അധിനിവേശം മനസ്സുകളിലെക്കു ബാധിക്കുമ്പോള്‍ പ്രതികരിക്കുന്നത് പല രീതിയിലാണ്. അധികപേരും വിധിക്കു കീഴടങ്ങും, ചിലര്‍ അമിത വിധേയത്താല്‍ സ്വയം അടിമകളാവും, ചിലര്‍ നി രാശരാവും, തെറിവിളിക്കും, കുറച്ചു പേര്‍ വിധിക്കെതിരെ പോരാടും, ഇപ്പോരാട്ടവും പല രീതിയിലായിരിക്കും.
ചരിത്രത്തില്‍ അംബേദ്ക്കര്‍മാര്‍ ഉയര്‍ന്നു വരുന്നതങ്ങിനെയാണ്. അവര്‍ക്കു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനുള്ള ശക്തിഉണ്ടാവും, എന്നാല്‍ ചില പോരാട്ടങ്ങള്‍ അവനവനിലവസാനിക്കുകയോ അല്ലെങ്കില്‍ കീഴടക്കപ്പെടുകയുമോ ചെയ്തേക്കും.
വംശീയത ഇന്നും മനസ്സുകളില്‍ നിലനില്‍ക്കുന്നു എന്നതിന്നുദാഹരണമാണ് ശില്പാഷെട്ടി പ്രശ്നം. ശില്പക്കത് മുതല്‍കൂട്ടയെങ്കിലും.
ഇന്ത്യയിലെ വംശീയത ജാതീയതയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇന്നും അതിന്റെ ബഹിര്‍ സ്പുരണങ്ങള്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുക തന്നെ ചെയ്യുന്നു.
വി.കെ.എന്‍ ഒരിക്കല്‍ തമാശിക്കുന്നുണ്ട്, ചെറമന്റെ വിപ്ലവം തിയ്യനാവുന്നതിലൂടെയാണ്, തിയ്യന്റെത് നായരിലും. തമാശക്കപ്പുറം ഒരു പൊള്ളുന്ന സത്യം.
എനിക്കൊരനുഭവമുണ്ട്, കോളെജിലെ സഹമുറിയന്‍ ഒരു ദളിതനായിരുന്നു. ഒരു ദിവസം അവന്റെ വീട്ടില്‍ പോയി രാപ്പാര്‍ത്തു. അവന്റെ അച്ചനെ മുഷിപ്പിക്കാതിരിക്കാന്‍ ഞാനുമൊരു രാത്രി സഖാവായി. വര്‍ത്തമാനത്തിന്നിടയില്‍ പാവം തിളക്കത്തോടെ പറഞ്ഞു. തമ്പുരാനെല്ലാം നമ്മുടെ കൂടെയുണ്ടല്ലൊ, എന്റെ ഒറ്റ രാത്രി വിപ്ലവമറിയുന്ന സഹമുറിയന്‍ എനിക്കു വിശദീകരിച്ചുതന്നു, ഇ.എം.എസ്സിനെയാണ്. - ഇ.എം.എസ് ഒരു വിപ്ലവകാരിയെക്കാള്‍ പല ദളിതര്‍ക്കും പിന്നെയും തമ്പുരാനാണ്.
വാഴക്കുല ഇന്ന് അടിയാന്റെ കണ്ണില്‍ തമ്പുരാന്‍ ചെയ്യുന്ന ഒരു ക്രൂരത. സ്വന്തം കുട്ടികള്‍ക്കു പഴം കൊടുക്കാതെ തമ്പുരാന്റെ കുട്ടികള്‍ക്കു കൊടുക്കുന്ന അടിയാന്റെ നിസ്സഹയാവസ്ഥ. പക്ഷെ, ഇതിന്നൊരു മറുപുറമുണ്ട്, അടിയാളന്‍ അന്ന് സ്വപ്നം കണ്ടിരുന്നത് തന്നെ ഇത് വളര്‍ന്നു തമ്പുരാനില്‍ നിന്നും കിട്ടുന്ന ഒരു പ്രശംസയാണെങ്കിലോ? അടിമത്തം ബാധിക്കുന്നത് മനസ്സുകളിലേക്കുമാണ്. മനസ്സുകളെ കീഴടക്കിയാണ് ഇവ രാജപാതകളൊരുക്കുന്നത്.
ഇതെല്ലാകാലത്തുമുണ്ട്, അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും ബ്രാന്‍ഡ് അമേരിക്ക തന്നെ വേണം. മാധവികുട്ടിയുടെ എന്റെ കഥയില്‍ തന്നെ ഹിറ്റ്ലറിനെയും മുസ്സോളിനിയെയും നായകരാക്കുന്ന ബാല്യം കടന്നു വരുന്നുണ്ട്, വിജയിക്കുന്നവനോടുള്ള വീരാരാധന.
ഞാന്‍ ഇന്നെ വരെ കമല എന്തുകൊണ്ട് കമലാസുരയ്യയായി എന്നന്യേഷിച്ചിട്ടില്ലായിരുന്നു. കൈരളിയിലോ മറ്റോ ആണെന്നു തോന്നുന്നു, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ഒരു സംഭാഷണം മാത്രമാണ് ആ മേഖലയില്‍ എനിക്കുള്ള പരിചയം.
വായനയാകട്ടെ കയ്യില്‍ കിട്ടുന്നതില്‍ എന്തായാലും ഒന്നു കണ്ണോടിക്കാതിരിക്കാന്‍ എനിക്കാവാത്ത ഒന്നും.
അനിലിന്റെ ബ്ലോഗില്‍ നിന്നും ലിങ്കിലൂടെപ്പോയി പൊങ്ങുമ്മൂടന്റെ ബ്ലോഗ് ഇപ്പോള്‍ (07-06-2009 11 മണി ക്കാണ്) മാത്രമണു ഞാന്‍ നോക്കുന്നത്.
ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?
എന്ന്‍ അനില്‍ എഴുതുമ്പോള്‍ എല്ലാവരും ഒരു പോലെയല്ല പ്രതികരിക്കുന്നത് എന്നാണെന്റെപക്ഷം.
അവരുടെ വിധവയായപ്പോഴുള്ള അനുഭവം അനിലിന്റെ കമെന്റിലൂടെയാണു ഞാന്‍ അറിയുന്നത് തന്നെ.
പക്ഷെ തന്റെതെല്ലാത്ത ഒരു സംഭവത്തില്‍ തന്നെ തൊട്ടുകൂടത്തവളും കണ്ടാല്‍പ്പോലും അശുദ്ധമായവളുമായി തീര്‍ന്നു എന്നറിയുമ്പോള്‍ അതുള്‍കൊള്ളുന്നത് എല്ലാവരും ഒരേ രീതിയിലാവണമെന്നു ശഠിക്കുന്നതിലെന്തര്‍ത്ഥം.
എല്ലാവര്‍ക്കും അംബേദ്ക്കറാവാന്‍ കഴിയില്ല. അംബേദ്ക്കറോട് എല്ലാവരും സഹിക്കുന്നില്ലെ പിന്നെ നിനെക്കെന്താ എന്നു ചോദിച്ചിട്ട് കാര്യവുമില്ല.
ഇനി, ഇതിന്നത്തെ ആചാരം, ഞങ്ങള്‍ കുളിച്ചാല്‍ നിനക്കെന്താ എന്നാണെങ്കില്‍- അതിനേക്കാള്‍ നല്ലത് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ആരു പറഞ്ഞെടീ നിന്നോടൊരു പെണ്ണാവാന്‍ എന്നു ചോദിക്കുകയായിരിക്കും.
തുടരും
