2010, നവംബർ 29, തിങ്കളാഴ്‌ച
മാല്‍ക്കം-X Vs ഡെന്‍സല്‍
<ഇടതു വശം- ശരിയായ മാല്‍ക്കം- ^മുകളില്‍ ഡെന്‍സല്‍ മാല്‍ക്കമായി
ഡെന്‍സെല്‍ വഷിങ്ട്ടണ്ണിന്റെ ദെ ഗ്രേറ്റ് ഡിബേറ്റര്‍ രണ്ടാമൊന്നുകൂടി കണ്ടു, അപ്പോഴാണു വിക്കിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടാമെന്നു കരുതിയത്. അത്ഭുതത്തോടെയാണു മാല്‍ക്കം എക്സ് ആയി ഡെല്‍സന്‍ അഭിനയിച്ചിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയത്. ഒരു നാലു കൊല്ലം മുമ്പാണു ഞാന്‍ അലെക്സ് ഹാലി എഡിറ്റ് ചെയ്ത മാല്‍ക്കം എക്സിനെ കുറിച്ചുള്ള ജീവചരിത്രത്തിന്റെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാളം പരിഭാഷ വായിച്ചിട്ടുള്ളത്. മാല്‍ക്കം എക്സും ഡെന്‍സനും. പിന്നെ ചിത്രം കാണാതിരിക്കാന്‍ എന്തുണ്ട് ന്യായം. ടോറന്റിനു നന്ദി. നല്ല സിനിമകള്‍ ഇപ്പോള്‍ നമുക്ക് കയ്യെത്തും ദൂരത്താണു. അതിനേക്കാള്‍ നല്ല പ്രയോഗം വിരലെത്തും ദൂരത്തെന്നായിരിക്കും. ഡെന്‍സല്‍ എങ്ങിനെ മാല്‍ക്കത്തെ ഉള്‍കൊള്ളുന്നു എന്നത് എന്നെ ആകാംക്ഷാഭരിതനാക്കി.
മാല്‍കം എക്സിന്റെ ജീവചരിത്രം ഒരു വ്യക്തിയുടെ കഥയുടെ വായനയല്ല നമുക്കു സമ്മാനിക്കുക. അമേരിക്കയിലെ നീഗ്രോ സമൂഹത്തിന്റെ 1940 കളില്‍ നിന്നു അറൂപതുകളിലേക്കുള്ള സമൂഹികാവസ്ഥകളെ കുറിച്ചുള്ള ഒരു ജാലകം കൂടി തുറന്നു തരുന്നു. ജീവചരിത്ര വായനകളില്‍ ഒരു വ്യക്തിയെ മാത്രമല്ല നാം പഠിക്കുന്നത്. മാല്‍ക്കം എക്സെന്ന ആഫ്രോ-അമേരിക്കാരന്റെ ജീവചരിത്രത്തില്‍ ഏതൊരാഫ്രിക്കക്കാരനും നേരിടുന്ന- നേരിട്ട ജീവിതാവസ്ഥകളെ കുറിച്ച് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് പഠിക്കാനേറെയുണ്ട്. സത്യത്തില്‍ ഇന്നും കറുത്ത അമേരിക്കക്കാരന്‍ മാനസികമായി ഈ അടിമത്വത്തില്‍ നിന്നും മോചിതനായിട്ടില്ല എന്നതാണു സത്യം.
