2009, നവംബർ 22, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-14

മുഹെമദ്‌അലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

1595-ല്‍ പട്ടുമരക്കാര്‍ തന്റെ കുഞ്ഞാലി എന്ന പദവി അനന്തിരവനായ മുഹെമദ്‌അലിക്കു നല്‍കി. പദവി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് കോട്ടയെ സംരക്ഷിക്കുവാനുള്ള നടപടികളായിരുന്നു. കോട്ട മതില്‍ കൂടുതല്‍ സുരക്ഷയുള്ളതാക്കുകയും ചുറ്റും കിടങ്ങുകുഴിക്കുകയും ചെയ്ത് നിലവിലുള്ള മറ്റു കോട്ടകളെക്കാള്‍ സുരക്ഷിതമാക്കി. അതിന്നു ശേഷം തന്റെ കര്‍മ രംഗമായ കടലിലേക്കിറങ്ങി.

ഈ സമയത്താണു മംഗലാപുരത്തിന്നടുത്ത ഉള്ളാളിലെ തിരുമല ദേവി മഹാറാണിയെ പറങ്കികള്‍ അക്രമിച്ചത്. ഇതിനെ കുഞ്ഞാലി മംഗലാപുരം രാജാവായ ബങ്കര രാജാവു മായി ചേര്‍ന്ന് പരാജയപ്പെടുത്തി പറങ്കികളെ പിന്തിരിപ്പിച്ചു. ഈ അവസരം പറങ്കികള്‍ നന്നായി മുതലെടുത്തു. അവര്‍ സാമൂതിരിയെകണ്ട് മഹാറാണിയുമായി ചേര്‍ന്ന് കുഞ്ഞാലി പുതിയ ഒരു രാജ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇത് മാനസികമായി കുഞ്ഞാലിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതിലെത്തിച്ചു. തങ്ങളുടെ ഇന്ത്യയിലെ സമുദ്രാധിപത്യം വളരെ സുഖകരമായിരിക്കുമെന്നായിരുന്നു പറങ്കികള്‍ ധരിച്ചിരുന്നത്. അതിന്നു വിപരീതമായി ഇത്തരമൊരു ചെറുത്ത് നില്പ് കച്ചവടം ദുഷ്കരമാക്കുക മാത്രമല്ല യുദ്ധച്ചിലവ് ക്രമാതീതമയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ സാമൂതിരിയുമായി സഖ്യം മാത്രമാണു പോംവഴി എന്ന് പറങ്കികള്‍ക്കറിയാമായിരുന്നു.

ഈ ശ്രമങ്ങള്‍ക്കിടയിലും കിട്ടുന്നയവസരങ്ങളിലെല്ലാം തന്നെ പറങ്കികള്‍ കൊള്ളയും കൊലപാതകങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. കുഞാലിയുടെ അനന്തിരവനായ ഖ്വാജ മൂസയുടെ പോരാട്ടങ്ങള്‍ പോര്‍ച്ചുഗീസ് ചരിത്രകാരന്മാരെപ്പോലും അമ്പരപ്പിക്കുന്നവറ്യായിരുന്നു. 20 ചങ്ങാടങ്ങളിലായി നിരവധി പറങ്കികപ്പലുകളെ അക്രമിച്ച് നശിപ്പിച്ച മൂസയെ അവസാനം നശിപ്പിക്കുന്നത് ആദ്രേ ഫെര്‍ട്ടോയുടെ നായകത്വത്തിലെത്തിയ പടക്കപ്പല്‍ കൂട്ടമായിരുന്നു. ഈ യുദ്ധത്തില്‍ മൂസക്ക് ജീവന്‍ കിട്ടിയതു തന്നെ കടലില്‍ ചാടി നീന്തിയായിരുന്നു.

ഈ സമയം സാമൂതിരിയെ വശത്താക്കാന്‍ വൈസ്രോയി അല്‍‌വാറോ ഡി അംബ്രാച്ചേയെന്ന സമര്‍ത്ഥനായ നാവികനെ നിയമിച്ചു. പൊന്നാനിയില്‍ കോട്ട കെട്ടുവാനനുവദിച്ചതില്‍ മുസ്ലിങ്ങള്‍ മാനസികമായി സാമൂതിരിയോട് അകന്നു തുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലേക്ക് നല്ല രീതിയില്‍ എണ്ണയൊഴിക്കാന്‍ പറങ്കികള്‍ക്കു കഴിഞ്ഞു. ഈ നയതന്ത്ര വിജയം പറങ്കികളുടെ വലിയ വിജയം തന്നെയായിരുന്നു. കുഞ്ഞാലി സാമൂതിരിയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലിങ്ങളുടെ രാജാവെന്നും ഇന്ത്യന്‍ കടലുകളുടെ അധിപതിയെന്നുമുള്ള പദവികള്‍ സ്വീകരിച്ചിരിക്കുന്നുമെന്നും സമൂതിരിയെ ധരിപ്പിക്കുന്നതില്‍ അല്‌വാറോ വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുഖ്ഃകരമായ ചില സംഭവങ്ങള്‍ അരങ്ങേറിയെന്നതായിരുന്നു ഇതിന്റെ പരിണതി.

1597-ല്‍ ഫ്രാന്‍സിസ്കോ ഡ ഗാമ വൈസ്രൊയിയായി എത്തി. കുഞ്ഞാലിയെ തളക്കാതെ വ്യാപാരം മുന്നോട്ടു പോകുകില്ലെന്ന് ബോധ്യമുള്ള വൈസ്രോയി കുഞ്ഞാലിക്കെതിരെ സാമൂതിരിയെ കൊണ്ട് യുദ്ധപ്രഖ്യാപനം നടത്തി. കുഞ്ഞാലിക്കെതിരെയായ യുദ്ധത്തിനുള്ള പ്രതിരോധപ്രവര്‍ത്തനനങ്ങള്‍ ആസൂത്രണം ചെയ്തു. പറങ്കി നാവികവ്യൂഹം എല്ലാ സന്നാഹങ്ങളോടും കൂടി വൈസ്രോയിയുടെ സഹോദരനായ മുപ്പതു വയസ്സുകാരനായ ലൂയി ഡ ഗാമയെ നാവികനായി നിയമിച്ചു. 1597 ആദ്യത്തില്‍ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യയിലേക്കു തിരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ സമയത്താണ് ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവത്തിനു തുടക്കം കുറിക്കുന്നത്. ഇന്ത്യയിലേക്കു ഫ്രാന്‍സിസ്കോ ഡ ഗാമ വന്ന കപ്പല്‍ നിരവധി ചരക്കുമായി മടങ്ങുമ്പോള്‍ പുതിയ കടല്‍ ഭീഷണിയായി വന്ന ലന്തക്കാര്‍ (ഡച്ചുകാര്‍) രണ്ടു കപ്പലുമായി പറങ്കികപ്പലിനെ അക്രമിക്കുകയും അറബിക്കടലില്‍ മുക്കിക്കളയുകയും ചെയ്തു. കൂടാതെ കടല്‍ കൊള്ളക്കിറങ്ങിയ ക്യാപ്റ്റന്‍ ഡിമെല്ലോയുടെ കപ്പല്‍ കുഞ്ഞാലിയുടെ നാവികര്‍ പിടിച്ചെടുക്കുകയും അതിലുള്ള പരങ്കികളെ വധിക്കുകയും ചെയ്തു. 1597- നവമ്പര്‍ മാസത്തില്‍ ലൂയി കേരളത്തിലേക്കു തിരിച്ചു.

സാമൂതിരിക്ക് കുഞ്ഞാലിയുമായി യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിന്നു താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞാലിയാകട്ടെ താനൊരിക്കലും സാമൂതിരിയുടെ താത്പര്യത്തിന്നെതിരായിട്ടില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. ഇതിന്നു പിന്‍ബലമായി യുദ്ധത്തിന്നു പടക്കളത്തിലേക്കു ലൂയി ക്ഷണിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസൃതമായേ യുദ്ധത്തീനു താത്പര്യമുള്ളൂവെന്ന് സാമൂതിരി ലൂയിയെ അറിയിക്കുകയും വ്യവസ്ഥകള്‍ വൈസ്രോയി അംഗീകരിക്കാതെ ലൂയിയോട് തിരിച്ച് പോരുവാന്‍ കല്‍പ്പിക്കുകയുമാണുണ്ടായത്. അങ്ങിനെ ആറുമാസത്തിന്നു ശേഷം 1598-ലൂയി മടങ്ങിപ്പോയി.

ഈ അവസരം കോഴിക്കോട്ടെ ആന്തോണിയോ പാതിരി നന്നായി ഉപയോഗിക്കുകയും സമൂതിരിയുടെ നിത്യസന്ദര്‍ശകനായ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി സമൂതിരി ഗോവയിലുള്ള പറങ്കികളെ തന്റെ യുദ്ധസന്നദ്ധത വീണ്ടുമറിയിക്കുകയും ചെയ്തു.ഈ സമയം ധാരാളം കള്ളക്കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. സാമൂതിരിയുടെ ഒരാനയുടെ വാല്‍ കുഞ്ഞാലി വെട്ടിയെന്നുമെല്ലാം - ഇതെല്ലാമായിരുന്നു സാമൂതിരിയെ പ്രകോപിപ്പിച്ചതിന്റെ അടിസ്ഥാനം.

