2009, ജൂൺ 4, വ്യാഴാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-1

വായനയുടെ ലോകത്ത് കമലാസുരയ്യയേക്കാളും കമലാദാസിനെക്കളും എനിക്കിഷ്ടം മാധവിക്കുട്ടിയെയാണ്.എന്റെ വായനയിലെ ഒരത്ഭുതമായിരുന്നു അവര്‍.പരിചിതമായ വാക്കുകളിലൂടെ ലളിതമായ ഭാഷയിലൂടെ കഥാലോകത്ത് കൈപിടിച്ചു നടത്തുമ്പോള്‍ നമുക്കെങ്ങിനെ ഒരാളെ സ്നേഹിക്കാതിരിക്കാന്‍ കഴിയും.

ബഷീര്‍ എനിക്കു കഥ പറഞ്ഞുതരികയായിരുന്നു.വെള്ളിത്തിരയില്‍ കഥ കാണിച്ചുതരിക- എന്റെ ഓര്‍മകളിലേക്കു കൊണ്ടു പോയും മറ്റും. പക്ഷെ മാധവികുട്ടി അങ്ങിനെ ആയിരുന്നില്ല. എന്നെ ശരിക്കും വിരല്‍ പിടിച്ച് കഥയുടെ പൂരപ്പറമ്പിലൂടെ കൈപിടിച്ചവര്‍ നടത്തിക്കൊണ്ടിരുന്നു.

ഞാന്‍ വെറുപ്പോടെ തിരികെ വച്ച ഒരേഒരു പുസ്തകമേ അവരുടേതായുള്ളു- അത് അവര്‍ അവസാനമെഴുതിയ വണ്ടിക്കാളകള്‍. വായിച്ച് തീരുമ്പോള്‍ വലിച്ച വണ്ടിയുടെ ഭാരം വല്ലാതെ തളര്‍ത്തിക്കളഞ്ഞു.

എന്റെ കഥയിലെ ശ്രീകൃഷ്ണനുമായുള്ള പ്രണയം ഞാനെത്രപ്രാവശ്യം ആവര്‍‌ത്തിച്ചെന്നതെനിക്കു തന്നെ എണ്ണാനാവില്ല.

കോളേജില്‍ പഠിക്കുമ്പോള്‍ കമലാദാസിന്റെ ഒരു കവിത ഇംഗ്ലീഷ് പദ്യ പുസ്തകത്തിലുണ്ടായിരുന്നു. A hot noon in Malabar- മലയാള കവിതതന്നെ കഷ്ടിച്ചു വഴങ്ങുന്ന എനിക്കു അതൊരു പഠന വസ്തു മാത്രമായി. മാധവിക്കുട്ടി കമാലാദാസാണെന്ന് അതെനിക്കറിവുതന്നെന്നു മാത്രം.

കലാകാരനും കലാസൃഷ്ടിയും രണ്ടാണെന്നു വായിച്ചത് എം.കൃഷ്ണന്‍ നായരിലൂടെയാണ്-ചങ്ങമ്പുഴയുടെയും മഹാകവി പി.യെയുമുദാഹരിച്ച് ഇവരൊന്നും ജീവിതമാത്ര്‌കകളല്ലെന്ന ബോധമുണ്ടാക്കി തന്നു.

എം.ടി.യുടെ അക്ഷരങ്ങളെന്ന സിനിമ ഇത് പറഞ്ഞുതരുന്നുണ്ട്.

സിനിമാ വില്ലന്മാരിലെ ബാലന്‍.കെ.നായരും ടി.ജി.രവിയുമെല്ലാം നല്ല ഉദാഹരണങ്ങള്‍ മാത്രം.

ഇവയെല്ലാം വ്യക്തിയെ അളക്കാനായി അവരുടെ സൃഷ്ടികളെ അളക്കരുതെന്നു എന്നെ പഠിപ്പിച്ചു.

മാധവികുട്ടിയെന്ന വ്യക്തി-

ഒരു സ്നേഹിതന്റെ കയ്യില്‍ നിന്നുമാണു നരായണപിള്ളയുടെ മൂന്നാംകണ്ണെന്ന പുസ്തകം കിട്ടുന്നത്.അഞ്ചു വ്യക്തികളെ കുറിച്ചുള്ള വ്യക്തി നിരീക്ഷണമായിരുന്നു അതിന്റെ ഉള്ളടക്കം. ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കരുണാകരനെ കുറിച്ചുള്ള വിലയിരുത്തലാണ്.

