്കുകയും ചെയ്യാവുന്നതാണു.

സ‌അ്‌യിന്റെ ചടങ്ങുകള്‍ .

സഫയും മര്‍‌വയും രണ്ട് കുന്നുകള്‍ മാത്രമാണു. പക്ഷെ ചരിത്രത്തിലെ ഒരടയാളമാണു. അതാണതിന്റെ പ്രത്യേകതയും. അതിനാല്‍ തന്നെ സഫ നാം കാണുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത്


إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْرًا فَإِنَّ اللّهَ شَاكِرٌ عَلِيمٌ
(ഇന്ന സ്വഫാ വല്‍ മര്‍‌വത മിന്‍ ശ‌ആഇരില്ലാഹി ഫമന്‍ ഹജ്ജല്‍ ബൈത അവി‌അ്‌തമറ ഫലാ ജുനാഹ അലൈഹി അന്‍ യത്വവ്വഫ ബിഹിമാ വമന്‍ തത്വവ്വ‌അ ഖൈറന്‍ ഫൈന്നള്ളാഹ ശാകിറുന്‍ അലീം)

തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.

എന്ന ആയത്ത് പാരായണം ചെയ്യുകയാണു. എന്നിട്ട് സഫയിലേക്ക് കയറി ക‌അബക്കഭിമുഖമഅയി തിരിഞ്ഞു തങ്ങളുടെ കൈകള്‍ കഴിയുന്നത്ര ഉയര്‍ത്തി താഴെ കൊടുത്ത പ്രാര്‍ത്ഥന ചെല്ലുക.


الله اكبر الله اكبرالله اكبر الله اكبر الله اكبر الله اكبر، لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير، لا اله الا الله وحده أنجز وعده ونصر عبده وهزم الاحزاب وحده

(അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു വഹ്‌ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍‌കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈ‌ഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലള്ളാഹു വഹ്‌ദഹു അന്‍‌ജസ വ‌അ്‌ദഹു വ നസ്വറ അബ്‌ദഹു വ ഹസമല്‍ അഹ്‌സാബ വഹ്‌ദഹു)

അല്ലാഹുവാണേറ്റവും മഹാൻ...
അവനല്ലാതെ ആരാധ്യനില്ല..
അവൻ ഏകനാണ്
അവന്ന് യാതൊരു പങ്കുകാരുമില്ല..
അവന്നാണ് ആധിപത്യവും സ്ത്രോത്രങ്ങളുമെല്ലാം..
അവൻ സർ‌വ്വതിലും അധിപതിയാണ് (എല്ലാത്തിനും കഴിവുള്ളവൻ)
അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം നിറവേറ്റി, തന്റെ അടിമയെ സഹായിച്ചു. അവൻ ഏകനായിക്കൊണ്ട് കക്ഷികളെ പരാജയപ്പെടുത്തി

ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക. എന്നിട്ട് മറ്റുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യാം.

ഇതിനു ശേഷം മര്‍‌വയിലേക്ക് നടക്കുക. അതിന്നിടയില്‍ ത്വവാഫിലെ പോലെ ഖുര്‍‌ആന്‍ പാരായണം ചെയ്യുകയും മറ്റു പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളുമെല്ലാം ചെയ്യാം. ഒരു നിശ്ചിത പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകളും ചെല്ലാം. ഇതിന്നിടയില്‍ ഓടേണ്ട സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ കഴിയുന്നവരെല്ലാം ഓടണം.

മര്‍‌വയിലെത്തിയാല്‍ സഫയില്‍ നിന്നും നാം പ്രാര്‍ത്ഥിച്ച അതേ പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ചെല്ലുകയും മറ്റു പ്രാര്‍ത്ഥനകള്‍ക്കു ശേഷം സഫയിലേക്ക് തിരിക്കുകയും ചെയ്യുക. ഇങ്ങിനെ ഏഴു പ്രാവശ്യം ചെയ്യണം. ഏഴാമത്തെ തവണ നാം മര്‍‌വയിലായിരിക്കും. അതോടു കൂടി ഉം‌റയുടെ പ്രധാന ചടങ്ങുകളെല്ലാം കഴിഞ്ഞു.

പക്ഷെ നാമിപ്പോഴും ഇഹ്‌റാമിലാണു. എന്തെല്ലാം ഇഹ്‌റാമില്‍ നിഷിദ്ധമാണോ, അതെല്ലാം ഇപ്പോഴും നിഷിദ്ധമാണു. ഇഹ്‌റാമില്‍ നിന്നും വിരമിക്കാന്‍ ചെയ്യേണ്ടത് തലമുണ്ഢനം ചെയ്യുക എന്നതാണു. മൊട്ടയടിക്കാന്‍ താത്പര്യമില്ലെങ്കില്‍ തലമുടിയില്‍ നിന്നും കുറച്ച് വെട്ടിക്കളഞ്ഞാലും മതി. ഷിഹാബും ഞാനും അടുത്തുള്ള ഒരു ബാര്‍ബര്‍ ഷാപ്പില്‍ പോയി മൊട്ടയടിച്ചു. സുഹൈര്‍ തന്റെ മുടി വെട്ടുകയാണു ചെയ്തത്.

തിരിച്ചു പള്ളിയില്‍ വന്നപ്പോള്‍ മിനിയുടെ ഉമ്മ, എന്റെ അമ്മായിയും മറ്റൊരമ്മാവന്റെ മകനും അവിടെ മിനിയുടെ കൂടെ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നാട്ടില്‍ നിന്നും ഉംറക്കു വന്നതാണു. എനിക്ക് എല്ലാവരും ചേര്‍ന്നതില്‍ സന്തോഷം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍  അഷ്റഫ് വണ്ടിയുമായി വന്നു. ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിര്‍‌വൃതിയോടെ ഞാന്‍ ഹറമിനോട് സലാം പറഞ്ഞു.