കിട്ടിയ അവസരം പറങ്കികള്‍ ഉപയോഗിച്ചു. 1599 മാര്‍ച്ചില്‍ പുതുപട്ടണം കോട്ട പറങ്കികളും സാമൂതിരിയും കൂടി പ്രതിരോധിച്ചു. ഒരു വലിയ സന്നാഹങ്ങളോടെയായിരുന്നു പറങ്കിപ്പടയുടെ പുറപ്പാട്. ലൂയി ഡ ഗാമ, പെറിയോറ, ലൂയി ഡ് സില്‍‌വ, മേജര്‍ ആന്റണി എന്നിവരടങ്ങിയ വിദഗ്ദരായ കപ്പിത്താന്മാരുടെ നായകത്വത്തില്‍ യുദ്ധമാരംഭിച്ചു. പക്ഷേ പറങ്കികളെ പോലും അമ്പരപ്പിച്ച് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഈ നീക്കം പരാജയപ്പെടുത്തി. പെറിയോറ, സില്‍‌വ, ലെയ്‌വ എന്നിവരെയടക്കം പ്രമുഖരായ നാവികരെ കുഞ്ഞാലിയുടെ മാപ്പിളമാര്‍ വധിച്ചു കളഞ്ഞു. പെറിയോറക്ക് കോട്ടയുടെ ഒരു ഭാഗത്തു വിടവുണ്ടാക്കാനും മാപ്പിളമാരിലെ അഞ്ഞൂറോളം പേരെ വധിക്കുവാന്‍ കഴിഞ്നു എന്നതുമാണ് ആകെ എടുത്തുപറയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി പറങ്കികളെയും വിദഗ്ദരായ 40 നാവികരെയും വധിക്കുവാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. പോര്‍ച്ചുഗീസിന്റെ ഏഷ്യയിലെ ഏറ്റവും വലിയ മാനഹാനി എന്നാണ് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ വിലയിരുത്തിയത്.

പരാജയമറിഞ്ഞ വൈസ്രോയി ആന്‍ഡ്രി ഫെര്‍ട്ടോഡയെ പുതിയ കമാന്ററായി നിശ്ച്ചയിച്ചു യുദ്ധം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു.

കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമനം ശക്തമായാല്‍ തനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയീല്ലെന്ന് യുദ്ധതന്ത്രജ്ഞനായ കുഞ്ഞാലിക്കറിയാമായിരുന്നു. 1599-ഡിസമ്പറില്‍ യുദ്ധൊ പുനരാരംഭിച്ചു. കുഞ്ഞാലിക്ക് പുറമെ നിന്നും കിട്ടിയ ഏക സഹായം ഉള്ളാളിലെ മഹാറാണി കൊടിത്തയച്ച 3000 ചാക്ക് അരി മാത്രമായിരുന്നു. സാമൂതിരിയുടെ കരസേനയിലെ 20000 നായര്‍ പടയാളികള്‍ കരമാര്‍ഗ്ഗം കോട്ട വളഞ്ഞു. മാസങ്ങള്‍ നീണ്ടു നിന്ന പ്രതിരോധത്തിന്നിടയില്‍ പലപ്പോഴായി ഏറ്റുമുട്ടലുകളുണ്ടായി ധാരാളം ആളപായങ്ങളുണ്ടായി. അവസാനം താനും അനുയായികളും സാമൂതിരിക്കു മുമ്പില്‍ കീഴടങ്ങാമെന്നും ജീവഹാനിയില്ലാതെ വിട്ടയച്ചാല്‍ മാത്രം മതിയെന്നും കുഞ്ഞാലി സാമൂതിരിയെ തന്റെ ദൂതന്മാര്‍ മുഖേനെ അറിയിച്ചു.
1599- മാര്‍ച്ച് 31- നു മുമ്പ് കീഴടങ്ങിയാല്‍ ജീവനും സ്വത്തും ഉറപ്പു നല്‍കാമെന്നു സാമൂതിരി കുഞ്ഞാലിയെ അറിയിച്ച് കത്ത് കൊടുത്തു. ഈ ഉറപ്പിന്റെ പിന്‍ബലത്തില്‍ മാര്‍ച്ച് 16-ന് കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങാന്‍ തയ്യാറായി. ആദ്യം സ്ത്രീകളും കുട്ടികളുമടക്കം നാനൂറ് പേരാണു കോട്ടയില്‍ നിന്നും പുറത്തു വന്നത്, മുറിവ് പറ്റി ക്ഷീണിതരായ അവരെ പോകുവാന്‍ അനുവദിച്ചു. കറുത്ത ഒരു ശീലകൊണ്ട് തലമറച്ച് കയ്യില്‍ ഒരു വാളുമായി കുഞ്ഞാലി അവസാനമായി കോട്ടയില്‍ നിന്നും പുറത്തു കടന്നു. മൂന്നു സഖാക്കള്‍ക്ക് നടുവിലായിറങ്ങിയ കുഞ്ഞാലി ഉയരം കുറഞ്ഞ വടിവൊത്ത ശരീരത്തോടു കൂടിയ ഒരാളായിരുന്നു. തന്റെ കയ്യിലെ വാള്‍ സാമൂതിരിയുടെ കാല്‍ക്കല്‍ വച്ചു വിനയത്തോടെ വണങ്ങി. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചു പടനായകനായ ഫെര്‍ട്ടാഡോ കുഞ്ഞാലിയെ വിലങ്ങുവച്ച് വലിച്ചിഴച്ചു. സമൂതിരി നോക്കിനില്‍ക്കെയുള്ള ഈ അക്രമണം സാമൂതിരിയുടെ നായര്‍ പടയാളികളെ പോലും രോഷാകുലരാക്കി. വളരെ പണിപ്പെട്ടാണു സാമൂതിരിക്ക് അവരെ നിയന്ത്രിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും പറങ്കികള്‍ കുഞ്ഞാലിയേയും കൊണ്ട് രംഗം വിട്ടിരുന്നു.

വലിയ സന്തോഷത്തോടെ ഫെര്‍ട്ടോഡെയും സാമൂതിരിയും മരക്കാര്‍ കോട്ടയിലേക്കു പ്രവേശിച്ചു. കോട്ടയെ തകര്‍ത്തു പട്ടണം കൊള്ളയടിച്ച് കൊള്ളമുതല്‍ പങ്കിട്ടെടുത്തു.

മാര്‍ച്ച് 25 ന് ഫെര്‍ട്ടോഡെ കുഞ്ഞാലിയെയും 40 സഖാക്കളെയും കൊണ്ട് ഗോവയിലേക്കു തിരിച്ചു. വമ്പിച്ച പരിപാടികളോടെ പറങ്കികള്‍ വിജയാഘോഷം നടത്തി. കുഞ്ഞാലിയെ ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ട്രോങ്കോയെന്ന ജയിലില്‍ കുഞ്ഞാലിയെയും കൂട്ടരെയും തടവുകാരാക്കി. തങ്ങള്‍ക്കു കഴിയാവുന്ന എല്ലാ പീഡനങ്ങളുമേല്പിച്ചു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ഡോക്റ്റര്‍ കുട്ടോക്ക് പറയുന്നത് ജയിലില്‍ കൃസ്ത്യന്‍ പാതിരിമാര്‍ കുഞ്ഞാലിയെ മതപരിവര്‍ത്തനത്തിനം ചെയ്യുകയാണെങ്കില്‍ സ്വാതന്ത്രനാക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിച്ചിരുന്നു എന്നായിരുന്നു.

തൂക്കിലേറ്റാന്‍ നിശ്ചയിച്ചതിന്നു തലേനാള്‍ രാത്രി മുഴുവന്‍ കുഞ്ഞാലി പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേന്ന് രാവിലെ ഗോവയിലെ നാല്പതു പള്ളികളില്‍ നിന്നും പാതിരികളും കന്യാസ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകള്‍ അരമന മൈതാനിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരുത്സവപ്രതീതിയിലായിരുന്നു ഗോവ. കരിമരുന്നും കൊടിതോരണങ്ങളുമായി അണിഞ്ഞൊരുക്കിയ മൈതാനിയുടെ നടുവിലേക്ക് കുഞ്ഞാലിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കൂടെ താന്‍ പറങ്കികളുടെ കപ്പലില്‍ നിന്നും രക്ഷിച്ച ചൈന അലിയെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു, നല്ലൊയൊരു നാവികനായി കുഞ്ഞാലി വളര്‍ത്തി കൊണ്ട് വരികയായിരുന്നു അയാളെ. സദസ്സിനെ വണങ്ങിയ കുഞ്ഞാലിയെ ഒരു മഴുകൊണ്ട് ആരാച്ചാര്‍ വെട്ടി കൊലപ്പെടുത്തി.

