2011, മേയ് 2, തിങ്കളാഴ്‌ച

ഉംറ യാത്ര-5 (തീർത്ഥജലം)

സൂര്യനുയരുന്നതിനുസൃതമായി മനസ്സിലെ വേവലാതിയുമുയരുന്നു. മുന്നില്‍ കാണുന്നത് കുറെ വരണ്ട മലകള്‍ മാത്രം. അതിന്നപ്പുറമെന്തെന്ന് ആ സ്ത്രീ വേവലാതിപ്പെട്ടു. അല്പം ദാഹജലമെങ്കിലും കിട്ടിയില്ലെങ്കില്‍ ? .ഇതൊന്നു മറിയാതെ ആകാശം നോക്കി ചിരിച്ചു കൊണ്ട് കിടക്കുകയാണ് തന്റെ പൊന്നോമന. മറ്റൊരു സമയത്തായിരുന്നുവെങ്കില്‍ കവിളില്‍ നിന്നു മാറ്റിവക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊന്നും ആസ്വദിക്കാനാവുകയില്ല.

അടുത്തു കാണുന്ന കുന്നിലേക്ക് അവര്‍ ഓടിക്കയറി. ഇല്ല  ഒരു ജീവിയുടെയും ഒരടയാളവും. പ്രതീക്ഷയോടെ നേരെ എതിര്‍ വശത്തിലുള്ളതിലേക്ക്. മുകളില്‍ നിന്നും അപ്പുറത്തേക്ക് നോക്കുമ്പോള്‍ ഉഷ്ണത്തിന്റെ തീക്ഷ്ണതമാത്രം.  തലയില്‍ മുഴുവന്‍ വേവലാതിയാണു. ഇല്ല, അങ്ങിനെയാകില്ല. തനിക്കുറപ്പുണ്ട്. പ്രത്യാശക്കൊരു കുറവുമില്ല. അപ്പുറത്താരെങ്കിലും ഉണ്ടാകാതിരിക്കില്ല. എന്താണു ദൈവനിച്ഛയം എന്നു തനിക്കറിയില്ല. ആരിലൂടെയാണു അല്ലാഹുവേ നീ ഞങ്ങളെ തുണക്കുന്നത്? ഇല്ല, ഇക്കുന്നിന്നപ്പുറം കാറ്റിനൊത്തു നൃത്തം വക്കുന്ന മണലല്ലാതൊന്നുമില്ല. അവിടെ ആ മലക്കപ്പുറത്ത്- ..  അങ്ങോട്ട് പോയി നോക്കുക തന്നെ.

ഇത് ഏഴാമത്തെ തവണയാണു ഹാജറ അങ്ങോട്ടുമിങ്ങോട്ടുമായി ഓടുകയും നടക്കുകയും ചെയ്യുന്നത്. തന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരിക്കുന്നു. മര്‍‌വയില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ അവര്‍ ഒന്നു കൂടി മകന്റെയരികിലേക്ക് നോക്കി. മകന്‍ കിടന്നിടത്ത് എന്തോ ഇഴയുന്നതാണോ. അതോ തളര്‍ച്ച തനിക്ക് തോന്നിക്കുന്നതോ? അടുത്തെത്തുന്തോറും അവര്‍ ആശ്ചര്യത്തോടെ അല്ലാഹുവിന്റെ സഹായം എന്തെന്നറിഞ്ഞു. കുഞ്ഞ് കിടക്കുന്നതിന്നരികില്‍ നിന്നും പൊട്ടി വരുന്ന  ഒഴുകിയൊലിക്കുന്ന വെള്ളത്തെ തടഞ്ഞു നിര്‍‌ത്തി. എന്നിട്ടും ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തെ നോക്കി അവര്‍ കല്ലുകളും മണ്ണുമുപയോഗിച്ചു തന്റെ വരുതിയിലാക്കാന്‍ ശ്രമിച്ചു. ഇടയില്‍ വെള്ളത്തെ നോക്കി പറഞ്ഞു. “നിൽക്ക് .. നിൽക്ക് !“ . (സം സം) .

ഒരാജ്ഞ കേട്ടതു പോലെ ഒലിച്ചു കൊണ്ടിരിക്കുന്ന വെള്ളം അവിടെ നിന്നു. ഒരു ചെറിയ സംഭരണിയായി ആ മരുഭൂമിയില്‍ ഒരു കൊച്ചു നീരുറവ. ഹാജറ ദൈവത്തിനു നന്ദി പറഞ്ഞു.