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉംറ യാത്ര - 4 (പ്രാർത്ഥനാപർവ്വം)



പണ്ട് ഒരു രാജ്യത്തൊരു രാജാവുണ്ടായിരുന്നു.

ഒരു കുട്ടികഥ തുടങ്ങുകയല്ല. എത്ര ചെറുപ്പമാണെങ്കിലും ഇങ്ങിനെ ഒരു കഥ കേൾക്കുമ്പോൾ നാം ഒരു രാജ്യത്തെയും രാജാവിനെയും മനസ്സിൽ കാണുന്നുണ്ട്. കഥയിലെ  സ്ഥലവും വ്യക്തിയും നമ്മുടെ അറിവിന്നനുസരിച്ച് വളർന്നു കൊണ്ടിരിക്കുമെന്നു മാത്രം.

ചെറുപ്പം മുതൽ കേൾക്കുന്ന കഥകളിലൂടെ എന്റെ മനസ്സിൽ  മക്ക ചില  ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിൽ എത്ര കെട്ടിടങ്ങൾ ഉയർന്നാലും നമുക്ക് ഒരു പ്രദേശത്തെ ചികഞ്ഞെടുക്കാനാകും.

ഒരു മരുഭൂമി, അവിടെ ചില മണൽകുന്നുകൾ. അവിടെ ജീവിക്കുന്ന ചില ജനങ്ങള്‍.  ഈ ചിത്രം പ്രത്യക്ഷപ്പെടാനുള്ള കാരണം പ്രവാചകന്റെ ആദ്യത്തെ പരസ്യ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രമാണു. പ്രവാചകത്വം മുഹെമ്മദ് നബിക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലാണു. ആദ്യമെല്ലാം തന്റെ പരിചയക്കാരോടും അടുത്ത ആളുകളോടും മാത്രമേ തന്റെ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് എല്ലാ ജനങ്ങളോടും ഏകനായ ദൈവത്തിലേക്ക് വിളിക്കാന്‍ ദൈവകല്പന ലഭിച്ചു.  പരസ്യപ്രബോധനത്തിനു ദൈവ കല്പന കിട്ടിയ പ്രവാചകൻ ആദ്യമായി ചെയ്തത് മക്കയിലെ ഒരു കുന്നിൻ മുകളിൽ കയറിനിന്നു മക്കക്കാരെ വിളിച്ചുകൂട്ടുകയാണു. അന്നത്തെ രീതിയനുസരിച്ച് പ്രധാനമായ കാര്യങ്ങൾ അറിയിക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു അത്.

പ്രവാചകൻ ചോദിച്ചു. ഈ മലക്കപ്പുറം ഒരു വലിയ സൈന്യം നിങ്ങളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ ഒന്നായി പറഞ്ഞു. മുഹെമ്മദ്- നീ ഞങ്ങളിലെ ഏറ്റവും വലിയ സത്യസന്ധൻ. ഈ നാല്പത് വയസ്സിനിടക്ക് ഒരിക്കലും കളവു പറയാത്തവൻ. നിന്നെ ഞങ്ങളെന്തിനു അവിശ്വസിക്കണം.

ഈ ചരിത്രത്തിലെ മക്കയെന്ന മരുഭൂമി, അവിടെ ഒരാള്‍ സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന ഉയരത്തിലൊരു കുന്ന്, ഇങ്ങിനെ ഒരു ചിത്രം രൂപപ്പെട്ടില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ. ആ മക്കയിലേക്കാണു ഞാന്‍ എത്താനിരിക്കുന്നത്.

മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി റോഡ് വഴിയടയാളത്തിന്നപ്പുറം രണ്ടായി മാറുന്നുണ്ട്. ഒന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇനിയങ്ങോട്ട് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിന്റെ അടയാളമാണു. ലോകത്തിലെ രണ്ട് പ്രദേശങ്ങള്‍ ഇത്തരത്തിലുണ്ട്. ഒന്ന് മക്കയും പിന്നെ മദീനയുമാണു. മക്ക ദൈവകല്പനയാല്‍ തന്നെയാണെങ്കില്‍ മദീന പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിയതാണു. ഒറ്റ നോട്ടത്തില്‍ ഇതൊരു ശരികേടായി തോന്നാം. പക്ഷെ, അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു മുസ്ലിം രാജ്യത്തിന് അതിലെ മുസ്ലിങ്ങളല്ലാത്ത പൗരന്മാരുടെ സ്വാതന്ത്ര്യത്തെ വക വച്ചു കൊടുക്കേണ്ടതുണ്ട്. ഖിലാഫത്ത് കാലത്ത് ക്രൈസ്തവരുടെയും ബിംബാരാധകരുടെയും പ്രദേശങ്ങളില്‍ മദ്യവും പന്നി മാംസവും വില്പന വരെ അനുവദിച്ചിരുന്നു. സ്വാഭാവികമായും അവര്‍‌ക്ക് മുസ്ലിങ്ങളുടെ എല്ലാ നിയമങ്ങളും പാലിക്കേണ്ടതില്ല.

