2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉംറ യാത്ര - 4 (പ്രാർത്ഥനാപർവ്വം)



പണ്ട് ഒരു രാജ്യത്തൊരു രാജാവുണ്ടായിരുന്നു.

ഒരു കുട്ടികഥ തുടങ്ങുകയല്ല. എത്ര ചെറുപ്പമാണെങ്കിലും ഇങ്ങിനെ ഒരു കഥ കേൾക്കുമ്പോൾ നാം ഒരു രാജ്യത്തെയും രാജാവിനെയും മനസ്സിൽ കാണുന്നുണ്ട്. കഥയിലെ  സ്ഥലവും വ്യക്തിയും നമ്മുടെ അറിവിന്നനുസരിച്ച് വളർന്നു കൊണ്ടിരിക്കുമെന്നു മാത്രം.

ചെറുപ്പം മുതൽ കേൾക്കുന്ന കഥകളിലൂടെ എന്റെ മനസ്സിൽ  മക്ക ചില  ചിത്രങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിൽ എത്ര കെട്ടിടങ്ങൾ ഉയർന്നാലും നമുക്ക് ഒരു പ്രദേശത്തെ ചികഞ്ഞെടുക്കാനാകും.

ഒരു മരുഭൂമി, അവിടെ ചില മണൽകുന്നുകൾ. അവിടെ ജീവിക്കുന്ന ചില ജനങ്ങള്‍.  ഈ ചിത്രം പ്രത്യക്ഷപ്പെടാനുള്ള കാരണം പ്രവാചകന്റെ ആദ്യത്തെ പരസ്യ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രമാണു. പ്രവാചകത്വം മുഹെമ്മദ് നബിക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സിലാണു. ആദ്യമെല്ലാം തന്റെ പരിചയക്കാരോടും അടുത്ത ആളുകളോടും മാത്രമേ തന്റെ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ പിന്നീട് എല്ലാ ജനങ്ങളോടും ഏകനായ ദൈവത്തിലേക്ക് വിളിക്കാന്‍ ദൈവകല്പന ലഭിച്ചു.  പരസ്യപ്രബോധനത്തിനു ദൈവ കല്പന കിട്ടിയ പ്രവാചകൻ ആദ്യമായി ചെയ്തത് മക്കയിലെ ഒരു കുന്നിൻ മുകളിൽ കയറിനിന്നു മക്കക്കാരെ വിളിച്ചുകൂട്ടുകയാണു. അന്നത്തെ രീതിയനുസരിച്ച് പ്രധാനമായ കാര്യങ്ങൾ അറിയിക്കാനുള്ള ഒരു സമ്പ്രദായമായിരുന്നു അത്.

പ്രവാചകൻ ചോദിച്ചു. ഈ മലക്കപ്പുറം ഒരു വലിയ സൈന്യം നിങ്ങളെ ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ ഒന്നായി പറഞ്ഞു. മുഹെമ്മദ്- നീ ഞങ്ങളിലെ ഏറ്റവും വലിയ സത്യസന്ധൻ. ഈ നാല്പത് വയസ്സിനിടക്ക് ഒരിക്കലും കളവു പറയാത്തവൻ. നിന്നെ ഞങ്ങളെന്തിനു അവിശ്വസിക്കണം.

ഈ ചരിത്രത്തിലെ മക്കയെന്ന മരുഭൂമി, അവിടെ ഒരാള്‍ സംസാരിച്ചാല്‍ കേള്‍ക്കാന്‍ കഴിയുന്ന ഉയരത്തിലൊരു കുന്ന്, ഇങ്ങിനെ ഒരു ചിത്രം രൂപപ്പെട്ടില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ. ആ മക്കയിലേക്കാണു ഞാന്‍ എത്താനിരിക്കുന്നത്.

മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി റോഡ് വഴിയടയാളത്തിന്നപ്പുറം രണ്ടായി മാറുന്നുണ്ട്. ഒന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇനിയങ്ങോട്ട് മുസ്ലിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിന്റെ അടയാളമാണു. ലോകത്തിലെ രണ്ട് പ്രദേശങ്ങള്‍ ഇത്തരത്തിലുണ്ട്. ഒന്ന് മക്കയും പിന്നെ മദീനയുമാണു. മക്ക ദൈവകല്പനയാല്‍ തന്നെയാണെങ്കില്‍ മദീന പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റിയതാണു. ഒറ്റ നോട്ടത്തില്‍ ഇതൊരു ശരികേടായി തോന്നാം. പക്ഷെ, അതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു മുസ്ലിം രാജ്യത്തിന് അതിലെ മുസ്ലിങ്ങളല്ലാത്ത പൗരന്മാരുടെ സ്വാതന്ത്ര്യത്തെ വക വച്ചു കൊടുക്കേണ്ടതുണ്ട്. ഖിലാഫത്ത് കാലത്ത് ക്രൈസ്തവരുടെയും ബിംബാരാധകരുടെയും പ്രദേശങ്ങളില്‍ മദ്യവും പന്നി മാംസവും വില്പന വരെ അനുവദിച്ചിരുന്നു. സ്വാഭാവികമായും അവര്‍‌ക്ക് മുസ്ലിങ്ങളുടെ എല്ലാ നിയമങ്ങളും പാലിക്കേണ്ടതില്ല.

