2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

കോഴിക്കോട്ടുകാരിയായ ഹനാനെ നിങ്ങളറിയുമോ?

നമുക്ക് നമ്മെ കുറിച്ചൊന്നുമറിയില്ല- നാം നമ്മുടെ കഴിവുകളെ അംഗീകരിക്കാറുമില്ല. അല്ലെങ്കില്‍ ഹനാന്‍ വാര്‍ത്തകളിലെന്നോ വരേണ്ടിയിരുന്നു. ഈ വാര്‍ത്ത നിങ്ങളിലെത്തിക്കുക മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുക. കാരണം ഞാന്‍ ഹനാനെ കുറിച്ചാദ്യമായാണ് വായിക്കുന്നത്. കൂടുതലറിയുന്നവര്‍ കമെന്റുകളില്‍ കൂടുതലെഴുതുക.

മാതൃഭൂമി- വാര്‍ത്ത- ചിത്രവും അവരുടേതാണ്

ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

Posted on: 14 Sep 2009കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്ഹൗസ് നടത്തുന്ന ശാസ്ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്കിയാണ് സീമെന്‍സ് വെസ്റ്റിങ്ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ഥം നാസ ഇത് ല്ക്കസ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്ത ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്ത്രപുസ്തകങ്ങളാണ് വായനയ്‌ക്കെടുത്തത്.

ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.


കലാമിനെയും കുഴക്കിയ പ്രതിഭ


കോഴിക്കോട്: പ്രപഞ്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത് അയല്‍വാസിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്. അദ്ദേഹമാണ് ഹനാനെ തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കയച്ചത്. അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്.രഘുനാഥനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്.സി. ഭട്ട്, സി. ശിവറാം, ഡോ. ജയന്ത് മൂര്‍ത്തി എന്നിവരാണ് ഹനാന് ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നത്.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ് ഹനാന്‍ അയച്ച ഇ-മെയിലാണ് സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ് 'നാസ'യുമായി ബന്ധപ്പെടുത്തിയത്.

ബന്ധു മുഹമ്മദ് അഷറഫ് വഴി, ഹിന്ദ് രത്തന്‍ അവാര്‍ഡ് ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ് ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്ക് ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ് മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് വിളിച്ച് കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് സകലപിന്തുണയുമായി നില്ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ് മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ് താരങ്ങളുമാണ് പങ്കെടുത്തത്. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്ത്രജ്ഞന്‍ സതീഷ് റെഡ്ഡിയുമായി വളരെനേരം സംസാരിക്കാനായതാണ് ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന് ബഹിരാകാശയാത്ര സ്വപ്നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന് പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ് യാത്രയ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്ക്കുന്നത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ് ഹനാനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ് ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന് അറിയില്ല. അതില്‍ വിഷമമുണ്ട്''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്.

ജ്യോതിശ്ശാസ്ത്രവും ജൈവസാങ്കേതികവിദ്യയുമാണ് ഭാവിയുടെ ശാസ്ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട് കടുത്ത എതിര്‍പ്പാണ് ഹനാന്. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതാണെന്ന് ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്ക്കുന്നത്. അതില്‍ എനിക്ക് നാണക്കേടുണ്ട്. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

24 അഭിപ്രായങ്ങൾ:

 1. ഹനാനെ പരിചയപ്പെടുത്തിയതിനു നന്ദി.

  നമ്മുടെ നാട്ടിലെ ഈ പ്രതിഭയെ ആരും ഇതുവരെ അറിഞ്ഞില്ലെന്നൊ!!

  ഇവള്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കും

  മറുപടിഇല്ലാതാക്കൂ
 2. ബിഗ്‌ ബാംഗ് - യാണ് ആ കൊച്ചു ചോദ്യം ചെയ്യുന്നത്. പരിണാമത്തെയല്ല. അത് പോലെ വീനസില്‍ ജീവന്‍ ഉണ്ടാവാന്‍ ഉള്ള സാഹചര്യമുണ്ടെന്നും അവള്‍ പറയുന്നു. ഇതെല്ലാം മാതൃഭൂമിക്കാര്‍ വിഴുങ്ങിയതായിരിയ്ക്കും എന്ന് കരുതുന്നു.
  http://www.linoyjoseph.com/blog/73/hannan-binth-hashim-a-14-year-old-with-astrophysicists/

  മറുപടിഇല്ലാതാക്കൂ
 3. me also read the article in today's Mathrubhumi Online...Reallly we proud of her....

