ആര്‍ക്കും എന്തുമെഴുതുവാന്‍ സ്വാതന്ത്ര്യമുള്ള ഒരു സംവിധാനം. അതെപോല്‍ എന്തു വായിക്കണമെന്നു തീരുമാനിക്കാനും. ഇഷ്ടമില്ലെങ്കില്‍ ആരും വന്ന് ഇതെന്തേ വായിച്ചില്ല എന്നു ചോദിച്ചു തല്ലില്ല. എന്നിട്ടും അത് ചിലര്‍ക്കെങ്കിലും ഉറക്കമില്ലാത്ത ദിവസങ്ങള്‍ സമ്മാനിച്ചു.
മതങ്ങള്‍ സംഘര്‍ഷം വളര്‍ത്തുന്നു എന്ന് പറയുന്നവര്‍ കണക്കിലെടുക്കാത്ത ഒരു വസ്തുതയാണിത്. മതമില്ലെങ്കില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മറ്റൊന്നുണ്ടാവും.
ഇവിടെ മുറിച്ച കവിതകളെഴുതുന്നവരും അവരെ അനുകൂലിക്കുന്നവരും തമ്മിലൊരു മാനസിക ഐക്യം രൂപപ്പെട്ടിരുന്നു, തിരിച്ചും.
ചിന്തയുടെ മറ്റൊരു രൂപമാണത്, താത്പര്യങ്ങളുടെ വികാരങ്ങള്‍ സംഘമാവുക എന്നത്. ഇത് പല കാരണങ്ങളാലുമാവാം.
ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഒരു കുഗ്രാമത്തിലെ പ്രവൃത്തകനെ ഉത്തേജിപ്പിക്കുന്നത് അങ്ങിനെയാണ്. അല്ലാതെ അയാള്‍ക്കവിടെ നിന്നു ചിലവിന്നയച്ചു കിട്ടും എന്ന്‍ കരുതിയിട്ടല്ല.
ഇത് ഒരാളില്‍ ഒന്നില്‍ മാത്രം നില്‍ക്കുന്ന ഒരു സ്ഥായീ ഭാവത്തിലാവില്ല. ഇതേ ആള്‍ തന്നെ ഏഷ്യാഡില്‍ ചൈനക്കെതിരെ ഇന്ത്യന്‍ ടീമിനു വേണ്ടി കയ്യടിക്കും. അവിടെ അപ്പോള്‍ വിശ്വാസാദര്‍ശത്തേക്കാള്‍ ദേശീയതയാണ് മുന്‍പിട്ടു നില്‍ക്കുന്നത് എന്നു മാത്രം.
എ.ആര്‍ റഹ്‌മാനു ഓസ്കാര്‍ കിട്ടിയത് കൊണ്ട് ആര്‍ക്കും പത്തു പൈസയുടെ ഗുണമൊന്നുമുണ്ടായിട്ടില്ലല്ലൊ? എന്നിട്ടും നമ്മുടെ ഹൃദയം തുളുമ്പിയതെന്ത് കൊണ്ട്? അതിനേക്കാള്‍ മനസ്സൊന്നു പിടച്ചില്ലെ കേരളീയനായ റസൂല്‍ പൂക്കുട്ടി സ്റ്റേജില്‍ കയറിയപ്പോള്‍. റസൂല്‍ പൂക്കുട്ടിയുടെ നാട്ടുകാരനാണൊ, എന്നാല്‍ ഒരു പ്രമോഷന്‍ കിടക്കട്ടെ എന്നറബി വന്നു പറയുമെന്ന് കരുതിട്ടൊന്നുമല്ലല്ലോ?
മാധവികുട്ടി സുരയ്യയായപ്പോള്‍ ഒരു മുസ്ലിം എന്ന നിലക്ക് എനിക്കൊരു സന്തോഷവുണ്ടായില്ല എന്ന് പറയുന്നത് വലിയ ഒരു കളവായിരിക്കും.
ഞാന്‍ മുമ്പ് സൂചിപ്പിച്ച അനുകൂലാശയങ്ങളുടെ മാനസിക ഐക്യമുണ്ടല്ലോ അത് എത്രത്തോളം വേരുകള്‍ ആഴത്തിലാണൊ (deep routed) അത്രത്തോളം ശക്തവുമായിരിക്കും. തലമുറകള്‍ കൈമാറിവരുന്ന ദേശീയതയും മതവിശ്വാസങ്ങളും ജാതീയതയൊന്നും അത്ര പെട്ടെന്നു പറിച്ചെറിയാന്‍ കഴിയാത്തത് അത് കൊണ്ടാണ്.
1999-ലാണ് മാധവിക്കുട്ടി ഇസ്ലാം സ്വീകരിക്കുന്നത്. അതെ കാലത്തു തന്നെയാണ് സൌദിഅറേബ്യയിലെ ഇറ്റാലിയന്‍ അംബാസ്സിഡറും മുസ്ലിമാവുന്നത്.