ഇന്ന് സൗദി പൗരന്മാര്‍ മുഴുവന്‍ മുസ്ലിങ്ങളാണു. എന്നാല്‍ എല്ലായ്പോഴും അങ്ങിനെ ആയിരുന്നില്ല. ഉമര്‍ (റ) വിന്റെ ഭ്രത്യന്‍ വരെ മുസ്ലിം ആയിരുന്നില്ല. അതിനാല്‍ തന്നെ അമുസ്ലിങ്ങളല്ലാത്തവര്‍ക്ക് മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയും പല കുറ്റങ്ങള്‍ക്കും നല്‍കിയിരുന്നില്ല.  അപ്പോള്‍ ഹറം നിലനില്ല്ക്കുന്ന പ്രദേശത്തിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ ഇങ്ങിനെ ചില തീരുമാനങ്ങള്‍ ആവശ്യമായിരുന്നു.

രണ്ടാമത് മക്കയില്‍ വിശ്വാസം അതിന്റെ തനിമയില്‍ നില നില്‍ക്കാന്‍ അവിടെ ഇനിയും ബിമ്പങ്ങളും മറ്റു ആരാധനാ രീതികളും ഉണ്ടാകുവാന്‍ പാടില്ല. നൂറ്റാണ്ടുകളായി മക്കക്കാര്‍ ബിംബാരാധകരായിരുന്നു. പ്രവാചകനു ശേഷവും അവരിലേക്ക് ചിലപ്പോള്‍ ഏകാരാധനക്കു വിരുദ്ധമായ വിശ്വാസങ്ങള്‍ കടന്നു വരാം. അതിനാല്‍ മക്കയെന്ന പ്രദേശത്തെ അതിന്റെ തെളിമയില്‍ നിലനിര്‍ത്താന്‍ ഇത് പോലെയുള്ള ഒരു നിയമം ആവശ്യമായിരിക്കാം. കൂടുതല്‍ ദൈവത്തിന്നറിയാം.

രണ്ട് വലിയ തുരങ്കത്തിലൂടെ വേണം ഇന്നത്തെ മക്ക നഗരത്തിന്റെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാൻ. ഒരു വലിയ മലതുരന്നുണ്ടാക്കിയ തുരംഗം കടന്നു മക്കക്കുള്ളിലേക്ക് പ്രവേശിച്ചപ്പോൾ മലകളാൽ ചുറ്റപ്പെട്ട മക്കയെ ഞാൻ അനുഭവിച്ചു. പക്ഷെ എന്റെ ഇന്നലെ വരെയുള്ള സങ്കല്പങ്ങൾ തലകുത്തി വീണു.

ഇപ്പോഴാണു എനിക്ക് മക്കയുടെ രൂപം വ്യക്തമാകുന്നത്. ഒന്നല്ല, ഒരായിരം കുന്നുകൾ. ചെറുതും വലുതുമായി. അവക്കിടയിലൂടെ ആയിരങ്ങളെയും കൊണ്ട് ഒരു സൈന്യം വന്നാലും ഇപ്പുറം അറിയണമെന്നില്ല. വലുതും ചെറുതുമായ മലകൾക്കിടയിലെ ഒരു സമതലത്തിലാകണം അന്നത്തെ പട്ടണം.

മക്ക മുഴുവൻ മലകളാണു. മലകൾ പറിച്ചെടുത്തും മലമുകളിലുമായാണു അമ്പരചുമ്പികളായ കെട്ടിടങ്ങൾ പൊന്തിവരുന്നത്. പർവ്വതനിരകൾക്കിടയിലെ നഗരമാണു മക്ക. ഒരു പക്ഷെ നാളെ ഈ വസ്തുത മനസ്സിലാക്കാന്‍ പ്രയാസകരമായിരിക്കും. കാരണം ഹറമിന്നടുത്തു പോലും മലകള്‍ പറിച്ചെടുത്തു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അവിടെയെല്ലാം ഒരു സമതലമായി മാറാന്‍ ഈ യന്ത്രയുഗത്തിനു വലിയ സമയം വേണ്ടി വരില്ല.

