2011 ജനുവരി 24, തിങ്കളാഴ്‌ച

വേശ്യാലയങ്ങളില്‍ പിറന്നവര്‍

ജാതിയില്‍ പിറന്നവര്‍ ഇന്ത്യയിലിപ്പോഴും അതേ ജാതിയായി തുടരുന്നുവെങ്കിലും ജാതി തിരിച്ചുള്ള തൊഴിലുകളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ബാര്‍ബറുടെ മക്കള്‍ ബാര്‍ബറായും അലക്കുകാരുടെ മക്കള്‍ അലക്കുകാരായും കുശനിക്കാരുടെ മക്കള്‍ കുശനിക്കാരായും മാത്രമല്ല ജോലി ചെയ്യുന്നത്. അവരില്‍ നിന്നും അദ്ധ്യാപകരും എഞ്ചിനീര്‍, ഡോക്ടര്‍ , വക്കീലന്മാര്‍ മുതല്‍ പലതായും രൂപപ്പെട്ടു കഴിഞ്ഞു. എന്നാല്‍ തൊഴിലില്‍ പുതിയ ഒരു ജാതി രൂപപ്പെടുന്നത് വേശ്യകളിലാണെന്നു തോന്നുന്നു. വേശ്യകളുടെ മക്കളിലെ മിക്കവാറും പെണ്‍കുട്ടികള്‍ അതേ തൊഴിലില്‍ തുടരാന്‍ നിര്‍‌ബന്ധിതരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണു. ജാതി രൂപപ്പെട്ടത് തൊഴിലില്‍ നിന്നായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. അതില്‍ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ജാതികളുണ്ടായിരുന്നോ ആവോ? ചില ജാതികളിലെ മൂത്തപെണ്‍കുട്ടികളെ ദൈവപ്രീതിക്കായി ദേവദാസികളായി അയച്ചിരുന്നു എന്നതല്ലാതെ എല്ലാവരും വേശ്യകളായിരുന്നില്ല എന്നാണെന്റെ അറിവ്. ഇന്നത്തെ എസ്കോര്‍ട്ടേര്‍സിനുള്ള പരിഗണന ചില ഉയര്‍ന്ന ജാതികളിലെ വേശ്യകള്‍ക്കു ലഭിച്ചിരിക്കാം. അന്നത്തെ നക്ഷത്ര പദവി എന്നു കണക്കാക്കിയാല്‍ മതി. അങ്ങിനെയാണെങ്കില്‍ തൊഴിലില്‍ വേശ്യകള്‍ ഇന്ന് പുതിയ ഒരു ജാതിയായി രൂപപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണു. 

ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകളായ മുംമ്പെയിലും കല്‍ക്കത്തയിലും വളരെ പേരും ചതിക്കപ്പെടുന്നവരാണു. ഏകദേശം എഴുപത് ശതമാനം പേരും. ബാക്കി മുപ്പതു ശതമാനം അവിടെ നിന്നു തന്നെ പ്രസവിച്ച് വരുന്ന കുട്ടികളാണു. ഈ കുരുന്നുകള്‍ മറ്റെന്തികുലുമാവാനുള്ള സാധ്യത സൂചിക്കുഴലിലൂടെ ഒട്ടകം കടക്കുന്നത് പോലെയാണു. 

ഈ പോസ്റ്റിന്റെ പ്രധാന കാരണം Born into Brothels: Calcutta's Red Light Kids എന്ന ഡോക്യുമെന്ററിയാണു. Zana Brisk എന്ന അമേരിക്കക്കാരിയുടെ ഈ ഡോക്യുമെന്ററി മറ്റുള്ള സമാനമായ പല ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണു. സാധാരണ  ഉപരിവിപ്ലവകരമായ സ്മീപനമാണു ഇത്തരം ഡോക്യുമെണ്ടറികളില്‍ കാണാറുള്ളത്. ദല്ലാള്‍മാര്‍ക്ക് കാശു കൊടുത്ത് പെട്ടെന്നുള്ള ഒരു തട്ടിക്കൂട്ടലുകളില്‍ കുറച്ച് ഇക്കിളിയും മേമ്പൊടിക്കൊരു ദീര്‍ഘനിശ്വാസവും കൊണ്ടവസാനിക്കും. എന്നാല്‍ അവയില്‍ നിന്നെല്ലാം ഈ ഡോക്യുമെന്ററി മാറി നില്‍ക്കുന്നു. അനാവശ്യമായ ഒരു ശരീര പ്രദര്‍ശനവും ഇതിലില്ല. മറിച്ച് നിങ്ങളെ പലപ്പോഴും ഇത് പൊള്ളിക്കുക തന്നെ ചെയ്യും. കല്‍ക്കത്തയിലെ സൊനഗാച്ചി തെരുവിന്റെ ഒരു നേര്‍കാഴ്ച്ചയാണു ഇത്. ഇതില്‍ ചിരിയും കരച്ചിലും തെറിയും ആശ്വസിപ്പിക്കലും എല്ലാം ചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളോളം ഒരു വേശ്യാലയത്തില്‍ താമസിച്ചാണു സാന ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ അത് വിഷയത്തിന്റെ മര്‍മ്മത്തില്‍ തൊടുന്നു. പിന്നെ ഉരുകാതെ വയ്യല്ലോ. 

സാനയും തെരുവിലെ ഒമ്പത് കുട്ടികളുമാണു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . കാഴച നീങ്ങുന്നത് അവരിലൂടെയാണു. തെരുവില്‍ തന്നെ താമസിക്കുവാന്‍ തുടങ്ങുന്ന സാന കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണാദ്യമായി ചെയ്യുന്നത്. കൊച്ചി, ശാന്തി, അവിജിത്, സുചിത്ര, മാനിക്, ഗൗര്‍, പൂജ, താപസിയും മാമുനിയും.ഇതില്‍ സുചിത്ര മാത്രമാണു അല്പമെങ്കിലും മുതിര്‍ന്നത്. ഈ ഒമ്പത് പേര്‍ക്കും സാന ഓരോ ക്യാമറ നല്‍കുന്നു. അവര്‍ക്ക് ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കാര്യങ്ങളും മനസ്സിലാക്കി കൊടുക്കുന്നു. എത്ര പെട്ടെന്നാണു അവരിലെ സൗഹൃദം വളരുന്നതും അവരെ വിശ്വാസത്തിലെടുക്കുന്നതും. പലപ്പോഴും ഈ കുരുന്നുകള്‍ നമ്മെ അവരുടെ വാക്കുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തും. വലിയ കാര്യങ്ങള്‍ പറഞ്ഞ് വിസ്മയപ്പെടുത്തും. അതിന്നിടയില്‍ ഭാവിയില്‍ തങ്ങള്‍ അമ്മമാരെ പോലെയാകേണ്ടിവരുമെന്ന വെളിപ്പെടുത്തല്‍ നീറ്റലുണ്ടാക്കുകയും ചെയ്യും. 
തങ്ങളുടെ വീടുകളില്‍ നടക്കുന്നതെന്തെന്ന് അവര്‍ക്കറിയാം. അമ്മക്കു ജോലിയുണ്ടാകുമ്പോള്‍ മറക്കപ്പുറമോ അല്ലെങ്കില്‍ ടറസിനു മുകളിലോ അവര്‍ മാറിപോകുന്നു. 

കൊച്ചിക്ക് പത്ത് വയസ്സുണ്ടാകാം, ഒരിക്കല്‍ അവളെ അച്ചന്‍ വില്‍ക്കാന്‍ ശ്രമിച്ചതാണു. ചേച്ചി കണ്ടതിനാല്‍ രക്ഷപ്പെട്ടുവെന്നു മാത്രം. എങ്ങോട്ടോ നോക്കി ഞാനും അവരെ പോലെ ആയിത്തീരുമെന്നു പറഞ്ഞപ്പോള്‍ സഹിച്ചില്ല. അമ്മക്കവളെ സം‌രക്ഷിക്കാനാവാത്തതിനാല്‍ മുത്തശ്ശന്മാരൊപ്പമാണു വളരുന്നത്. 

അമ്മ മരണപ്പെട്ട സുചിത്ര വളരുന്നത് അവളുടെ അമ്മായിയോടൊപ്പമാണു. മും‌മ്പെയിലേക്ക് പോകാന്‍ അവളെ അവര്‍ നിര്‍ബന്ധിക്കുന്നു. അവളുടെ കൂടെയുള്ളവരെല്ലാം ലൈനില്‍ ( അതാണവരുടെ ഭാഷ) ചേര്‍ന്നു കഴിഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന അവളുടെ മുഖത്ത് ആ വിഷമം വായിച്ചെടുക്കാനാവുന്നു. ചിരിയില്‍ പോലും ഒരു കോണില്‍ സങ്കടം. സുചിത്ര എടുത്ത ചിത്രങ്ങള്‍ മനോഹരങ്ങളാണു. അവളുടെ ഭാവിയെ പോലെ അല്ല. 