സാമുവല്‍ പി ഹാംഗിഗ്ട്ടന്റെ The Clash of Civilizations എന്ന പുസ്തകം പാശ്ചാത്യ ലോകത്തിന് ഇസ്ലാം എന്ന പുതിയ ശത്രുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്ത ഒരു കാലത്തായിരുന്നു ഈ മതം മാറ്റങ്ങള്‍. ലോകമാധ്യമങ്ങള്‍ മുസ്ലിം ലോകത്തെ സംഘടിതമായി അക്രമിക്കുന്ന ഒരവസ്ഥ. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി കൊല്ലാന്‍ ശ്രമിക്കുമ്പോള്‍. എല്ലാ മുസ്ലിങ്ങളിലും ഒരക്ഷിതാവസ്ഥ മാനസികമായി വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയായിരുന്നു.
ഒരു സമൂഹത്തെ തളര്‍ത്തുവാന്‍ ഏറ്റവും എളുപ്പമുള്ള വഴി മാനസികമായി അവരെ അക്രമിക്കുക എന്നതാണ്. മാധ്യമങ്ങള്‍
ഇസ്ലാം= തീവൃവാദം = ഭീകരവാദം = മൌലികവാദം
എന്ന സൂത്രവാക്യം അടിച്ചേല്‍പ്പിച്ചു മുസ്ലിമെന്നാല്‍ തീവൃവാദിയായ ഭീകരവാദിയായ മൌലികവാദി എന്നു ചിത്രം വരക്കുന്നതിന്നിടയില്‍, ലോകപ്രശസ്തയായ, സ്വാതന്ത്ര്യവാദിയെന്നവര്‍ തന്നെ മുദ്രണം നല്‍കിയ ഒരെഴുത്തുകാരിയും ഒരു പാശ്ചാത്യ നയതന്ത്രഞ്ജനും ഭീകരവാദ - തീവൃവാദ -മൌലികവാദത്തിലേക്കു കടന്നു വരുന്നത്.
ഇതെല്ലാ അരോപണങ്ങളുടെയും മുനയൊടിക്കപ്പെട്ടു. ഇപ്പ്രതിഭാസത്തിനെന്ത് മറുപടി നല്‍കുമെന്നവര്‍ക്ക് ഉത്തരം മുട്ടി. മുസ്ലിങ്ങളില്‍ ഇതൊരാത്മവിശ്വാസവും ആത്മാഭിമാനവും നല്‍കി.
മാധവികുട്ടിയെ നാണപ്പനിലൂടെ വായിച്ച എനിക്കപ്പോഴും സംശയം ബാക്കിയായിരുന്നു. ഒരാവേശത്തില്‍ വരുന്നതെല്ലാം ആവേശമവസാനിക്കുമ്പോള്‍ മടുത്തു പോകും, സ്വപ്ന ജീവിയായ ആമിയെപ്പോലെയുള്ളവര്‍ക്കു പ്രത്യേകിച്ചും.
കുറച്ച് കൊല്ലങ്ങള്‍ക്കു ശേഷം സാറാജോസഫ് തുടങ്ങിയവരുമായുള്ള ഒരഭിമുഖത്തിലാണെന്നു തോന്നുന്നു അതിന്റെ ചില സൂചനകള്‍ കണ്ടു. ഞാന്‍ പിന്നെയും നാരായണപ്പിള്ളയെ ഓര്‍ത്തു.
പിന്നെയും കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഞാനാദ്യം സൂചിപ്പിച്ച പുനത്തിലുമായുള്ള അഭിമുഖം കാണുന്നത്. ഒരു പെരുന്നാള്‍ പരിപാടിയായാണ് ചാനലുകാര്‍ അത് കേരളത്തിനു സമര്‍പ്പിക്കുന്നത്. പെരുന്നാളിനു മമ്മൂട്ടിയുടെയും വിഷുവിന് മോഹന്‍ലാലിന്റെയും സിനിമയിടാന്‍ ചാനലുകാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?
അതില്‍ പുനത്തില്‍ വളരെ വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. മാതൃഭൂമിയില്‍ വന്ന അഭിമുഖത്തെ കുറിച്ച ചോദ്യത്തിന് സുരയ്യ പറഞ്ഞത് അവരെന്നെ മിസ്കോട്ട് ചെയ്തു എന്നാണ്, ഞാനത് തിരുത്തുവാനും പോയില്ല എന്നും. പുനത്തില്‍ ചോദ്യത്തില്‍ പരാമര്‍ശിച്ചില്ലെങ്കിലും അവര്‍ സമദാനിയുടെ പേരു വരെ പറഞ്ഞു. പാവം സമദാനി , എന്റെ മകന്റെ പ്രായമെ ഉള്ളൂ എന്നാണവര്‍ വ്യക്തമാക്കിയത്.
ഇത്ര വിശാലമായ ഹിന്ദു മതം എന്തുകൊണ്ടുപേക്ഷിച്ചു എന്ന പുനത്തിലിന്റെ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് എന്റെ ശ്രദ്ധപിടിച്ചെടുത്തത്.
