സാഹിത്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാഹിത്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

മഞ്ഞ്- ഓര്‍ഹന്‍ പാമുക്ക്


കാര്‍സ് എന്ന പട്ടണത്തിലേക്കുള്ള മഞ്ഞുകാലത്തെ യാത്രയുമായാണു മഞ്ഞിന്റെ തുടക്കം. തുടക്കം അതി മനോഹരമെന്നു പറയാതെ വയ്യ. സൂക്ഷ്മ വിവരണങ്ങളിലായുള്ള തുടക്കം മനസ്സിലേക്ക് മഞ്ഞു പെയ്യിക്കുക തന്നെയാണു.  


തുര്‍ക്കിയിലെ രാഷ്ട്രീയ ചിത്രം നല്‍കുകയാണു നോവലിസ്റ്റ് ചെയ്യുന്നതെന്ന് തുടക്കം ഒരിക്കലും വെളിപ്പെടുത്തുകയില്ല. ഒരു കലാകാരന്റെ കയ്യടക്കം പ്രകടമാകുന്നതവിടെയാണു. ഒരു പത്രപ്രവര്‍ത്തകന്റെ റോളിലായി തന്റെ നീണ്ട ജര്‍മന്‍ പ്രവാസത്തിനു ശേഷം കാ എന്ന കവി കാര്‍സിലേക്ക് നീങ്ങുന്നത് ഇസ്തന്‍ബൂളിലെ സ്നേഹിതന്റെ ആവശ്യപ്രകാരമ്മാണെങ്കിലും, കായെ കൂടുതല്‍ സ്വാധീനിക്കുന്നത് പഴയ കാമുകി വിധവയായി കാര്‍സിലുണ്ടെന്ന അറിവില്‍ നിന്നാണെന്ന വെളിപ്പെടുത്തല്‍ ഒരു പ്രണയ നായകനെയാണു നമ്മെ ഓര്‍മിപ്പിക്കുക. അതിനാല്‍ ഒരു പ്രണയഭാവം വായനക്കാരില്‍ കാ-ക്കു നല്‍കാന്‍ നാം തയ്യാറെടുത്തിരിക്കും. തലമറക്കാന്‍ അനുവദിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കുറിച്ചുള്ള അന്വേഷണമെന അയാളുടെ പത്രപ്രവൃത്തനം അതിനാല്‍ തന്നെ നമുക്കൊരു പ്രച്ഛന്നവേഷമായനുഭവപ്പെടുന്നു എന്നിടത്താണു നോവലിസ്റ്റ് വിജയിക്കുന്നത്. തലമറക്കല്‍ പ്രശ്നം തുര്‍ക്കിയുടെ രാഷ്ട്രീയഭൂപടത്തില്‍ അത്താതുര്‍ക്ക് മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണു. ആത്മഹത്യയാകട്ടെ ഇസ്ലാം വന്‍പാപമായി കരുതുന്നതും. അപ്പോള്‍ തലമറക്കാനനുവദിക്കാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യ എന്നതു തന്നെ ഒരു വിരുദ്ധസ്വഭാവമുള്ള സംഭവമാകുന്നു. 

ഒരു നോവല്‍ രാഷ്ട്രീയം പ്രമേയമാക്കുക എന്നത് മറ്റെന്തിനേക്കാളും പ്രയാസകരമായ ഒന്നായിരിക്കും. ( ഏറ്റവും എളുപ്പം പ്രണയവും). കാരണം രാഷ്ട്രീയം കാല്പനികമല്ല. അതിനാല്‍ തന്നെ ഒരു രാഷ്ട്രീയ നോവലിന്റെ വിരസതയില്‍ നിന്നു മഞ്ഞിനെ മാറ്റി നിര്‍ത്തിയത് അതിന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത മിടുക്കാണു. കഥ പറയുന്ന രീതിയിലുമുണ്ടൊരു പുതുമ. നോവലിസ്റ്റും കായും കായെ കാര്‍സിലേക്ക് പറഞ്ഞയച്ച സുഹൃത്തും വായനക്കാരനോട് സം‌വദിക്കുന്നുണ്ട്. ഇങ്ങിനെ മൂന്ന് പേരിലൂടെയാണു കഥ പറയുന്നത്. 

