2009, ജൂൺ 29, തിങ്കളാഴ്‌ച

പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.

എന്താണ് പ്രവാസസാഹിത്യം? എന്തുകൊണ്ട് പ്രവാസസാഹിത്യമെന്ന ഒരു വസ്തു രൂപപ്പെടുന്നില്ല?

പ്രവാസജീവിതത്തെ കുറിക്കുന്ന രചനകള്‍ എന്നതോ അതല്ല പ്രവാസികള്‍ രചിക്കുന്നവ എന്നതോ ഏതാണ് പ്രവാസസാഹിത്യമെന്നത് നിര്‍വചിക്കപ്പെട്ടിട്ടില്ല.പ്രവാസം എല്ലാ അര്‍ത്ഥത്തിലും സ്വാധീനം ചെലുത്തുന്ന മലയാളത്തില്‍ എന്തുകൊണ്ട് അത് സര്‍ഗ്ഗാത്മകതയില്‍ സ്വാധീനം ചെലുത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

അതിന്നപ്പുറമുള്ള ഒരു വിഭജനം തന്നെ അപ്രസക്തമാണെന്നാണ് എന്റെ നിരീക്ഷണം. ഇപ്പോള്‍ തന്നെ പെണ്ണെഴുത്തും ദളിത് സാഹിത്യവും ഉണ്ട്. ഇനി മുസ്ലിം സാഹിത്യം, ഹിന്ദു സാഹിത്യം, അച്ചായന്‍ സാഹിത്യം, കോണ്‍‌ഗ്രസ്സ് സാഹിത്യം, കേരളാ കോണ്‍‌ഗ്രസ്സ് സാഹിത്യം, ലീഗ് സാഹിത്യം, തിരുവതാംകൂര്‍ സാഹിത്യം, മലബാര്‍ സാഹിത്യം ഇങ്ങിനെ തരം തിരിച്ചുണ്ടാക്കി സംവരണമുണ്ടാക്കി ചിലരുടെ പേരുകള്‍ അച്ചടിപ്പിക്കാമെങ്കിലും വായിക്കുന്നവന്റെ അവകാശമെന്നതിനെ പ്രഹരിക്കുന്നത് കുറച്ചൊന്നുമാവില്ല.

ദുബായിലെ അനുസ്മരണത്തില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിരുന്നു, ഏറ്റു വാങ്ങിയ പെണ്‍ സാഹിത്യം ചോദിച്ചത് ഇതില്‍ പെണ്ണെവിടെ എന്നായിരുന്നു. അച്ചടിക്കാന്‍ മാത്രം പെണ്ണെഴുതിയോ എന്നൊന്നും ആരും തിരിച്ച് ചോദിക്കില്ലല്ലോ? 33% സാഹിത്യത്തിലും വേണമെന്നും ഭാവിയില്‍ വാദിക്കാന്‍ സാധ്യത ഇല്ലായ്കയില്ല.

പ്രവാസ ജീവിതം എന്തുകൊണ്ട് സര്‍ഗ്ഗാത്മകമാവുന്നില്ല? പ്രധാന ചോദ്യമതാണെന്നു തോന്നുന്നു. എനിക്കുള്ളത് മൂന്ന് ഉത്തരങ്ങളാണ്.

ഒന്നാമതായി അനുഭവങ്ങള്‍ മാത്രം ഒരാളെ എഴുത്തുകാരനാക്കുന്നില്ല എന്നതാണ്. എഴുത്തുകാരനാക്കുന്നത് ഒരാളിലെ നൈസര്‍ഗ്ഗികതയാണ്. അത് കുറച്ചെല്ലാം രൂപപ്പെടുത്താമെങ്കിലും അടിസ്ഥാനമായി ജന്മവാസനയാണ്. ബഷീറിനെ പോലെ കുറെ അനുഭവങ്ങളുള്ള പലരുമുണ്ടായിരുന്നിരിക്കാം, പക്ഷെ ബഷീറിന്നനുഭവിക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അതൊരു സൃഷ്ടിയായി പുനസൃഷ്ടിക്കപ്പെടുന്നത്. മാധവിക്കുട്ടി പറയുന്നുണ്ട് എനിക്കധികം അറിവില്ല എന്ന്, ഒരു പക്ഷെ അത് വായനക്കാരുടെ ഭാഗ്യമായിരിക്കാം. അധികമറിഞ്ഞാല്‍ മര്‍മമറിയുന്ന നമ്പൂരി പശുവിനെ തല്ലാന്‍ നോക്കിയത് പോലെ ആയിപ്പോവും. മര്‍മമില്ലാത്ത ഒരു സ്ഥലവും തല്ലാന്‍ കിട്ടിയെന്ന് വരില്ല.

