2010, ജനുവരി 18, തിങ്കളാഴ്‌ച

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും

അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രൂപം കൊള്ളുന്നു.ബ്ലോഗിന്റെ ഒരു വ്യത്യസ്തത അതിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്. നമ്മുടെ അഭിപ്രായം മാറ്റുരക്കുന്നത് അതില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടെ വരുമ്പോഴാണ്. സജീവമായ ചര്‍ച്ചകള്‍ വായനക്കാരായ പലര്‍ക്കും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ വീക്ഷിക്കുവാനും തങ്ങളുടെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്.

നമ്മുടെ ചിന്താഗതികള്‍ ഏറെക്കുറെ പ്രൊഗ്രാം ചെയ്യപ്പെട്ടവയാണു- അതെല്ലാവര്‍ക്കുമതെ. നമ്മുടെ ചുറ്റുപാടുകള്‍, വായന, മാധ്യമങ്ങള്‍, എന്തിനേറെ പരസ്യങ്ങള്‍ പോലും നമ്മെ നാമറിയാതെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു ഒരു മിഠായി വാങ്ങുമ്പോള്‍ പോലും ഇന്ന കമ്പനിയുടെ മിഠായി നല്ലതായിരിക്കുമെന്ന് നാം കരുതുന്നത് അതിലടങ്ങിയവയെ കുറിച്ചുള്ള അറിവിനേക്കാള്‍ പരസ്യത്തിന്റെ മികവിലായിരിക്കുമെന്നതാണു യഥാര്‍ത്ഥ്യം.

ഇതൊരു ചെറിയ മിഠായിയുടെ കാര്യം മാത്രമല്ല, നമ്മുടെ രാഷ്ടീയം,മതം തുടങ്ങിയവയിലെല്ലാം ഈ സ്വാധീനമുണ്ട്. ഇതിനു പുറമെ നമ്മെ സ്വാധീനിച്ചതെന്തോ അതിനു വിധേയമാകുന്ന ഒരു മനസ്സുകൂടി നാം വളര്‍ത്തിയെടുക്കുക കൂടി ചെയ്യും. നമുക്ക് നമ്മെ തന്നെ കൂടുതല്‍ നോക്കാനാണു കൂടുതല്‍ ഇഷ്ടം. ഒരു ഗ്രൂപ് ഫോട്ടോയില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നത് നമ്മെയാകും. ഇവിടെ നിന്ന് തുടങ്ങുന്നു നമ്മളിലെ നാം. അങ്ങിനെ കോണ്‍ഗ്രസ്സുകാരന്‍ വീക്ഷണവും, ലീഗുകാരന്‍ ചന്ദ്രികയും, ബിജെപിക്കാരന്‍ ജന്മഭൂമിയും, ജമാഅത്തുകാരന്‍ മാധ്യമവും, മാര്‍കിസ്റ്റുകാരന്‍ ദേശാഭിമാനിയും, യുക്തിവാദി യുക്തിരേഖയും വായിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുന്നു. ബ്ലോഗിലെ വായനയുടെ ചിത്രവും തരുന്ന സൂചനയും മറ്റൊന്നുമല്ല, കമെന്റുകള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുന്നതെയുള്ളൂ. എന്റെ മതപരമായ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമെന്റുകള്‍ അധികവും അതിനെ ചോദ്യം ചെയ്തവയെക്കാള്‍ അംഗീകരിക്കുന്നവയായിരിക്കും. ഒരിക്കല്‍ മാത്രമാണെനിക്ക് ഒരു സം‌വാദത്തിന്റെ സ്വഭാവത്തിലേക്കു വരുമെന്നു തോന്നിച്ചത്- പക്ഷെ അതോടെ അതു നിലക്കുകയും ചെയ്തു.

തന്നെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തു പറയാനുണ്ടെന്നതിനു പകരം എനിക്കെന്നെ കുറിച്ചെന്തു പറയാനുണ്ടെന്നാണ് അറിയാനാണെനിക്കിഷ്ടം. അങ്ങിനെ നാം നമ്മുടെ ചിന്തകളെ ഒരു പൂപ്പയാക്കി അതില്‍ മഥിക്കുന്നു. പക്ഷെ, ഇങ്ങിനെയൊക്കെയാണെങ്കിലും നാം മറ്റുള്ളവര്‍ കരുതുന്നത് ശരിയല്ല എന്നു നാം വിധിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സം‌വാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സം‌വാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സം‌വാദത്തിനുള്ള സാധ്യതയുള്ളൂ.

എന്നാല്‍ ചിലരാകട്ടെ- എല്ലാം ശരിയാണെന്ന് എല്ലാവരും ധരിക്കണമെന്ന് കരുതുന്നു. പക്ഷെ ശരിക്കാകട്ടെ ഒരു കുഴപ്പമുണ്ട്- അത് ഒന്നെയുണ്ടാകുകയുള്ളൂ. രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്.അങ്ങിനെ കരുതുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,ഉദാഹരണത്തിനു ബ്ലോഗിലെ ഏറ്റവും ഒരു പക്ഷെ സം‌വാദം നടക്കുന്ന ഒരു വിഷയമാണല്ലോ ദൈവം-

