2011, മാർച്ച് 29, ചൊവ്വാഴ്ച

ഉംറ യാത്ര-1 ( പുറപ്പാട് )

ഗൂഗിള്‍ ബസ്സില്‍ ചെറിയ കമെന്റുകള്‍ മാത്രമാണെന്റെ സാന്നിദ്ധ്യം. പല പുലികള്‍ക്കിടയില്‍ ചെറിയ വല്ല നുറുങ്ങും കൊട്ടി പിന്നെ കളികാണുന്ന കാഴ്ച്ചക്കാരനായി ഒരു സീറ്റിലുണ്ടാകും. അതിന്നിടയിലൊരിക്കല്‍ എന്റെ ബസ്സില്‍ വന്ന് എന്റെ ഇമെയില്‍ ആവശ്യപ്പെട്ടു കൊണ്ട് സുഹൈര്‍ ഒരു കമന്റിടുകയുണ്ടായി. ആ കമെന്റ് കണ്ട ഷിഹാബ് തിരക്കിയത്, സുഹൈറിനെ അറിയുമോ/ അത് കുറ്റ്യാടിക്കാരനെന്ന ബ്ലോഗറാണ്. എനിക്ക് ശരിക്കുമോര്‍മയുണ്ട്, എന്റെ ആദ്യത്തെ ബ്ലോഗ് മീറ്റില്‍ പരിചയപ്പെട്ട കുറ്റ്യാടിക്കാരന്‍ എന്ന ബ്ലോഗറെ. അദ്ദേഹത്തിനു എന്റെ മൈല്‍ ഐഡി എന്തിനെന്ന്‍ ഒന്നു ശങ്കിച്ചു. പിന്നീട് ഗൂഗ്‌ള്‍ ടാക്കില്‍ ചേര്‍ത്ത് സുഹൈറുമായി ചാറ്റി പഴയ പരിചയമെല്ലാം പുതുക്കി മോഡികൂട്ടി.

സംസാരത്തില്‍ സഹീര്‍ ഉം‌റക്ക് പോകുവാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും പക്ഷെ സുഹൃത്തിനു ഡ്രൈവ് ചെയ്യാന്‍ താത്പര്യമില്ലെന്നും ചേര്‍ത്തപ്പോള്‍ എന്റെ താത്പര്യം അറിയിക്കാതിരിക്കാന്‍ ഒരു കാരണവുമില്ലായിരുന്നു. ഹജ്ജും ഉം‌റക്കുമുള്ള വിളി കേള്‍ക്കുന്നവര്‍ ദൈവത്തിന്റെ അതിഥികളാണു. ആര്‍ക്കാണു ദൈവത്തിന്റെ അതിഥിയാകാനുള്ള അവസരം ഒഴിവാക്കാനാകുക. മക്കയില്‍ താമസിക്കുന്ന കസിന്‍ സിസ്റ്റര്‍ കുറേ കാലമായി ഉം‌റക്കായി വിളിക്കുന്നു. പക്ഷെ, സ്വന്തം വാഹനത്തില്‍ അത്ര ദൂരെ ഓടിക്കാന്‍ ഒരിക്കലും പദ്ധതിയുണ്ടായിരുന്നില്ല.

ഒരു റോഡ് വഴിയുള്ള ഉംറ എനിക്ക് വീമാന യാത്രയേക്കാള്‍ താത്പര്യമുള്ള ഒന്നാണെങ്കിലും അതു വരെ എന്റെ അറിവനുസരിച്ച് സ്വന്തം വാഹനത്തില്‍ ഉം‌റ ചെയ്യുവാന്‍ പോകാന്‍ രക്തബന്ധമുള്ള ബന്ധുക്കള്‍ക്കേ അനുവാദമുള്ളൂ എന്നായിരുന്നു, ഈ ആശങ്കകളെല്ലാം സുഹൈര്‍ ആദ്യമേ അന്വേഷിച്ച കാര്യങ്ങളായിരുന്നു. എന്റെ തെറ്റിദ്ധാരണകളായിരുന്നു ഇത്രകാലം ഉം‌റയില്‍ നിന്നെന്നെ തടഞ്ഞിരുന്നത്. എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് സുഹൈറില്‍ നിന്നുള്ള ഈ ക്ഷണം എന്നെ വളരെ സന്തോഷവാനാക്കുക തന്നെ ചെയ്തു.