ഇവിടെ ഒരുപാടനുഭവങ്ങളുമായി ഒരുപാടാളുകളുണ്ട്, പക്ഷേ അവരില്‍ നൈസര്‍ഗ്ഗികതയില്ലെങ്കില്‍ എത്രയനുഭവങ്ങളും ഉത്പാദനക്ഷമമാവില്ല.

രണ്ടാമതായി അനുഭവങ്ങളും നൈസര്‍ഗ്ഗികതയുമൊത്തു ചേര്‍ന്നാലും ഞാനിതെഴുതും എന്നൊരാള്‍ക്കും വാശിപിടിക്കാന്‍ കഴിയില്ല. ബഷീര്‍ മതിലുകളെഴുതുന്നത് ജയിലനുഭവം വിവരിക്കാമെന്നു കരുതിയിട്ടല്ല. മറിച്ച് സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സമൂഹത്തോട് അതിന്നു വേണ്ടി ത്യാഗം ചെയ്ത ഒരാളുടെ ഞാനെന്തിനു സ്വതന്ത്രനാവണമെന്ന വലിയ ചോദ്യം ചോദിക്കാനാണ്. ആ ചോദ്യമലട്ടിയില്ലായിരുന്നുവെങ്കില്‍ മതിലുകള്‍ രൂപപ്പെടില്ലായിരുന്നു. അത് കൊണ്ടാണ് മതിലുകള്‍ മതിലുകളായി മാറുന്നത്. ഇന്ന് എഴുത്ത് നേരിടുന്ന വലിയൊരു പ്രതിസന്ധിയുമതാണെന്ന് തോന്നുന്നു. പെണ്ണ് പെണ്ണെഴുത്തിനു മാത്രം വിഷയം തേടി അലയുന്നു, ദളിതനും. ഇപ്പോള്‍ പ്രവാസിയും അങ്ങിനെയാവട്ടെ എന്നു നാം തീരുമാനിക്കുന്നു.

തന്റെ പ്രവാസം ഒരു നിമിഷത്തിന്റെ പ്രചോദനമായി കടന്നു വരാത്തൊരു സമയത്തോളം എഴുത്തിന്റെ പ്രവാസ സ്വഭാവം ഒരു സ്വയംഭോഗമാവുകയേ ഉള്ളൂ. രതിയെന്നു വിളിക്കാമെങ്കിലും.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സൂചിപ്പിക്കുകയുണ്ടായി, അദ്ദേഹം അനിയനെ കണ്ടു മുട്ടുന്നതിനെ കുറിച്ച്. ദുബായിയില്‍ തന്നെ നിര്‍മാണതൊഴിലാളിയായ അദ്ദേഹം കഠിന ചൂടിലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ ഇടക്കു ജേഷ്ടനെ വിളിക്കും, സ്നേഹിതരുടെ വണ്ടിയുമൊപ്പിച്ച് ഡോക്റ്ററെ കാണിക്കാന്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അഞ്ച് നിമിഷത്തോളം പരസ്പരം നോക്കി നിന്ന് കരയുകയായിരിക്കുമെന്ന്. നല്ല ഒരു കഥാതന്തുവാണല്ലോ. എന്നിട്ടും അത് പോലും നല്ല ക്രാഫ്റ്റുള്ള ഷിഹാബുദ്ദീനു പോലും പകര്‍ത്താന്‍ കഴിയാത്തെതെന്തേ?

