2009, ജൂൺ 6, ശനിയാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-2

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രററി ക്ലാസ്സിലേക്കു ആഴ്ചയിലൊരിക്കല്‍ ടീച്ചര്‍ കൊണ്ടു വന്നു തരുന്ന പുസ്തകങ്ങളായിരുന്നു. എല്ലാവര്‍ക്കും കൊണ്ടുവരുന്നതങ്ങു തരും. ഒരാഴ്ച്ചകഴിഞ്ഞാല്‍ തിരികെ കൊടുക്കണം. കിട്ടിയത് വായിക്കുക. ഒരിക്കല്‍ കിട്ടിയത് ബഷീറിന്റെ മാന്ത്രികപ്പൂച്ച. ഇപ്പൊഴും കുട്ടിക്കഥകളില്‍ നിന്നുമെന്റെ വായന മാറ്റി തന്ന ആ നാഴികകല്ലെനിക്കു നല്ല ഓര്‍മയുണ്ട്.

വീട്ടില്‍ അമ്മാവന്റെ അരികില്‍ ബഷീറിന്റെയും മറ്റും കുറച്ച് പുസ്തങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം കുട്ടിയായ എനിക്കുള്ളതെല്ലെന്ന തോന്നലില്‍ തൊടാറുണ്ടായിരുന്നില്ല. പക്ഷെ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂട്ടുകുടുമ്പമായതിനാല്‍ മുതിര്‍ന്ന ആരെങ്കിലും പറഞ്ഞുതരുന്ന കഥകളും ബാലപ്രസിദ്ധീകരണങ്ങളും എന്നെ കഥാലോകത്തിലേക്കു എത്തിച്ചിരുന്നു.

പഠിച്ചത് അഞ്ചാം ക്ലാസ് മുതല്‍ ഹോസ്റ്റലില്‍ ആയിരുന്നതിനാല്‍ അവധിക്കാലം ചിലവാക്കുന്നത് കുറെ ഈ പുസ്തകങ്ങളിലൂടെയായി. അതിനു സഹായകമായത് നിര്‍ബന്ധിതനായി വായിക്കാന്‍ കിട്ടിയ മാന്ത്രികപ്പൂച്ചയും. എട്ടാം ക്ലാസ്സില്‍ മറ്റൊരു ഹോസ്റ്റലില്‍ ചേര്‍ന്നു. അത് കുറച്ചുകൂടി വിശാലമായിരുന്നു. കോളെജും സ്കൂളുമെല്ലാം ചേര്‍‌ന്ന ഒരു സമുച്ചയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടുത്തെ കോളെജ് ലൈബ്രറിയില്‍ അംഗത്വമുള്ള ഏക സ്കൂള്‍ വിദ്യാര്‍ത്ഥി ഞാനായിരുന്നു.

മാക്സിം ഗോര്‍ക്കിയുടെ അമ്മ, ലിയോ ടോള്‍സ്റ്റോയിയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, കുറ്റവും ശിക്ഷയും, യുദ്ധവും സമാധാനവുമെന്നു തുടങ്ങിയ ലോക ക്ലാസ്സിക്കുകളും മലയാളത്തിലെ മിക്ക നല്ല എഴുത്തുകാരുടെയും പുസ്തകങ്ങളും . എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായന പത്താം ക്ലാസ്സു വരെ ആയിരുന്നു. പിന്നീടങ്ങിനെ ഞാന്‍ വായിച്ചിട്ടേ ഇല്ല.

അത്ഭുതം അപ്പോഴൊന്നും മാധവിക്കുട്ടി എന്നൊരാളെ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഒരു തെറിച്ചപെണ്ണിന്റെ പുസ്തകങ്ങള്‍ക്കു വായനശാലകളില്‍ അന്നു സ്ഥാനമുണ്ടായിരുന്നില്ല.

ഞാന്‍ പ്രീഡിഗ്രി എന്ന ഡിഗ്രിക്കു പഠിക്കുമ്പോഴാണു ഇന്ദിരാഗാന്ധി കൊലചെയ്യപ്പെടുന്നത്. ഇന്ത്യ എന്ന ഇന്ദിരാ വന്മരം കടപുഴകിയപ്പോള്‍ ജനാധിപത്യ ഇന്ത്യ ഒന്നാടിയുലഞ്ഞു. ടെലിവിഷന്‍ പോലുമില്ലാതിരുന്ന അന്ന് റേഡിയോയും പത്രങ്ങളും മാത്രമായിരുന്നു ഏക ആശ്രയം. സെന്‍സേഷന്‍ ഇത്രയില്ലെങ്കിലും ഇല്ലാതില്ല. ഒരോ കാര്യങ്ങളെയും കഴിയുന്നത്ര വിശദീകരിക്കുന്ന വാര്‍ത്തകളില്‍ ജനം തങ്ങളുടെ മുഖം പൂഴ്ത്തി.