കുറച്ചു സമയം മുമ്പാണു ഇബ്രാഹീം എന്ന തന്റെ ഭര്‍ത്താവ് മുല കുടി മാറാത്ത പിഞ്ചു കുഞ്ഞിനെയും തന്നെയും ഈ മരുഭൂമിയിലുപേക്ഷിച്ചു പോയത്. ഉപേക്ഷിച്ചു പോയതോ. അല്ല, തീര്‍ച്ചയായുമല്ല. ഇബ്രാഹീം ആരെന്നു മറ്റാരെക്കാളും തനിക്കറിയാം. അദ്ദേഹത്തിനു ആരോടു പറഞ്ഞാലും കൊടും ക്രൂരത എന്ന് വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് തന്നെപോലെ വേറെ ആര്‍ക്കാണറിയുക.
 വീട്ടില്‍ നിന്നും കുട്ടിയേയും കൂട്ടി പിന്തുടരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എങ്ങോട്ട് എന്ന് ചോദിക്കുക പോലും ചെയ്യാതെ പിന്തുടര്‍ന്നത് അദ്ദേഹത്തിലുള്ള വിശ്വാസത്തില്‍ തന്നെയായിരുന്നു. ഒരുപാടൊരുപാട് ദൂരം. മുന്നില്‍ നടക്കുന്ന അദ്ദേഹത്തിന്റെ കാല്പാടുകളെ ഞന്‍ പിന്തുടരുകമാത്രമാണു ചെയ്തത്.  നിശബ്ദനായി മുന്നില്‍ ചിന്താഗ്മനായി നടക്കുന്ന ഭര്‍ത്താവിനെ അനുഗമിക്കുക മാത്രം ചെയ്തു. ചുവന്ന മണല്‍ പരപ്പിനു നടുവിലൂടെ ഒരു ചിത്രമായി ഒരാണും പെണ്ണും പിന്നെയൊരു കൈകുഞ്ഞും.

നീണ്ട യാത്രയവസാനിച്ചത് ഈ കുന്നുകളുടെ നടുവിലാണു. കുഞ്ഞിനെ തന്റെ കയ്യില്‍ നിന്നും വാങ്ങി ഒരു ചെരുവിലെ തണലില്‍ കിടത്തി. വെള്ളം നിറച്ച തോല്‍ പാത്രം കയ്യില്‍ തന്നു. പിന്നെ കയ്യിലെ കുറച്ച് ഈത്തപ്പഴവും. തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന ഇബ്രാഹീമിന്റെ വസ്ത്രത്തില്‍ ഞാന്‍ പിടിച്ചു വലിച്ചു. എങ്ങിനെയാണു വസ്ത്രത്തില്‍ എനിക്കു കയ്യെത്തിയത് എന്നെനിക്കു തന്നെയറിയില്ലായിരുന്നു. പക്ഷെ തനിക്കു മുഖം തരാതിരിക്കാനായിരിക്കാം . തിരിഞ്ഞു നോക്കിയതേയില്ല. രണ്ടു പ്രാവശ്യം ഞാനതു വലിച്ചു തന്നിലേക്കദ്ദേഹത്തെ അടുപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴാണെനിക്ക് ബോധ്യം വന്നത്.

ഇത് ഇബ്രാഹീമാണു. എന്റെ ഭര്‍ത്താവ് മാത്രമല്ല ഇബ്രാഹീം. ഒന്നും കാണാതെ ഒരിക്കലും ഇബ്രാഹീം ഇങ്ങിനെ ഇവിടെ ഞങ്ങലെ വിട്ടേച്ചു പോകുകയില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇത് അല്ലാഹുവിന്റെ കല്പനയാണോ. അദ്ദേഹം തിരിഞ്ഞു നോക്കാതെ തലകുലുക്കി.

ഇനിയും അദ്ദേഹത്തെ കഷ്ടപ്പെടുത്താനെനിക്കു വയ്യ. ഒന്നു തിരിഞ്ഞാല്‍ തന്റെയും കുഞ്ഞിന്റെയും മുഖം കണ്ടാല്‍ അദ്ദേഹത്തിനു തന്നെ തന്നെ നിയന്ത്രിക്കാനാവാതെ വന്നേക്കും. ദൈവ കല്പനയെ ധിക്കരിക്കാന്‍ അദ്ദേഹത്തിനു താന്‍ കാരണമായിക്കൂട. എവിടെ നിന്നാണു തന്റെ ശബ്ദത്തിനിത്ര ഗാംഭീര്യം വന്നതെന്നു എനിക്കറിഞ്ഞു കൂട. ഞാന്‍ പറഞ്ഞതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു. "എങ്കില്‍ നിങ്ങള്‍ പോയിക്കൊള്ളുക, ഞങ്ങളെ അല്ലാഹു കാത്തു കൊള്ളും. "

