2009, ഡിസംബർ 16, ബുധനാഴ്‌ച

കത്ത് പാട്ടിലൂടെ ഒരു യാത്ര

അന്ന് ആറേ ഏഴോ വയസ്സായിക്കാണും, തേച്ചു മിനുക്കിയ മുറ്റം മുഴുവന്‍ വയലില്‍ നിന്നും കൊണ്ടുവന്ന നെല്ലിന്‍ കറ്റകളാണ്, കൃഷിപ്പണിക്കാരികള്‍ മെതി തുടങ്ങാനായി നില്‍ക്കുകയാണ്, ഇതെല്ലാം കണ്ട് നില്‍ക്കുന്ന എന്നിലെ കലാകാരനുണര്‍ന്നു, ഞാന്‍ അന്നത്തെ സൂപര്‍ഹിറ്റ് പാടി

രണ്ടോ നാലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്ന് -
എട്ടോപത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പാ എവിടേന്ന്
ഓടിച്ചാടിക്കളിക്കും- മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും

മെതി സ്ഥലത്തേക്ക് വരുമ്പോള്‍ അമ്മാവന്‍ കേള്‍ക്കുന്നത് എന്റെ കലാപ്രകടനമാണ്, പുള്ളി സമ്മാനം ഉടന്‍ തന്നു
പോടവ്ട്ന്ന്- അതിലുണ്ടായൊരു കുട്ടി- വേണ്ടാത്തതാ പടിക്കൊള്ളൂ- പെണ്ണുങ്ങള്‍ കൂട്ടച്ചിരി നടത്തുമ്പോള്‍ ഞാന്‍ തലയും താഴ്ത്തി സ്ഥലം കാലിയാക്കി.

അപ്പോഴും എനിക്കു മനസ്സിലായിരുന്നില്ല, എല്ലാ കോളാമ്പിയിലൂടെയും വരുന്ന എല്ലാരുടെയും നാവിന്റെ തുഞ്ചത്തുള്ള ഒരു പാട്ട് ഞാന്‍ പാടിയപ്പോള്‍ മാത്രമെന്തെ ഇത്ര വേണ്ടാത്തതായതെന്ന്,

സഹവാസിയുടെ ബ്ലോഗില്‍ നിന്നും പഴയ പാട്ട് വീണ്ടും കേട്ടപ്പോള്‍ ഓര്‍മവന്നത് എന്റെ ഈ കുട്ടിക്കാലനുഭവമായിരുന്നു. ഇപ്പോള്‍ വീണ്ടും ഈ വേണ്ടാത്തതിലൂടെ യാത്ര ചെയ്യുമ്പോള്‍ ചില വേണ്ടാത്ത തോന്നലുകള്‍ എനിക്കു കുറിക്കാന്‍ തോന്നുന്നു.

എണ്‍പതുകളിലെ ഗള്‍ഫ് മലയാളികള്‍ ഇത്രമേല്‍ കേട്ട ഒരുപാട്ടുണ്ടാവുമോ എന്നു സംശയമാണു, അവരുടെ ഭാര്യമാരും. വരികളാകട്ടെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ അവരുടെ നിസ്സഹായതയുടെ മേലുള്ള ഒരു വലിയ വെല്ലുവിളിയായാണ് എനിക്കനുഭവപ്പെടുന്നത്-

ഞങ്ങള്‍ക്കെല്ലാം സുഖമാണീവിടെ എന്നു തന്നെ എഴൂതീടട്ടെ- എന്ന് തുടങ്ങുന്ന കത്ത് പാട്ടിലെ ചില വരികലിലൂടെ

മധുവിധു നാളുകള്‍ മനസ്സില്‍ കളിക്കുന്നു മധുരക്കിനാവുകള്‍ മാറോടണക്കുന്നു-
മലരണി രാത്രികള്‍ മഞ്ഞില്‍ കുളിക്കുന്നു- മണിയറക്കട്ടിലോ മാടി വിളിക്കുന്നു
എങ്ങിനെ ഞാനുറങ്ങും-

പൂക്കുഞ്ഞിപ്പൈതലല്ലെ- ആ മുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലെ-

ഇന്നു ഞാന്‍ പാര്‍ക്കും കരിങ്കല്‍ തടവറ-
മനമോഹങ്ങള്‍ കൊന്ന് കുഴിച്ചിട്ട കല്ലറ

തുടങ്ങിയ കത്തവസാനിക്കുന്നത് തന്റെ പ്രിയതമനോട് ഒരു തിരിച്ച് വരവിന് ആവശ്യപ്പെട്ടാണ്.