ശവസംസ്കാരച്ചടങ്ങുകളായപ്പോള്‍ ചടങ്ങിനു പങ്കെടുക്കാന്‍ വരുന്ന അഥിതികളെ കുറിച്ചും ആചാരങ്ങളിലെ വിശദീകരണങ്ങളെ കുറിച്ചുമെല്ലാം വായിച്ചിടെക്കുന്ന ജനങ്ങളിലേക്കു അലോസരമുണ്ടാക്കി ഒരു ചോദ്യം ഒരാള്‍ ചോദിച്ചു.

ഇത്രയേറെ ദരിദ്രരായ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ഒരു ശവസംസ്കാരത്തിനു ഇത്രയേറെ ചന്ദനമുട്ടികളും നെയ്യും തീയില്‍ കളയുന്നു. എന്തെ ഇന്ദിരാഗാന്ധിയുടെ മൃതശരീരം സാധാരണ വിറകിലൊന്നും ദഹിക്കുകയില്ലെ?.

മാധവിക്കുട്ടിയെന്ന പേര്‍ എന്നെ കുലുക്കുന്നതപ്പോഴാണ്.

സാംസ്കാരിക നായകരെന്നാല്‍ ഇലക്ഷന്‍ കാലത്തു പക്ഷം പിടിച്ചു പ്രസ്താവനകളിറക്കി കുറെ പേരും ചേര്‍ത്ത് ഒപ്പിട്ട്, ഇതൊന്നും കൊണ്ട് ആളുകള്‍ വോട്ട് മാറുകയില്ലെന്നുറപ്പുണ്ടെങ്കിലും തന്റെ അക്കാദമി സ്ഥാനങ്ങള്‍ സംരക്ഷിതമാക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നതിന്നിടയിലേക്കാണ് എല്ലാവരെയും വെറുപ്പിച്ച് മാധവിക്കുട്ടി ഇച്ചോദ്യമെറിഞ്ഞത്. എല്ലാവരും കേട്ടില്ലെന്നു നടിച്ചു.

അന്നവര്‍ കേരളത്തിലായിരുന്നില്ല. പിന്നീട് തിരുവന്തപുരം ഇലക്ഷനിലാണു ഞാന്‍ കൂടുതല്‍ അവരെക്കുറിച്ചറിയുന്നതും വായനയിലവര്‍ വരുന്നതും.

മനപ്പൂര്‍വം അവര്‍ വിവാദങ്ങളുണ്ടാക്കുകയായിരുന്നില്ല. വിവാദങ്ങള്‍ അവരെ പിന്തുടരുകയായിരുന്നു.

കോഴിക്കോട് സര്‍വകലാശാല യുവജനോത്സവം ഉത്ഘാടനം ചെയ്ത് അവര്‍ പ്രസംഗിച്ചത് ഉത്സവങ്ങളുടെ ആധിക്യം യുവത്വത്തെ നശിപ്പിക്കുമെന്നാണ്. ഞാന്‍ അന്നുമാത്രമാണവരെ കാണുന്നതും കേള്‍ക്കുന്നതും. ഇങ്ങിനെ ഒരു സദസ്സില്‍ വന്നു പറയാനുള്ള അവരുടെ സത്യസന്ധത പ്രശംസിക്കാതെ വയ്യ.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് ഒന്ന് ഡെറ്റോളിട്ടു കുളിച്ചോളു, മറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് മാധവികുട്ടിക്കല്ലാതെ എത്രപേര്‍ക്കു സമാധാനിപ്പിക്കാന്‍ കഴിയും.

ഞാനൊരു ഫെമിനിസ്റ്റല്ല എന്നാണു ഫെമിനിസത്തിന്റെ ലാബെല്‍ ഒട്ടിക്കാന്‍ വന്നവരോടവര്‍ തുറന്നടിച്ചത്. എന്റെ ശക്തി സ്നേഹമാനെന്നും അത് എന്നിലെ സ്ത്രീയാണെന്നുമവര്‍ പറഞ്ഞു.