കഥ നീങ്ങുന്നത് രണ്ട് വഴിയിലൂടെയാണു. ഒന്ന് കാ-ക്ക് ഐപെക്കിനോടുള്ള പ്രണയം. ഐപെക്കിനെ സ്വന്തമാക്കാനുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ അയാള്‍ക്കു കടന്നു പോകേണ്ട വഴികളില്‍ നിന്നാണു മറ്റു കഥാപാത്രങ്ങള്‍ കടന്നു വരുന്നത്. അവരെല്ലാവരുമാണു കഥയില്‍ രാഷ്ട്രീയം ചേര്‍ക്കുന്നത്. അപ്പോഴും മറു വഴിയിലൂടെ തന്റെ പ്രണയത്തിന്റെ കഥ നീക്കുകയും ചെയ്യുന്നു. അങ്ങിനെ ഒരു വിരസമാകേണ്ട വിഷയം സരസമാക്കാന്‍ പാമുക്കിനാകുന്നു. 

ഒരു നോവലിന്, കഥക്ക് രണ്ട് വായനകളുണ്ട്. ഒന്ന് അതിന്റെ പുറം വായനയാണു. മറ്റൊന്ന് അന്വേഷണമാണു. കഥാകാരന്‍ കഥ പറയുന്നത് അയാളെ സ്പര്‍ശിച്ച ഒന്നിനെ വിശദീകരിക്കയാണു ചെയ്യുന്നത്. അത് അയാളെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാകാം. പാമുക് തന്റെ രാജ്യത്തിന്റെ കഥ പറയുകയാണ്. അതിനാല്‍ വായന എന്നെ കൊണ്ടെത്തിച്ചത് തുര്‍ക്കിയുടെ രാഷ്ട്രീയാന്വേഷണമാണു. അതിവിടെ പകര്‍ത്താനെനിക്കു താത്പര്യമില്ലെങ്കിലും .

ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന ചില രാജ്യങ്ങളിലെങ്കിലും പട്ടാളത്തിന്റെ ഭരണ സ്വാധീനം തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളേക്കാള്‍ കൂടുതലാണു. തുര്‍ക്കിയെ നമുക്ക് ഈ രാജ്യങ്ങളുടെ ഗണത്തിലുള്‍പ്പെടുത്താം. നമ്മൂടെ ജനാധിപത്യ സങ്കല്പങ്ങളിലല്ല തുര്‍ക്കി വരുന്നത്. പലപ്പോഴും ഇത് പോലെയുള്ള നോവലുകള്‍ നമുക്ക് മറ്റു പല സാമൂഹിക ചിത്രങ്ങളും നമുക്ക് നല്‍കുന്നു. 

ഒരു വായനക്കും തുടരന്വേഷണത്തിനും എന്തായാലും മഞ്ഞില്‍ കുളിരുണ്ട്. നല്ല ഒരു വായനാനുഭവമാണീ നോവല്‍. എങ്കിലും തുടക്കത്തിലെ ലാളിത്യവും ഭം‌ഗിയും ഒരേപോലെ നിലനിര്‍ത്താന്‍ നോവലിനു കഴിയുന്നില്ല എന്നത് കഥയുടെ സ്വഭാവവുമാകാം. 

കാര്‍സിനു തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില പ്രത്യേകതകളുണ്ട്. ചരിത്രത്തിലെ പല പടയോട്ടങ്ങളും കടന്നു പോവുകയും നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അധിനിവേഷങ്ങള്‍ക്കും ഈ പട്ടണം സാക്ഷിയാണു. അതിനാല്‍ വിവിധ സംസ്കാരങ്ങളുടെ ഒരു മിശ്രണവും സാര്‍ക്കിനുണ്ട്. അത് ഒരേ സമയം പട്ടണത്തേയും ഗ്രാമത്തേയും പ്രതിനിധീകരിക്കുന്നു. വിവിധ വംശങ്ങളുടെ പ്രതിനിധികള്‍ അവിടം സജീവമാണു. കുര്‍ദുകളും യഥാസ്ഥികരും വിശ്വാസികളും നിരീശ്വരരും  പരിഷ്കാരികളും പാശ്ചാത്യ തത്പരരും അവിടെ തങ്ങളുടെ റോളുകളിലുണ്ട്. 