  മറുപടിഇല്ലാതാക്കൂ
 4. "അക്ഷരാര്‍ത്ഥത്തില്‍ പറന്നു നടക്കുകയാണ്‌ ഹനാന്‍"
  കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെ. ഈ വാര്‍ത്ത പങ്കവെച്ചതിന്‌ നന്ദി പ്രിയ കാട്ടിപ്പരുത്തീ.

  മറുപടിഇല്ലാതാക്കൂ
 5. നന്ദി ഈ പരിചയപ്പെടുത്തലിന്.

  രാജ്യത്തിന് അഭിമാനമാകേണ്ട ഈ കുട്ടിക്ക് നിറഞ്ഞ പ്രോത്സാഹനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 6. വൌ!!
  ഗ്രേറ്റ് ന്യൂസ്!

  ആള് പുലിയാണല്ലോ.

  മറുപടിഇല്ലാതാക്കൂ
 7. Wow!!!
  thank you very much for this information...

  I wish all the success for her future endevours

  (thanks vishalan's status message link)

  മറുപടിഇല്ലാതാക്കൂ
 8. ഇത് മിക്കവാറും വെറും തട്ടിപ്പാവാനാണ് സാധ്യത..If it appears too good to be true,it probably is:-)

  മറുപടിഇല്ലാതാക്കൂ
 9. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇതൊരു പൊടിപ്പും തൊങ്ങലും കൂട്ടിക്കുഴച്ചതല്ലേന്നൊരു സന്ദേഹം... ചിത്രകാരന്റെ ബ്ലോഗിലും ഇതേപറ്റിയൊരു കുറിപ്പുണ്ട്.. അവിടത്തെ ചില കമന്റുകള്‍ ശ്രദ്ധിയ്ക്കൂ....
  http://chithrakarans.blogspot.com/2009/09/hanan-binth-hashim.html

  മറുപടിഇല്ലാതാക്കൂ
 10. ഈ വാര്‍ത്ത ബൂലോകത്തെത്തിച്ച കാട്ടിപ്പരുത്തിയ്ക്ക് ആശംസകള്‍..
  ലോകത്തിന്റെ അഭിമാനതാരമാകാന്‍, ലോകത്തിന്റെ നെറുകയിലെത്താന്‍ ആകുട്ടിയ്ക്കു കഴിയട്ടെ...

  മറുപടിഇല്ലാതാക്കൂ
 11. ഞാന്‍ അറിയുമീ പെണ്‍കുട്ടിയെ!
  ഞാന്‍ അറിഞ്ഞില്ലീ പെണ്‍കുട്ടിയെ!

  മറുപടിഇല്ലാതാക്കൂ
 12. തപ്പിപ്പോയിടത്തോളം ഈ വാര്‍ത്ത ഒരു വന്‍ ഉഡായിപ്പാവാനുള്ള സാധ്യത വളരെ കൂടുതലാണ്‍. ഈ കൊച്ച് സിദ്ധാന്തിച്ചെന്നൊക്കെ ഇതില്പറയുന്ന തിയറി ഒഫ് അബ്സല്യൂട്ട് സീറോയൊന്നും ഇന്റര്‍നെറ്റില്‍ കാണുന്നില്ല. മാത്രവുമല്ല അമേരിക്കന്‍ ജേണല്‍ ഒഫ് തിയററ്റിക്കല്‍ ഫിസിക്സെന്നൊരു ജേണല് തന്നെ കാണുന്നില്ല !

  ഈ വാര്‍ത്ത പോലും ജൂണ്‍ മാസം ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയുടെ ഏകദേശ കോപ്പിയാണ്.

  ഈ കൊച്ച് ബിരുദമെടുത്തെന്ന് പറയുന്ന നാസയുടെ ഹ്യൂസ്റ്റണ്‍ സ്പേയ്സ് സെന്ററിലെ സ്പേയ്സ് സ്കൂള്‍ എന്നത് ഈ വിഷയത്തില്‍ ജനങ്ങളിലും കുട്ടികളിലും താല്പര്യം വളര്‍ത്താനുദ്ദേശിച്ച് ഒരു മ്യൂസിയമോ പ്ലാനെറ്റേറിയമോ ഒക്കെപ്പോലെ നടത്തുന്ന ഒരു പരിപാടിയാണ്. അവിടെ 15-18 വയസ്സ് പ്രായത്തിലുള്ള തല്പര വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വെറുതേ രെജിസ്റ്റര്‍ ചെയ്ത് കയറാം. വെറും 5 ദിവസത്തെ അനൌപചാരിക പരിപാടികളേ “സ്കൂളി”ലുള്ളൂ. ടീമുകളായിത്തിരിച്ച് ചില്ലറ എഞ്ചിനിയറിംഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പരിപാടികളുടെ സമാപനസമയത്ത് പുസ്തകങ്ങളും ടീഷര്‍ട്ടും കുറേ സ്റ്റിക്കറുകളും നല്‍കുന്നു.അനൌപചാരികമായി ഒരു “ബിരുദദാനവും” ഉണ്ടാവും. മൊത്തത്തില്‍ ശാസ്ത്രതാല്പര്യം വളര്‍ത്താനുള്ള ഒരു mock പരിപാടിയെന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ “കോഴ്സിനോ” “ബിരുദ”ത്തിനോ ഇല്ല.