ഒരു പക്ഷെ യു.എ.ഇ-യിലെ പലര്‍ക്കും ഇതറിയില്ലായിരിക്കാം. എന്റെ സുഹൃത്തുക്കളില്‍ പലരും കുടുമ്പസമേതം ഉം‌റക്ക് പോയിട്ടുണ്ട്. ഇതിനപ്പുറം സ്നേഹിതര്‍ കൂടി ഉം‌റക്ക് പോയത് എനിക്കറിയാത്ത കാര്യമായിരുന്നു. അതിനാല്‍  ഇതെന്നെ വളരെ സന്തോഷിപ്പിച്ചു.

പിന്നീടെല്ലാം വളരെ പെട്ടെന്നു തന്നെയായിരുന്നു. സുഹൈറിന്റെ കൂടെ വരാമെന്നേറ്റിരുന്നത് ഒരു ഹൈദരബാദി ആയിരുന്നു. പക്ഷെ, റോഡ് യാത്രയില്‍ താത്പര്യമില്ല എന്നും അതിനാല്‍ അയാള്‍  പിന്മാറാന്‍ സാദ്ധ്യതയുണ്ടെന്നും സുഹൈര്‍ ഒരു സൂചന തന്നു. അതിനാല്‍ തന്നെ ഞാന്‍ മറ്റൊരാളെ കൂടി  കൂട്ടുന്നതില്‍ സുഹൈറിന്റെ അഭിപ്രായം ചോദിച്ചു. സുഹൈറിനും അതില്‍ താത്പര്യമാണെന്നു കണ്ടപ്പോള്‍ കോമണ്‍ ഫ്രന്റ് എന്ന നിലയില്‍ ഷിഹാബിനെ വിളിച്ചു വരാനാകുമോ എന്നു തിരക്കി. ഷിഹാബിനു താത്പര്യമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ താത്പര്യം മാത്രം പോരല്ലോ/ ഒരു പ്രവാസി എന്ന നിലയില്‍ പല കടമ്പകളും ശരിയാകാനുണ്ട്. ഷിഹാബ് ഉത്തരത്തിനായി രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. ശിഹാബിന്റെ പ്രധാന പ്രശ്നം സഹപ്രവര്‍ത്തകന്‍ ലീവിലാണു എന്നതാണു. ആളില്ലാതെ പോരാനാകില്ല.  അദ്ദേഹത്തിന്റെ തിരിച്ച് വരവ് ശിഹാബിന്റെ യാത്രക്ക് ഒരു പ്രധാന ഘടകമാണു. നാട്ടിലുള്ള ആളെ വിളിച്ച് ശിഹാബ് കാര്യങ്ങള്‍ ഉറപ്പു വരുത്തി. അതിന്നിടയില്‍ ഞാന്‍ എന്റെ ഓഫീസില്‍ ബന്ധപ്പെട്ടു എന്റെ യാത്രക്കാവശ്യമായ രേഖകള്‍ക്കുള്ള അപേക്ഷകള്‍ നല്‍കി. വിസ അപേക്ഷിക്കുമ്പോള്‍ നമ്മുടെ ഓഫീസില്‍ നിന്നും ഒരു നോ ഒബ്ജെക്‌ഷന്‍ ലെറ്റര്‍ ആവശ്യമാണു.

