2009, ജൂലൈ 1, ബുധനാഴ്‌ച

ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനും

ചിത്രകാരന്റെ നളിനി ജമീലയുടെ ആത്മകഥ/സീതായണം എന്ന പോസ്റ്റിനൊരു കമെന്റ്-

നളിനി ജമീലയുടെ ആത്മകഥ വായിക്കാന്‍ പ്രചോതനമായത് മാതൃഭൂമിയില്‍ അതിനെ കുറിച്ചുള്ള തുടര്‍ ചര്‍ച്ചകളായിരുന്നു. അടുത്തൊന്നും മാതൃഭൂമി അത്ര കൂടുതല്‍ സ്ഥലം ഒരു പുസ്തകത്തിന്നും കൊടുത്തിരുന്നില്ല. അതിനാല്‍ വായന ഒരനിവാര്യമാക്കി. പക്ഷേ ഒരു നാലാംകിടക്കപ്പുറം ഒന്നുമല്ല എന്ന് വായന മനസ്സിലാക്കിത്തരികയും ചെയ്തു.

ഇപ്പോള്‍ ചിത്രകാരന്‍ നാലുമാസങ്ങള്‍ക്കു മുമ്പിട്ട പോസ്റ്റാണെങ്കിലും എന്റെ ഒരു നിരീക്ഷണത്തിനും പ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാല്‍ കുറിക്കുന്നെന്നു മാത്രം. ഇത് ആ പുസ്തകത്തെ കുറിച്ചുള്ള ഒരു നിരൂപനമൊന്നുമല്ല. കാരണം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച ഒരു പുസ്തകത്തെ ഓര്‍മയില്‍ നിന്നും നിരൂപണം ചെയ്യാനുള്ള കഴിവൊന്നുമെനിക്കില്ല. എന്നാലും അല്പം ചൂടപ്പമായതിനാല്‍ മുഴുവനുമങ്ങിനെ മറന്നിട്ടുമില്ല. ഇത് ആ പോസ്റ്റിനോടുള്ള എന്റെ ഒരു കമെന്റ് എന്ന രീതിയില്‍ മാത്രമേ കാണേണ്ടതുള്ളൂ.

പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

എന്ന് ചിത്രകാരന്‍ പറയുമ്പോള്‍ എല്ലാ പൈതൃകങ്ങളും വലിച്ചെറിയാനുള്ളതാണെന്ന് കരുതുന്നത് തന്നെ വലിയ തെറ്റ്. എറിയേണ്ടവയേ എറിയാവൂ. ചിലതെല്ലാം കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കേണ്ടവയാണ്. സംസ്കാരങ്ങള്‍ രൂപപ്പെടുന്നത് തന്നെ കുറേ കാലങ്ങളുടെ ബാക്കിപത്രങ്ങളായാണ്. അവ തല്ലിക്കെടുത്തിയവര്‍ ഇപ്പോള്‍ ഖേദിക്കുകയാണ്.
ക്ലിന്റണ്‍ തന്റെ തിരഞ്ഞെടുപ്പിന് നല്‍കിയ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കുടുംബസംവിധാനം തിരികെ കൊണ്ടുവരും എന്നതായിരുന്നു. കണ്ണുള്ളവന് കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നത് പോലെ നാം നിലനിര്‍ത്തുന്ന ഈ കുടുംബമെന്ന ചട്ടക്കൂടിന്റെ വില വളരെ വലുതാണ്.

അതിനാലാണ് നമുക്ക് നമ്മുടെ പെണ്മക്കളെ കുറിച്ച് വേവലാതി തോന്നുന്നത്. നളിനി തന്റെ ആത്മകഥയില്‍ വേശ്യാവൃത്തിയുടെ മഹനീയത പറയുന്നതിന്നിടയില്‍ അറിയാതെ പറയുന്ന ചില സത്യങ്ങളുണ്ട്. നളിനി ജമീലയാവുന്ന കാരണമായ ഷാഹുല്‍ തന്റെ മകളെ കൈവച്ചില്ല എന്നത് വലിയൊരാശ്വാസമായാണ് അവതരിപ്പിക്കുന്നത്, ഇന്നത്തെ അവസ്ഥയിലായിരുന്നില്ല അവളന്ന്, അങ്ങിനെ സംഭവച്ചിരുന്നെങ്കില്‍ നിസ്സഹയതയോടെ നോക്കിനില്‍ക്കേണ്ട സമയമായിരുന്നു.