മാല്‍ക്കം ജനിക്കുന്നത് നീഗ്രോ കുടുമ്പങ്ങളിലെ തരക്കേടില്ലാത്ത ഒരന്തരീക്ഷത്തിലാണു. അച്ചന്‍ ഏള്‍ ലിറ്റില്‍ ക്രൈസ്തവ സുവിശേഷകനും നീഗ്രോ സമൂഹത്തില്‍ മനുഷ്യാവകാശ പ്രാര്‍ത്തകനുമായതിനാല്‍ തന്റെ മക്കള്‍ക്ക് വിദ്യഭ്യാസവും നല്ല സാമൂഹിക ബോധവും നല്‍കിയിരുന്നു. പക്ഷെ കാര്യങ്ങല്‍ തകിടം മറിയുന്നത് നമുക്ക് വിധിയിലേക്ക് ചേര്‍ത്തേണ്ടി വരും. ക്ലാന്‍സ്മെന്‍ എന്നറിയപ്പെട്ടിരുന്ന വെള്ള ക്രൈസ്തവ തീവൃ-വംശീയര്‍ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവൃത്തനങ്ങളാല്‍ അതൃപ്തരാവുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അപ്പോള്‍ മാല്‍ക്കം ഗര്‍ഭാവസ്ഥയിലായിരുന്നു, ഇത് കുടുമ്പത്തെ ഒമാഹയില്‍ നിന്നും ലാന്‍സിങ്ങിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ തന്റെ ആറാമത്തെ വയസ്സില്‍ മാല്‍ക്കത്തിന്റെ പിതാവ് വെള്ളക്കാരാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ പോലീസാകട്ടെ അതൊരു ആത്മഹത്യയായി കേസ് എഴുതി തള്ളി. ഇത് അദ്ദേഹത്തിന്റെ ഇന്‍ഷൂറന്‍സ് കുടുമ്പത്തിനു നഷ്ടപ്പെടാന്‍ കാരണമാക്കി. തന്റെ പിതാവിന്റെ ദാരുണമായ കൊലപാതക്കതിനു ശേഷം മാല്‍ക്കത്തിന്റെ കുടുമ്പം ശിഥിലമാകുകയായിരുന്നു.. ബുദ്ധിഭ്രമം ബാധിച്ച അമ്മയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഭയം നല്‍കിയത് വെള്ളക്കാരുടെ വീടുകളില്‍ (foster homes) സംരക്ഷണം നല്‍കിയാണു. മാല്‍ക്കത്തിന്റെ ഭാഷയില്‍ അവരില്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടു മാല്‍ക്കം വളര്‍ന്നു. ജൂനിയര്‍ സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയെങ്കിലും ഒരു അഭിഭാഷകണമെന്ന തന്റെ ആഗ്രഹത്തോട് നീഗ്രോകള്‍ക്ക് അത്ര വലിയ ആശകളൊന്നും പാടില്ലെന്ന അദ്ധ്യാപകന്റെ മറുപടി വംശീയ ബോധം ഉണ്ടാക്കി.
നിരവധി "വെള്ള-സംരക്ഷണ" കാലങ്ങളില്‍ നിന്നും "മോചിതനായി" മാല്‍ക്കം തന്റെ അര്‍ദ്ധസഹോദരിയുടെ അരികിലേക്ക് ബോസ്റ്റണിലേക്ക് ചേക്കേറി. പല ചെറിയ ജോലികലിലും ഏര്‍പ്പെട്ടെതിനു ശേഷം ന്യൂയോര്‍ക്കിലേക്ക് മാല്‍ക്കം തിരിക്കുന്നു.
അവിടെ വച്ച് മാല്‍ക്കത്തിന്റെ ജീവിതം ഏതൊരു ആഫ്രിക്കന്‍ യുവാവിനെ പ്പോലെയും വര്‍ണ്ണ ശബളമാകുകയാണു. നിശാക്ലബ്ബുകള്‍, ലഹരി, നൃത്തം, വേശ്യാഗമനം. പണത്തിനു വേണ്ടി മാല്‍ക്കം മയക്കുമരുന്നിലേക്ക് തിരിയുന്നു. ഒരു മോഷണകുറ്റത്തിനു പിടിക്കുന്നത് വരെയുള്ള ജീവചരിത്രം ഏതൊരു ആക്‌ഷന്‍ സിനിമയേയും കിടപിടിക്കുന്ന സംഭവ ബഹുലമാണു. ഇതൊരു മാല്‍ക്കത്തിന്റെ മാത്രം കഥയായിരുന്നില്ല. ഏതൊരു നീഗ്രോ യുവാവിനും ഇങ്ങിനെയൊക്കെയുള്ള ജീവിതമായിരുന്നു പറയാനുണ്ടായിരുന്നത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു വെള്ളക്കാരന്റെ വീട്ടുജോലികളില്‍ അഭയം തേടുക.