മക്കയിൽ എന്റെ ബന്ധു താമസിക്കുന്നുണ്ടെന്നു പറഞ്ഞിരുന്നല്ലോ. ശരിക്കും എന്റെ അമ്മാവന്റെ മകളാണു മിനി എന്നു ഞങ്ങൾ വിളിക്കുന്ന മുനീറ സുൽത്താന. അവളുടെ ജേഷ്ഠനും ഞാനും സമപ്രായക്കാർ. ഞാൻ വളർന്നത് എന്റെ ഉമ്മ വീട്ടിലാണു.  എന്നെ വളർത്തിയത് എന്റെ ഉമ്മയുടെ ഉപ്പയും ഉമ്മയും. അതിനാൽ തന്നെ എന്റെ വൈകാരിക ബന്ധം അവരോടാണു. ഒരു വലിയ കൂട്ടുകുടുമ്പമായാണു ഞങ്ങള്‍ വളര്‍ന്നിരുന്നത്.   മിനിയും ഞാനുമെല്ലാം ഒരു വീട്ടിലെ അംഗങ്ങളാണു. അവിടെ അടികൂടിയും കളിച്ചും വളർന്നവരാണു ഞങ്ങൾ. കസിൻ എന്നത് ശരിക്കും എനിക്കൊരകൽച്ച ഉണ്ടാക്കുന്ന പദമാണു. അതിനേക്കാൾ എന്റെ പെങ്ങൾ തന്നെയാണു മിനി. മക്കയിലെത്തുന്നതിനു മുമ്പ് തന്നെ ഞാൻ മിനിക്കു വിളിച്ചിരുന്നു. അവൾ ഏർപ്പാടാക്കി തന്ന വഴികാട്ടിയിലൂടെ ഞങ്ങൾ ഭർത്താവ് ഡോക്റ്റർ അഷറഫ് ജോലി ചെയ്യുന്ന ഏഷ്യൻ ക്ലിനിക്കിലെത്തി. അദ്ദേഹം അവിടെ ഇ.എൻ.ടി വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. ആ തിരക്കിന്നിടയിലും അദ്ദേഹം ഇറങ്ങി വന്നു . ഞങ്ങളെ അവരുടെ ഫ്ലാറ്റിലേക്ക് വഴിതെളിയിച്ചു. മക്കയില്‍ ഖാലിദിയ എന്ന സ്ഥലത്താണു അവര്‍ താമസിക്കുന്നത്. അറബ് രാജ്യങ്ങളിലെ പല സ്ഥല നാമങ്ങളും എല്ലായിടത്തുമുണ്ട്. ഖാലിദിയ അബൂദാബിയിലെയും ഒരു തെരുവിന്റെ പേരാണു.ബഹറൈന്റെ തലസ്ഥാനമായ മനാമ അജ്മാനിലുമുണ്ട്.

ഞങ്ങള്‍ ആദ്യം പ്ലാൻ ചെയ്തിരുന്നത് നേരെ ഉംറക്കു ശേഷം മിനിയുടെ വീട്ടിലേക്ക് പോകാമെന്നായിരുന്നു. എന്നാൽ മക്കയിലെത്തിയാൽ ഉംറക്കു മുമ്പ് ഒരു കുളി സുന്നത്തുണ്ട്. എന്തിനതു നഷ്ടപ്പെടുത്തണമെന്ന് കരുതിയാണു വീട്ടിലേക്ക് പോന്നത്. അതേതായാലും നന്നായി. കാരണം മിനി ഭക്ഷണവും വണ്ടിയുമെല്ലാം ഏർപ്പാടാക്കിയിരുന്നു. ഞങ്ങളുടെ വണ്ടി അവരുടെ ഫ്ലാറ്റിന്നരികില്‍ നിര്‍ത്തി മറ്റൊരു വണ്ടിയിലാണു ഹറമിലേക്ക് പുറപ്പെട്ടത്. മക്കയില്‍ ഹറമിന്നടുത്ത് പാര്‍ക്കിംഗ് സൗകര്യം വളരെ കുറവാണു. അതിനാല്‍ കുറച്ച് ദൂരം പാര്‍ക്ക് ചെയ്യേണ്ടി വരും. മിനിയും കൂടെ വന്നു. ഹറമിലെത്തുമ്പോഴേക്കും ഇശാനമസ്കാരം തുടങ്ങിയിരുന്നു. റോഡില്‍ നിന്നാണു ആളുകള്‍ നമസ്കരിക്കുന്നത്. ഞങ്ങള്‍ക്കും അവരോടൊപ്പം ചേരുക മാത്രമേ നിര്‍‌വാഹമുള്ളൂ. നമസ്കാരം കഴിഞ്ഞപ്പോള്‍ പിന്നെയും ഹറമിലേക്ക് പ്രവേശിക്കാന്‍ കുറച്ച് നേരം കാത്തു നില്‍ക്കേണ്ടി വന്നു. കാരണം നമസ്കാരം കഴിഞ്ഞു വരുന്ന ജനപ്രവാഹം കുത്തിയൊലിക്കുന്ന മലവെള്ളം പോലെയാണു വരുന്നത്. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് കാത്തുനിൽക്കേണ്ടി വന്നു. ഹറമിന്റെ കോമ്പൗണ്ടിലേക്ക് ഞാന്‍ കാലെടുത്തു വച്ചു.

അപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ ഹറം എന്റെ മുമ്പില്‍ വലുതായി നിന്നു. പുറത്ത് നിന്നു നോക്കിയാല്‍ മസ്ജിദുല്‍ ഹറം ഒരു വലിയ പള്ളി എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.എങ്കിലും മനസ്സില്‍ ആദ്യമായി കാണുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതിന്റെ വികാര തള്ളിച്ചയിലാകാം മക്കയും അതുള്‍കൊള്ളുന്ന ചരിത്രങ്ങളൊന്നും തന്നെ ആ സമയത്തെന്നെ മദിക്കുന്നുണ്ടായിരുന്നില്ല. ഒരു ലക്ഷ്യം പൂര്‍ത്തിയാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു മനസ്സു നിറയെ.