മാതൃഭൂമി എം.ഡി.നാലപ്പാട്ട് പ്രശ്നത്തില്‍ എനിക്കെന്റെ മകന്‍ എന്ന അവരിലെ മാതൃത്വം ലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ഒന്നിനെയും തടസ്സമാക്കിയില്ല.

അവര്‍ ചെയ്തെതെല്ലാം ശരി എന്നല്ല, അങ്ങിനെ ഒരു വിധേയത്വ മനസ്സുമില്ല, പക്ഷെ തനിക്കു ശരിയെന്നു തോന്നുന്നത് സത്യസന്ധതയോടെ പറയുന്നതിനെ എനിക്കു സ്നേഹിക്കാതിക്കാനാവുന്നുമില്ല.

തുടരും

13 അഭിപ്രായങ്ങൾ:

 1. “തനിക്ക് ശരിയെന്ന് തോന്നുന്നത് സത്യസന്ധതയോടെ പറയുന്ന്“

  യെസ്, അതായിരുന്നു മാധവിക്കുട്ടി.

  വ്യക്തി ജീവിതം..മീഡിയ ഭ്രമം... എഴുത്ത് ..ഇതൊന്നും കൂട്ടിക്കുഴക്കാതെ, മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മാത്രം നമ്മള്‍ കണ്ടാല്‍ മതി. ആ എഴുത്തിനെ, എഴുത്തുകാരിയെ കൂടുതല്‍ സ്നേഹിക്കാനല്ലാതെ വെറുക്കാനാവില്ല ഒരു മലയാളിക്കും.‍

  മറുപടിഇല്ലാതാക്കൂ
 2. ഒരു യഥാര്‍ത്ഥ സ്ത്രീയായിരുന്നു അവര്‍- അല്ലേ.. ?
  അതു തന്നെയാണോ താങ്കള്‍ പറഞ്ഞു വരുന്നത്...
  കാത്തിരിക്കുന്നു..

  -ശിഹാബ് മൊഗ്രാല്‍-

  മറുപടിഇല്ലാതാക്കൂ
 3. ശരിയെന്ന് തോന്നുന്നത് തുറന്ന് പറയാനുള്ള ആര്‍ജ്ജവം വളരെ പേര്‍ക്കൊന്നും ഇല്ലാത്ത ഒരു ഗുണമാണ്.

  സത്യ സന്ധമായ അവരുടെ ജീവിതം പലര്‍ക്കും ഒരു കല്ലു കടിയായതും അത് കൊണ്ട് തന്നെയാണ്.

  തുടരുക...

  മറുപടിഇല്ലാതാക്കൂ
 4. off topic ആണോ എന്നറിയില്ല എങ്കിലും കൊടുക്കുന്നു , വിട വാങ്ങലിലും , വിവാദങ്ങള്‍ക്ക് അപ്പുറത്ത് കമല എന്തെക്കൊയോ ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ചില്ലേ ..?

  കമല സുരയ്യയുടെ ഖബറടക്കത്തിന് ശേഷം പത്രത്തില്‍ വന്ന എം .ഡി നാലപ്പാടിന്റെ അഭിമുഖം .

  "അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കാനായി എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്നു കമല സുരയ്യുടെ മൂത്ത മകന്‍ എം .ഡി നാലപ്പാടും ഭാര്യ ലക്ഷ്മിയും പറഞ്ഞു

  മരിച്ചാല്‍ കേരളത്തില്‍ സംസ്കരിക്കുക , അത് ഇപ്പോള്‍ വിശ്വസിക്കുന്ന മതാചാര പ്രകാരമാവുക . ഈ രണ്ടു വാക്കും ഞങ്ങള്‍ പാലിച്ചു .