ദൈവം ഒന്നുകില്‍ ഉണ്ടാകും, ഇല്ലെങ്കില്‍ ഉണ്ടാകില്ല- എന്തായാലും ഉണ്ടില്ല എന്നത് ശരിയാകില്ല. ഇനി ഉണ്ടെന്നു സമ്മതിച്ചാലോ- ആരുടെ കാഴ്ചപ്പാടിലെ ദൈവ സങ്കല്പമാണു ശരിയെന്ന കാര്യത്തില്‍ പിന്നെയും തര്‍ക്കം വരുന്നു. ഹിന്ദുമതത്തിലെ തന്നെ അദ്വൈതവാദ ദൈവസങ്കല്പം ദ്വൈതവാദവുമായി ഒത്ത് പോകില്ല, അതിനാല്‍ ഒന്നുകല്‍ ദൈവത്തിനു ദ്വൈതവാദ പ്രകാരമുള്ള അസ്തിത്വമോ അല്ലെങ്കില്‍ അദ്വൈതവാദപ്രകാരമുള്ള അസ്ത്വിത്വമോ ഉണ്ടാകാനേ കഴിയൂ. ഒരേ സമയം ഏകനാവാനും എല്ലാറ്റിലുമാകാനും കഴിയില്ല എന്നര്‍ത്ഥം. ഹിന്ദു ദ്വൈതവാദം കൃസ്തീയ-മുസ്ലിം വിശ്വാസങ്ങളിലെ ഏകദൈവവാദവുമായി വിയോജിക്കുന്നു.

കൃസ്തവ ദൈവ സങ്കല്‍‌പവും ഇസ്ലാമിക ദൈവ സങ്കല്പവും തമ്മില്‍ പല കാര്യത്തിലും വിയോജിപ്പുണ്ട്. ഒന്നിനെ തന്നെ മൂന്നായും അതില്‍ മനുഷ്യാവതാരമായുമായാണ് കൃസ്തവര്‍ യേശുവിനെ കരുതുന്നത്. മാത്രമല്ല ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും കരുതുന്നു. മുസ്ലിങ്ങളാകട്ടെ ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഒരു സങ്കല്പവും ഒത്തു പോകില്ല എന്നാണു കരുതുന്നത്.

ഇതിലെ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെ ദൈവത്തിലേക്കടുക്കുന്ന കാര്യത്തില്‍ അതിലേക്കുള്ള വഴികളില്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇത് എല്ലാ ചിന്താഗതികള്‍ക്കിടയിലുമുണ്ട്.

ഈ പ്രശ്നം വെറും മതരംഗത്തു മാത്രമല്ല, ഭൗതിക നേട്ടങ്ങള്‍ക്കു രൂപം നല്‍കുന്ന രാഷ്ട്രീയമാകട്ടെ, സാംസ്കാരിക രംഗമാക്ട്ടെ ഒന്നും ഈ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമല്ല. ലോകത്തിന് പറ്റിയ സാമ്പത്തികരീതി കമ്യൂണിസമാണോ, സോഷ്യലിസമാണോ, കാപിറ്റലിസമാണൊ എന്നല്ലാം വ്യത്യസ്ത വീക്ഷണങ്ങളാണു. അതില്‍ തന്നെ വിശദീകരണങ്ങള്‍ വരുമ്പോള്‍ ഓരോന്നും പിന്നെയും വിഭാഗങ്ങളായി മാറുന്നു.എത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണുള്ളത്?

ഇവര്‍ ഓരോ കൂടുകൂട്ടി കൂട്ടില്‍ നിന്നും പുറത്തിറങ്ങാതെ പറക്കുന്നതിന്നു പകരം പരസ്പരം എനിക്കെന്തു പറയാനുണ്ടെന്നു പറയുമ്പോഴാണു ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുന്നത്, അങ്ങിനെ പറയുന്നവന് മറ്റുള്ളവരെന്തു പറയുന്നു എന്ന് ശ്രവിക്കുവാനും ബാധ്യതയുണ്ട്. തനിക്കു ശരിയെന്ന് തോന്നുന്നത് അങ്ങിനെ തന്നെ വിശ്വസിക്കുമ്പോഴും മറ്റുള്ളവന്റെ ശരി എനിക്കു തെറ്റാണെങ്കിലും അവന്റെ ശരി തന്നെയാണെന്ന് ഉള്‍കൊള്ളുവാന്‍ കഴിയുന്നവനേ സം‌വാദത്തിനര്‍ഹതയുള്ളൂ. എന്റെ ശരി എന്തുകൊണ്ടെനിക്കു ശരിയാകുന്നുവെന്നു പറയുന്നവന്‍ അപരന് എന്തു പറയാനുണ്ടെന്നു കേള്‍ക്കാന്‍ ബാധ്യസ്തനുമാകുന്നു. പ്രത്യേകിച്ചും നിന്റെ ചിന്താഗതി തെറ്റാണെന്നു പറയുന്നവര്‍.

എല്ലാവരെയും ഇനി ഒരേ രൂപത്തിലേക്കു ചിന്തിപ്പിക്കാനുകുമെന്നത് ഒരു വിഡ്ഡിത്തമാണു. എത്ര തന്നെ ബോധ്യപെട്ടാലും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത്യും നമുക്കു കാണാം.അപരന്റെ തെറ്റിനെ പര്‍‌വതീകരിക്കുന്നവര്‍ തങ്ങളുടെ നേതാക്കളുടെയും സമൂഹത്തിന്റെയും തെറ്റുകളെ ഏറ്റെടുക്കുന്നത് കാണുന്നതങ്ങിനെയാണു.പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്. പലരിലും അത് പല അളവിലാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.

നായനാരുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണു. നിഷ്പക്ഷമൊന്നതൊന്നില്ല എന്നത്. അധികവും അവനവന്റെ പക്ഷമാണു നിഷ്പക്ഷം. ഇവിടെയാണു സം‌വാദങ്ങളുടെ പ്രസ്ക്തി. പരസ്പരം സം‌വദിക്കാതെ സമൂഹത്തിനു മുന്നോട്ട് പോകുവാന്‍ കഴിയില്ല. സം‌വാദം അടഞ്ഞ വാതിലുകള്‍ തുറക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സഹായിക്കുന്നു, ഒരു സം‌വാദം എല്ലാറ്റിനും പരിഹാരവുമൊന്നുമല്ല, എങ്കിലും അവക്കു കുറെ പരിഹാരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നു.

രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ, ഇനി ദൈവമുണ്ടൊ ഇല്ലെയോ എന്നു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ല എന്നു വിശ്വസിക്കുന്നവരും തമ്മിലും സംദവദിക്കട്ടെ. അതില്‍ തന്നെ ഓരോ മതക്കാരും വെവ്വേറെയായും കൂട്ടമായും ഉണ്ടെന്നു വിശ്വസിക്കുന്നവും ഇല്ല എന്നു വിശ്വസിക്കുന്നവ്രുമായി ചര്‍ച്ചകള്‍ നടക്കട്ടെ.

അപ്പോഴെല്ലാം പര്‍സ്പരം പാലിക്കേണ്ട ചില മര്യാദകളുണ്ട്, ക്രൈസ്തവ വാദപ്രകാരമുള്ള ദൈവ സങ്കല്പമാണ് ശരിയെന്നും ഹിന്ദു മതപ്രകാരമുള്ള ദൈവ സങ്കല്പങ്ങള്‍ക്കു ഇന്ന ദൗര്‍ബല്യങ്ങളുണ്ടെന്നു ക്രൈസ്ത്യാനി വാദിക്കുമ്പോള്‍ ഏതു ഹൈന്ദവനും ആ വാദങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും വക വച്ചു നല്‍കാന്‍ വാദിക്കുന്നയാള്‍ ബാധ്യസ്ത്ഥനാണ്.

ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

എനിക്കെല്ലാവരെയും ചോദ്യം ചെയ്യാം. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനവകാശമില്ല എന്ന സങ്കുചിതമായ നിലപാടിന്റെ ഭാഗമാണത്. എനിക്കെ എല്ലാം മനസ്സിലാക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവുള്ളൂ എന്ന ബാലിഷമായ നിലപാടിന്നടിമകളാണിവര്‍-

ദൈവമില്ല എന്നു വാദിക്കുന്ന ഒരു യുക്തിവാദിക്ക് ഏത് ദൈവവിശ്വാസവും ശരിയല്ല എന്നു വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. പക്ഷെ, അതോടൊപ്പം തന്നെ ത്ന്റെ ചോദ്യങ്ങളെയും ചോദ്യം ചെയ്യപ്പെടാനുള്ള വിശ്വാസിയുടെ അവകാശത്തെയും മാനിക്കാന്‍ പഠിക്കേണ്ടതുണ്ട്.അതെപോലെ ദൈവമുണ്ടെന്നു വാദിക്കുന്ന ഒരു മത വിശ്വാസിക്ക് അതില്ല എന്നു വാദിക്കുന്ന ഒരു നിഷേധിയുടെ വാദങ്ങള്‍ക്ക് മറുപടിപറയാനും തന്റെ വാദങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനുമുള്ള അവകാശത്തെ മാനിക്കുവാനും കഴിയേണ്ടതുണ്ട്. എല്ലാറ്റിനെയും ചോദ്യം ചെയ്യുക എന്നതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും തെറ്റിദ്ധരിപ്പിക്കുക എന്നതാവരുത്. അതാരില്‍ നിന്നും.

ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന, അതിനെ ഉള്‍കൊള്ളാന്‍ വിശാലതയുള്ള ഒരുലോകം ഈ വിവരസാങ്കേതിക ലോകം നമുക്കു നല്‍കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്.

29 അഭിപ്രായങ്ങൾ:

  1. പ്രസക്തമായ പോസ്റ്റ്. സംവാദങ്ങള്‍ കണ്‍സ്ട്രക്റ്റീവ് ആണ് ആവേണ്ടത്. പക്ഷേ വിഷമത്തോടെ തന്നെ പറയട്ടെ, ബ്ലോഗില്‍ ഇപ്പോള്‍ ഡിസ്ട്രക്റ്റീവ് സംവാദമാണുള്ളത്. ഒരാള്‍ക്കും ഉപകാരപ്പെടാതെ ഒരു ചര്‍ച്ച കൊണ്ടെന്തു കാര്യം!!

    നല്ല ചര്‍ച്ചകള്‍ ബൂലോഗത്ത് കൂടുതല്‍ സജീവമാകട്ടെ എന്നാശംസിക്കാം

    മറുപടിഇല്ലാതാക്കൂ
  2. ഓരോരുത്തര്‍ക്കും അവരവരുടേത് ശരിയെന്നും അപരന്റെ അഭിപ്രായം തെറ്റാണെന്നും സമര്‍ത്ഥിക്കാനുള്ള അവകാശങ്ങളെ പരസ്പരം മനസ്സിലാക്കുന്നിടത്ത് മാത്രമെ ഒരു സംവാദം വിജയിക്കുകയുള്ളൂ.