ഹറമിനെ നമുക്ക് നാലായി തിരിക്കാം. പള്ളിയുള്‍കൊള്ളുന്ന വിശാലമായ പള്ളിമുറ്റം, അതിവിശാലമായ പള്ളി, വലിയൊരു നടുമുറ്റം പോലെ പള്ളിക്കുള്ളില്‍ തുറന്ന പ്രദക്ഷിണ സ്ഥലം (ത്വവാഫ് ചെയ്യുന്ന ഭാഗം) പിന്നെ അതിനെല്ലാം മധ്യത്തിലായി ക‌അബ. ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണു മസ്ജിദുല്‍ ഹറം. അതിന്റെ മൊത്തം വിസ്തീര്‍ണ്ണം തൊണ്ണൂറ് ഏക്കറിന്നടുത്തു വരും. സ്വാഭാവികമായും ഹജ്ജിനു വരുന്ന നാല്പതോളം ലക്ഷം ജനങ്ങളെ ഉള്‍കൊള്ളാന്‍ ഈ സൗകര്യങ്ങളൊരുക്കിയേ തീരൂ.  കൊമ്പൗണ്ടിനോട് ചാരി നിരവധി കച്ചവട കെട്ടിടങ്ങളുണ്ട്. പക്ഷെ എപ്പോള്‍ ഹറം വിശാലമാക്കണമോ അപ്പോഴെല്ലാം അടുത്തടുത്ത കെട്ടിടങ്ങള്‍ പൊളിച്ചിരിക്കും. അതാരുടെതാണെങ്കിലും ശരി. അങ്ങിനെയെങ്കില്‍ അടുത്തു കാണുന്ന കെട്ടിടങ്ങള്‍ക്ക് ഒരു ദശകത്തിനുള്ളിലേ ആയുസ്സുണ്ടാകുകയുള്ളൂ എന്നര്‍ത്ഥം.

മസ്ജിദ് ഹറം പുറത്തു നിന്നുള്ള കാഴ്ച്ച
പള്ളിമുറ്റത്തിലൂടെ ആളുകളുടെ ഒഴുക്ക് നിലച്ചിട്ടില്ല. വൈദുതിവിളക്കുകള്‍ രാത്രിയെ പകലിനേക്കാള്‍ വെളിച്ചമുള്ളതാക്കിയിരിക്കുന്നു. വെളിച്ചത്തില്‍ വെള്ളമാര്‍ബിള്‍ വെട്ടി ത്തിളങ്ങുന്നു. അവ കടന്നു വേണം പള്ളിയിലേക്ക് പ്രവേശിക്കാന്‍.

മസ്ജിദുല്‍ ഹറമിനു 99 വാതിലുകളുണ്ട്. ചെറുതും വലതുമായി. ഈ 99 പ്രത്യേകിച്ച് പുണ്യമൊന്നുമുള്ള ഒരക്കമല്ല. എങ്കിലും അതിനു വിശ്വാസവുമായി ഒരു ബന്ധമുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍ ഖുര്‍‌ആനിലും ഹദീസിലുമായി സാധാരണ എണ്ണാറുള്ളത് 99 ആണു. അതുദ്ദേശിച്ചു തന്നെയാണോ ഈ വാതിലുകളുടെ എണ്ണവും തൊണ്ണൂറ്റിഒമ്പതാക്കിയിരിക്കുന്നത്? ഞങ്ങള്‍ അബ്ദുല്‍ അസീസ് ഗെയ്റ്റിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു. പലരും ധരിക്കുന്നത് ഹറമിലേക്ക് പ്രവേശിക്കേണ്ടത് ബാബുസ്സലാം എന്ന ഗെയ്റ്റിലൂടെ മാത്രമാണെന്നാണു. അങ്ങിനെയൊന്നുമില്ല. കാരണം പ്രവാചകന്റെ കാലത്ത് ഇന്നു കാണുന്നതോ പേരുള്ളവയോ ആയ ഒരു ഗെയ്റ്റുമില്ല. ക‌അബക്കു ചുറ്റുമുള്ള ഈ പ്രുഢമായ പള്ളിയും അതിനോടനുബന്ധിച്ച അലങ്കാരവുമെല്ലാം തുര്‍ക്കികളും പിന്നീട് വന്ന എണ്ണപ്പണത്തിന്റെയും കൂടി ബാക്കി പത്രമാണു. അതെല്ലാതെ ഒരു ഹദീസനുസരിച്ചും ഇന്ന ഭാഗത്തുകൂടെ മാത്രമേ പ്രവാചകന്‍ ഹറമിലേക്ക് കടന്നിട്ടുള്ളൂ എന്നൊന്നുമില്ല. ഞങ്ങള്‍ക്ക് പോകാന്‍ എളുപ്പം അബ്ദുല്‍ അസീസ് ഗെയ്റ്റ് ആയിരുന്നു. യാത്രലിയായിരുന്നതിനാല്‍ ഞങ്ങള്‍ മഗ്‌രിബ് ഇശായോട് കൂടി പിന്തിച്ചു നമസ്കരിക്കാന്‍ കരുതിയിരുന്നു. അതിനാല്‍ തവാഫിനു മുമ്പ് ഞങ്ങള്‍ മഗ്‌രിബ് നമസ്കരിച്ചു. പള്ളിയുടെ വിശാലത അമ്പരപ്പിക്കുന്നത് തന്നെ. കാരണം നമസ്കരിക്കുന്നിടത്തു നിന്നും വളരെ ദൂരേക്കും അതിന്റെ മുന്‍‌ഭാഗം കാണാനുണ്ടായിരുന്നില്ല. നമസ്കാരത്തിനു ശേഷം ഏറ്റവും പ്രധാന്മായതും ഉം‌റയുടെ രണ്ടാമത്തെ ഘട്ടവുമായ തവാഫിനായി എഴുന്നേറ്റു. മുന്നോട്ട് കുറേ കൂടി നടന്നപ്പോള്‍ ക‌അബ കാണുവാന്‍ തുടങ്ങി. അടുക്കുന്തോറും അതെന്നെ വിസ്മയിപ്പിക്കുന്നു. ഹറം പള്ളിയുടെ മധ്യഭാഗത്തായി തുറന്ന ഒരു മൈതാനം. അതിന്നു നടുവിലായാണു ക‌അബ നില്‍ക്കുന്നത്. പള്ളിയില്‍ നിന്നു പത്തോളം സ്റ്റെപ്പുകളിറങ്ങിയാണു ഈ വിശാലമായ തുറന്ന സ്ഥലമുള്ളത്. അതിനാല്‍ നമുക്ക് താഴെയായാണു ജനങ്ങള്‍ തവാഫ് ചെയ്യുന്നത്. ക‌അബയാകട്ടെ നേര്‍ക്കുനേരെ കാണാന്‍ കഴിയുന്നു.