യു.എ.ഇയില്‍ നിന്നും സ്വന്തം വാഹനത്തില്‍ പുറം രാജ്യങ്ങളിലേക്ക് പോകാന്‍ വളരെ കുറഞ്ഞ ഫോര്‍മാലിറ്റികളേയുള്ളൂ. ഖിസൈസിലുള്ള Automobile and touring club-ല്‍ നിന്നും ഒരു സര്‍ട്ടിഫികറ്റ് ശരിയാക്കാനുണ്ട്. ഇത് വണ്ടിക്കുള്ളതാണു. അതിന്നവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്  350 ദിര്‍ഹമാണു. കൂടാതെ ജി.സി.സി രാജ്യങ്ങളിലേക്ക് 500 ദിര്‍ഹം ഡെപോസിറ്റ് ആയും നല്‍കണം. ഇത് തിരിച്ചുകിട്ടുന്ന പണമാണു. ലോകത്തിലെ എല്ലാ ഭാഗങ്ങളിലേക്കും നമ്മുടെ വാഹനങ്ങള്‍ താത്ക്കാലികമായി ഇങ്ങിനെ കൊണ്ട് പോകാം എന്നത് എനിക്കൊരു പുതിയ വിവരമായിരുന്നു. പക്ഷെ, ജി.സി.സി രാജ്യങ്ങളല്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ട് പോകുമ്പോള്‍ കൂടുതല്‍ ഡെപോസിറ്റ് തുക നല്‍കേണ്ടി വരും. ഇങ്ങിനെ നമ്മുടെ വാഹനം നമുക്ക് ലീവില്‍ പോകുമ്പോള്‍ നാട്ടിലേക്കും കൂടെകൊണ്ട് പോയി ലീവ് കഴിഞ്ഞു വരുമ്പോള്‍ കൂടെ കൊണ്ട് വരാന്‍ പറ്റും ( കുടുമ്പം വെളുക്കുമെന്നു മാത്രം) അതിന്നു ശേഷം ആര്‍.ടി.എ യുടെ തസ്ജീലില്‍ പോയി ഒരു പേപ്പര്‍കൂടി ശരിയാക്കിയാല്‍ സംഗതി കഴിഞ്ഞു. ഇതെല്ലാം സുഹൈറും ഞാനും കൂടെ പോയാണു ചെയ്തത്. അപ്പോള്‍ വണ്ടിയുടെ കാര്യം സഹി. ഇനി ശരിയാകാനുള്ളത് നമ്മുടെ കാര്യമാണു.

അവസാനം കൂടിയ ഷിഹാബിന്റെ പാസ്പോര്‍ട്ടാണു ആദ്യം കിട്ടിയത്. എന്റെ പാസ്പോര്‍ട്ട് ഞങ്ങളുടെ ഓഫീസിലല്ല, ഞങ്ങളുടെ ശമ്പളം വരുന്നത് ദുബൈ ഗവര്‍മെന്റ് ഓഫീസില്‍ നിന്നാണു. അതിനാല്‍ എന്റെ ഓഫീസില്‍ നിന്നും അപേക്ഷ ദിവാന്‍ ഓഫീസില്‍ എത്തേണ്ടതുണ്ട്. ഇതിനു കുറച്ചു സമയം പിടിച്ചു.  നോ ഒബ്ജെക്ഷന്‍ ലെറ്ററും കൂടെ പാസ്പോര്‍ട്ടുമായി കറാമയിലുള്ള ഹജ്ജ് ഉം‌റ സര്‍‌വീസ് ചെയ്യുന്ന ഓഫീസില്‍ ഏല്പ്പിച്ചു. പാസ്പോര്‍ട്ട് ആറുമാസവും വിസ മൂന്നുമാസവും കാലാവധി നിര്‍ബന്ധമാണു. അവര്‍ ചാര്‍ജ്ജ് ചെയ്യുന്നത് 350 ദിര്‍ഹമാണു. വിസ പ്രോസസ്സ് ചെയ്യാനെടുക്കുന്നത് എട്ട് പ്രവര്‍ത്തന ദിവസവും. ശിഹാബിന്റെ വിസ മൂന്നു മാസത്തിനു എട്ട് ദിവസത്തെ കുറവുണ്ട്. അതിനാല്‍ കിട്ടുന്നത് വരെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