കല്‍ക്കത്തയിലെ ഈ തെരുവിലുള്ളത് കുടുമ്പങ്ങളാണു. മിക്ക സ്ത്രീകള്‍ക്കും ഭര്‍‌ത്താക്കന്മാരുണ്ട്. ജോലി ഭാരം ഭാര്യക്കാണെന്നു മാത്രം. ഭര്‍‌ത്താവിന്റെ കള്ളിനു കാശ് ഭാര്യയില്‍ നിന്നാകും. 

കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ച് അവര്‍ ആശങ്കാലുക്കളാണു. ലൈനില്‍ ഇറങ്ങേണ്ടി വരും എന്നത് അവരെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഓരോരുത്തരുടെയും കുടുമ്പങ്ങളിലേക്കെത്തി നോക്കുന്ന ക്യാമറ നമുക്കു സൂക്ഷ്മമായി കാര്യങ്ങള്‍ വ്യക്തമാക്കി തരുന്നു. 

ഒരു ഡോക്യുമെന്ററിയുടെ സാധാരണ ഫ്രെയ്മുകളില്‍ നിന്നു ഇതിനെ മാറ്റി നിര്‍ത്തുന്നത് കുട്ടികളാണു. ജീവിതത്തിലെ തീക്ഷ്ണമായ വഴികളിലൂടെ സഞ്ചരിച്ചതിനാലാകാം ക്യാമറയുമായി കുട്ടികള്‍ പെട്ടെന്നിഴകി ചേരുന്നത്. 

മാനസികമായി കുട്ടികളുമായി അടുത്ത സാന അവരുടെ ഭാവിക്കു വേണ്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളെ പുറം ലോകത്തിലേക്ക് കൊണ്ട് പോയി മൃഗശാലയും കടലുമെല്ലാം കാണിക്കുന്നു. അവരുടെ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ച് അലപം കാശുണ്ടാക്കുന്നു. പിന്നീട്  അവര്‍ കുട്ടികളെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മിക്ക സ്കൂളുകള്‍ക്കും വേശ്യാലയങ്ങളിലെ കുട്ടികളെ എടുക്കാനാവുന്നില്ല. മാത്രമല്ല കുട്ടികള്‍ക്കും സ്വതന്ത്രമായ ചുറ്റുപാടുകളില്‍ നിന്നു മെരുങ്ങാന്‍ പ്രയാസമുണ്ട്. അമ്മമാരെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശ്രമകരം തന്നെയാണു. സുചിത്ര പിന്നെയും എന്റെ മനസ്സിനെ നോവിക്കുന്നു. അവളൂടെ ആന്റിക്ക് അവളുടെ ഭാവിയില്‍ താത്പര്യമില്ലല്ലോ.

ഡോക്യുമെന്ററി മുഴുവന്‍ പകര്‍ത്തിയെഴുതുകയല്ല എന്റെ താത്പര്യം. മറിച്ച് സാധാരണ കുട്ടികളേക്കാള്‍ വേഗത്തിലാണു ഈ കുട്ടികള്‍ കാര്യങ്ങള്‍ സ്വായത്തമാക്കുന്നത് എന്നത് അത്ഭുതം തോന്നിച്ച കാര്യമാണു. അതിലെ അവ്ജിത് എന്ന കുട്ടിയെ ആംസ്റ്റെര്‍ഡാമിലെ ഒരു ഫോട്ടോഗ്രാഫി കോണ്‍ഫരന്‍സിനു വരെ എത്തിക്കാന്‍ അവര്‍ക്കാവുന്നു. ചില കുട്ടികളെ സബേരയില്‍ ചേര്‍ത്തുന്നു. 

അവസാനം കുട്ടികള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന ഒരന്വേഷണത്തോടെ ഡോക്യുമെന്ററി അവസാനിക്കുന്നു. 

ലക്ഷക്കണക്കിനു കുട്ടികളിലെ വിരലിലെണ്ണാവുന്നവരെ രക്ഷപ്പെടുത്തിയതിനാല്‍ മാത്രമാകുന്നില്ല. കുടുമ്പമെന്ന ചട്ടക്കൂടുകലില്‍ ഈ കുട്ടിക്കള്‍ക്ക് അല്പമെങ്കിലും പരിഗനനയുണ്ട്. ഇതുമില്ലാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടാകാം. തങ്ങള്‍ക്കൊരു പങ്കുമില്ലാത്ത ജന്മം ദുരന്തം പേറാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍. അവരെ കുഞ്ഞുങ്ങളായി മാത്രം കാണുക. നമുക്കെന്തു ചെയ്യാനാകും. ജാതിയുടെ ഉത്ഭവം തൊഴിലായിരുന്നുവെങ്കില്‍ ഒരു പുതിയ ജാതിയായി ഇവരെ പരിഗണിക്കണമോ? അല്ല പുതിയ വേശ്യകളും കൂട്ടിക്കൊടുപ്പുമാരുമായി സാമൂഹിക സേവനം ചെയ്യിക്കണമോ? ബാര്‍ബര്‍മാരില്‍ നിന്നും ചെത്തുകാരില്‍ നിന്നും ഡോക്റ്ററും എഞ്ചിനീയര്‍മാരും വരുന്നത് പോലെ വേശ്യകളില്‍ നിന്നും പുതിയ ഉദയം വേണം. വേശ്യാലയങ്ങളിലും വെളിച്ചമെത്തണം. സാംസ്കാരിക-രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ ഈ കുട്ടികളെ ഉള്‍കൊള്ളേണ്ടതുണ്ട്. 

യൂട്യൂബ് ലിങ്ക്-

ഒന്നാം ഭാഗം- 
രണ്ടാം ഭാഗം- 
മൂന്നാം ഭാഗം-
നാലാം ഭാഗം
അഞ്ചാം ഭാഗം- 
ആറാം ഭാഗം-

2010 നവംബർ 29, തിങ്കളാഴ്‌ച

മാല്‍ക്കം-X Vs ഡെന്‍സല്‍


<ഇടതു വശം- ശരിയായ മാല്‍ക്കം- ^മുകളില്‍ ഡെന്‍സല്‍ മാല്‍ക്കമായി




ഡെന്‍സെല്‍ വഷിങ്ട്ടണ്ണിന്റെ ദെ ഗ്രേറ്റ് ഡിബേറ്റര്‍ രണ്ടാമൊന്നുകൂടി കണ്ടു, അപ്പോഴാണു വിക്കിയില്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടാമെന്നു കരുതിയത്. അത്ഭുതത്തോടെയാണു മാല്‍ക്കം എക്സ് ആയി ഡെല്‍സന്‍ അഭിനയിച്ചിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയത്. ഒരു നാലു കൊല്ലം മുമ്പാണു  ഞാന്‍  അലെക്സ് ഹാലി എഡിറ്റ് ചെയ്ത മാല്‍ക്കം എക്സിനെ കുറിച്ചുള്ള ജീവചരിത്രത്തിന്റെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാളം പരിഭാഷ വായിച്ചിട്ടുള്ളത്. മാല്‍ക്കം എക്സും ഡെന്‍സനും. പിന്നെ ചിത്രം കാണാതിരിക്കാന്‍ എന്തുണ്ട് ന്യായം. ടോറന്റിനു നന്ദി. നല്ല സിനിമകള്‍ ഇപ്പോള്‍ നമുക്ക് കയ്യെത്തും ദൂരത്താണു. അതിനേക്കാള്‍ നല്ല പ്രയോഗം വിരലെത്തും ദൂരത്തെന്നായിരിക്കും. ഡെന്‍സല്‍ എങ്ങിനെ മാല്‍ക്കത്തെ ഉള്‍കൊള്ളുന്നു എന്നത് എന്നെ ആകാംക്ഷാഭരിതനാക്കി.

