2009, നവംബർ 16, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-13

പട്ടു മരക്കാരെന്ന കുഞ്ഞാലി മൂന്നാമന്‍

കുഞ്ഞാലി രണ്ടാമന്റെ മരണ ശേഷം നാവികരുടെ തലവനായി നിയമിതനായ പട്ടുമരക്കാരാണ് കുഞ്ഞാലി മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

കുഞ്ഞാലി രണ്ടാമന്റെ മരണ സമയത്ത് സാമൂതിരി ചാലിയം കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.ഇതേ സമയം തന്നെയായിരുന്നു ബീജാപ്പൂര്‍ സുല്‍ത്താന്‍ ഗോവയും അഹ്‌മദ് നഗര്‍ സുല്‍ത്താന്‍ ചൌളും ആക്രമിച്ചത്, ഈ രണ്ടു യുദ്ധങ്ങളും സന്ധിയാവുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധങ്ങള്‍ക്ക് ഒരു മതകീയ മാനവും വന്നിരുന്നു.
മുമ്പേ പറങ്കികള്‍ തരം കിട്ടുമ്പോഴെല്ലാം മുസ്ലിം പള്ളികള്‍ ആക്രമിക്കുന്നത് അവരെ മുസ്ലിങ്ങളുടെ ശത്രുക്കളാക്കിയിരുന്നു. അതിനാല്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂമിനെപ്പോലെയുള്ള മതപണ്ഡിതന്മാര്‍ ഇതൊരു ജിഹാദ് ആയി പ്രഖ്യാപിച്ചു. അതോടു കൂടി ചാലിയം കോട്ട പിടിച്ചടക്കുന്ന യുദ്ധത്തില്‍ പൊന്നാനി, പരപ്പനങ്ങാടി, താനൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ പങ്കാളികളായി.

മഖ്ദൂമിന്റെ തുഹ്ഫയില്‍ നിന്നും- “കോട്ട ആക്രമിക്കുവാന്‍ തന്റെ സൈന്യാധിപന്റെ കീഴില്‍ ജൂലൈ ആദ്യത്തില്‍ വലിയൊരു സൈന്യത്തെ സാമൂതിരി അയച്ചു. താനൂര്‍ പരപ്പനങ്ങാടി എന്നിവിടങ്ങളിലെ മുസ്ലിങ്ങള്‍ ഈ ആക്രമണത്തില്‍ ഭാഗഭാക്കുകളായി. കോട്ടക്കു പുറത്ത്‌വച്ച് നടന്ന ഏറ്റുമുട്ടലില്‍ പറങ്കികള്‍ക്കു കനത്ത നാശനഷ്ടങ്ങല്‍ സംഭവിച്ചു. അവര്‍ കോട്ടക്കകത്ത് അഭയം തേടി.സാമൂതിരിയുടെ സൈന്യം കോട്ട വളഞ്ഞു. കോട്ടക്കു ചുറ്റും കിടങ്ങുകളുണ്ടാക്കി. പ്രതിരോധം തുടങ്ങി രണ്ട് മാസം നീണ്ടപ്പോള്‍ സാമൂതിരി കൂനന്‍ എന്ന സ്ഥലത്തേക്കു താമസം മാറ്റി യുദ്ധ നേതൃത്വം ഏറ്റെടുത്തു. കോട്ടക്കകത്തേക്കു യാതൊന്നും കൊണ്ടുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷണ ദൌര്‍ബല്യം രൂക്ഷമായപ്പോള്‍ കോട്ടക്കകത്തുണ്ടായിരുന്നവര്‍ക്കു നായയുടെതടക്കം ജീവികളുടെ മാംസം കഴിക്കേണ്ടതായി വന്നു. കഷ്ടപ്പാട് സഹിക്കാതെ ഒളിച്ചോടിപ്പോന്ന ജോലിക്കാരെ യാതൊരുപദ്രവും ചെയ്യാതെ പട്ടാളക്കാര്‍ വിട്ടയച്ചു. പറങ്കികള്‍ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും ഭക്ഷണങ്ങളയച്ചുവെങ്കിലും കോട്ടയിലെത്തുവാന്‍ സാധ്യമായിരുന്നില്ല. കടലില്‍ വച്ചു തന്നെ അത് നശിപ്പിക്കപ്പെട്ടു. കോട്ടയില്‍ നിന്നും സമാധാന അഭ്യര്‍ത്ഥനയുമായി ദൂതന്മാര്‍ സാമൂതിരിയുടെ അടുത്തെത്തി. യുദ്ധച്ചിലവും വലിയ പീരങ്കികളും നല്‍കാമെന്നായിരുന്നു വ്യവസ്ഥ, എന്നാല്‍ സാമൂതിരിയും മാപ്പിളമാരും ഈ വ്യവസ്ഥ അംഗീകരിച്ചില്ല. ദിവസങ്ങല്‍ക്കകം കോട്ടയും പീരങ്കികളും പൂര്‍ണ്ണമായും കീഴടങ്ങാമെന്നും തങ്ങളെ ഉപദ്രവിക്കാതെ വിട്ടയച്ചാല്‍ മതിയെന്നും സ്വന്തം സമ്പാദ്യം മാത്രം കൊണ്ടുപോകാന്‍ അനുവദിക്കണമെന്നുമായി നിവേദനം വന്നു. ഇത് സാമൂതിരി അംഗീകരിച്ചു. ജമാദുല്‍ ആഖിര്‍ 10-ം തീയതി ( 1571 നവമ്പര്‍ ) ആയിരുന്നു ഇത്.“

പറങ്കികള്‍ കോട്ട വിട്ടയുടനെ മാപ്പിളമാരും നായര്‍പ്പടയാളികളൂം ചേര്‍ന്ന് കോട്ട മുഴുവന്‍ പൊളിച്ചുമാറ്റി വിജയമാഘോഷിച്ചു. കോട്ടയുടെ അവസാനക്കല്ലു വരെ അവര്‍ ഇളക്കിമാറ്റി. പറങ്കികള്‍ കോട്ടപണിയാനായി പൊളിച്ച പള്ളികള്‍ പുനസ്ഥാപിക്കാനായി സാമൂതിരി കോട്ടയുടെ കല്ലും മരങ്ങളും മുസ്ലിങ്ങള്‍ക്കു വിട്ടു കൊടുത്തു. ചാലിയം കോട്ട പിടിച്ചെടുത്തത് പറങ്കികളുടെ പ്രതാപത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിരുന്നു.

മുഹ്‌യുദ്ദീന്‍ മാലയുടെ കര്‍ത്താവ് എന്നറിയപ്പെടുന്ന ഖാസി മുഹെമദ് എഴുതിയ ഫതഹുല്‍ മുബീന്‍ അഥവാ വ്യക്തമായ വിജയം എന്ന പുസ്തകം ചാലിയം വിജയത്തിന്റെ കഥയാണ്.

ചാലിയം കോഴിക്കോടിന്നടുത്ത് കടലിലേക്കു തള്ളിനില്‍ക്കുന്ന തന്ത്രപ്രധാനമായ സ്ഥലമാണു. അതിനാല്‍ തന്നെ കടലിലൂടെയുള്ള യാത്രക്കും യുദ്ധത്തിനും ചാലിയത്തിന്നു വളരെ പ്രാധാന്യമുണ്ടായിരുന്നു.

ചാലിയം യുദ്ധത്തിലെ സാഹസികതയും നേതൃപാഠവുമാണ് പട്ടുമരക്കാരെ കുഞ്ഞാലിയെന്ന പദവിയിലേക്ക് അര്‍ഹനാക്കിയത്. നായര്‍പ്പടനായകന്മാര്‍ക്കു നല്‍കുന്ന എല്ലാ സ്ഥാനമാനങ്ങളും സാമൂതിരി കുഞ്ഞാലിമാര്‍ക്കും നല്‍കിയിരുന്നു. കൂടാതെ പുതുപട്ടണത്ത് ഒരു കോട്ട കെട്ടുവാനുള്ള പ്രത്യേകാനുമതി പട്ടുമരക്കാര്‍ സാമൂതിരിയില്‍ നിന്നും കരസ്ഥമാക്കി.

1573-ല്‍ അങ്ങിനെ മരക്കാര്‍ കോട്ടയെന്നറിയപ്പെടുന്ന കുഞ്ഞാലിയുടെ കോട്ട ഉയര്‍ന്നു.

ഈ സമയം പോര്‍ച്ചുഗീസുകാരുടെ അരിയും പഞ്ചസാരയും കയറ്റിയ ഒരു കപ്പല്‍ പൊന്നാനിയില്‍ നിന്നും മാപ്പിളമാര്‍ കീഴടക്കിയിരുന്നു. കണ്ണൂര്‍, കക്കാട്, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലം കുഞാലിപ്പടയും പോര്‍ച്ചുഗീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു.

പറങ്കികള്‍ക്കു പിന്നെയും കച്ചവടം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയായി. തങ്ങളുടെ കോട്ട നഷ്ടപ്പെട്ടതിന്നു പുറമെ സമുദ്രാധിപത്യമെന്ന സ്വപ്നവും ഇല്ലാതാവുന്നത് അവരെ ചൊടിപ്പിച്ചു. ക്യാനരയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അരിക്കപ്പലുകളെ തടഞ്ഞ് പരങ്കികള്‍ പകരം വീട്ടി. ഇത് കേരളത്തില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാക്കി.

കൊച്ചിയിലാകട്ടെ പരങ്കികള്‍ തീരുവ പിരിക്കുന്നതിന്നെതിരെ ജനരോഷമുയര്‍ന്നതിനാല്‍ തീരുവ പിരിക്കുന്നതും പറങ്കികള്‍ക്കുപേക്ഷിക്കേണ്ടി വന്നു.

സാമൂതിരിയുമായി സന്ധിയിലേക്കു നീങ്ങുക എന്ന ശ്രമങ്ങളിലേക്കു നീങ്ങുവാന്‍ പറങ്കികളെ ഇത് പ്രേരിപ്പിച്ചു. പിന്നീട് അതിന്നുള്ള ശ്രമങ്ങളായിരുന്നു അവര്‍ നടത്തിയത്. പൊന്നാനിയില്‍ ഒരു കോട്ട കെട്ടുവാനുള്ള നിവേദനവുമായി അവര്‍ സാമൂതിരിയെ സമീപിച്ചു.നിരന്തര ശ്രത്തിന്റെ ഭാഗമായി കുഞ്ഞാലിമാരുടെ എതിര്‍പ്പിനെ അവഗണിച്ചും സാമൂതിരി 1584-ല്‍ പൊന്നാനിയില്‍ ഒരു കോട്ടകെട്ടാനുള്ള അനുമതി പറങ്കികള്‍ക്കു നല്‍കി. സാമൂതിരി സമുദ്ര വാണിജ്യത്തിനായി സൗജന്യ പാസ്സ് കിട്ടുമെന്ന ധാരണയിലാണ് ഇങ്ങിനെ ഒരു സമ്മതം നല്‍കിയത്.

പക്ഷെ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം പൊന്നാനി പറങ്കികളുടെ താണ്ഡവങ്ങളേറെ ഏറ്റുവാങ്ങിയ പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഇങ്ങിനെ ഒരു സമ്മതപത്രം അവര്‍ക്കു സ്വീകാര്യമായിരുന്നില്ല.

സമൂതിരിയുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ യുദ്ധങ്ങള്‍ ഒഴിഞ്ഞു ഒരു കച്ചവടാന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. പക്ഷെ അത് തന്റെ പ്രധാന ശക്തിയായ മരക്കാര്‍മാരെ മനസ്സിലാക്കിയെടുക്കുന്നതില്‍ അദ്ദേഹം പരാജിതനായി.

പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം രാഷ്ട്രീയത്തിന്നപ്പുറം ഒരു മതസംഘട്ടനത്തിലേക്ക് എന്നോ നീങ്ങിയിരുന്നു. പക്ഷെ അതൊരു കൃസ്ത്യന്‍ മുസ്ലിം എന്നതിലുപരി മുസ്ലിം-പറങ്കി യുദ്ധമായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്നൊരൊത്തുതീര്‍പ്പ് സാധ്യവുമായിരുന്നില്ല. സാമൂതിരിയും മരക്കാര്‍മാരും തമ്മിലുള്ള വലിയ ബന്ധത്തില്‍ വിള്ളലുകള്‍ തുടങ്ങിയതവിടം മുതലായിരുന്നു.

പറങ്കികളുടെ ശക്തി ദുര്‍ബലമായിക്കൊണ്ടിരുന്ന ഈ അവസരത്തില്‍ ഇങ്ങിനെ ഒരു സന്ധി അനാവശ്യമായിരുന്നെന്നാണ് മാപ്പിളമാര്‍ കരുതിയിരുന്നത്. വാക്ക് തെറ്റിക്കുന്നതില്‍ പറങ്കികള്‍ കുപ്രസിദ്ധരുമായിരുന്നല്ലോ-

1588-ല്‍ കുഞാലി പറങ്കികളുടെ ഒരു വലിയ കപ്പല്‍ ആക്രമിക്കുകയും അവയിലുള്ളവരെ തടവുകാരാക്കുകയും ചെയ്തു. അടുത്തവര്‍ഷം ചൈനയില്‍ നിന്നും വരുന്ന വലിയൊരു കപ്പല്‍ ആക്രമിച്ചു വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കയ്യിലാക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇവയെക്കുറിച്ചുള്ള കുറെ കത്തുകള്‍ പോര്‍ച്ചുഗലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

1591-ല്‍ ഫതീര്‍ ഫ്രാന്‍സിസ്കൊ എന്ന പാതിരി സാമൂതിരിയെക്കാണുകയും കോഴിക്കോട് ഒരു കത്തോലികാപള്ളി പണിയുന്നതിന്നുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു, കൂടാതെ സാമൂതിരിയുടെ കുരുമുളക് മുഴുവന്‍ നിശ്ചിത വിലക്കെടുക്കാമെന്നും സാമൂതിരിയുടെ കയ്യിലെ മുഴുവന്‍ പറങ്കി തടവുകാരെയും സ്വതന്ത്രരാക്കമെന്നുമുള്ള കരാര്‍ നേടിയെടുക്കാനും അദ്ദേഹത്തിന്നു കഴിഞ്ഞു.

എന്നാല്‍ 1594-ല്‍ ആദ്രെ ഫെര്‍ട്ടാഡോ സാമൂതിരിയുടെ മൂന്നു കപ്പലുകള്‍ കൊള്ളയടിക്കുകയും അതിലെ രണ്ടായിരം പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് കേരളത്തെ ഞെട്ടിച്ചു. ഇതിനു പ്രതികാരമായി കുഞ്ഞാലി ജാവയില്‍ നിന്നും വരികയായിരുന്ന പറങ്കിക്കപ്പല്‍ കൊള്ളയടിച്ച് 14 നാവികരെ വധിച്ചു.

1595-ല്‍ മറ്റു രണ്ട് മരക്കാര്‍മാരില്‍ നിന്നും വ്യത്യസ്തനായി തന്റെ മരുമകന്‍ മുഹമെദ് അലി മരക്കാരെ തന്റെ പിന്‍‌ഗാമിയായി നിശ്ചയിച്ച് അന്ത്യശ്വാസം വലിച്ചു.

ഇത് പട്ടുമരക്കാരെന്ന കുഞ്ഞാലി മൂന്നാമന്റെ ചരിതം



8 അഭിപ്രായങ്ങൾ:

  1. kalaki, so we had rice shortage even at that time, mashe we want more and more , excellent attempt

    മറുപടിഇല്ലാതാക്കൂ
  2. വിക്ഞാനപ്രദം! ദയവായി തുടരൂ...

    മറുപടിഇല്ലാതാക്കൂ
  3. കൂടുതല്‍ റെഫറന്‍സ് ചേര്‍ക്കുന്നത് ഗവേഷണ കുതുകികള്‍ക്ക് സഹായകമാവും.

    മറുപടിഇല്ലാതാക്കൂ
  4. കുഞ്ഞാലിമരയ്ക്കാര്‍ മാര്‍ ചരിത്രത്തില്‍ അത്ര ശ്രദ്ധ നേടാതെ പോയത് എന്ത് കൊണ്ടാണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ പക്ഷം കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനും രണ്ടാമനും മൂന്നാമനുമൊക്കെയുണ്ടെന്നുള്ള അറിവു പോലും എനിക്ക് സ്കൂള്‍ ഹിസ്റ്ററിയില്‍ നിന്നും കിട്ടിയിരുന്നില്ല.(CBSE) ആയതിനാല്‍ കൂടുതല്‍ ചരിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  5. വാഴ പറഞ്ഞത് ശരിയാണ്. ഞാനും ഇതുവരെ ധരിച്ചിരുന്നത് കുഞ്ഞാലി മരക്കാര്‍ എന്ന് പറയുന്നത് ഒറ്റയാള്‍ മാത്രമാണെന്നാണ്...

    കാട്ടിപരുത്തി... നന്ദി... അടുത്ത മരക്കാര്‍ക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  6. വിജ്ഞാനപ്രദം ഈ കുറിപ്പുകള്‍.
    ശ്ളാഘനീയമായ പരിശ്രമങ്ങള്‍ക്ക് നന്ദി.
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