    എന്റെ അഭിപ്രായത്തെ അംഗീകരിക്കുന്ന സമീപമനം മാത്രമേ അപരനില്‍ നിന്നുണ്ടാകാവൂ എന്ന് ശഠിക്കുകയും, അതിനെ അംഗീകരിച്ചില്ലെങ്കില്‍ അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി അഹന്ത/അഹംഭാവത്തിന്റെ ലക്ഷണമാണ്.

    എന്നിരുന്നാല്‍ തന്നെയും മറ്റുള്ളവരെ കുറിച്ച് നാം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ ഒരു മിനിമം സത്യ സന്ധതയെങ്കിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.


    വളരെ പ്രസ്ക്തമായ പോസ്റ്റ്
    ആരോഗ്യകരവും ആത്മാര്‍ത്ഥവുമായ ചര്‍ച്ചകള്‍ നടക്കട്ടെ എന്ന് നമുക്ക് ആശിക്കാം.

    കാട്ടിപരുത്തിക്ക്..അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. സംവാദത്തിൽ;

    നാക്കിനൊടൊപ്പം ചെവിയും,
    അറിവിനൊടൊപ്പം സംയമനവും

    മറുപടിഇല്ലാതാക്കൂ
  4. വളരെ പ്രസക്തമായ നിരീക്ഷണം !
    ബൂലോക ചര്‍ച്ചകളില്‍ വിഷയവുമായി ബന്ധപ്പെട്ട് പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറില്ല.പലപ്പോഴും ഓഫ് ടോപ്പിക്കിലാവും ചര്‍ച്ച! പിന്നീട് ചര്‍ച്ചയിലെ വിജയിയെ തീരുമാനിക്കലാണ്. നന്നായി തെറി വിളിക്കാന്‍ കഴിയുന്ന ആള്‍ വിജയി! ഈ ഒരു തരത്തിലാണ്, ബ്ലോഗ്ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അസഹിഷ്ണുതയോടെ വിഷയത്തെ സമീപിക്കുന്നത് തികച്ചും അപക്വമാണെന്ന് എല്ലാവരും മനസ്സിലാക്കാന്‍ ഉതകുന്ന ഈ നല്ല പോസ്റ്റിന്,കാട്ടിപ്പരുത്തിയ്ക്ക് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമായതുതന്നെ.

    മറ്റുള്ളവന്റെ അഭിപ്രായത്തെ അംഗീകരിക്കാൻ ചിലർക്ക് കഴിഞ്ഞെന്ന് വരില്ല. കണ്ടീഷ്യൻഡ് ആയ ഒരു മനസ്സിൽ വേറൊന്നും കയറില്ല. ദൈവത്തിന്റെ കാര്യം തന്നെ എടുക്കാം. ഇസ്ലാമിന്റെ ഗ്രന്ഥത്തിലെ ഒരു വാക്കുപോലും മാറ്റാനോ തെറ്റാനോ പാടില്ല എന്ന നിബന്ധനയുള്ളപ്പോൾ ഒരു തർക്കത്തിന് എന്തടിസ്ഥാനമുള്ളത്. വെറുതെ അപഹാസ്യരാവുക എന്നതല്ലാതെ. യുക്തിഭദ്രമായ കാര്യങ്ങൾ പറയാതെ മതഗ്രന്ഥങ്ങളിലെ സിദ്ധാന്തങ്ങളായിരിക്കും മറുപടിയായി ഉണ്ടാവുക.

    ആദ്യം വാദിച്ചുനോക്കും, പിന്നെ സംവാദമാകും, അവിടന്നു വിട്ടാൽ ജല്പം. പിന്നീട് ഗതികെട്ടാൽ വിതർക്കം.

    മറുപടിഇല്ലാതാക്കൂ
  6. പാര്‍ത്ഥന്‍-
    അതും ചര്‍ച്ചയിലും സം‌വാദനത്തിലും വിഷയമായി വരട്ടെ- അങ്ങിനെയും ഒരു ചര്‍ച്ച പാടില്ലെന്നു വാദിക്കേണ്ടതില്ലല്ലോ?

    പിന്നെ മുസ്ലിങ്ങളുടെ മത ഗ്രന്ഥം മാറ്റണമോ മാറ്റേണ്ടതില്ലയോ? ഒരു സം‌വാദ വിഷയമാകട്ടെ-

    അങ്ങിനെ മാറ്റണമെന്നത് പാര്‍ത്ഥന്റെ താത്പര്യം- വേണ്ടതെന്ന് മുസ്ലിമിന്റെതും-

    എല്ലാവരുടെയും അഭിപ്രായങ്ങളില്‍ ഈ പ്രോഗ്രാം ചെയ്യപ്പെട്ട മനുസ്സുണ്ടെന്നത് അറിഞ്ഞിരിക്കുക.

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചിരിക്കേണ്ട പോസ്റ്റു....വിശ്വാസിയും അവിശ്വാസിയും....

    ##പാര്‍ത്ഥനോട്....ചര്‍ച്ചകള്‍ നടക്കേണ്ടത്‌ സംവാദം ഉണ്ടാകേണ്ടത് (താങ്കളുടെ വീക്ഷണത്തില്‍) ഖുര്‍ആനിലെ വചനങ്ങള്‍ മാറ്റാനോ അതു ദുര്‍വ്യാഖ്യാനിക്കാനോ ആകരുത്.....