ഇന്ന് സൗദി പൗരന്മാര്‍ മുഴുവന്‍ മുസ്ലിങ്ങളാണു. എന്നാല്‍ എല്ലായ്പോഴും അങ്ങിനെ ആയിരുന്നില്ല. ഉമര്‍ (റ) വിന്റെ ഭ്രത്യന്‍ വരെ മുസ്ലിം ആയിരുന്നില്ല. അതിനാല്‍ തന്നെ അമുസ്ലിങ്ങളല്ലാത്തവര്‍ക്ക് മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയും പല കുറ്റങ്ങള്‍ക്കും നല്‍കിയിരുന്നില്ല.  അപ്പോള്‍ ഹറം നിലനില്ല്ക്കുന്ന പ്രദേശത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ ആവശ്യമായിരുന്നു.

രണ്ടാമത് മക്കയില്‍ വിശ്വാസം അതിന്റെ തനിമയില്‍ നില നില്‍ക്കാന്‍ അവിടെ ഇനിയും ബിമ്പങ്ങളും മറ്റു ആരാധനാ രീതികളും ഉണ്ടാകുവാന്‍ പാടില്ല. നൂറ്റാണ്ടുകളായി മക്കക്കാര്‍ ബിംബാരാധകരായിരുന്നു. പ്രവാചകനു ശേഷവും അവരിലേക്ക് ചിലപ്പോള്‍ ഏകാരാധനക്കു വിരുദ്ധമായ വിശ്വാസങ്ങള്‍ കടന്നു വരാം. അതിനാല്‍ മക്കയെന്ന പ്രദേശത്തെ അതിന്റെ തെളിമയില്‍ നിലനിര്‍ത്താന്‍ ഇത് പോലെയുള്ള ഒരു നിയമം ആവശ്യമായിരിക്കാം. കൂടുതല്‍ ദൈവത്തിന്നറിയാം.

രണ്ട് വലിയ തുരങ്കത്തിലൂടെ വേണം ഇന്നത്തെ മക്ക നഗരത്തിന്റെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻ. ഒരു വലിയ മലതുരന്നുണ്ടാക്കിയ തുരംഗം കടന്നു മക്കക്കുള്ളിലേക്ക് പ്രവേശിച്ചപ്പോൾ മലകളാൽ ചുറ്റപ്പെട്ട മക്കയെ ഞാൻ അനുഭവിച്ചു. പക്ഷെ എന്റെ ഇന്നലെ വരെയുള്ള സങ്കല്പങ്ങൾ തലകുത്തി വീണു.

ഇപ്പോഴാണു എനിക്ക് മക്കയുടെ രൂപം വ്യക്തമാകുന്നത്. ഒന്നല്ല, ഒരായിരം കുന്നുകൾ. ചെറുതും വലുതുമായി. അവക്കിടയിലൂടെ ആയിരങ്ങളെയും കൊണ്ട് ഒരു സൈന്യം വന്നാലും ഇപ്പുറം അറിയണമെന്നില്ല. വലുതും ചെറുതുമായ മലകൾക്കിടയിലെ ഒരു സമതലത്തിലാകണം അന്നത്തെ പട്ടണം.

മക്ക മുഴുവൻ മലകളാണു. മലകൾ പറിച്ചെടുത്തും മലമുകളിലുമായാണു അമ്പരചുമ്പികളായ കെട്ടിടങ്ങൾ പൊന്തിവരുന്നത്. പർവ്വതനിരകൾക്കിടയിലെ നഗരമാണു മക്ക. ഒരു പക്ഷെ നാളെ ഈ വസ്തുത മനസ്സിലാക്കാന്‍ പ്രയാസകരമായിരിക്കും. കാരണം ഹറമിന്നടുത്തു പോലും മലകള്‍ പറിച്ചെടുത്തു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അവിടെയെല്ലാം ഒരു സമതലമായി മാറാന്‍ ഈ യന്ത്രയുഗത്തിനു വലിയ സമയം വേണ്ടി വരില്ല.

മക്കയിൽ എന്റെ ബന്ധു താമസിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നല്ലോ. ശരിക്കും എന്റെ അമ്മാവന്റെ മകളാണു മിനി എന്നു ഞങ്ങൾ വിളിക്കുന്ന മുനീറ സുൽത്താന. അവളുടെ ജേഷ്ഠനും ഞാനും സമപ്രായക്കാർ. ഞാൻ വളർന്നത് എന്റെ ഉമ്മ വീട്ടിലാണു.  എന്നെ വളർത്തിയത് എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും. അതിനാൽ തന്നെ എന്റെ വൈകാരിക ബന്ധം അവരോടാണു. ഒരു വലിയ കൂട്ടുകുടുമ്പമായാണു ഞങ്ങള്‍ വളര്‍ന്നിരുന്നത്.   മിനിയും ഞാനുമെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണു. അവിടെ അടികൂടിയും കളിച്ചും വളർന്നവരാണു ഞങ്ങൾ. കസിൻ എന്നത് ശരിക്കും എനിക്കൊരകൽച്ച ഉണ്ടാക്കുന്ന പദമാണു. അതിനേക്കാൾ എന്റെ പെങ്ങൾ തന്നെയാണു മിനി. മക്കയിലെത്തുന്നതിനു മുമ്പ് തന്നെ ഞാൻ മിനിക്കു വിളിച്ചിരുന്നു. അവൾ ഏർപ്പാടാക്കി തന്ന വഴികാട്ടിയിലൂടെ ഞങ്ങൾ ഭർത്താവ് ഡോക്റ്റർ അഷറഫ് ജോലി ചെയ്യുന്ന ഏഷ്യൻ ക്ലിനിക്കിലെത്തി. അദ്ദേഹം അവിടെ ഇ.എൻ.ടി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. ആ തിരക്കിന്നിടയിലും അദ്ദേഹം ഇറങ്ങി വന്നു . ഞങ്ങളെ അവരുടെ ഫ്ലാറ്റിലേക്ക് വഴിതെളിയിച്ചു. മക്കയില്‍ ഖാലിദിയ എന്ന സ്ഥലത്താണു അവര്‍ താമസിക്കുന്നത്. അറബ് രാജ്യങ്ങളിലെ പല സ്ഥല നാമങ്ങളും എല്ലായിടത്തുമുണ്ട്. ഖാലിദിയ അബൂദാബിയിലെയും ഒരു തെരുവിന്റെ പേരാണു.ബഹറൈന്റെ തലസ്ഥാനമായ മനാമ അജ്മാനിലുമുണ്ട്.

ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തിരുന്നത് നേരെ ഉംറക്കു ശേഷം മിനിയുടെ വീട്ടിലേക്ക് പോകാമെന്നായിരുന്നു. എന്നാൽ മക്കയിലെത്തിയാൽ ഉംറക്കു മുമ്പ് ഒരു കുളി സുന്നത്തുണ്ട്. എന്തിനതു നഷ്ടപ്പെടുത്തണമെന്ന് കരുതിയാണു വീട്ടിലേക്ക് പോന്നത്. അതേതായാലും നന്നായി. കാരണം മിനി ഭക്ഷണവും വണ്ടിയുമെല്ലാം ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെ വണ്ടി അവരുടെ ഫ്ലാറ്റിന്നരികില്‍ നിര്‍ത്തി മറ്റൊരു വണ്ടിയിലാണു ഹറമിലേക്ക് പുറപ്പെട്ടത്. മക്കയില്‍ ഹറമിന്നടുത്ത് പാര്‍ക്കിംഗ് സൗകര്യം വളരെ കുറവാണു. അതിനാല്‍ കുറച്ച് ദൂരം പാര്‍ക്ക് ചെയ്യേണ്ടി വരും. മിനിയും കൂടെ വന്നു. ഹറമിലെത്തുമ്പോഴേക്കും ഇശാനമസ്കാരം തുടങ്ങിയിരുന്നു. റോഡില്‍ നിന്നാണു ആളുകള്‍ നമസ്കരിക്കുന്നത്. ഞങ്ങള്‍ക്കും അവരോടൊപ്പം ചേരുക മാത്രമേ നിര്‍‌വാഹമുള്ളൂ. നമസ്കാരം കഴിഞ്ഞപ്പോള്‍ പിന്നെയും ഹറമിലേക്ക് പ്രവേശിക്കാന്‍ കുറച്ച് നേരം കാത്തു നില്‍ക്കേണ്ടി വന്നു. കാരണം നമസ്കാരം കഴിഞ്ഞു വരുന്ന ജനപ്രവാഹം കുത്തിയൊലിക്കുന്ന മലവെള്ളം പോലെയാണു വരുന്നത്. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് കാത്തുനിൽക്കേണ്ടി വന്നു. ഹറമിന്റെ കോമ്പൗണ്ടിലേക്ക് ഞാന്‍ കാലെടുത്തു വച്ചു.

അപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ ഹറം എന്റെ മുമ്പില്‍ വലുതായി നിന്നു. പുറത്ത് നിന്നു നോക്കിയാല്‍ മസ്ജിദുല്‍ ഹറം ഒരു വലിയ പള്ളി എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.എങ്കിലും മനസ്സില്‍ ആദ്യമായി കാണുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിന്റെ വികാര തള്ളിച്ചയിലാകാം മക്കയും അതുള്‍കൊള്ളുന്ന ചരിത്രങ്ങളൊന്നും തന്നെ ആ സമയത്തെന്നെ മദിക്കുന്നുണ്ടായിരുന്നില്ല. ഒരു ലക്ഷ്യം പൂര്‍ത്തിയാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സു നിറയെ.

ഹറമിനെ നമുക്ക് നാലായി തിരിക്കാം. പള്ളിയുള്‍കൊള്ളുന്ന വിശാലമായ പള്ളിമുറ്റം, അതിവിശാലമായ പള്ളി, വലിയൊരു നടുമുറ്റം പോലെ പള്ളിക്കുള്ളില്‍ തുറന്ന പ്രദക്ഷിണ സ്ഥലം (ത്വവാഫ് ചെയ്യുന്ന ഭാഗം) പിന്നെ അതിനെല്ലാം മധ്യത്തിലായി ക‌അബ. ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണു മസ്ജിദുല്‍ ഹറം. അതിന്റെ മൊത്തം വിസ്തീര്‍ണ്ണം തൊണ്ണൂറ് ഏക്കറിന്നടുത്തു വരും. സ്വാഭാവികമായും ഹജ്ജിനു വരുന്ന നാല്പതോളം ലക്ഷം ജനങ്ങളെ ഉള്‍കൊള്ളാന്‍ ഈ സൗകര്യങ്ങളൊരുക്കിയേ തീരൂ.  കൊമ്പൗണ്ടിനോട് ചാരി നിരവധി കച്ചവട കെട്ടിടങ്ങളുണ്ട്. പക്ഷെ എപ്പോള്‍ ഹറം വിശാലമാക്കണമോ അപ്പോഴെല്ലാം അടുത്തടുത്ത കെട്ടിടങ്ങള്‍ പൊളിച്ചിരിക്കും. അതാരുടെതാണെങ്കിലും ശരി. അങ്ങിനെയെങ്കില്‍ അടുത്തു കാണുന്ന കെട്ടിടങ്ങള്‍ക്ക് ഒരു ദശകത്തിനുള്ളിലേ ആയുസ്സുണ്ടാകുകയുള്ളൂ എന്നര്‍ത്ഥം.