അത് പകര്‍ത്താനുള്ള ഒരു സന്ദര്‍ഭം ഒരു വലിയ അലട്ടല്‍ മനസ്സ് രൂപം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതിനുള്ള പല കാരണങ്ങളുണ്ടാവാം.

അതിലെ പ്രധാനമായതില്‍ ഒന്ന് എനിക്കു തോന്നുന്നത് കേരളീയന്റെ ഉപഭോഗ തൃഷ്ണയാണെന്നതാണ്.

മറ്റേതൊരു വിഭാഗക്കാരെക്കാളും നമ്മെ സ്വീകാര്യരാക്കുന്നത് നമ്മുടെ സ്വാംശീകരിക്കുവാനുള്ള കഴിവോ അല്ലെങ്കില്‍ കഴിവുകേടോ ആണ്. അറബിയെ പോലെ അറബി സംസാരിക്കാനും ഇംഗ്ലീഷുകാരെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പെരുമാറാനും നമുക്കറിയാമെന്നതില്‍ നാമഭിമാനം കൊള്ളുന്നു. ഇത് സാഹിത്യ ചരിത്രത്തിലുമുണ്ട്. നോവല്‍ സാഹിത്യമെല്ലാം ആദ്യം തന്നെ മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നത് അതിന്റെ ഭാഗമായാണ്. മാത്രമല്ല ആധുനികത യൂറോപ്പിയന്‍ സാഹിത്യകാലഘട്ടത്തോടൊപ്പം തന്നെ നമ്മുടെ ചര്‍ച്ചകളിലും വരുന്നുണ്ട്. കാക്കനാടനുമെല്ലാം എക്സ്റ്റെന്‍ഷനിസം അതേ കാലയളവില്‍ തന്നെ നമുക്കും അനുഭവേദ്യമാക്കി തന്നിരുന്നു.

ഇതും പ്രവാസസാഹത്യവുമായുള്ള ബന്ധമെന്തെന്നു ചോദിച്ചാല്‍ പലര്‍ക്കും പ്രവാസം ഒരു നൊമ്പരമാവുന്നില്ല എന്നത് കൂടിയാണ്. നാം പലപ്പോഴും പ്രവാസത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപഭോഗമോഹങ്ങള്‍ക്ക് നല്‍കുന്ന ഒരു വിലയായാണ് പ്രവാസത്തെ സ്വീകരിക്കുന്നത്. അത്യാവശ്യമായാലും നമുക്ക് തിരിച്ച് പോകുവാന്‍ കഴിയാത്തതും അതിന്റെ ഭാഗമാണ്. തിരിച്ച് പോക്ക് നമ്മെ പേടിപ്പെടുത്തുന്നത് നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല, ഉപഭോഗതയുടെ ആധിക്യവും കൂടിയാണ്. പ്രവാസജീവിതത്തിന്റെ കഷ്ടതെയേക്കാള്‍ ഇതവസാനിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ വ്യാകുലപ്പെടുത്തുന്ന ഒരു സമൂഹം പ്രവാസത്തെ എങ്ങിനെ ഒരു നൊമ്പരമായി കൊണ്ടു നടക്കും.

ഒരു സര്‍ഗ്ഗവാസനയും ഒരടിച്ചേല്‍പ്പിക്കലാവരുത്, എന്നാല്‍ ചില സംഭവങ്ങള്‍ ചിലവയെ നൈമനുഷികമെന്നോണം സൃഷ്ടിച്ചേക്കാം. എന്‍.എസ് മാധവന്റെ വന്മരങ്ങള്‍ കടപുഴകുമ്പോളും തിരുത്തുമെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ മൂക്കാത്ത മാങ്ങയെ കാര്‍ബണിട്ടു പഴുപ്പിക്കുമ്പോളുള്ള ഒരസ്വാദ് പ്രവാസ ലേബല്‍ നല്‍കുമെന്നതിന്നപ്പുറം അത് സാഹിത്യലോകത്തിന് ഒരു സംഭാവനയും നല്‍കില്ല.ചിലരുടെ പേര് ചുളുവില്‍ അച്ചടിക്കുമെന്നല്ലാതെ.

