2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-7

രണ്ട് കപ്പലുകളില്‍ വന്ന പറങ്കികളുടെ വരവ് ആദ്യം സാമൂതിരി സ്വീകരിച്ചത് വളരെ ആദരവോടെയാണ്. രാജകീയമായ സ്വീകരണമാണു സാമൂതിരി അവര്‍ക്കു നല്‍കിയത്. കൊട്ടാരത്തിലെത്തിയ ഗാമ മാനുവല്‍ രാജാവിന്റെ എഴുത്ത് സാമൂതിരിക്കു നല്‍കി. അതില്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്നും മുസ്ലിം ശത്രുക്കളില്‍ നിന്നുമുള്ള സംരക്ഷണവുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കച്ചവടത്തിനുള്ള ആവശ്യം മാത്രമല്ല- കുത്തകയാണ് ഗാമ ആവശ്യപ്പെട്ടത്. അതായത് നിലവിലുള്ള കച്ചവടക്കാരായ മുസ്ലിങ്ങളെ ഒഴിവാക്കി കച്ചവടം പറങ്കികളിലൂടെ മാത്രമേ ആകാവൂ എന്നായിരുന്നു ഗാമയുടെ ആവശ്യം. എന്നാല്‍ സാമൂതിരി കച്ചവടം ചെയ്യാന്‍ അനുവദിച്ചെങ്കിലും കുത്തക നല്‍കുവാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

യൂറോപ്പിലിന്നും മുസ്ലിങ്ങളെ കുരിശുയുദ്ധത്തിന്റെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്നറിയുമ്പോള്‍ മാത്രമേ ആ ശത്രു എന്ന പദത്തിന്റെ ഭാഷ മനസ്സിലാക്കാനാവൂ.

സാമൂതിരി ആദ്യം തന്നെ കച്ചവടം നടത്തുവാന്‍ അനുവദിച്ചുവെങ്കിലും കച്ചവടത്തിന്റെ വഴികളെല്ലാം മുസ്ലിങ്ങളുടെ കയ്യിലായിരുന്നതിനാല്‍ പറങ്കികള്‍ക്ക് ചരക്കു വാങ്ങുവാന്‍ കഴിഞ്ഞില്ല. അന്നത്തെ കച്ചവടക്കാരില്‍ പ്രമുഖനും ഈജിപ്തുകാരനുമായ ക്വാജാ‌അക്ബര്‍ കോഴിക്കോട് ഖ്വാസിയെക്കണ്ടു പറങ്ക്ങ്കികളുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ചു ധരിപ്പിച്ചതിനാല്‍ അവരിരുവരുടെയും ശ്രമഫലമായി ഗാമക്കു ചരക്കുകള്‍ ഒന്നും വില്‍ക്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒരു മാറ്റകച്ചവടത്തിനായി ഗാമ സാമൂതിരിയെ സമീപിക്കുകയും തന്നെ വെറുമൊരു കച്ചവടക്കാരനായി കണ്ടതില്‍ സാമൂതിരിക്ക് നിരീസമുണ്ടാവുകയും ചെയ്തു. ഇത് ഗാമയെ പ്രകോപിപ്പിക്കുകയും സാമൂതിരിയുടെ ദൂതന്മാരെ കരക്കിറക്കാതെയും ചുങ്കം കൊടുക്കാതെയും കണ്ണൂരിലെ കോലത്തിരിയുടെ അടുക്കലേക്ക് കപ്പല്‍ വിടുകയും ചെയ്തു. അവിടെ കോലത്തിരി ഗാമയെ സ്വീകരിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു.

എഴുപതു ദിവസത്തെ താമസത്തിന്നു ശേഷം ഗാമ പോര്‍ച്ചുഗലിലേക്കു യാത്ര തിരിച്ചു. തിരിച്ചെത്തിയ ഗാമക്കു മാനുവല്‍ രാജാവ് വമ്പന്‍ സ്വീകരണം നല്‍കി. കച്ചവടത്തിന്റെ ലാഭം ചിലവിനേക്കാള്‍ അറുപതിരട്ടിയാണെന്നത് രാജാവിന്റെ കണ്ണു തുറപ്പിച്ചു. എന്തു ത്യാഗം ചെയ്തും ഈ കച്ചവടസാധ്യത നിലനിര്‍ത്താന്‍ രാജാവു തീരുമാനിച്ചു.