ഒരു വാക്കു തര്‍ക്കത്തെ തുടര്‍ന്ന് മയക്കുമരുന്നു വില്പന സംഘത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ട മാല്‍ക്കം പിന്നീട് എത്തിചേരുന്നത് മോഷണത്തിലാണു. സഹായിയായി കറുത്ത ആണുങ്ങളെ ഇഷ്ടപ്പെട്ടു കൂടെ കൂടിയ വിവാഹിതയായ കാമുകിയും അവളുടെ അനിയത്തിയും കാമുകനായ കൂട്ടുകാരനും. അവര്‍ കൂട്ടുചേര്‍ന്ന് നടത്തുന്ന മോഷണം പോലീസ് പിടിയിലാകുന്നത് വരെ തുടരുന്നു.
ജയിലില്‍ വച്ച് മാല്‍ക്കം ബെംബി എന്ന സുഹൃത്തിനെ കണ്ടെത്തുന്നു. അഭിമാനിയായി ജീവിക്കാനുള്ള ആദ്യത്തെ ഉപദേശം ലഭിക്കുന്നത് ബെംബിയില്‍ നിന്നാണ്. സിനിമയില്‍ നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് ആദ്യം അറിയുന്നത് ബെംബിയില്‍ നിന്നാണു, എന്നാല്‍ ജീവചരിത്രം പറയുന്നത് കൂടുതല്‍ വായിക്കാനുള്ള പ്രചോതനം നല്‍കുകയാണ് അയാള്‍ ചെയ്തെതെന്നാണു. തന്റെ സഹോദരന്‍ റെഗ്ഗിനാള്‍ഡില്‍ നിന്നാണു നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് മാല്‍ക്കം അറിയുന്നത്.
നാഷന്‍ ഓഫ് ഇസ്ലാം
പേര്‍ കേട്ട് അതൊരു ഇസ്ലാമിക സംഘമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇസ്ലാമിലെ പല ആചാരങ്ങളും ഉപചാരങ്ങളും ഉപയോഗിക്കുന്നതിലപ്പുറം നാഷന്‍ ഓഫ് ഇസ്ലാം ഇസ്ലാമുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. Wallace Fard Muhammad എന്ന എന്ന മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിരൂപമായി ഭൂമിയില്‍ അവതരിച്ചു എന്നിടത്തു തുടങ്ങുന്നു ഈ വ്യത്യാസം. എലാജ് മുഹമ്മെദ് എന്ന പ്രവാചകനെ അല്ലാഹു തിരഞ്ഞെടുത്തു എന്നത് കൂടിയാകുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. 1930 ലാണു ഈ മത സംഘടന രൂപമെടുക്കുന്നത്. ഫാര്‍ഡിനെ കുറിച്ച് വ്യക്തമായ ഒരു രൂപവും ആര്‍ക്കും നല്‍കാനാവുന്നില്ല, അഫ്ഘാനിലാണു ജനിച്ചതെന്നും അതല്ല ന്യൂസിലന്റുകാരനെന്നും അഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ ശിഷ്യനും പിന്‍ഗാമിയുമായ എലിജാ മുഹമ്മെദ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് മക്കയില്‍ നിന്നും അല്ലാഹു ദൈവത്തെയും പിശാചിനേയും മനസ്സിലാക്കാന്‍ മനുഷ്യനായി അവതരിക്കപ്പെട്ടവന്‍ എന്ന രീതിയിലാണു.
ഫാര്‍ഡിന്റെ തിരോധാനവും നിഗൂഡമാണു. 1934-ല്‍ ചികാഗോവില്‍ വച്ച് ഫാര്‍ഡിനെ കാണാതാവുകയാണുണ്ടായത്. ഫാര്‍ഡിനെ അല്ലാഹു എന്നു വിശേഷിപ്പിച്ച എലാജ് അല്ലാഹു നിയോഗിച്ച പ്രവാചകന്‍ എന്ന സ്ഥാനമേറ്റെടുത്തു.