അങ്ങിനെ കുഞ്ഞാലി നാലാമനെന്ന മുഹെമദ് അലിയുടെ ചരിത്രം ഒരു ചരിത്രത്തിന്റെ കൂടി അന്ത്യമായി.

2009, നവംബർ 16, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-13

പട്ടു മരക്കാരെന്ന കുഞ്ഞാലി മൂന്നാമന്‍

കുഞ്ഞാലി രണ്ടാമന്റെ മരണ ശേഷം നാവികരുടെ തലവനായി നിയമിതനായ പട്ടുമരക്കാരാണ് കുഞ്ഞാലി മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

കുഞ്ഞാലി രണ്ടാമന്റെ മരണ സമയത്ത് സാമൂതിരി ചാലിയം കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.ഇതേ സമയം തന്നെയായിരുന്നു ബീജാപ്പൂര്‍ സുല്‍ത്താന്‍ ഗോവയും അഹ്‌മദ് നഗര്‍ സുല്‍ത്താന്‍ ചൌളും ആക്രമിച്ചത്, ഈ രണ്ടു യുദ്ധങ്ങളും സന്ധിയാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധങ്ങള്‍ക്ക് ഒരു മതകീയ മാനവും വന്നിരുന്നു.
മുമ്പേ പറങ്കികള്‍ തരം കിട്ടുമ്പോഴെല്ലാം മുസ്ലിം പള്ളികള്‍ ആക്രമിക്കുന്നത് അവരെ മുസ്ലിങ്ങളുടെ ശത്രുക്കളാക്കിയിരുന്നു. അതിനാല്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂമിനെപ്പോലെയുള്ള മതപണ്ഡിതന്മാര്‍ ഇതൊരു ജിഹാദ് ആയി പ്രഖ്യാപിച്ചു. അതോടു കൂടി ചാലിയം കോട്ട പിടിച്ചടക്കുന്ന യുദ്ധത്തില്‍ പൊന്നാനി, പരപ്പനങ്ങാടി, താനൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കാളികളായി.

മഖ്ദൂമിന്റെ തുഹ്ഫയില്‍ നിന്നും- “കോട്ട ആക്രമിക്കുവാന്‍ തന്റെ സൈന്യാധിപന്റെ കീഴില്‍ ജൂലൈ ആദ്യത്തില്‍ വലിയൊരു സൈന്യത്തെ സാമൂതിരി അയച്ചു. താനൂര്‍ പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ഈ ആക്രമണത്തില്‍ ഭാഗഭാക്കുകളായി. കോട്ടക്കു പുറത്ത്‌വച്ച് നടന്ന ഏറ്റുമുട്ടലില്‍ പറങ്കികള്‍ക്കു കനത്ത നാശനഷ്ടങ്ങല്‍ സംഭവിച്ചു. അവര്‍ കോട്ടക്കകത്ത് അഭയം തേടി.സാമൂതിരിയുടെ സൈന്യം കോട്ട വളഞ്ഞു. കോട്ടക്കു ചുറ്റും കിടങ്ങുകളുണ്ടാക്കി. പ്രതിരോധം തുടങ്ങി രണ്ട് മാസം നീണ്ടപ്പോള്‍ സാമൂതിരി കൂനന്‍ എന്ന സ്ഥലത്തേക്കു താമസം മാറ്റി യുദ്ധ നേതൃത്വം ഏറ്റെടുത്തു. കോട്ടക്കകത്തേക്കു യാതൊന്നും കൊണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷണ ദൌര്‍ബല്യം രൂക്ഷമായപ്പോള്‍ കോട്ടക്കകത്തുണ്ടായിരുന്നവര്‍ക്കു നായയുടെതടക്കം ജീവികളുടെ മാംസം കഴിക്കേണ്ടതായി വന്നു. കഷ്ടപ്പാട് സഹിക്കാതെ ഒളിച്ചോടിപ്പോന്ന ജോലിക്കാരെ യാതൊരുപദ്രവും ചെയ്യാതെ പട്ടാളക്കാര്‍ വിട്ടയച്ചു. പറങ്കികള്‍ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും ഭക്ഷണങ്ങളയച്ചുവെങ്കിലും കോട്ടയിലെത്തുവാന്‍ സാധ്യമായിരുന്നില്ല. കടലില്‍ വച്ചു തന്നെ അത് നശിപ്പിക്കപ്പെട്ടു. കോട്ടയില്‍ നിന്നും സമാധാന അഭ്യര്‍ത്ഥനയുമായി ദൂതന്മാര്‍ സാമൂതിരിയുടെ അടുത്തെത്തി. യുദ്ധച്ചിലവും വലിയ പീരങ്കികളും നല്‍കാമെന്നായിരുന്നു വ്യവസ്ഥ, എന്നാല്‍ സാമൂതിരിയും മാപ്പിളമാരും ഈ വ്യവസ്ഥ അംഗീകരിച്ചില്ല. ദിവസങ്ങല്‍ക്കകം കോട്ടയും പീരങ്കികളും പൂര്‍ണ്ണമായും കീഴടങ്ങാമെന്നും തങ്ങളെ ഉപദ്രവിക്കാതെ വിട്ടയച്ചാല്‍ മതിയെന്നും സ്വന്തം സമ്പാദ്യം മാത്രം കൊണ്ടുപോകാന്‍ അനുവദിക്കണമെന്നുമായി നിവേദനം വന്നു. ഇത് സാമൂതിരി അംഗീകരിച്ചു. ജമാദുല്‍ ആഖിര്‍ 10-ം തീയതി ( 1571 നവമ്പര്‍ ) ആയിരുന്നു ഇത്.“

പറങ്കികള്‍ കോട്ട വിട്ടയുടനെ മാപ്പിളമാരും നായര്‍പ്പടയാളികളൂം ചേര്‍ന്ന് കോട്ട മുഴുവന്‍ പൊളിച്ചുമാറ്റി വിജയമാഘോഷിച്ചു. കോട്ടയുടെ അവസാനക്കല്ലു വരെ അവര്‍ ഇളക്കിമാറ്റി. പറങ്കികള്‍ കോട്ടപണിയാനായി പൊളിച്ച പള്ളികള്‍ പുനസ്ഥാപിക്കാനായി സാമൂതിരി കോട്ടയുടെ കല്ലും മരങ്ങളും മുസ്ലിങ്ങള്‍ക്കു വിട്ടു കൊടുത്തു. ചാലിയം കോട്ട പിടിച്ചെടുത്തത് പറങ്കികളുടെ പ്രതാപത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു.

മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവ് എന്നറിയപ്പെടുന്ന ഖാസി മുഹെമദ് എഴുതിയ ഫതഹുല്‍ മുബീന്‍ അഥവാ വ്യക്തമായ വിജയം എന്ന പുസ്തകം ചാലിയം വിജയത്തിന്റെ കഥയാണ്.

ചാലിയം കോഴിക്കോടിന്നടുത്ത് കടലിലേക്കു തള്ളിനില്‍ക്കുന്ന തന്ത്രപ്രധാനമായ സ്ഥലമാണു. അതിനാല്‍ തന്നെ കടലിലൂടെയുള്ള യാത്രക്കും യുദ്ധത്തിനും ചാലിയത്തിന്നു വളരെ പ്രാധാന്യമുണ്ടായിരുന്നു.

ചാലിയം യുദ്ധത്തിലെ സാഹസികതയും നേതൃപാഠവുമാണ് പട്ടുമരക്കാരെ കുഞ്ഞാലിയെന്ന പദവിയിലേക്ക് അര്‍ഹനാക്കിയത്. നായര്‍പ്പടനായകന്മാര്‍ക്കു നല്‍കുന്ന എല്ലാ സ്ഥാനമാനങ്ങളും സാമൂതിരി കുഞ്ഞാലിമാര്‍ക്കും നല്‍കിയിരുന്നു. കൂടാതെ പുതുപട്ടണത്ത് ഒരു കോട്ട കെട്ടുവാനുള്ള പ്രത്യേകാനുമതി പട്ടുമരക്കാര്‍ സാമൂതിരിയില്‍ നിന്നും കരസ്ഥമാക്കി.

1573-ല്‍ അങ്ങിനെ മരക്കാര്‍ കോട്ടയെന്നറിയപ്പെടുന്ന കുഞ്ഞാലിയുടെ കോട്ട ഉയര്‍ന്നു.

ഈ സമയം പോര്‍ച്ചുഗീസുകാരുടെ അരിയും പഞ്ചസാരയും കയറ്റിയ ഒരു കപ്പല്‍ പൊന്നാനിയില്‍ നിന്നും മാപ്പിളമാര്‍ കീഴടക്കിയിരുന്നു. കണ്ണൂര്‍, കക്കാട്, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലം കുഞാലിപ്പടയും പോര്‍ച്ചുഗീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു.