പട്ടാളം ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചിത്രം പ്രവിശ്യയിലെ വിജയ സാധ്യതയുണ്ടായിരുന്ന മേയര്‍ സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ഥിത്വം പിന്‍‌വലിപ്പിക്കാന്‍ ചെയ്യുന്ന അട്ടിമറികളും വ്യക്തിയുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങുന്ന ചാര പ്രവര്‍ത്തനവുമെല്ലാം അനാവരണം ചെയ്യുന്നു. രാഷ്ട്രം അതിന്റെ പൗരരെ സംശയിക്കുമ്പോള്‍ ജീവിതം എത്ര ദുസ്സഹമാകുന്നു എന്നതിനു ഒരു തനിപ്പകര്‍പ്പാവുകയാണു നോവല്‍ . തുര്‍ക്കിയുടെ രാഷ്ട്രീയ ചിത്രം നേരിട്ട് പകര്‍ത്തുന്നതില്‍ പാമുക്കിന് കഴിയാതെ പോകുന്നുണ്ട്, അത് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന ചില സ്വാര്‍ത്ഥതകളിലാണു. ഉദാഹരണത്തിനു ബ്ലൂ എന്ന കഥാപാത്രത്തിന്റെ വ്യക്തിപരമായ കൊള്ളരുതായ്മകളിലൂന്നിയാണു തീവൃവാദത്തെ പാമുക് പരിഹസിക്കുന്നത്.  നിരാശനായ റ്റേര്‍ഗേറ്റ് ബേയി ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു. ഒരു പക്ഷെ, എന്തു കൊണ്ട് ഇത്ര നിരാശാജനകമായ തുര്‍‌ക്കിയില്‍ ഒരു ഭരണമാറ്റം സംഭവിക്കുന്നില്ല എന്ന് ചൂണ്ടുകയാണോ ഈ കഥാപാത്രങ്ങളിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. കായുടെ പ്രണയിനിയും ഇസ്ലാമിക് ഗ്രൂപ്പിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മുഖ്താറിന്റെ മുന്‍ ഭാര്യയുമായ ഐപെക്, തലമറക്കുന്ന പെണ്‍കുട്ടികളുടെ നേതാവായ   അനിയത്തി കാദിഫും ഒരേ സമയം ബ്ലൂ-വിന്റെ സ്വാധീനത്തിലായിരുന്നു. എന്നാല്‍ ബ്ലൂ വിന്റെ മനസ്സില്‍ ഹാന്‍ഡിയാണുള്ളതെന്ന സൂചന നോവല്‍ നല്‍കുന്നു. റ്റേര്‍ഗേറ്റ് ബേയി ഐപെക്കിന്റെയും കാദിഫിന്റെയും പിതാവു കൂടിയാണു. 

ഭരണകൂട ഭീകരത, അധികാര ദുര്‍‌വിനയോഗം, തൊഴിലില്ലായ്മ എല്ലാം സ്വാഭാവികമായും നോവലിലുണ്ട്. തലമറക്കാനനുവദിക്കാത്തതിനാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന അന്വേഷണത്തില്‍ പോലും ഒരു പുതുമയുണ്ട്. ഒരു പുതിയ പ്രതീകാത്മകതയും. മുസ്ലിം രാജ്യം എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ തലമറക്കാന്‍ പാടില്ല എന്ന അറിവു കൂടിയാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ പ്രാധാന്യം നമുക്ക് കിട്ടും. എന്റെ ഉദ്ദേശ്യം രാഷ്ട്രീയം വിശകലനം ചെയ്യുകയല്ല. നോവലിന്റെ പാശ്ചാത്തലം പറഞ്ഞു പോകുക മാത്രമാണ്. 

