2009, നവംബർ 22, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-14

മുഹെമദ്‌അലി മരക്കാര്‍ എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

1595-ല്‍ പട്ടുമരക്കാര്‍ തന്റെ കുഞ്ഞാലി എന്ന പദവി അനന്തിരവനായ മുഹെമദ്‌അലിക്കു നല്‍കി. പദവി ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് കോട്ടയെ സംരക്ഷിക്കുവാനുള്ള നടപടികളായിരുന്നു. കോട്ട മതില്‍ കൂടുതല്‍ സുരക്ഷയുള്ളതാക്കുകയും ചുറ്റും കിടങ്ങുകുഴിക്കുകയും ചെയ്ത് നിലവിലുള്ള മറ്റു കോട്ടകളെക്കാള്‍ സുരക്ഷിതമാക്കി. അതിന്നു ശേഷം തന്റെ കര്‍മ രംഗമായ കടലിലേക്കിറങ്ങി.

ഈ സമയത്താണു മംഗലാപുരത്തിന്നടുത്ത ഉള്ളാളിലെ തിരുമല ദേവി മഹാറാണിയെ പറങ്കികള്‍ അക്രമിച്ചത്. ഇതിനെ കുഞ്ഞാലി മംഗലാപുരം രാജാവായ ബങ്കര രാജാവു മായി ചേര്‍ന്ന് പരാജയപ്പെടുത്തി പറങ്കികളെ പിന്തിരിപ്പിച്ചു. ഈ അവസരം പറങ്കികള്‍ നന്നായി മുതലെടുത്തു. അവര്‍ സാമൂതിരിയെകണ്ട് മഹാറാണിയുമായി ചേര്‍ന്ന് കുഞ്ഞാലി പുതിയ ഒരു രാജ്യം ഉണ്ടാക്കുവാനുള്ള ശ്രമമാണെന്ന് ധരിപ്പിക്കുന്നതില്‍ വിജയിച്ചു. ഇത് മാനസികമായി കുഞ്ഞാലിയെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതിലെത്തിച്ചു. തങ്ങളുടെ ഇന്ത്യയിലെ സമുദ്രാധിപത്യം വളരെ സുഖകരമായിരിക്കുമെന്നായിരുന്നു പറങ്കികള്‍ ധരിച്ചിരുന്നത്. അതിന്നു വിപരീതമായി ഇത്തരമൊരു ചെറുത്ത് നില്പ് കച്ചവടം ദുഷ്കരമാക്കുക മാത്രമല്ല യുദ്ധച്ചിലവ് ക്രമാതീതമയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ സാമൂതിരിയുമായി സഖ്യം മാത്രമാണു പോംവഴി എന്ന് പറങ്കികള്‍ക്കറിയാമായിരുന്നു.

ഈ ശ്രമങ്ങള്‍ക്കിടയിലും കിട്ടുന്നയവസരങ്ങളിലെല്ലാം തന്നെ പറങ്കികള്‍ കൊള്ളയും കൊലപാതകങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. കുഞാലിയുടെ അനന്തിരവനായ ഖ്വാജ മൂസയുടെ പോരാട്ടങ്ങള്‍ പോര്‍ച്ചുഗീസ് ചരിത്രകാരന്മാരെപ്പോലും അമ്പരപ്പിക്കുന്നവറ്യായിരുന്നു. 20 ചങ്ങാടങ്ങളിലായി നിരവധി പറങ്കികപ്പലുകളെ അക്രമിച്ച് നശിപ്പിച്ച മൂസയെ അവസാനം നശിപ്പിക്കുന്നത് ആദ്രേ ഫെര്‍ട്ടോയുടെ നായകത്വത്തിലെത്തിയ പടക്കപ്പല്‍ കൂട്ടമായിരുന്നു. ഈ യുദ്ധത്തില്‍ മൂസക്ക് ജീവന്‍ കിട്ടിയതു തന്നെ കടലില്‍ ചാടി നീന്തിയായിരുന്നു.

