2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

സക്കരിയ്യ വീണ്ടും, ആവിഷ്കാര സ്വാതന്ത്ര്യവും

ഒരു വിഷയം അതിന്റെ മൂര്‍ദ്ധന്യതയില്‍ കത്തിനില്‍ക്കുന്ന സമയത്ത് അക്കാര്യത്തെ കുറിച്ചുള്ള ചര്‍ച്ച കൂടുതല്‍ പ്രസക്തവും വായനക്കരെയും നല്‍കും. പക്ഷെ അതു പലപ്പോഴും കളിക്കളത്തിലെ കളിക്കാരനെപ്പോലെയാണു. നമ്മളെ കളിക്കളത്തിലറക്കിക്കളയും, പുറമെനിന്നും നോക്കിക്കാണാന്‍ പലപ്പോഴും കഴിയില്ല.കളികാണുന്ന ഒരാള്‍ക്ക് കളിക്കളത്തിലെ തെറ്റുകള്‍ കാണാനാകും, പക്ഷെ കളിക്കാരന്‍ കളത്തിലെ ഒരു കരുമാത്രമാണ് അതിനാല്‍ തന്നെയാണു കുറെ പറയണമെന്നുണ്ടായിരുന്നിട്ടും സക്കരിയ്യയെ കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചും ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും മിണ്ടാതിരുന്നത്. എന്റെ തന്നെ ഉണ്ണിത്താന്‍ പോസ്റ്റിനു സംഭവിച്ച വായന ഞാനുദ്ദേശിക്കാത്ത തലത്തിലായതും അക്കാരനം കൊണ്ടുതന്നെയായിരുന്നു, ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുന്നു എന്നാണു മിക്കവരും കരുതിയത്, അതിനാല്‍ തന്നെ വ്യക്തമായ ചില അഭിപ്രായങ്ങളുണ്ടായിരുന്നിട്ടും ഉടനെ പ്രതികരിക്കാതിരുന്നത്.


എന്നെ അത്ഭുതപ്പെടുത്തിയത് സക്കരിയ്യയുടെ ആവിഷ്കാരസ്വാത്ന്ത്ര്യത്തെ കൂടുതല്‍ എടുത്ത്പിടിച്ചത് അന്നെവരെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയെ കുറിച്ച് പ്രസംഗിച്ചവരായിരുന്നു. അതോടൊപ്പം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിരാഹാരം കിടന്നവരാകട്ടെ അഭിപ്രായം ഇരുമ്പുലക്കയല്ല എന്നു പോയിട്ട് അതൊരു ഈര്‍ക്കിളിപോലുമല്ല എന്നു തെളിയിക്കുകയും ചെയ്യുന്നു.

ആവിഷ്കാര സ്വാതന്ത്യത്തെ കുറിച്ച് ഏറ്റവും വലിയ വിവാദമുണ്ടായത് എന്റെ ഓര്‍മയില്‍ പി.ജെ.ആന്റണിയുടെ ആറാം തിരുമുറിവ് കേരളത്തിലും റുഷ്ദിയുടെ സാത്താനിക് വേഴ്സസ് ഇന്ത്യയിലും നിരോധിച്ചപ്പോഴായിരുന്നു. പക്ഷെ രണ്ടിലും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവല്‍ഭടന്മാരായിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു.