“എനിക്ക് ഹിന്ദു മതത്തെ കുറിച്ചൊന്നുമറിയില്ല. ആരും എന്നെ പഠിപ്പിച്ചിട്ടുമില്ല . പക്ഷെ ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ടുണ്ട്. ഖത്തറിലെ യൂസഫുല്‍ ഖര്‍ളാവി എന്ന പണ്ഢിതനാണ് എനിക്കു ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്. ആ വൃദ്ധനായ മഹാപണ്ഢിതന്റെ വാക്കുകള്‍ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ നിറച്ചു തരികയായിരുന്നു. “
ഞാന്‍ നാരായണപിള്ളയുടെ മൂന്നാംകണ്ണിനെ മനസ്സില്‍ നിന്നും തട്ടി മാറ്റി. ഖറളാവിയുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്. അയാളെപ്പൊലെയുള്ള ഒരാളില്‍ നിന്നും ഇസ്ലാം പഠിച്ച ഒരാളുടെ അടിത്തറ ഇളകിയാടുന്ന ഒന്നാവില്ല. കേവലം വൈകാരികതകളിലൊതുങ്ങുന്നതാവുകയില്ല അവരിലെ വിശ്വാസം.
ഇസ്ലാം ലോകത്ത് ഏറെ വ്യാപിക്കുമെന്നും അത് സമാധാനത്തിലൂടെ ആയിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു . ഇസ്ലാമില്‍ താന്‍ സ്വതന്ത്രയായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു . ഈ മൂന്നു പ്രവചനങ്ങളും യാഥാര്‍ത്യമാകുന്നതെങ്ങിനെയെന്നു പാളയത്ത് കണ്ടു (വാര്‍ത്ത). എന്ന് മകന്‍ എം.ഡി.നാലപ്പാട്ട് പറയുമ്പോള്‍ കേവല വൈകാരികതയല്ല അവരുടെ മതം മാറ്റം എന്ന തിരിച്ചറിവെനിക്കുണ്ടാക്കുന്നു.
ഈ പോസ്റ്റിലുള്ളതൊന്നും (5 അദ്ധ്യായം) തന്നെ അവരുടെ സാഹിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ല, എന്നിലെ മുസ്ലിമിന്ന് അവരിലെ മുസ്ലിമുമായുള്ള ആത്മബന്ധത്തില്‍ നിന്നുമുള്ളതാണ്. അങ്ങിനെ ഒന്നില്ല എന്നു പറയുന്നത് എന്നിലെ കപടതയാകും. ജൈവീകമായ ഒന്നിനെ ഞാനെന്തിനു നിഷേധിക്കണം.
അവരിലെ സാഹിത്യകാരിയെ ഞാന്‍ സ്നേഹിക്കുന്നതാകട്ടെ ഇതിന്റെ അടിസ്ഥാനത്തിലുമല്ല. അക്കിത്തത്തിന്റെ കവിതകളെനിക്കിഷ്ടമാണ്. അയാളുടെ രഷ്ട്രീയത്തെയില്ലതാനും, അതദ്ദേഹത്തിന്റെ കവിതകള്‍ സ്നേഹിക്കുന്നതിനെ എനിക്കു തടസ്സമാക്കുന്നില്ല.
അവസാനം ഇതവസാനിപ്പിക്കുമ്പോള്‍ അവരാഗ്രഹിച്ച ഒരു പ്രാര്‍ത്ഥന അവര്‍ക്കു വേണ്ടി എനിക്കു വേണ്ടി നമുക്കെല്ലാവര്‍ക്കും വേണ്ടി-
നാഥാ , ഇവര്‍ക്കു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ആദരിക്കുകയും കുഴിമാടത്തെ വിശാലമാക്കുകയും ചെയ്യേണമേ.
ശുദ്ധ ജലം കൊണ്ടും ആലിപ്പഴം കൊണ്ടും തണുത്ത വെള്ളം കൊണ്ടും ശുദ്ധിയാക്കേണമെ,
വസ്ത്രത്തെ വൃത്തിയാക്കി വെണ്മയാക്കിയെടുക്കും പ്രകാരം പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യേണമേ,
ഇഹലോകത്തെ ഭവനത്തേക്കാള്‍ ഉത്തമമായ ഭവനവും,
കുടുമ്പത്തെക്കാള്‍ ഉത്തമമായ കുടുമ്പവും,
ഇണയേക്കാള്‍ ഉത്തമമായ ഇണയേയും,
ഇവിടുത്തെ അയല്‍വാസികളെക്കാള്‍ നല്ല അയല്‍വാസികളെയും നല്‍കേണമെ.
ഇവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ഖബറിലെ ആപത്തുകളില്‍ നിന്നും നരകശിക്ഷകളില്‍ നിന്നും കാത്തു രക്ഷിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യേണമേ..