ജമീലിന്റെ തന്നെ മറുപടിയിലോ

കത്തിന് ഒരു മറുപടിയില്ല ഉത്തരം മുട്ടിപ്പോയി-

എത്രയും സൂക്ഷിച്ച് വീട്ടില്‍ നീ നിന്നാലും
പറ്റിപ്പോകും -തെറ്റ് പറ്റിപ്പോകും
അയലത്ത് കടമെടുത്തൊരു ഗഡുവതില്‍ പെട്ടും പോകും
നീയും പെട്ടും പോകും

പെണ്ണിന്റെ ആവശ്യമറിയാത്തൊരു ഭര്‍ത്താവ്,
പൊണ്ണന്‍ അവനാവളുടെ തെറ്റിന്റെ കര്‍‌ത്താവ്
അവസരമാണാവശ്യത്തിന്‍ മാതാവ്,
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടെ നേതാവ്

മാനാഭിമാനമുള്ള പുരുഷന്റെ നേര്‍ക്കാണ്,
മറുപടി പറയാന്‍ കഴിയുന്നത് ആര്‍ക്കാണ്
തരിച്ച് പോകും പൌരുഷം തെറിച്ച് പോകും

അടുത്ത പ്ലെയിനില്‍ കയറി പുറപ്പെടുന്ന പുരുഷനില്‍ അവസാനിക്കുന്ന മറുപടിപ്പാട്ട്

പാട്ടിനെ കുറിച്ചുള്ള ഒരു വിലയിരുത്തലല്ല എന്റെ താത്പര്യം- മറിച്ച് അന്നത്തെ ഗാനമേളകളില്‍ ഈ പാട്ട് ഒരനിവാര്യ ഘടകമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കേള്‍ക്കാത്ത ദിവസങ്ങള്‍ വിളരവും, മിക്ക ഗള്‍ഫുകാരനും കാണാപാഠമായ വരികള്‍.

പാട്ടില്‍ മാത്രമാണ് ഉടനെതന്നെ തിരിക്കാന്‍ കഴിയുന്ന ഭര്‍ത്താവുള്ളത്. ഒരു കത്ത് പോലും രണ്ട് മുതല്‍ മൂന്നാഴ്ച്ച വരെ കഴിഞ്ഞു കിട്ടുന്ന അക്കാലത്ത്, തങ്ങള്‍ക്ക് ശരിക്കും കിട്ടുകയാണെങ്കില്‍ വായിക്കാന്‍ ഒരു സുഖവും നല്‍കാത്ത തനിക്ക് പരിഹരിക്കാന്‍ കഴിയാത്ത കുറെ നീറ്റലുകളിലൂടെയാണു കൊണ്ടു പോകുന്ന കത്തിനെ ഇത്രമേല്‍ ആഘോഷിപ്പിക്കാന്‍ ചെലുത്തിയ സ്വാധീനമെന്തായിരിക്കണം?

മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?

അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?