    ഈ കാലഘട്ടത്തിലെ ജനതയ്ക്ക്, അവരുടെ നന്മ നിറഞ്ഞ ജീവിതത്തിനു ഖുര്‍ആന്‍ എന്ത് തടസ്സമാണ് നില്‍ക്കുന്നത് എന്നതിനെ കുറിച്ചാകട്ടെ...മാനവികതയുടെ മുന്നേറ്റത്തിനു ഖുര്‍ആന്‍ എന്തു തടസ്സമാണ് നില്‍ക്കുന്നത്..ഒരു കുട്ടിയ്ക്ക് പൂര്‍ണനായ, നന്മനിറഞ്ഞവനായ ഒരു മനുഷ്യനായി മാറുന്നതിനു ഖുര്‍ആന്‍ ഏത് രീതിയിലാണ് തടസ്സം നില്‍ക്കുന്നത്. അതിന്റെ ഏത് വചനങ്ങളാണ് അതിനു വിഘാതം സൃഷ്ടിക്കുന്നത് ആ ചൂണ്ടിക്കാട്ടലുകളില്‍ ഒരാള്‍ വിജയിച്ചാലല്ലേ ഒരു പൊളിച്ചടുക്കലിനു ഖുര്‍ആനിനെ സംബന്ധിച്ച് പ്രസക്തിയുള്ളൂ..

    ഇന്ന് മലയാള ബ്ലോഗു ലോകത്ത് സംഭവിക്കുന്നത്‌ എന്താണ്, ബ്ലോഗു ലോകത്തെ പലര്‍ക്കും ഖുര്‍ആനിനെ ജബ്ബാര്‍ മാഷിനെപ്പോലുള്ളവര്‍ വ്യാഖ്യാനിക്കണം.

    അവരുടെ ദൈവം ഇത്തരം ആള്‍ക്കാരാണ്.

    ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്ന സംഭവങ്ങള്‍ അതു നടക്കുമ്പോള്‍ ജീവനോടെ ഉണ്ടായിരുന്ന പ്രവാചകനും, അനുയായികളും, അതിനു ശേഷം മറ്റു മഹാന്മാരായ പണ്ഡിതരും, സംഭവം ഇതാണ്, ഈ കാരണങ്ങളാണ്, ഇങ്ങനെ സംഭവിച്ചത് കൊണ്ടാണ് ഖുര്‍ആന്‍ അങ്ങിനെ നിര്‍ദ്ദേശിച്ചത്, എന്നു പറഞ്ഞാലും മുസ്ലിങ്ങള്‍ അത് അവിശ്വസിക്കണം..

    പിന്നെ വിശ്വസിക്കെണ്ടതോ കേരളത്തില്‍ ഇപ്പോഴും ജീവനോടയുള്ള ജബ്ബാര്‍ മഹാന്റെ പോലുള്ളവരുടെ വ്യാഖ്യാനങ്ങളെയും....

    പാര്‍ത്ഥ..താങ്കള്‍ക്ക് സഹോദരന്‍ ജബ്ബാറിന്റെ വ്യാഖ്യാനങ്ങളെ, അവരെപ്പോലുള്ളവരെ വിശ്വസിക്കാം അത് താങ്കളുടെ അവകാശം..

    അതില്‍ അവിശ്വസിക്കാനുള്ള അവകാശം ഇസ്ലാം വിശ്വാസികള്‍ക്കും നല്‍കൂ......

    നന്മകള്‍ നേര്‍ന്നുകൊണ്ട്..

    മറുപടിഇല്ലാതാക്കൂ
  8. പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമായതുതന്നെ. പക്ഷെ ഒരു സബ്ജെക്റ്റിൽ നിന്നും വേരെയൊന്നിലേക്ക്‌ പെട്ടന്ന് തെന്നിമാറാൻ ശ്രമിക്കുന്ന പോലെ തോന്നി.. ചർച്ചകൾ ഒരു പരിധിവരെ അന്യം നിൽക്കുന്ന കാലത്ത്‌ ഇത്തരം നീക്കങ്ങൾ സുത്യർഹം തന്നെ...

    മറുപടിഇല്ലാതാക്കൂ
  9. നല്ല വിഷയം.
    സംവാദങ്ങളിലൂടെ അനേകം പേരുടെ കാഴ്ച്ചപ്പാടുകള്‍
    നമുക്കറിയാന്‍ കഴിയുന്നു എന്നത് വളരെ പ്രധാനപ്പെട്ട നേട്ടം തന്നെയാണ്.
    മറ്റുള്ളവരുടെ(ആരുടേതോ ആകട്ടെ!) മനസ്സിനകത്തുകൂടി വസ്തുതകളെ നോക്കിക്കാണാനായാല്‍
    നമ്മുടെ മനസ്സിലെ അന്ധകാരം കുറെ ഒഴിഞ്ഞുകിട്ടും എന്നത് സത്യമാണ്.
    ഇതിനുള്ള അവസരം നെറ്റിലുള്ളതുപോലെ മറ്റെവിടേയും സാധിക്കുമെന്ന് തോന്നുന്നില്ല.

    ഈ നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍...., കാട്ടിപ്പരുത്തി.

    മറുപടിഇല്ലാതാക്കൂ
  10. നല്ല പോസ്റ്റ് അഭിനന്ദനങ്ങൾ.........

