2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഉംറ യാത്ര- 3 ( പ്രവേശനം )

റിയാദിലെ പ്രഭാതത്തിനു കുളിരണിയിക്കുന്ന തണുപ്പ്. സുഹൈറിന്റെ പെങ്ങൾ തയ്യാറാക്കിയ പ്രാതലിന് സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. രാവിലെ പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ തിരിക്കണമെന്നു തലേന്നെ തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും പ്രാതലിന്റെ കൊതിപ്പിക്കുന്ന  ഇഡ്ഡലിക്കൊപ്പം ഉച്ചക്കുള്ള ഭക്ഷണം വരെ അവര്‍ പാര്‍സല്‍ ആക്കിയിരിക്കുന്നു.നേരത്തെ ഇതെല്ലാം തയ്യാറാക്കാന്‍ അവര്‍ എത്ര നേരത്തെ എഴുന്നേറ്റിരിക്കണം. അവരുടെ നല്ല മനസ്സിനു അവര്‍ക്കും കുടുമ്പത്തിനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു റിയാദില്‍ നിന്നും യാത്ര തിരിച്ചു.

റിയാദ് പട്ടണത്തില്‍ റെയില്‍‌വേ സ്റ്റേഷനു സമീപമാണു അവര്‍ താമസിക്കുന്നത്. അതിന്നു മുന്നിലൂടെയാണ് ഞങ്ങള്‍ക്ക് മക്കയിലേക്ക് പട്ടണത്തില്‍ നിന്നും പുറം ചാടേണ്ടത്. മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നു പോയി കാണുമായിരുന്നു. നമ്മുടെ നാട്ടിലെ തീവണ്ടിയില്‍ നിന്നെന്തെല്ലാം മാറ്റം എന്നു മനസ്സിലാക്കാനായിരുന്നില്ല, എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മറ്റു ചില ഓര്‍മപുതുക്കലിനു കൂടിയായിരുന്നു അത്.

ഒന്നാം ലോകമാഹായുദ്ധത്തില്‍ ഉസ്മാനിയാ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ഖിലാഫത്ത്  ഇല്ലാതായ ചരിത്ര പ്രാധാന്യത്തിന്റെ ഒരു ഓര്‍മ പുതുക്കലിനു വേണ്ടിയായിരുന്നു അത്. ഒരു തീവണ്ടിപ്പാളയത്തിലൂടെ ഒരു സാമ്രാജ്യം തകര്‍ത്ത കഥ അറേബ്യക്ക് പറയാനുണ്ട്. എന്റെ മനസ്സിലൂടെ ലോറന്‍സ് ഓഫ് അറേബ്യയിലെ രംഗങ്ങള്‍ കടന്നു പോയി. റിയാദിലെ ഈ റെയില്‍ പാതങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല എന്നെനിക്കറിയാം. എന്നാലും ചരിത്രത്തിനു ഇങ്ങിനെ ചില അസ്കിതകളുണ്ടല്ലോ. മുന്നില്‍ കാണുന്ന കെട്ടിടങ്ങളെയോ പട്ടണത്തിന്റെ പൊലിമയോ അല്ല ഞാനിപ്പോള്‍ കാണുന്നത്. എന്റെ കണ്മുമ്പിലൂടെ ഒരു പഴയ തീവണ്ടി പാളം തകർന്നു മറിഞ്ഞു കൊണ്ടിരിക്കുന്നു.

ദമസ്കസില്‍ നിന്നു മദീനവരെ നീളുന്ന ഹിജാശ് റയില്‍‌വേ ഉസ്മാനിയ ഖിലാഫത്തിന്റെ  പ്രൌഢിയുടെ പ്രതീകമായിരുന്നു. അറബ് ദേശീയത ഖിലാഫത്തിനെ മറികടന്നപ്പോള്‍ തകര്‍ന്നു പോയ ഖിലാഫത്തിന്റെ ചരിത്രം. തകര്‍ന്നത് കേവലം ഒരു റെയില്‍‌ പാതയായിരുന്നില്ല. പിന്നീടൊരിക്കലും കൂട്ടിയോജിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഖിലാഫത്തു കൂടിയായിരുന്നു. പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും പിന്നീടൊരിക്കലും ഹിജാസ് റെയില്‍വേയും  പുനസ്ഥാപിക്കാനായിട്ടില്ല.

