2009, ഡിസംബർ 22, ചൊവ്വാഴ്ച

ഉണ്ണിത്താനുയര്‍ത്തുന്ന ചോദ്യങ്ങള്‍


ഉണ്ണിത്താന്‍ പ്രശ്നത്തെ മറ്റു ചില കോണുകളില്‍ നിന്നും നോക്കികാണുകയാണീ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.


ഉണ്ണിത്താന് അമ്പതു വയസ്സെങ്കിലുമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്, കൂടെയുണ്ടായിരുന്ന യുവതിക്കു മുപ്പത്തിരണ്ടെന്നു ദേശാഭിമാനി റിപോര്‍ട്ടില്‍, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി ലൈംഗികതയിലേര്‍പ്പെടുന്നത് എങ്ങിനെയാണ് നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാകുന്നത്. ഞാന്‍ ചോദിക്കുന്നത് നിയമത്തെ കുറിച്ചാണ്. ഇന്ത്യന്‍ നിയമപ്രകാരം വ്യഭിചാരം പണത്തിനു പകരമല്ലെങ്കില്‍ കുറ്റകരമല്ല, പണം ഇടയില്‍ വരികയാണെങ്കില്‍ അത് വ്യേശ്യാവൃത്തി എന്നതിലേക്കു മാറുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാണും‌പെണ്ണും ഒന്നിച്ചു യാത്രചെയ്യുന്നതോ വഴിയിലൊരു വീട്ടില്‍ വിശ്രമിക്കുന്നതോ തെറ്റാണെന്നു പറയാമോ? അല്ലെങ്കില്‍ അവരെ വളയുകയും അവരില്‍ വ്യഭിചാരോപണം നടത്തുകയും ചെയ്യുന്നത് തെറ്റെല്ലാതാകുമോ?

ഉണ്ണിത്താന്‍ പിടിക്കപ്പെട്ട വാര്‍ത്ത ഞാനറിയുന്നത് സംഭവത്തിന്റെ പിറ്റേന്ന് രാവിലെയാണ്. യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ടു, അയാളുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ മനസ്സു പോയത് അപമാനിതയാകുന്ന അയാളുടെ കുടുമ്പത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ്, അതിനൊരു കാരണമുണ്ട്, ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനറിയുന്ന ഒരു കുടുമ്പത്തിലെ പതിനാലുകാരിയായ ഹരിജന്‍ വേലക്കാരി ഗര്‍ഭിണിയായി. പെണ്‍കുട്ടി കാരണക്കാരനെ പറഞ്ഞില്ല, ജനം വിരല്‍ ചൂണ്ടിയത് വീട്ടിലെ കൗമാരക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ. പെട്ടെന്നാണ് കുറ്റം അവനില്‍ ചാര്‍ത്തപ്പെട്ടത്, കോളേജിലായിരുന്ന അവന്റെയരികില്‍ പോയി അന്യേഷിച്ചപ്പോള്‍ അവന്‍ അവന്റെ നിരപരാധിത്വം വ്യക്തമാക്കി, പക്ഷെ ദുബായിലുള്ള എന്നോട് നാട്ടില്‍ നിന്നും വന്ന ഒരു നാട്ടുകാരന്‍ വരെ പറഞ്ഞത് അവനോട് ഈ പയ്യന്‍ കുറ്റം സമ്മതിച്ചു എന്നായിരുന്നു. അന്നു ഞാന്‍ അവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവന്റെ ഉമ്മ കുറേ കരഞ്ഞു, ഞാന്‍ അവനെയും ഉമ്മയെയും സമാധാനിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് കാരണക്കാരനെന്നു തെളിയുന്നത് വരെ അവര്‍ നാട്ടില്‍ അപമാനിതരായി.പിന്നീട് നാട്ടില്‍ പോയപ്പോള്‍ അപമാനത്തിന്റെ പഴയ ഓര്‍മകള്‍ അവരെ വീണ്ടും നിസ്സഹയയാക്കുന്നത് ഞാന്‍ കണ്ടു.

പിന്നീട് ഏതൊരു അപമാനകഥകള്‍ കേള്‍ക്കുമ്പോഴും പെട്ടെന്നു മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെയായിരുന്നു. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താനെക്കാള്‍ തെളിഞ്ഞു വന്നത് അവരുടെ കുടുമ്പത്തിന്റെ ചിത്രങ്ങളാണു.

ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുവാനൊരു ശ്രമം നടത്തുകയല്ല. കാരണം ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഫിയാമദനിയെ കുറിച്ച് തികച്ചും മനുഷ്യവിരുദ്ധമായ ഒരു പ്രസ്ഥാവന ഇയാള്‍ നടത്തിയത്, അതും ഞാന്‍ വായിക്കുന്നത് ഇയാള്‍ക്കെതിരെയുള്ള പോസ്റ്റുകളില്‍ നിന്നാണ്. പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ എന്നെല്ലാം ചോദിക്കാന്‍ മാത്രം അല്‍‌പനാണിയാളെന്ന് ഞാന്‍ കരുതിയിരുന്നില്ല, സൂഫിയ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്നു ലൈംഗികമായ ഒരു ചുവ തന്റെ കമെന്റില്‍ നല്‍കാന്‍ ഒരു അറിയപ്പെടുന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി രോഗമാണെന്നു പറയാതെ വയ്യ.


ഒപ്പം ഉണ്ണിത്താനെ പോലെയുള്ള ഒരാള്‍ ഇങ്ങിനെ പിടിക്കപ്പെടുമ്പോള്‍ ഇതുയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്.


വേശ്യാവൃത്തിയുടെ പരിധിയില്‍ വരുന്നത്, അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയുന്നത് പണം മാത്രമായിരിക്കും, ഉന്നതരായ ആളുകള്‍ക്ക് മറ്റു ചിലവ കൂടി പ്രലോഭനത്തിനായി നല്‍കാന്‍ കഴിയും. ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിങ്ങനെ പലതല്ലാം.


കൂടാതെ ഇപ്പോള്‍ സ്ത്രീ സം‌വരണം മുപ്പത്തിമൂന്ന് ശതമാനമാവുമെന്നിരിക്കെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലത് അമ്പത്‌ വരെയാകുമെന്നിരിക്കെ, തനിക്കൊരു സീറ്റ് തരപ്പെടുത്താന്‍ പിടിപാടുകളില്‍ സ്വാധീനവുമുറപ്പിച്ച് പത്ത് ശതമാനമെങ്കിലും ഇങ്ങിനെയൊന്നുമാവില്ല കയറിപറ്റുന്നെതെന്ന് നമുക്കെങ്ങിനെ പറയാനാകും. അങ്ങിനെ തോന്നിയാല്‍ അതൊരു സ്ത്രീ വിരുദ്ധ ചിന്തയാകുമോ?


ജനാധിപത്യം വിജയിക്കട്ടെ-

2009, ഡിസംബർ 16, ബുധനാഴ്‌ച

കത്ത് പാട്ടിലൂടെ ഒരു യാത്ര

അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി

രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് -
എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പാ എവിടേന്ന്
ഓടിച്ചാടിക്കളിക്കും- മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും

മെതി സ്ഥലത്തേക്ക് വരുമ്പോള്‍ അമ്മാവന്‍ കേള്‍ക്കുന്നത് എന്റെ കലാപ്രകടനമാണ്, പുള്ളി സമ്മാനം ഉടന്‍ തന്നു
പോടവ്ട്ന്ന്- അതിലുണ്ടായൊരു കുട്ടി- വേണ്ടാത്തതാ പടിക്കൊള്ളൂ- പെണ്ണുങ്ങള്‍ കൂട്ടച്ചിരി നടത്തുമ്പോള്‍ ഞാന്‍ തലയും താഴ്ത്തി സ്ഥലം കാലിയാക്കി.

അപ്പോഴും എനിക്കു മനസ്സിലായിരുന്നില്ല, എല്ലാ കോളാമ്പിയിലൂടെയും വരുന്ന എല്ലാരുടെയും നാവിന്റെ തുഞ്ചത്തുള്ള ഒരു പാട്ട് ഞാന്‍ പാടിയപ്പോള്‍ മാത്രമെന്തെ ഇത്ര വേണ്ടാത്തതായതെന്ന്,

സഹവാസിയുടെ ബ്ലോഗില്‍ നിന്നും പഴയ പാട്ട് വീണ്ടും കേട്ടപ്പോള്‍ ഓര്‍മവന്നത് എന്റെ ഈ കുട്ടിക്കാലനുഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വേണ്ടാത്തതിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില വേണ്ടാത്ത തോന്നലുകള്‍ എനിക്കു കുറിക്കാന്‍ തോന്നുന്നു.