21 അഭിപ്രായങ്ങൾ:

  1. പലപ്പോഴും ആ കത്ത് പാട്ടുകളൊന്നും പ്രവാസികള്‍ ആസ്വദിക്കുകയായിരുന്നില്ല; അനുഭവിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. കഥാപാത്രത്തിന്റെ മുഖം സ്വന്തം ഭാര്യമാരിലും ഭര്‍ത്താക്കന്മാരിലും സങ്കല്‍പ്പിച്ച് നെഞ്ഞിടിപ്പിന്റെ താളത്തില്‍ ഏറ്റുപാടുകയായിരുന്നു അവരൊക്കെ. തെറ്റുകളിലേക്ക് പോവാനുള്ള സാഹചര്യത്തെ കുറിച്ച ജാഗ്രതാ സന്ദേശമായി ഇതിനെ വിലയിരുത്തുന്നതാവും ശരി എന്നെനിക്കു തോന്നുന്നു. അത്തരം തെറ്റുകളുടെ കുറെ കഥകള്‍ മിക്ക നാടുകള്‍ക്കും പറയാനുണ്ട് എന്നതും മറക്കാവതല്ല. "എഴുതിയറിയിക്കുവാന്‍ കാര്യങ്ങള്‍ നൂറുണ്ട്, എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്" എന്ന ചോദ്യം ഇന്നത്തെ തലമുറയില്‍ പ്രസക്തമല്ലായിരിക്കാം. പക്ഷെ, രണ്ടുനേരം കഞ്ഞി കഴിക്കാന്‍ വകയില്ലാത്തവന്‍ അനിവാര്യമായ ഒരു പ്രവാസത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോള്‍, ആസ്വാദനത്തിന്റെ സുഖങ്ങള്‍ക്കുമപ്പുറം ഒരു പൊട്ടിക്കരച്ചിലിന്റെ ആശ്വാസം നല്‍കാന്‍ ഇത്തരം കത്ത് പാട്ടുകള്‍ ഉപകരിച്ചിരുന്നു എന്നത് സമ്മതിക്കാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  2. മലയാളി ദുരന്തങ്ങളെ ആസ്വദിക്കുന്നുണ്ടോ?

    അതോ തന്റെ ഭാര്യയല്ല, താനല്ല ഇതിലെ കഥാപാത്രമെന്ന മനോഭാവത്തിലെ വൈകൃതമോ?

    ഇതൊന്നുമായിരിക്കില്ല. ആ പാട്ടിന്റെ ഏച്ചുകെട്ടില്ലായ്മ തന്നെയായിരിക്കും അതിനെ ഇത്ര പോപുലര്‍ ആക്കിയത്. എല്ലാ വരികളും സത്യങ്ങളാകുന്നതിന്റെ (കൃത്രിമമല്ലായകയുടെ) ആഘോഷം.
    -സുല്‍

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ബാക്കി വെച്ചത് നിങ്ങള്‍ പൂര്‍ത്തി യാക്കിയത്തില്‍ സന്തോഷം. ഞാന്‍ അതിന്റെ വരികള്‍ എഴുതി കൂടുതല്‍ വിശദീകരിക്കാതിരുന്നത് നിങ്ങള്‍ക്ക് ചെറുപ്പത്തില്‍ അമ്മാവന്റെ വക കിട്ടിയത് എനിക്ക് ഈ പ്രായത്തില്‍ അമ്മാവന്റെ അടുത്തുനിന്നോ അല്ലങ്കില്‍ ഭാര്യ യുടെ അടുത്ത് നിന്നോ കിട്ടുമോ എന്ന് ഭയന്നാണ്.ഏതായാലും നിങ്ങള്‍ എഴുതി വിശദീകരിച്ചത് കൊണ്ട് ആ പാട്ടുകളുടെ വരികള്‍ ഇപ്പോഴെത്തെ പുതു തലമുറയെ കൂടി കേള്‍പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് .

    മറുപടിഇല്ലാതാക്കൂ
  4. "ആസ്വാദനത്തിന്റെ സുഖങ്ങള്‍ക്കുമപ്പുറം ഒരു പൊട്ടിക്കരച്ചിലിന്റെ ആശ്വാസം നല്‍കാന്‍ ഇത്തരം കത്ത് പാട്ടുകള്‍ ഉപകരിച്ചിരുന്നു എന്നത് സമ്മതിക്കാതെ വയ്യ"