റെയില്‍ പാലത്തിലെ സ്ഫോടനം തകര്‍ത്തത് തീവണ്ടിയുടെ മുന്നോട്ടുള്ള  കുതിപ്പ് മാത്രമല്ല. പുരോഗമനത്തിന്റെ തീവണ്ടിയെ തന്നെയായിരുന്നു.റെയില്‍വേ പാളങ്ങളെ തകര്‍ത്ത് കാലവും അറബികളെ പിന്നോട്ട് വലിച്ചു. പിന്നീട് നാല്പതുകളില്‍ എണ്ണ കണ്ടില്ലായിരുന്നുവെങ്കില്‍ ഈ കെട്ടിടങ്ങളോ റെയില്‍ പാളയങ്ങളോ സൗദിയില്‍ കാണില്ലായിരുന്നു. അല്ലെങ്കിലും പടച്ചവന്റെ തീരുമാനങ്ങളെ കുറിച്ച് നമുക്കെന്തറിയാം. ലോകത്തിലെ മറ്റുള്ളിടങ്ങളില്‍ അവന്‍ ഭൂമിക്ക് മീതെ അവന്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളില്‍ നിന്നു ഭക്ഷിപ്പിക്കുന്നു. ഇവിടെ അനുഗ്രഹമാകട്ടെ ഭൂമിക്കടിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. അതെടുത്ത്  ഭൂമിക്കു മുകളില്‍ അനുഗ്രഹീതമാക്കുന്നു.

ഇന്ന് സൗദിയിലെ ഏറ്റവും വലിയ പ്രവാസികള്‍ ഇന്ത്യക്കാരാണു. എന്നാല്‍ ഹിജാസ് റെയില്‍‌വെയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇന്ത്യയായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. ഇന്ത്യയിലെ പണം, ബല്‍ജിയത്തിന്റെ ഉരുക്ക്, ജര്‍മനിയുടെ സാങ്കേതികത, തുര്‍ക്കിയുടെ സൈനിക സേവനം ഇവയുടെ ആകത്തുകയായിരുന്നു ഹിജാസ് റെയില്‍‌വേ. ഇന്ന് അതേ ഇന്ത്യയിലെ മുഖ്യ വരുമാനങ്ങളിലൊന്നു സൗദിയില്‍ നിന്നു വരുന്ന പ്രവാസപ്പണമാകുന്നു. ഉസ്മാനിയ ഖലീഫ റെയില്‍‌വേക്കു വേണ്ട പണത്തിനു ഐച്ഛിക ദാനം (വഖ്ഫ്) ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമായും പണമൊഴുകിയത് ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യ ഒരു സമ്പന്ന രാജ്യമായിരുന്നു. ലോകത്തിലെ തന്നെ പണക്കാരായ സുല്‍ത്താന്മാരുടെയും വ്യാപാരികളുടെയും നാടായിരുന്നു ഇന്ത്യ.