പ്രവാസസാഹിത്യം രൂപപ്പെടാന്‍ പ്രവാസിയാവണമെന്നുമില്ല. അമേരിക്കന്‍ ഇന്ത്യക്കാരുടെ ജീവിതത്തെ എം.ടി.യുടെ ഷെര്‍ലക്ക് പോലെ നന്നായി ആരാണ് പകര്‍ത്തിയിട്ടുള്ളത്. ഒ.വി. വിജയനും മുകുന്ദനും സക്കരിയയുമെല്ലാം കാലങ്ങളൊളം പ്രവാസമനുഭവിച്ചിട്ടും നമുക്ക് കിട്ടിയത് കേരളത്തെ കുറിച്ചുള്ള നല്ല സൃഷ്ടികളായിരുന്നുവല്ലോ.


12 അഭിപ്രായങ്ങൾ:

  1. ഫോണ്ട് ശരിയല്ല.
    വായിക്കാന്‍ പറ്റുന്നില്ല.
    പ്രവാസി മലയാളം ഇതാണൊ മാഷെ?
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  2. സമാന വിഷയ പോസ്റ്റില്‍ എന്റെ മറുപടികള്‍ ഇവിടേയും പിന്നെ ഇവിടേയും വായിക്കാം :)

    മറുപടിഇല്ലാതാക്കൂ
  3. നന്നായി പറഞ്ഞിരിക്കുന്നു.
    പൊണ്ണെഴുത്തെന്നൂം ആണെഴുത്തെന്നുമൊക്കെ സാഹിത്യത്തെ വേർതിരിക്കുന്നത്‌ ശരിയല്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്‌.
    അങ്ങിനെ ഒരു വേർതിരിവ് വേണ്ടിവരുന്നത് സാഹിത്യത്തിൽ അവ മികച്ചതെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ ശേഷിയില്ലാത്തവയായതുകൊണ്ടാണ്.

    കച്ചവടത്തിൽ മറ്റുള്ളതിനൊപ്പം പിടിച്ചുനിൽക്കാനുള്ള ത്രാണി ഇല്ലാതെ സ്വകാര്യ മാനേജുമെന്റുകൾ ന്യൂനപക്ഷാവകാശം പൊക്കിപ്പിടികുന്നതുപോലെ.