പറങ്കികള്‍ക്കു പിന്നെയും കച്ചവടം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയായി. തങ്ങളുടെ കോട്ട നഷ്ടപ്പെട്ടതിന്നു പുറമെ സമുദ്രാധിപത്യമെന്ന സ്വപ്നവും ഇല്ലാതാവുന്നത് അവരെ ചൊടിപ്പിച്ചു. ക്യാനരയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അരിക്കപ്പലുകളെ തടഞ്ഞ് പരങ്കികള്‍ പകരം വീട്ടി. ഇത് കേരളത്തില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാക്കി.

കൊച്ചിയിലാകട്ടെ പരങ്കികള്‍ തീരുവ പിരിക്കുന്നതിന്നെതിരെ ജനരോഷമുയര്‍ന്നതിനാല്‍ തീരുവ പിരിക്കുന്നതും പറങ്കികള്‍ക്കുപേക്ഷിക്കേണ്ടി വന്നു.

സാമൂതിരിയുമായി സന്ധിയിലേക്കു നീങ്ങുക എന്ന ശ്രമങ്ങളിലേക്കു നീങ്ങുവാന്‍ പറങ്കികളെ ഇത് പ്രേരിപ്പിച്ചു. പിന്നീട് അതിന്നുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. പൊന്നാനിയില്‍ ഒരു കോട്ട കെട്ടുവാനുള്ള നിവേദനവുമായി അവര്‍ സാമൂതിരിയെ സമീപിച്ചു.നിരന്തര ശ്രത്തിന്റെ ഭാഗമായി കുഞ്ഞാലിമാരുടെ എതിര്‍പ്പിനെ അവഗണിച്ചും സാമൂതിരി 1584-ല്‍ പൊന്നാനിയില്‍ ഒരു കോട്ടകെട്ടാനുള്ള അനുമതി പറങ്കികള്‍ക്കു നല്‍കി. സാമൂതിരി സമുദ്ര വാണിജ്യത്തിനായി സൗജന്യ പാസ്സ് കിട്ടുമെന്ന ധാരണയിലാണ് ഇങ്ങിനെ ഒരു സമ്മതം നല്‍കിയത്.

പക്ഷെ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം പൊന്നാനി പറങ്കികളുടെ താണ്ഡവങ്ങളേറെ ഏറ്റുവാങ്ങിയ പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു സമ്മതപത്രം അവര്‍ക്കു സ്വീകാര്യമായിരുന്നില്ല.

സമൂതിരിയുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ യുദ്ധങ്ങള്‍ ഒഴിഞ്ഞു ഒരു കച്ചവടാന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് തന്റെ പ്രധാന ശക്തിയായ മരക്കാര്‍മാരെ മനസ്സിലാക്കിയെടുക്കുന്നതില്‍ അദ്ദേഹം പരാജിതനായി.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയത്തിന്നപ്പുറം ഒരു മതസംഘട്ടനത്തിലേക്ക് എന്നോ നീങ്ങിയിരുന്നു. പക്ഷെ അതൊരു കൃസ്ത്യന്‍ മുസ്ലിം എന്നതിലുപരി മുസ്ലിം-പറങ്കി യുദ്ധമായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്നൊരൊത്തുതീര്‍പ്പ് സാധ്യവുമായിരുന്നില്ല. സാമൂതിരിയും മരക്കാര്‍മാരും തമ്മിലുള്ള വലിയ ബന്ധത്തില്‍ വിള്ളലുകള്‍ തുടങ്ങിയതവിടം മുതലായിരുന്നു.

പറങ്കികളുടെ ശക്തി ദുര്‍ബലമായിക്കൊണ്ടിരുന്ന ഈ അവസരത്തില്‍ ഇങ്ങിനെ ഒരു സന്ധി അനാവശ്യമായിരുന്നെന്നാണ് മാപ്പിളമാര്‍ കരുതിയിരുന്നത്. വാക്ക് തെറ്റിക്കുന്നതില്‍ പറങ്കികള്‍ കുപ്രസിദ്ധരുമായിരുന്നല്ലോ-

1588-ല്‍ കുഞാലി പറങ്കികളുടെ ഒരു വലിയ കപ്പല്‍ ആക്രമിക്കുകയും അവയിലുള്ളവരെ തടവുകാരാക്കുകയും ചെയ്തു. അടുത്തവര്‍ഷം ചൈനയില്‍ നിന്നും വരുന്ന വലിയൊരു കപ്പല്‍ ആക്രമിച്ചു വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കയ്യിലാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇവയെക്കുറിച്ചുള്ള കുറെ കത്തുകള്‍ പോര്‍ച്ചുഗലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

1591-ല്‍ ഫതീര്‍ ഫ്രാന്‍സിസ്കൊ എന്ന പാതിരി സാമൂതിരിയെക്കാണുകയും കോഴിക്കോട് ഒരു കത്തോലികാപള്ളി പണിയുന്നതിന്നുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു, കൂടാതെ സാമൂതിരിയുടെ കുരുമുളക് മുഴുവന്‍ നിശ്ചിത വിലക്കെടുക്കാമെന്നും സാമൂതിരിയുടെ കയ്യിലെ മുഴുവന്‍ പറങ്കി തടവുകാരെയും സ്വതന്ത്രരാക്കമെന്നുമുള്ള കരാര്‍ നേടിയെടുക്കാനും അദ്ദേഹത്തിന്നു കഴിഞ്ഞു.

എന്നാല്‍ 1594-ല്‍ ആദ്രെ ഫെര്‍ട്ടാഡോ സാമൂതിരിയുടെ മൂന്നു കപ്പലുകള്‍ കൊള്ളയടിക്കുകയും അതിലെ രണ്ടായിരം പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തെ ഞെട്ടിച്ചു. ഇതിനു പ്രതികാരമായി കുഞ്ഞാലി ജാവയില്‍ നിന്നും വരികയായിരുന്ന പറങ്കിക്കപ്പല്‍ കൊള്ളയടിച്ച് 14 നാവികരെ വധിച്ചു.

1595-ല്‍ മറ്റു രണ്ട് മരക്കാര്‍മാരില്‍ നിന്നും വ്യത്യസ്തനായി തന്റെ മരുമകന്‍ മുഹമെദ് അലി മരക്കാരെ തന്റെ പിന്‍‌ഗാമിയായി നിശ്ചയിച്ച് അന്ത്യശ്വാസം വലിച്ചു.

ഇത് പട്ടുമരക്കാരെന്ന കുഞ്ഞാലി മൂന്നാമന്റെ ചരിതം2009, നവംബർ 10, ചൊവ്വാഴ്ച

കേരള ചരിത്രത്തിലൂടെ-12

കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍

കുട്ടിയലിയുടെ മകനാണ് കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിപ്പോക്കര്‍. ഈ പോക്കര്‍ എന്ന പദം അബൂബക്കര്‍ അഥവാ ബക്കര്‍ എന്ന അറബി പേരിന്റെ മലയാളം വിളിയാളമാണ്. മാത്യു മത്തായി ആകുന്നത് പോലെ.

സിലോണിലും കായല്പട്ടണത്തിലും വച്ചു നടന്ന യുദ്ധങ്ങളിലെ പരാജയം സമൂതിരിയെ തളര്‍ത്തിയിരുന്നു. കച്ചവടം പുനസ്ഥാപിക്കുക മാത്രമേ തന്റെ വരുമാനത്തിന് മാര്‍ഗ്ഗമുള്ളൂ എന്നറിയാവുന്ന സാമൂതിരി 1540 ജനുവരിയില്‍ പറങ്കികളുമായി പൊന്നാനിയി വച്ചു ഒരു സമാധാനക്കരാറില്‍ ഒപ്പു വച്ചു. കൊച്ചിയിലെ വിലക്കു കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാമെന്നു സാമൂതിരിക്കിതു പ്രകാരം സമ്മതിക്കേണ്ടി വന്നു.

എന്നാല്‍ പതിവു പോലെ തങ്ങളുടെ താത്പര്യങ്ങള്‍ള്‍ക്കു മാത്രമായി പറങ്കികള്‍ കരാറിനെ ഉപയോഗിക്കുകയും കരയിലും കടലുലും നിര്‍ബാധം കൊള്ള നടത്തുകയും ചെയ്തു. കപ്പല്‍ കൊള്ള ചെയ്യുക മാത്രമല്ല അതിലെ ആളുകളെ മുഴുവന്‍ കൊന്ന് കടലില്‍ താഴ്ത്തുക എന്നത് പറങ്കികളുടെ ഒരു വിനോദമായാണ് അനുഭവിച്ചിരുന്നത്. ഇത് കുഞ്ഞാലിയെ പറങ്കികളോടുള്ള പോരാട്ടത്തിലേക്കു നയിച്ചു. മാത്രമല്ല കച്ചവടത്തിന്റെ ദല്ലാളുകള്‍ കോഴിക്കോട്ട് അന്നും മാപിളമാരായിരുന്നു. മാപ്പിളമാര്‍ക്ക് പറങ്കികളുമായി കച്ചവട ബന്ധം സ്ഥപിക്കുന്നതിന്നൊട്ടും താത്പര്യവുമുണ്ടായിരുന്നില്ല.