  Siemens Westinghouse Science and Technology competitionല്‍ പങ്കെടുക്കാന്‍ അര്‍ഹയായി എന്നൊക്കെപ്പറയുന്നത് അവിടെ വിളിച്ചു ചോദിച്ചാല് തന്നെ അറിയാം ഒള്ളതാണോ എന്ന് !

  ഓഫ്:
  അബ്ദുള്‍ക്കലാം കേറി ആശ്ലേഷിച്ചു എന്നവകാശപ്പെടുന്ന എല്ലാ “ശാസ്ത്രപ്രതിഭാസങ്ങളെ”യും സംശയത്തോടെ കാണേണ്ട ഗതികേടാണ്.(രാ‍മര്‍ പെട്രോളു മുതല്‍ ഓര്‍ക്കാം) അത്രയ്ക്കുണ്ട് ആശാന്റെ ക്രെഡിബിളിറ്റി !

  മറുപടിഇല്ലാതാക്കൂ
 13. I was just searching about this news item...

  • However, there is no institute like IIMSc, if you search, but only "Installation Information Management Support Council".
  • If it is "IMSC" then visit http://www.imsc.res.in/physweb/jrf.html. You can't find her name in the junior researcher's list
  • There is no Dr Soumya Vasudevan who received a Hind Rattan Prize. Refer http://en.wikipedia.org/wiki/Hind_Rattan
  • There is no "American Journal of Theoritical Science".
  • The School website doesn't say anything about that. Refer http://www.stjosephsangloindianschool.org/principal.htm
  Seems like this news is a pure scandal…
  Rgds

  Justin

  മറുപടിഇല്ലാതാക്കൂ
 14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 15. I have gotten this information from Matrhubhumi Daily online. Felt much wonder. Waiting to know the truth.

  മറുപടിഇല്ലാതാക്കൂ
 16. ഒരേ വിഷയമായതിനാല്‍ കമന്റ് ആവര്‍ത്തിക്കുന്നു :)

  ഗ്ലോറിഫൈഡ് ന്യൂസായി തോന്നിയിരുന്നെങ്കിലും , ഒരു സാധാരണ കുട്ടിയേക്കാള്‍ കുറച്ചെങ്കിലും ബുദ്ധിയുണ്ടാവും എന്നതിനാലും ‍, പ്രത്യേകിച്ചും ഇത്ര ഇളം പ്രായവുമായതിനാല്‍ പലയിടത്തും ഈ വിഷയവുമായി വാര്‍ത്തകളും 'അഭിമാനകുറിപ്പുകളും' ഒക്കെ കണ്ടെങ്കിലും ഒന്നും പറയാന്‍ തോന്നിയില്ല.

  അതേ സമയം രാമറുമായിതിനെ കമ്പയര്‍ ചെയ്യുന്നതിനോട് യോജിക്കാനാവില്ല കാരണം ഉദ്ദേശശുദ്ധിതന്നെ, ഇതൊരു പബ്ലിക് സ്റ്റണ്ടെന്ന ഗണത്തില്‍ പെടുത്താനാവും അതോ!

  മാധ്യമ പ്രവര്‍ത്തകരുടെ സാങ്കേതിക വിഷയങ്ങളിലുള്ള പരിമിതമായ അറിവാണിത്തരം ന്യൂസുകള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുന്നതെന്നതും കൂടുതല്‍ ചിന്തിക്കാത്തതും എന്ന് തോന്നുന്നു.