മാല്‍കം എക്സിന്റെ ജീവചരിത്രം ഒരു വ്യക്തിയുടെ കഥയുടെ വായനയല്ല നമുക്കു സമ്മാനിക്കുക. അമേരിക്കയിലെ നീഗ്രോ സമൂഹത്തിന്റെ 1940 കളില്‍ നിന്നു അറൂപതുകളിലേക്കുള്ള സമൂഹികാവസ്ഥകളെ കുറിച്ചുള്ള  ഒരു ജാലകം കൂടി തുറന്നു തരുന്നു. ജീവചരിത്ര വായനകളില്‍ ഒരു വ്യക്തിയെ മാത്രമല്ല നാം പഠിക്കുന്നത്. മാല്‍ക്കം എക്സെന്ന ആഫ്രോ-അമേരിക്കാരന്റെ ജീവചരിത്രത്തില്‍  ഏതൊരാഫ്രിക്കക്കാരനും നേരിടുന്ന- നേരിട്ട ജീവിതാവസ്ഥകളെ കുറിച്ച് ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് പഠിക്കാനേറെയുണ്ട്. സത്യത്തില്‍ ഇന്നും കറുത്ത അമേരിക്കക്കാരന്‍ മാനസികമായി ഈ അടിമത്വത്തില്‍ നിന്നും മോചിതനായിട്ടില്ല എന്നതാണു സത്യം.

മാല്‍ക്കം ജനിക്കുന്നത് നീഗ്രോ കുടുമ്പങ്ങളിലെ തരക്കേടില്ലാത്ത ഒരന്തരീക്ഷത്തിലാണു. അച്ചന്‍ ഏള്‍ ലിറ്റില്‍  ക്രൈസ്തവ സുവിശേഷകനും നീഗ്രോ സമൂഹത്തില്‍ മനുഷ്യാവകാശ പ്രാര്‍ത്തകനുമായതിനാല്‍ തന്റെ മക്കള്‍ക്ക് വിദ്യഭ്യാസവും നല്ല സാമൂഹിക ബോധവും നല്‍കിയിരുന്നു. പക്ഷെ കാര്യങ്ങല്‍ തകിടം മറിയുന്നത് നമുക്ക് വിധിയിലേക്ക് ചേര്‍ത്തേണ്ടി വരും. ക്ലാന്‍സ്മെന്‍ എന്നറിയപ്പെട്ടിരുന്ന വെള്ള ക്രൈസ്തവ തീവൃ-വംശീയര്‍ അദ്ദേഹത്തിന്റെ മനുഷ്യാവകാശ പ്രവൃത്തനങ്ങളാല്‍ അതൃപ്തരാവുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. അപ്പോള്‍ മാല്‍ക്കം ഗര്‍ഭാവസ്ഥയിലായിരുന്നു, ഇത് കുടുമ്പത്തെ ഒമാഹയില്‍ നിന്നും ലാന്‍സിങ്ങിലേക്ക് മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍ തന്റെ ആറാമത്തെ വയസ്സില്‍ മാല്‍ക്കത്തിന്റെ പിതാവ് വെള്ളക്കാരാല്‍ കൊല്ലപ്പെട്ടു. എന്നാല്‍ പോലീസാകട്ടെ അതൊരു ആത്മഹത്യയായി കേസ് എഴുതി തള്ളി. ഇത് അദ്ദേഹത്തിന്റെ ഇന്‍ഷൂറന്‍സ് കുടുമ്പത്തിനു നഷ്ടപ്പെടാന്‍ കാരണമാക്കി. തന്റെ പിതാവിന്റെ ദാരുണമായ കൊലപാതക്കതിനു ശേഷം മാല്‍ക്കത്തിന്റെ കുടുമ്പം ശിഥിലമാകുകയായിരുന്നു..  ബുദ്ധിഭ്രമം ബാധിച്ച അമ്മയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അഭയം നല്‍കിയത് വെള്ളക്കാരുടെ വീടുകളില്‍ (foster homes) സം‌രക്ഷണം  നല്‍കിയാണു. മാല്‍ക്കത്തിന്റെ ഭാഷയില്‍ അവരില്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടു മാല്‍ക്കം വളര്‍ന്നു. ജൂനിയര്‍ സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിയെങ്കിലും ഒരു അഭിഭാഷകണമെന്ന തന്റെ ആഗ്രഹത്തോട് നീഗ്രോകള്‍ക്ക് അത്ര വലിയ ആശകളൊന്നും പാടില്ലെന്ന അദ്ധ്യാപകന്റെ മറുപടി  വംശീയ ബോധം ഉണ്ടാക്കി.

നിരവധി "വെള്ള-സം‌രക്ഷണ" കാലങ്ങളില്‍ നിന്നും "മോചിതനായി" മാല്‍ക്കം തന്റെ അര്‍ദ്ധസഹോദരിയുടെ അരികിലേക്ക് ബോസ്റ്റണിലേക്ക് ചേക്കേറി. പല ചെറിയ ജോലികലിലും ഏര്‍പ്പെട്ടെതിനു ശേഷം ന്യൂയോര്‍ക്കിലേക്ക് മാല്‍ക്കം തിരിക്കുന്നു.

അവിടെ വച്ച് മാല്‍ക്കത്തിന്റെ ജീവിതം ഏതൊരു ആഫ്രിക്കന്‍ യുവാവിനെ പ്പോലെയും വര്‍ണ്ണ ശബളമാകുകയാണു. നിശാക്ലബ്ബുകള്‍, ലഹരി, നൃത്തം, വേശ്യാഗമനം. പണത്തിനു വേണ്ടി മാല്‍ക്കം മയക്കുമരുന്നിലേക്ക് തിരിയുന്നു.  ഒരു മോഷണകുറ്റത്തിനു പിടിക്കുന്നത് വരെയുള്ള ജീവചരിത്രം ഏതൊരു ആക്‌ഷന്‍ സിനിമയേയും കിടപിടിക്കുന്ന സംഭവ ബഹുലമാണു. ഇതൊരു മാല്‍ക്കത്തിന്റെ മാത്രം കഥയായിരുന്നില്ല. ഏതൊരു നീഗ്രോ യുവാവിനും  ഇങ്ങിനെയൊക്കെയുള്ള ജീവിതമായിരുന്നു പറയാനുണ്ടായിരുന്നത്. അല്ലെങ്കില്‍ ഏതെങ്കിലുമൊരു  വെള്ളക്കാരന്റെ വീട്ടുജോലികളില്‍ അഭയം തേടുക.

ഒരു വാക്കു തര്‍ക്കത്തെ തുടര്‍ന്ന്  മയക്കുമരുന്നു വില്പന സംഘത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ട  മാല്‍ക്കം പിന്നീട് എത്തിചേരുന്നത് മോഷണത്തിലാണു. സഹായിയായി കറുത്ത ആണുങ്ങളെ ഇഷ്ടപ്പെട്ടു കൂടെ കൂടിയ വിവാഹിതയായ കാമുകിയും അവളുടെ അനിയത്തിയും കാമുകനായ കൂട്ടുകാരനും. അവര്‍  കൂട്ടുചേര്‍ന്ന് നടത്തുന്ന മോഷണം പോലീസ് പിടിയിലാകുന്നത് വരെ തുടരുന്നു.

ജയിലില്‍ വച്ച് മാല്‍ക്കം ബെംബി എന്ന സുഹൃത്തിനെ കണ്ടെത്തുന്നു. അഭിമാനിയായി ജീവിക്കാനുള്ള ആദ്യത്തെ ഉപദേശം ലഭിക്കുന്നത് ബെംബിയില്‍ നിന്നാണ്. സിനിമയില്‍ നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് ആദ്യം അറിയുന്നത് ബെംബിയില്‍ നിന്നാണു, എന്നാല്‍ ജീവചരിത്രം പറയുന്നത് കൂടുതല്‍ വായിക്കാനുള്ള പ്രചോതനം നല്‍കുകയാണ് അയാള്‍ ചെയ്തെതെന്നാണു. തന്റെ സഹോദരന്‍ റെഗ്ഗിനാള്‍ഡില്‍ നിന്നാണു നാഷന്‍ ഓഫ് ഇസ്ലാമിനെ കുറിച്ച് മാല്‍ക്കം അറിയുന്നത്.