    മറുപടിഇല്ലാതാക്കൂ
  11. താ‍ന്‍ പരാജയപ്പെടുന്നു എന്ന് തോന്നുകില്‍ സംവേദകന് സംയമനം പാലിക്കാന്‍ കഴിയാതെ പോവുന്നിടത്ത് നിന്ന് തുടങ്ങുന്നു അശ്ലീലങ്ങള്‍. നേരിട്ടാണെങ്കിലൊ കൂടുതല്‍ ശബ്ദം ഉയര്‍ത്താന്‍ കഴിവില്ലാത്തവന്റെ തോല്‍വി മറ്റവന്റെ ജയം ആയി പ്രഖ്യാപിക്കപ്പെടുന്നു.

    ബ്ലോഗില്‍ (അധികവും) ഒരു പോസ്റ്റിന്റെ കമന്റില്‍ കേറിപിടിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നതായി കാണുന്നു.

    നല്ലൊരു പോസ്റ്റെഴുതിയതിന് നന്ദിയോടെ....

    മറുപടിഇല്ലാതാക്കൂ
  12. നന്നായി... വളരെ പ്രസക്തമായ വീക്ഷണം...

    ഇക്കാലത്ത്‌ നാം പൊതുവേ കണ്ടുവരുന്നത്‌ മറ്റുള്ളവന്റെ വാദഗതി ക്ഷമാപൂര്‍വ്വം ശ്രദ്ധിച്ച്‌ സ്വയം വിലയിരുത്തുവാനുള്ള സഹിഷ്ണുതയില്ലായ്മയാണ്‌. ഇക്കാര്യത്തില്‍ വിശ്വാസികളേക്കാള്‍ ക്ഷമയും സഹിഷ്ണുതയും കണ്ടു വരുന്നത്‌ അവിശ്വാസികളിലാണെന്നത്‌ സത്യം തന്നെയല്ലേ? മതങ്ങള്‍ പറഞ്ഞതിന്‌ അപ്പുറത്തേക്ക്‌ ചിന്തിക്കുന്നത്‌ ദൈവശിക്ഷ വിളിച്ചു വരുത്തും എന്ന ഉള്‍ഭയം തന്നെയല്ലേ ഈ അസഹിഷ്ണുതയ്ക്ക്‌ നിദാനം? എന്റെ പുതുവത്സര ചിന്തകളില്‍ ഈ വിഷയത്തെക്കുറിച്ച്‌ ചെറിയൊരു തിരി കൊളുത്തിയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. നന്നായിട്ടുണ്ട് സര്‍,

    "ചിന്തകള്‍ ചെപ്പില്‍ ഒതുക്കണ്ടതല്ല,
    ചെപ്പ് തുറക്കുന്നവനെ നോക്കി, ഉറക്കം നടിക്കേണ്ടതുമില്ല..."

    അല്ലെ ////
    ottavari raman

    മറുപടിഇല്ലാതാക്കൂ
  14. നന്നായി ചിന്തിപ്പിച്ച പോസ്റ്റിനു നന്ദി
    പദ്മ ദേവി

    മറുപടിഇല്ലാതാക്കൂ
  15. സംവാദത്തിന്റെ പ്രസക്തിയെ സാധൂകരിക്കുന്ന ലേഖനം. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  16. ഭയമുള്ളവർക്കു സ്വന്തം അഭിപ്രായം പറയാൻ കൂട്ടു വേണ്ടിവരും. ഭയമില്ലാതെ, പരസ്പര ബഹുമാനത്തോടെ സംസാരിക്കാൻ കഴിയുന്നവർ, പക്വതയോടെ സംസാരിക്കുമ്പോഴെ കഴമ്പുള്ള വാക്കുകൾ വരു. അത്തരം വാകുകളെ നല്ല സംവാദങ്ങളായി വളരു.

    ഏതെങ്കിലും ഒരു കൂട്ടത്തിൽ (നാട്ടുകൂട്ടമോ, ജാതികൂട്ടമോ, രാഷ്ട്രീയകൂട്ടമോ ഒക്കെ ആവാം) ചേർന്നു നിന്നുകൊണ്ടു മാത്രം സംസാരിക്കാൻ കഴിയുന്നവർ ഒരിക്കലും സ്വന്തം അഭിപ്രായമായിരിക്കില്ല പറയുന്നത്‌; അയാൾ നിൽക്കുന്ന Group നെ പ്രീണിപ്പിക്കുന്ന കുറെ വാക്കുകളായിരിക്കും അത്‌! സംസാരിക്കുന്നവന്റെ നാടും, കുടുംബവും, ജാതിയും, മതവും, രാഷ്ട്രീയവുമൊക്കെ വേർതിരിച്ചു നോക്കിയിട്ടു മാത്രം പ്രതികരിക്കുന്ന വിലകുറഞ്ഞ സംസ്കാരം ഒരിക്കലും വിലയുള്ള ഒന്നും ഒരു സമൂഹത്തിനും നൽകില്ല - അതു പഞ്ചായത്തു കമ്മറ്റി ആയാലും, Blog comments ആയാലും!

    നല്ലൊരു ലേഖനത്തിനു അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  17. പല സംവാദങ്ങളിലും തന്റെ വാദമുഖങ്ങളെ ചോദ്യം ചെയ്യുന്നവരെ അസഹിഷ്ണുതയോടെ നേരിടുന്നവരെ ബ്ലോഗില്‍ കാണാം. എതിരാളിയെ അഭിപ്രായം പറയാന്‍ അനുവദിക്കാതെ പുറത്താക്കി, തന്റെ തെറ്റ് ചൂണ്ടിക്കാണിച്ചവനെങ്കിലും, അത്രക്കൊന്നും വിവരം അയാള്‍‍ക്കുണ്ടാവില്ല എന്ന മുന്‍വിധി പറഞ്ഞ ഒരു സംവാദക്കാരനെ അടുത്തിടെ കണ്ടു. ഒരു വാദത്തിന് മറുവാദം എപ്പോഴും പ്രതീക്ഷിക്കണം, അത് സഹിക്കാന്‍ കഴിയാത്തവര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് നല്ലത്.

    പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ സാഹോദര്യം വളര്‍ത്തുകയേ ഉള്ളൂ, അങ്ങിനെയാണ് സംസ്കൃതസമൂഹം ഉണ്ടാകുന്നത്.

    നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  18. 'രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ.ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ,'

    പ്രശ്‌നമതല്ല കാട്ടിപ്പരുത്തി.. ഇത്തരം നിബന്ധനകളാണ് ആരോഗ്യകരമായ സംവാദത്തിന്റെ അന്തകനായി വരുന്നത്. യുക്തിവാദി കരുതുന്നത് ഞാനുമായി സംവദിക്കുന്നവന്‍ യുക്തിക്ക് പരമ സ്ഥാനം നല്‍കുന്നവനാകണം എന്നാണ്. മതവിശ്വാസി കരുതുന്നത് ഞാന്‍ വേദഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് അപരനും അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് എന്ന വിധത്തിലാണ്.

    രാഷ്ട്രീയ ചര്‍ചയില്‍ മതത്തിന്റെ ആളുകള്‍ പങ്കെടുത്താല്‍ വല്ല പ്രശ്‌നവുമുണ്ടോ. മതങ്ങള്‍ തമ്മിലുള്ള ചര്‍ചയില്‍ ഒരു രാഷ്ട്രീയകാരന്‍ പങ്കെടുത്താല്‍ വല്ല പ്രശ്‌നവുമുണ്ടോ. ഇല്ലെന്നാണ് എന്റെ അഭിപ്രായം.


    എങ്കിലും പറയട്ടേ. നല്ല ചിന്ത. നന്‍മയോട് ആഭിമുഖ്യമുള്ളവരാണ് ഭൂരിപക്ഷമെന്ന് ഈ അനുകൂല പ്രതികരണങ്ങള്‍ തന്നെ തെളിവ്.

    മറുപടിഇല്ലാതാക്കൂ
  19. പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്.

    കൂടെ ദൈവത്തേയും കൂടെ കൂട്ടിക്കോളൂ.. അവരാണല്ലോ ഇപ്പോള്‍ കൂടുതല്‍ വിധേയരായി വക്കാലത്ത് പിടിക്കുന്നത്..

    മറുപടിഇല്ലാതാക്കൂ
  20. യുക്തിവാദികള്‍ എന്തുകൊണ്ട്‌ നിരന്തരം വിശ്വാസങ്ങളെ.., അതിന്‍റെ വേദങ്ങളെ പോത്തിന്‍റെ മനസ്സുമായി നേരിടുന്നു എന്ന്‌ അന്വേഷിക്കുകയാണിവിടെ .. യുക്തിവാദം വിശ്വാസം : ഇരുളും വെളിച്ചവും ..

    മറുപടിഇല്ലാതാക്കൂ
  21. kichu / കിച്ചു
    അതു തന്നെയാണു കിച്ചൂ ഈ പോസ്റ്റിനെ പ്രസക്തമാക്കുന്നതും-

    ചിന്തകന്‍

    കാക്കര - kaakkara

    വാഴക്കോടന്‍ ‍// vazhakodan

    അനിൽ@ബ്ലൊഗ് പറഞ്ഞു...

    ബീമാപള്ളി / Beemapally

    chithrakaran:ചിത്രകാരന്‍

    ചാണക്യന്‍

    വിനുവേട്ടന്‍|vinuvettan


    OAB/ഒഎബി

    Padmadevi

    ശ്രദ്ധേയന്‍ | shradheyan

    തെച്ചിക്കോടന്‍

    എല്ലാവരുടെയും വായനക്കും അഭിപ്രായത്തിനും നന്ദി-

    ഒറ്റവരി രാമന്‍

    ഒറ്റവരിൽ നന്നയി ചൊല്ലി

    shine | കുട്ടേട്ടൻ പറഞ്ഞു...

    ഒരുകൂട്ടില്ലാത്തവരാരുമില്ല എന്നതും ചേർത്തു വായിക്കേണ്ടി വരുന്നില്ലെ.
    CKLatheef

    ഞാൻ ചിലവയെ ഉദാഹരിച്ചെന്നു മാത്രം. ഏതു ചർച്ചയിലും അഭിപ്രായമുണ്ടെന്നു തോന്നുന്നവർക്കു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. ചർച്ച ചെയ്യാനുള്ള മനസ്സും.

    മുക്കുവന്‍

    അവനന്റെ പക്ഷമാണു നിശ്പക്ഷം.