ഈ സമയം സാമൂതിരിയെ വശത്താക്കാന്‍ വൈസ്രോയി അല്‍‌വാറോ ഡി അംബ്രാച്ചേയെന്ന സമര്‍ത്ഥനായ നാവികനെ നിയമിച്ചു. പൊന്നാനിയില്‍ കോട്ട കെട്ടുവാനനുവദിച്ചതില്‍ മുസ്ലിങ്ങള്‍ മാനസികമായി സാമൂതിരിയോട് അകന്നു തുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലേക്ക് നല്ല രീതിയില്‍ എണ്ണയൊഴിക്കാന്‍ പറങ്കികള്‍ക്കു കഴിഞ്ഞു. ഈ നയതന്ത്ര വിജയം പറങ്കികളുടെ വലിയ വിജയം തന്നെയായിരുന്നു. കുഞ്ഞാലി സാമൂതിരിയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലിങ്ങളുടെ രാജാവെന്നും ഇന്ത്യന്‍ കടലുകളുടെ അധിപതിയെന്നുമുള്ള പദവികള്‍ സ്വീകരിച്ചിരിക്കുന്നുമെന്നും സമൂതിരിയെ ധരിപ്പിക്കുന്നതില്‍ അല്‌വാറോ വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും ദുഖ്ഃകരമായ ചില സംഭവങ്ങള്‍ അരങ്ങേറിയെന്നതായിരുന്നു ഇതിന്റെ പരിണതി.

1597-ല്‍ ഫ്രാന്‍സിസ്കോ ഡ ഗാമ വൈസ്രൊയിയായി എത്തി. കുഞ്ഞാലിയെ തളക്കാതെ വ്യാപാരം മുന്നോട്ടു പോകുകില്ലെന്ന് ബോധ്യമുള്ള വൈസ്രോയി കുഞ്ഞാലിക്കെതിരെ സാമൂതിരിയെ കൊണ്ട് യുദ്ധപ്രഖ്യാപനം നടത്തി. കുഞ്ഞാലിക്കെതിരെയായ യുദ്ധത്തിനുള്ള പ്രതിരോധപ്രവര്‍ത്തനനങ്ങള്‍ ആസൂത്രണം ചെയ്തു. പറങ്കി നാവികവ്യൂഹം എല്ലാ സന്നാഹങ്ങളോടും കൂടി വൈസ്രോയിയുടെ സഹോദരനായ മുപ്പതു വയസ്സുകാരനായ ലൂയി ഡ ഗാമയെ നാവികനായി നിയമിച്ചു. 1597 ആദ്യത്തില്‍ വമ്പിച്ച സന്നാഹങ്ങളുമായി ഇന്ത്യയിലേക്കു തിരിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ സമയത്താണ് ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവത്തിനു തുടക്കം കുറിക്കുന്നത്. ഇന്ത്യയിലേക്കു ഫ്രാന്‍സിസ്കോ ഡ ഗാമ വന്ന കപ്പല്‍ നിരവധി ചരക്കുമായി മടങ്ങുമ്പോള്‍ പുതിയ കടല്‍ ഭീഷണിയായി വന്ന ലന്തക്കാര്‍ (ഡച്ചുകാര്‍) രണ്ടു കപ്പലുമായി പറങ്കികപ്പലിനെ അക്രമിക്കുകയും അറബിക്കടലില്‍ മുക്കിക്കളയുകയും ചെയ്തു. കൂടാതെ കടല്‍ കൊള്ളക്കിറങ്ങിയ ക്യാപ്റ്റന്‍ ഡിമെല്ലോയുടെ കപ്പല്‍ കുഞ്ഞാലിയുടെ നാവികര്‍ പിടിച്ചെടുക്കുകയും അതിലുള്ള പരങ്കികളെ വധിക്കുകയും ചെയ്തു. 1597- നവമ്പര്‍ മാസത്തില്‍ ലൂയി കേരളത്തിലേക്കു തിരിച്ചു.

സാമൂതിരിക്ക് കുഞ്ഞാലിയുമായി യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിന്നു താത്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ തന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒരു ഭാഗമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുഞ്ഞാലിയാകട്ടെ താനൊരിക്കലും സാമൂതിരിയുടെ താത്പര്യത്തിന്നെതിരായിട്ടില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. ഇതിന്നു പിന്‍ബലമായി യുദ്ധത്തിന്നു പടക്കളത്തിലേക്കു ലൂയി ക്ഷണിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസൃതമായേ യുദ്ധത്തീനു താത്പര്യമുള്ളൂവെന്ന് സാമൂതിരി ലൂയിയെ അറിയിക്കുകയും വ്യവസ്ഥകള്‍ വൈസ്രോയി അംഗീകരിക്കാതെ ലൂയിയോട് തിരിച്ച് പോരുവാന്‍ കല്‍പ്പിക്കുകയുമാണുണ്ടായത്. അങ്ങിനെ ആറുമാസത്തിന്നു ശേഷം 1598-ലൂയി മടങ്ങിപ്പോയി.