കുഞ്ഞാലി രണ്ടാമനും ഒന്നാമനെപ്പോലെ ഒളിപ്പോര്‍ രീതി തന്നെയാണു പിന്തുടര്‍ന്നത്. ഇത് പിന്നെയും പറങ്കികളെ ഒരു ചരക്കു കപ്പല്‍ പോലും തുറമുഖത്തുനിന്നും നീങ്ങണമെങ്കില്‍ ഒരു വലിയ സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടു കൂടിയേ കഴിയൂ എന്ന പ്രയാസത്തിലേക്കെത്തിച്ചു.

കുഞാലിയെ ഒരു തുറന്ന യുദ്ധത്തിലേക്കു കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും പറങ്കികള്‍ ചെയ്യുന്നുണ്ടായിരുന്നു. 1558-ല്‍ ലൂയി ഡെ മെല്ലോവിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വച്ചു വളഞ്ഞു. കുഞ്ഞാലിയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ തകര്‍ത്തെങ്കിലും ബാക്കിയുള്ള കപ്പലുകളുമായി അദ്ദേഹം രക്ഷപ്പെട്ടു.

ഇതിന്നിടെ പറങ്കികള്‍ കടല്‍കൊള്ളയില്‍ കൊന്നൊടുക്കിയ ചിലരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ തുറമുഖത്തടിഞ്ഞു. അതില്‍ ആലി രാജയുടെ ബന്ധുകൂടിയായ ഒരു വ്യാപാര പ്രമുഖന്റെ ജഡം കൂടി അതിലുള്‍പ്പെട്ടിരുന്നു. ഇത് ജനങ്ങളെയും രാജാവിന്റെയും പ്രതിഷേധത്തിന്നിടയാക്കി.
ആലിരാജ തന്റെ സൈന്യങ്ങളുമായി കണ്ണൂരിലെ പറങ്കിക്കോട്ട ആക്രമിക്കുകയും പ്രതിരോധിക്കുകയും തുറമുഖത്തുണ്ടായിരുന്ന മുപ്പതോളം കപ്പലുകള്‍ നശിപ്പിക്കുകയുന്ം ചെയ്തു. പ്രതിരോധം ശക്തമായപ്പോള്‍ കോട്ടക്കകത്തുള്ള പറങ്കികളെ രക്ഷിക്കുവാനായി ഗോവയില്‍ നിന്നും പൌലോ ഡ ലിമയുടെ നേതൃത്വത്തില്‍ കണൂരിലേക്കു പറങ്കികള്‍ പുറപ്പെട്ടു. ബഡ്ക്കല്‍ തീരത്തുവച്ചു പതിയിരുന്നാക്രമിച്ച കുഞാലി പറങ്കിക്കപ്പലുകളെ ചിതറിപ്പിക്കുകയും ലിമയെ പരീക്കേല്‍പ്പിക്കുകയും ചെയ്തു. പരാജപ്പെട്ട പറങ്കികള്‍ക്ക് ഗോവയിലേക്കു പിന്മാറേണ്ടി വന്നു.

ഇതെല്ലാം പരങ്കികളുടെ കച്ചവടത്തെയും സമുദ്രാധിപത്യത്തെയും സാരമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്നിടയില്‍ കുഞ്ഞാലിയുടെ സഹായത്തോടെ ചരക്കു നീക്കം ഇടക്കിടക്ക് നടക്കുന്നുമുണ്ടായിരുന്നു.

പിന്നീട് ഡൊം മസ്കരന്‍ ഹാസിന്റെ കീഴില്‍ പറങ്കിനാവികപ്പട കുഞ്ഞാലിക്കെതിരെ ശക്തമായ ഒരു നീക്കം നടത്തിയെങ്കിലും അവരെയും അതിന്നു ശേഷം വന്ന ലൂയി ഡെ മെല്ലോയുടെ കീഴില്‍ വന്ന നാവികശക്തിയേയും കുഞ്ഞാലിക്കു തോത്പിക്കുവാനായി.

1566- (ഹിജ്ര 976)-ല്‍ അരിയും പഞ്ചസാരയുമായി വന്ന ഒരു പറങ്കിക്കപ്പല്‍ മാപ്പിളമാര്‍ പിടിച്ചെടുത്തു. അതേ വര്‍ഷം തന്നെ ചാലിയത്തിന്നടുത്ത് ആയിരം പേരുമായി വന്ന ഒരു വലിയ കപ്പല്‍ കുട്ടിയലിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. അതിന്റെ പിറ്റേ വര്‍ഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ട ഒരു പറങ്കിക്കപ്പലും കുഞ്ഞാലി തകര്‍ത്തു.
ഈ പോരാട്ടങ്ങളിലെല്ലാം പറങ്കികള്‍ക്കു തീര്‍ത്ത പരാജയമാണുണ്ടായത്. ഇതവരെ സമ്മര്‍ദ്ദത്തിലാക്കി. അതിനാല്‍ വൈസ്രോയി മാര്‍ട്ടിന്‍ അല്‍ഫോന്‍സോ മിറാണ്ട 36 കപ്പലുകളുമായി കുഞാലിയെ പിന്തുടര്‍ന്നു. എന്നാല്‍ തുറന്ന സംഘട്ടനമൊഴിവാക്കി കുഞ്ഞാലി മിറാണ്ടയെ പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ മിറാണ്ടക്കു മാരകമായ മുറിവു പറ്റുകയും കൊച്ചിയിലെത്തിയ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഇതിന്നിടയിലെല്ലാം തന്നെ പറങ്കികള്‍ മലബാറിലെ കച്ചവറ്റ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായിനി, തിക്കോടി തുടങ്ങിയവിടങ്ങളിലെല്ലാം തന്നെ ഇടക്കിടക്കീ വിധം കൊള്ളയും കൊളയും നടമാടി. മാത്രമല്ല ഇവിടങ്ങളിലെ മുസ്ലിം പള്ളികള്‍ നശിപ്പിക്കുന്നതില്‍ പറങ്കികള്‍ പ്രത്യേക താത്പര്യം കാണിച്ചു.

കച്ചവടക്കാരില്‍ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു. ഇതെല്ലാം മുസ്ലിങ്ങള്‍ക്കു പറങ്കികളോട് വിരോധമുണ്ടാക്കുവാന്‍ കാരണമാക്കി. സാമൂതിരിമാരുടെ നായര്‍ പടയാളികള്‍ കാലാള്‍പടക്കാരായിരുന്നു. അതിനാല്‍ തന്നെ നാവികയുദ്ധത്തില്‍ അവര്‍ക്കു നേരിട്ട പങ്കുണ്ടായിരുന്നില്ല. എന്നിരുന്നാലും കൊച്ചിയില്‍ നിന്നുമുള്ള ഒരു കരയുദ്ധത്തിനു സാധ്യതയില്ലാതാക്കിയത് അവരുടെ ശക്തമായ സ്വാധീനമായിരുന്നു. കൂടാതെ അന്ന് കേരളം സന്ദര്‍ശിച്ച ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിങ്ങളെ നായര്‍സമുദായത്തെ പോലെയുള്ള ഒരു ജാതിയായിട്ടാണ്.

ഈ വിധം കച്ചവറ്റ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ കുഞാലിയും കൂട്ടരും വടക്കേ മലബാറിലുള്ള പറങ്കികളുടെ കേന്ദ്രങ്ങള്‍ അക്രമിക്കുവാനാരംഭിച്ചു.

കുഞ്ഞാലിയെ നേരിടാനായി പിന്നീട് വന്ന റൂയി ഡയയേയും കൂട്ടരേയും പരാജയപ്പെടുത്തുകയും റൂയിയെയടക്കം കൊലപ്പെടുത്തുകയും, ഡോണ്‍ ഹെന്റ്രി എന്ന പറങ്കിയെ തടവുകാരനായി പ്പിടിക്കുകയും ചെയ്തത് പറങ്കികളുടെ ആത്മവീര്യത്തീന്നേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഈ സമയം ബീജാപ്പൂര്‍ സുല്‍ത്താന്‍ അഹ്‌മദ് നഗര്‍ സുല്‍ത്താനായിരുന്ന മര്‍ത്തസ് നസീം ഷാഹ് യുമായി ചേര്‍ന്ന് ഗോവക്കും ചൌളിനുമെതിരില്‍ പ്രതിരോധമേര്‍പ്പെടുത്തിയിരുന്നു. സമൂതിരി ഈ സമയം ശരിക്കുപയോഗിക്കുകയും ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.