നാഷന്‍ ഓഫ് ഇസ്ലാം 

പേര്‍ കേട്ട് അതൊരു ഇസ്ലാമിക സംഘമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇസ്ലാമിലെ പല ആചാരങ്ങളും ഉപചാരങ്ങളും ഉപയോഗിക്കുന്നതിലപ്പുറം നാഷന്‍ ഓഫ് ഇസ്ലാം ഇസ്ലാമുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല.   Wallace Fard Muhammad എന്ന എന്ന മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിരൂപമായി ഭൂമിയില്‍ അവതരിച്ചു എന്നിടത്തു തുടങ്ങുന്നു ഈ വ്യത്യാസം. എലാജ് മുഹമ്മെദ് എന്ന പ്രവാചകനെ അല്ലാഹു തിരഞ്ഞെടുത്തു എന്നത് കൂടിയാകുമ്പോള്‍ ഈ ചിത്രം കൂടുതല്‍ വ്യക്തമാകും. 1930 ലാണു ഈ മത സംഘടന രൂപമെടുക്കുന്നത്. ഫാര്‍ഡിനെ കുറിച്ച് വ്യക്തമായ ഒരു രൂപവും ആര്‍ക്കും നല്‍കാനാവുന്നില്ല, അഫ്ഘാനിലാണു ജനിച്ചതെന്നും അതല്ല ന്യൂസിലന്റുകാരനെന്നും അഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ ശിഷ്യനും പിന്‍‌ഗാമിയുമായ എലിജാ മുഹമ്മെദ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് മക്കയില്‍ നിന്നും അല്ലാഹു ദൈവത്തെയും പിശാചിനേയും മനസ്സിലാക്കാന്‍ മനുഷ്യനായി അവതരിക്കപ്പെട്ടവന്‍ എന്ന രീതിയിലാണു.

ഫാര്‍ഡിന്റെ തിരോധാനവും നിഗൂഡമാണു.  1934-ല്‍ ചികാഗോവില്‍ വച്ച് ഫാര്‍ഡിനെ കാണാതാവുകയാണുണ്ടായത്. ഫാര്‍ഡിനെ അല്ലാഹു എന്നു വിശേഷിപ്പിച്ച എലാജ് അല്ലാഹു നിയോഗിച്ച പ്രവാചകന്‍ എന്ന സ്ഥാനമേറ്റെടുത്തു.

മുസ്ലിങ്ങളെ പോലെ അസ്സലാമു അലൈക്കും എന്ന അഭിവാദനവും മദ്യം മയക്കുമരുന്ന്, വ്യഭിചാരം, പന്നിയിറച്ചി തുടങ്ങിയവയുടെ നിഷേധവും ബ്ലാക്ക്മുസ്ലിങ്ങള്‍ ( നാഷന്‍ ഓഫ് മുസ്ലിം അംഗങ്ങള്‍ അറിയപ്പെടുന്നത് ഈ പേരിലാണു) പാലിച്ചു പോന്നു. അതിലേറെയെല്ലാം നാഷന്‍ ഓഫ് മുസ്ലിംസ് ഒരു തീവൃ കറുത്ത വര്‍ഗ്ഗ സംഘടനയഅയിരുന്നു. ദൈവത്തിന്റെ നിറം കറുപ്പാണെന്നും ആദ്യമനുഷ്യന്‍ കറുപ്പായിരുന്നെന്നും വെളുത്തവര്‍ പിശാചിന്റെ സന്തതികളാണെന്നും പ്രചരിപ്പിച്ച അവര്‍ ഒരു കറുത്തവര്‍ഗ്ഗ വശീയതയുടെ വാക്താക്കളായിരുന്നു. വെള്ളക്കാരെ വെറുക്കുക എന്നതായിരുന്നു അടിസ്ഥാനം.
ഖുര്‍‌ആനും ബൈബിളും അല്ലാഹുവില്‍ നിന്നാണെന്നും ഹീബ്രുവായ യേശുവിനെ വെള്ളക്കാരന്‍ വെളുപ്പിച്ചതാണെന്നും യഥാര്‍ത്ഥ യേശു കറുത്തവനാണെന്നും അത് ദൈവം കറുത്തവനാണെന്നതിന് തെളിവാണെന്നും നാഷന്‍ സമര്‍ത്ഥിച്ചു.

നാഷന്‍ ഓഫ് ഇസ്ലാമിന്റെ വിജയം അത് ആദ്യമായി കറുത്ത അമേരിക്കരില്‍ അഭിമാനബോധം വളര്‍ത്തി എന്നതാണു. മറ്റെല്ലാ സമകാലിക സംഘവും വെളുത്തവരോടൊപ്പം എന്ന സ്വപ്നം പോലും അപ്രായോഗീകകമെന്നു കരുതിയിരുന്ന സമയത്താണു വെളുത്തവരേക്കാള്‍ ഉന്നതരാണ് തങ്ങളെന്ന വാദവുമായി വരുന്നത്. മാത്രമല്ല അത് സംഘാഗങ്ങളുടെ വ്യക്തി-സാമൂഹിക ജീവിതങ്ങളെ ചിട്ടപ്പെടുത്തുന്ന നിയമങ്ങളെയും ഉള്‍കൊള്ളുന്നതായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് അവര്‍ ആഫ്രിക്കന്‍ സമൂഹത്തില്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു എന്നായിരുന്നു. അടിമ വ്യാപാര കാലങ്ങളില്‍ ആഫ്രിക്കയിലെ രാജ വശജര്‍ പോലും അമേരിക്കന്‍ അടിമവ്യാപാര വിപണിയിലെ ചരക്കുകളായിരുന്നു. മിക്ക അടിമകളുടെയും ആദ്യകാല മതം ഇസ്ലാം ആയിരുന്നു. ഒരു പക്ഷെ ഇതെല്ലാം കൂടിയായിരിക്കാം നാഷന്‍ ഓഫ് ഇസ്ലാമിന്റെ അടിത്തറ.


ജയിലില്‍ വച്ച് മാല്‍ക്കം എലാജ് മുഹമ്മദിനു കത്തെഴുതുകയും അയാളുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എലാജിന് മാല്‍ക്കത്തില്‍ താത്പര്യം തോന്നി. പരോളില്‍ നേരിട്ട് ബന്ധപ്പെടാന്‍ അദ്ദേഹം മാല്‍ക്കത്തോട് ആവശ്യപ്പെട്ടു. പരോളിലിറങ്ങിയ മാല്‍ക്കം ചിക്കാഗോയില്‍ പോയി എലാജ് മുഹമ്മെദ് എന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രവാചകനെ കാണുകയും സംഘത്തില്‍ ചേര്‍ന്നു പ്രവൃത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
നക്ഷത്രങ്ങള്‍ താഴോട്ടിറങ്ങിയത് പെട്ടെന്നാണു. പിന്നീട് മാല്‍ക്കത്തെ  നാം കാണുന്നത് നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രധാന വാക്താവായാണു. മാല്‍ക്കം വളരുന്നത് വളരെ പെട്ടെന്നാണു. അതിന്നിടയില്‍ നടന്ന ചില സമൂഹിക  ഇടപെടലുകള്‍ മാല്‍ക്കത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ ഹീറോ ആയി  പെട്ടെന്നുയര്‍ത്തി. മാല്‍ക്കത്തോടൊപ്പം നാഷന്‍ ഓഫ് ഇസ്ലാമും വളര്‍ന്നു.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ യജമാനന്മാരൂടെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെയെല്ലാം രണ്ടാംനാമം തങ്ങളുടെ അടിമ കാല ഘട്ടത്തിലെ തങ്ങളുടെ യജമാനന്മാരുടെ  പേരിന്റെതായിരുന്നു. സംഘം ആ പേരുപേക്ഷിച്ചു. മാല്‍ക്കം ലിറ്റ്ല്‍ എന്നതിന്നു പകരം മാല്‍ക്കം എക്സ് എന്ന പേര്‍ സ്വീകരിച്ചു. നാഷന്‍ ഓഫ് ഇസ്ലാമില്‍ ചേരുന്ന എല്ലാവരും ഇങ്ങിനെ എക്സ് എന്ന രണ്ടാം പേരിലാണു വിളിക്കപ്പെട്ടിരുന്നത്.

ഒരു ചെറിയ സംഘമെന്നതില്‍ നിന്നും നാഷന്‍ ഓഫ് ഇസ്ലാം മാധ്യമങ്ങള്‍ക്ക് അവഗണിക്കാനാവാത്ത വലിയ ഒരു ശക്തിയായി വളര്‍ന്നു കൊണ്ടിരുന്നു. മാല്‍ക്കത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍, അകാരഭംഗി, സ്പഷ്ഠമായ ശബ്ദം, ഉരുളക്കുപ്പേരിയുള്ള മറുപടികള്‍ എല്ലാം അദ്ദേഹത്തെ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനാക്കി. പക്ഷെ, മാല്‍ക്കത്തിന്റെ വളര്‍ച്ച അസഹിഷ്ണുത സൃഷ്ടിച്ചത് കൂടെയുള്ളവര്‍ക്കായിരുന്നു. എലാജ് മുഹമ്മെദില്‍ അവര്‍ മാല്‍ക്കത്തെ കുറിച്ച് ഉപജാപ കഥകള്‍ നല്‍കി.