ഈ അവസരം കോഴിക്കോട്ടെ ആന്തോണിയോ പാതിരി നന്നായി ഉപയോഗിക്കുകയും സമൂതിരിയുടെ നിത്യസന്ദര്‍ശകനായ അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി സമൂതിരി ഗോവയിലുള്ള പറങ്കികളെ തന്റെ യുദ്ധസന്നദ്ധത വീണ്ടുമറിയിക്കുകയും ചെയ്തു.ഈ സമയം ധാരാളം കള്ളക്കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. സാമൂതിരിയുടെ ഒരാനയുടെ വാല്‍ കുഞ്ഞാലി വെട്ടിയെന്നുമെല്ലാം - ഇതെല്ലാമായിരുന്നു സാമൂതിരിയെ പ്രകോപിപ്പിച്ചതിന്റെ അടിസ്ഥാനം.

കിട്ടിയ അവസരം പറങ്കികള്‍ ഉപയോഗിച്ചു. 1599 മാര്‍ച്ചില്‍ പുതുപട്ടണം കോട്ട പറങ്കികളും സാമൂതിരിയും കൂടി പ്രതിരോധിച്ചു. ഒരു വലിയ സന്നാഹങ്ങളോടെയായിരുന്നു പറങ്കിപ്പടയുടെ പുറപ്പാട്. ലൂയി ഡ ഗാമ, പെറിയോറ, ലൂയി ഡ് സില്‍‌വ, മേജര്‍ ആന്റണി എന്നിവരടങ്ങിയ വിദഗ്ദരായ കപ്പിത്താന്മാരുടെ നായകത്വത്തില്‍ യുദ്ധമാരംഭിച്ചു. പക്ഷേ പറങ്കികളെ പോലും അമ്പരപ്പിച്ച് കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഈ നീക്കം പരാജയപ്പെടുത്തി. പെറിയോറ, സില്‍‌വ, ലെയ്‌വ എന്നിവരെയടക്കം പ്രമുഖരായ നാവികരെ കുഞ്ഞാലിയുടെ മാപ്പിളമാര്‍ വധിച്ചു കളഞ്ഞു. പെറിയോറക്ക് കോട്ടയുടെ ഒരു ഭാഗത്തു വിടവുണ്ടാക്കാനും മാപ്പിളമാരിലെ അഞ്ഞൂറോളം പേരെ വധിക്കുവാന്‍ കഴിഞ്നു എന്നതുമാണ് ആകെ എടുത്തുപറയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി പറങ്കികളെയും വിദഗ്ദരായ 40 നാവികരെയും വധിക്കുവാന്‍ കുഞ്ഞാലിക്കു കഴിഞ്ഞു. പോര്‍ച്ചുഗീസിന്റെ ഏഷ്യയിലെ ഏറ്റവും വലിയ മാനഹാനി എന്നാണ് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ ഈ യുദ്ധത്തെ വിലയിരുത്തിയത്.

പരാജയമറിഞ്ഞ വൈസ്രോയി ആന്‍ഡ്രി ഫെര്‍ട്ടോഡയെ പുതിയ കമാന്ററായി നിശ്ച്ചയിച്ചു യുദ്ധം പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു.