ഇതിലേറെ രസകരമായ ഒരനുഭവമെനിക്കുണ്ട്, കോളേജെല്ലാം കഴിഞ്ഞു സാഹിത്യം, സിനിമ, എന്നീ എടുത്താല്‍ പൊന്താത്ത സാധങ്ങളുടെ ജാഡയുമായി നടക്കുമ്പോഴാണു അടുത്ത സ്ഥലത്ത് പി.ഗോവിന്ദപിള്ള വരുന്ന നോട്ടീസ് കാണുന്നത്. പക്ഷെ സങ്കതി പുരോഗമന സാഹിത്യത്തിന്റെ സമ്മേളനമാണു. പുള്ളിയെ കുറച്ച് വായിച്ചിരിക്കുന്നതിനാല്‍ പരിപാടി സ്ഥലത്ത് പോയി ഞാന്‍ പ്രാസ്ഥാനികനൊന്നുമല്ല എന്നും ഗോവിന്ദപിള്ളയെ കേള്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്നും ചോദിച്ചു, ഒരെതിര്‍പ്പുമില്ലാത്തതിനാല്‍ കയറി ഇരുന്നു. അന്ന് ഗോവിന്ദപിള്ള പുകാസ യുടെ സംസ്ഥാന പ്രസിഡന്റ് ആണെന്നാണോര്‍മ. പി.ജി വരാത്തതിനാല്‍ സംസ്ഥാന സെക്രട്ടറി (അല്ലെങ്കില്‍ പ്രസിഡന്റ്) പുകാസയുടെ വളര്‍ച്ചയെ കുറിച്ച് ക്ലാസെടുക്കുകയാണ്. ചെറുകാടിന്റെ സംഭാവനകളും മുതലാളിമാര്‍ അദ്ദെഹത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചതിന്റെയുമെല്ലാം ചരിത്രങ്ങള്‍ പിന്നീട് വന്നു വന്ന് പാര്‍ട്ടിക്കെതിരില്‍ സി.ജെ.തോമസിനെപ്പോലെയുള്ളവര്‍ വാളെടുത്ത കഥയിളേക്കെത്തി. അത് നാട്ടുഗദ്ദികയിലേക്കെത്തിയപ്പോള്‍ ആവേശഭരിതനായി ആ നാടകത്തെ കല്ലെടുത്തെറിഞ്ഞു വയനാട്ടു നിന്നും കുന്നിറക്കിയ വീരഗാഥകള്‍ അയവിറക്കി. അപ്പോള്‍ സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ് രാജീവ് ഗാന്ധി നിരോധിച്ചതിന്നെതിരില്‍ പ്രമേയങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയമായിരുന്നു.

ഇതൊരു വിരോധഭാസമാണു. പക്ഷെ, എല്ലാകാലത്തും ഇതൊരു നാട്ടു നടപ്പുമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള്‍ വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും.
ഇവിടെയാണ് ആവിഷ്കാര സ്വാതന്ത്യത്തിന്റെ പരിമിതിയും പരിധിയും കടന്നു വരുന്നത്. സക്കറിയയുടെ പ്രസംഗം സഖാക്കളെ പ്രകോപിതരാക്കുന്നുവെങ്കില്‍ അവര്‍ മനുഷ്യരായത് കൊണ്ടാണു, മനുഷ്യന്‍ എല്ലായ്പോഴും വിവേകത്തോടെ പെരുമാറാവൂ എന്നല്ലാം ഉപദേശിക്കാം, പക്ഷെ മണ്ണിന്റെ സ്വഭാവങ്ങള്‍ മനുഷ്യനുള്‍കൊണ്ടല്ലെ മതിയാകൂ, ആള്‍കൂട്ടത്തിനെ മനസ്സാകട്ടെ അത് വൈകാരികമാണു താനും.

ഇതിന്ന് സമാനമായ മറ്റൊരു ചരിത്രം കൂടിയുണ്ട്, സല്‍മാന്‍ റുഷ്ദിയുടെ സത്താനിക്‍ വേര്‍സസ് ബ്രിട്ടന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു, എന്നാല്‍ മാര്‍ഗരറ്റ് താച്ചറിന്റെ പോളിസിയെ അമേരിക്കന്‍ നടനായിരുന്ന മിക്കി റൂക്ക് "ഫക്ക് " എന്നു വിശേഷിപ്പിച്ചതിനാല്‍ അയാള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടത് ഹാരി ഗ്രീന്വെയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍‌വേറ്റീവ് എം.പി മാരായിരുന്നു. പക്ഷെ സല്‍മാന്‍ റുഷ്ദി സാത്താനിക്‍ വേര്‍സസില്‍ തന്നെ മാര്‍ഗരെറ്റ് താച്ചറെ വിളിക്കുന്നത് ബിച്ച് എന്നും പോളിസകളെ വിമര്‍ശിക്കുന്നിടത്ത് ഫക്കിങ് എന്നും പറയുന്നത് ബ്രിട്ടീഷുകാര്‍ വിഴുങ്ങുന്നത് അതില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നതിനാല്‍ മാത്രമായിരുന്നു. അതിന്നു ഇന്ത്യയില്‍ ചുക്കാന്‍ പിടിച്ച സംഘപരിവാരങ്ങള്‍ക്കാകട്ടെ തങ്ങളുടെ ദൈവങ്ങളെ കുറിച്ച് സാത്താനിക്‍ വേര്‍സസില്‍ എന്തു പറയുന്നു എന്ന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കി വരച്ചപ്പോള്‍ മാത്രമാവില്ലല്ലോ ഹിന്ദു വികാരം രോഷം കൊള്ളുക.