എന്റെ വാക്കുകളിലെ ധൈര്യം അദ്ദേഹത്തിനുമാശ്വാസം നല്‍കിക്കാണും . പിന്നീട് അദ്ദേഹം നടന്നു പോയത് വളരെ വേഗത്തിലായിരുന്നു.

ഇബ്രാഹീമിനോടിങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചതെന്ത്? എനിക്കു തന്നെ അറിയില്ലായിരുന്നു. ഒരുപക്ഷെ, ഞാന്‍ കണ്ടതും അറിഞ്ഞതുമായ ഒരിബ്രാഹീം എന്നെ പറയിപ്പിച്ചതാണു. ദൈവഹിതത്തിന്നപ്പുറം ഒന്നും ആ മനുഷ്യനില്‍ നിന്നുണ്ടാകില്ലെന്നെനിക്കറിയാം. ഈ പുത്രനെ കുറിച്ച് അല്ലാഹുവിന്റെ വാഗ്ദാനം എനിക്ക് പലപ്പോഴും ഓതി തന്നിട്ടുണ്ട്. അതു പറഞ്ഞാണവനെ അദ്ദേഹം മാറോടണക്കാറ്. കാലങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് പിറന്നപ്പോള്‍ അദ്ദേഹത്തിന് തന്റെ നാഥന്‍ ഈ  പൊന്നോമനകൊണ്ട് സന്തോഷ വാര്‍ത്ത അറിയിച്ചത് വിനീതനായ ദാസനായി അവന്‍ വളരുമെന്നാണു. അപ്പോള്‍ ഒരു മരുഭൂമിക്ക് ഉണക്കിക്കളയാനുള്ളതല്ല ഞങ്ങളുടെ ജീവിതമെന്ന് എന്റെ ഉള്ളം  പറഞ്ഞതിനാലാണു അദ്ദേഹത്തോട് ഞാന്‍ പോകാന്‍ പറഞ്ഞത്.

സാറ എന്നോട് പറഞ്ഞ ഇബ്രാഹീം തീകൂണ്ഢത്തില്‍ നിന്നു അല്ലാഹു രക്ഷിച്ച അല്ലാഹുവിന്റെ ഖലീലാണു. ഇല്ല, ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല തന്നെ. പക്ഷെ, ദാഹ ജലം തീര്‍ന്നു കഴിഞ്ഞു. എവിടെയാണു രക്ഷ. മുന്നിലെ മലകള്‍ക്കിടയിലൂടെ ആരെങ്കിലും ഞങ്ങളുടെ രക്ഷകരായി വരുന്നുണ്ടോ? എങ്ങിനെയാണു ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തുന്നത്. ഒരു മലയില്‍ നിന്നും മറ്റതിലേക്കോടിയും നടന്നും നീങ്ങുമ്പോള്‍ മനസ്സു മുഴുവന്‍ തീയായിരുന്നു, അത് നംറൂദിന്റെ തീകുണ്ഢത്തേക്കാള്‍ ഉയരത്തില്‍ പൊങ്ങി കൊണ്ടിരുന്നു. എല്ലാറ്റിനുമപ്പുറം ഞാനൊരു മാതാവാകുന്നത് ഞാന്‍ അറിഞ്ഞു തീര്‍ത്തു. എല്ലാറ്റിനുമപ്പുറം താനൊരു മാതാവും, അല്ലാഹുവിന്റെ അനുഗ്രഹിക്കപ്പെട്ട അടിമയും ആയിത്തീരുന്നത് ഹാജറ അനുഭവിക്കുകയായിരുന്നു

ഇത് ചരിത്രം.