ഹറം പള്ളിക്കുള്ളിലെ കഅബ-
ഇതേപോലെ നാലു ഭാഗങ്ങളിലുമയാണു പള്ളിയുടെ കെട്ടിടമുള്ളത്
നാലുഭാഗത്തുനിന്നും നീലിമയാര്‍ന്ന വെള്ളിവെളിച്ചം ക‌അബയിലേക്കടിക്കുന്നുണ്ട്. അതിനെ ചുറ്റി വെള്ള വസ്ത്രമണിഞ്ഞ പുരുഷാരം ഒരൊഴുക്കായി നീങ്ങുന്നു. ആ വെള്ളക്കിടയില്‍ കറുത്ത ക‌അബ ഒരു മനോഹരമായ സൗന്ദര്യം ആവാഹിച്ചു നില്‍ക്കുന്നു. എന്റെ മനസ്സില്‍ ഇവയെല്ലാം ഒരു കാല്പനിക ഭാവം ഉണ്ടാക്കുക തന്നെ ചെയ്തു. ചുറ്റുന്ന മനുഷ്യരെയല്ല ഞാന്‍ കാണുന്നത്. മാലാഖമാരെയാണു. അതെ, ക‌അബയെ വലം ചെയ്യുന്നത് ആ നീലിമയാര്‍ന്ന വെളിച്ചത്തില്‍ ആകാശത്തു നിന്നിറങ്ങുന്ന മാലാഖമാരായാണു എനിക്കനുഭവപ്പെട്ടത്. നടുവില്‍ പൂര്‍ണ്ണമായ കറുത്ത ചതുരക്കെട്ടിടം. അതിന്നു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന വെളുത്ത ഒരാള്‍ക്കൂട്ടം. കെട്ടിടവും ആളുകളും അവരിലേക്കടിക്കുന്ന പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നു. ആ കെട്ടിടത്തിന്റെ നിശ്ചലാവസ്ഥയും ജനത്തിന്റെ ചലനവുമാണു ഒരൊഴുക്കാവുന്നത്. ആ ക‌അബ അതിനെ ചുറ്റുന്ന ജനസമുദ്രത്തിനു നടുവിലില്ലായിരുന്നുവെങ്കില്‍ ഇത്ര ഭഗിയായി ഇതനുഭവപ്പെടില്ലായിരുന്നു. ഭക്തിയും സൗന്ദര്യവും ഒന്നിച്ചു ചേര്‍ന്ന ആ നിമിഷത്തെ ഞാനെന്റെ മനസ്സിള്‍ക്കാവാഹിച്ചു. ഞങ്ങള്‍ തവാഫിലേക്ക് പ്രവേശിച്ചു.

മറ്റൊരു  നബി വചനം കൂടി ഇതോടൊന്നിച്ചു ചേർത്തു വായിക്കാം- ഏഴാകാശത്തിനും ഏഴു ഭൂമിയുണ്ട്. സൂക്ഷമമായി ഏഴാകാശങ്ങളെ ഖുര്‍‌ആന്‍ പറയുന്ന ഭാഗങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് ഇവിടെ ആകാശമെന്നത് പ്രപഞ്ചം എന്നാണു മനസ്സിലാക്കാനാകുക.  കൂടാതെ പ്രവാചകന്റെ ആകാശയാത്രയിൽ ഓരോ ഭൂമിയിലേയും കഅബകളും അവിടെ ആരാധന ചെയ്യുന്ന സമൂഹങ്ങളേയും കണ്ടിരുന്നു എന്നതെല്ലാം ചേരുമ്പോൾ ഈ പ്രപഞ്ചത്തിന്നപ്പുറമുള്ള മറ്റു പ്രപഞ്ചങ്ങളെ കുറിച്ചുള്ള സൂചനകളായാണു എനിക്കനുഭവപ്പെടുന്നത്. എങ്കിൽ ഞാനിപ്പോൾ നിൽക്കുന്നത് ഈ ഭൂമിയുടെ മാത്രം കഅബയിലല്ല. ഈ പ്രപഞ്ചത്തിന്റെ കഅബയിലാണ്. എന്റെ കണ്ണിനു കാണാൻ കഴിയാത്ത ആയിരക്കണക്കിനു മലക്കുകളെ ഞാൻ മൻസ്സിൽ കണ്ടു. അവരോടൊന്നിച്ചാണെനിക്ക് ഈ പുണ്യഗേഹത്തെ പ്രദക്ഷിണം ചെയ്യാനുള്ളത്. എന്റെ നന്ദി അറിയിക്കാനുള്ളത്. എന്റെ ആവശ്യങ്ങളും പരിഭവങ്ങളും എന്റെ നാഥനോട് പങ്കു വക്കാനുള്ളത്.

ലോകത്തില്‍ ആദ്യമായി ഏകദൈവത്തെ ആരാധിക്കാന്‍ നിര്‍‌മിച്ച ആരാധനാലയം, അതാണു ക‌അബ. ക‌അബയുടെ ഇസ്ലാമിലെ സ്ഥാനമതാകുന്നു.മനുഷ്യ സൃഷ്ടിക്കു മുമ്പേ മാലാഖമാരാല്‍ ആരാധിക്കപ്പെട്ടിരുന്ന സ്ഥാനമാണു ക‌അബ എന്നാണു വിശ്വാസം. പിന്നീട് ഇബ്രാഹീം (അ.സ) മകനായ ഇസ്മാഈല്‍ നബിയുമായി ഒരാരാധനാലയമാക്കി പണിയുകയാണു ചെയ്തതെന്നും വിശ്വസിക്കുന്നു.  എന്തായാലും ഇന്ന് കാണുന്ന ക‌അബ അതേ പോലെ അന്നു മുതലേ ഉണ്ടെന്ന് ആരും ധരിക്കേണ്ടതില്ല. പ്രവാചകനു ശേഷവും ക‌അബ പലപ്പോഴായി പുതുക്കി പണിതിട്ടുണ്ട്. കഅബ കറുത്ത സില്‍ക്കിനാല്‍ ആവരണം ചെയ്തിരിക്കുന്നു. അതിനു മേല്‍ സ്വര്‍ണ്ണലിപികളാല്‍ സത്യസാക്ഷ്യവും ഖു‌ര്‍ആനും അറബിക് കാലിഗ്രാഫിയില്‍ ഒരു ബോര്‍ഡറായി ലിഖിതപ്പെട്ടിട്ടുമുണ്ട്. ഇന്നേ വരെയുള്ള എന്റെ നമസ്കാരങ്ങളെല്ലാം ലോകത്തിലുള്ള എല്ലാ മുസ്ലിങ്ങളെ പോലെയും  നിന്നെ അടയാളമാക്കിയിരുന്നു. ഇന്നിതാ ആ ലക്ഷ്യം നേര്‍ക്കുനേരെ.

ത്വവാഫ് എന്നാല്‍ മറ്റൊന്നുമല്ല. ക‌അബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യണം, അതിനെയാണു തവാഫ് എന്നു പറയുന്നത്. ഈ ഏഴ് എന്നത് ഇസ്ലാമിലെ പല കാര്യങ്ങളിലും വരുന്നത് കാണാം. പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ഏഴ് ഘട്ടങ്ങലിലായി, ഏഴ് ആകാശങ്ങളായി, ചില കര്‍മങ്ങള്‍ക്ക് ഏഴു മുതല്‍ എഴുപത് ഇരട്ടിവരെ പ്രതിഫലം. ഇങ്ങിനെ ഏഴ് എന്തു കൊണ്ടോ പ്രാധാന്യമുള്ള ഒരു എണ്ണമാകുന്നു. എന്താണീ ഏഴിന്റെ വിവക്ഷ? ദൈവത്തിന്നറിയാം!

തവാഫ് തുടങ്ങുന്നത് ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തു നിന്നാണു. ഹജര്‍ എന്നാല്‍ കല്ല്, അസ്‌വദ് എന്നാല്‍ കറുപ്പും. കറുത്ത കല്ല് എന്നാണു ഹജറുല്‍ അസ്‌വദിന്റെ അര്‍ത്ഥം. ക‌അബയുടെ കിഴക്കു മൂലയിലായി സ്ഥാപിച്ച ഒരു കല്ലാണു ഹജറുല്‍ അസ്‌വദ്. ഹജറുൽ അസ്വദിനെ ചുമ്പിച്ചു തവാഫ് തുടങ്ങുന്നത് സുന്നത്തുണ്ട്. പക്ഷെ, അതൊരു എളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ കഴിയില്ല എങ്കിൽ അതിനായി പരിശ്രമിക്കേണ്ടതുമില്ല. ഒന്നു തൊടാൻ പോലും കഴിയാത്തത്ര തിരക്കായിരിക്കുമവിടെ, അതിനാൽ പിന്നെ ചെയ്യുവാൻ കഴിയുക്രതിന്റെ നേർക്ക് കയ്യുയർത്തി ഒരഭിവാദ്യം ചെയ്യുക മാത്രമാണു. അതിനു മുമ്പ് ഇഹ്റാമിൽ നാം ധരിച്ച മേൽമുണ്ടിനു ഒരു മാറ്റം വരുത്തേണ്ടതുണ്ട്. ഇതു വരെ തോളിലൂടെ ചുറ്റിയിരുന്ന മുണ്ട്, വലത് തോള്‍ പ്രത്യക്ഷമാകുന്ന വിധം ചുറ്റണം. തവാഫിനു മുമ്പാണു ഇങ്ങിനെ ചെയ്യേണ്ടതുള്ളൂ. ചിലരെല്ലാം ഇഹ്റാമിലായിരിക്കുമ്പോഴെ വലതു തോള്‍ കാണുന്ന വിധം മറച്ചു വരാറുണ്ട്, എന്നാല്‍ പ്രവാചകചര്യ അതല്ല.