    മറുപടിഇല്ലാതാക്കൂ
  4. കഴിവില്ലാത്തവരെ പ്രവാസികളെന്ന സം‌വരണത്തില്‍ ഉയര്‍ത്തികൊണ്ടുവരാനല്ലാതെ കഴിവുണ്ടായിട്ടും ഇവിടുത്തെ ജീവിത സാഹചര്യത്തില്‍ പുറംലോകം അറിയപ്പെടാതെ പോകുന്ന ആളുകളെ വളര്‍ത്തികൊണ്ടുവരാനാണ് ഇതുപോലെഉള്ള സംഘടനകള്‍ ലക്ഷ്യമിടേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  5. പ്രാവാസി സാഹിത്യം എന്നതൊരു അപമാനിക്കലാണ്. ആ ലേബലിട്ടു എഴുത്തറിയാവുന്ന ചിലരെ വിലകുറക്കാനോ അതില്ലാത്ത ചിലരെ പൊക്കാനോ ഉപയോഗിക്കുന്ന ഒരു ഉത്തോലകം.
    ഞാന്‍ അതിനെതിരാണ്.
    പ്രവാസികള്‍ പ്രവാസലോകത്തിനെക്കുറിച്ചെഴുതാതെ സ്വദേശത്തെക്കുറിച്ചു നൊസ്റ്റാള്‍ജിക്കാവുന്നു എന്നാണു ആരോപണം.
    ശരിയായിരിക്കാം. അവന്റെ നാട്ടിനെക്കുറിച്ചും അവിടെ അവന്‍ കണ്ടിരുന്ന (അനുഭവിച്ചിരുന്നവ) പറയുമ്പോഴാണു കേള്‍വിക്കാരന്‍ താല്പര്യം കാണിക്കുന്നത്. ഇവിടെ തൊട്ടടുത്ത ഫ്ലാറ്റില്‍ ഒരു മണിക്കൂര്‍ മുന്‍പു ഒരു സ്ത്രീ തന്റെ കുഞ്ഞിനു ഫ്രഷ് മില്‍ക്കിനു പകരം നിഡോ കലക്കിക്കൊടുത്തു എന്നു പറഞ്ഞാല്‍
    “ ഓ, അതാണോ അതു എനിക്കു എസ്.എം.എസ് കിട്ടി എന്നോ അല്ലെങ്കില്‍ മറ്റവന്‍ ഫോണ്‍ ചെയ്തു പറഞ്ഞുവെന്നോ മറുപടി കിട്ടും
    ഒന്നിനും പുതുമയില്ല.
    വാര്‍ത്തകള്‍ വാര്‍ത്തകളേയാവുന്നില്ല.
    അതിനാല്‍ എഴുതി വായിക്കേണ്ട കാലതാമസം ഒഴിവാകുന്നു. എല്ലാം എല്ലാര്‍ക്കും അറിയുന്നു. അതിനാല്‍ എഴുതേണ്ട ആവശ്യം വരുന്നില്ല.
    എന്നാല്‍ ആരും അറിയാത്തവ എഴുതിയാല്‍ ആരും അറിയാത്തിടത്തേക്കു പോകേണ്ടി വരും.
    നല്ലതു പ്രവാസി തന്റെ നാട്ടിനെക്കുറിച്ചെഴുതി നാട്ടിലെ എഴുത്തുകാരിലൊരാളായി തുടരുക തന്നെ മുകുന്ദജീ.....