    ശ്രദ്ധേയന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്‌. പ്രവാസികള്‍ പലരും നിസഹായരായി ഏറ്റുചൊല്ലിയിരിക്കണം ഈ വരികള്‍. പിന്നെ, ജമീല്‍ സാഹിബ് എന്ന കലാകാരന്‍, തന്റെ കലയെ സാമൂഹികോദ്ധാരണത്തിനുള്ള ഉപാധിയാക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നോക്കിയാല്‍ വ്യക്തമാണ്‌. കലയുടെ യഥാര്‍ത്ഥ പൊരുളറിഞ്ഞ കലാകാരനാണദ്ദേഹമെന്ന് എന്റെ പക്ഷം. ഈ വരികളും ഒരു ഓര്‍മ്മപ്പെടുത്തലാണെന്നു വേണം കരുതാന്‍.

    മറുപടിഇല്ലാതാക്കൂ
  5. കത്ത് പാട്ടിന് നാദ് ഗ്രൂപ്പ് ഇറക്കിയ കുത്ത് (ദുബായ് കുത്ത്) പാട്ടാണ് ഇപ്പോള്‍ തലമുറ പാടുന്നത്. എന്റെ വീടിനരികിലുള്ള നാസര്‍ക്ക എനിക്ക് തോന്നുന്നത് ഞാന്‍ ജനിച്ചതിനു മുന്‍പ് ഗള്‍ഫില്‍ പോയതാണ് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പൊഴാണ് തിരിച്ച് വരുന്നത്. അന്ന് ഈ പാട്ട് പുള്ളിക്കാരനൊക്കെ പറയുന്ന അനുഭവങ്ങള്‍ തന്നെ ആയിരുന്നു. നീണ്ട് കാതിരിപ്പ്, വേദന അതൊക്കെ ആഴത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു ഗാനം. ഇന്നിപ്പോള്‍ മൂന്നും ആറും 12ഉം മാസത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്നവരാണ് എന്റെ തലമുറയില്‍ മിക്കവരും. അതു കൊണ്ട് തന്നെ കത്ത് പാട്ടിനേക്കാള്‍ കുത്ത് പാട്ടാണ് മൂളിക്കൊണ്ട് നടക്കുന്നു.

    ഈ ലേഖനം വായിക്കുമ്പോള്‍ അത്തരമൊരു വിടവാണ് അനുഭവിക്കുന്നത്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ഈ പാട്ടും ഈ പോസ്റ്റും കമന്റുകളുമൊക്കെ എനിക്കൊരു പുതുമ തന്നെ.

    മറുപടിഇല്ലാതാക്കൂ
  7. ഇത്തരം കത്ത് പാട്ടുകള്‍ ഞാന്‍ കേട്ടിട്ടില്ല..
    അത് കൊണ്ട് കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല.
    അതിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം..

    മറുപടിഇല്ലാതാക്കൂ
  8. ഈ സുപ്രസിദ്ധ കത്തുപാട്ടുകൾ കേട്ട് കുത്തിനോവുന്ന മനസ്സുമായി പ്രവാസഭൂമി വിട്ട് നാട്ടിലെത്തി ഒടുവിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ ഭാര്യയുടെ കുത്തുവാക്കുകളുടെ പെരുമഴ കൊണ്ട് ജീവിക്കുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്.

    ഈ കത്തുപാട്ടുകളിറങ്ങിയ കാലത്ത് ഒരുപാടാളുകൾ പണി കളഞ്ഞ് ഭാര്യയ്ക്കൊപ്പം കഴിയാൻ വന്ന് കാലമായിരുന്നു എഴുപതുകളും എൺപതുകളും..

    എന്നിരുന്നാലും എക്കാലവും പാട്ടുസ്നേഹികളുടെ മനസ്സിലീ പാട്ടുകൾ മായാതെ നിലനിൽക്കുക തന്നെ ചെയ്യും, ചുണ്ടുകളിലീ ഗാനം മൂളാത്തവർ വിരളമായിരിക്കും.