മര്‍ത്തസ് ഷായെ സഹായിക്കുവാന്‍ കുഞ്ഞാലി പുറപ്പെട്ടു. വഴിക്കു കുഞ്ഞാലി പറങ്കികളുമായി ഏറ്റുമുട്ടി. പക്ഷേ പറങ്കികളെ ഏതിര്‍ത്തു പല നഷ്ടങ്ങളുമുണ്ടാക്കി അദ്ദേഹം ലക്ഷ്യസ്ഥനമായ ചൌളിലെത്തി. എന്നാല്‍ കണ്ണൂരിലെത്തിയ മെനെസിസ്ന്റെ നേതൃത്വത്തിലെത്തിയ പറങ്കിപ്പടയുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരികയും ആയുദ്ധത്തില്‍ കുട്ടിയലിയെന്ന കുഞാലി രണ്ടാമന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ യുദ്ധത്തില്‍ കുഞ്ഞാലിയുടെ രണ്ട് കപ്പലുകളൊഴിച്ചെല്ലാം തന്നെ നശിപ്പിക്കുവാന്‍ പരങ്കിപ്പടക്കു കഴിഞ്ഞിരുന്നു. അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.

ഇത് കുട്ടിയലി എന്ന കുഞ്ഞാലി മരക്കാര്‍ രണ്ടാമന്റെ ചരിതം.


2009, നവംബർ 4, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-11

കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന കുട്ടിയലി മരക്കാര്‍

മുഹെമദലി മരക്കാരുടെ കീഴില്‍ നിയമിതനായിരുന്ന പ്രധാനിയായിരുന്നു കുട്ടിയലി മരക്കാര്‍ എന്ന കുഞ്ഞാലിമരക്കാര്‍ ഒന്നാമന്‍. താനൂര്‍ കേന്ദ്രമാക്കിയായിരുന്നു കുട്ടിയലിയുടെ പ്രവര്‍ത്തന മേഖല. മുഹെമദലി മരക്കാരിന്റെ കീഴില്‍ സാമൂതിരി കുട്ടിയലി മരക്കാരെ നാവിക അഡ്മിറലായി നിയമിച്ചു.

തന്റെ മുന്‍ യുദ്ധങ്ങളില്‍ നിന്നുമുള്ള പരാജയങ്ങലില്‍ നിന്നും പറ്റിയ അബദ്ധങ്ങളെ കുറിച്ച് മനസ്സിലാക്കിയ കുട്ടിയലി യുദ്ധതന്ത്രം മാറ്റുന്നതായി കാണാം. നേരിട്ടുള്ള ഒരു യുദ്ധത്തിലൂടെ ശക്തരായ പോര്‍ച്ചുഗീസുകാരെ തോത്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരക്കാര്‍ തുറന്ന യുദ്ധത്തിന്നു പകരം ഒളിപ്പോര്‍ രീതിയിളെക്കു യുദ്ധതത്രം ആവിഷ്കരിച്ചു.

മുപ്പതുമുതല്‍ നാല്പതു പേരെ കൊള്ളുന്ന ചെറിയ ഓടങ്ങളും പത്തേമാരികളും നിര്‍മ്മിച്ച് പലഭാഗങ്ങളില്‍ കപ്പലുകളെ ആക്രമിക്കുന്ന യുദ്ധരീതിയാണു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്നാവശ്യമായ സാങ്കേതിക മുറകള്‍ തന്റെ നാവിക പടയാളികള്‍ക്ക് അദ്ദേഹം നല്‍കുകയും അങ്ങിനെ നൂറുകണക്കിന് ബോട്ടുകളും അതിലേക്ക് വേണ്ട പടയാളികളെയും പരിശീലിപ്പിച്ചെടുക്കുകയും ചെയ്തു. ഈ നാവികര്‍ പോര്‍ച്ചുഗീസ് കപ്പലുകളെ ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നിന്നും നിരീക്ഷിക്കുകയും പെട്ടെന്നു ചാടി വീണ് അക്രമണം നടത്തുന്ന രീതിയുമാണ് നടത്തിയിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം നീങ്ങുന്ന പായക്കപ്പലുകളായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇത് നല്ലൊരു യുദ്ധതന്ത്രമായിരുന്നു.

കടല്‍തീരത്തുള്ള കുന്നിന്‍ മുകളിലെല്ലാം മരക്കാര്‍മാരുടെ പടയാളികള്‍ സൂക്ഷ്മനിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ഇങ്ങിനെ പല പറങ്കികപ്പലുകളും ഇവര്‍ പിടിച്ചെടുത്തു. ഇത് മൂലം ചരക്കുകപ്പലുകള്‍ക്ക് വലിയ സൈനികസന്നാഹങ്ങളില്ലാതെ ചരക്കുനീക്കം നടത്താന്‍ കഴിയില്ല എന്ന സ്ഥിതിയായി.

ഈ അവസ്ഥയെ കുറിച്ച് അന്നത്തെ വൈസ്രോയിമാര്‍ രാജാക്കര്‍ക്കെഴുതിയ ധാരാളം കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു നിശ്ചിത സ്ഥലത്തുനിന്നായിരുന്നില്ല ആക്രമണമുണ്ടാകുന്നത്. പലയിടങ്ങളില്‍ നിന്നും ഇരമ്പിവരുന്ന ചെറിയതോണികളെ പ്രതിരോധിക്കുന്നത് അസാധ്യമായിരുന്നു. പൊന്നാനി, പന്തലായിനി, ബേപ്പൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങിനെ ആക്രമുണമുണ്ടായതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കൊച്ചി, ഗോവ എന്നിവടങ്ങളില്‍ നിന്നുമെഴുതിയ കത്തുകള്‍ ലിസ്ബെണിന്‍ ഇന്നും ധാരാളമുണ്ട്.

അറബിക്കടല്‍ തങ്ങളുടെ അധീനതയിലായി എന്നു കരുതിയിരുന്ന പറങ്കികള്‍ക്ക് ഇത് വലിയൊരടിയായിരുന്നു. തങ്ങളുടെ പാസ്സുകള്‍ ഉള്ളവര്‍ക്കു മാത്രമേ അറബിക്കടലിലൂടെ പോകാവൂ എന്നായിരുന്നല്ലോ അവസ്ഥ. അതിന്നു വിപരീതമായി വലിയ സൈനിക സന്നാഹത്തോട് കൂടി മാത്രമേ തങ്ങളുടെ കപ്പലുകള്‍ക്കു നീങ്ങാന്‍ കഴിയൂ എന്നത് മാത്രമല്ല തന്റെ നാവിക അകമ്പടിയോടെ ചരക്കുകള്‍ മറുനാട്ടിലേക്ക് അയക്കുവാനും കുഞ്ഞാലി വിജയകരമായി ചെയ്തു പോന്നത്.1523-ല്‍ ഏട്ടു വലിയ കപ്പലുകളില്‍ ചെങ്കടല്‍ തുറമുഖത്തേക്കു കുരുമുളകു കയറ്റി അയക്കാനും അദ്ധേഹത്തിനു കഴിഞ്ഞു. 40 ചങ്ങാടങ്ങള്‍ ഇവയെ അനുഗമിച്ചിരുന്നതായി കാണുന്നു.

കുട്ടിയലിയുടെ സഹോദരന്‍ ചിന്നക്കുട്ടിയലിയും നല്ലയൊരു നാവികനായിരുന്നു. അദ്ദേഹം ഗോവ കേന്ദ്രമായും കുട്ടിയലി കൊച്ചി കേന്ദ്രമായുമാണ് ആക്രമണ പ്രവത്തനങ്ങള്‍ നടത്തിയിരുന്നത്.

കുട്ടിയലിയുമായി ആദ്യം ഏറ്റുമുട്ടിയത് സാപായോ എന്ന പോര്‍ച്ചുഗീസ് നാവികനായിരുന്നു.കണ്ണൂരില്‍ വച്ചുണ്ടായ പോരാട്ടത്തില്‍ ആര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല.

പിന്നീട് മര്‍ട്ടിന്‍ ഡിസൂസയുമായുണ്ടായ കാപ്പാട് വച്ചുണ്ടായ യുദ്ധത്തിലും ആര്‍ക്കും വിജയമുണ്ടായില്ലെങ്കിലും പന്തലായിനിയിലേക്കു പിന്‍‌വാങ്ങിയ കുട്ടിയലിയെ ഡിസൂസ പിന്തുടരുകയും തന്റെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിന്നു മുമ്പേ ആക്രമിക്കുകയും ചെയ്തു. ഇത് കുട്ടിയലിയെ തന്റെ ഓടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവരക്ഷാര്‍ത്ഥം നീന്തി രക്ഷപ്പെടേണ്ട അവസ്ഥയിലേക്കെത്തിച്ചു.