ഷിഹാബിന്റെ പാസ്പോര്‍ട്ടെല്ലാം വാങ്ങിയപ്പോഴാണു പണ്ടൊരു യാത്ര ഇവന്‍ മനോഹരമായി കുളമാക്കി തന്ന കാര്യം ഓര്‍ത്തത്. അല്‍-ഐനില്‍ പോകുമ്പോള്‍ പോരുന്നോ എന്നു വിളിച്ച് ചോദിച്ചത് ഞാന്‍ തന്നെയായിരുന്നു. ദുബായിക്കപ്പുറം പോയിട്ടില്ലാത്ത പാവമല്ലെ എന്നെല്ലാമുള്ള ഒരു കന്‍സിഡറേഷന്‍ കൊടുത്തതിനു അല്‍-ഐനെത്തും മുമ്പേ വാളുവച്ച് അവന്‍ പകരം വീട്ടി. അക്കണക്കിനു അബുദാബി വഴി മക്കയിലെത്തണമെങ്കില്‍ ഇവന്‍ വാളല്ല, തച്ചോളിത്തറവാട്ടിലെ  ഉറുമികളെല്ലാം തന്നെ വീശുമല്ലോ എന്നെല്ലാം പിന്നീടാണോര്‍ത്തത്. വിളിച്ച് കുരിശു യാത്രയാക്കുമോ എന്ന സം‌ശയം പ്രകടിപ്പിക്കാതിരുന്നില്ല. ഉത്തരം വളരെ അര്‍ത്ഥവത്തായിരുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം. പിന്നെ ഒന്നും പറയാനില്ലായിരുന്നു. വേണ്ട മെഡിസിനുകള്‍ കരുതാനും ബാക്കി ദൈവത്തില്‍ സമര്‍പ്പിക്കാനും ഞാനും തിരിച്ചാശംസിച്ചു.

 ശരിക്കും ദിവസങ്ങള്‍ പോകുന്നത്  എണ്ണിയ നാളുകളായിരുന്നു അവ. മനസ്സില്‍ ഒരു വലിയ പ്രതീക്ഷയായി മക്ക നിറഞ്ഞു നിന്നു. അതിന്നിടയില്‍ ഞങ്ങള്‍ ഉം‌റയുടെ മതപരമായ ചടങ്ങുകളുടെ പീഡീഎഫ് ഫയലുകളും യൂറ്റ്യൂബ് വിവരണങ്ങളും കണ്ടെത്തി. അവയെല്ലാം സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാരണം ഹജ്ജും ഉം‌റയും നമസ്കാരം പോലെയോ നോമ്പ് പോലെയോ സ്ഥിരമായി ചെയ്യുന്ന ഒന്നല്ല. അതിനാല്‍ തന്നെ അതിന്റെ നിയമങ്ങള്‍ എല്ലായ്പോഴും ഓര്‍ക്കുന്ന ഒന്നല്ല. ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യുന്ന ഒരാരാധന എന്ന നിലയില്‍ അതിലെ ചടങ്ങുകള്‍  പരിചിതമായ ഒന്നല്ല. പക്ഷെ, മറ്റു ആരാധനകളെ പോലെ ഹജ്ജിനും ഉം‌റക്കും അതിന്റെ ചിട്ടകളുണ്ട്. അതിന്റെ ചില അനുഷ്ടാനങ്ങളില്‍ പാകപ്പിഴവുകള്‍ വന്നാല്‍ കര്‍മ്മം തന്നെ അസാധുവാകും. അതിനാല്‍ പ്രത്യേകിച്ച് മുന്‍ പരിചയമുള്ളവരും മറ്റു പണ്ഡിതന്മാരുടെ അഭാവത്തിലും അതെല്ലാം ഞങ്ങള്‍ തന്നെ സ്വായത്തമാക്കേണ്ടിയിരുന്നു. ഷിഹാബ് അയച്ചു തന്ന പീഡി.എഫ് ഫയലില്‍ നിന്നു ഞങ്ങള്‍ക്കാവശ്യമുള്ള ഭാഗങ്ങള്‍ ഞാന്‍ പ്രിന്റ് ചെയ്തു. ഒരു ദിവസം ഒന്നിച്ചിരുന്ന് ഉം‌റ വിശദീകരിക്കുന്ന ഒരു യൂറ്റ്യൂബ് വീഡിയോ ഒന്നിച്ചിരുന്നു കാണുകയും അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ഒരു നോട്ടില്‍ പകര്‍ത്തുകയും ചെയ്തു.