പിന്നെ തന്റെ മകളെ ഒരാള്‍ മാന്യമായി വിവാഹം ചെയ്തുവെന്ന്. ഒരു വേശ്യയുടെ മകള്‍ക്ക് നല്ലൊരു വിവാഹബന്ധം കിട്ടാതിരിക്കില്ല എന്ന് സൂചിപ്പിക്കാനാണെഴുതിയതെങ്കിലും എന്തുകൊണ്ട് തന്റെ മകളെ മാന്യമാണെന്ന് എല്ലാവരോടും ഉത്ഭോദിപ്പിക്കുന്ന തന്റെ തൊഴിലിലേക്കിറക്കിയില്ല എന്ന ചോദ്യം ബാക്കിയുണ്ട്.

സമൂഹത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെടേണ്ടി വരുന്ന പല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അതിലേര്‍പ്പെടുന്നവരെ ഒറ്റവാക്കില്‍ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ ഇതൊരു മഹത്തായ ധര്‍മമാണെന്ന വാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. പലരും ഇതിലേക്കെത്തി ചേരുന്നത് പല ചതിക്കുഴികളിലൂടെയുമാണ്. ഈ ലിങ്കിലൂടെ ഒന്നു പോയി നോക്കുക. നളിനിപോലും ആദ്യം തിരഞ്ഞെടുക്കുന്നത് ദാരിദ്ര്യമെന്നതിനാലാണെന്നാണ് പറയുന്നത്.അതിന്റെ ശരി അവിടെ നില്‍ക്കട്ടെ.

ഇതില്‍ നളിനി ജമീല ആവശ്യപ്പെടുന്നത് കുടുംബമെന്ന ചട്ടയിലൊതുങ്ങുന്ന സ്ത്രീ അടിമയാണെന്നും അതിനാല്‍ ശരിയായ സ്വാതന്ത്ര്യത്തിനു ഈ ചട്ടക്കൂട്ടില്‍ നിന്നും പുറത്തു വരണമെന്നുമാണ്. തന്റെ ഒരു കൂട്ടുകാരി അവളുടെ വീട്ടിലെ മൂന്നംഗങ്ങളെ ഇതിലേക്കാര്‍കഷിപ്പിച്ചതിനെ വളരെ നന്നായി പ്രശംസിക്കുന്നുമുണ്ട്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ.

എല്ലാവരേയും മനുഷ്യരായിക്കാണണമെന്ന പ്രസ്ഥാവന ഒറ്റനോട്ടത്തില്‍ അപകടകാരിയല്ല. എന്നാല്‍ അതില്‍ പതിയിരിക്കുന്ന ഒരപകടമുണ്ട്. ഇത് ഒരു കൊലപാതകിക്കും ബലാത്സംഗവീരനും അവകാശപ്പെടാവുന്നതാണ്.ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണുന്നത് മനുഷ്യത്വ വിരുദ്ധമാണ്.മനുഷ്യന്റെ അടിസ്ഥാനം തന്നെ അവനില്‍ മാലാഖയും പൈശാചികതയും സമ്മേളിച്ചിരിക്കുന്നു എന്നതാണ്. അതിനാല്‍ ചില മനുഷ്യചെയ്തികളെ നാം അംഗീകരിക്കുകയും ചിലവയെ നിരാകരിക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ ഏതിനെ അവന്‍ സ്വാംശീകരിക്കുന്നു എന്നതാണ് അവനെ രൂപപ്പെടുത്തുന്നത്.