  പള്ളിയില്‍ അടക്കരുത് , കേരളത്തില്‍ വേണ്ട, വിവാദങ്ങള്‍ ഉണ്ടാവും വിമര്‍ശങ്ങള്‍ വരും എന്നൊക്ക മരിച്ചപ്പോള്‍ പലരും ഫോണില്‍ വിളിച്ചു പറഞ്ഞു . എന്നാല്‍ അമ്മയുടെ ആഗ്രഹത്തിന് എതിര് നില്ക്കാന്‍ ആവില്ല എന്ന ഉറച്ച നില പാടില്‍ നിന്ന് പിന്മാറിയില്ല . അതിന്റെ പേരില്‍ വരുന്ന വിവാദങ്ങള്‍ നേരിടാന്‍ തന്നെ തീരുമാനിച്ചു .എല്ലാം കഴിഞ്ഞപ്പോള്‍ വിവാദങ്ങളുമില്ല .....ഫോണ്‍ വിളിച്ചവരുമില്ല

  മുസ്ലിം സമൂഹത്തിന്റെ സമീപനവും വിസ്മയിപ്പിക്കുന്നതായിരുന്നു , അമ്മയെ ഒടുവില്‍ അവര്‍ക്ക് വിട്ടു കൊടുക്കേണ്ടി വരുമെന്നായിരുന്നു കരുതിയിരുന്നത് .ചൊവ്വാഴ്ച രാവിലെ പാളയം ജുമാ മസ്ജിദില്‍ കയറി അഞ്ചു മിനിട്ടനകം ഞങ്ങളുടെ മനസ്സിലെ എല്ലാ ആധിയും ആശങ്കയും തീര്‍ന്നു . അവര്‍ക്കൊപ്പം ഞങ്ങള്‍ തന്നെയാണ് എല്ലാം ചെയ്തത്

  ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു .

  പാളയം പള്ളി മത മൌലികവാദികളുടെ കേന്ദ്രം ആണെന്ന് വരെ ഞായറാഴ്ച ചിലര്‍ ഫോണില്‍ വിളിച്ചു പറഞ്ഞു . മുസ്ലിംകളില്‍ തന്നെയുണ്ട്‌ ഇത്തരം ലേബലുകള്‍ ഉണ്ടാക്കുന്നവര്‍ . ഇതെല്ലാം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ നേരിട്ട് അറിഞ്ഞു . ലേബലുകളിളല്ല വിശ്വസിക്കേണ്ടത് .

  എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തികഞ്ഞ സമാധാനവും സംതൃപ്തിയും ഉണ്ട് .ഇപ്പോള്‍ പലരും പുതിയ കഥകള്‍ മെനയുകയാണ് . മരിച്ചിട്ടും അമ്മയെക്കുറിച്ച കഥകള്‍ തീരുന്നില്ല . തിങ്കളാഴ്ച രാത്രി ഞങ്ങള്‍ രഹസ്യമായി പൂജ നടത്തി എന്ന് വരെ പറഞ്ഞു . അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ പരസ്യമായി തന്നെ പൂജ ചെയ്യുമായിരുന്നു .."

  മറുപടിഇല്ലാതാക്കൂ
 5. ..വായിക്കുന്നു..
  ഈ നല്ല ശ്രമത്തിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2009, ജൂൺ 6 3:05 PM

  പലകാര്യങ്ങളും അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നതിനേക്കാള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 7. ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു.

  മറുപടിഇല്ലാതാക്കൂ
 8. ഇനിയും എത്രയോ വ്യാഖ്യാനങ്ങള്‍ വരാനിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 9. തഥവസരത്തിനോട് ഈ ശ്രമങ്ങൾ നീതിപുലർത്തുന്നു...

  മറുപടിഇല്ലാതാക്കൂ
 10. ഞങ്ങള്‍ ചിലര്‍ ശ്രദ്ധയോടെ വായിക്കുന്നു....
  ഓര്‍മകളുടെ തുടര്‍ച്ചക്കായി കാത്തിരിക്കുന്നു...

  തുടരുക...

  മറുപടിഇല്ലാതാക്കൂ
 11. kichu
  ശിഹാബ് മൊഗ്രാല്‍
  ചിന്തകന്‍
  Faizal Kondotty
  hAnLLaLaTh
  വല്യമ്മായി
  ചെറിയപാലം
  shahir chennamangallur
  നജൂസ്

  എല്ലാവര്‍ക്കും നന്ദി

  siva // ശിവ
  ഇതില്‍ വ്യാഖ്യാനങ്ങള്‍ എന്താണു ശിവാ

  ഷാരോണ്‍ വിനോദ്
  ഇഷ്ടപ്പെടുന്നെന്നറിയുന്നതിലൊരിഷ്ടം

  സത..
  അഭിപ്രായങ്ങള്‍ ഉണ്ടാവുന്നതല്ലെ നല്ലത്.

  മറുപടിഇല്ലാതാക്കൂ