എന്നാലിന്ന്  താഴെ കല്ലും മണലും നിറഞ്ഞ മരുഭൂമിക്കു പകരം വെണ്ണക്കല്‍ പതിച്ച രാജപാത, മുകളില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനുമില്ല, വെളിച്ചം പകര്‍ന്നു വൈദ്യുതവിളക്കുകള്‍ . ശീതീകരണയന്ത്രം ഒരു വിയര്‍പ്പുപോലും പൊടിപ്പിക്കാതെ ശരീരം കുളിര്‍പ്പിക്കുന്നു. എങ്കിലും എന്നിലൂടെ എന്റെ മാതാവ് ഹാജറ നടന്നും ഓടിയും രണ്ട് മലകള്‍ക്കിടയിലൂടെ ദാഹജലം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എനിക്കു മുമ്പേ കോടികള്‍ ഹാജറയെയും പേറി ഈ വഴി പിന്നിട്ടു, ഇനിയുമെത്രയോ കോടികള്‍ ബാക്കിയും. 

ത്വവാഫ് പ്രാര്‍ത്ഥനാപ്രധാനമെങ്കില്‍ സ‌അ്‌യ് ചരിത്രപ്രധാനമാണു. ഈ ചരിത്രത്തെ പേറാതെ ഏഴല്ല എഴുനൂറ് പ്രാവശ്യം ഓടിയാലും നിങ്ങള്‍ക്ക് സ‌അ്‌യ് ആസ്വദിക്കാനാവില്ല തന്നെ. ഹാജറ എത്ര ഭാഗ്യവതി. അന്നു മുതല്‍ ഇന്നുവരെ എത്ര പേരാണു ഈ രണ്ട് മലകള്‍ക്കിടയിലൂടെ ഹാജറയാകുന്നത്. ആത്മീയജലത്തിനായുള്ള ഉള്‍വിളി  കേട്ട്  നഗരവും നാടും സമുദ്രങ്ങളും താണ്ടി ഈ പര്‍‌വതങ്ങളെ ഓടി തീര്‍ക്കുന്നത്.

 ഓടുക, നടക്കുക, പരിശ്രമിക്കുക എന്നെല്ലാമാണു സഅ്‌യ് എന്ന പദത്തിന്നര്‍ത്ഥം. ഇപ്പോള്‍ ഹറം പള്ളിക്കുള്ളില്‍ തന്നെയാണു സഫാ-മര്‍‌വ കുന്നുകള്‍. ഇവിടെ ഒരു കുന്നായിരുന്നു എന്നു പറയേണ്ടിവരും. മുമ്പ് ഈ സ്ഥലം ഹറമിനു പുറത്തായിരുന്നു. എന്നാല്‍ പള്ളി വിസ്തൃതമായപ്പോള്‍ ഈ കുന്നുകള്‍ ഹറമിന്നുള്ളിലായി. കഅബയില്‍ നിന്നും 750 മീറ്ററോളം ദൂരമേ സഫയിലേക്കുള്ളൂ.സഫയില്‍ നിന്നു ഏകദേശം 500 മീറ്റര്‍ നടന്നാല്‍ മര്‍‌വയിലെത്തും. സഫയില്‍ നിന്നും മര്‍‌വയിലേക്കും തിരിച്ചുമായി ഏഴു പ്രാവശ്യം നടക്കണം. അതിന്നിടയില്‍ പച്ച നിറത്തില്‍ കത്തുന്ന രണ്ട് ലൈറ്റുകള്‍ക്കിടയില്‍ ഓടുകയും വേണം. ഇതാണു സഅ്‌യ് എന്നു പറയുന്നത്. സ‌അ്‌യ് തുടങ്ങുന്നത് സഫയില്‍ നിന്നാണു. മൊത്തം ഏഴു പ്രാവശ്യമാണു നടക്കേണ്ടത്. മൂന്നര കിലോമീറ്ററോളം നാം നടന്നിരിക്കും സഅ്‌യ് കഴിയുമ്പോഴേക്കും. അതിന്നിടയില്‍ തളര്‍ച്ച തോന്നുകയാണെങ്കില്‍ നമുക്കിരിക്കുകയും വഴിയില്‍ വച്ചിരിക്കുന്ന സംസം കൂടിക്കുകയും വെള്ളം കൊണ്ട് തലയിലും ദേഹത്തുമെല്ലാം നനക്കുകയും ചെയ്യാവുന്നതാണു.

സ‌അ്‌യിന്റെ ചടങ്ങുകള്‍ .