മുരളിയെ കരുണാകരന്‍ സ്നേഹിച്ചു സയാമീസ് ഇരട്ടകളെപ്പോലെയായി നില്‍ക്കുന്ന കാലം. അച്ചനെവിടെ തുടങ്ങുന്നു മകനെവിടെ അവസാനിക്കുന്നു എന്നു ഭൂതക്കണ്ണാടി നോക്കുന്നതിന്നിടയിലേക്കു നാണപ്പന്‍ കയറിപ്പറഞ്ഞു- കരുണാകരന്‍ സ്നേഹിക്കുന്നത് കരുണാകരനെ മാത്രം. അതിന്നിടയില്‍ മുരളി കയറി നിന്നാല്‍ പോലും തട്ടിത്തെറിപ്പിക്കും. അന്നങ്ങിനെ പറയാന്‍ അസാമാന്യ ധൈര്യം തന്നെ വേണമായിരുന്നു.

ആരെങ്കിലും ആ പുസ്തകമൊന്നു കിട്ടുന്നെങ്കില്‍ വായിച്ചു നോക്കുക. അത് ഞാന്‍ ദുബായിലേക്കു കൊണ്ടു വന്നിട്ടില്ല. ഈ പോസ്റ്റിന് അതൊരു നഷ്ടം തന്നെയാണു.

പിന്നീടാണു മാധവിക്കുട്ടിയെന്ന വ്യക്തിയെ വായിക്കുന്നത്. കുടുമ്പസുഹ്ര്‌ത്തുകൂടിയായ നാണപ്പന്‍ ഒരു നല്ല വ്യക്തിപഠനം തന്നെ നടത്തുന്നുണ്ട്.

പലര്‍‌ക്കും എന്റെ കഥ ഇന്നും ഒരു വള്ളിപുള്ളി തെറ്റാതെയുള്ള ഒരാത്മകഥയാണ്. നാണപ്പനോ, കാശില്ലാത്ത സമയത്ത് ആമിയെഴുതിയ ഒരു കൈക്രിയ മാത്രം.

ലോകബാങ്കില്‍ ജോലിയുള്ള ദാസിന്റെ ഭാര്യയായ കമലക്കു കാശില്ലാത്ത പ്രശ്നമോ? നമ്മളത്ഭുതപ്പെടുന്ന ഈ സാമ്പത്തിക പ്രതിസന്ധിയുടെ ശരിയായ ചിത്രമുണ്ട്. ഇപ്പോള്‍ നന്നായി ചര്‍ച്ച ചെയ്യപ്പെട്ട സമ്മാനദാനം തന്നെ.

വരുന്ന അതിഥികളുടെ മുമ്പില്‍ പുതുതായി വാങ്ങിയ ആഭരണമോ സാരിയോ കമല കാണിച്ചുചോദിക്കും.എങ്ങിനെയുണ്ട്? നന്നായിരിക്കുന്നോ? സ്വാഭാവികമായ മറുപടി വളരെ ഭംഗിയുണ്ടല്ലോ. ശരി എന്നാലെടുത്തോളൂ. വളരെ താത്പര്യപൂര്‍വ്വം ആമി വാങ്ങിക്കൂട്ടുന്ന ഈ സാധങ്ങള്‍ മറ്റൊരാളിലെത്താന്‍ കുറഞ്ഞ സമയം മാത്രം മതിയാകുമായിരുന്നു. കൊടുക്കുന്ന സമ്മാനങ്ങള്‍ നിരസിക്കുന്നത് ആമിക്ക് ഭയങ്കര ദ്യേഷ്യവും. സ്വാഭാവികമായും മുതലെടുപ്പുകാരും കൂടെക്കൂടി.

ഇങ്ങിനെ ഒരു സ്ത്രീയെ സഹിക്കാന്‍ ദാസിനെപ്പോലെയെല്ലാതെ ഒരു ഭര്‍ത്താവിനെ എവിടുന്നു കിട്ടും.
ദാസിനു കമല ജീവനായിരുന്നു. കമലക്കു ദാസും. വായനക്കാരനൊ കൊള്ളിക്കിഴങ്ങു പോലെയുള്ള തന്റെ പുരുഷലിംഗം കാണിച്ച് അറപ്പുളവാക്കുന്ന ഒരു വ്ര്‌ദ്ധനായ ഭര്‍ത്താവ്.(ചന്ദനമരങ്ങള്‍)

എന്റെ കഥ ഇത്ര പ്രശസ്തമാക്കുന്നത് ടൈം മാഗസിനാണ്. ആദ്യമായി മൂന്നാം-ലോകത്തില്‍ നിന്നുമൊരു പെണ്ണ് ചിലത് തുറന്നപ്പോള്‍ മുതലാളിത്തലോകത്തിന്നതൊരു വാതില്‍ കൂടിയായിരുന്നു. സ്വാഭാവികമായും അതവര്‍ നന്നായി മുതലെടുത്തു. ടൈമിന്റെ മുഖചിത്രം അങ്ങിനെ ഒരിക്കല്‍ കമലാദാസായി.