    കാട്ടിപ്പരുത്തിക്കും സഹവാസിക്കും ഒരുപാട് നന്ദി നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  9. ശ്രദ്ധേയന്‍ ..
    കഥാപാത്രത്തിന്റെ മുഖം സ്വന്തം ഭാര്യമാരിലും ഭര്‍ത്താക്കന്മാരിലും സങ്കല്‍പ്പിച്ച് നെഞ്ഞിടിപ്പിന്റെ താളത്തില്‍ ഏറ്റുപാടുകയായിരുന്നു അവരൊക്കെ.

    അങ്ങിനെ കരുതുവാനുള്ള ഗുണമുണ്ടോ ആ വരികള്‍ക്ക്-ഞാനാ തലമുറയില്‍ നിന്നു തന്നെയാണു വിലയിരുത്താന്‍ ശ്രമിക്കുന്നത്. അത് മുമ്പില്‍ വച്ച് മലയാളിയുടെ മനസ്സിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണു ഞാന്‍ ഉദ്ദേശിച്ചത്, ചിലരെ അത് സംശയരോഗികളുമാക്കിക്കാണില്ലേ?

    ആസ്വാദനത്തിന്റെ സുഖങ്ങള്‍ക്കുമപ്പുറം ഒരു പൊട്ടിക്കരച്ചിലിന്റെ ആശ്വാസം നല്‍കാന്‍ ഇത്തരം കത്ത് പാട്ടുകള്‍ ഉപകരിച്ചിരുന്നു എന്നത് സമ്മതിക്കാതെ വയ്യ.
    ഈ പൊട്ടിക്കരച്ചിലുകള്‍ സ്വയമാസ്വദിക്കുന്ന ഒരു തലത്തിലേക്ക് മനസ്സ് ചെന്നെത്തി നില്‍ക്കുന്നുവെങ്കിലോ?

    സുല്‍ ..

    നല്ല വിലയിരുത്തല്‍-

    അഹ്‌മദ്‌ N ഇബ്രാഹീം
    എനിക്കും
    സഹവാസി

    സന്തോഷം

    ശിഹാബ് മൊഗ്രാല്‍

    അന്നത്തെ ഗള്‍ഫിന്റെ (ഇന്നത്തെയും) നിസ്സഹായത ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാമറിയണം

    അരുണ്‍ ചുള്ളിക്കല്‍

    ഞാന്‍ കുത്ത് പാട്ട് കേട്ടിട്ടില്ല, എന്റെ വിഷയത്തിലെ മര്‍മ്മം അവസാന വരികളാണ്, അത് ഒരു പാട്ടെല്ലെങ്കില്‍ മറ്റൊന്നായി നിലനില്‍ക്കുന്നുവോ?

    കുമാരന്‍ | kumaran

    ഇതും നമ്മുടെ ഒരു ചരിത്രത്തിന്റെ ഭാഗമാണ് :)