കാ സ്വയം അവകാശപ്പെടുന്നത് ഒരു നിരീശ്വര വാദിയായാണു പക്ഷെ ഇടക്ക് സന്ദേഹവാദിയായും ചിലപ്പോഴെല്ലാം ദൈവവിശ്വാസിയായും സ്വയം സംശയിക്കുകയും ചെയ്യുന്നുണ്ട്. തീരുമാനമെടുക്കാനുള്ള അയാളുടെ നിസ്സഹയാവസ്ഥ എല്ലാവരാലും ചൂഷണം ചെയ്യപ്പെടുന്നുമുണ്ട്. എല്ലാറ്റിലുമുള്ളവര്‍ക്ക് ആരുമുണ്ടാകില്ല എന്ന ചൊല്ലു പോലെ അവസാനം എല്ലാവരാലും സംശയിക്കപ്പെടുന്നവനായി കാ മാറുന്നു. അയാളുടെ മരണവും അതിന്റെ പരിണതിയാണു.  

നോവലിന്റെ കഥാസംഗ്രഹം പറയുക എനിക്ക് താത്പര്യമില്ല. ഒരു കഥയുടെ വായനയെ അത് ബാധിക്കുമെന്ന് ഞാന്‍ കരുതുന്നതിനാല്‍ അതിലെനിക്ക് താത്പര്യമില്ല. കഥയുടെ ആശയം കഥാകൃത്തിന്റെ താത്പര്യങ്ങളിലൂടെയാണു നീങ്ങുക. പക്ഷെ വായനാനുഭവം നല്ല ഒരു കലാകാരനു ആശയങ്ങളുമായി പൊരുത്തപെടാത്തവര്‍ക്കും പകരാനാകും. അങ്ങിനെ ഞാന്‍ മഞ്ഞിലൂടെ നീങ്ങുന്നു. നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല. 

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

മാധവിക്കുട്ടിയും ഐ.പി.എല്ലും

മാധവിക്കുട്ടിയുടെ സമ്പൂര്‍‌ണ്ണ കൃതികളില്‍ നിന്ന് മാനസി ഇന്നലെയാണ് വായിച്ചത്, മിനിയാന്നാണു ഐ.പി.എല്‍ പ്രശ്നം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതും.

ചിലപ്പോള്‍ ഒരു വായന മനസ്സിനെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളെ സം‌യോജിപ്പിക്കും. ഈ വിവാദങ്ങള്‍ അത്തരത്തിലൊരു ചിത്രമാണെനിക്കു നല്‍കിയത്, വായനയും.

രാഷ്ട്രീയവുമായൊരു ബന്ധവുമില്ലാതിരുന്ന ഒരു സ്ത്രീ തന്റെ ശരീര ശക്തിയില്‍ അധികാരത്തിന്റെ പടവുകള്‍ കയറുന്ന ഒരു കഥയാണു മാധവികുട്ടി നമുക്ക് നല്‍കുന്നത്. അതിന്നിടയില്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വകാര്യതയും കുടുമ്പവും അവരെഅലോസരപ്പെടുത്തുന്നുമില്ല. മോഹിപ്പിക്കുന്ന അധികാരങ്ങളിലേക്ക് എല്ലാറ്റിനേയും ചവിട്ടി പിറകോട്ടിട്ടു തന്നെയാണു വലിഞ്ഞു കയറുന്നത്. അതിന്നിടയിലെ കഥാപാത്രങ്ങള്‍ ഒരു നല്ല കയറുകളായി മുകളിലേക്ക് കയറാന്‍ അറിയാതെയെങ്കിലും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.

വളരെ മുമ്പ് എഴുതിയ ഈ ചെറു നോവല്‍ ഞാന്‍ പണ്ടേ വായിച്ചിരുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ കൃതി കയ്യില്‍ കിട്ടിയപ്പോല്‍ വീണ്ടും എല്ലാം ഒന്നു കൂടി വായിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. നല്ല വായനകള്‍ നമുക്ക് പുതിയ കഥകള്‍ പറഞ്ഞു തരും. ആദ്യത്തെതില്‍ നിന്നും വ്യത്യസ്ഥമായ ഒരര്‍ത്ഥം നമുക്ക് സമ്മാനിക്കും.

അധികാരം, പണം, സ്ത്രീ എല്ലാം എല്ലാ കാലത്തും കെട്ടിപുണര്‍ന്നിരിക്കുന്നു, കാലം മാത്രമാണു മാറുന്നത്.