ഹുസൈന്‍ ഹിന്ദു ദൈവങ്ങളെ നഗ്നയാക്കുമ്പോള്‍ ഹിന്ദു ആവിഷ്കാരസ്വാതന്ത്ര്യം മറക്കുന്നു, അപ്പോള്‍ ഇടതിന്നും ഇടത്തരത്തിനുമെല്ലാം ആവിഷ്കാരം പ്രധാന പ്രശ്നമാകുന്നു. സല്‍മാന്‍ പ്രവാചകനെ കുറിച്ച് തെറിപറയുമ്പോള്‍ ഇതെ ഹിന്ദുവിന്നു ആവിഷ്കാരസ്വാതന്ത്ര്യം ജീവവായു ആകുന്നു. ഇവിടെയാണു ആവിഷ്കാര സ്വാതന്ത്ര്യം ഏതു വരെ എന്നു ചര്‍ച്ച ചെയ്യേണ്ടി വരുന്നത്.

എല്ലാവരുടെയും വികാരങ്ങളെ മാനിച്ചെ ഒരു കാര്യം ചര്‍ച്ച ചെയ്യാകൂ എന്നു വാദിക്കുകയാണെങ്കിലും ഈ പ്രശ്നമുണ്ട്, അങ്ങിനെയാകുമ്പോള്‍ ഒരാള്‍ക്കും മിണ്ടാനാകില്ലെന്നതാകും ഫലം. കാരണം തനിക്കിഷ്ടപ്പെടാത്ത എല്ലാ സത്യങ്ങളും ഒരാളെ വേദനിപ്പിക്കാം, അപ്പോള്‍ ആര്‍ക്കുമൊന്നും പറയാനാവില്ല എന്നതാകും. അപ്പോള്‍ എന്തായിരിക്കണം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിമിതികള്‍.
അപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പരിധിയേതുവരെ.

ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തെ കുറിച്ചാകുമ്പോഴും വ്യക്തിയെ കുറിച്ചാകുമ്പോഴും വ്യത്യസ്തത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെ കുറവുകള്‍ സത്യമാണെങ്കിലും ചിലപ്പോള്‍ പുറത്തറിയിക്കാതിരിക്കുകയായിരിക്കും അഭികാമ്യം. കാരണം തെറ്റിന്റെ പ്രചരണം തെറ്റുകള്‍ ന്യായീകരിക്കപ്പെടാനുള്ള കാരണമാകുന്നു.
മറ്റൊരാള്‍ക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും സത്യം പറയാന്‍ ഒരാള്‍ക്കവകാശമുണ്ട്. പ്രത്യേകിച്ചും ഒരാളെ വ്യക്തിപരമായി ആക്ഷേപിക്കാത്തതും, സ്വകാര്യതയിലേക്കെത്തി നോക്കാത്തതുമാണെങ്കില്‍. അതോടൊപ്പം തന്നെ എത്ര തന്നെ ആളുകളെ രസിപ്പിക്കുന്നതാണെങ്കിലും തന്റെ വാദങ്ങളെ പിന്തുണക്കുന്നതുമാണെങ്കിലും ഒരു വ്യക്തിയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഇല്ലാത്തത് ആരോപിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല തന്നെ. എന്നാല്‍ സാമൂഹികമായ കാര്യങ്ങളിലാകട്ടെ ആശയപ്രചരണങ്ങളിലാകട്ടെ മറ്റൊരു വിഭാഗത്തിന്റെ കുറവുകള്‍ ചര്‍ച്ചക്കെടുക്കുന്നത് കൂടുതല്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള കാരണമാവുകയാണു ചെയ്യുന്നത്. കാരണം സമൂഹത്തിന്റെ മനസ്സ് വികാരമാണ് കൂടുതലുള്‍കൊള്ളുന്നത്, അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്ന ഒരു സമൂഹത്തില്‍ നിന്നു മാത്രമെ കൂടുതല്‍ വിവേകമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ഇവിടെയാണു സക്കരിയ്യയും റുഷ്ദിയും ഹുസ്സൈനുമെല്ലാം വിചാരണ ചെയ്യപ്പെടുന്നത്.

ഒളിവുകാലത്ത് പാര്‍ട്ടി സ്വതന്ത്രലൈഗികതക്കു വേണ്ടി വാദിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തിരുന്നുവെങ്കില്‍ സക്കരിയക്ക് അതവതിരിപ്പിക്കാനുള്ള അവകാശമുണ്ട്, അങ്ങിനെ ഒരഭിപ്രായമില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ പ്രവര്‍ത്തകര്‍ അയാളുടെ പരിപ്പെടുത്തെന്നു വരും.

ഇനി അതൊരു സത്യമായിരുന്നുവെങ്കില്‍ തന്നെ ചില സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ സദസ്സിന്റെ വൈകാരികത് കൂടി കണക്കിലെടുക്കണെന്നത് ഒരു വിവേകം മാത്രമാണ്, അതിനെ നമുക്കു മലയാളത്തില്‍ കോമണ്‍സെന്‍സ് എന്നു വിളിക്കാമെന്നു തോന്നുന്നു.

ആര്‍ എസ്സെസ്സിന്റെ മാര്‍ച്ച് നടക്കുന്നിടത്ത് പോയിട്ട് ആരും രാമനെ വിമര്‍ശിക്കരുത്, എന്നിട്ട് തല്ലുകിട്ടി എന്നു പറയുകയും ചെയ്യരുത്. അതിനുള്ള വേദി ഏത് എന്നു തിരിച്ചറിയാതെ ഞാന്‍ സാംസ്കാരിക നായകനാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഹുസ്സൈനെപ്പോലെ ഖത്തറിലേക്ക് കുടിയേറേണ്ടി വരും.

ഇത് ഇടതുപക്ഷത്തിന്നും ബാധകമാണു. ആറാം തിരിമുറിവ് കൃസ്ത്യാനികളെയും സാത്താനിക്‍ വേര്‍സസ് മുസ്ലിങ്ങളെയും വേദനിപ്പിക്കുന്നത് രക്തസാക്ഷികളെയും പഴയകാല സഖാക്കളെയും കുറിച്ച് പറയുമ്പോഴുണ്ടാകുന്ന അതേ വികാരത്തിനെ ഹോര്‍മോണുകള്‍ പ്രവൃത്തിക്കുന്നതിനാലാണെന്നു മനസ്സിലാക്കിയാല്‍ ഭൗതികമായ ഉത്തരമാകും.

ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിവാദമിനിയും വരും അപ്പോള്‍ വാദി പ്രതിയും പ്രതി വാദിയുമായി മാറി മറിഞ്ഞു വീണ്ടും വരും


8 അഭിപ്രായങ്ങൾ:

 1. "ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള്‍ വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും."

  നോ മോര്‍ കമന്റ്സ്.

  മറുപടിഇല്ലാതാക്കൂ
 2. "your freedom ends where my nose begins."

  സ്വാതന്ത്ര്യത്തിന്റെ എല്ലാ മേഖലകളിലും ഇപ്പറഞ്ഞത്‌ ബാധകമാണ്.
  അതായത് ആളും താരവും നോക്കണമെന്ന്.

  മറുപടിഇല്ലാതാക്കൂ
 3. ഹുസൈന്‍ പോയതില്‍ ആര്‍ക്കു ചേതം..ഭാരത മണ്ണ് ശുദ്ധമായി എന്നെ ഞാന്‍ കരുതുന്നുള്ളൂ..ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവാണു ഭീഷണി ഉള്ളതിനാലത്രെ ആ ശുംഭന്‍ പോകുന്നത്..അയാള്‍ പോയി തുലയട്ടെ...ഹിന്ദു ദേവതകളെ നഗ്നരായി വരച്ചതിനാല്‍ ജീവന് ഭീഷണിയെ ഉള്ളു...പ്രവാചകന്‍ നബിയെ തുണിയോടെ വരചിരുന്നെങ്കില്‍ ജീവന്‍ പോലും ബാകിയുണ്ടാകുമായിരുന്നില്ല...പി സി ജോര്‍ജ് പത്ര സമ്മേളനത്തില്‍ ചോദിച്ചപോലെ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ വിശ്വസിക്കുന്ന ദേവതകളെ നഗ്നരാക്കി വരച്ച ഇയാള്‍ സ്വന്തം ഭാര്യയുടെയും പെണ്മക്കളുടെയും പടം നഗ്നരായി വരച്ചു വിറ്റാല്‍ ഇയാളെ ഞാന്‍ അന്ഗീകരിക്കാം

  മറുപടിഇല്ലാതാക്കൂ
 4. ആത്മപരിശോധനയും ആത്മ വിമര്‍ശനവും അപരന്റെ വിമര്‍ശനവും ജാതി-മത-പാര്‍ട്ടി വിശ്വാസികള്‍ക്ക് ആപത് ഭയമുണ്ടാക്കുന്ന കാര്യങ്ങളാണ്.
  അടിമത്വത്തിന്റേയും,ദുരഭിമാനങ്ങളുടേയും സംരക്ഷകരായി നിലനില്‍ക്കാനുള്ള
  ഈ വക ജനങ്ങളുടെ പൊതുതാല്‍പ്പര്യത്തെ പ്രബുദ്ധരായ ജനം അറിവുകൊണ്ടും വിദ്യാഭ്യാസംകൊണ്ടും മാറ്റിയെടുക്കേണ്ടതാണ്.
  അതാണല്ലോ സാംസ്ക്കാരിക പ്രവര്‍ത്തനം.
  നമുക്കെതിരെയുള്ള വിമര്‍ശനത്തെ സന്തോഷപൂര്‍വ്വം ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ ആ സാംസ്ക്കാരികത ദുരഭിമാനവും ഇരുട്ടും മാത്രം വളര്‍ത്തുന്ന പ്രവര്‍ത്തനമാകും.

  മറുപടിഇല്ലാതാക്കൂ
 5. അതെ ആവിഷാകര സ്വാതന്ത്ര്യം എന്നത്‌ പക്ഷപാതപരമാണു. തസ്ളീമ നസ്രീനെ സംരക്ഷിച്ചു കൊണ്ടുനടക്കുന്നവര്‍ തന്നെയാണു ഹുസൈനെ കല്ലെറിയുന്നത്‌!! ഒരിടത്ത്‌ ആവിഷകാര സ്വാതന്ത്ര്യം എന്ന ചെല്ലപേരില്‍ അവര്‍ ഒന്നിനെ സംരക്ഷിക്കുന്നു എന്നാല്‍ അതേ സ്താനത്ത്‌ മതവികാരം വ്യണപെടുത്തി എന്ന് പറഞ്ഞ്‌ ഭ്രഷ്ട്‌ കല്‍പ്പിക്കുന്നു. അപ്പോള്‍ തസ്ളീമ ചെയ്തതും അതു തന്നെയല്ലേ? അവിടെ മാത്രം എങ്ങിനേ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടായി? ഇനി സഖാക്കളുടെ കാര്യം ഇങ്ങിനെ തന്നെ. ഒരേ കുറ്റത്തിനു വ്യത്യസ്ത നിലപാടുകള്‍. വിചിത്രം തന്നെ!! ഇത്തരം കാര്യങ്ങളില്‍ മുസ്ളീങ്ങളുടെ നിലപാടുകളാണു കൂടുതല്‍ ശരി. കാരണം മത/പാര്‍ട്ടി/വ്യക്തി വികാരം വ്യണപെടുത്തുന്നത്‌ ആരു തന്നെയായാലും അതു ആവിഷ്കാര സ്വാതന്ത്ര്യത്തിണ്റ്റെ പേരില്‍ ന്യായീകരിക്കാതിരിക്കുക. എല്ലാ മതങ്ങളെയും / പാര്‍ട്ടികളെയും പ്രതിപക്ഷ ബഹുമാനത്തോടെ കാണുക. ഇന്നു നമ്മുടെ ചില ബ്ളോഗര്‍മാര്‍ക്ക്‌ ഇല്ലാതെ പോയ ചില കാര്യങ്ങള്‍. നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 6. "ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും പരിധി തന്റെ താല്പര്യങ്ങള്‍ വരെയാണു. നമുക്കെതിരാകുമ്പോള്‍ അഭിപ്രായത്തിന്റെ വായ മൂടികെട്ടും. എന്നിട്ട് എല്ലാം മറന്നു നമുക്കനുകൂലമാകുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രചാകരാകും."
  gooooooooooood

  മറുപടിഇല്ലാതാക്കൂ
 7. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!

  മറുപടിഇല്ലാതാക്കൂ