പക്ഷെ, അതോടൊപ്പം തന്നെ, നെറ്റില്‍ വരുന്ന ചില വിവരങ്ങള്‍ തികച്ചും അബദ്ധങ്ങളാണു. ശരിയായ ഹദീസുകളുടെ പിന്ബലമില്ലാതെ ധാരാളം അനുഷ്ടാനങ്ങളുടെ വിവരണങ്ങള്‍ കാണാം. അതിനാല്‍ തന്നെ വളരെ ലളിതമായ ചടങ്ങുകളെ വളരെ സങ്കീര്‍ണ്ണമാക്കി, പ്രാര്‍ത്ഥനയുടെ ആത്മാവിനെ തന്നെ എടുത്തുമാറ്റി പുനരവതരിപ്പിക്കും. എന്നാല്‍ വളരെ കുറഞ്ഞ കാര്യങ്ങളേ ഉം‌റയില്‍ മനപാഠമാക്കാനുള്ളൂ. ബാക്കിയെല്ലാം നമുക്ക് എന്താണോ പടച്ചവനോട് ചോദിക്കാനുള്ളത്, അത് നേരിട്ട് ചോദിക്കാനുള്ള അവസരമാണു.

രണ്ടു കാര്യങ്ങളും എനിക്ക് സന്തോഷകരമായിരുന്നു. യു.എ.ഇ യില്‍ നിന്നു പല സംഘടനകളും ഉം‌റക്ക് കൊണ്ട് പോക്കുന്നുണ്ട്. പക്ഷെ, നാം കൂട്ടത്തില്‍ അവരെ പിന്തുടരുക എന്നതിന്നപ്പുറം ഒന്നും ചെയ്യാനുണ്ടാകില്ല. അതിനേക്കാള്‍ എന്ത് കൊണ്ടും ആവേശകരമായിരുന്നു ഈ  സുഹൃത്തുക്കളുമൊന്നിച്ചുള്ള യാത്ര. എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിയും വിശ്വാസിയും കുളിരുകോരിയണിഞ്ഞു. ഞാന്‍ കാണാന്‍ പോകുന്നത് ചെറുപ്പം മുതലേ ഞാന്‍ വായിച്ചറിഞ്ഞ കാലങ്ങളിലേക്കാണു. മനസ്സില്‍ പണി തീര്‍ത്ത ചിത്രങ്ങള്‍ പലതും ഇനി മാറ്റി വരക്കേണ്ടി വരും. പക്ഷെ പിന്നീട് വരക്കുന്ന ചിത്രങ്ങള്‍ക്ക് ശരിയുടെയും നിറച്ചാര്‍ത്തുണ്ടാകുക തന്നെ ചെയ്യും. അതിനാല്‍ തന്നെ മക്കയും മദീനയും  എന്നെ മഥിച്ചുകൊണ്ടേയിരുന്നു.

യാത്രക്കാവശ്യമുള്ള സാധനങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി. ദുബൈ യൂണിയന്‍ കോ-ഒപെറേറ്റീവില്‍ പോയപ്പോള്‍ ഉം‌റക്കാവശ്യമുള്ള ഇഹ്‌റാമിന്റെ വസ്ത്രം അവിടെയുണ്ട്. ഉം‌റ, ഹജ്ജ് എന്നിവ ചെയ്യുമ്പോള്‍ സാങ്കേതികാര്‍ത്ഥത്തില്‍ അവയില്‍ പ്രവേശിക്കുന്നതിനെയാണു ഇഹ്‌റാം എന്നു പറയുന്നത്. മക്കയിലെത്തുന്നതിനു മുമ്പായി നിശ്ചയിക്കപ്പെട്ട സ്ഥലത്തിനു മുന്നേ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഈ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളെ മീഖാത്ത് എന്ന് പറയുന്നു. ഒന്നുകില്‍ അവിടെ വച്ചോ അല്ലെങ്കില്‍ അതിനു മുമ്പോ ഇഹ്‌റാമില്‍ പ്രവേശിക്കണം. ഇഹ്‌റാം എന്ന വാക്കിന്റെ അര്‍ത്ഥം പവിത്രമാക്കല്‍ , നിഷിദ്ധമാക്കല്‍ എന്നെല്ലാമാണു. സാധാരണ ജീവിതത്തില്‍ അനുവദിക്കപ്പെട്ട പല കാര്യങ്ങളും ഇഹ്‌റാമിലായിരിക്കുമ്പോള്‍ അനുവദിക്കപ്പെടുന്നില്ല, അതൊടൊപ്പം പവിത്രമായ അവസ്ഥയിലുമാകുന്നു. അതിനാലാണു ഇഹ്‌റാമിലായിരിക്കുക എന്നു പറയുന്നത്. ഇഹ്‌റാമിനു പുരുഷന്മാര്‍ക്ക് പ്രത്യേക വസ്ത്രവുമുണ്ട്. രണ്ട് കൂട്ടി തുന്നാത്ത തുണി. അതാണു ഇഹ്‌റാമിലായിരിക്കെ അനുവദിക്കപ്പെട്ട വസ്ത്രം. കൂട്ടി തുന്നിയ ഒരു വസ്ത്രവും അനുവദനീയമല്ല. ഒന്നുടുക്കാനും ഒന്നു പുതക്കാനുമുള്ള രണ്ട് തുണികളാണു ഇഹ്‌റാമിലെ എല്ലാവരും ധരിക്കേണ്ടത്. രാജാവാണെങ്കിലും പ്രജയാണെങ്കിലും. ഞാന്‍ മൂന്ന് പേര്‍ക്കുമുള്ള വസ്ത്രങ്ങള്‍ വാങ്ങി അലക്കി.