കരയില്‍ നിന്നും കടലില്‍ നിന്നും ആക്രമനം ശക്തമായാല്‍ തനിക്കു പിടിച്ചു നില്‍ക്കാന്‍ കഴിയീല്ലെന്ന് യുദ്ധതന്ത്രജ്ഞനായ കുഞ്ഞാലിക്കറിയാമായിരുന്നു. 1599-ഡിസമ്പറില്‍ യുദ്ധൊ പുനരാരംഭിച്ചു. കുഞ്ഞാലിക്ക് പുറമെ നിന്നും കിട്ടിയ ഏക സഹായം ഉള്ളാളിലെ മഹാറാണി കൊടിത്തയച്ച 3000 ചാക്ക് അരി മാത്രമായിരുന്നു. സാമൂതിരിയുടെ കരസേനയിലെ 20000 നായര്‍ പടയാളികള്‍ കരമാര്‍ഗ്ഗം കോട്ട വളഞ്ഞു. മാസങ്ങള്‍ നീണ്ടു നിന്ന പ്രതിരോധത്തിന്നിടയില്‍ പലപ്പോഴായി ഏറ്റുമുട്ടലുകളുണ്ടായി ധാരാളം ആളപായങ്ങളുണ്ടായി. അവസാനം താനും അനുയായികളും സാമൂതിരിക്കു മുമ്പില്‍ കീഴടങ്ങാമെന്നും ജീവഹാനിയില്ലാതെ വിട്ടയച്ചാല്‍ മാത്രം മതിയെന്നും കുഞ്ഞാലി സാമൂതിരിയെ തന്റെ ദൂതന്മാര്‍ മുഖേനെ അറിയിച്ചു.
1599- മാര്‍ച്ച് 31- നു മുമ്പ് കീഴടങ്ങിയാല്‍ ജീവനും സ്വത്തും ഉറപ്പു നല്‍കാമെന്നു സാമൂതിരി കുഞ്ഞാലിയെ അറിയിച്ച് കത്ത് കൊടുത്തു. ഈ ഉറപ്പിന്റെ പിന്‍ബലത്തില്‍ മാര്‍ച്ച് 16-ന് കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങാന്‍ തയ്യാറായി. ആദ്യം സ്ത്രീകളും കുട്ടികളുമടക്കം നാനൂറ് പേരാണു കോട്ടയില്‍ നിന്നും പുറത്തു വന്നത്, മുറിവ് പറ്റി ക്ഷീണിതരായ അവരെ പോകുവാന്‍ അനുവദിച്ചു. കറുത്ത ഒരു ശീലകൊണ്ട് തലമറച്ച് കയ്യില്‍ ഒരു വാളുമായി കുഞ്ഞാലി അവസാനമായി കോട്ടയില്‍ നിന്നും പുറത്തു കടന്നു. മൂന്നു സഖാക്കള്‍ക്ക് നടുവിലായിറങ്ങിയ കുഞ്ഞാലി ഉയരം കുറഞ്ഞ വടിവൊത്ത ശരീരത്തോടു കൂടിയ ഒരാളായിരുന്നു. തന്റെ കയ്യിലെ വാള്‍ സാമൂതിരിയുടെ കാല്‍ക്കല്‍ വച്ചു വിനയത്തോടെ വണങ്ങി. പെട്ടെന്നാണ് എല്ലാവരെയും അമ്പരപ്പിച്ചു പടനായകനായ ഫെര്‍ട്ടാഡോ കുഞ്ഞാലിയെ വിലങ്ങുവച്ച് വലിച്ചിഴച്ചു. സമൂതിരി നോക്കിനില്‍ക്കെയുള്ള ഈ അക്രമണം സാമൂതിരിയുടെ നായര്‍ പടയാളികളെ പോലും രോഷാകുലരാക്കി. വളരെ പണിപ്പെട്ടാണു സാമൂതിരിക്ക് അവരെ നിയന്ത്രിക്കാന്‍ സാധിച്ചത്. അപ്പോഴേക്കും പറങ്കികള്‍ കുഞ്ഞാലിയേയും കൊണ്ട് രംഗം വിട്ടിരുന്നു.

വലിയ സന്തോഷത്തോടെ ഫെര്‍ട്ടോഡെയും സാമൂതിരിയും മരക്കാര്‍ കോട്ടയിലേക്കു പ്രവേശിച്ചു. കോട്ടയെ തകര്‍ത്തു പട്ടണം കൊള്ളയടിച്ച് കൊള്ളമുതല്‍ പങ്കിട്ടെടുത്തു.

മാര്‍ച്ച് 25 ന് ഫെര്‍ട്ടോഡെ കുഞ്ഞാലിയെയും 40 സഖാക്കളെയും കൊണ്ട് ഗോവയിലേക്കു തിരിച്ചു. വമ്പിച്ച പരിപാടികളോടെ പറങ്കികള്‍ വിജയാഘോഷം നടത്തി. കുഞ്ഞാലിയെ ജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ട്രോങ്കോയെന്ന ജയിലില്‍ കുഞ്ഞാലിയെയും കൂട്ടരെയും തടവുകാരാക്കി. തങ്ങള്‍ക്കു കഴിയാവുന്ന എല്ലാ പീഡനങ്ങളുമേല്പിച്ചു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ഡോക്റ്റര്‍ കുട്ടോക്ക് പറയുന്നത് ജയിലില്‍ കൃസ്ത്യന്‍ പാതിരിമാര്‍ കുഞ്ഞാലിയെ മതപരിവര്‍ത്തനത്തിനം ചെയ്യുകയാണെങ്കില്‍ സ്വാതന്ത്രനാക്കാമെന്നു വാഗ്ദാനം നല്‍കി പ്രലോഭിച്ചിരുന്നു എന്നായിരുന്നു.