എണ്‍പതുകളിലെ ഗള്‍ഫ് മലയാളികള്‍ ഇത്രമേല്‍ കേട്ട ഒരുപാട്ടുണ്ടാവുമോ എന്നു സംശയമാണു, അവരുടെ ഭാര്യമാരും. വരികളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നിസ്സഹായതയുടെ മേലുള്ള ഒരു വലിയ വെല്ലുവിളിയായാണ് എനിക്കനുഭവപ്പെടുന്നത്-

ഞങ്ങള്‍ക്കെല്ലാം സുഖമാണീവിടെ എന്നു തന്നെ എഴൂതീടട്ടെ- എന്ന് തുടങ്ങുന്ന കത്ത് പാട്ടിലെ ചില വരികലിലൂടെ

മധുവിധു നാളുകള്‍ മനസ്സില്‍ കളിക്കുന്നു മധുരക്കിനാവുകള്‍ മാറോടണക്കുന്നു-
മലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു- മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും-

പൂക്കുഞ്ഞിപ്പൈതലല്ലെ- ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലെ-

ഇന്നു ഞാന്‍ പാര്‍ക്കും കരിങ്കല്‍ തടവറ-
മനമോഹങ്ങള്‍ കൊന്ന് കുഴിച്ചിട്ട കല്ലറ

തുടങ്ങിയ കത്തവസാനിക്കുന്നത് തന്റെ പ്രിയതമനോട് ഒരു തിരിച്ച് വരവിന് ആവശ്യപ്പെട്ടാണ്.

ജമീലിന്റെ തന്നെ മറുപടിയിലോ

കത്തിന് ഒരു മറുപടിയില്ല ഉത്തരം മുട്ടിപ്പോയി-

എത്രയും സൂക്ഷിച്ച് വീട്ടില്‍ നീ നിന്നാലും
പറ്റിപ്പോകും -തെറ്റ് പറ്റിപ്പോകും
അയലത്ത് കടമെടുത്തൊരു ഗഡുവതില്‍ പെട്ടും പോകും
നീയും പെട്ടും പോകും

പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്,
പൊണ്ണന്‍ അവനാവളുടെ തെറ്റിന്റെ കര്‍‌ത്താവ്
അവസരമാണാവശ്യത്തിന്‍ മാതാവ്,
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്

മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്,
മറുപടി പറയാന്‍ കഴിയുന്നത് ആര്‍ക്കാണ്
തരിച്ച് പോകും പൌരുഷം തെറിച്ച് പോകും

അടുത്ത പ്ലെയിനില്‍ കയറി പുറപ്പെടുന്ന പുരുഷനില്‍ അവസാനിക്കുന്ന മറുപടിപ്പാട്ട്

പാട്ടിനെ കുറിച്ചുള്ള ഒരു വിലയിരുത്തലല്ല എന്റെ താത്പര്യം- മറിച്ച് അന്നത്തെ ഗാനമേളകളില്‍ ഈ പാട്ട് ഒരനിവാര്യ ഘടകമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിളരവും, മിക്ക ഗള്‍ഫുകാരനും കാണാപാഠമായ വരികള്‍.

പാട്ടില്‍ മാത്രമാണ് ഉടനെതന്നെ തിരിക്കാന്‍ കഴിയുന്ന ഭര്‍ത്താവുള്ളത്. ഒരു കത്ത് പോലും രണ്ട് മുതല്‍ മൂന്നാഴ്ച്ച വരെ കഴിഞ്ഞു കിട്ടുന്ന അക്കാലത്ത്, തങ്ങള്‍ക്ക് ശരിക്കും കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഒരു സുഖവും നല്‍കാത്ത തനിക്ക് പരിഹരിക്കാന്‍ കഴിയാത്ത കുറെ നീറ്റലുകളിലൂടെയാണു കൊണ്ടു പോകുന്ന കത്തിനെ ഇത്രമേല്‍ ആഘോഷിപ്പിക്കാന്‍ ചെലുത്തിയ സ്വാധീനമെന്തായിരിക്കണം?

മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?

അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?