മൂന്നു പേരുടെയും പാസ്പോര്‍ട്ട് ഉം‌റ വിസ അടിച്ചു കിട്ടി. ലീവ് നമുക്കൊരു പ്രശ്നമല്ല. പതിനഞ്ചു ദിവസം വരെ നമ്മുടെ ഷെയ്ഖ് അനുവദിക്കും. ഷിഹാബിനു പത്തു വരെ പോകാം. പക്ഷെ ഇക്കുറി വില്ലനായത് സുഹൈറാണു. ആകെ കിട്ടിയത് എട്ട് ദിവസം. അതെനിക്ക് വല്ലാത്ത ഒരടിയായിപ്പോയി. എന്റെ മനസ്സില്‍ ഒരു വിശാലമായ ഉം‌റയായിരുന്നു. ചരിത്ര സ്ഥലങ്ങള്‍കൂടി കാണണമെന്ന ആഗ്രഹത്തിനു ഒരു വെട്ടിക്കുറക്കല്‍ നടത്തേണ്ടി വരും.

അങ്ങിനെ കൂട്ടിക്കുറക്കലുകള്‍ക്കിടയില്‍ മാര്‍ച്ച് 14 തിങ്കളാഴ്ച്ച പോകുവാന്‍ ദിവസം ഉറപ്പിച്ചു. തെറ്റിദ്ധരിക്കരുത്. ഒരു ദിവസത്തിനും യാത്രയോ മറ്റു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനോ ഒരു പ്രത്യേകതയുമില്ല. വെള്ളിയാഴ്ച മക്കയില്‍ ജുമ‌അ പങ്കെടുക്കാന്‍ പാകത്തിനു യാത്ര ക്രമീകരിച്ചപ്പോള്‍ തിങ്കളാണു കൂടുതല്‍ അഭികാമ്യം എന്നതിനാല്‍ തിങ്കള്‍ തിരഞ്ഞെടുക്കുകയായിരുന്നു.