ഈ പോരാട്ടങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത പരാജയങ്ങളിലൊന്നും തന്നെ മാപ്പിളമാര്‍ തളര്‍ന്നു മടുത്ത് പിന്മാറുന്നില്ല എന്നതാണ്-

എം.ഗംഗാധരനെപ്പോലെയുള്ള ചരിത്ര പണ്ഡിതര്‍ ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് കച്ചവടക്കാരായ മാപ്പിളമാര്‍ക്കു ഇതൊരു ജീവന്‍-മരണ പോരാട്ടമായിരുന്നു എന്നതാണ്. അറിയുന്ന ഏക തൊഴില്‍ വിട്ടു കൊടുക്കുക എന്നതിന്നര്‍ത്ഥം ആത്മഹത്യ ചെയ്യുക എന്നതാവുമല്ലോ- കൂടാതെ കുരിശു യുദ്ധങ്ങളിലെ ശത്രു അവരെ മുഴുവനുമായും ഇലാതാക്കുമെന്നും അവര്‍ ഭയന്നിരുന്നു, ഇത് ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ പോരാടുക എന്ന അവസ്ഥയിലേക്കവരെ എത്തിച്ചു എന്നാണ് അഭിപ്രായപ്പെടുന്നത്.

കോഴിക്കോട് തിരിച്ചെത്തിയ കുട്ടിയലി പിന്നീടും സമരരംഗത്തിറങ്ങി. പറങ്കികള്‍ക്ക് സ്വൈരമായി കച്ചവടം ചെയ്യുവാനുള്ള ഒരു സാഹചര്യവും അവര്‍ നല്‍കിയില്ല.

1525- ഫെബ്രുവരിയില്‍ ല്‍ പറങ്കികള്‍ മെനസസിന്റെ നേതൃത്വത്തില്‍ പൊന്നാനി ആക്രമിച്ചു. കച്ചവട സ്ഥാപനങ്ങളെയും വീടുകളെയും തീവച്ചതിന്നു ശേഷം പതിവുപോലെ അവിടെയുള്ള മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

കുട്ടിയലി ഇതിന്നു പ്രതികാരമായി കൊച്ചി ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പറങ്കികപ്പെലുകളെല്ലാം തന്നെ കടലില്‍ താഴ്ത്തുകയും ചെയ്തു.

1525 ജൂണില്‍ ഇതിന്നു പ്രതികാരമായി മറ്റൊരു മുസ്ലിം കച്ചവട കേന്ദ്രമായ പന്തലായിനി ആക്രമിക്കുകയും 40 കപ്പലുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു.

ഇത് സാമൂതിരിയെ കോഴിക്കോട്ടുള്ള പറങ്കിക്കോട്ടയെ ഉപരോധിക്കുന്നതില്‍ കൊണ്ടെത്തിച്ചു. ഈ കോട്ട 1513-ല്‍ മരക്കാര്‍മാര്‍ എത്തുന്നതിന്നു മുമ്പ് പറങ്കികളുമായുണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ചതായിരുന്നു.

കോട്ടയിലേക്കു ഗോവയില്‍ നിന്നും കൊച്ചിയില്‍ നിന്നും അയച്ചിരുന്ന സാധനങ്ങളെല്ലാം തന്നെ കുഞ്ഞാലിയും കൂട്ടരും പിടിച്ചെടുത്തു. ഇത് അഞ്ചുമാസത്തോളം നീണ്ടു നിന്നു. അവസാനം മെനെസസ് കോട്ടയിലുള്ളവരെ രക്ഷിക്കാന്‍ ഇരുപത് കപ്പലുകളുമായി വന്നു. എന്നാല്‍ അവരെ കുട്ടിയലി മരക്കാരുടെ നാവികപ്പട തോത്പ്പിക്കുകയും യുദ്ധത്തില്‍ പരിക്കു പറ്റിയ മെനെസിസ് 1526-ല്‍ മരണപ്പെടുകയും ചെയ്തു.

പിന്നീട് പറങ്കി മേധാവിയായി വന്ന സാപായോ, കുട്ടിയലിയെ ഗറില്ല യുദ്ധത്തില്‍ നിന്നും നേരിട്ട യുദ്ധത്തിലേക്കു നയിക്കുന്ന നയമാണു സ്വീകരിച്ചത്. 1528- മാര്‍ച്ചില്‍ തന്റെ സര്‍വ്വ സന്നാഹങ്ങളുമായി കുട്ടിയലിയെ പിന്തുടര്‍ന്ന് നേരിട്ട യുദ്ധത്തിലേക്കു നയിക്കുകയും കുട്ടിയലിക്കു വമ്പിച്ച നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഇതിന്നിടയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ചിന്നക്കുട്ടിയലിയെ തടവിലാക്കുകയും അതിന്നു വിലയായി വലിയൊരു തുക തലപ്പണമായി വാങ്ങുകയും മേലാല്‍ തങ്ങളുമായി യുദ്ധം ചെയ്യുകയില്ല എന്നു ഖുര്‍‌ആന്‍ തൊട്ടു സത്യം ചെയ്യിക്കുകയും ചെയ്തു.

ഇതേ വര്‍ഷം ചേറ്റുവയിലെ പറങ്കി അക്രമണത്തെ പരാജയപ്പെടുത്തുവാന്‍ കുഞാലിമരക്കാറിന്നു കഴിഞ്ഞു.

1530-ല്‍ ജയിംസ് സില്‍വേറിയ മരക്കാര്‍മാരെ തോല്‍പ്പിച്ച് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. മാത്രമല്ല സമൂതിരി ഗുജ്‌റാത്തിലേക്കയച്ച കപ്പലുകള്‍ പിടിച്ചടക്കി പലരേയും വധിക്കുകയും ചെയ്തു.

തുടര്‍ച്ചയായ യുദ്ധങ്ങള്‍ സമൂതിരിയെ കടക്കാരനാക്കിയിരുന്നു. ഇത് മനസ്സിലാക്കിയ പറങ്കികള്‍, ചാലിയത്ത് തങ്ങള്‍ക്കൊരു കോട്ട കെട്ടുവാനുള്ള അനുമതി വാങ്ങി. തകര്‍ന്നു കൊണ്ടിരുന്ന സാമൂതിരിക്കു അനുവാദം നല്‍കുക മാത്രമേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. ചാലിയം കടലിലേക്കു തള്ളി നില്‍ക്കുന്ന കോഴിക്കോട്ടു നിന്നും കേവലം 10 മൈല്‍ മാത്രം ദൂരമുള്ള തന്ത്രപ്രാധാന്യമുള്ള സ്ഥലമായിരുന്നു.

സൈനുദ്ദീന്‍ മഖ്ദൂം എഴുതുന്നത് മാലിക് ദീനാര്‍ നിര്‍മിച്ച കേരളത്തിലെ തന്നെ ആദ്യ പള്ളികളില്‍ ഒന്നായ ചാലിയം പുഴക്കര പള്ളിയടക്കം ഏഴു പള്ളികള്‍ പൊളിച്ചാണു കോട്ടയും ചര്‍ച്ചും നിര്‍മ്മിച്ചത് എന്നാണ്. പോര്‍ച്ചുഗീസുകാരുടെ മതവൈര്യത്തിന്റെ ഭാഗങ്ങളായാണിവ രേഖപ്പെടുത്തിയിട്ടുള്ളത്.

കോട്ട കെട്ടിയതിന്നു ശേഷം പറങ്കികള്‍ അദ്ദേഹത്തെ തുറമുഖ തീരുവ പിരിക്കാന്‍ അനുവദിച്ചില്ല എന്നത് സാമൂതിരിയെ തന്റെ വരുമാനം ഇല്ലാതാക്കുകയും കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്കു എത്തിക്കുകയും ചെയ്യിച്ചു.

1532-ല്‍ കന്യാകുമാരിയില്‍ താവളമടിച്ചിരുന്ന പറങ്കിക്കപ്പലുകളെ കുട്ടിയലി കടലില്‍ താഴ്ത്തി. സിലോണ്‍ മുതല്‍ ഏതു ഭാഗത്തുനിന്നും മാപ്പിളമാരുടെ ആക്രമണത്തെ ഭയക്കേണ്ട സ്ഥിതിയിലായി പറങ്കികള്‍.

പോര്‍ച്ചുഗീസ് രേഖകള്‍ തന്നെ രേഖപ്പെടുത്തുന്നത് ഒരോ വര്‍ഷത്തിലും ചുരിങ്ങിയത് 50 കപ്പലുകളെങ്കിലും നശിപ്പിക്കപ്പെട്ടു എന്നാണ്.

ചാലിയത്തെ തങ്ങളുടെ കോട്ടക്കു മുന്നില്‍ വച്ചുപോലും അവരുടെ നാവികപ്പടയെ തോല്‍പ്പിക്കുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു.

ഇത് മുഹമെദലി മരക്കാരോടൊപ്പം സിലോണ്‍ രാജാവിനെ തോത്പ്പിക്കാന്‍ പോയ സംഘത്തില്‍ മരണപ്പെടുന്നത് വരെ പറങ്കികള്‍ക്ക് തലവേദനയായി നിന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനെന്ന പേരിലറിയപ്പെട്ട കുട്ടിയലി മരക്കാരുടെ ചരിത്രം.

