2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

ആരും ആവശ്യപ്പെട്ടിട്ടില്ല- പക്ഷെ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലൊരു നൊമ്പരം- സഹായിക്കാനാവശ്യപ്പെടാതെതന്നെ സഹായിക്കാന്‍ പാടില്ലെ- അതും ഇത് പോലെ മനസ്സുള്ള ഒരാളെ- ഒരാള്‍ക്ക് ചെയ്യുവാനുള്ള പരിമിതി ഒരു കൂട്ടത്തിന്ന് മറികടക്കാനാവും- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

കുറേ തട്ടിപ്പുകളുടെ കഥകള്‍ നമ്മെ നിരുത്സാഹപ്പെടുത്തേണമോ?

ഒന്നുകൂടി ആവര്‍ത്തിക്കുന്നു- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?



അപര്‍ണയ്ക്ക് സംഭവിച്ചത്; ആര്‍ക്കും സംഭവിച്ചുകൂടാത്തത്‌
Posted on: 06 Oct 2009

പാലക്കാട്: അനുമോദനങ്ങളുടെ ആരവമൊഴിഞ്ഞപ്പോള്‍ അപര്‍ണാലവകുമാര്‍ എന്ന വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ വീണത് ദുരന്തങ്ങളുടെ കണ്ണീര്‍ഹാരം. കഴിഞ്ഞകൊല്ലം ഈ സമയത്ത് മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലായിരുന്നു തൃശ്ശൂരിലെ ഒല്ലൂര്‍ പോലീസ്‌സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ അപര്‍ണ.

കൂര്‍ക്കഞ്ചേരിയിലെ ഒരു ആസ്​പത്രിയില്‍ ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടമ്മയുടെ മൃതദേഹം വിട്ടുകിട്ടാതെ വിഷമിക്കുന്ന അപരിചിതകുടുംബത്തിന് തന്റെ മൂന്ന് സ്വര്‍ണവളകള്‍ ദാനംചെയ്ത മഹാമനസ്‌കതയാണ് അപര്‍ണയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. കാരുണ്യത്തിന്റെ മഹാമാതൃക എന്ന് കേരളം വാഴ്ത്തിയ അപര്‍ണ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ്, മനസ്സിന്റെ നന്മയ്ക്ക് പ്രതിഫലമായി വിധി കൊടുത്ത അകാലവൈധവ്യത്തിന്റെയും ഭീമമായ കടബാധ്യതകളുടെയും മുന്നില്‍. അപര്‍ണ ഇന്ന് പത്തുലക്ഷം രൂപയുടെ കടക്കാരിയാണ്.സ്വകാര്യദുഃഖങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് നന്മയുടെ പിന്നാലെ നടക്കുന്ന അപര്‍ണ എന്ന പോലീസുകാരിയുമായുള്ള അഭിമുഖമല്ല ഈ കുറിപ്പ്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന് നാട് വിശേഷിപ്പിച്ച അപര്‍ണയെ ലക്ഷങ്ങളുടെ കടക്കാരിയാക്കിയ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണിത്.

രണ്ടുമാസംമുമ്പ് ആത്മഹത്യചെയ്ത ഭര്‍ത്താവ് രാജന്‍ വരുത്തിവെച്ച കടങ്ങളാണിപ്പോള്‍ അപര്‍ണയുടെ ചുമലില്‍ വന്നിരിക്കുന്നത്. ആറുലക്ഷംരൂപ സ്വന്തംപേരില്‍ത്തന്നെ കടമുണ്ട്. ഭര്‍ത്താവിന് ജാമ്യംനിന്നവര്‍ക്ക് കൊടുക്കാനുള്ള നാലുലക്ഷത്തോളം രൂപയുടെ ധാര്‍മിക ബാധ്യത വേറെയും.പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളും എടുത്താല്‍പ്പൊങ്ങാത്ത സാമ്പത്തികബാധ്യതയുമാണ് അപര്‍ണയുടെ ഇപ്പോഴത്തെ സമ്പാദ്യങ്ങള്‍.