    മറുപടിഇല്ലാതാക്കൂ
  6. എഴുത്തിന്റെ വർഗീകരണത്തിൽ മലയാളത്തിന് ചില വഴിതെറ്റലുകൾ വന്നിട്ടുണ്ടെന്നു തോന്നുന്നു. എഴുത്തിനെ വർഗീകരിക്കുന്നതിന് ഞാൻ എതിരല്ല. പക്ഷേ എഴുത്തിനു പകരം എഴുത്തുകാരനെ വർഗീകരിക്കുന്നതാണ് പ്രശ്നം. ചരിത്രം എന്ന പഠന ശാഖയെ നമ്മൾ പിന്നെയും ഇന്ത്യാ ചരിത്രം , ഇസ്ലാമിക ചരിത്രം എന്ന് വർഗീകരിക്കുമ്പോലെ എഴുത്തിനേയും പ്രവാസി, സ്ത്രീ, പുരുഷ എന്നിങനെ വർഗീകരിക്കാവുന്നതാണ്. അതു ഓരത്തേക്കു മാറ്റലാവും എന്ന് തോന്നുന്നില്ല. എന്നാൽ എഴുത്തിന് പകരം എഴുത്തുകാരനെ വിഭാഗീകരിക്കുമ്പോൾ പലപ്പോഴും വേണ്ട വിധം ആളെ ചർച്ച ചെയ്യാതെ പോവുന്നു. പ്രവാസി എഴുത്തുകാരൻ എന്ന ലേബൽ മറ്റുള്ള എല്ലാ എഴുത്തിനെക്കാൾ കൂടുതൽ സജീവമായി നിൽക്കാൻ കാരണം ആ ഒരു ലേബൽ ചിലർക്കെങ്കിലും ആവശ്യമുള്ളതു കൊണ്ടാണ്. പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചെടത്തോളം അതൊരു നല്ല വിപണ സാധ്യതയാണ്. പ്രസിദ്ധീകര്ണങ്ങളിൽ പ്രവാസി പേജൊന്നൊരു സംവരണ പേജ് ഉള്ളതുകൊണ്ട് മാത്രം വെളിച്ചത്തേക്കെത്തുന്ന സൃഷ്ടി രചന നടത്തുന്ന പ്രതിഭാ ശൂന്യർക്ക് ഇത്തരം വിളിപ്പേരുകൾ നിലനിൽപ്പിനു അനിവാര്യവുമാണ്. പ്രവാസി എഴുത്തിനെ (എഴുത്തുകാരനെയല്ല) അത്തരത്തിൽ ചർച്ച ചെയ്യപ്പെടുന്നുമില്ല എന്നതാണ് വാസ്തവം. നിലവാരമുള്ള പ്രവാസി എഴുത്തുകൾ ഇല്ലാത്തിടത്തോളം കാലം പ്രവാസി എഴുത്തുകാർ ഓരത്തേക്ക് മാറ്റപ്പെടും. അത്തരം മാറ്റപ്പെടലുകളിൽ പ്രവാസിയെകുറിച്ച് എഴുതുന്നതിനേക്കാൾ സ്വദേശത്തെ കുറിച്ചെഴുതിയവരും. പ്രവാസിയായിരിക്കെ എഴുതിയതിലേറെ പ്രവാസത്തിനു മുൻപ് എഴുതി തീർത്തവരും പെട്ടു പോവുന്നു എന്നതിലാണ് സങ്കടം. എഴുത്തുകാരനെയല്ല എഴുത്തിനേയാണ് വർഗ്ഗീകരിക്കേണ്ടത് ഒരു പഴയ ബ്ലോഗ്ഗ് ചർച്ചയിൽ ഞാനിട്ട ഒരു കമറ്റ്നും താഴെ ചേർക്കുന്നു,
    ശെഫി said...
    ശ്രീ അത്ക്കന്‍, ആണെഴുത്ത്‌, പെണ്ണെഴുത്ത്‌ എന്നിവ വാശിയോടെ പരസ്പരം പോരടിക്കുകയും മത്സരിക്കുകയും ചെയ്യുന്ന സാഹിത്യ ശാഖകള്‍ എന്നര്‍ത്തത്തില്‍ അല്ല ഞാന്‍ കാണുന്നത്‌. അവ രണ്ടും സമാന്തരമായി പോവുന്ന ശാഖകളാണ്‌.പക്ഷേ അനുഭവ വെളിച്ചത്തില്‍ നിന്നും രചന നടത്തുമ്പോള്‍ ആണനുഭവങ്ങളെ ചിത്രീകരിക്കാന്‍ ആണും പെണ്ണനുഭവങ്ങളെ ചിത്രീകരിക്കാന്‍ പെണ്ണും ആയിരിക്കുമ്പോഴാണ്‌ അവയുടെ പൂര്‍ണ്ണത വരുന്നത്‌ എന്നതു കൊണ്ട്‌ അത്തരം എഴുത്തിന്റെ ആവശ്യകത ഉണ്ടെന്ന് തോന്നുന്നു. എന്നിരിക്കതന്നെയും പെണ്‍ പക്ഷത്തു നില്‍ക്കുന്ന ആണ്‍ രചനകളും ഉണ്ട്‌. അബു ഇരിങ്ങാട്ടിരിയുടെ ഭീകര ജന്തു അണെഴുതിയ ശക്തമായൊരു സ്ത്രീപ്രതിരൊധ എഴുത്താണെന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌
    മറ്റൊരു പ്രശ്നം, പ്രവാസിയായിരിക്കുമ്പോഴും പ്രവസിത ദേശത്തിൽ നാം അറിയാൻ ഒരിക്കലും ശ്രമിക്കാറില്ല. അവയുടേ സംസകാരം, ജീവിതം. അവിടേയും നാം നമ്മുടെ ഒരു ഐസൊലേറ്റട് തുരുത്ത് നിർമിക്കുന്നു. ഇതറിയാ‍ാതെ എഴുതപ്പെടുമ്പോൾ പ്രവാസ സാഹിത്യം ഇതര സാഹിത്യങ്ങളിൽ നിന്ന് വല്ലാതെയൊന്നും വ്യത്യ്സഥമായി അനുവാചകൻ തോന്നിക്കോള്ളണമെന്നില്ല. ഏറേയൊന്ന്നും വേണ്ട് പ്രാവാസി സാഹിത്യമെന്ന് വിളിക്കാൻ ബാബുഭരദ്വാജിന്റെ പ്രവാസിക്കുറിപ്പുകൾ ഉണ്ടല്ലോ. അത് ഇടക്കിടെ എടുത്ത് ഒരാവർത്തികൂടി മറിച്ചു നോക്കും