ഐ.പി.എല്‍ നമ്മോട് പറയുന്നത് ക്രിക്കറ്റ് വെറുമൊരു കളിയല്ല എന്നാണ്. കളി ഇപ്പോള്‍ ഒരു കളിയല്ല എന്ന്. കളികള്‍ ഒരു കേവല വിനോദമെന്നതിലുപരി വലിയ വലിയ വിനോദങ്ങളായിരിക്കുന്നു. അത് നാലു വര്‍ഷം കൊണ്ടൊരുത്തനെ ജെറ്റിനും ആഡമ്പര കപ്പലിനുമുടമയാക്കാന്‍ മാത്രമല്ല, ഒരു രാഷ്ടത്തിലെ ഭരണാധികകാരിയെ വരെ മാറ്റിയിരുത്താന്‍ മാത്രം ശക്തമാണ്. വാതും ചൂതും വളര്‍ത്തുന്നത് രാഷ്ട്രീയത്തെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള പുതിയ ശക്തികളെയാണു. ഇനിയുള്ള നമ്മുടെ പുതിയ രാജാക്ക്ന്മാര്‍ ഇവരെല്ലാമായിരിക്കും.

സുനന്ദ മാത്രമല്ല ഐ.പി.എല്ലിലെ സ്ത്രീ സാന്നിദ്ധ്യം. ഗബ്രിയേല ഡിമിത്രിഡസ് എന്ന ദക്ഷിണാഫ്രിക്കന്‍ സുന്ദരി ലോക സുന്ദരിയാകേണ്ടന്ന് തീരുമാനിച്ചത് ലളിത് മോഡിയെന്ന് ഗോസിപ്പ് കഥകള്‍.

പിന്നെയും മാനസി കടന്നു വരുന്നു. കൂടെയുള്ളവര്‍ കൂടുതല്‍ വളരുമ്പോള്‍ കുതികാല്‍ വെട്ടുന്ന കഥാപാത്രങ്ങള്‍.

ഐ.പി.എല്‍ വിവാദം നമ്മുടെ തലമുറയുടെ ശരിയായ ചിത്രമാണു. പുതിയ ചേരികള്‍ പിന്നെയും പെരുകുമ്പോള്‍ കോടികള്‍ കൊണ്ട് പന്തെറിയുന്നതില്‍ ആവേശം കൊള്ളുന്ന യുവതക്ക് അവര്‍‌ക്കര്‍ഹിച്ചത് ലഭിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളില്‍ പോലും.

ഖദര്‍ മാറ്റി ഇറക്കു മതി ചെയ്ത ഭംഗിയുള്ള കര്‍ട്ടന്‍ തന്റെ പ്രധാനമന്ത്രി മന്ദിരത്തെ മോടി കൂട്ടിക്കണമെന്ന മാനസിയുടെ സ്വപ്നം പോലെ

2009 ജൂൺ 29, തിങ്കളാഴ്‌ച

പ്രവാസ സാഹിത്യത്തിന്റെ കാണാപ്പുറങ്ങള്‍

ബഷീര്‍ അനുസ്മരണത്തിലെ ഒരു പ്രധാനചര്‍ച്ച പ്രവാസസാഹിത്യത്തെ കുറിച്ചായിരുന്നു. എങ്ങും തൊടാതെ നീളുന്ന ചര്‍ച്ച ബോറഡിപ്പിച്ചപ്പോള്‍ പുറത്തുപോയി കൂട്ടുകാര്ന്നെെ കാണാനും പോട്ടമ്പിടിക്കാനും ഉപകരിപ്പിച്ചു. (വിശാലന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ). അപ്പോള്‍ തോന്നിയ ചില ചിന്തകളാണീ പോസ്റ്റ്.

എന്താണ് പ്രവാസസാഹിത്യം? എന്തുകൊണ്ട് പ്രവാസസാഹിത്യമെന്ന ഒരു വസ്തു രൂപപ്പെടുന്നില്ല?