സുഹൈറിനു തലേന്നു വൈകീട്ട് ഏഴുമണി വരെ ജോലിയുണ്ട്. ഷിഹാബിനു രാത്രി പത്തുമണിയും. അപ്പോഴും നമ്മളാണു ഫ്രീ. പിറ്റേന്നു യാത്രയിലെ ഭക്ഷ്യകാര്യ വകുപ്പ് നമ്മുടെ തലയില്‍ തന്നെ. കയ്യില്‍ സ്വന്തം ഫാമിലെ സ്വന്തം കോഴിയും. (ഞാന്‍ ജോലി ചെയ്യുന്നത് ഒരു ഷൈഖിന്റെ പ്രൈവറ്റ് അഗ്രി ഫാര്‍മിലാണു). രണ്ട് മൂന്നു കോഴി മുറിച്ചു അതില്‍ ചെറിയ ഉള്ളി. വെളുത്തുള്ളി, ഇഞ്ചി, വലിയജീരകം, ഒരു തക്കാളി, മുളക്- മഞള്‍- മല്ലി- കുരുമുളക് പൊടികള്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് രണ്ട് ചെറുനാരങ്ങയും പിഴിഞ്ഞ് രണ്ട് മൂന്നു മണിക്കൂര്‍ തേച്ച് പിടിപ്പിച്ചു വച്ച് പൊരിച്ചെടുത്തു. പൊരിക്കുന്നതിന്നിടയില്‍ ഒന്നു ടേസ്റ്റ് ചെയ്ത് നോക്കിയതാണു. എനിക്കെന്റെ പാചകത്തില്‍ അഭിമാനം തോന്നിയ അപൂര്‍‌വ്വ നിമിഷങ്ങളായിരുന്നു ഞാന്‍ സ്വയം അനുഭവിച്ചത്. ഇത്ര നല്ല ഒരു കുക്ക് എന്നില്‍ ഉറങ്ങിക്കിടന്നത് എന്താണാവോ ഞാനിത് വരെ അറിയാതിരുന്നത്. ഏകദേശം കഴിയാറായപ്പോഴാണു മസാലക്കൂട്ടില്‍ ഇനിയും കുറച്ചധികം പാത്രത്തില്‍ തന്നെ ചിക്കന്‍ കഷണങ്ങളുമായി കെട്ടിപ്പുണര്‍ന്ന് കിടക്കുകയാണെന്നു കണ്ടത്. കുക്കിനു പിന്നെയും ഉണരാതിരിക്കാനായില്ല. ഒരു പാത്രത്തില്‍ കുറച്ച് എണ്ണ ചൂടാക്കി ചിക്കനെ ഒന്നു പകുതി ഫ്രൈ ആക്കി. അതിലേക്ക് ഒരു സവാളയും തക്കാളിയും ബാക്കി വരുന്ന മസാലക്കൂട്ടും വച്ച് ഒരു ഫുള്‍ ഫ്രൈ. “സങ്കതി“ ഏറ്റുവെന്ന് പിറ്റേന്നത്തെ ഷിഹാബിന്റെയും സുഹൈറിന്റെയും ആക്രാന്തം സാക്ഷ്യം.

എല്ലാം ഒരു വഴിക്കായപ്പോള്‍ രണ്ട് പേരും എത്തി. പിറ്റേന്നേക്ക് വേണ്ടതെല്ലാം പാക്ക് ചെയ്ത് സുഖമായി കിടന്നുറങ്ങി. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലുള്ള ഒരു മയക്കം.

8 അഭിപ്രായങ്ങൾ:

  1. അവതരണം മനോഹരമായിരിക്കുന്നു. അല്‍പം വെട്ടിക്കുറക്കലും മിനുക്കുപണികളും വരുത്തിയാല്‍ പരമ്പര അവസാനിക്കുമ്പോള്‍ ഉംറയെക്കുറിച്ച് നല്ല ഒരു പുസ്തകം മലയാളിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി പ്രാര്‍ഥിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഇതൊരു മക്കാ മദീനാ യാത്രാ അനുഭവത്തിലുപരി പുതിയ യാത്രികര്‍ക്കുള്ള പഠന നിര്‍ദ്ദേശം കൂടിയാണ്.

    നല്ല വായനാനുഭവം....

    യാത്ര തുടരട്ടെ..അടുത്ത ഭാഗത്തിനായി കാക്കുന്നു. ആശംസകളോടെ.!

    മറുപടിഇല്ലാതാക്കൂ
  3. നല്ല വിവരണം.തുടര്‍ലക്കങ്ങള്‍ ഉടനെ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ജീവിതത്തിലെ എന്നും ഓര്‍ത്തിരിക്കുന്ന സുകൃതാനുഭവത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.. തുടക്കം നന്നായിട്ടുണ്ട്. തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവരെയും പോലെ പുതുലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു. (പ്രത്യേകിച്ച് മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നും വാഹനത്തില്‍ ഉമ്ര നിര്‍വഹിക്കാന്‍ പോവുന്നവര്‍ക്ക് ഈ പോസ്റ്റോരു മാര്‍ഗ്ഗനിര്‍ദ്ദേശമാവട്ടെ.)