അതിന്നിടയില്‍ കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മാല്‍ക്കം നല്‍കിയ പ്രതികരണം ഇന്നലെകളില്‍ ചെയ്ത വെള്ളക്കരന്റെ തെറ്റിന്റെ പരിണതി എന്നായിരുന്നു (chickens coming home to roost)( മലയാളത്തിലെ വിതച്ചത് കൊയ്യും എന്നത് പോലെ). ഈ  പ്രസ്ഥാവന  എരിവും പുളിയും ചേര്‍ത്ത് മാധ്യമങ്ങള്‍ വിളമ്പി. ഇത് നാഷന്‍ ഓഫ് ഇസ്ലാമുമായി കൂടുതല്‍ ഉള്‍പ്പോരുണ്ടാകാന്‍ കാരണമായി. എലാജ് മാല്‍ക്കത്തോട് നിശബ്ദനാകുവാന്‍ ആവശ്യപ്പെട്ടു. മാല്‍ക്കം നാഷന്‍ ഓഫ് ഇസ്ലാമുമായുള്ള ബന്ധം വേര്‍പ്പെടുത്തി.

ഇലാജുമായുള്ള ബന്ധ വേര്‍പ്പെടുത്താന്‍ മാല്‍ക്കത്തെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണമുണ്ടായിരുന്നു.  എലാജിന് തന്റെ യുവതികളായ സെക്രട്ടറിമാരുമായുണ്ടായിരുന്ന അവിഹിത ബന്ധമായിരുന്നു ഇത്. ആദ്യം ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു ആരോപണം എന്ന രീതിയില്‍ അവഗണിക്കുകയാണു മാല്‍ക്കം ചെയ്തത്. എന്നാല്‍ പിന്നീട് സം‌ഗതി സത്യമാണെന്ന് മാല്‍ക്കത്തിനു മനസ്സിലായി. വ്യഭിചാരമാകട്ടെ നാഷന്‍ ഓഫ് ഇസ്ലാമിന്ന്റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരും. എന്നാല്‍ എലാജ് ബൈബിളിലെ പ്രവാചകരുടെ കഥകള്‍ ഉദാഹരിച്ച് തന്റെ ചെയ്തികളെ ന്യായീകരിക്കാനാണു ശ്രമിച്ചത്. ഇത് മാല്‍ക്കത്തെ നിരാശനാക്കി. താന്‍ ചെയ്യുന്ന പ്രവൃത്തനങ്ങളില്‍ നൂറു ശതമാനവും കൂറ് പുലര്‍ത്തുന്നയാളായിരുന്നു മാല്‍ക്കം. നാഷന്‍ ഓഫ് ഇസ്ലാം വിട്ട മാല്‍ക്കം മറ്റൊരു സംഘടനയുണ്ടാക്കി.

മാല്‍ക്കം തന്നെ നീഗ്രോ എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടില്ല, മറിച്ച് ആഫ്രോ-അമേരിക്കന്‍ എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. മാല്‍ക്കത്തിന്റെ മറ്റു സംഘടനകളോടുള്ള സമീപനങ്ങളിലും മാറ്റം വന്നു. സഹകരണത്തിന്റെ ഭാഷ ആദ്യമായി മാല്‍ക്കത്തില്‍ നിന്നും വന്നു. വിശാലമായ തലത്തില്‍ കറുത്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആവശ്യം മാല്‍ക്കം ചിന്തിച്ചു തുടങ്ങി. പിന്നീട് ശരിയായ ഇസ്ലാം എന്താണെന്ന് അറിഞ്ഞപ്പോള്‍ മാല്‍ക്കം ഇസ്ലാമിനെ കുറിച്ചറിയാന്‍ താത്പര്യപ്പെട്ടു.

മാല്‍ക്കം ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിന്നിടയില്‍ മാല്‍ക്കം പല മുസ്ലിം നേതാക്കളുമായും ബന്ധം പുലര്‍ത്തിയിരുന്നു. അതിനാല്‍ മുസ്ലിം ആയ
മാല്‍ക്കം തന്റെ ഹജ്ജ് നിര്‍‌വഹിക്കാന്‍ മക്കയിലെത്തി. മക്കയിലെ ജീവിതം വെള്ളക്കാരോടുള്ള തന്റെ സമീപനത്തില്‍ മാറ്റം വരുത്തി. മക്കയില്‍ മാല്‍ക്കം ഔദ്യോഗിക അഥിതിയായി. വെള്ളക്കാരും കറുത്തവരും മംഗോളിയരും ഇന്ത്യക്കാരുമെല്ലാം ഒരേ പാത്രത്തില്‍ നിന്നു ഭക്ഷിക്കുന്നതും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും ഒരുമിച്ചുറങ്ങുന്നതും മാല്‍ക്കം ആദ്യമായി അനുഭവിച്ചു. ഇത് താന്‍ നിരന്തരം കൊണ്ടു നടന്നിരുന്ന വംശീയതയുടെ ശരിയായ പരിഹാരമായി മാല്‍ക്കത്തിന് അനുഭവപ്പെട്ടു. ഇന്നലെവരെയുണ്ടായതില്‍ നിന്നു വ്യത്യസ്ഥനായ ഒരാളായാണു പിന്നീട് മാല്‍ക്കം പുറത്തു വരുന്നത്. താന്‍ തേടിയ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ പരിഹാരം വെറുപ്പല്ല, സമന്വയമാണെന്ന സത്യം മാല്‍ക്കം തിരിച്ചറിയുന്നു. വെളുത്തവരിലും നല്ല മനുഷ്യരുണ്ടെന്ന യാഥാര്‍ത്ഥ്യം  അദ്ദേഹത്തിനു ലോകത്തോട് വിളിച്ചു പറയേണ്ടതുണ്ടായിരുന്നു.

മാല്‍കം എക്സ് അതായിരുന്നു. താന്‍ വിശ്വസിക്കുന്നതില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വ്യക്തിത്വം. തനിക്കു ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ ആരേയും ഭയപ്പെടാത്തവന്‍.  മാല്‍ക്കം എക്സ് കറുപ്പ് വംശീയത് സ്വീകരിച്ചത് കേവലം ഒരു വെറുപ്പിന്റെ സൃഷ്ടിആയിട്ടായിരുന്നില്ല. എലിജാ മുഹമ്മദിന്റെ അദ്ധ്യാപനങ്ങള്‍ നൂറുശതമാനവും ശരി എന്ന ധാരണയിലായിരുന്നു. അറുപതുകളിലെ അമേരിക്കന്‍ സമൂഹത്തില്‍ അങ്ങിനെ വിശ്വസിക്കാതിരിക്കാന്‍ കാരണവുമില്ലായിരുന്നു. 1964 ലെ സിവില്‍ റൈറ്റ് നിയമം വംശീയ വിവേചനങ്ങളെ എതിര്‍ത്തുവെങ്കിലും അത് പ്രായോഗികമാകുവാന്‍ പിന്നെയും കാലങ്ങള്‍ കുറേ വേണ്ടിവന്നു.

കറുത്തവര്‍ഗ്ഗക്കാരോടുള്ള അനുഭാവം നില നിര്‍ത്തി തന്നെ വംശീയ വിവേചനത്തിനുള്ള പരിഹാരം മറ്റൊരു വംശീയതയല്ല എന്നും ശരിയായ ഇസ്ലാമിക അദ്ധ്യാപനമാണു വംശീയതയുടെ വേരറുക്കുകയുള്ളൂ എന്നും മാല്‍ക്കം പിന്നീട് പ്രചരിപ്പിക്കുവാന്‍ തുടങ്ങി. കറുത്ത ജനതക്കു വേണ്ടി പോരാടുമ്പോള്‍ തന്നെ വെളുത്തവരോടുള്ള വെറുപ്പ് മാല്‍ക്കം ഉപേക്ഷിച്ചു. പക്ഷെ അപ്പോഴേക്കും മാല്‍ക്കത്തിനു പഴയ സംഘത്തില്‍ നിന്നുള്ള ഭീഷണി രൂക്ഷമായി. വെള്ളപ്പോലീസാകട്ടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കണക്കുകൂട്ടലിലുമായിരുന്നു. അമേരിക്കയില്‍ തിരിച്ചെത്തിയതിന്നു ശേഷം ഇസ്ലാമിക പ്രചരണവുമായി മുന്നോട്ട് പോയി.