പ്രവാസജീവിതത്തെ കുറിക്കുന്ന രചനകള്‍ എന്നതോ അതല്ല പ്രവാസികള്‍ രചിക്കുന്നവ എന്നതോ ഏതാണ് പ്രവാസസാഹിത്യമെന്നത് നിര്‍വചിക്കപ്പെട്ടിട്ടില്ല.പ്രവാസം എല്ലാ അര്‍ത്ഥത്തിലും സ്വാധീനം ചെലുത്തുന്ന മലയാളത്തില്‍ എന്തുകൊണ്ട് അത് സര്‍ഗ്ഗാത്മകതയില്‍ സ്വാധീനം ചെലുത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

അതിന്നപ്പുറമുള്ള ഒരു വിഭജനം തന്നെ അപ്രസക്തമാണെന്നാണ് എന്റെ നിരീക്ഷണം. ഇപ്പോള്‍ തന്നെ പെണ്ണെഴുത്തും ദളിത് സാഹിത്യവും ഉണ്ട്. ഇനി മുസ്ലിം സാഹിത്യം, ഹിന്ദു സാഹിത്യം, അച്ചായന്‍ സാഹിത്യം, കോണ്‍‌ഗ്രസ്സ് സാഹിത്യം, കേരളാ കോണ്‍‌ഗ്രസ്സ് സാഹിത്യം, ലീഗ് സാഹിത്യം, തിരുവതാംകൂര്‍ സാഹിത്യം, മലബാര്‍ സാഹിത്യം ഇങ്ങിനെ തരം തിരിച്ചുണ്ടാക്കി സംവരണമുണ്ടാക്കി ചിലരുടെ പേരുകള്‍ അച്ചടിപ്പിക്കാമെങ്കിലും വായിക്കുന്നവന്റെ അവകാശമെന്നതിനെ പ്രഹരിക്കുന്നത് കുറച്ചൊന്നുമാവില്ല.

ദുബായിലെ അനുസ്മരണത്തില്‍ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തിരുന്നു, ഏറ്റു വാങ്ങിയ പെണ്‍ സാഹിത്യം ചോദിച്ചത് ഇതില്‍ പെണ്ണെവിടെ എന്നായിരുന്നു. അച്ചടിക്കാന്‍ മാത്രം പെണ്ണെഴുതിയോ എന്നൊന്നും ആരും തിരിച്ച് ചോദിക്കില്ലല്ലോ? 33% സാഹിത്യത്തിലും വേണമെന്നും ഭാവിയില്‍ വാദിക്കാന്‍ സാധ്യത ഇല്ലായ്കയില്ല.

പ്രവാസ ജീവിതം എന്തുകൊണ്ട് സര്‍ഗ്ഗാത്മകമാവുന്നില്ല? പ്രധാന ചോദ്യമതാണെന്നു തോന്നുന്നു. എനിക്കുള്ളത് മൂന്ന് ഉത്തരങ്ങളാണ്.

ഒന്നാമതായി അനുഭവങ്ങള്‍ മാത്രം ഒരാളെ എഴുത്തുകാരനാക്കുന്നില്ല എന്നതാണ്. എഴുത്തുകാരനാക്കുന്നത് ഒരാളിലെ നൈസര്‍ഗ്ഗികതയാണ്. അത് കുറച്ചെല്ലാം രൂപപ്പെടുത്താമെങ്കിലും അടിസ്ഥാനമായി ജന്മവാസനയാണ്. ബഷീറിനെ പോലെ കുറെ അനുഭവങ്ങളുള്ള പലരുമുണ്ടായിരുന്നിരിക്കാം, പക്ഷെ ബഷീറിന്നനുഭവിക്കാന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അതൊരു സൃഷ്ടിയായി പുനസൃഷ്ടിക്കപ്പെടുന്നത്. മാധവിക്കുട്ടി പറയുന്നുണ്ട് എനിക്കധികം അറിവില്ല എന്ന്, ഒരു പക്ഷെ അത് വായനക്കാരുടെ ഭാഗ്യമായിരിക്കാം. അധികമറിഞ്ഞാല്‍ മര്‍മമറിയുന്ന നമ്പൂരി പശുവിനെ തല്ലാന്‍ നോക്കിയത് പോലെ ആയിപ്പോവും. മര്‍മമില്ലാത്ത ഒരു സ്ഥലവും തല്ലാന്‍ കിട്ടിയെന്ന് വരില്ല.