  ഏഷ്യാനെറ്റില്‍ ഒരിക്കല്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു , ഒരു സാങ്കേതിക വിദഗ്ധനെ പരിചയപ്പെടുത്തി. ആശാന്‍ ചെയ്യുന്നത് പഴയ ഒരു സ്കൂട്ടര്‍ എഞ്ചിന്‍ കുറെ സ്റ്റീല്‍ ഫ്രെയിമുമായി വെല്‍ഡ് ചെയ്ത് വിമാനമുണ്ടാക്കുന്ന തിരക്കിലായിരുന്നു,

  ഇനി ഒരു മുപ്പത്തി അയ്യായിരം കൂടി ലഭ്യമായാല്‍ വിമാനം പറപ്പിക്കാമത്രേ, ഈ വിദഗ്ധനെ സഹായിക്കേണ്ടത് കടമയാണെന്നൊക്കെ കാച്ചുന്നത് കണ്ടു ഇതുപോലെ സാമ്പത്തിക സഹായമില്ലാത്ത എത്ര സാങ്കേതിക വിദഗ്ധരുണ്ടെന്നൊക്കെ പരിതപിക്കുന്നതും കണ്ടു.

  മറുപടിഇല്ലാതാക്കൂ
 17. വായിക്കുകയും കമെന്റ് ചെയ്യുകയും ചെയ്ത എല്ലാ സുഹൃത്തുകള്‍ക്കും നന്ദി-

  പെട്ടെന്നുള്ള ഒരു സന്തോഷത്തില്‍ വാര്‍ത്തകളുടെ സെന്‍സേഷനലിസമെല്ലാം തലയില്‍ കയറിയില്ല, ഇപ്പോഴും അതിനെക്കുറിച്ച് എനിക്കൊരു തീര്‍പ്പു പറയാനാവില്ല.

  അങ്ങിനെയെങ്കില്‍, വായനക്കാര്‍ വിഡ്ഡികളാക്കപ്പെടുന്നതിന്ന് ഒരു നിയന്ത്രണവുമില്ലാതാകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

  ഖത്തര്‍ ഷൈഖ് മുതല്‍ നോബല്‍ സമ്മാനക്കാര്‍ വരെ വഴികാട്ടികളാണെന്നല്ലാം എഴുതിപ്പിടിപ്പിക്കുമ്പോള്‍?

  ആരാണു പ്രതി?

  പത്രമുതലാളിയോ- റിപ്പോര്‍ട്ടറോ- അതോ വായനാക്കാരും വാര്‍ത്തകള്‍ പങ്കു വക്കുന്ന നാമുമോ?

  പത്രറിപ്പോര്‍ട്ടുകളില്‍ ചെറിയ ഗ്ലോറിഫികാഷനല്ലാം അനുവദനീയം തന്നെ. എന്നാലും മിനുക്കു പണികളല്ലേ അനുവദനീയമാകാവൂ.

  രാമര്‍ പെട്രോള്‍ കലാകൌമുദി ഒരു ആഴ്ച്ച ഫീച്ചര്‍ ആക്കിയതായിരുന്നു. ഒരു വീക്കിലി മുഴുവന്‍- അതിന്നവരെ കുറ്റപ്പെടുത്തുന്നില്ല. ഇന്ത്യയിലെ പ്രമുഖരെ മുഴുവന്‍ പുള്ളി ഇരുത്തി പെട്രോള്‍ കുടിപ്പിച്ചില്ലേ-

  പിന്നെ കലാം ഒരു ശാസ്ത്രജ്ഞന്‍ മാത്രമല്ല്- മുന്‍ പ്രസിഡന്റ് കൂടിയാണ്- ഒരു പ്രശംസ കൊടുക്കുന്നതില്‍ എല്ലാം അന്യേഷിച്ചേ ചെയ്യാവൂ എന്നൊന്നും അഭിപ്രായപ്പെടാനാവില്ല.

  പിന്നെ സൂപ്പര്‍ ബ്രൈനിനെ കുറിച്ചുള്ള ഒരാര്‍ടിക്കിള്‍ വായിച്ചതില്‍ ഇങ്ങിനെ ഒരു വാര്‍ത്തകണ്ടപ്പോള്‍ മനസ്സതുമായി ലിങ്കു ചെയ്തു.

  ഇപ്പോശ്ഴും സത്യമെന്തെനിക്കെന്നറിയില്ല. കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകളില്‍ നല്ലതല്ലാം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

  മറുപടിഇല്ലാതാക്കൂ
 18. ഈ വാര്‍ത്ത ബൂലോകത്തെത്തിച്ച കാട്ടിപ്പരുത്തിയ്ക്ക് ആശംസകള്‍..
  I don't wish to go behind the scandals.Being published in Mathrubhumi I think will not be a 100% scandal.

  മറുപടിഇല്ലാതാക്കൂ
 19. Dear blogger,

  This post proves that you are a blind believer.
  Only thing you can follow in life is belief.

  Let us continue some other time.

  മറുപടിഇല്ലാതാക്കൂ