    മറുപടിഇല്ലാതാക്കൂ
  7. ഒരു സര്‍ഗ്ഗവാസനയും ഒരടിച്ചേല്‍പ്പിക്കലാവരുത്, എന്നാല്‍ ചില സംഭവങ്ങള്‍ ചിലവയെ നൈമനുഷികമെന്നോണം സൃഷ്ടിച്ചേക്കാം. എന്‍.എസ് മാധവന്റെ വന്മരങ്ങള്‍ കടപുഴകുമ്പോളും തിരുത്തുമെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ മൂക്കാത്ത മാങ്ങയെ കാര്‍ബണിട്ടു പഴുപ്പിക്കുമ്പോളുള്ള ഒരസ്വാദ് പ്രവാസ ലേബല്‍ നല്‍കുമെന്നതിന്നപ്പുറം അത് സാഹിത്യലോകത്തിന് ഒരു സംഭാവനയും നല്‍കില്ല.ചിലരുടെ പേര് ചുളുവില്‍ അച്ചടിക്കുമെന്നല്ലാതെ.

    ഇവിടെ എന്റെ ഒരു കയ്യൊപ്പ്‌

    മറുപടിഇല്ലാതാക്കൂ
  8. സുല്‍-
    ശരിയാക്കിയിട്ടുണ്ട്-
    തറവാടി- :)
    ഉറുമ്പ്- നന്ദി-
    വലിയമ്മായി- സാഹിത്യലോകത്ത് ഇപ്പോള്‍ താത്പര്യങ്ങളുടെ ഉയര്‍ത്തലുകളാണുള്ളത്.
    കരീം മാഷെ- :)
    ശെഫി- ചരിത്രം ഒന്നേയുള്ളൂ, അത് വിഭജിക്കുന്നത് പഠന സൌകര്യത്തിന്നു മാത്രമാണ്. ചരിത്രമെന്നാല്‍ ഇന്നെലെകള്‍ മാത്രമാണ്, അതേ രീതിയില്‍ സാഹിത്യത്തെ കാണരുത്. കൂടാതെ ഓര്‍മക്കുറിപ്പുകള്‍ സര്‍ഗ്ഗാത്മകാ സാഹിത്യത്തില്‍ ഉള്‍പ്പെടില്ല, അത് ജേര്‍ണലിസ്ത്തിന്റെ ഭാഗമാണ്. ഭാവനയിലേക്ക് അല്ലെങ്കില്‍ കാല്പനികതയിലേക്ക് ലയിപ്പിക്കുമ്പോഴെ അത് സര്‍ഗ്ഗാത്മക സാഹിത്യമാവുകയുള്ളൂ.അങ്ങിനെയല്ലാത്തവ കുറെ കഴിഞ്ഞാല്‍ മുദ്രാവാക്യങ്ങളായി മാറും.
    ജമാല്‍- :)