വേശ്യാവൃത്തി എന്നത് ഒരു സാമൂഹിക ജീര്‍ണ്ണതയാണ്. അത് കുടുമ്പം എന്ന സംവിധാനത്തെയാണ് അക്രമിക്കുന്നത്. കുടുമ്പം സ്വാതന്ത്ര്യത്തിന്ന് എതിരെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സാമൂഹിക സുരക്ഷിതത്തിന്റെ അടിവേരാണ്. സുരക്ഷിതത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും ഇടയില്‍ ഒരു സംതുലിതാവസ്ഥയുണ്ട്. അത് ഭേദിക്കുന്നത് ഗുണകരമാവില്ല.

ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകരിക്കുകയാണെങ്കില്‍ എന്തെല്ലാം തൊഴിലിന്റെ നിര്‍‌വചനത്തില്‍ കൊണ്ടുവരേണ്ടി വരും. വേശ്യാലയം തൊഴില്‍ ഫാക്ടറി ആകും. ഉടമ സംരംഭകന്‍, പിമ്പ് സെയിത്സ് എക്സികുടീവ്, വളച്ചും ചതിച്ചും കൊണ്ടുവരുന്നവന്‍ റിക്രൂട്ടിങ്ങ് ഏജന്റ്- അപ്പോള്‍ സര്‍ക്കാറിന് തൊഴിലില്ലായ്മയുടെ പ്രശ്നവും പരിഹരിക്കപ്പെടും.

കന്യകാത്വം സംരക്ഷിക്കേണ്ടത് ധാര്‍മികതയുടെ പേരിലല്ല, ലേലത്തിനു നല്ലൊരു മുതല്‍ക്കൂട്ടാവുന്ന വര്‍ത്തമാന മുതലാളിത്തത്തില്‍ നിന്നും ഇങ്ങിനെ ഒന്നുമായില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം
.

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം- പക്ഷേ-

മുസ്ലിങ്ങള്‍ ഖുര്‍‌ആന്‍ തന്റെ മക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി കരുതുന്നു. മഹാഭാരതത്തിലെ പാഠങ്ങള്‍ പകര്‍ത്താന്‍ തന്റെ കുടുംബത്തോട് ഹിന്ദു പറയുന്നു. ബൈബിളനുസരിച്ച് ജീവിക്കണമെന്ന് ക്രിസ്ത്യാനികളും. അപ്പോള്‍ ഇതാണ് സ്വാതന്ത്ര്യത്തിന്റെ ശരിയായ മാര്‍ഗ്ഗമെന്നും അതനുസരിച്ച് ജീവിക്കണമെന്നും പോസ്റ്റിട്ടവനും കമെന്റില്‍ ജയ്ഹോ വിളിച്ചവരും തന്റെ പെങ്ങന്മാരെയും പെണ്‍കുട്ടികളെയും ഈ മഹത്തായ സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഉപദേശിക്കില്ല എന്നു തന്നെയാണെന്റെ വിശ്വാസം.

അപ്പോ പിന്നെ മറ്റുള്ള പെണ്ണുങ്ങളൊക്കെ ഇങ്ങിനെയൊക്കെ ആയാല്‍ പോസ്റ്റിടാനും മറ്റുചിലതിടാനും നല്ല ചേല്-

11 അഭിപ്രായങ്ങൾ:

  1. ഇനി വേശ്യാവൃത്തി ഒരു തൊഴില്‍ എന്ന രീതിയില്‍ അംഗീകരിക്കുകയാണെങ്കില്‍ എന്തെല്ലാം തൊഴിലിന്റെ നിര്‍‌വചനത്തില്‍ കൊണ്ടുവരേണ്ടി വരും. വേശ്യാലയം തൊഴില്‍ ഫാക്ടറി ആകും. ഉടമ സംരംഭകന്‍, പിമ്പ് സെയിത്സ് എക്സികുടീവ്, വളച്ചും ചതിച്ചും കൊണ്ടുവരുന്നവന്‍ റിക്രൂട്ടിങ്ങ് ഏജന്റ്- അപ്പോള്‍ സര്‍ക്കാറിന് തൊഴിലില്ലായ്മയുടെ പ്രശ്നവും പരിഹരിക്കപ്പെടും.
    :)
    തൊളിലാളി സംഘടനകള്‍ക്ക് കുറെ ശക്തരായ അണികളെയും വാര്‍ത്തെടുക്കാം..
    അല്പം താമസിച്ചു പോയെങ്കിലും നല്ല ലേഖനം.