2008 സപ്തംബര്‍ നാലിന് കൂര്‍ക്കഞ്ചേരിയിലെ ആസ്​പത്രിയില്‍വെച്ചായിരുന്നു അപര്‍ണയുടെ 'സ്വര്‍ണദാനം'. ബന്ധുവിന്റെ അടിയേറ്റുമരിച്ച ഒരു സ്ത്രീയുടെ മൃതദേഹം, ബില്ലടയ്ക്കാന്‍ പണം തികയാത്തതുകൊണ്ട് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആസ്​പത്രിഅധികൃതര്‍. ഇന്‍ക്വസ്റ്റ് ഡ്യൂട്ടിക്കെത്തിയ അപര്‍ണ തന്റെ മൂന്നുവളകള്‍ ഊരിക്കൊടുക്കുകയായിരുന്നു. അവ പണയംവെച്ചാണ് അവര്‍ ബില്ലടയ്ക്കാനുള്ള തുക സ്വരൂപിച്ചത്.

തുടര്‍ന്ന് അനുമോദനങ്ങളുടെയും അഭിമുഖങ്ങളുടെയും പ്രവാഹമായിരുന്നു. സര്‍ക്കാരിന്റെ പാരിതോഷികമായി 25,000 രൂപയും ഡി.ജി.പി.യുടെ പ്രശംസാപത്രവും ഗുഡ്‌സര്‍വീസ് എന്‍ട്രിയും ലഭിച്ചു. പുറമെയുള്ള വ്യക്തികളും സംഘടനകളും സമ്മാനമായി നല്കിയ പണം അപര്‍ണ ആസ്​പത്രിയില്‍ പരിചയപ്പെട്ട നിര്‍ധന കുടുംബത്തിനാണ് നല്കിയത്. ഭര്‍ത്താവിന്റെ ബിസിനസ് സംരംഭങ്ങള്‍ പൊളിഞ്ഞ് കുടുംബത്തിന്റെ സാമ്പത്തികനില തകിടം മറിഞ്ഞ സമയത്തായിരുന്നു സ്വന്തംമനസ്സിന്റെ പ്രേരണയില്‍ ഈ ദാനധര്‍മങ്ങള്‍.

1997 ല്‍ രാജനെ വിവാഹംചെയ്ത അപര്‍ണയ്ക്ക് 2002 ലാണ് പോലീസ്‌വകുപ്പില്‍ ജോലികിട്ടിയത്. വിവാഹത്തിനുമുമ്പ് ഗള്‍ഫിലായിരുന്ന രാജന്‍ പിന്നീട് നീതിസ്റ്റോറും പലചരക്കുകടയുമൊക്കെ നടത്തിയെങ്കിലും എല്ലാം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്. ലോട്ടറിയിലും കുറെയേറെ പണം കളഞ്ഞു. സ്വന്തംവീടും അപര്‍ണയുടെ പേരിലുള്ള അഞ്ചുസെന്റ് സ്ഥലവുമൊക്കെ പണയത്തിലായി. ചായക്കട നടത്തിയാണ് ലവകുമാറും ശാന്തയും രണ്ട് മക്കളെ വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടുകാരണം മൂന്നുകൊല്ലം അനാഥാലയത്തില്‍ നിന്നാണ് അപര്‍ണ പഠിച്ചത്. അപര്‍ണ പത്തില്‍ പഠിക്കുമ്പോഴാണ് രോഗം ബാധിച്ച് ലവകുമാര്‍ ആസ്​പത്രിയിലായത്. ഡിസ്ചാര്‍ജ്ദിവസം കൈയില്‍ ഒട്ടും പണമില്ലാതെ കരഞ്ഞുനിന്ന അവള്‍ക്ക് തൊട്ടടുത്ത കിടക്കയിലെ രോഗിയാണ് അത്യാവശ്യത്തിന് പണംനല്‍കി സഹായിച്ചത്. 65 വയസ്സുള്ള അച്ഛന്റെയും ഡ്രൈവറായ അനിയന്റെയും സംരക്ഷണയില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ണംപേട്ടയിലെ വീട്ടില്‍ കഴിയുകയാണ് അപര്‍ണയും മക്കളും. ഭര്‍ത്താവിന്റെ അച്ഛനും സഹോദരങ്ങളും നല്‍കുന്ന സ്നേഹവും ധൈര്യവും സഹപ്രവര്‍ത്തകരുടെ പിന്തുണയും ദുരിതവഴികളില്‍ കരുത്ത് പകരുന്നുണ്ട്.

3 അഭിപ്രായങ്ങൾ: