2009, നവംബർ 10, ചൊവ്വാഴ്ച

കേരള ചരിത്രത്തിലൂടെ-12

കുട്ടിപ്പോക്കര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍

കുട്ടിയലിയുടെ മകനാണ് കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍ പ്രശസ്തനായ കുട്ടിപ്പോക്കര്‍. ഈ പോക്കര്‍ എന്ന പദം അബൂബക്കര്‍ അഥവാ ബക്കര്‍ എന്ന അറബി പേരിന്റെ മലയാളം വിളിയാളമാണ്. മാത്യു മത്തായി ആകുന്നത് പോലെ.

സിലോണിലും കായല്പട്ടണത്തിലും വച്ചു നടന്ന യുദ്ധങ്ങളിലെ പരാജയം സമൂതിരിയെ തളര്‍ത്തിയിരുന്നു. കച്ചവടം പുനസ്ഥാപിക്കുക മാത്രമേ തന്റെ വരുമാനത്തിന് മാര്‍ഗ്ഗമുള്ളൂ എന്നറിയാവുന്ന സാമൂതിരി 1540 ജനുവരിയില്‍ പറങ്കികളുമായി പൊന്നാനിയി വച്ചു ഒരു സമാധാനക്കരാറില്‍ ഒപ്പു വച്ചു. കൊച്ചിയിലെ വിലക്കു കുരുമുളക് കോഴിക്കോട്ടു നിന്നും കൊടുക്കാമെന്നു സാമൂതിരിക്കിതു പ്രകാരം സമ്മതിക്കേണ്ടി വന്നു.

എന്നാല്‍ പതിവു പോലെ തങ്ങളുടെ താത്പര്യങ്ങള്‍ള്‍ക്കു മാത്രമായി പറങ്കികള്‍ കരാറിനെ ഉപയോഗിക്കുകയും കരയിലും കടലുലും നിര്‍ബാധം കൊള്ള നടത്തുകയും ചെയ്തു. കപ്പല്‍ കൊള്ള ചെയ്യുക മാത്രമല്ല അതിലെ ആളുകളെ മുഴുവന്‍ കൊന്ന് കടലില്‍ താഴ്ത്തുക എന്നത് പറങ്കികളുടെ ഒരു വിനോദമായാണ് അനുഭവിച്ചിരുന്നത്. ഇത് കുഞ്ഞാലിയെ പറങ്കികളോടുള്ള പോരാട്ടത്തിലേക്കു നയിച്ചു. മാത്രമല്ല കച്ചവടത്തിന്റെ ദല്ലാളുകള്‍ കോഴിക്കോട്ട് അന്നും മാപിളമാരായിരുന്നു. മാപ്പിളമാര്‍ക്ക് പറങ്കികളുമായി കച്ചവട ബന്ധം സ്ഥപിക്കുന്നതിന്നൊട്ടും താത്പര്യവുമുണ്ടായിരുന്നില്ല.

കുഞ്ഞാലി രണ്ടാമനും ഒന്നാമനെപ്പോലെ ഒളിപ്പോര്‍ രീതി തന്നെയാണു പിന്തുടര്‍ന്നത്. ഇത് പിന്നെയും പറങ്കികളെ ഒരു ചരക്കു കപ്പല്‍ പോലും തുറമുഖത്തുനിന്നും നീങ്ങണമെങ്കില്‍ ഒരു വലിയ സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടു കൂടിയേ കഴിയൂ എന്ന പ്രയാസത്തിലേക്കെത്തിച്ചു.

കുഞാലിയെ ഒരു തുറന്ന യുദ്ധത്തിലേക്കു കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും പറങ്കികള്‍ ചെയ്യുന്നുണ്ടായിരുന്നു. 1558-ല്‍ ലൂയി ഡെ മെല്ലോവിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വച്ചു വളഞ്ഞു. കുഞ്ഞാലിയുടെ മൂന്നു യുദ്ധക്കപ്പലുകള്‍ തകര്‍ത്തെങ്കിലും ബാക്കിയുള്ള കപ്പലുകളുമായി അദ്ദേഹം രക്ഷപ്പെട്ടു.

ഇതിന്നിടെ പറങ്കികള്‍ കടല്‍കൊള്ളയില്‍ കൊന്നൊടുക്കിയ ചിലരുടെ മൃതദേഹങ്ങള്‍ കണ്ണൂര്‍ തുറമുഖത്തടിഞ്ഞു. അതില്‍ ആലി രാജയുടെ ബന്ധുകൂടിയായ ഒരു വ്യാപാര പ്രമുഖന്റെ ജഡം കൂടി അതിലുള്‍പ്പെട്ടിരുന്നു. ഇത് ജനങ്ങളെയും രാജാവിന്റെയും പ്രതിഷേധത്തിന്നിടയാക്കി.
ആലിരാജ തന്റെ സൈന്യങ്ങളുമായി കണ്ണൂരിലെ പറങ്കിക്കോട്ട ആക്രമിക്കുകയും പ്രതിരോധിക്കുകയും തുറമുഖത്തുണ്ടായിരുന്ന മുപ്പതോളം കപ്പലുകള്‍ നശിപ്പിക്കുകയുന്ം ചെയ്തു. പ്രതിരോധം ശക്തമായപ്പോള്‍ കോട്ടക്കകത്തുള്ള പറങ്കികളെ രക്ഷിക്കുവാനായി ഗോവയില്‍ നിന്നും പൌലോ ഡ ലിമയുടെ നേതൃത്വത്തില്‍ കണൂരിലേക്കു പറങ്കികള്‍ പുറപ്പെട്ടു. ബഡ്ക്കല്‍ തീരത്തുവച്ചു പതിയിരുന്നാക്രമിച്ച കുഞാലി പറങ്കിക്കപ്പലുകളെ ചിതറിപ്പിക്കുകയും ലിമയെ പരീക്കേല്‍പ്പിക്കുകയും ചെയ്തു. പരാജപ്പെട്ട പറങ്കികള്‍ക്ക് ഗോവയിലേക്കു പിന്മാറേണ്ടി വന്നു.

ഇതെല്ലാം പരങ്കികളുടെ കച്ചവടത്തെയും സമുദ്രാധിപത്യത്തെയും സാരമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്നിടയില്‍ കുഞ്ഞാലിയുടെ സഹായത്തോടെ ചരക്കു നീക്കം ഇടക്കിടക്ക് നടക്കുന്നുമുണ്ടായിരുന്നു.

പിന്നീട് ഡൊം മസ്കരന്‍ ഹാസിന്റെ കീഴില്‍ പറങ്കിനാവികപ്പട കുഞ്ഞാലിക്കെതിരെ ശക്തമായ ഒരു നീക്കം നടത്തിയെങ്കിലും അവരെയും അതിന്നു ശേഷം വന്ന ലൂയി ഡെ മെല്ലോയുടെ കീഴില്‍ വന്ന നാവികശക്തിയേയും കുഞ്ഞാലിക്കു തോത്പിക്കുവാനായി.

1566- (ഹിജ്ര 976)-ല്‍ അരിയും പഞ്ചസാരയുമായി വന്ന ഒരു പറങ്കിക്കപ്പല്‍ മാപ്പിളമാര്‍ പിടിച്ചെടുത്തു. അതേ വര്‍ഷം തന്നെ ചാലിയത്തിന്നടുത്ത് ആയിരം പേരുമായി വന്ന ഒരു വലിയ കപ്പല്‍ കുട്ടിയലിയുടെ നേതൃത്വത്തില്‍ നശിപ്പിച്ചു. അതിന്റെ പിറ്റേ വര്‍ഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ട ഒരു പറങ്കിക്കപ്പലും കുഞ്ഞാലി തകര്‍ത്തു.
ഈ പോരാട്ടങ്ങളിലെല്ലാം പറങ്കികള്‍ക്കു തീര്‍ത്ത പരാജയമാണുണ്ടായത്. ഇതവരെ സമ്മര്‍ദ്ദത്തിലാക്കി. അതിനാല്‍ വൈസ്രോയി മാര്‍ട്ടിന്‍ അല്‍ഫോന്‍സോ മിറാണ്ട 36 കപ്പലുകളുമായി കുഞാലിയെ പിന്തുടര്‍ന്നു. എന്നാല്‍ തുറന്ന സംഘട്ടനമൊഴിവാക്കി കുഞ്ഞാലി മിറാണ്ടയെ പരാജയപ്പെടുത്തി. ഈ യുദ്ധത്തില്‍ മിറാണ്ടക്കു മാരകമായ മുറിവു പറ്റുകയും കൊച്ചിയിലെത്തിയ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഇതിന്നിടയിലെല്ലാം തന്നെ പറങ്കികള്‍ മലബാറിലെ കച്ചവറ്റ കേന്ദ്രങ്ങള്‍ ആക്രമിക്കുകയും കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, കോഴിക്കോട്, കാപ്പാട്, പന്തലായിനി, തിക്കോടി തുടങ്ങിയവിടങ്ങളിലെല്ലാം തന്നെ ഇടക്കിടക്കീ വിധം കൊള്ളയും കൊളയും നടമാടി. മാത്രമല്ല ഇവിടങ്ങളിലെ മുസ്ലിം പള്ളികള്‍ നശിപ്പിക്കുന്നതില്‍ പറങ്കികള്‍ പ്രത്യേക താത്പര്യം കാണിച്ചു.

കച്ചവടക്കാരില്‍ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു. ഇതെല്ലാം മുസ്ലിങ്ങള്‍ക്കു പറങ്കികളോട് വിരോധമുണ്ടാക്കുവാന്‍ കാരണമാക്കി. സാമൂതിരിമാരുടെ നായര്‍ പടയാളികള്‍ കാലാള്‍പടക്കാരായിരുന്നു. അതിനാല്‍ തന്നെ നാവികയുദ്ധത്തില്‍ അവര്‍ക്കു നേരിട്ട പങ്കുണ്ടായിരുന്നില്ല. എന്നിരുന്നാലും കൊച്ചിയില്‍ നിന്നുമുള്ള ഒരു കരയുദ്ധത്തിനു സാധ്യതയില്ലാതാക്കിയത് അവരുടെ ശക്തമായ സ്വാധീനമായിരുന്നു. കൂടാതെ അന്ന് കേരളം സന്ദര്‍ശിച്ച ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് മുസ്ലിങ്ങളെ നായര്‍സമുദായത്തെ പോലെയുള്ള ഒരു ജാതിയായിട്ടാണ്.

ഈ വിധം കച്ചവറ്റ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടപ്പോള്‍ കുഞാലിയും കൂട്ടരും വടക്കേ മലബാറിലുള്ള പറങ്കികളുടെ കേന്ദ്രങ്ങള്‍ അക്രമിക്കുവാനാരംഭിച്ചു.

കുഞ്ഞാലിയെ നേരിടാനായി പിന്നീട് വന്ന റൂയി ഡയയേയും കൂട്ടരേയും പരാജയപ്പെടുത്തുകയും റൂയിയെയടക്കം കൊലപ്പെടുത്തുകയും, ഡോണ്‍ ഹെന്റ്രി എന്ന പറങ്കിയെ തടവുകാരനായി പ്പിടിക്കുകയും ചെയ്തത് പറങ്കികളുടെ ആത്മവീര്യത്തീന്നേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഈ സമയം ബീജാപ്പൂര്‍ സുല്‍ത്താന്‍ അഹ്‌മദ് നഗര്‍ സുല്‍ത്താനായിരുന്ന മര്‍ത്തസ് നസീം ഷാഹ് യുമായി ചേര്‍ന്ന് ഗോവക്കും ചൌളിനുമെതിരില്‍ പ്രതിരോധമേര്‍പ്പെടുത്തിയിരുന്നു. സമൂതിരി ഈ സമയം ശരിക്കുപയോഗിക്കുകയും ചാലിയം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമമാരംഭിക്കുകയും ചെയ്തു.

മര്‍ത്തസ് ഷായെ സഹായിക്കുവാന്‍ കുഞ്ഞാലി പുറപ്പെട്ടു. വഴിക്കു കുഞ്ഞാലി പറങ്കികളുമായി ഏറ്റുമുട്ടി. പക്ഷേ പറങ്കികളെ ഏതിര്‍ത്തു പല നഷ്ടങ്ങളുമുണ്ടാക്കി അദ്ദേഹം ലക്ഷ്യസ്ഥനമായ ചൌളിലെത്തി. എന്നാല്‍ കണ്ണൂരിലെത്തിയ മെനെസിസ്ന്റെ നേതൃത്വത്തിലെത്തിയ പറങ്കിപ്പടയുമായി അപ്രതീക്ഷിതമായി ഏറ്റുമുട്ടേണ്ടി വരികയും ആയുദ്ധത്തില്‍ കുട്ടിയലിയെന്ന കുഞാലി രണ്ടാമന്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ യുദ്ധത്തില്‍ കുഞ്ഞാലിയുടെ രണ്ട് കപ്പലുകളൊഴിച്ചെല്ലാം തന്നെ നശിപ്പിക്കുവാന്‍ പരങ്കിപ്പടക്കു കഴിഞ്ഞിരുന്നു. അപ്പോഴേക്കും പറങ്കി-മാപ്പിള യുദ്ധത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.

ഇത് കുട്ടിയലി എന്ന കുഞ്ഞാലി മരക്കാര്‍ രണ്ടാമന്റെ ചരിതം.


11 അഭിപ്രായങ്ങൾ:

  1. വായിച്ചു.... ഇനി മൂന്നാമന്‍ വരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. മറന്നു പോയ ചരിത കഥകളുടെ പുനരാഖ്യാനത്തിനം ശ്ലാഘനീയം തന്നെ. തുടരുക.

    മറുപടിഇല്ലാതാക്കൂ
  3. ഈ ബ്ലോഗും ഈ ചരിത്രാഖ്യാനപരമ്പരയും ഇന്നു് ആദ്യമായാണു കണ്ണിൽ പെടുന്നതു്. തുടക്കം മുതൽ ഈ അദ്ധ്യായം വരെ ഒട്ടും മുഷിപ്പുതോന്നാതെ, ഒരൊറ്റയിരുപ്പിൽ വായിച്ചെത്തിച്ചു. കൂടുതൽ ഭാഗങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു. കുഞ്ഞാലി നാലാമന്റെ അന്ത്യത്തെക്കുറിച്ച് സൈനുദ്ദീൻ എഴുതിയിട്ടുണ്ടാവില്ലല്ലോ അല്ലേ?



    ഇത്രയും വിശദമായും ലളിതമായും വസ്തുനിഷ്ഠമായും യുക്തിഭദ്രമായും ഉത്തരകേരളത്തിന്റെ, അഥവാ ഒരർത്ഥത്തിൽ മുഴുവൻ കേരളത്തിന്റെതന്നെ, ചരിത്രം ഇന്നേവരെ വായിച്ചിട്ടില്ല.
    തുഹ്ഫത്-ഉൽ മുജാഹിദീൻ മാത്രം അവലംബമാക്കിയാണോ ഈ വിവരണം മുഴുവൻ? അതോ മറ്റേതെങ്കിലും ഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അവയുടെ പേരുകൾ കൂടി പരാമർശിക്കുവാൻ താൽ‌പ്പര്യപ്പെടുന്നു.

    ആദ്യകാല മലബാറിലെ അറബി/ഇസ്ലാം വ്യാപനരീതിയും ചരിത്രവും സിലോണിലേതുമായി (പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യകൾ)ഏറെക്കുറെ അപ്പാടെ പൊരുത്തപ്പെട്ടുപോകുന്നതാണു്. ലങ്കയിലും തമിഴ്നാട്ടിലും മലയായിലും മറ്റും വ്യാപകമായിരുന്ന, ഇപ്പോൾ തീരെ പ്രചാരം കുറഞ്ഞുപോയ അർവി എന്ന തമിഴ്-അറബി സങ്കരഭാഷയും മലബാറിൽ ഉപയോഗത്തിലുണ്ടായിരുന്ന അറബിമലയാളവും മൂർ ജനതയുടെ(മരയ്ക്കാർ)സാംസ്കാരികത്തനിമയും സാഹിതീതൽ‌പ്പരതയുംകൊണ്ടു് സമ്പന്നമായിരുന്നു. സൂഫിപാരമ്പര്യത്തിനും ദക്ഷിണേഷ്യൻ ഇസ്ലാമികസാഹിത്യത്തിനും ഈടുറ്റ സംഭാവനകൾ നൽകിയിരുന്ന അർവി ഭാഷയുടെ ഏറ്റവും വലിയ പതനം സംഭവിച്ചതു് പോർട്ടുഗീസ് ആക്രമണകാലത്താണു്. വിലപ്പെട്ട ഒട്ടനവധി അർവി ഗ്രന്ഥങ്ങൾ അക്കാലത്തു് അവർ ബലമായി ചുട്ടെരിഞ്ഞുകളഞ്ഞുവത്രേ.