2009, നവംബർ 2, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-10

മരക്കാരെന്ന പേരില്‍ കേരളത്തിലും സിലോണിലും മലേഷ്യയിലും ഫിലിപ്പൈനിലുമെല്ലാം ഇന്നും കുടുമ്പങ്ങളുണ്ട്. വാക്കിന്റെ ഉത്ഭവത്തെ കുറിച്ചു പല അഭിപ്രായങ്ങളുമുണ്ട്. ഏറ്റവും പ്രബലമായത് നാവികരിലെ നേതാവ് എന്നതിനാണ്.

മരക്കാര്‍-പറങ്കി യുദ്ധങ്ങള്‍ പറങ്കികളുമായുള്ള രണ്ടാം ഘട്ടയുദ്ധമെന്നു വിശേഷിപ്പിക്കാം-

അഹ്‌മദ് മരക്കാര്‍ പ്രമുഖനായ ഒരു വ്യാപാരിയായിരുന്നു. കൊച്ചിയായിരുന്നു അവരുടെ ആസ്ഥാനം . വ്യാപാരപ്രമുഖരായിരുന്ന ഇവരെ കൊച്ചി- സാമൂതിരി യുദ്ധത്തിന്നു ശേഷം കൊച്ചിരാജാവിന്ന് അവിശ്വാസം തോന്നിയതിനാല്‍ പീഡിപ്പിച്ചിരുന്നു. പറങ്കികളാകട്ടെ മുസ്ലിങ്ങളെ ശത്രുക്കളായിട്ടയിരുന്നല്ലോ കണ്ടിരുന്നത്. ഇത് മരക്കാര്‍കുടുമ്പത്തെ തങ്ങളുടെ ആസ്ഥാനം മാറ്റുന്നതിലേക്കു ചിന്തിപ്പിച്ചു. അങ്ങിനെ അവര്‍ പൊന്നാനിയിലേക്കു കുടിയേറി.

പൊന്നാനിയിലേക്കു താമസം മാറ്റിയ മുഹമദലി മരക്കാര്‍ സാമൂതിരിയെ കാണുകയും തങ്ങളുടെ കപ്പലുകളും ആളുകളെയും സാമൂതിരീക്കു സമര്‍പ്പിക്കുവാനുള്ള സന്നദ്ധത അറിയിക്കുകയുന്ം ചെയ്തു.കൂടാതെ പറങ്കികളുമായുള്ള പോരാട്ടത്തില്‍ ഏതു ത്യാഗത്തിനുമുള്ള വാഗ്ദാനം നല്‍കുകയും ചെയ്തു. പറങ്കികളുമായുള്ള യുദ്ധത്തില്‍ നാവികപ്പടയുടെ ആവശ്യകത ബോധ്യമുള്ള സാമൂതിരിയാകട്ടെ ഇവരുടെ ആഗമനം അപ്രതീക്ഷമായി കിട്ടിയ ഒരു ഭാഗ്യമായാണു കരുതിയത്.എന്നാല്‍ പൊന്നാനി സാമൂതിരിയുടെ നാവികകേന്ദ്രമാകുന്നതു മനസ്സിലാക്കിയ പറങ്കികള്‍ 1507-ല്‍ പൊന്നാനിയെ ആക്രമിക്കുകയും വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പൊന്നാനിയെ ആക്രമിക്കുക എളുപ്പവുമായിരുന്നു. ഇത് മരക്കര്‍മാര്‍ തങ്ങളുടെ ആസ്ഥാനം പൊന്നാനിയില്‍ നിന്നും അളകപ്പുഴ തീരത്തേക്കു മാറ്റുന്നതിന്നു കാരണമാക്കി.

സാമൂതിരി മരക്കാര്‍മാരുടെ നാവിക വൈദഗ്ദ്യത്തില്‍ ആകര്‍ഷകനാവുകയും അവര്‍ക്കു കുഞ്ഞാലി എന്ന സ്ഥാനപ്പേര്‍ നല്‍കുകയും ചെയ്തു. ഈ വാക്കിന്റെ അര്‍ത്ഥം വിശ്വസ്തന്‍, പ്രിയപ്പെട്ടവന്‍ എന്നല്ലാമാണു.

പറങ്കികള്‍ക്കു കടലാധിപത്യമുണ്ടെങ്കിലും പൂര്‍ണ്ണമായും കടലിനെ തങ്ങളുടെ കീഴില്‍ കൊണ്ടുവരാന്‍ കഴിയാഞ്ഞത് ഇവരുടെ പ്രവര്‍ത്തന ഫലമായാണ്.

മുഹമെദലി മരക്കാര്‍, പീച്ചിമരക്കാര്‍ വലിയഹസ്സന്‍ തുടങ്ങിയവര്‍ സാമൂതിരിയുടെ ആവശ്യപ്രകാരം പറങ്കികളെ സിലോണില്‍ നിന്നും തുരത്താനായി പല പടയോട്ടങ്ങളും നടത്തി. ഇവരുടെ കൂടെ ഈജിപ്തില്‍ നിന്നുള്ള അലി ഇബ്രാഹിം എന്ന നാവികവീരനും കൂടെ കൂടി. കൂടാതെ സിലോണ്‍ രാജാവിന്റെ സഹോദരനായ മൈഥുനന്‍ തന്റെ എല്ലാ സഹായവും ഇവര്‍ക്കു വാഗ്ദാനം ചെയ്തു. പല ചെറിയ യുദ്ധങ്ങളിലും പറങ്കികളെ തോത്പിക്കുവാന്‍ കഴിഞ്ഞെങ്കിലും കായല്‍പ്പട്ടണത്തും മിദുലയിലും വച്ചും നടന്ന യുദ്ധത്തില്‍ മരക്കര്‍മാര്‍ പരാജയപ്പെട്ടു. അലി ഇബ്രാഹിം കൊല്ലപ്പെട്ടു. നിരവധി കപ്പലുകള്‍ പറങ്കികള്‍ പിടിച്ചെടുത്തു. പക്ഷെ, മുഹെമദലി മരക്കാരും പട്ടുമരക്കാറും ജീവനോടെ രക്ഷപ്പെട്ടു.

പരാജയപ്പെട്ട മരക്കാര്‍മാര്‍ കൂടുതല്‍ ആയുധശേഖരവുമായി പിന്നെയും സിലോണിനെ ആക്രമിച്ചു. മൈഥുനയുമായി ചേര്‍ന്ന് പോരാടാമെന്നായിരുന്നു മരക്കാര്‍മാര്‍ കരുതിയിരുന്നത്, പക്ഷെ മൈഥുനന്‍ അപ്പോഴേക്കും രാജാവുമായും ധാരണയിലെത്തിയിരുന്നു. മൈഥുനന്‍ മരക്കാര്‍മാരെ ചതിയില്‍ കൊല്ലുകയും സൈന്യം പരാജയാപെടുകയും ചെയ്തു. പിന്നീട് സാമൂതിരി സിലോണിനെ ആക്രമിക്കുന്നത് നിര്‍ത്തി സ്വന്തം സഥലം സംരക്ഷിക്കുവാനുള്ള ബുദ്ധി കാണിച്ചു.

മുഹമ്മെദലി മരക്കാരുടെ കീഴിലെ പ്രധാനിയായിരുന്ന കുഞാലി മരക്കാര്‍ ഒന്നാമന്‍ എന്ന കുട്ടിയലി മരക്കാരിന്റെ ചരിത്രം തുടങ്ങുന്നതവിടെനിന്നാണ്.

നിരവധി കുഞാലിമരക്കാര്‍മാരുണ്ടായിരുന്നുവെങ്കിലും അറിയപ്പെടുന്നത് നാലു പേരാണ്.

1. കുട്ടിയലി മരക്കര്‍
2. കുട്ടിപ്പോക്കര്‍ മരക്കാര്‍
3. മുഹെമ്മദലി മരക്കാര്‍
4. പട്ടു മരക്കാര്‍

അവരെക്കുറിച്ചു നമുക്കടുത്ത പോസ്റ്റില്‍

2009, നവംബർ 1, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-9


കേരള ചരിത്രം ചിത്രങ്ങളിലൂടെ-


വന്ന വഴി- പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കെത്തിയ വഴി-അന്നത്തെ കോഴിക്കോട് തുറമുഖം-
(1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്- wikki )
കോഴിക്കോട്ടേക്കെത്തുന്ന ഗാമയുടെ കപ്പല്‍സാമൂതിരിയുടെ രാജസദസ്സ്. വാസ്കോഡഗാമയെ പരിചയപ്പെടുത്തുന്നത് (1497-98). ശില്പി-പ്രിവോസ്റ്റ്, നിറങ്ങള്‍ പിന്നീട് ആലേഖനം ചെയ്യപ്പെട്ടതാണ്(1760)
സ്മാരകശില-