എ.ഡി 1500-ല്‍ പെറ്റ്രോ അല്വാരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പറങ്കികള്‍ വരുമ്പോള്‍ 13 കപ്പലുകളില്‍ 1200 നാവിക ഭടന്മാരും വെടിക്കോപ്പുകളുമുണ്ടായിരുന്നു. പക്ഷേ രണ്ടുമാസത്തെ നിരന്തര പരിശ്രത്തിനു ശേഷവും രണ്ടുകപ്പല്‍ കുരുമുളകു മാത്രമേ അവര്‍ക്കു വാങ്ങാന്‍ കഴിഞ്ഞുള്ളൂ. ഇതി കുപിതനായ കബ്രാള്‍ തന്റെ പറങ്കിത്തരം പുറത്തെടുത്തു. കോഴിക്കോട്ട് നങ്കൂരമിട്ട അറബിക്കപ്പലുകള്‍ അവര്‍ കൊള്ളയടിച്ചു. ഇതിന്റെ പരിണിതിയെന്നോണം പറങ്കികളുടെ പാണ്ടികശാല മുസ്ലിങ്ങളും നായന്മാരും ചേര്‍ന്നു നശിപ്പിച്ചു. തുടര്‍ന്നു ചെറുതും വലുതുമായ എല്ലാ കപ്പലുകളെയും പറങ്കികള്‍ നശിപ്പിക്കുകയും അതിലുണ്ടായിരുന്ന എല്ലാവരെയും വധിക്കുകയും ചെയ്തു.രണ്ടു ദിവസം തുടര്‍ച്ചയായി തുറമുഖത്തേക്കു പീരങ്കി വെക്കുകയും ചെയ്തു.
കൂടാതെ പന്തലയനിയില്‍ ചെന്നു അവിടെയുള്ള മുസ്ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ശേഷം കൊച്ചിയിലേക്കു നീങ്ങി.

കൊച്ചിരാജാവാകട്ടെ സാമൂതിരിക്കു കീഴിലായിരുന്നുവെങ്കിലും ജാതിയില്‍ സാമൂതിരിയേക്കാള്‍ മുകളിലായിരുന്നു, അതിനാല്‍ തന്നെ തന്നേക്കാള്‍ ജാതിയില്‍ കുറഞ്ഞ സാമൂതിരിക്കു കീഴില്‍ കഴിയുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. ഇത് നല്ലയൊരു അവസരമായി കണ്ട അദ്ദേഹം പറങ്കികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി. കൊച്ചിയില്‍ നിന്നും വേണ്ട ചരക്കുകള്‍ സംഭരിക്കാന്‍ കബ്രാളിന്നായി. ഇതറിഞ്ഞ സാമൂതിരി ഒരു യുദ്ധത്തിനായി എട്ടു കപ്പലുകളുമായി കൊച്ചിയിലേക്കു തിരിച്ചെങ്കിലും കബ്രാള്‍ ഒരു യുദ്ധത്തിനു നില്‍ക്കാതെ തിരിച്ചു പോയി.

സാമൂതിരിയുമായി പിണങ്ങിയെങ്കിലും കണ്ണൂരിലെ കോലത്തിരിയുമായും കൊച്ചിരാജാവുമായും ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞെന്നത് പറങ്കികളുടെ നേട്ടമായിരുന്നു.

1501- നവമ്പറില്‍ ജൊ‌ആവോ ഡിനോവ എന്ന കപ്പിത്താനുമായെത്തിയ അടുത്ത പറങ്കിസംഘം ആദ്യം തന്നെ ചെയ്തത് കോഴിക്കോടിന്നടുത്തു കിടന്നിരുന്ന കപ്പലുകള്‍ കൊള്ളയടിക്കുകയായിരുന്നു. ഇവരുമായി ഒരു യുദ്ധത്തിനു സാമൂതിരി തയ്യാറായെങ്കിലും ഡിനോവ രക്ഷപ്പെട്ടു.