    മറുപടിഇല്ലാതാക്കൂ
  2. നളിനിജമീലയെ വായിച്ചില്ലെങ്കിലും (എല്ലാവരും ഉറപ്പായും വായിച്ചിരിക്കണമെന്നില്ലല്ലോ) ഇപ്പോള്‍ ഏകദേശ ധാരണയായി. എന്തായാലും ചിത്രകാരന്റെ വാചകകസര്‍ത്ത് എന്തിനായിരുന്നു? ഇതെഴുതിയവര്‍ക്ക് വേണ്ടിയല്ല സമൂഹത്തിലെ ജീര്‍ണ്ണതെക്കും കാപട്യത്തിനും എതിരെയാണ് മരുന്നാകാന്‍ പോകുന്നത് എന്ന് പറയുന്നിടത്തു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. കാട്ടിപ്പരുത്തി പറഞ്ഞതു പോലെ ഇതൊരു ജീര്‍ണ്ണത തന്നെയാണെന്ന് തുറന്നു സമ്മതിക്കുന്നു.

    നല്ല ലേഖനം.
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  3. നളിനി ജമീലയുടെ പുസ്തകം വായിച്ചിട്ടില്ല.ചിത്രകാരന്റെ ഈ പറഞ്ഞ പോസ്റ്റും വായിച്ചിട്ടില്ല.എന്നാലും രാമായണത്തിനും ബൈബിളിനും ഖുറാനുമൊക്കെ പകരം വായിക്കപ്പെടേണ്ടതു് എന്നൊക്കെ പറഞ്ഞാല്‍, അതിത്തിരി കടുപ്പമല്ലേ? അങ്ങിനെയാണെങ്കില്‍ കാട്ടിപ്പരുത്തി സംശയിച്ചപോലെ അതനുസരിച്ചു് ജീവിക്കാന്‍ പറയേണ്ടി വരില്ലേ?

    മറുപടിഇല്ലാതാക്കൂ
  4. കാട്ടിപരുത്തി യുടെ അഭിപ്രായത്തോട് 100 % യോജിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. നളിനി ജമീലയുടെ പുസ്തകം നല്ലതു തന്നെ. എന്നു വെച്ചാല്‍ ഇതും വായിക്കാവുന്നതാണു. പക്ഷേ അതു ബൈബിളിനും ഖുര്‍ ആനും മറ്റു വിശിഷ്ട ഗ്രന്ഥങ്ങള്‍ക്കുമൊപ്പം വെക്കേണമോ? സെക്സ് വ്യാപാരം തൊഴിലായി വെക്കാമെന്നൊക്കെ പറയാം. വീട്ടില്‍ പെങ്ങളോ, അമ്മയോ, ഭാര്യയോ ആ വഴിക്കു തിരിയട്ടെ എന്നു ചിന്തിക്കാന്‍ കഴിയുമോ. ചിത്രകാരന്‍ വിക്ഷിക്കുന്നത് അദ്ദേഹത്തിന്റെ കോണില്‍ ശെരിയാകാം. എനിക്കതൊരു വിശിഷ്ടപുസ്തകമായി തോന്നിയില്ല. കൊള്ളാവുന്ന പുസ്തകം അത്ര തന്നെ.

    നാളെ, കൊലപാതകിയും കഥയെഴുതാം, കള്ളനും കഥയെഴുതാം, അതൊക്കെ വലിയ മഹിമയുള്ള ജോലിയാണെന്നു വായിക്കുകയും ചെയ്യാം. വ്യക്തിപരമായി, ഇവയെ ഗ്ലോറിഫൈ ചെയ്യുന്ന ആശയത്തോട് എനിക്ക് താല്‍പര്യ്മില്ല.