പട്ടണം പിന്നിട്ടു വീണ്ടും വിജനമായ മരുഭൂമിയിലേക്ക്. മരുഭൂമിയെ കീറി സമാന്തരമായ രണ്ടു രേഖകളായി റോഡ് വരച്ചു വച്ചിരിക്കുന്നു. ഇന്നലെത്തെ പോലെയുള്ള മണല്‍കാറ്റും വരള്‍ച്ചയും ഇന്നില്ല. ജലസാന്നിദ്ധ്യം അറിയിച്ചു അങ്ങിങ്ങായി കുറ്റിച്ചെടികളുണ്ട്. അവിടവിടങ്ങളില്‍ ഒട്ടകങ്ങളേയും  ആട്ടിന്‍‌കൂട്ടങ്ങളേയും കാണാം. റിയാദില്‍ നിന്നു എണ്ണൂറ് കിലോമീറ്റര്‍ പിന്നിട്ടാലേ മക്കയിലെത്തൂ. അതിന്നിടയില്‍ ത്വായിഫില്‍ കയറി ഇഹ്റാം ചെയ്യേണ്ടതുണ്ട്. തലേന്നു സുഹൈറായിരുന്നു കപ്പിത്താനെങ്കില്‍ ഇന്നു ഞാനാണു. തലേന്നത്തെ നീണ്ട ഡ്രൈവിങ്ങ് സുഹൈറിനെ തളര്‍ത്തിയിട്ടുണ്ട്.

യാത്രയെ കുറിച്ചു പറഞ്ഞപ്പോള്‍ ബഹറിനിലെ കൂട്ടുകാരനായ ബ്ലോഗര്‍ സാജു പ്രാഥമികമായ
സുഹൈറും ഞാനും
മരുന്നുകള്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം മാറുന്ന കാലാവസ്ഥയെ കുറിച്ച് മുന്നറിയിപ്പു തന്നതിനാല്‍ അവ കയ്യിലുണ്ട്. ഇത്ര പെട്ടെന്നു അതുപകാരപ്പെടും എന്നു കരുതിയിരുന്നില്ല. സൗഹൈറും ഷിഹാബും പാരസിറ്റമോള്‍ മുന്‍‌കരുതലായി രാവിലെ വിഴുങ്ങിയിരുന്നു. വളരെ ദൂരം പിന്നിടുമ്പോഴെ കടകളും പെട്രോള്‍ ബങ്കും കാണുകയുള്ളൂ. ഒരു ഒമ്പത് മണിയായി കാണും. ഷിഹാബ് വെടി പൊട്ടിച്ചു. എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ അവന്‍ പ്രശ്നമുണ്ടാക്കുമെന്നു. ഇപ്പോഴാനു അവനു വേണ്ട ശരിക്കുമുള്ള മരുന്നെനിക്ക് മനസ്സിലായത്. രാവിലെ നടത്തിയ മൃഷ്ഠാന ഭോജനം ഇത്ര പെട്ടെന്നു ദഹിച്ചോ. ഇതറിയുകയായിരുന്നെങ്കിൽ അന്നത്തെ അൽ‌ഐൻ യാത്ര പ്രശ്നമാകില്ലായിരുന്നു. എന്തായാലും മലയാളിയായിപ്പൊയില്ലെ? മൂത്രമൊഴിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കമ്പനി കൊടുക്കാതെങ്ങിനെ?

വഴികൾ പിന്നിട്ടു പോവുന്തോറും ഭൂമിയുടെ സ്വഭാവവും മാറുന്നു. ചിലയിടങ്ങളില്‍ ശാന്തമായാണു
 മണല്‍ കിടക്കുന്നതെങ്കിലും എപ്പോഴും ശാന്തനല്ലെന്നു മുന്നറിയിപ്പ് തരുന്ന ബോര്‍ഡുകള്‍‌ . റോഡുകളില്‍ കാറ്റിനാല്‍ രൂപപ്പെടുന്ന മണല്‍കുന്നുകള്‍ അപകടകാരികളായി മാറും. നൂറ് കിലോമീറ്റര്‍ വേഗതക്കപ്പുറം പോകുമ്പോള്‍ പെട്ടെന്നു മണലിലേക്ക് കയറിയാല്‍ നിയന്ത്രണം നഷ്ടപ്പെടും.പിന്നീട് വണ്ടി കിടക്കുന്നതെവിടെ എന്നു നോക്കാന്‍ നാമുണ്ടാകണമെന്നില്ല. അങ്ങിനെ ചിലപ്പോഴെങ്കിലും തെന്നിക്കളിച്ച ചില അവശിഷ്ടങ്ങള്‍ വഴികളില്‍ സാക്ഷ്യം പറയുന്നുണ്ട്. പക്ഷെ ഇന്ന് ഇന്നലെത്തെ പോലെയല്ല. അതിനാല്‍ 140 മുതൽ 180 സ്പീഡിലാണു വണ്ടി പോകുന്നത്. വളവും തിരിവുമില്ലാതെ മുന്നില്‍ വിശാലമായി റോഡ് കിടന്നാല്‍ വണ്ടിയുടെ സ്പീഡ് കൂടുന്നതറിയില്ല.