    lekshmi

    വന്നതില്‍ വായിച്ചതില്‍ അഭിരായമിട്ടതില്‍ സന്തോഷം

    Eranadan / ഏറനാടന്‍

    ശരിയാണ്, അന്നത്തെ നമ്മുടെ നിസ്സഹായത ഇന്ന് ആഫ്രിക്കകാര്‍ അനുഭവിക്കുന്നുണ്ട്-

    എല്ലാ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  10. തന്റെ കൂടെ അവസ്ഥയാണിതെന്നു ഒരുപാട് പേരെ ചിന്തിപ്പിച്ച അക്കാലഘട്ടത്തിന്റെ ഒരു പാട്ട്, അതില്‍ കലയും കച്ചവടവും എല്ലാം ചേരും പടി ചേര്‍ത്തിരിക്കുന്നു.
    കാലം മാറിയപ്പോള്‍, കത്തുകള്‍ക്ക് പ്രസക്തി നഷ്ടമായപ്പോള്‍, കുത്ത് പാട്ടുകള്‍.. അത്രേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  11. പാട്ടുകള്‍ ഒരു സമൂഹത്തെ എത്ര കണ്ട് സ്വാധീനിക്കും എന്നുള്ളത് സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് നാം കേട്ട സമര ഗാനങ്ങള്‍ തന്നെ നല്ല ഉദാഹരണം . ആ ഗാനങ്ങള്‍ ഒരു ലക്ഷ്യ ബോധത്തോടെ ഏറ്റ് പാടിയ ഒരു സമൂഹത്തില്‍ ദാരിദ്ര്യത്തിനെതിരെ സമരം ചെയ്യാന്‍ ഗള്ഫ് നാടുകളില്‍ ചേക്കേറിയ അല്ലെങ്കില്‍ പറിച്ചു നടപ്പെട്ട സാധാരണക്കാരന്റെ കഷ്ടതകള്‍ മനസ്സിനെ ഏറ്റവും വേഗത്തില്‍ സ്വാധീനിക്കുന്ന പാട്ടുകളിലൂടെ അവതരിപ്പിക്കപ്പെട്ടത്. പാട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയവും പ്രവാസവും, വേര്‍പാടുകളുമായപ്പോള്‍ അത്തരം പാട്ടുകള്ക്ക് നല്ല സ്വീകാര്യത കിട്ടി എന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സ്വീകാര്യതയെ ചൂഷണം ചെയ്യാന്‍ ഇട വന്നപ്പോഴാണു ഇത്തരം പാട്ടുകളില്‍ അശ്ലീലവും അരുതായ്കകളും കടന്ന് വന്ന് മലീമസമാക്കിയത്. ഒരു പാട്ട് പാടിയത് കൊണ്ട് സമൂഹം വഴി തെറ്റുമോ എന്ന് ചോദിക്കുമ്പോള്‍ ആ പാട്ടുകള്‍ ജനമനസ്സുകളില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്നതും ഓര്‍ക്കേണ്ടതാണു.

    വളരെ നല്ല ഒരു വിഷയം തിരഞ്ഞെടുത്ത കാട്ടിപ്പരുത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം അല്‍പ്പം കൂടി സമഗ്രമായ വിവരണം ആകാമായിരുന്നു എന്നൊരു അഭിപ്രായവും കാട്ടിപ്പരുത്തിയായതിനാല്‍ മുന്നോട്ട് വെക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  12. ഗൾഫുമലയാളികൾ മാത്രമല്ല ഭായി 77-ൽ ഇറങ്ങിയ ഈ കത്തുപാട്ടും,മറൂപടിപ്പാ‍ട്ടും(മലയാളം കാസറ്റ് വിപണിയിലെ ആദ്യത്തെ വിറ്റുവരവ് റെക്കോഡ്) ആ ഒന്നൊന്നര ദശകം മുഴുവൻ ലോകത്തുള്ള മുഴുവൻ മലയാളികളും നെഞ്ചിലേറ്റി നടന്നതാണ്..
    പിന്നീട് ഈ പാട്ടുകളുടെ തമിഴിലുണ്ടായ തർജ്ജമ ശ്രീലങ്കയിൽ വരെ ഹിറ്റായി തീർന്നു എന്നാണ് പറയുന്നത്..

    പക്ഷേ ഇതിന്റെ ഉടയോനായ എസ്.എ.ജമീൽ എന്ന പാട്ടുകാരനെ നമ്മൾ മലയാളികൾ മറന്നു ..കേട്ടൊ .
    ഇദ്ദേഹം ഇപ്പോൾ നിലമ്പൂരൊ മറ്റോ ഒറ്റപ്പെട്ട് എങ്ങിനെയോ കഴിഞ്ഞുകൂടുകയാണേന്നു കേൾക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. ആ കാലഘട്ടത്തിൽ ഇത് ഹിറ്റായിരുന്നു.
    ഇന്ന് അതിന് ഒരു പ്രസക്തിയും ഇല്ല.
    [ഇത് എഴുതിയ (ഒറിജിനൽ) ആൾ അറിയാതെ അടിച്ചുമാറ്റി വേറൊരാളാണ് അത് കാസറ്റാക്കിയത് എന്ന് കേട്ടിട്ടുണ്ട്.]

    ഒരു സംശയം : ഒരു മുസ്ലീമായ അമ്മാവൻ എന്തിനാണാവോ ദേഷ്യപ്പെട്ടത്.