ഭാവനാലോകത്ത് ജീവിക്കാന്‍ കഴിയുന്നവനേ നല്ല എഴുത്തുകാരനാവാന്‍ കഴിയൂ. ഗബ്രീല്‍ മാര്‍കിസ്ന്റെ ഒരു പുസ്തകത്തില്‍ രാത്രി കിടക്കുമ്പോള്‍ പ്രേതങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് ശരിക്കും വിവരിക്കുന്നുണ്ട്. ആ ശബ്ദം നമുക്കു കേള്‍ക്കാന്‍ കഴിയില്ല. അത് വെറും തോന്നലായിരുന്നെന്നു ബോധ്യപ്പെടാതിരിക്കേണ്ടത് നമ്മള്‍ വായനക്കാരുടെ ആവശ്യമാണ്.ബഷീറിന്റെ ജിന്നുകളും ഭ്രാന്തുമെല്ലാം ഇത്തരുണത്തില്‍ നോക്കി കാണണം. ഈ നാരായണപ്പിള്ള തന്നെ മറ്റൊരു ലേഖനത്തില്‍ നായക്കള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. അവ മനുഷ്യനേക്കാള്‍ ബുദ്ധിയുള്ളവയാണെന്നു വരെ. പരിണാമമെന്ന നാണപ്പന്റെ നോവലിന്റെ ശക്തിയും മറ്റൊന്നല്ല.

മാധവിക്കുട്ടി നാണപ്പനോട് മൂന്നു സന്ദര്‍ഭങ്ങളിലായി പ്പറഞ്ഞ ഒരേ സംഭവത്തിന്റെ വിവരണം എന്നെ കോളെജില്‍ പഠിച്ച കവിതയിലേക്കു കൊണ്ട് പോയി. ഒരു നട്ടുച്ചക്ക് കുറച്ചു നാടോടികള്‍ പാട്ടുമായി തറവാട്ടിലേക്കു വരുന്നതാണ് കവിതയുടെ ഇതിവൃത്തം. പഴയ ഗ്രാമങ്ങളിലെ ഒരു സധാകാഴ്ച്ച. മാധവിക്കുട്ടി ആദ്യം പറഞ്ഞപ്പോള്‍ വെറും കുറച്ചു നാടോടികള്‍ വന്നു പാട്ടുപാടുക മാത്രമേ ചെയ്തുള്ളൂ. പിന്നെ അവരോടൊപ്പം കമല പാടുന്നുണ്ട്, മൂന്നാമത്തെ പ്രാവശ്യം അതിലൊരാളുമായി രതിയിലേര്‍പ്പെടുകയും ചെയ്യുന്നു.(ഓര്‍മയില്‍ നിന്നും).

ഒരു നാടോടിപ്പാട്ടുക്കാരനോട് ഒറ്റക്കാഴ്ചയില്‍ തന്നെ രതിയിലേര്‍പ്പെടാന്‍ എന്റെ മാധവിക്കുട്ടിക്കേ കഴിയൂ. അങ്ങിനെ വിശ്വസിക്കാനും എന്നിട്ടു മറ്റുള്ളവരോട് പറയാനും.

വളരെ വൈകാരികമായ തീരുമാനങ്ങളെടുത്തു അബദ്ധങ്ങളില്‍ ചാടുന്ന മാധവിക്കുട്ടിയുടെ ചിത്രവും നമുക്കതില്‍ വായിക്കാം. തിരുവന്തപുരം തിരഞ്ഞെടുപ്പുമെല്ലാം അങ്ങിനെ ചിലതായിരുന്നു.ചില കേസുകളില്‍ നിന്നെല്ലാം തലയൂരാന്‍ നാണപ്പന്‍ തന്റെ സ്വാധീനങ്ങളുപയോഗിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടി മതം മാറിയെന്നത് കേട്ട്പ്പോള്‍ ആദ്യം എനിക്കോര്‍മ വന്നത് നാണപ്പന്റെ മൂന്നാംകണ്ണായിരുന്നു. കാരണം കരുണാകരനും മുരളിയും ഇരട്ടകള്‍ മാറി ഒറ്റകളായിത്തുടങ്ങിയിരുന്നുവപ്പോള്‍.