തവാഫ് തുടങ്ങുമ്പോള്‍ ഹജ്റുല്‍ അസ്‌വദിനെ അഭിവാദനം ചെയ്ത് പലരും അവരുടെ കൈകള്‍ ചുമ്പിക്കാറുണ്ട്. ഹജ്റുല്‍ അസ്‌വദ് തൊട്ടാല്‍ മാത്രമേ കൈ ചുംബിക്കേണ്ടതുള്ളൂ, അല്ലെങ്കില്‍ വെറുതെ കൈ ഉയര്‍ത്തിയാല്‍ മതി. എന്നിട്ട് ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ ( അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹു അത്യുന്നതന്‍) എന്ന് പറഞ്ഞാണ് തവാഫ് തുടങ്ങേണ്ടത്.

തവാഫ് തുടങ്ങുമ്പോള്‍ ഒരു പ്രത്യേക പ്രാരംഭ പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ


اللهم إيمانا بك وتصديقا بكتابك ووفاءا بعهدك واتباعا لسنة نبيك محمد (صلعم )


(അല്ലാഹുമ്മ ഈമാനന്‍ ബിക വ തസ്വ്‌ദീഖന്‍ ബി കിതാബിക വ വഫാ‌അന്‍ ബി അഹ്ദിക വത്തിബാ‌അന്‍ ലി സുന്നതി നബിയ്യിക മുഹമ്മദിന്‍ (സ) )


അല്ലാഹുവേ- നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, നിന്റെ ഗ്രന്ഥത്തെ ഞാന്‍ സത്യപ്പെടുത്തുന്നു. അല്ലാഹുവേ, നിന്നിലുള്ള വിശ്വാസം കൊണ്ടും, നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും, നിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടും, നിന്റെ പ്രവാചകന്റെ ചര്യയെ പിന്തുടർന്നു കൊണ്ടും


എന്നാണിതിന്റെ അര്‍ത്ഥം. തവാഫ് ആരംഭിക്കുകയാണു. പിന്നീട് മൂന്നാമത്തെ മൂലയായ റുകുന്‍ യമന്‍ എത്തുന്നത് വരെ ഖുര്‍‌ആനില്‍ നിന്ന് ഓതുകയും നമുക്ക് വേണ്ട എല്ലാ പ്രാര്‍ത്ഥനകള്‍ നിര്‍‌വഹിക്കുകയും ചെയ്യാം. ഇതിന്നിടയില്‍ നിശ്ചയിക്കപ്പെട്ട പ്രാര്‍ത്ഥനകള്‍ ഇല്ല. നമുക്ക് വേണ്ട എല്ലാ ആവശ്യങ്ങളും കടപ്പാടും നന്ദിയും അറിയിക്കാനുള്ള സമയങ്ങളാണു. എന്നാല്‍ റുൿനുൽ യമാനിനിലെത്തിയാല്‍ പിന്നീട് ഹജറുല്‍ അസ്‌വദ് എത്തുന്നത് വരെ

 ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار 


റബ്ബനാ ആത്തിനാ ഫിദ്ദുന്‍‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍


ഞങ്ങളുടെ രക്ഷിതാവേ- ഞങ്ങള്‍ക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് നല്‍കേണമേ, പരലോകത്തും ഏറ്റവും നല്ലത് നല്‍കേണമേ, നരകശിക്ഷയില്‍ നിന്നു കാത്തുകൊള്ളേണമേ 

എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കണം. വീണ്ടും നാം എത്തുക ഹജ്‌റുല്‍ അസ്‌വദിന്റെ അരികിലാണു. ആദ്യത്തെ പോലെ വലതു കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു തവാഫ് തുടരണം. ഇങ്ങിനെ ഏഴു പ്രാവശ്യം ക‌അബയെ വലയം വക്കണം.

ഈ പ്രാര്‍ത്ഥന നാം സ്ഥിരമായി ചെല്ലുന്നതാണു. പക്ഷെ അതിനെ പ്രാധാന്യമാകട്ടെ പലപ്പോഴും മനസ്സിലാക്കാതെ പോകുന്നതും. നാം ദൈവത്തോട് ചോദിക്കുന്നത് ഏറ്റവും ഉത്തമമായതാനു. അത് നമ്മേക്കാള്‍ ഭാവിയറിയുന്ന ദൈവത്തിന്നാണറിവുള്ളത്. അതിനാല്‍ തന്നെ നമുക്ക് നല്ലതെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന പലതും ആത്യന്തികമായി നമുക്ക് നല്ലതാവണമെന്നില്ല. അതിനാല്‍ ഈ പ്രാര്‍ത്ഥന ചെല്ലുമ്പോള്‍ നമ്മുടെ എല്ലാ ആഗ്രഹങ്ങളും ആവശയ്ങ്ങളും മനസ്സില്‍ കരുതുകയും അതെനിക്ക് നന്മയാണെങ്കില്‍ പ്രധാനം ചെയ്യണമേ എന്ന് കരുതുകയും ചെയ്യുക.