സഫയും മര്‍‌വയും രണ്ട് കുന്നുകള്‍ മാത്രമാണു. പക്ഷെ ചരിത്രത്തിലെ ഒരടയാളമാണു. അതാണതിന്റെ പ്രത്യേകതയും. അതിനാല്‍ തന്നെ സഫ നാം കാണുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത്


إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْرًا فَإِنَّ اللّهَ شَاكِرٌ عَلِيمٌ
(ഇന്ന സ്വഫാ വല്‍ മര്‍‌വത മിന്‍ ശ‌ആഇരില്ലാഹി ഫമന്‍ ഹജ്ജല്‍ ബൈത അവി‌അ്‌തമറ ഫലാ ജുനാഹ അലൈഹി അന്‍ യത്വവ്വഫ ബിഹിമാ വമന്‍ തത്വവ്വ‌അ ഖൈറന്‍ ഫൈന്നള്ളാഹ ശാകിറുന്‍ അലീം)

തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.

എന്ന ആയത്ത് പാരായണം ചെയ്യുകയാണു. എന്നിട്ട് സഫയിലേക്ക് കയറി ക‌അബക്കഭിമുഖമഅയി തിരിഞ്ഞു തങ്ങളുടെ കൈകള്‍ കഴിയുന്നത്ര ഉയര്‍ത്തി താഴെ കൊടുത്ത പ്രാര്‍ത്ഥന ചെല്ലുക.


الله اكبر الله اكبرالله اكبر الله اكبر الله اكبر الله اكبر، لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيئ قدير، لا اله الا الله وحده أنجز وعده ونصر عبده وهزم الاحزاب وحده

(അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍ അല്ലാഹു അക്‌ബര്‍
ലാ ഇലാഹ ഇല്ലല്ലാഹു വഹ്‌ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍‌കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈ‌ഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലള്ളാഹു വഹ്‌ദഹു അന്‍‌ജസ വ‌അ്‌ദഹു വ നസ്വറ അബ്‌ദഹു വ ഹസമല്‍ അഹ്‌സാബ വഹ്‌ദഹു)

അല്ലാഹുവാണേറ്റവും മഹാൻ...
അവനല്ലാതെ ആരാധ്യനില്ല..
അവൻ ഏകനാണ്
അവന്ന് യാതൊരു പങ്കുകാരുമില്ല..
അവന്നാണ് ആധിപത്യവും സ്ത്രോത്രങ്ങളുമെല്ലാം..
അവൻ സർ‌വ്വതിലും അധിപതിയാണ് (എല്ലാത്തിനും കഴിവുള്ളവൻ)
അല്ലാഹുവല്ലാതെ ആരാധ്യനില്ല, അവൻ ഏകനാണ്. അവൻ വാഗ്ദത്തം നിറവേറ്റി, തന്റെ അടിമയെ സഹായിച്ചു. അവൻ ഏകനായിക്കൊണ്ട് കക്ഷികളെ പരാജയപ്പെടുത്തി

ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക. എന്നിട്ട് മറ്റുള്ള പ്രാര്‍ത്ഥനകള്‍ ചെയ്യാം.

ഇതിനു ശേഷം മര്‍‌വയിലേക്ക് നടക്കുക. അതിന്നിടയില്‍ ത്വവാഫിലെ പോലെ ഖുര്‍‌ആന്‍ പാരായണം ചെയ്യുകയും മറ്റു പ്രാര്‍ത്ഥനകളും പ്രകീര്‍ത്തനങ്ങളുമെല്ലാം ചെയ്യാം. ഒരു നിശ്ചിത പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകളും ചെല്ലാം. ഇതിന്നിടയില്‍ ഓടേണ്ട സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ കഴിയുന്നവരെല്ലാം ഓടണം.

മര്‍‌വയിലെത്തിയാല്‍ സഫയില്‍ നിന്നും നാം പ്രാര്‍ത്ഥിച്ച അതേ പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ചെല്ലുകയും മറ്റു പ്രാര്‍ത്ഥനകള്‍ക്കു ശേഷം സഫയിലേക്ക് തിരിക്കുകയും ചെയ്യുക. ഇങ്ങിനെ ഏഴു പ്രാവശ്യം ചെയ്യണം. ഏഴാമത്തെ തവണ നാം മര്‍‌വയിലായിരിക്കും. അതോടു കൂടി ഉം‌റയുടെ പ്രധാന ചടങ്ങുകളെല്ലാം കഴിഞ്ഞു.