മുസ്ലിങ്ങളെ പോലെ അസ്സലാമു അലൈക്കും എന്ന അഭിവാദനവും മദ്യം മയക്കുമരുന്ന്, വ്യഭിചാരം, പന്നിയിറച്ചി തുടങ്ങിയവയുടെ നിഷേധവും ബ്ലാക്ക്മുസ്ലിങ്ങള്‍ ( നാഷന്‍ ഓഫ് മുസ്ലിം അംഗങ്ങള്‍ അറിയപ്പെടുന്നത് ഈ പേരിലാണു) പാലിച്ചു പോന്നു. അതിലേറെയെല്ലാം നാഷന്‍ ഓഫ് മുസ്ലിംസ് ഒരു തീവൃ കറുത്ത വര്‍ഗ്ഗ സംഘടനയഅയിരുന്നു. ദൈവത്തിന്റെ നിറം കറുപ്പാണെന്നും ആദ്യമനുഷ്യന്‍ കറുപ്പായിരുന്നെന്നും വെളുത്തവര്‍ പിശാചിന്റെ സന്തതികളാണെന്നും പ്രചരിപ്പിച്ച അവര്‍ ഒരു കറുത്തവര്‍ഗ്ഗ വശീയതയുടെ വാക്താക്കളായിരുന്നു. വെള്ളക്കാരെ വെറുക്കുക എന്നതായിരുന്നു അടിസ്ഥാനം.
ഖുര്‍ആനും ബൈബിളും അല്ലാഹുവില്‍ നിന്നാണെന്നും ഹീബ്രുവായ യേശുവിനെ വെള്ളക്കാരന്‍ വെളുപ്പിച്ചതാണെന്നും യഥാര്‍ത്ഥ യേശു കറുത്തവനാണെന്നും അത് ദൈവം കറുത്തവനാണെന്നതിന് തെളിവാണെന്നും നാഷന്‍ സമര്‍ത്ഥിച്ചു.
നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിജയം അത് ആദ്യമായി കറുത്ത അമേരിക്കരില്‍ അഭിമാനബോധം വളര്‍ത്തി എന്നതാണു. മറ്റെല്ലാ സമകാലിക സംഘവും വെളുത്തവരോടൊപ്പം എന്ന സ്വപ്നം പോലും അപ്രായോഗീകകമെന്നു കരുതിയിരുന്ന സമയത്താണു വെളുത്തവരേക്കാള്‍ ഉന്നതരാണ് തങ്ങളെന്ന വാദവുമായി വരുന്നത്. മാത്രമല്ല അത് സംഘാഗങ്ങളുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളെയും ഉള്‍കൊള്ളുന്നതായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് അവര്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു എന്നായിരുന്നു. അടിമ വ്യാപാര കാലങ്ങളില്‍ ആഫ്രിക്കയിലെ രാജ വശജര്‍ പോലും അമേരിക്കന്‍ അടിമവ്യാപാര വിപണിയിലെ ചരക്കുകളായിരുന്നു. മിക്ക അടിമകളുടെയും ആദ്യകാല മതം ഇസ്ലാം ആയിരുന്നു. ഒരു പക്ഷെ ഇതെല്ലാം കൂടിയായിരിക്കാം നാഷന്‍ ഓഫ് ഇസ്ലാമിന്റെ അടിത്തറ.
ജയിലില്‍ വച്ച് മാല്‍ക്കം എലാജ് മുഹമ്മദിനു കത്തെഴുതുകയും അയാളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എലാജിന് മാല്‍ക്കത്തില്‍ താത്പര്യം തോന്നി. പരോളില്‍ നേരിട്ട് ബന്ധപ്പെടാന്‍ അദ്ദേഹം മാല്‍ക്കത്തോട് ആവശ്യപ്പെട്ടു. പരോളിലിറങ്ങിയ മാല്‍ക്കം ചിക്കാഗോയില്‍ പോയി എലാജ് മുഹമ്മെദ് എന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രവാചകനെ കാണുകയും സംഘത്തില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങിയത് പെട്ടെന്നാണു. പിന്നീട് മാല്‍ക്കത്തെ നാം കാണുന്നത് നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രധാന വാക്താവായാണു. മാല്‍ക്കം വളരുന്നത് വളരെ പെട്ടെന്നാണു. അതിന്നിടയില്‍ നടന്ന ചില സമൂഹിക ഇടപെടലുകള്‍ മാല്‍ക്കത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ ഹീറോ ആയി പെട്ടെന്നുയര്‍ത്തി. മാല്‍ക്കത്തോടൊപ്പം നാഷന്‍ ഓഫ് ഇസ്ലാമും വളര്‍ന്നു.
അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ യജമാനന്മാരൂടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെയെല്ലാം രണ്ടാംനാമം തങ്ങളുടെ അടിമ കാല ഘട്ടത്തിലെ തങ്ങളുടെ യജമാനന്മാരുടെ പേരിന്റെതായിരുന്നു. സംഘം ആ പേരുപേക്ഷിച്ചു. മാല്‍ക്കം ലിറ്റ്ല്‍ എന്നതിന്നു പകരം മാല്‍ക്കം എക്സ് എന്ന പേര്‍ സ്വീകരിച്ചു. നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുന്ന എല്ലാവരും ഇങ്ങിനെ എക്സ് എന്ന രണ്ടാം പേരിലാണു വിളിക്കപ്പെട്ടിരുന്നത്.
ഒരു ചെറിയ സംഘമെന്നതില്‍ നിന്നും നാഷന്‍ ഓഫ് ഇസ്ലാം മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വലിയ ഒരു ശക്തിയായി വളര്‍ന്നു കൊണ്ടിരുന്നു. മാല്‍ക്കത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍, അകാരഭംഗി, സ്പഷ്ഠമായ ശബ്ദം, ഉരുളക്കുപ്പേരിയുള്ള മറുപടികള്‍ എല്ലാം അദ്ദേഹത്തെ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനാക്കി. പക്ഷെ, മാല്‍ക്കത്തിന്റെ വളര്‍ച്ച അസഹിഷ്ണുത സൃഷ്ടിച്ചത് കൂടെയുള്ളവര്‍ക്കായിരുന്നു. എലാജ് മുഹമ്മെദില്‍ അവര്‍ മാല്‍ക്കത്തെ കുറിച്ച് ഉപജാപ കഥകള്‍ നല്‍കി.
അതിന്നിടയില്‍ കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മാല്‍ക്കം നല്‍കിയ പ്രതികരണം ഇന്നലെകളില്‍ ചെയ്ത വെള്ളക്കരന്റെ തെറ്റിന്റെ പരിണതി എന്നായിരുന്നു (chickens coming home to roost)( മലയാളത്തിലെ വിതച്ചത് കൊയ്യും എന്നത് പോലെ). ഈ പ്രസ്ഥാവന എരിവും പുളിയും ചേര്‍ത്ത് മാധ്യമങ്ങള്‍ വിളമ്പി. ഇത് നാഷന്‍ ഓഫ് ഇസ്ലാമുമായി കൂടുതല്‍ ഉള്‍പ്പോരുണ്ടാകാന്‍ കാരണമായി. എലാജ് മാല്‍ക്കത്തോട് നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടു. മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമുമായുള്ള ബന്ധം വേര്‍പ്പെടുത്തി.
ഇലാജുമായുള്ള ബന്ധ വേര്‍പ്പെടുത്താന്‍ മാല്‍ക്കത്തെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണമുണ്ടായിരുന്നു. എലാജിന് തന്റെ യുവതികളായ സെക്രട്ടറിമാരുമായുണ്ടായിരുന്ന അവിഹിത ബന്ധമായിരുന്നു ഇത്. ആദ്യം ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ആരോപണം എന്ന രീതിയില്‍ അവഗണിക്കുകയാണു മാല്‍ക്കം ചെയ്തത്. എന്നാല്‍ പിന്നീട് സംഗതി സത്യമാണെന്ന് മാല്‍ക്കത്തിനു മനസ്സിലായി. വ്യഭിചാരമാകട്ടെ നാഷന്‍ ഓഫ് ഇസ്ലാമിന്ന്റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരും. എന്നാല്‍ എലാജ് ബൈബിളിലെ പ്രവാചകരുടെ കഥകള്‍ ഉദാഹരിച്ച് തന്റെ ചെയ്തികളെ ന്യായീകരിക്കാനാണു ശ്രമിച്ചത്. ഇത് മാല്‍ക്കത്തെ നിരാശനാക്കി. താന്‍ ചെയ്യുന്ന പ്രവൃത്തനങ്ങളില്‍ നൂറു ശതമാനവും കൂറ് പുലര്‍ത്തുന്നയാളായിരുന്നു മാല്‍ക്കം. നാഷന്‍ ഓഫ് ഇസ്ലാം വിട്ട മാല്‍ക്കം മറ്റൊരു സംഘടനയുണ്ടാക്കി.