    എന്തൊക്കെ പറഞ്ഞാലും, കടൽവഴി, കേരളത്തിലും തമിഴകം, ശ്രീലങ്ക,മലാക്ക തുടങ്ങിയ നാടുകളിലും മദ്ധ്യകാലഘട്ടങ്ങളിൽ നടന്ന ഇസ്ലാം മതവ്യാപനരീതി
    മറ്റിടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. മുൻപു് ക്രിസ്തുമതത്തിലുണ്ടായതുപോലെത്തന്നെ സാവധാനവും സമാധാനപൂർണ്ണവുമായിരുന്നു ആ പരിവർത്തനം. ഭാരതത്തിലെ മറ്റു പ്രദേശങ്ങളുമായി ഒത്തുനോക്കുമ്പോൾ പ്രകടമായ വ്യത്യാസമുള്ള നമ്മുടെ (കേരളജനതയുടെ മൊത്തം) സഹവർത്തിത്വസ്വഭാവത്തിൽ പിൽക്കാലത്തു് നിർണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ടു് ഈ ഒരു ഘടകം.

    സൌരാഷ്ട്രം മുതൽ കേരളം വഴി, തമിഴകം, സിലോൺ, ദക്ഷിണപൂർ‌വ്വ ഏഷ്യൻ നാടുകളിൽ വിദേശീയരുടെ കൊണ്ടുകൊടുക്കലുകൾ വഴി വന്നുചേർന്ന സാമൂഹ്യപരിണാമങ്ങളെ മൊത്തമായി കണക്കിലെടുക്കേണ്ട ഒരു താരതമ്യചരിത്രപഠനം എന്ന നിലയിൽ ആരും വേണ്ടത്ര സമീപിച്ചിട്ടില്ല എന്നുതോന്നുന്നു.
    കാട്ടിപ്പരുത്തിയുടെ ഈ ലേഖനങ്ങൾ പോലുള്ളവ അത്തരം പുതിയ പഠനങ്ങൾക്ക് പ്രചോദനമാവട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ചിന്തകന്‍

    കുമാരന്‍ | kumaran

    bhoolokajalakam
    Joker

    വാഴക്കോടന്‍ ‍// vazhakodan

    Vinod Nair

    എല്ലാവരുടെയും വായനക്കും പ്രോത്സാഹനങ്ങല്‍ക്കും നന്ദി-

    ViswaPrabha | വിശ്വപ്രഭ
    നല്ല നിരീക്ഷണങ്ങള്‍-
    പലയിടങ്ങളിലുള്ള രഫറന്‍സ് ഉണ്ട്- പക്ഷെ ഈ ഭാഗങ്ങള്‍ കൂടുതല്‍ തുഹ്ഫതുല്‍ മുജാഹിദീന്‍ തന്നെ-

    സിലോണ്‍ മലേഷ്യ ഇന്ത്യ എന്നിവയെല്ലാം അറബിക്കച്ചവടക്കാരുമായി ബന്ധപ്പെട്ട തീരങ്ങളാണെന്നതു തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
    പിന്നെ നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്. നമുക്ക് പഠിക്കാനും തെറ്റുകളുണ്ടെങ്കില്‍ തിരുത്തുവാനുമേ കഴിയൂ, അതിന്നു പകരം പലപ്പോഴും ചരിത്രം തിരുത്തപ്പെടുകയാണു പതിവ്

    മറുപടിഇല്ലാതാക്കൂ
  5. ചരിത്രത്തിലേക്കുള്ള ഈ എത്തിനോട്ടങ്ങൾ വളരെ നന്നാകുന്നുണ്ട് കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  6. ലളിതമായ ആഖ്യാനം, നന്നായിരിക്കുന്നു.
    ഒരു പാട് പുതിയ അറിവുകള്‍ അനുവാചകരില്‍ എത്തിക്കാന്‍ കഴിയുന്നു,
    തുടരുക, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