മാധവിക്കുട്ടിയുടെ മതം മാറ്റത്തെ അന്നു ചര്‍ച്ചചെയ്യുമ്പോള്‍ ഇതെപ്പോള്‍ അപ്പുറം തന്നെ ചാടുമെന്നും അപ്പോളെന്താകും പുകിലുമെന്നും ഞാന്‍ ആലോചിക്കുകയായിരുന്നു.
(തുടരും)

14 അഭിപ്രായങ്ങൾ:

  1. നന്നായി കാട്ടിപ്പരുത്തി ഈ ഓര്‍മ്മപ്പെടുത്തലിന്. നല്ല പോസ്റ്റ്‌.
    മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് ബാഷ്പാജ്ഞലികള്‍.

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ മാധവിക്കുട്ടിയുടെ കഥകള്‍ ഒന്നും തന്നെ വായിച്ചിട്ടില്ല, ഇനി വായിക്കണം...

    മറുപടിഇല്ലാതാക്കൂ
  3. നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കൊ വലിച്ചെറിഞ്ഞുകൊടുത്ത്‌ പൊടുന്നനെ മൌനത്തിലേക്ക്‌ ...പിന്നെപ്പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും ഉള്‍വലിയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ.. വേദിയില്‍ ഇരുളു പടരുകയാണ്‌..... കുരാകൂരിരുട്ട്‌....

    മറുപടിഇല്ലാതാക്കൂ
  4. ക്ഷമിക്കണം മാധവിക്കുട്ടി

    മറുപടിഇല്ലാതാക്കൂ
  5. കുറിപ്പ് കൊള്ളാം മാധവിക്കുട്ടിയെ അറിയാത്തതിനാല്‍ നീതിയെപ്പറ്റി പറയാനാളല്ല.

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ കാട്ടിപ്പരുത്തി,
    നല്ല ശൈലി
    പരിമിതമായ വായന സ്വന്തമായുള്ള എനിക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങള്‍ക്ക് പറഞ്ഞു തരാനാകുമെന്നു പ്രതീക്ഷിക്കുന്നു.
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. നല്ല എഴുത്ത് .
    മാധവിക്കുട്ടിയെപ്പറ്റിയുള്ള ഒരു ചെറു ചിത്രം തരുന്നു നമുക്ക്.
    വിയോജിപ്പ് എഴുത്തുകാരനും വ്യക്തിയും തമ്മിലുള്ള ബന്ധത്തെപറ്റി മാത്രം.
    തന്റെ ഉള്ള് ഒളിച്ചുവച്ച് ഒരാള്‍ക്കും എഴുതാനാവില്ല. ഒന്നോ രണ്ടോ സാധിച്ചേക്കും പക്ഷെ ഒരു ജീവിതകാലം മുഴുവന്‍ മനസ്സിലുള്ളത് വരികളില്‍ കുടഞ്ഞിടുമ്പോള്‍ ജീവിതത്തിനും എഴുത്തിനും തമ്മിലുള്ള അകലം നഷ്ടമാവുക തന്നെ ചെയ്യും.
    അതുനാല്‍ തന്നെ ഞാനേറ്റവും കുറച്ച് മാത്രം വായിച്ചിട്ടുള്ള എഴുത്തുകാരിയും മാധവിക്കുട്ടി തന്നെ.
    വരികള്‍ക്കിടയിലെ എഴുത്തുകാരി പലപ്പോഴും എന്നെ വിമ്മിഷ്ടപ്പെടുത്തി.
    എന്റെ അഭിപ്രായം ആണെ.

    മറുപടിഇല്ലാതാക്കൂ
  8. നല്ല എഴുത്ത് ...തുടരുക

    അടുത്ത ലക്കത്തിനായി കാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. മാധവിക്കുട്ടിയെ ആദ്യം രുചിച്ചത്...നെയ്പ്പായസത്തിലൂടെയാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ....
    നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം ....വായിച്ച് ഏതാണ്ട് ഒരാഴ്ചയോളം ഞാന്‍ അമ്മയുടെ അടുത്ത് നിന്നു മാറാതെ നിന്നിരുന്നു...അടുക്കളയിലും പറമ്പിലും എന്തിന് അമ്മയുടെ ഉച്ചയുറക്കത്തിന്റെ നേരത്ത്‌ പോലും...ഭയം മുട്ടിയ മനസ്സോടെ
    മക്കള്‍ക്ക്‌ നെയ്പ്പായസം ഉണ്ടാക്കി വച്ച് ലോകത്തോട്‌ വിട പറഞ്ഞ അമ്മ...ഹൊ ആലോചിക്കുമ്പോള്‍..

    എന്നും ആ മനസ്സില്‍ മരണത്തോട്‌ അകാരണമായ ഭയം ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകും...
    പക്ഷിയുടെ മരണവും അങ്ങനെ തന്നെ...

    ചിരംജീവിയാകാന്‍ മാത്രം കുറിപ്പുകള്‍ ഇവിടെ അവശേഷിപ്പിച്ച് പോയ കമലയ്ക്കു മുന്‍പില്‍ തല കുനിക്കട്ടെ....

    കമലാമ്മയുടെ വ്യക്തി ജീവിതം കുത്തിക്കീറി എന്തിനാണ് പലരും ഈ ബൂലൊകത്തെ മോശപ്പെടുതുന്നത്???
    സാഹിത്യ ലോകത്ത്‌ എഴുത്തുകാരനില്ല...എഴുത്തെ ഉള്ളു...വ്യക്തി ഇല്ല ...വരികള്‍ മാത്രം
    എഴുതിയത്‌ കമല ദാസോ..സുരയ്യയോ ആരുമാകട്ടെ...എഴുത്തിനെ നമിക്കാം...
    shakespear ആരായാലെന്ത്‌... ദാസ്തെവിസ്കി മദ്യപിചെങ്കിലെന്ത്?
    റുഷ്ദി വീണ്ടും പെണ്ണ് കേട്ടിയെങ്കിലെന്ത്??...

    അമ്മക്ക് പ്രണാമം..
    അവരിലെ നല്ലത് കാണാനും അമ്മ മുഖം തിളക്കത്തോടെ വരക്കാനും സുമനസ്സ് കാട്ടിയ കാട്ടിപ്പരുത്തിയോട്‌ നന്ദി...

    മറുപടിഇല്ലാതാക്കൂ
  10. വായിച്ചു...അടുത്ത ഭാഗത്തിനായി കാക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. ഷാരോണ്‍ വിനോദ് എഴുതിയത് പോലെ നെയ്പയാസം വായിച്ചതു സ്കൂള്‍ കാലത്താണ് . ഒരു വല്ലാത്ത ഭയം എന്റെ മനസ്സിനെ ഭരപ്പെടുത്ത്തിയിരുന്നു. പിന്നെ പക്ഷിയുടെ മണം വയിച്ച്ചെപ്പിന്നെ കുറെ കാലത്തേക്ക് ലിഫ്റ്റ്‌ കണ്ടാല്‍ പേടി തോന്നുമായിരുന്നു ..... ഒരു ഓണപ്പതിപ്പില്‍ ഒരു കന്യസ്ട്രി അമ്മയില്‍ മരിച്ചു പോയ അമ്മയെ കാണുന്ന ഒരു കുഞ്ഞു കുട്ടിയുടെ ( അച്ഛന്‍ വേറെ കെട്ടി ) കഥ എഴുതി മാധവിക്കുട്ടി പിന്നേം എന്നെ കരയിച്ചു ...
    എനിക്ക് ഇഷ്ടമാണ് ആ അമ്മയെ ..... ഒരുപാട്‌ ......

    മറുപടിഇല്ലാതാക്കൂ
  12. ...പകല്‍കിനാവന്‍...daYdreamEr
    സന്തോഷ്‌ പല്ലശ്ശന
    തറവാടി
    Shihab Mogral
    ചിന്തകന്‍
    kichu .
    hAnLLaLaTh

    കുറിപ്പുകള്‍ക്കു മറുപടിയെഴുതാന്‍ വൈകിയതില്‍ ക്ഷമിക്കുക- എല്ലാവര്‍ക്കു നന്ദി.

    അനില്‍@ബ്ലോഗ്

    രണ്ടും തമ്മിലുള്ള വ്യത്യാസം സ്വപ്നങ്ങളെ നാം സ്വപ്നങ്ങളായി കാണുന്നു, അവര്‍ അതില്‍ ജീവിക്കുന്നു. അതിനാല്‍ തന്നെ അയാഥാര്‍ത്ഥ്യമായതെന്ന ഭാവം എഴുത്തില്‍ വരില്ല, വെറും യാഥാര്‍ത്ഥ്യങ്ങളെഴുതുന്നത് വെറും ജേര്‍ണലിസമാവുകയേ ഉള്ളൂ.

    ഷാരോണ്‍ വിനോദ്
    ചേച്ചിപ്പെണ്ണ്

    എഴുത്തിന്റെ ശക്തിയാനത് ഷാരോണ്‍
    പക്ഷിയുടെ മരണം എന്റെ പ്രിയപ്പെട്ട കഥകളിലൊന്നാണ്.

    മറുപടിഇല്ലാതാക്കൂ