മാല്‍ക്കം തന്നെ നീഗ്രോ എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടില്ല, മറിച്ച് ആഫ്രോ-അമേരിക്കന്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. മാല്‍ക്കത്തിന്റെ മറ്റു സംഘടനകളോടുള്ള സമീപനങ്ങളിലും മാറ്റം വന്നു. സഹകരണത്തിന്റെ ഭാഷ ആദ്യമായി മാല്‍ക്കത്തില്‍ നിന്നും വന്നു. വിശാലമായ തലത്തില്‍ കറുത്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആവശ്യം മാല്‍ക്കം ചിന്തിച്ചു തുടങ്ങി. പിന്നീട് ശരിയായ ഇസ്ലാം എന്താണെന്ന് അറിഞ്ഞപ്പോള്‍ മാല്‍ക്കം ഇസ്ലാമിനെ കുറിച്ചറിയാന്‍ താത്പര്യപ്പെട്ടു.
മാല്‍ക്കം ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിന്നിടയില്‍ മാല്‍ക്കം പല മുസ്ലിം നേതാക്കളുമായും ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ മുസ്ലിം ആയ
മാല്‍ക്കം തന്റെ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തി. മക്കയിലെ ജീവിതം വെള്ളക്കാരോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തി. മക്കയില്‍ മാല്‍ക്കം ഔദ്യോഗിക അഥിതിയായി. വെള്ളക്കാരും കറുത്തവരും മംഗോളിയരും ഇന്ത്യക്കാരുമെല്ലാം ഒരേ പാത്രത്തില്‍ നിന്നു ഭക്ഷിക്കുന്നതും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും ഒരുമിച്ചുറങ്ങുന്നതും മാല്‍ക്കം ആദ്യമായി അനുഭവിച്ചു. ഇത് താന്‍ നിരന്തരം കൊണ്ടു നടന്നിരുന്ന വംശീയതയുടെ ശരിയായ പരിഹാരമായി മാല്‍ക്കത്തിന് അനുഭവപ്പെട്ടു. ഇന്നലെവരെയുണ്ടായതില്‍ നിന്നു വ്യത്യസ്ഥനായ ഒരാളായാണു പിന്നീട് മാല്‍ക്കം പുറത്തു വരുന്നത്. താന്‍ തേടിയ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം വെറുപ്പല്ല, സമന്വയമാണെന്ന സത്യം മാല്‍ക്കം തിരിച്ചറിയുന്നു. വെളുത്തവരിലും നല്ല മനുഷ്യരുണ്ടെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തിനു ലോകത്തോട് വിളിച്ചു പറയേണ്ടതുണ്ടായിരുന്നു.
മാല്‍കം എക്സ് അതായിരുന്നു. താന്‍ വിശ്വസിക്കുന്നതില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വ്യക്തിത്വം. തനിക്കു ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ ആരേയും ഭയപ്പെടാത്തവന്‍. മാല്‍ക്കം എക്സ് കറുപ്പ് വംശീയത് സ്വീകരിച്ചത് കേവലം ഒരു വെറുപ്പിന്റെ സൃഷ്ടിആയിട്ടായിരുന്നില്ല. എലിജാ മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ നൂറുശതമാനവും ശരി എന്ന ധാരണയിലായിരുന്നു. അറുപതുകളിലെ അമേരിക്കന്‍ സമൂഹത്തില്‍ അങ്ങിനെ വിശ്വസിക്കാതിരിക്കാന്‍ കാരണവുമില്ലായിരുന്നു. 1964 ലെ സിവില്‍ റൈറ്റ് നിയമം വംശീയ വിവേചനങ്ങളെ എതിര്‍ത്തുവെങ്കിലും അത് പ്രായോഗികമാകുവാന്‍ പിന്നെയും കാലങ്ങള്‍ കുറേ വേണ്ടിവന്നു.