കറുത്ത നിറമുള്ള ഒട്ടകങ്ങളെ ആദ്യമായാണു കാണുന്നത്. പക്ഷെ,  റോഡിനു വശങ്ങളില്‍ കമ്പി വേലികളില്ല. ഇവ എപ്പോഴും റോഡ് മുറിച്ചു കടക്കാം. അത് വളരെ അപകടവുമാണ്‍. ഭാഗ്യത്തിനു ഒട്ടകങ്ങള്‍ റോഡിന്നരുകില്‍ മേയുന്നുണ്ടായിരുന്നില്ല. അവയെല്ലാം കുറേ ദൂരം തന്നെയാണു.

ഒരിടത്ത് ഭൂമി വല്ലാതെ വിസ്മയിപ്പിച്ചു. എങ്ങും ചുവന്ന മലകള്‍ . കാറ്റും മഴയും ചെത്തിയെടുത്ത് ശില്പങ്ങളൊരുക്കിയ അപൂര്‍‌വ്വ കാഴ്ച്ച. ചിത്രകഥയിലെ ഫാന്റം മല പോലെ പല രൂപത്തില്‍ . ഏറ്റവും വലിയ കലാകാരന്‍ പ്രകൃതി തന്നെ. ട്രാഫിക് വളരെ കുറവായതിനാല്‍ അവയെല്ലാം ആസ്വദിച്ചു തന്നെ വണ്ടിയോടിക്കാനായി.അല്ലെങ്കില്‍ ഈ കപ്പിത്താന്‍ പദവി ഒരു നഷ്ടമായേനെ.

കേരളത്തില്‍ ഞാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ട്രൈനിലും ബസ്സിലും യാത്ര ചെയ്തിട്ടുണ്ട്. . എമിറാത്തില്‍ എല്ലാ എമിറേറ്റ്സിലും.  കല്‍ബ പോകുന്ന വഴിയില്‍ ഒരു ചെറിയ സാമ്യമൊഴികെ പ്രകൃതിദൃശ്യത്തിലെ ഈ വൈവിധ്യം കാണാന്‍ കഴിഞ്ഞിട്ടില്ല മുമ്പൊരിക്കലും.  ഈ മലക്കൂട്ടങ്ങള്‍ക്ക് ശേഷം ഇനി വരുന്നത് എന്താണാവോ? മരുഭൂമി എന്നാല്‍ വെറും മണല്‍ മാത്രമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഹരിതാഭമായ ഒരു പ്രകൃതിയെല്ലെങ്കിലും ഇവ വളരെ ആസ്വാദ്യകരമാണു. നമ്മുടെ പ്രകൃതി ലാളിത്യത്തിന്റെ സൗന്ദര്യമെങ്കില്‍ ഇതിനെ പരുക്കന്‍ സൗന്ദര്യമെന്നു വിശേഷിപ്പിക്കാം. തമിള്‍നാട്ടിലേക്കെല്ലാം കടക്കുമ്പോള്‍ കേരളത്തിലെ പച്ചപ്പില്‍ നിന്നും പിന്നെ വരണ്ടഭൂമിയും ഇതേപോലെ പാറനിറഞ്ഞ മലകളുമെല്ലാമുണ്ടെങ്കിലൂം അവ നിറം മാറുന്നത് ഒരു തുടര്‍ച്ചയായിട്ടാകും. പതുക്കെ മാഞ്ഞു പോകുന്ന ഒരു പ്രതീതി- എന്നാല്‍ ഇവിടെ പ്രകൃതി മാറുന്നത് പൊടുന്നനെയാണു. അപ്പുറവും ഇപ്പുറവും രണ്ടായി നില്‍ക്കുന്ന ഭൂമിയെ കാണാം. മുന്നിലുള്ള ചിത്രവും പിന്നിലുള്ള ചിത്രവും രണ്ടാണു. മലകളുടെ ഘോഷയാത്ര കാണുമ്പോല്‍ ഇതവസാനിക്കില്ലെന്നു തോന്നും എന്നാല്‍ പെട്ടെന്നായിരിക്കും നമ്മെ അമ്പരപ്പിച്ചു ഒരു പൂര്‍ണ്ണവിരാമമിട്ട് സമതലം തുടങ്ങുന്നത്. 