    Manoraj
    ഇതിലേറെ പറയാനുണ്ട്- പക്ഷെ അറിഞ്ഞതിൽ പാതിപോലും പുറത്തു വരില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  22. നല്ല പോസ്റ്റ്‌..വൈകി എത്തിയതില്‍ ക്ഷെമിക്കുമാലോ
    ഓരോര്തര്‍ക്കും അവനവന്റെ തെറ്റുകള്‍ ശെരിയും,
    ആ തെറ്റിന് ന്യായങ്ങളും ഉണ്ടാകും,എന്നാല്‍ ആ തെറ്റ്
    മറ്റൊരാള്‍ ചെയ്യുമ്പോള്‍ കൊടുംപാപം ആയി മാറുന്നു..
    എന്ത് ചെയ്യാം..
    ജനം പലവിതം..ആര്‍ക്കും,ആരെയും വിമര്‍ശിക്കാനോ,
    അവരില്‍ കുറ്റം ആരോപിക്കാനോ അര്‍ഹതയില്ല...

    മറുപടിഇല്ലാതാക്കൂ
  23. നല്ല പോസ്റ്റ്
    പക്ഷെ താങ്കൾ പറയുന്നത് പോലെ സംവാദങ്ങൾ കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടോ?
    ഇതുവരേ ഒരു സംവാദത്തിലും ഒരുകൂട്ടർ പറയുന്നത് എതിർ കക്ഷികൽ അംഗീകരിച്ചിട്ടില്ല!! പിന്നെയെന്തിന് സമയം കളയണം??
    ഉദാഹരണം: ദൈവം ഉണ്ടോ ഇല്ലയോ? കാലങ്ങളായി സംവാദങ്ങൾ നടക്കുന്നു. ഇപ്പോഴ്യും അതെ ചൊദ്യം ആവർത്തിച്ച് ചോദിക്കുന്നു. ഇങ്ങനേയുള്ളവ സംവാദങ്ങൾ കൊണ്ട് തീർപ്പ്കൽ‌പ്പിക്കാൻ കഴിയുമോ??
    അപ്പൊൾ ഈ സംവാദത്തിനെടുക്കന്ന സമയം മനുഷ്യന്റെ നന്മക്ക് വേണ്ടി ഉപയോഗിക്കാമായിരുന്നില്ലേ??
    ഒരു ഉപകാരവുമില്ലാത്ത ഇത്തരം വാദങ്ങൾ നിർത്തുന്നതല്ലെ നാല്ലത്?
    മതമുള്ളവരും ഇല്ലാത്തവരും, ദൈവ വാദികളും നിരീശരവാദികളൂം ഇനി ഒരിക്കലും ബ്ലൊഗിൽ സംവദിക്കില്ലയ്ര്ന്ന് ഇവിടെ പ്രതിജ്ഞയെടുക്കണം!!!
    ഒരോരുത്തരുടേയും വാദങ്ങൾ മതി പ്രദിവാദങ്ങൾ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  24. നന്ദന-
    എല്ലാറ്റിനും എല്ലാവരില്‍ നിന്നും ഫലം കിട്ടുമെന്നു കരുതുന്നത് തന്നെ ഏറ്റവും വലിയ തെറ്റ്- ടെലിവിഷനിലെ രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ സംവദിക്കുന്നത് കേട്ടിട്ടില്ല? എന്നിട്ട് അവസാനം ഒരാള്‍ മറ്റൊരാലുടെ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടാണോ അവസാനിക്കാറുള്ളത്?

    ഇതെല്ലാം ബാലിഷമായ കാഴ്ച്ചപാടുകളാണ്.

    ലക്ഷ്മി-
    വായനക്കും അഭിപ്രായത്തിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  25. ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

    വളരെ ശരി.

    മറുപടിഇല്ലാതാക്കൂ
  26. സം‌വാദം എല്ലാ വിഷയങ്ങളിലും നല്ലത് തന്നെ ഒരാളുടെ കാഴ്ച്ചപ്പട് മറ്റുള്ളവരോട് മാന്യമായി പറയുക. അത് അപരന്‍ സ്വീകരിച്ചോ ഇല്ലയോ എന്നുള്ളതല്ല .തന്‍റെ കാഴ്ച്ചപ്പടിലെ തെറ്റും ശരിയും മനസ്സിലാക്കാന്‍ ബുദ്ദിയുള്ളവര്‍ക്ക് കഴിയും സം‌വാദം കൊണ്ട്. അതവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യും.

    ഇങ്ങനെ ഒരു വിഷയം സം‌വാദത്തിനിട്ടത് നല്ല കാര്യം തന്നെ .

    മറുപടിഇല്ലാതാക്കൂ
  27. ഓരൊരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്..
    സഹിഷ്ണതയോടെ കേട്ടിരിക്കാനും പ്രതിപക്ഷ ബഹുമാനം കൊടുക്കാതിരിക്കുകയും
    ചെയ്യുന്നവരാണ് പ്രശ്നക്കാർ..ഒരു പക്ഷേ താൻ തോറ്റു പോകുന്നുണ്ടോ എന്ന പേടിയാണ് ഇത്തരക്കാരെ അപക്വമായ രീതികളിലേക്കു പോകാൻ നിർബന്ധിതരാക്കുന്നത്.. മിക്ക ചർച്ചകളും അവസാനം വ്യക്തിപരമയ തേജോവധം ചെയ്യലിലാണ് എത്തിച്ചേരാറുള്ളത്.. അത് സാധാരണക്കാർ തൊട്ടു പണ്ടിതന്മാർ വരെ..മറ്റൊരാളെ അല്ലെങ്കിൽ മറ്റൊരു സംഹിതയെ അപകീർത്തിപ്പെടുത്തുമ്പോൾ
    ആ ചെയ്യുന്ന ആളുടെ നിലവാരം തന്നെ താഴുകയാണെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്..

    മറുപടിഇല്ലാതാക്കൂ