കറുത്തവര്‍ഗ്ഗക്കാരോടുള്ള അനുഭാവം നില നിര്‍ത്തി തന്നെ വംശീയ വിവേചനത്തിനുള്ള പരിഹാരം മറ്റൊരു വംശീയതയല്ല എന്നും ശരിയായ ഇസ്ലാമിക അദ്ധ്യാപനമാണു വംശീയതയുടെ വേരറുക്കുകയുള്ളൂ എന്നും മാല്‍ക്കം പിന്നീട് പ്രചരിപ്പിക്കുവാന്‍ തുടങ്ങി. കറുത്ത ജനതക്കു വേണ്ടി പോരാടുമ്പോള്‍ തന്നെ വെളുത്തവരോടുള്ള വെറുപ്പ് മാല്‍ക്കം ഉപേക്ഷിച്ചു. പക്ഷെ അപ്പോഴേക്കും മാല്‍ക്കത്തിനു പഴയ സംഘത്തില്‍ നിന്നുള്ള ഭീഷണി രൂക്ഷമായി. വെള്ളപ്പോലീസാകട്ടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കണക്കുകൂട്ടലിലുമായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയതിന്നു ശേഷം ഇസ്ലാമിക പ്രചരണവുമായി മുന്നോട്ട് പോയി.
സംഭവിക്കാനുള്ളത് സംഭവിച്ചേ മതിയാവൂ. മന്‍ഹാട്ടനിലെ ഒരു ഓഡിറ്റോറിയ്ത്തില്‍ മാല്‍ക്കത്തിനു പ്രസംഗമുണ്ടായിരുന്നു. നാനൂറോളം പേര്‍ സന്നിഹിതരായിരുന്ന സദസ്സിനെ നോക്കി മാല്‍ക്കം പ്രസംഗമാരംഭിച്ചു. പെട്ടെന്നായിരുന്നു സദസ്സില്‍ കശപിശ ഉയര്‍ന്നത്. അതിന്നിടയില്‍ മൂന്നു പേര്‍ മുന്നോട്ട് വന്ന് മാല്‍ക്കത്തിനു നേരെ വെടിവച്ചു. ജനം ചിതറി ഓടി. ഒരാള്‍ മാത്രം മാല്‍ക്കത്തെ പതിനാറു തവണ വെടിവച്ചു എന്നാണു റിപ്പോര്‍ട്ട്. ഒരു ചരിത്രത്തിന്റെ അന്ത്യം.
മാല്‍ക്കം കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ഒരു സംരക്ഷണവും പോലീസ് നല്‍കിയില്ല. മാത്രമല്ല, മാല്‍ക്കത്തിന്റെ കൊലപാതകത്തില്‍ പരോക്ഷമായ സഹായവും അധികാരികള്‍ കൊലപാതകികള്‍ക്ക് നല്‍കിയിരുന്നു.
മാല്‍ക്കത്തിന്റെ ചില പ്രസംഗങ്ങള്‍ ഇന്നും യൂറ്റ്യൂബിലുണ്ട്. സിനിമ കാണുന്നതിന്നെത്രയോ മുമ്പേ ഞാനത് കണ്ടിരുന്നു. ഇപ്പോള്‍ ഡെന്‍സന്‍ മാല്‍ക്കമായി പുനര്‍ജനിക്കുമ്പോള്‍ അഭിനയ കലയുടെ അമൂര്‍ത്തമായ സ്വാംശീകരണം എന്നെ വിസ്മയിപ്പിക്കുന്നു. ഗ്രേറ്റ് ഡിബേറ്റിനു ശേഷം മറ്റൊരു ഡിബേറ്റ്. റിയല്‍ ഡിബേറ്റ്. ഡെന്‍സനു മുമ്പില്‍ തൊപ്പിയൂരാതെ വയ്യ തന്നെ.