ഇവിടെ ഒരുപാടനുഭവങ്ങളുമായി ഒരുപാടാളുകളുണ്ട്, പക്ഷേ അവരില്‍ നൈസര്‍ഗ്ഗികതയില്ലെങ്കില്‍ എത്രയനുഭവങ്ങളും ഉത്പാദനക്ഷമമാവില്ല.

രണ്ടാമതായി അനുഭവങ്ങളും നൈസര്‍ഗ്ഗികതയുമൊത്തു ചേര്‍ന്നാലും ഞാനിതെഴുതും എന്നൊരാള്‍ക്കും വാശിപിടിക്കാന്‍ കഴിയില്ല. ബഷീര്‍ മതിലുകളെഴുതുന്നത് ജയിലനുഭവം വിവരിക്കാമെന്നു കരുതിയിട്ടല്ല. മറിച്ച് സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു സമൂഹത്തോട് അതിന്നു വേണ്ടി ത്യാഗം ചെയ്ത ഒരാളുടെ ഞാനെന്തിനു സ്വതന്ത്രനാവണമെന്ന വലിയ ചോദ്യം ചോദിക്കാനാണ്. ആ ചോദ്യമലട്ടിയില്ലായിരുന്നുവെങ്കില്‍ മതിലുകള്‍ രൂപപ്പെടില്ലായിരുന്നു. അത് കൊണ്ടാണ് മതിലുകള്‍ മതിലുകളായി മാറുന്നത്. ഇന്ന് എഴുത്ത് നേരിടുന്ന വലിയൊരു പ്രതിസന്ധിയുമതാണെന്ന് തോന്നുന്നു. പെണ്ണ് പെണ്ണെഴുത്തിനു മാത്രം വിഷയം തേടി അലയുന്നു, ദളിതനും. ഇപ്പോള്‍ പ്രവാസിയും അങ്ങിനെയാവട്ടെ എന്നു നാം തീരുമാനിക്കുന്നു.

തന്റെ പ്രവാസം ഒരു നിമിഷത്തിന്റെ പ്രചോദനമായി കടന്നു വരാത്തൊരു സമയത്തോളം എഴുത്തിന്റെ പ്രവാസ സ്വഭാവം ഒരു സ്വയംഭോഗമാവുകയേ ഉള്ളൂ. രതിയെന്നു വിളിക്കാമെങ്കിലും.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സൂചിപ്പിക്കുകയുണ്ടായി, അദ്ദേഹം അനിയനെ കണ്ടു മുട്ടുന്നതിനെ കുറിച്ച്. ദുബായിയില്‍ തന്നെ നിര്‍മാണതൊഴിലാളിയായ അദ്ദേഹം കഠിന ചൂടിലെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ ഇടക്കു ജേഷ്ടനെ വിളിക്കും, സ്നേഹിതരുടെ വണ്ടിയുമൊപ്പിച്ച് ഡോക്റ്ററെ കാണിക്കാന്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അഞ്ച് നിമിഷത്തോളം പരസ്പരം നോക്കി നിന്ന് കരയുകയായിരിക്കുമെന്ന്. നല്ല ഒരു കഥാതന്തുവാണല്ലോ. എന്നിട്ടും അത് പോലും നല്ല ക്രാഫ്റ്റുള്ള ഷിഹാബുദ്ദീനു പോലും പകര്‍ത്താന്‍ കഴിയാത്തെതെന്തേ?

അത് പകര്‍ത്താനുള്ള ഒരു സന്ദര്‍ഭം ഒരു വലിയ അലട്ടല്‍ മനസ്സ് രൂപം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതിനുള്ള പല കാരണങ്ങളുണ്ടാവാം.

അതിലെ പ്രധാനമായതില്‍ ഒന്ന് എനിക്കു തോന്നുന്നത് കേരളീയന്റെ ഉപഭോഗ തൃഷ്ണയാണെന്നതാണ്.