    മറുപടിഇല്ലാതാക്കൂ
  9. നല്ല നിരീക്ഷണം. പ്രത്യേകിച്ച് ഇത്

    "ഇപ്പോള്‍ തന്നെ പെണ്ണെഴുത്തും ദളിത് സാഹിത്യവും ഉണ്ട്. ഇനി മുസ്ലിം സാഹിത്യം, ഹിന്ദു സാഹിത്യം, അച്ചായന്‍ സാഹിത്യം, കോണ്‍‌ഗ്രസ്സ് സാഹിത്യം, കേരളാ കോണ്‍‌ഗ്രസ്സ് സാഹിത്യം, ലീഗ് സാഹിത്യം, തിരുവതാംകൂര്‍ സാഹിത്യം, മലബാര്‍ സാഹിത്യം ഇങ്ങിനെ തരം തിരിച്ചുണ്ടാക്കി സംവരണമുണ്ടാക്കി ചിലരുടെ പേരുകള്‍ അച്ചടിപ്പിക്കാമെങ്കിലും വായിക്കുന്നവന്റെ അവകാശമെന്നതിനെ പ്രഹരിക്കുന്നത് കുറച്ചൊന്നുമാവില്ല."

    സംവരണം കൊണ്ട് വായിക്കപ്പെടുന്നു എന്നത് ഒരെഴുത്തുകാരന്റെ/കാരിയുടെ പരാജയമാണു. പ്രവാസിയെഴുതുന്നത് കൊണ്ടോ പ്രവാസജീവിതം എഴുതിയത് കൊണ്ടോ അങ്ങിനെയൊരു ശാഖയുണ്ടാക്കേണ്ടി വായിക്കപ്പേടേണ്ടുന്ന ഗതി ഉണ്ടാകാതിരിക്കട്ടേ.

    മറുപടിഇല്ലാതാക്കൂ
  10. നല്ല നിരീക്ഷണങ്ങള്‍ക്കും കമന്റുകള്‍ക്കുമിടയില്‍,
    'നൊമ്പരങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെടുന്നിടമാണു പ്രവാസിയുടെ ഹൃദയം. അനുഭവങ്ങള്‍ ഏറെ കാണിക്കപ്പെടുന്നതാണ്‌ പ്രവാസിയുടെ കണ്ണ്. ഈ നൊമ്പരങ്ങളും അനുഭവങ്ങളും പകര്‍ത്തിക്കുറിക്കാന്‍ താല്‍‌പര്യപ്പെടുന്ന മനസും സര്‍ഗ്ഗവാസനയും അവന്നുണ്ടെങ്കിലും, ഒരു പക്ഷേ തന്റെ ബാധ്യതകള്‍ക്കും കര്‍മ്മമേഖലയ്ക്കുമിടയില്‍പ്പെട്ട് എല്ലാം നിസംഗതയിലേക്ക് തള്ളപ്പെടാം. അവിടെ ഒരെഴുത്തുകാരന്‍ മരണപ്പെടുന്നു.. അവിടെ ഒരുയിര്‍ത്തെഴുന്നേല്‍‌പ്പ് ആവശ്യമാണ്‌'- എന്ന ഒരു നിരീക്ഷണം കൂടി പങ്കു വെയ്ക്കുന്നു
    -ശിഹാബ് മൊഗ്രാല്‍-

    മറുപടിഇല്ലാതാക്കൂ
  11. അമേരിക്കൻ ഇന്ത്യക്കാരുടെ ജീവിതം ഷെർലക്ക് പകർത്തിയിട്ടേ ഇല്ല. അതിലുള്ളത് അമേരിക്ക കാണാനെത്തുന്ന പ്രായമായവർക്ക് ആദ്യമാസങ്ങളിൽ തോന്നുന്ന ഒറ്റപ്പെടലാണ്‌. എന്നാലും ആ അറ്റംറ്റിനെ അംഗീകരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. അരുണ്‍- :)
    ശിഹാബ്- ശരിയാണ്- അതാണ് ഞാന്‍ രണ്ടാമതായി സൂചിപ്പിച്ചത്
    സിബു- ഒരെഴുത്തില്‍ മുഴുവന്‍ പകര്‍ത്തുക എഴുത്തുകാരന്റെ ലക്ഷ്യമല്ല. അങ്ങിനെ ചെയ്യാന്‍ അവനു കഴിയില്ല, അവിടെ ഒറ്റപ്പെടലല്ല വിഷയം, ചാരപ്പണിയാണ്

    മറുപടിഇല്ലാതാക്കൂ