    വീക്ഷണവും ലേഖനവും നന്നായി.

    മറുപടിഇല്ലാതാക്കൂ
  6. എന്ത് വൃത്തികേടുകളെയും ഗ്ലോറിഫിക്കേഷന്‍ ഇന്നൊരു ഫാഷനായിട്ടുണ്ട്. ഇത് ഒരു തരം സാസ്കാരികമായ അധ:പതനം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  7. പ്രസ്കതമായ നിരീക്ഷണം. തിന്മകൾ ലഘൂഖരിക്കപ്പെടുകയും നന്മകൾ പരിഹസിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിൽ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. സ്നേഹമില്ലാത്ത ഒരു വെറും ശരീരത്തെ എങ്ങനെ സഹിക്കാൻ കഴിയും?

    മറുപടിഇല്ലാതാക്കൂ
  9. നമുക്കും നമ്മുടെ അടുത്ത ബന്ധുക്കൾക്കും (മാതാപിതാക്കൾ, ഭാര്യാമക്കൾ തുടങ്ങിയവർ) സ്വീകരിക്കാവുന്ന അല്ലെങ്കിൽ ജീവിതത്തിൽ പകർത്താവുന്ന കാര്യങ്ങളാണ് നാം പൊതു അഭിപ്രായമായും ഉൽഘോഷിക്കേണ്ടത്. അല്ലാതെ തനിക്കും തന്റെ വീട്ടുകാർക്കും ഒരു നിയമവും സദാചാരബോധവും, നാട്ടുകാർക്ക് നളിനി ജമീലയുടെ ജീവിത പാതയുമല്ല. വളരെ നല്ല പോസ്റ്റ്, ആശംസകൾ!!!

    മറുപടിഇല്ലാതാക്കൂ
  10. ആരോ പറഞ്ഞപോലെ തൊഴിലാളി തന്നെ തൊഴിൽ ഉപകരണമാകുന്ന തൊഴിലാണ് ഈ തൊഴിൽ..

    മറുപടിഇല്ലാതാക്കൂ
  11. വേശ്യാവര്‍ത്തി ഒരു തൊഴിലായി കണക്കാക്കണമെന്നു പറയുന്ന നളിനിജമീല സ്വന്തം മകളെ ആ തൊഴിലിനു പറഞ്ഞുവിടാതെ കൂട്ടുകാരിയുടെ കുടുംബത്തില്‍ നിന്നും മൂന്നു പേരെ കളത്തിലിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഴിക്കുന്നു. ഇതു തന്നെയല്ലേ കാപട്യം ! ഇതൊരു തൊഴിലാണെങ്കില്‍ അറിയാതെ കസ്റ്റമറായി എത്തുന്ന സ്വന്തം അച്ഛനെയൊ/ മകനെയൊ/ സഹോദരനെയൊ എന്റെര്‍ടെയിന്‍ ചെയ്തു കാശുമേടിക്കാന്‍ ജമീല തയ്യാറാകുമോ ? അതേ ഇതൊരു ഫാഷനാണ്; ഈ ഗ്ലോറിഫിക്കേഷന്‍ !
    പക്ഷെ ഗാന്ധിജി പറഞ്ഞ പോലെ കുറ്റവാളിയെ വെറുക്കാന്‍ പാടില്ല. അയാളുടെ കുറ്റത്തെയാണു വെറുക്കേണ്ടത്. ഇഷ്ടപ്രകാരമല്ലത്തെ ചതിക്കുഴിയില്‍ വീണ ഒരുവളെ മനുഷ്യനെന്ന നിലയില്‍ ബഹുമാനിക്കാനും സ്നേഹിക്കാനും സഹയിക്കാനും നമുക്ക് കഴിയുമാറാകുന്ന വിധം ഒരു സാമൂഹികചുറ്റുപാട് സൃഷ്ടിക്കാനും വേശ്യകളെ സൃഷ്ടിക്കുന്ന കാപാലികന്മാരെ ശിക്ഷിക്കാനും നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ !

    മറുപടിഇല്ലാതാക്കൂ