തൂക്കിലേറ്റാന്‍ നിശ്ചയിച്ചതിന്നു തലേനാള്‍ രാത്രി മുഴുവന്‍ കുഞ്ഞാലി പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേന്ന് രാവിലെ ഗോവയിലെ നാല്പതു പള്ളികളില്‍ നിന്നും പാതിരികളും കന്യാസ്ത്രീകളുമടക്കം ആയിരക്കണക്കിനാളുകള്‍ അരമന മൈതാനിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒരുത്സവപ്രതീതിയിലായിരുന്നു ഗോവ. കരിമരുന്നും കൊടിതോരണങ്ങളുമായി അണിഞ്ഞൊരുക്കിയ മൈതാനിയുടെ നടുവിലേക്ക് കുഞ്ഞാലിയെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ കൂടെ താന്‍ പറങ്കികളുടെ കപ്പലില്‍ നിന്നും രക്ഷിച്ച ചൈന അലിയെന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു, നല്ലൊയൊരു നാവികനായി കുഞ്ഞാലി വളര്‍ത്തി കൊണ്ട് വരികയായിരുന്നു അയാളെ. സദസ്സിനെ വണങ്ങിയ കുഞ്ഞാലിയെ ഒരു മഴുകൊണ്ട് ആരാച്ചാര്‍ വെട്ടി കൊലപ്പെടുത്തി.

അങ്ങിനെ കുഞ്ഞാലി നാലാമനെന്ന മുഹെമദ് അലിയുടെ ചരിത്രം ഒരു ചരിത്രത്തിന്റെ കൂടി അന്ത്യമായി.

14 അഭിപ്രായങ്ങൾ:

  1. again and again we need a world class documentry about marakar family and their fight for freedom

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞാലിമാരെ സംബന്ധിച്ചു വിശദവും സത്യസന്ധവുമായ ചരിത്രം ലഭിച്ചതിൽ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  3. കൈയൂക്കുള്ളവൻ കാര്യക്കാരൻ...അല്ലേ...ആരു ഭരിച്ചാലും കോരനു വല്ല വ്യത്യാസമുണ്ടോ? രാജാവിനു സ്താനം പോകും, അതിനു അവർ പടവെട്ടിക്കോട്ടേ.

    പറങ്കിയോ.. അംങ്രേസിയോ ആരെങ്കിലും ഭരിക്കട്ടേന്ന്

    മറുപടിഇല്ലാതാക്കൂ
  4. ചിന്തകന്‍

    ഷരീഫ്

    വായനക്കു നന്ദി- അഭിപ്രായങ്ങള്‍ക്കും

    വിനോദ് നായര്‍
    നല്ല സ്കോപുള്ള വിഷയമാണ്-

    മുക്കുവന്‍
    മാഷെ- ചരിത്രം ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ മാത്രമാണ്. നാം നോക്കികാണുന്ന ചില മനുഷ്യര്‍ മാത്രം-

    മറുപടിഇല്ലാതാക്കൂ
  5. കേരള ചരിത്രം പുരോഗമിക്കട്ടെ ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഈ ചരിത്രസത്യം വായനക്കാരിലെതിച്ചതിനു ഒരുപാട് നന്ദി, അറിയപ്പെടാത്ത എത്രയെത്ര കാര്യങ്ങള്‍..!
    ഈ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

    മറുപടിഇല്ലാതാക്കൂ
  7. കാട്ടിപ്പരുത്തീ, ഇതിനു പുറകിലെ അദ്ധ്വാനത്തിനു എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ !അറിയാത്ത ഒത്തിരി അറിവുകള്‍ നല്‍കി ഈ പോസ്റ്റുകള്‍ ...നന്ദി

    മറുപടിഇല്ലാതാക്കൂ
  8. അറിവ് നല്‍കുന്ന നല്ല പോസ്റ്റ്‌ . ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. അധികാരത്തിന്റെ ഇടവഴികളില്‍ രക്തത്തിന്റെ പാടുകള്‍

    മറുപടിഇല്ലാതാക്കൂ
  10. ബസ്സില്ലാത്തത് കൊണ്ടാവും, കാണാന്‍ വൈകി. വായനയില്‍ കൂടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