ടോറന്റിന്റെ ലിങ്ക് വേണ്ടവര്‍ക്കിതാ- അതിന്നപ്പുറം ഞാനെങ്ങിനെ നിങ്ങളെ സഹായിക്കാനാണു.
http://torrentz.com/00c36751c76f43b5446df657d8437ef84cee6b90
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അലക്സ് ഹാലി എഡിറ്റ് ചെയ്തു ഐ പി എച്ച് പരിഭാഷപ്പെടുത്തിയ പുസ്തകം വര്‍ഷങ്ങള്‍ക്കു മുന്പ് വായിച്ചിട്ടുണ്ട് . ഉപകാരപ്രദമായ ജീവചരിത്രം .. ഈ പോസ്റ്റിനു എല്ലാ ഭാവുകങ്ങളും ...
മറുപടിഇല്ലാതാക്കൂചരിത്രത്തില് നിന്നൊരു ചീന്തെടുത്തു നീട്ടിയതിനു നന്ദി.. ഉച്ചനീചത്വങ്ങളും, വംശീയ വിവേചനവുമനുഭവിച്ചറിഞ്ഞ അദ്ദേഹത്തിന് ഒരുമയുടെയും സമത്വത്തിന്റെയും കാഴ്ച്ചകള്‍ കാണിച്ചു കൊടുത്ത ഒരു പാതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്..
മറുപടിഇല്ലാതാക്കൂvery good post
മറുപടിഇല്ലാതാക്കൂGood..
മറുപടിഇല്ലാതാക്കൂനല്ല ലേഖനം, വിവരങ്ങള്‍ക്ക്-ലിങ്കിനു നന്ദി
മറുപടിഇല്ലാതാക്കൂGood post. Thank You
മറുപടിഇല്ലാതാക്കൂമാല്ക്കം എക്സിന്റെ മലയാളം പരിഭാഷ ഞാനും വായിച്ചിരുന്നു.പക്ഷെ അതിലെ എലിജാ മുഹമ്മദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും സംശയം ഉണര്‍ത്തിയിരുന്നു. അന്നത്തെ ചെറു പ്രായത്തില്‍ മുഹമ്മദ് നബിയാണോ.. എങ്ങനെ കത്തുകള്‍ എഴുതി എന്നൊക്കെ തോന്നി..പിന്നെ മക്കയില്‍ ചെന്നു ഹജ്ജു ചെയ്തു എന്നൊക്കെ വായിച്ചിട്ടും ഒന്നും പിടികിട്ടിയിരുന്നില്ല.ഇപ്പോള്‍ കാട്ടിപരുത്തിയുടെ
മറുപടിഇല്ലാതാക്കൂഈ പോസ്റ്റിലൂടെ ആ നോവല്‍ മുഴുവന്‍ സംഗ്രഹിച്ചു വെച്ചതില്‍ നിന്നും ഒക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു.ഇത്ര നല്ല പോസ്റ്റ് ഞങ്ങള്‍ക്ക് ഏകിയതിന് ഒത്തിരി നന്ദി.
@ Suhail Cheruvadi
മറുപടിഇല്ലാതാക്കൂശിഹാബ് മൊഗ്രാല്‍
രമേശ്‌അരൂര്‍
Saifu.kcl
തെച്ചിക്കോടന്‍
പകല്‍കിനാവന്‍
jazmikkutty
വായനക്കും പ്രോത്സാഹനത്തിനും നന്ദി-
മാല്‍ക്കം എക്സിനെ കുറിച്ച പുസ്തകം ഞാനും വായിക്കിട്ടുണ്ട്.ഒരു മനുഷ്യന്‍ സത്യത്തിലെത്താന്‍ കടന്നു വരുന്ന യാതനകളും കഷ്ടപ്പാടുകളും ഒരു പാഠമാണ് പ്രചേദനമാണ് പ്രതേകിച്ചും അടിച്ചമ൪ത്തപ്പെട്ട നിഗ്രേ വംശത്തിന് അതിലുപരി മറ്റ് ഇതര പാ൪ശ്വവത്കൃത൪ക്ക്............
മറുപടിഇല്ലാതാക്കൂValare Nala oru cheenth
മറുപടിഇല്ലാതാക്കൂThanks
മറുപടിഇല്ലാതാക്കൂ