മസ്ജിദ് ഹറം പുറത്തു നിന്നുള്ള കാഴ്ച്ച
പള്ളിമുറ്റത്തിലൂടെ ആളുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. വൈദുതിവിളക്കുകള്‍ രാത്രിയെ പകലിനേക്കാള്‍ വെളിച്ചമുള്ളതാക്കിയിരിക്കുന്നു. വെളിച്ചത്തില്‍ വെള്ളമാര്‍ബിള്‍ വെട്ടി ത്തിളങ്ങുന്നു. അവ കടന്നു വേണം പള്ളിയിലേക്ക് പ്രവേശിക്കാന്‍.

മസ്ജിദുല്‍ ഹറമിനു 99 വാതിലുകളുണ്ട്. ചെറുതും വലതുമായി. ഈ 99 പ്രത്യേകിച്ച് പുണ്യമൊന്നുമുള്ള ഒരക്കമല്ല. എങ്കിലും അതിനു വിശ്വാസവുമായി ഒരു ബന്ധമുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍ ഖുര്‍‌ആനിലും ഹദീസിലുമായി സാധാരണ എണ്ണാറുള്ളത് 99 ആണു. അതുദ്ദേശിച്ചു തന്നെയാണോ ഈ വാതിലുകളുടെ എണ്ണവും തൊണ്ണൂറ്റിഒമ്പതാക്കിയിരിക്കുന്നത്? ഞങ്ങള്‍ അബ്ദുല്‍ അസീസ് ഗെയ്റ്റിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു. പലരും ധരിക്കുന്നത് ഹറമിലേക്ക് പ്രവേശിക്കേണ്ടത് ബാബുസ്സലാം എന്ന ഗെയ്റ്റിലൂടെ മാത്രമാണെന്നാണു. അങ്ങിനെയൊന്നുമില്ല. കാരണം പ്രവാചകന്റെ കാലത്ത് ഇന്നു കാണുന്നതോ പേരുള്ളവയോ ആയ ഒരു ഗെയ്റ്റുമില്ല. ക‌അബക്കു ചുറ്റുമുള്ള ഈ പ്രുഢമായ പള്ളിയും അതിനോടനുബന്ധിച്ച അലങ്കാരവുമെല്ലാം തുര്‍ക്കികളും പിന്നീട് വന്ന എണ്ണപ്പണത്തിന്റെയും കൂടി ബാക്കി പത്രമാണു. അതെല്ലാതെ ഒരു ഹദീസനുസരിച്ചും ഇന്ന ഭാഗത്തുകൂടെ മാത്രമേ പ്രവാചകന്‍ ഹറമിലേക്ക് കടന്നിട്ടുള്ളൂ എന്നൊന്നുമില്ല. ഞങ്ങള്‍ക്ക് പോകാന്‍ എളുപ്പം അബ്ദുല്‍ അസീസ് ഗെയ്റ്റ് ആയിരുന്നു. യാത്രലിയായിരുന്നതിനാല്‍ ഞങ്ങള്‍ മഗ്‌രിബ് ഇശായോട് കൂടി പിന്തിച്ചു നമസ്കരിക്കാന്‍ കരുതിയിരുന്നു. അതിനാല്‍ തവാഫിനു മുമ്പ് ഞങ്ങള്‍ മഗ്‌രിബ് നമസ്കരിച്ചു. പള്ളിയുടെ വിശാലത അമ്പരപ്പിക്കുന്നത് തന്നെ. കാരണം നമസ്കരിക്കുന്നിടത്തു നിന്നും വളരെ ദൂരേക്കും അതിന്റെ മുന്‍‌ഭാഗം കാണാനുണ്ടായിരുന്നില്ല. നമസ്കാരത്തിനു ശേഷം ഏറ്റവും പ്രധാന്മായതും ഉം‌റയുടെ രണ്ടാമത്തെ ഘട്ടവുമായ തവാഫിനായി എഴുന്നേറ്റു. മുന്നോട്ട് കുറേ കൂടി നടന്നപ്പോള്‍ ക‌അബ കാണുവാന്‍ തുടങ്ങി. അടുക്കുന്തോറും അതെന്നെ വിസ്മയിപ്പിക്കുന്നു. ഹറം പള്ളിയുടെ മധ്യഭാഗത്തായി തുറന്ന ഒരു മൈതാനം. അതിന്നു നടുവിലായാണു ക‌അബ നില്‍ക്കുന്നത്. പള്ളിയില്‍ നിന്നു പത്തോളം സ്റ്റെപ്പുകളിറങ്ങിയാണു ഈ വിശാലമായ തുറന്ന സ്ഥലമുള്ളത്. അതിനാല്‍ നമുക്ക് താഴെയായാണു ജനങ്ങള്‍ തവാഫ് ചെയ്യുന്നത്. ക‌അബയാകട്ടെ നേര്‍ക്കുനേരെ കാണാന്‍ കഴിയുന്നു.