പക്ഷെ നാമിപ്പോഴും ഇഹ്‌റാമിലാണു. എന്തെല്ലാം ഇഹ്‌റാമില്‍ നിഷിദ്ധമാണോ, അതെല്ലാം ഇപ്പോഴും നിഷിദ്ധമാണു. ഇഹ്‌റാമില്‍ നിന്നും വിരമിക്കാന്‍ ചെയ്യേണ്ടത് തലമുണ്ഢനം ചെയ്യുക എന്നതാണു. മൊട്ടയടിക്കാന്‍ താത്പര്യമില്ലെങ്കില്‍ തലമുടിയില്‍ നിന്നും കുറച്ച് വെട്ടിക്കളഞ്ഞാലും മതി. ഷിഹാബും ഞാനും അടുത്തുള്ള ഒരു ബാര്‍ബര്‍ ഷാപ്പില്‍ പോയി മൊട്ടയടിച്ചു. സുഹൈര്‍ തന്റെ മുടി വെട്ടുകയാണു ചെയ്തത്.

തിരിച്ചു പള്ളിയില്‍ വന്നപ്പോള്‍ മിനിയുടെ ഉമ്മ, എന്റെ അമ്മായിയും മറ്റൊരമ്മാവന്റെ മകനും അവിടെ മിനിയുടെ കൂടെ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നാട്ടില്‍ നിന്നും ഉംറക്കു വന്നതാണു. എനിക്ക് എല്ലാവരും ചേര്‍ന്നതില്‍ സന്തോഷം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍  അഷ്റഫ് വണ്ടിയുമായി വന്നു. ജീവിതത്തിലെ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിര്‍‌വൃതിയോടെ ഞാന്‍ ഹറമിനോട് സലാം പറഞ്ഞു.

11 അഭിപ്രായങ്ങൾ:

  1. ഒരു മഹത് കർമ്മം നിർവ്വഹിച്ചതിന്റെ ചാരിതാർത്ഥ്യം താങ്കൾക്ക്. വൈകാതെ എനിക്കും അത് സാദ്ധ്യമാകണേ എന്ന കൊതിയും പ്രാർത്ഥനയും എനിയ്ക്ക്. ഈ പോസ്റ്റിനു അകൈതവമായ നന്ദി. (പള്ളിക്കരയിൽ)

    മറുപടിഇല്ലാതാക്കൂ
  2. ഒരു വട്ടം കൂടി അവിടെ സന്ദര്‍ശിക്കാന്‍ കൊതിയാകുന്നു.യാത്രാ വിവരണം വായിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ആഗ്രഹമാണത്.

    മറുപടിഇല്ലാതാക്കൂ
  3. മുകളിലെ കമന്റ് പരസ്യമാണല്ലേ? :)
    ഐന്‍ഷ അള്ളാ, ഒരു റഫറന്‍സ് പോലെ ഉപയോഗിക്കാവുന്ന രീതിയില്‍ ഈ ബ്ലോഗ് അനുഭവപ്പെടുന്നു.ഭാക്കി പോന്നോട്ടെ!

    മറുപടിഇല്ലാതാക്കൂ
  4. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. അഭിപ്രായം രേൽപ്പെടുത്തിയ എല്ലാവർക്കും നന്ദി- ഒരു മാസം നാട്ടിലായിരുന്നതിനാൽ തുടരാൻ കഴിഞ്ഞില്ല. ഇൻഷ അല്ലഹ് ഉടൻ തുടരുന്നതാണു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടരുമെന്ന്‍ പറഞ്ഞിട്ട് ഇതിന്റെ ബാക്കി ഇതുവരെ വന്നില്ലല്ലോ
      നിങ്ങള്‍ ഉമ്രക്ക് ശേഷം സന്ദര്‍ശിച്ച പ്രധാന സ്ഥലങ്ങള്‍ ഒന്ന് അറിയിച്ചു തന്നാല്‍ വലിയ ഉപകാരമായിരുന്നു.
      ഇങ്ങനെ ഒരു യാത്രയെ കുറിച്ച് ആലോചിച്ച് തുരങ്ങിയിട്ട് കുറച്ചായി... ഇന്ഷാ അല്ലാഹ് പെട്ടെന്നുണ്ടാവും

      ഇല്ലാതാക്കൂ
    2. നിങ്ങളുടെ നമ്പര്‍ അല്ലെങ്കില്‍ ഇ മെയില്‍ ഐഡി പേര്‍സണല്‍ ആയി അയച്ചു തരുമോ

      ഇല്ലാതാക്കൂ
  6. വായനയിലൂടെ വളരെ വിലയേറിയ അറിവ് ലഭിച്ചു..നിങ്ങളുടെ ഈ ഉദ്യമത്തെയും ഉംറയെയും അല്ലാഹു സ്വീകരിക്കട്ടെ ....
    ആമീന്‍

    മറുപടിഇല്ലാതാക്കൂ