പിന്നീട് 1502- വാസ്കോഡിഗാമ അഡ്മിറല്‍ പദവിയുമായി 20 വലിയ യുദ്ധക്കപ്പലുമായി വന്നു. ഓടങ്ങള്‍ മുതല്‍ കപ്പലുകള്‍ വരെ കണ്ണില്‍ കണ്ടവയെയെല്ലാം കൊള്ളയടിച്ചും കിട്ടിയവരെയെല്ലാം കൊന്നുമായിരുന്നു ഗാമയുടെ വരവ്. മാടായിക്കടുത്തെത്തിയപ്പോള്‍ മക്കയിലേക്കു തീര്‍ത്ഥാടനത്തിന് പോയി വരുന്ന ഒരു കപ്പല്‍ കണ്ട ഗാമ കപ്പല്‍ വളഞ്ഞു. തങ്ങള്‍ കച്ചവടക്കാരോ പടയാളികളൊയല്ലെന്നും തങ്ങളെ ഉപദ്രവിക്കരുതരുതെന്നുമുള്ള അപേക്ഷയൊന്നും ഗാമ ചെവി കൊണ്ടില്ല. അവസാനം ഒരു രക്ഷയുമില്ലാതെ ഒമ്പതു ദിവസത്തെ ചെറുത്തു നില്‍പ്പിന്നു ശേഷം ഗാമ അവരെ കീഴടക്കുകയും പിഞ്ചുകുഞ്ഞുങ്ങളെയടക്കം എല്ലാവരെയും വധിക്കുകയും കപ്പലിലുണ്ടായിരുന്ന ആഭരണങ്ങളും സ്വത്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ഇത് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കോഴിക്കോട്ടു തുറമുഖത്ത് നിലയുറപ്പിച്ച ഗാമ തീരത്തേക്ക് പീരങ്കികളില്‍ നിന്നും നിറയൊഴിച്ചു കൊണ്ടിരുന്നു. കരയില്‍ നിന്നും തിരിച്ചു നിറയൊഴിക്കുന്നുണ്ടായിരുന്നുവെങ്കിലും നമ്മുടെ പീരങ്കികള്‍ക്കു കപ്പലിനടുത്തേക്കെത്തുവാന്‍ കഴിയില്ലായിരുന്നു. അപ്പോള്‍ കച്ചവടത്തിനായി എത്തിയ 24 കപ്പലുകളിലെ അരി മുഴുവന്‍ പിടിച്ചെടുക്കുകയും അതിലെ 800 ജോലിക്കാരുടെ തടവുകാരാക്കി ചെവിയും മൂക്കും അറുത്തെടുത്ത് ഇരുമ്പുദണ്ഡു കൊണ്ട് പല്ലുകള്‍ അടിച്ചു കൊഴിക്കുകയും ചെയ്തു. എന്നിട്ട് അവരെയെല്ലാം ഒരു കപ്പലിലട്ടിയാക്കിയിട്ടു തീ കൊളുത്തിയിട്ടേ ഗാമക്കു തൃപ്തിയായുള്ളൂ.

3 അഭിപ്രായങ്ങൾ:

  1. പലപ്പോഴും വൈകിയെത്തുന്നെങ്കിലും ചരിത്രത്തിന്‍റെ ലളിതവും സുന്ദരവുമായ ഈ പാഠഭാഗങ്ങള്‍ ഞാന്‍ വായിക്കുന്നുണ്ട്‌. നന്ദി. തുടരുക

    മറുപടിഇല്ലാതാക്കൂ
  2. വിനോദ്-
    ഇത് 1741-ല്‍ നടന്ന ഡച്ച്- തിരുവതാംകൂര്‍ യുദ്ധമാണ്. ചരിത്രമങ്ങോട്ടെത്തുന്നതല്ലെയുള്ളൂ.

    ശ്രമിക്കാം

    മറുപടിഇല്ലാതാക്കൂ