സംഭവിക്കാനുള്ളത് സംഭവിച്ചേ മതിയാവൂ. മന്‍‌ഹാട്ടനിലെ ഒരു ഓഡിറ്റോറിയ്ത്തില്‍ മാല്‍ക്കത്തിനു പ്രസംഗമുണ്ടായിരുന്നു. നാനൂറോളം പേര്‍ സന്നിഹിതരായിരുന്ന സദസ്സിനെ നോക്കി മാല്‍ക്കം പ്രസം‌ഗമാരംഭിച്ചു. പെട്ടെന്നായിരുന്നു സദസ്സില്‍ കശപിശ ഉയര്‍ന്നത്. അതിന്നിടയില്‍ മൂന്നു പേര്‍ മുന്നോട്ട് വന്ന് മാല്‍ക്കത്തിനു നേരെ വെടിവച്ചു. ജനം ചിതറി ഓടി. ഒരാള്‍ മാത്രം മാല്‍ക്കത്തെ പതിനാറു തവണ വെടിവച്ചു എന്നാണു റിപ്പോര്‍ട്ട്. ഒരു ചരിത്രത്തിന്റെ അന്ത്യം.

മാല്‍ക്കം കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും ഒരു സം‌രക്ഷണവും പോലീസ് നല്‍കിയില്ല. മാത്രമല്ല, മാല്‍ക്കത്തിന്റെ കൊലപാതകത്തില്‍ പരോക്ഷമായ  സഹായവും അധികാരികള്‍ കൊലപാതകികള്‍ക്ക് നല്‍കിയിരുന്നു.

മാല്‍ക്കത്തിന്റെ ചില പ്രസം‌ഗങ്ങള്‍ ഇന്നും യൂറ്റ്യൂബിലുണ്ട്. സിനിമ കാണുന്നതിന്നെത്രയോ മുമ്പേ ഞാനത് കണ്ടിരുന്നു. ഇപ്പോള്‍ ഡെന്‍സന്‍ മാല്‍ക്കമായി പുനര്‍ജനിക്കുമ്പോള്‍ അഭിനയ കലയുടെ അമൂര്‍ത്തമായ സ്വാം‌ശീകരണം എന്നെ വിസ്മയിപ്പിക്കുന്നു. ഗ്രേറ്റ് ഡിബേറ്റിനു ശേഷം മറ്റൊരു ഡിബേറ്റ്. റിയല്‍ ഡിബേറ്റ്. ഡെന്‍സനു മുമ്പില്‍ തൊപ്പിയൂരാതെ വയ്യ തന്നെ.

ടോറന്റിന്റെ ലിങ്ക് വേണ്ടവര്‍ക്കിതാ- അതിന്നപ്പുറം ഞാനെങ്ങിനെ നിങ്ങളെ സഹായിക്കാനാണു.

http://torrentz.com/00c36751c76f43b5446df657d8437ef84cee6b90

2010 ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല

ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.

പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും. 

മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍  ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു. 

പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന  ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ.  തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു. 

മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ? 

എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?

ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും. 

കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല?  അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല? 

ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ  എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും.  ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല. 

അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു. 

2010 ജൂലൈ 4, ഞായറാഴ്‌ച

തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു

സമൂഹത്തിലെ പ്രശ്നങ്ങളില്‍ സ്വയം വിധി നടപ്പിലാക്കുന്നത് നിലവിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും തെമ്മാടിത്തവുമാണു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമവിധേയമാകാതെയാകുമ്പോള്‍ പിന്നീട് നിയമത്തെ കുറ്റപ്പെടുത്താല്‍ അര്‍ഹത ഇലാതായി തീരുകയും ചെയ്യുന്നു. ഇത് തൊടുപുഴയിലെ വിവാദ സംഭവങ്ങളുമായുള്ള വര്‍ത്തമാന കാര്യങ്ങളിലുള്ള എന്റെ പ്രതികരണമാണു.

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു എന്നതിനാലാണു ഈ കുറിപ്പിവിടെ കുറിക്കുന്നത്. തൊടുപുഴയിലെ ചോദ്യപേപ്പര്‍ തയ്യാറാകിയ അദ്ധ്യാപകനോടുള്ള അമര്‍ശം ജനാധിപത്യ രീതിയില്‍ നല്ലവഴിക്കു നീങ്ങി കൊണ്ടിരിക്കെ തികച്ചും അപലനീയമായ രീതിയില്‍ പ്രാകൃതരായ ചില ആളുകള്‍ നിയമത്തെ കയ്യിലെടുത്തതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തന്നെ ഞാന്‍ പ്രതിഷേധിക്കുന്നു.

ഇത് ജനാധിപത്യത്തോടും നിയമവാഴചയോടുമുള്ള വെല്ലുവിളിയാണു. പ്രത്യേകിച്ചും ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു. അവരില്‍ നിന്നു വരുന്ന ഇത്തരം ചെയ്തികള്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. എന്തു കൊണ്ട് തങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് കുറെ വേവലാതിപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇങ്ങിനെയുള്ള സംഭവങ്ങളെ മനസികമായി വെറുക്കാനും കഴിയുന്നത്ര അപലപിക്കാനും സമുദായത്തിലെ ഓരോ അം‌ഗവും തയ്യാറാകാത്തിടത്തോളം പ്രതിക്കൂട്ടില്‍ പിന്നെയും പിന്നെയും കയറി നില്‍ക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും ഉള്‍കൊള്ളേണ്ടതുണ്ട്.

ഒരു മുസ്ലിം എന്ന നിലക്ക് ദൈവം പ്രവാചകന്‍ എന്നിവരോടൊപ്പം സമൂഹത്തിലെ നേതൃത്വത്തെയും അനുസരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണു. സാമൂഹിക നിയമങ്ങളാണു ഉലുല്‍ അംറില്‍ വരുന്നതെന്ന്‍ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കോടതിയേയും നിയമപാലകരേയും അനുസരിക്കേണ്ട ഒരു സമൂഹം നിയമത്തിലെ കയ്യിലെടുക്കുന്നത് ഏത് പ്രവാചകനു വേണ്ടിയാണു. തങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മാത്രം നിയമം മതിയെന്നാണോ കരുതുന്നത്, അതല്ല നിയമത്തെയും വ്യവസ്ഥിതിയേയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രം തങ്ങള്‍ക്കാകുമെന്നു ഈ പൊട്ടക്കിണറ്റിലെ തവളകള്‍ കരുതുന്നുവോ?

ആയിരക്കണക്കിനു നരേന്ദ്രമോഡികളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു മ‌അദനിയെ തന്നെയാണ്. സമൂഹത്തിലെ പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഉള്ളിലുള്ള അര്‍ബുദം ഒരു ഭാഗം മുഴുവന്‍ നശിപ്പിച്ച് ചികിത്സ സാധ്യമാവാത്ത വിധം അപകടപ്പെടുത്തുമ്പോഴെ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങൂ.

മാന്യമായി പ്രതികരിച്ച് കോടതിലെത്തിയ ഒരു വിഷയം നാലാളുകൂടി വിധി നടപ്പിലാക്കിയത് മതപരമായ വിജയമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണീ പോസ്റ്റ്. കാരണം മനസ്സുകൊണ്ട് നിങ്ങളും വര്‍ഗ്ഗീയതയെ താലോലിക്കുകയാണു. സ്വന്തം വിഭാഗത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയും മറ്റുള്ളവരുടെ തിന്മകള്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്ന ഒരു സ്മൂഹമായി നാം രൂപപ്പെട്ടുകൂടാ. തിന്മ തിന്മയും നന്മ നന്മയുമാകണം. അത് എത്ര അടുത്തവരില്‍ നിന്നായാലും.

ഇതെന്റെ വ്യക്തിപരമായ കുറിപ്പാണു. എനിക്കു ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതിക്കുള്ളില്‍ നിന്ന് എനിക്കിതെങ്കിലും ചെയ്തേ മതിയാകൂ.

2010 മേയ് 5, ബുധനാഴ്‌ച

ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-

രണ്ടഭിപ്രായമുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതിനെ നേരിടുന്നത് ആളുകളുടെ സ്വഭാവത്തിന്നനുസരിച്ചുമിരിക്കും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ബീജേപിയുമെല്ലാം എല്ലായിടത്തുമുണ്ട്. അത് തൃശൂരിലും കോഴിക്കോട്ടുമുള്ളതല്ല കണ്ണൂരുള്ളത്. രണ്ടിടത്തും മലയാളം പറയുന്നവര്‍, ഒരേ നിയമത്തിനു കീഴിലുള്ളവരും. എന്നാലും ആളുകളുടെ സ്വഭാവം രണ്ടാകുന്നത് രണ്ടു സമീപനങ്ങളുണ്ടാക്കുന്ന പ്രശ്നമാണു. അതില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് നിലവാരം പോലെയിരിക്കും.

ബൂലോകം ഇടിഞ്ഞു പൊളിയുന്നേ എന്ന അനില്‍@ബ്ലോഗിന്റെ കരച്ചില്‍ എന്നെ കൂടി ഉള്‍കൊള്ളുന്നതിനായതിനാല്‍ പ്രതികരിക്കാതിരിക്കാനാവില്ല. ബ്ലോഗിനു മാന്ദ്യമാണെന്നും അതിന്നു കാരണം കണ്ടെത്തലും പരിഹാര നിര്‍ദ്ദേശവുമായി നിര്‍ദ്ദോശകമായ ഒരു പോസ്റ്റ് ആണെങ്കില്‍ പ്രതികരിക്കേണ്ടതില്ല. എന്നാല്‍ തനിക്കിഷ്ടമില്ലാത്ത ചര്‍ച്ചകള്‍ മലിനീകരനമാണെന്നും താനിരിക്കാത്തതിനാല്‍ നായകളിരിക്കുന്നതുമാണെന്നെല്ലാം നിരൂപിച്ചെടുക്കുമ്പോള്‍ അത്ര നിര്‍ദ്ദോശികമായി എന്നു തോന്നുന്നില്ല.

മനുഷ്യനെ ഏറ്റവും സ്വാധീനിച്ചതെന്ത് എന്ന ചോദ്യത്തിനുത്തരം മതം എന്നു തന്നെയാണു. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. തനിക്കിഷ്ടമില്ല എന്നു കരുതി അങ്ങിനെ ഒരു ചര്‍ച്ച പാടില്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ക്കെല്ലാം എല്ലിന്മേല്‍ ചോറു കുത്തുന്നുണ്ടെന്നും അനിലിന് നൊമ്പരം. ബ്ലോഗ് ചര്‍ച്ചകള്‍ വിശപ്പിനു പരിഹാരമാകണമെന്നു ഗൂഗിളിനു വരെ നിര്‍ബന്ധമില്ല. പക്ഷെ അനില്‍ എല്ലാവരുടെയും വിശപ്പടക്കിയേ അടങ്ങൂ. എന്തായാലും എനിക്ക് ചോറ് എല്ലിനു കുത്തുന്നുണ്ടോ എന്നറിയില്ല. ഇനി പട്ടിണി കിടന്നേ ബ്ലോഗ് എഴുതാവൂ എന്നു നിയമമുണ്ടെങ്കില്‍ ബ്ലോഗ് നിര്‍ത്താം എന്നെല്ലാതെ വെറുതെ പട്ടിണീ കിടക്കാന്‍ ആവുകയുമില്ല. എന്റെ ബ്ലോഗ് വിശപ്പിനു പരിഹാരമാകണമെന്ന ഒരുദ്ദേശത്തില്‍ എഴുതുന്നുമില്ല.

അനില്‍ മിക്ക മുസ്ലിം വിരുദ്ധപോസ്റ്റിലും തന്റെ കമെന്ററിയിക്കുന്ന ഒരു സാന്നിദ്ധ്യമാണു. പലപ്പോഴും നിര്‍ദ്ദോശമെന്ന് തോന്നുന്ന ഒരു കുറിപ്പെങ്കിലും കാണാം, അങ്ങിനെ തന്റെ പിന്തുണ വ്യക്തമാക്കാന്‍ തയ്യാറുള്ള ഒരാള്‍ ഇത്രകാലമില്ലാത്ത വേവലാതി കുട്ടയില്‍ നിന്നു പുറത്തിറക്കരുത്.

മത താരതമ്യ ചര്‍ച്ചകള്‍ ഇന്നും ഇന്നെലെയും തുടങ്ങിയതല്ല. അത് ഇന്നും യൂനിവേറ്സിറ്റി തലത്തില്‍ തന്നെ നടത്തുന്നു. പല തിയോളജി പഠനത്തിന്റെയും ഭാഗമാണത്.

മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കുറിച്ചു മാത്രമെഴുതുക, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ കുറിച്ചു മാത്രമെഴുതുക, ഹിന്ദുക്കള്‍ ഹിന്ദുക്കളെ കുറിച്ചു മാത്രമെഴുതുക എന്നു പറയുന്നിടത്തു നിര്‍ത്താനകില്ലല്ലോ? മാര്‍കിസ്റ്റുകാര്‍ മാര്‍കിസ്റ്റുപാര്‍ട്ടിയുടെ കാര്യം മാത്രം പറയുക, കോങ്രസ്സിനെ കുറിച്ചു മിണ്ടിപ്പോകരുത്. ബീജെപ്പി പാര്‍ട്ടി കാര്യങ്ങള്‍ക്കപ്പുറം ലീഗിനെ കുറിച്ച് പ്രസംഗിക്കരുത്, കേരളാകോണ്‍ഗ്രസ്സിനു സിപിഐയെ കുറിച്ച് പറയാനെന്തവകാശം എന്നെല്ലാം കൂട്ടിചേര്‍ക്കേണ്ടി വരും.

അങ്ങിനെ നിര്‍ഗുണപരബ്ലോഗര്‍മാരാകാന്‍ നിങ്ങളെ അനില്‍ ക്ഷണിക്കുന്നു, ഡയറികുറിപ്പുകള്‍ക്കപ്പുറം യാത്രാ വിവരണ പോട്ടം പിടുത്തത്തിന്നപ്പുറം എല്ലിനെകുത്തുന്ന പോസ്റ്റുകളെ പട്ടിണിമാറ്റാന്‍ കൊള്ളാത്തവയാക്കുന്നു.

എന്റെ എഴുത്ത് എന്റെ വായനയുടെ ഉപോല്പന്നമാണു, എന്റെ വായന എന്റെ അവകാശവും. ഞാന്‍ ഒരു വിഭാഗത്തിന്റെയും അടിസ്ഥാന ഗ്രന്ഥങ്ങളെ വളച്ചൊടിച്ച് ഒരു പോസ്റ്റുമിട്ടിട്ടില്ല, ആശയങ്ങളെ ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടാന്‍ എനിക്ക് സ്വാതന്ത്ര്യമുള്ളയിടത്തോളം തടയിണയിടാന്‍ ഒരാള്‍ക്കും അവകാശവുമില്ല.

സൂര്യന്‍ പടിഞ്ഞാറു നിന്നു തന്നെ ഉദിക്കട്ടെ, അതിനെ കിഴക്കുനിന്നുദിപ്പിക്കാന്‍ കഴിവുള്ളവര്‍ കിഴക്കുനിന്നും ഉദിപ്പിക്കട്ടെ.

അങ്ങിനെ ചിലര്‍ കണ്ണൂര്‍ക്കാര്‍ ഉണ്ടാകുമെന്ന് പേടിച്ച് തൃശൂര്‍കാര്‍ക്ക് പാര്‍ട്ടിയില്‍ കൊടിപിടിക്കാതിരിക്കാനാവുമോ?

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

മാധവിക്കുട്ടിയും ഐ.പി.എല്ലും

മാധവിക്കുട്ടിയുടെ സമ്പൂര്‍‌ണ്ണ കൃതികളില്‍ നിന്ന് മാനസി ഇന്നലെയാണ് വായിച്ചത്, മിനിയാന്നാണു ഐ.പി.എല്‍ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും.

ചിലപ്പോള്‍ ഒരു വായന മനസ്സിനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളെ സം‌യോജിപ്പിക്കും. ഈ വിവാദങ്ങള്‍ അത്തരത്തിലൊരു ചിത്രമാണെനിക്കു നല്‍കിയത്, വായനയും.

രാഷ്ട്രീയവുമായൊരു ബന്ധവുമില്ലാതിരുന്ന ഒരു സ്ത്രീ തന്റെ ശരീര ശക്തിയില്‍ അധികാരത്തിന്റെ പടവുകള്‍ കയറുന്ന ഒരു കഥയാണു മാധവികുട്ടി നമുക്ക് നല്‍കുന്നത്. അതിന്നിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വകാര്യതയും കുടുമ്പവും അവരെഅലോസരപ്പെടുത്തുന്നുമില്ല. മോഹിപ്പിക്കുന്ന അധികാരങ്ങളിലേക്ക് എല്ലാറ്റിനേയും ചവിട്ടി പിറകോട്ടിട്ടു തന്നെയാണു വലിഞ്ഞു കയറുന്നത്. അതിന്നിടയിലെ കഥാപാത്രങ്ങള്‍ ഒരു നല്ല കയറുകളായി മുകളിലേക്ക് കയറാന്‍ അറിയാതെയെങ്കിലും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

വളരെ മുമ്പ് എഴുതിയ ഈ ചെറു നോവല്‍ ഞാന്‍ പണ്ടേ വായിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ കൃതി കയ്യില്‍ കിട്ടിയപ്പോല്‍ വീണ്ടും എല്ലാം ഒന്നു കൂടി വായിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. നല്ല വായനകള്‍ നമുക്ക് പുതിയ കഥകള്‍ പറഞ്ഞു തരും. ആദ്യത്തെതില്‍ നിന്നും വ്യത്യസ്ഥമായ ഒരര്‍ത്ഥം നമുക്ക് സമ്മാനിക്കും.

അധികാരം, പണം, സ്ത്രീ എല്ലാം എല്ലാ കാലത്തും കെട്ടിപുണര്‍ന്നിരിക്കുന്നു, കാലം മാത്രമാണു മാറുന്നത്.

ഐ.പി.എല്‍ നമ്മോട് പറയുന്നത് ക്രിക്കറ്റ് വെറുമൊരു കളിയല്ല എന്നാണ്. കളി ഇപ്പോള്‍ ഒരു കളിയല്ല എന്ന്. കളികള്‍ ഒരു കേവല വിനോദമെന്നതിലുപരി വലിയ വലിയ വിനോദങ്ങളായിരിക്കുന്നു. അത് നാലു വര്‍ഷം കൊണ്ടൊരുത്തനെ ജെറ്റിനും ആഡമ്പര കപ്പലിനുമുടമയാക്കാന്‍ മാത്രമല്ല, ഒരു രാഷ്ടത്തിലെ ഭരണാധികകാരിയെ വരെ മാറ്റിയിരുത്താന്‍ മാത്രം ശക്തമാണ്. വാതും ചൂതും വളര്‍ത്തുന്നത് രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള പുതിയ ശക്തികളെയാണു. ഇനിയുള്ള നമ്മുടെ പുതിയ രാജാക്ക്ന്മാര്‍ ഇവരെല്ലാമായിരിക്കും.

സുനന്ദ മാത്രമല്ല ഐ.പി.എല്ലിലെ സ്ത്രീ സാന്നിദ്ധ്യം. ഗബ്രിയേല ഡിമിത്രിഡസ് എന്ന ദക്ഷിണാഫ്രിക്കന്‍ സുന്ദരി ലോക സുന്ദരിയാകേണ്ടന്ന് തീരുമാനിച്ചത് ലളിത് മോഡിയെന്ന് ഗോസിപ്പ് കഥകള്‍.

പിന്നെയും മാനസി കടന്നു വരുന്നു. കൂടെയുള്ളവര്‍ കൂടുതല്‍ വളരുമ്പോള്‍ കുതികാല്‍ വെട്ടുന്ന കഥാപാത്രങ്ങള്‍.

ഐ.പി.എല്‍ വിവാദം നമ്മുടെ തലമുറയുടെ ശരിയായ ചിത്രമാണു. പുതിയ ചേരികള്‍ പിന്നെയും പെരുകുമ്പോള്‍ കോടികള്‍ കൊണ്ട് പന്തെറിയുന്നതില്‍ ആവേശം കൊള്ളുന്ന യുവതക്ക് അവര്‍‌ക്കര്‍ഹിച്ചത് ലഭിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ പോലും.

ഖദര്‍ മാറ്റി ഇറക്കു മതി ചെയ്ത ഭംഗിയുള്ള കര്‍ട്ടന്‍ തന്റെ പ്രധാനമന്ത്രി മന്ദിരത്തെ മോടി കൂട്ടിക്കണമെന്ന മാനസിയുടെ സ്വപ്നം പോലെ

2010 ഏപ്രിൽ 1, വ്യാഴാഴ്‌ച

ഒരു മനോഹര മനസ്സ്

Schizophrenia-ഒരു മാനസിക രോഗമാണു. ഇല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുന്നതായും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായുള്ള അനുഭവപ്പെടലുകളുമാണ് ഇതിന്റെ ആദ്യലക്ഷണം. ഞാന്‍ ഈ രോഗത്തെ കുറിച്ചുള്ള ഒരു പോസ്റ്റല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്. ഈ രോഗം പോസിറ്റീവ് ആയി ഉപയോഗിച്ച ഒരു മഹാനായ മനുഷ്യനെ കുറിച്ച് മനോഹരമായി നിര്‍മിച്ച ഒരു സിനിമ നിങ്ങളുമായി പങ്കു വക്കുക മാത്രമാണു ചെയ്യുന്നത്.

1994-ലെ നോബല്‍ സമ്മാന ജേതാവ് John Forbes Nash, Jr.ന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സില്‍‌വിയ നാസര്‍ എഴുതിയ A Beautiful Mind എന്ന പുസ്തകത്തെ ആധാരമാക്കി റോണ്‍ ഹവാര്‍ഡ് സം‌വിധാനം ചെയ്ത പുസ്തകത്തിന്റെ അതേ പേരില്‍ നിര്‍മ്മിച്ച ചിത്രം കണ്ടപ്പോള്‍ ഒരു കുറിപ്പെങ്കിലുമെഴുതാതിരിക്കുന്നതെങ്ങിനെ എന്ന് തോന്നി.

എനിക്കേറ്റവും വെറുപ്പുള്ള കാര്യം കാണാന്‍ താത്പര്യമുള്ള സിനിമയുടെ കഥകേള്‍ക്കുകയാണ്. അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ നില്‍ക്കുന്നില്ല. ജോണിന്റെ വേഷമിട്ടിരിക്കുന്നത് ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഏറ്റവും നല്ല നടനെന്ന ഓസ്കാര്‍ നേടിയ റസ്സല്‍ ക്രൊവ് ആണ്.

സിനിമയുടെ തുടക്കം കുറച്ച് അരോചകമായാണു തുടങ്ങുന്നത്, പക്ഷെ ആദ്യത്തെ അഞ്ചു മിനിറ്റിന്നു ശേഷം അത് കൊണ്ടു പോകുന്നത് അയാഥര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ ലോകത്തിലേക്കാണ്. അത് നിങ്ങളെ ശരിക്കും വിഭ്രാന്തിയിലാക്കും. നാഷിന്റെ ഭാര്യയായി അഭിനയിച്ച ജെനിഫ കോന്നെല്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയുടെ അകാഡമി അവാര്‍ഡ് നേടിയെടുത്തിട്ടുണ്ട്.

റൊമാന്‍സ് രംഗങ്ങള്‍ തീരെയില്ല എന്നു വരെ പറയാവുന്ന ഈ ചിത്രത്തിലെ രണ്ട് ചെറിയ ഭാഗങ്ങളാകട്ടെ നക്ഷത്രങ്ങളുടെ കാല്പനികഭാവത്തിലേക്ക് കൊണ്ട് പോകാന്‍ മാത്രം ശക്തവും.

ജോണ്‍ നാഷെ തന്റെ ആത്മകഥയില്‍ പറയുന്നത് പോലെ സരോസ്ട്രിയനല്ലാത്ത ഒരാള്‍ക്ക് സരാസുസ്ത്ര ലക്ഷക്കണക്കിനു ജനങ്ങളെ തീയിനെ ആരാധിക്കാന്‍ കല്പിച്ച ഒരു ഭ്രാന്തന്‍ മാത്രം, എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭ്രാന്തില്ലായിരുന്നുവെങ്കില്‍ കോടിക്കണക്കിനു ജനങ്ങളിലെ ജീവിച്ചു വിസൃതിയിലാണ്ട ഒരാള്‍ മാത്രം.

അതെ നാഷെയുടെ ഭ്രാന്ത് നമുക്കു നല്‍കിയത് മാതെമെറ്റിക്‍സിലെ പ്രഗത്ഭങ്ങളായ പ്രശ്നപരിഹാരം മാത്രമല്ല. ഇത് പോലെ മനോഹരമായ ഒരു സിനിമയുടെ പ്രചോദന്മ കൂടിയാണു.

ഓഫ്: ടോറെന്റ് ഉള്ളവര്‍ക്ക് A Beautiful Mind എന്ന ഫിലിം ഡൗന്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. കാശു പോകില്ല, സമയവും . ഉറപ്പ്