    മറുപടിഇല്ലാതാക്കൂ
  6. ഒരിക്കല്‍ ഹറമിന്റെ തൊട്ടു സ്നേഹിതന്റെ റൂമില്‍ ഒരാഴ്ച താമസിച്ചു. റൂമില്‍ കുടിക്കാന്‍ വെള്ളമില്ല. മീറ്റര്‍ അപ്പുറത്ത് സംസം കിട്ടിയിട്ടും! അവരെ കുറെ കളിയാക്കി. അന്നവര്‍ പറഞ്ഞു 'നിങ്ങള്‍ ജിദ്ദക്കാര്‍ ഭാഗ്യവാന്‍മാര്‍' അന്നവരെ കുറ്റം പറഞ്ഞത് ശരിയായിരുന്നില്ല എന്ന് ഇന്ന് തോന്നുന്നു. (അന്ന് സഞ്ചാര സ്വാതന്ത്ര്യം ഇത്രയില്ലായിരുന്നു. പിന്നെ എന്റെ രേഖകളും ശരിയല്ല)


    ഇന്ന് ഹറമിലേക്ക്‌ ആയിരക്കണക്കിന് കി:മി: ദൂരമുള്ള നിങ്ങള്‍ ഭാഗ്യവാന്‍മാര്‍ എന്ന് ഞാനും പറയുന്നു. എത്ര ഭക്തി സാന്ദ്രമായിരിന്നിരിക്കണം നിങ്ങളുടെ യാത്ര! വെറും 55 കിലോമീറ്റര്‍ ദൂരം മക്കയിലേക്കുള്ള ഞങ്ങളൊക്കെ മടിച്ച് മടിച്ച്, അവസാനം പോകുന്നത് തന്നെ വല്ല മഞ്ചേരി ചന്തക്കു പോണ പോലെയും.

    എത്രയോ ഉംറ ചെയ്ത ഞാനും വളരെ താല്പര്യത്തോടെ വായിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  7. സുഹൈര്‍ ഞാന്‍ നേരില്‍ കാണാത്ത എന്റെ നാട്ടുകാരനായ സുഹൃത്താണ്, ബ്ലോഗില്‍ എന്റെ ഗുരുവാണ്.

    ഉംറയുടെ അനുഭവം പങ്കുവെക്കപ്പെടുന്ന ഈ പോസ്റ്റുകള്‍ ഇതുവരെ അതിനു ഒരുങ്ങാത്തവര്‍ക്കുള്ള പ്രചോദനവും മികച്ചൊരു 'കൈപുസ്തകവും' ആയി മാറുമെന്നതില്‍ സംശയമില്ല. എല്ലാവിധ ഭാവുകങ്ങളും.

    മറുപടിഇല്ലാതാക്കൂ
  8. CKLatheef
    Beemapally / ബീമാപള്ളി
    വല്യമ്മായി

    ഒരു യാത്രയില്‍ എനിക്ക് ഫീല്‍ ചെയ്തവ കുറിക്കാനും കൂടെ എനിക്കറിയാതിരുന്ന പലതും പങ്കുവക്കുവാനുമാണുദ്ദേശിക്കുന്നത്. വായനക്കും അഭിപ്രായത്തിനും നന്ദി/

    ശിഹാബ് മൊഗ്രാല്‍

    നീ അങ്ങിനെ വളവനാകേണ്ട, മര്യാദക്കൊരു കുറിപ്പിട് പോസ്റ്റായിട്ട്.

    നട്ടപ്പിരാന്തന്‍

    നട്ട്സിന്റെ ഉപദേശങ്ങള്‍ ഞങ്ങള്‍ക്ക് വളരെ ഗുണകരമായിരുന്നു. നന്ദി

    OAB/ഒഎബി

    അതെ ഒഎബി- പലപ്പോഴും അടുത്തുള്ളതിന്റെ വില നമുക്കറിയില്ല.

    ശ്രദ്ധേയന്‍ | shradheyan ആശോസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേക നന്ദി

    മറുപടിഇല്ലാതാക്കൂ