    മറുപടിഇല്ലാതാക്കൂ
  14. കാട്ടിപ്പരുത്തി സര്‍
    ഈ പാട്ട് ഞാനും കേട്ടിട്ടുണ്ട്..അതിനെക്കുറിച്ചുള്ള അപഗ്രഥനവും നന്നായിട്ടുണ്ട്...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. എന്നോ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇത് വായിയ്ക്കുമ്പോഴാണ് ആ പാട്ടുകളെ ഇത്രയ്ക്ക് ശ്രദ്ധിയ്ക്കുന്നുണ്ട്... നന്ദി മാഷേ.

    മറുപടിഇല്ലാതാക്കൂ
  16. കത്തുപാട്ടുകളെപ്പറ്റി കേട്ടിട്ടുണ്ടെന്നല്ലാതെ പാട്ടു ഞാനും കേട്ടിട്ടില്ല. ഇത്രക്കൊക്കെ സ്വാധീനം ചെലുത്താന്‍ ആ പാട്ടുകള്‍‍ക്കു കഴിഞ്ഞിട്ടുണ്ടെന്നതും ഒരത്ഭുതം തന്നെ.

    മറുപടിഇല്ലാതാക്കൂ
  17. തെച്ചിക്കോടന്‍
    ശരിയാണ്- അത് കച്ചവടത്തിന്റെ ഭാഗം തന്നെ
    വാഴക്കോടന്‍
    നല്ല നിരീക്ഷണം- മുഴുവന്‍ ഞാന്‍ പറഞ്ഞാ പിന്നെ നിങ്ങള്‍ക്കൊന്നും ഒന്നുമില്ലാതാവില്ലെ- ഹ ഹ

    ബിലാത്തിപട്ടണം

    ഗള്‍ഫുമലയാളി മാത്രമല്ല - പക്ഷെ അതിന്റെ അനുഭവം അവര്‍ക്കായിരുന്നു ഉണ്ടായിരുന്നത്, അതാണു സൂചിപ്പിച്ചത്

    പാര്‍ത്ഥന്‍
    ഇന്നത്തെ പ്രസക്തിയല്ല എന്റെ ഉദ്ദേശ്യം
    അതിലെ തെറി തന്നെ അമ്മാവന്‍ ദേഷ്യപ്പെടാന്‍ കാരണം

    രഘുനാഥന്‍
    :)
    ശ്രീ
    വായനക്കു നന്ദി

    എഴുത്തുകാരി \
    അന്നത്തെ ഒരു സംഭവമായിരുനെന്നെ :)

    പ്രശാന്ത്‌ ചിറക്കര
    :)

    മറുപടിഇല്ലാതാക്കൂ
  18. ചീന്തുകളില്‍ പങ്കു വെച്ച ഈ ചിന്തകള്‍ കൊള്ളാം :)

    മറുപടിഇല്ലാതാക്കൂ
  19. ഈ പാട്ട് ആദ്യം സ്റ്റേജുകളില്‍ പാടിയതില്‍ നിന്നും ചില വരികളില്‍ മാറ്റം വരുത്തിയാണ് റിക്കാര്‍ഡ് ഇറക്കിയതെന്ന് എനിക്ക് തോന്നിയിരുന്നു.ഏത് വരികളെന്ന് ഇന്ന് ഓര്‍മയില്ല.
    ഇത് നല്ല വിജയം കൊയ്തതില്‍ പിന്നെ കുറേ കാലം സ്റ്റേജുകളില്‍ കത്ത് പാട്ടിന്റെ ഒരു കാലമായിരൂന്നു.

    ഇന്ന് ദുരന്തങ്ങള്‍ ചിലര്‍ക്കെങ്കിലും ശീലമായിരിക്കുന്നു.


    പിന്നെ ബിലാത്തി പറഞ്ഞത് പുതിയ ഒരറിവാണ്.
    നന്ദിയോടെ;....

    മറുപടിഇല്ലാതാക്കൂ