ഹറം പള്ളിക്കുള്ളിലെ കഅബ-
ഇതേപോലെ നാലു ഭാഗങ്ങളിലുമയാണു പള്ളിയുടെ കെട്ടിടമുള്ളത്
നാലുഭാഗത്തുനിന്നും നീലിമയാര്‍ന്ന വെള്ളിവെളിച്ചം ക‌അബയിലേക്കടിക്കുന്നുണ്ട്. അതിനെ ചുറ്റി വെള്ള വസ്ത്രമണിഞ്ഞ പുരുഷാരം ഒരൊഴുക്കായി നീങ്ങുന്നു. ആ വെള്ളക്കിടയില്‍ കറുത്ത ക‌അബ ഒരു മനോഹരമായ സൗന്ദര്യം ആവാഹിച്ചു നില്‍ക്കുന്നു. എന്റെ മനസ്സില്‍ ഇവയെല്ലാം ഒരു കാല്പനിക ഭാവം ഉണ്ടാക്കുക തന്നെ ചെയ്തു. ചുറ്റുന്ന മനുഷ്യരെയല്ല ഞാന്‍ കാണുന്നത്. മാലാഖമാരെയാണു. അതെ, ക‌അബയെ വലം ചെയ്യുന്നത് ആ നീലിമയാര്‍ന്ന വെളിച്ചത്തില്‍ ആകാശത്തു നിന്നിറങ്ങുന്ന മാലാഖമാരായാണു എനിക്കനുഭവപ്പെട്ടത്. നടുവില്‍ പൂര്‍ണ്ണമായ കറുത്ത ചതുരക്കെട്ടിടം. അതിന്നു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന വെളുത്ത ഒരാള്‍ക്കൂട്ടം. കെട്ടിടവും ആളുകളും അവരിലേക്കടിക്കുന്ന പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു. ആ കെട്ടിടത്തിന്റെ നിശ്ചലാവസ്ഥയും ജനത്തിന്റെ ചലനവുമാണു ഒരൊഴുക്കാവുന്നത്. ആ ക‌അബ അതിനെ ചുറ്റുന്ന ജനസമുദ്രത്തിനു നടുവിലില്ലായിരുന്നുവെങ്കില്‍ ഇത്ര ഭഗിയായി ഇതനുഭവപ്പെടില്ലായിരുന്നു. ഭക്തിയും സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്ന ആ നിമിഷത്തെ ഞാനെന്റെ മനസ്സിള്‍ക്കാവാഹിച്ചു. ഞങ്ങള്‍ തവാഫിലേക്ക് പ്രവേശിച്ചു.

മറ്റൊരു  നബി വചനം കൂടി ഇതോടൊന്നിച്ചു ചേർത്തു വായിക്കാം- ഏഴാകാശത്തിനും ഏഴു ഭൂമിയുണ്ട്. സൂക്ഷമമായി ഏഴാകാശങ്ങളെ ഖുര്‍‌ആന്‍ പറയുന്ന ഭാഗങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് ഇവിടെ ആകാശമെന്നത് പ്രപഞ്ചം എന്നാണു മനസ്സിലാക്കാനാകുക.  കൂടാതെ പ്രവാചകന്റെ ആകാശയാത്രയിൽ ഓരോ ഭൂമിയിലേയും കഅബകളും അവിടെ ആരാധന ചെയ്യുന്ന സമൂഹങ്ങളേയും കണ്ടിരുന്നു എന്നതെല്ലാം ചേരുമ്പോൾ ഈ പ്രപഞ്ചത്തിന്നപ്പുറമുള്ള മറ്റു പ്രപഞ്ചങ്ങളെ കുറിച്ചുള്ള സൂചനകളായാണു എനിക്കനുഭവപ്പെടുന്നത്. എങ്കിൽ ഞാനിപ്പോൾ നിൽക്കുന്നത് ഈ ഭൂമിയുടെ മാത്രം കഅബയിലല്ല. ഈ പ്രപഞ്ചത്തിന്റെ കഅബയിലാണ്. എന്റെ കണ്ണിനു കാണാൻ കഴിയാത്ത ആയിരക്കണക്കിനു മലക്കുകളെ ഞാൻ മൻസ്സിൽ കണ്ടു. അവരോടൊന്നിച്ചാണെനിക്ക് ഈ പുണ്യഗേഹത്തെ പ്രദക്ഷിണം ചെയ്യാനുള്ളത്. എന്റെ നന്ദി അറിയിക്കാനുള്ളത്. എന്റെ ആവശ്യങ്ങളും പരിഭവങ്ങളും എന്റെ നാഥനോട് പങ്കു വക്കാനുള്ളത്.

ലോകത്തില്‍ ആദ്യമായി ഏകദൈവത്തെ ആരാധിക്കാന്‍ നിര്‍‌മിച്ച ആരാധനാലയം, അതാണു ക‌അബ. ക‌അബയുടെ ഇസ്ലാമിലെ സ്ഥാനമതാകുന്നു.മനുഷ്യ സൃഷ്ടിക്കു മുമ്പേ മാലാഖമാരാല്‍ ആരാധിക്കപ്പെട്ടിരുന്ന സ്ഥാനമാണു ക‌അബ എന്നാണു വിശ്വാസം. പിന്നീട് ഇബ്രാഹീം (അ.സ) മകനായ ഇസ്മാഈല്‍ നബിയുമായി ഒരാരാധനാലയമാക്കി പണിയുകയാണു ചെയ്തതെന്നും വിശ്വസിക്കുന്നു.  എന്തായാലും ഇന്ന് കാണുന്ന ക‌അബ അതേ പോലെ അന്നു മുതലേ ഉണ്ടെന്ന് ആരും ധരിക്കേണ്ടതില്ല. പ്രവാചകനു ശേഷവും ക‌അബ പലപ്പോഴായി പുതുക്കി പണിതിട്ടുണ്ട്. കഅബ കറുത്ത സില്‍ക്കിനാല്‍ ആവരണം ചെയ്തിരിക്കുന്നു. അതിനു മേല്‍ സ്വര്‍ണ്ണലിപികളാല്‍ സത്യസാക്ഷ്യവും ഖു‌ര്‍ആനും അറബിക് കാലിഗ്രാഫിയില്‍ ഒരു ബോര്‍ഡറായി ലിഖിതപ്പെട്ടിട്ടുമുണ്ട്. ഇന്നേ വരെയുള്ള എന്റെ നമസ്കാരങ്ങളെല്ലാം ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളെ പോലെയും  നിന്നെ അടയാളമാക്കിയിരുന്നു. ഇന്നിതാ ആ ലക്ഷ്യം നേര്‍ക്കുനേരെ.

ത്വവാഫ് എന്നാല്‍ മറ്റൊന്നുമല്ല. ക‌അബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യണം, അതിനെയാണു തവാഫ് എന്നു പറയുന്നത്. ഈ ഏഴ് എന്നത് ഇസ്ലാമിലെ പല കാര്യങ്ങളിലും വരുന്നത് കാണാം. പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ഏഴ് ഘട്ടങ്ങലിലായി, ഏഴ് ആകാശങ്ങളായി, ചില കര്‍മങ്ങള്‍ക്ക് ഏഴു മുതല്‍ എഴുപത് ഇരട്ടിവരെ പ്രതിഫലം. ഇങ്ങിനെ ഏഴ് എന്തു കൊണ്ടോ പ്രാധാന്യമുള്ള ഒരു എണ്ണമാകുന്നു. എന്താണീ ഏഴിന്റെ വിവക്ഷ? ദൈവത്തിന്നറിയാം!

തവാഫ് തുടങ്ങുന്നത് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തു നിന്നാണു. ഹജര്‍ എന്നാല്‍ കല്ല്, അസ്‌വദ് എന്നാല്‍ കറുപ്പും. കറുത്ത കല്ല് എന്നാണു ഹജറുല്‍ അസ്‌വദിന്റെ അര്‍ത്ഥം. ക‌അബയുടെ കിഴക്കു മൂലയിലായി സ്ഥാപിച്ച ഒരു കല്ലാണു ഹജറുല്‍ അസ്‌വദ്. ഹജറുൽ അസ്വദിനെ ചുമ്പിച്ചു തവാഫ് തുടങ്ങുന്നത് സുന്നത്തുണ്ട്. പക്ഷെ, അതൊരു എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ കഴിയില്ല എങ്കിൽ അതിനായി പരിശ്രമിക്കേണ്ടതുമില്ല. ഒന്നു തൊടാൻ പോലും കഴിയാത്തത്ര തിരക്കായിരിക്കുമവിടെ, അതിനാൽ പിന്നെ ചെയ്യുവാൻ കഴിയുക്രതിന്റെ നേർക്ക് കയ്യുയർത്തി ഒരഭിവാദ്യം ചെയ്യുക മാത്രമാണു. അതിനു മുമ്പ് ഇഹ്റാമിൽ നാം ധരിച്ച മേൽമുണ്ടിനു ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ഇതു വരെ തോളിലൂടെ ചുറ്റിയിരുന്ന മുണ്ട്, വലത് തോള്‍ പ്രത്യക്ഷമാകുന്ന വിധം ചുറ്റണം. തവാഫിനു മുമ്പാണു ഇങ്ങിനെ ചെയ്യേണ്ടതുള്ളൂ. ചിലരെല്ലാം ഇഹ്റാമിലായിരിക്കുമ്പോഴെ വലതു തോള്‍ കാണുന്ന വിധം മറച്ചു വരാറുണ്ട്, എന്നാല്‍ പ്രവാചകചര്യ അതല്ല.

തവാഫ് തുടങ്ങുമ്പോള്‍ ഹജ്റുല്‍ അസ്‌വദിനെ അഭിവാദനം ചെയ്ത് പലരും അവരുടെ കൈകള്‍ ചുമ്പിക്കാറുണ്ട്. ഹജ്റുല്‍ അസ്‌വദ് തൊട്ടാല്‍ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളൂ, അല്ലെങ്കില്‍ വെറുതെ കൈ ഉയര്‍ത്തിയാല്‍ മതി. എന്നിട്ട് ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ ( അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു അത്യുന്നതന്‍) എന്ന് പറഞ്ഞാണ് തവാഫ് തുടങ്ങേണ്ടത്.

തവാഫ് തുടങ്ങുമ്പോള്‍ ഒരു പ്രത്യേക പ്രാരംഭ പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ


اللهم إيمانا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد (صلعم )


(അല്ലാഹുമ്മ ഈമാനന്‍ ബിക വ തസ്വ്‌ദീഖന്‍ ബി കിതാബിക വ വഫാ‌അന്‍ ബി അഹ്ദിക വത്തിബാ‌അന്‍ ലി സുന്നതി നബിയ്യിക മുഹമ്മദിന്‍ (സ) )


അല്ലാഹുവേ- നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, നിന്റെ ഗ്രന്ഥത്തെ ഞാന്‍ സത്യപ്പെടുത്തുന്നു. അല്ലാഹുവേ, നിന്നിലുള്ള വിശ്വാസം കൊണ്ടും, നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും, നിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടും, നിന്റെ പ്രവാചകന്റെ ചര്യയെ പിന്തുടർന്നു കൊണ്ടും


എന്നാണിതിന്റെ അര്‍ത്ഥം. തവാഫ് ആരംഭിക്കുകയാണു. പിന്നീട് മൂന്നാമത്തെ മൂലയായ റുകുന്‍ യമന്‍ എത്തുന്നത് വരെ ഖുര്‍‌ആനില്‍ നിന്ന് ഓതുകയും നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകള്‍ നിര്‍‌വഹിക്കുകയും ചെയ്യാം. ഇതിന്നിടയില്‍ നിശ്ചയിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ ആവശ്യങ്ങളും കടപ്പാടും നന്ദിയും അറിയിക്കാനുള്ള സമയങ്ങളാണു. എന്നാല്‍ റുൿനുൽ യമാനിനിലെത്തിയാല്‍ പിന്നീട് ഹജറുല്‍ അസ്‌വദ് എത്തുന്നത് വരെ

 ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار 


റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍


ഞങ്ങളുടെ രക്ഷിതാവേ- ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് നല്‍കേണമേ, പരലോകത്തും ഏറ്റവും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്നു കാത്തുകൊള്ളേണമേ 

എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കണം. വീണ്ടും നാം എത്തുക ഹജ്‌റുല്‍ അസ്‌വദിന്റെ അരികിലാണു. ആദ്യത്തെ പോലെ വലതു കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു തവാഫ് തുടരണം. ഇങ്ങിനെ ഏഴു പ്രാവശ്യം ക‌അബയെ വലയം വക്കണം.

ഈ പ്രാര്‍ത്ഥന നാം സ്ഥിരമായി ചെല്ലുന്നതാണു. പക്ഷെ അതിനെ പ്രാധാന്യമാകട്ടെ പലപ്പോഴും മനസ്സിലാക്കാതെ പോകുന്നതും. നാം ദൈവത്തോട് ചോദിക്കുന്നത് ഏറ്റവും ഉത്തമമായതാനു. അത് നമ്മേക്കാള്‍ ഭാവിയറിയുന്ന ദൈവത്തിന്നാണറിവുള്ളത്. അതിനാല്‍ തന്നെ നമുക്ക് നല്ലതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും ആത്യന്തികമായി നമുക്ക് നല്ലതാവണമെന്നില്ല. അതിനാല്‍ ഈ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ നമ്മുടെ എല്ലാ ആഗ്രഹങ്ങളും ആവശയ്ങ്ങളും മനസ്സില്‍ കരുതുകയും അതെനിക്ക് നന്മയാണെങ്കില്‍ പ്രധാനം ചെയ്യണമേ എന്ന് കരുതുകയും ചെയ്യുക.

തവാഫില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ മൂന്നു പ്രാവശ്യം വലയം ചെയ്യുമ്പോള്‍ കാല്‍ രണ്ടും അടുപ്പിച്ച് ചെറുതായി ഓടുന്നത് പോലെയാണു ക‌അബയെ ചുറ്റേണ്ടത് എന്നതാണു. ഇതിനെ റമലിന്റെ നടത്തം എന്നാണു പരയുന്നത്.

പല നാട്ടില്‍ നിന്നും വരുന്ന പല ജനങ്ങള്‍ പലപ്പോഴും അറിവില്ലാതെ തവാഫില്‍ പലതും ചെയ്യുന്നത് കാണാം. ഉദാഹരണത്തിനു റുക്നുല്‍ യമെനിന്റെ മൂലയിലെത്തിയാല്‍ ഹജ്റുല്‍ അസ്‌വദിന്നടുത്തെത്തുന്നത് പോലെ കൈ പൊക്കി അഭിവാദനം ചെയ്യേണ്ടതില്ല. കൂടാതെ തവാഫില്‍ മറ്റു സന്ദര്‍ഭങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമില്ല. അതിനാല്‍ ഒന്നാം താഫില്‍ രണ്ടാം തവാഫില്‍ എന്നെല്ലാം പറഞ്ഞ് വരുന്ന പല ദു‌ആകളും അനാവശ്യമാണു. നമുക്ക് ചോദിക്കാനുള്‍ലതും പറയാനുള്ളതും അറബിയിലാകണം എന്നുമില്ല. മുമ്പ് സൂചിപ്പിച്ച ചില പ്രാര്‍ത്ഥനകളൊഴികെ മറ്റൊന്നും കാണാതെ പഠിക്കേണ്ടതോ പുസ്തകം നോക്കി ചെല്ലുകയോ ആവശ്യമില്ലാത്തതാണു.

തവാഫ് കഴിഞ്ഞപ്പോഴേക്ക് കുറച്ചു ക്ഷീണിച്ചിരുന്നു. തവാഫിനു ശേഷം ഹജ്‌റുല്‍ അസ്‌വദിന്നരികിലുള്ള ഇബ്രാഹീം മക്കാമിനു പിന്നിലായി രണ്ട് റക‌അത്ത് സുന്നത്ത് നമസ്കാരമുണ്ട്. ഈ നമസ്കാരത്തിലെ ആദ്യത്തെ റക‌അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ എന്നതും രണ്ടാമത്തതില്‍ ഖു‌ല്‍ ഹുവള്ളാഹു അഹദ് എന്ന അദ്ധ്യായങ്ങള്‍ പാരായണം ചെയ്യുക നബിചര്യയാണു.

അതും നിര്‍‌വഹിച്ച് അവിടെ പാത്രങ്ങളില്‍ വച്ചിരിക്കുന്ന സംസം വെള്ളം കുടിച്ചു കുറച്ചു നേരമിരുന്നു. എന്നിട്ട് അടുത്ത കര്‍മമായ സ‌അയിനായി നീങ്ങി.