മറ്റേതൊരു വിഭാഗക്കാരെക്കാളും നമ്മെ സ്വീകാര്യരാക്കുന്നത് നമ്മുടെ സ്വാംശീകരിക്കുവാനുള്ള കഴിവോ അല്ലെങ്കില്‍ കഴിവുകേടോ ആണ്. അറബിയെ പോലെ അറബി സംസാരിക്കാനും ഇംഗ്ലീഷുകാരെക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പെരുമാറാനും നമുക്കറിയാമെന്നതില്‍ നാമഭിമാനം കൊള്ളുന്നു. ഇത് സാഹിത്യ ചരിത്രത്തിലുമുണ്ട്. നോവല്‍ സാഹിത്യമെല്ലാം ആദ്യം തന്നെ മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നത് അതിന്റെ ഭാഗമായാണ്. മാത്രമല്ല ആധുനികത യൂറോപ്പിയന്‍ സാഹിത്യകാലഘട്ടത്തോടൊപ്പം തന്നെ നമ്മുടെ ചര്‍ച്ചകളിലും വരുന്നുണ്ട്. കാക്കനാടനുമെല്ലാം എക്സ്റ്റെന്‍ഷനിസം അതേ കാലയളവില്‍ തന്നെ നമുക്കും അനുഭവേദ്യമാക്കി തന്നിരുന്നു.

ഇതും പ്രവാസസാഹത്യവുമായുള്ള ബന്ധമെന്തെന്നു ചോദിച്ചാല്‍ പലര്‍ക്കും പ്രവാസം ഒരു നൊമ്പരമാവുന്നില്ല എന്നത് കൂടിയാണ്. നാം പലപ്പോഴും പ്രവാസത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപഭോഗമോഹങ്ങള്‍ക്ക് നല്‍കുന്ന ഒരു വിലയായാണ് പ്രവാസത്തെ സ്വീകരിക്കുന്നത്. അത്യാവശ്യമായാലും നമുക്ക് തിരിച്ച് പോകുവാന്‍ കഴിയാത്തതും അതിന്റെ ഭാഗമാണ്. തിരിച്ച് പോക്ക് നമ്മെ പേടിപ്പെടുത്തുന്നത് നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണം മാത്രമല്ല, ഉപഭോഗതയുടെ ആധിക്യവും കൂടിയാണ്. പ്രവാസജീവിതത്തിന്റെ കഷ്ടതെയേക്കാള്‍ ഇതവസാനിക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ വ്യാകുലപ്പെടുത്തുന്ന ഒരു സമൂഹം പ്രവാസത്തെ എങ്ങിനെ ഒരു നൊമ്പരമായി കൊണ്ടു നടക്കും.

ഒരു സര്‍ഗ്ഗവാസനയും ഒരടിച്ചേല്‍പ്പിക്കലാവരുത്, എന്നാല്‍ ചില സംഭവങ്ങള്‍ ചിലവയെ നൈമനുഷികമെന്നോണം സൃഷ്ടിച്ചേക്കാം. എന്‍.എസ് മാധവന്റെ വന്മരങ്ങള്‍ കടപുഴകുമ്പോളും തിരുത്തുമെല്ലാം അത്തരത്തിലുള്ളവയാണ്. എന്നാല്‍ മൂക്കാത്ത മാങ്ങയെ കാര്‍ബണിട്ടു പഴുപ്പിക്കുമ്പോളുള്ള ഒരസ്വാദ് പ്രവാസ ലേബല്‍ നല്‍കുമെന്നതിന്നപ്പുറം അത് സാഹിത്യലോകത്തിന് ഒരു സംഭാവനയും നല്‍കില്ല.ചിലരുടെ പേര് ചുളുവില്‍ അച്ചടിക്കുമെന്നല്ലാതെ.

പ്രവാസസാഹിത്യം രൂപപ്പെടാന്‍ പ്രവാസിയാവണമെന്നുമില്ല. അമേരിക്കന്‍ ഇന്ത്യക്കാരുടെ ജീവിതത്തെ എം.ടി.യുടെ ഷെര്‍ലക്ക് പോലെ നന്നായി ആരാണ് പകര്‍ത്തിയിട്ടുള്ളത്. ഒ.വി. വിജയനും മുകുന്ദനും സക്കരിയയുമെല്ലാം കാലങ്ങളൊളം പ്രവാസമനുഭവിച്ചിട്ടും നമുക്ക് കിട്ടിയത് കേരളത്തെ കുറിച്ചുള്ള നല്ല സൃഷ്ടികളായിരുന്നുവല്ലോ.