തവാഫില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യത്തെ മൂന്നു പ്രാവശ്യം വലയം ചെയ്യുമ്പോള്‍ കാല്‍ രണ്ടും അടുപ്പിച്ച് ചെറുതായി ഓടുന്നത് പോലെയാണു ക‌അബയെ ചുറ്റേണ്ടത് എന്നതാണു. ഇതിനെ റമലിന്റെ നടത്തം എന്നാണു പരയുന്നത്.

പല നാട്ടില്‍ നിന്നും വരുന്ന പല ജനങ്ങള്‍ പലപ്പോഴും അറിവില്ലാതെ തവാഫില്‍ പലതും ചെയ്യുന്നത് കാണാം. ഉദാഹരണത്തിനു റുക്നുല്‍ യമെനിന്റെ മൂലയിലെത്തിയാല്‍ ഹജ്റുല്‍ അസ്‌വദിന്നടുത്തെത്തുന്നത് പോലെ കൈ പൊക്കി അഭിവാദനം ചെയ്യേണ്ടതില്ല. കൂടാതെ തവാഫില്‍ മറ്റു സന്ദര്‍ഭങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമില്ല. അതിനാല്‍ ഒന്നാം താഫില്‍ രണ്ടാം തവാഫില്‍ എന്നെല്ലാം പറഞ്ഞ് വരുന്ന പല ദു‌ആകളും അനാവശ്യമാണു. നമുക്ക് ചോദിക്കാനുള്‍ലതും പറയാനുള്ളതും അറബിയിലാകണം എന്നുമില്ല. മുമ്പ് സൂചിപ്പിച്ച ചില പ്രാര്‍ത്ഥനകളൊഴികെ മറ്റൊന്നും കാണാതെ പഠിക്കേണ്ടതോ പുസ്തകം നോക്കി ചെല്ലുകയോ ആവശ്യമില്ലാത്തതാണു.

തവാഫ് കഴിഞ്ഞപ്പോഴേക്ക് കുറച്ചു ക്ഷീണിച്ചിരുന്നു. തവാഫിനു ശേഷം ഹജ്‌റുല്‍ അസ്‌വദിന്നരികിലുള്ള ഇബ്രാഹീം മക്കാമിനു പിന്നിലായി രണ്ട് റക‌അത്ത് സുന്നത്ത് നമസ്കാരമുണ്ട്. ഈ നമസ്കാരത്തിലെ ആദ്യത്തെ റക‌അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ എന്നതും രണ്ടാമത്തതില്‍ ഖു‌ല്‍ ഹുവള്ളാഹു അഹദ് എന്ന അദ്ധ്യായങ്ങള്‍ പാരായണം ചെയ്യുക നബിചര്യയാണു.

അതും നിര്‍‌വഹിച്ച് അവിടെ പാത്രങ്ങളില്‍ വച്ചിരിക്കുന്ന സംസം വെള്ളം കുടിച്ചു കുറച്ചു നേരമിരുന്നു. എന്നിട്ട് അടുത്ത കര്‍മമായ സ‌അയിനായി നീങ്ങി.



9 അഭിപ്രായങ്ങൾ:

  1. ഇപ്രാവശ്യം കൂടുതൽ മതപരമാണെന്നറിയാം - യാത്രയുടെ ലക്ഷ്യവുമതായിരുന്നല്ലോ- :)

    മറുപടിഇല്ലാതാക്കൂ
  2. മാഷാ അള്ളഹ്!

    ആര്‍ത്തിയോടെ വായിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  3. ഉംറ സ്വീകരിക്കുമാരാകട്ടെ!

    മറുപടിഇല്ലാതാക്കൂ
  4. നാലായോ!!!. ഫെയ്സ് ബുക്കിലായതിനാല് ബ്ലോഗില് നടക്കുന്നത് അറിയുന്നില്ല. വായിച്ചില്ല അഭിപ്രായം പിന്നീടാകാം.

    മറുപടിഇല്ലാതാക്കൂ
  5. ഒരു റഫറല്‍ ഗ്രന്ഥം പോലെ വായിക്കാന്‍ കഴിയുന്നുണ്ട്. ഇന്‍ഷാ അള്ളാ ഒരിക്കല്‍ ഞാനും പോകും!

    മറുപടിഇല്ലാതാക്കൂ
  6. ഹ്ര്‌ദ്യം. വിജ്ഞേയം. ആത്മീയോൽക്കർഷപ്രേരകം.

    മറുപടിഇല്ലാതാക്കൂ
  7. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോയിട്ടുണ്ട്. താങ്കള്‍ ഇതൊരു പുസ്തകമാക്കിയാല്‍ എല്ലാ മത ഗ്രൂപ്പുകള്‍ക്കുമതീതമായി ഒരു യഥാര്‍ത്ഥ മുസ്ലീമാവാന്‍ ശ്രമിക്കുന്ന ആര്‍ക്കും വായിക്കാവുന്ന ഉള്‍ക്കൊള്ളാവുന്ന പ്രാവര്‍ത്തികമാക്കാവുന്ന ഒരു മാര്‍ഗ്ഗരേഖയായിരിക്കും. എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