മക്കയിലേക്കുള്ള വഴി പിന്നിടാന്‍ കുറച്ചുകൂടിയേയുള്ളൂവെന്ന് റോഡിലടയാളപ്പെടുത്തിയ സൈന്‍ ബോര്‍ഡ്. അതിന്നിടയില്‍ തായിഫിനെ കുറിച്ചുള്ള എന്റെ ഒരു അഭിപ്രായം സുഹൈറിനെ ചൊടിപ്പിച്ചു. ഞാനാകട്ടെ സൗദിയിലെ എന്റെ സ്നേഹിതരില്‍ നിന്നു കിട്ടിയ ഒരു അഭിപ്രായം പങ്കു വച്ചതായിരുന്നു. മക്ക, തായിഫ്, മദീന - പ്രവാചകനെ മൂന്നു രീതിയില്‍ സ്വീകരിച്ച പ്രദേശങ്ങളാണിവ. മക്കക്കാര്‍ പ്രവാചകനെ അം‌ഗീകരിക്കാതിരുന്നത് അവരുടെ അഹന്ത നിമിത്തമായിരുന്നു. തായിഫുകാരാകട്ടെ പ്രവാചകനെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുകയാണു ചെയ്തത്. മദീനക്കാര്‍ മറ്റൊരു താത്പര്യവുമില്ലാതെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇന്നും ഈ സ്വഭാവത്തിന്റെ ബാക്കി പത്രം ഈ ജനങ്ങളില്‍ കാണാം എന്ന് സൗദിയില്‍ ജോലി ചെയ്യുന്നവര്‍ അഭിപ്രായപ്പെടാറുണ്ട്. ഞാനിത് പറഞ്ഞപ്പോള്‍ സുഹൈര്‍ ശരിക്കും ചൂടായി. ഒരാളുടെ അഭിപ്രായം രൂപപ്പെടുന്നതില്‍ അയാള്‍ക്ക് കിട്ടിയ അനുഭവങ്ങള്‍ ഒന്നാകെ സാമാന്യ വത്ക്കരിക്കുന്നതാകാമെന്നും , ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ ഇതേ പോലുള്ള പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ കുറിച്ച് പറയാൻ പാടില്ലെന്നും അവന്‍ തര്‍ക്കിച്ചു. സ്വന്തം അനുഭവമെല്ലാത്തതിനാല്‍ ഞാനതം‌ഗീകരിച്ചു. എന്തിനു നാം ഒരു സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തണം.

മുന്നിലെ വഴി തായിഫിലേക്കും മക്കയിലേക്കും പിരിയുന്നു. മക്കയാണു ലക്ഷ്യമെങ്കിലും തായിഫില്‍ പോയി ഇഹ്റാമില്‍ പ്രവേശിക്കണം. തായിഫില്‍ നിന്നു മക്കയിലേക്ക് പിന്നെയും 80 കിലോമീറ്ററുകളുണ്ട്. അങ്ങിനെ തായിഫിനെ ലക്ഷ്യമാക്കി വണ്ടി നീങ്ങിക്കൊണ്ടിരുന്നു.

പ്രവാചകന്റെ ആദ്യകാല ജീവിതത്തിലെ കഠിന പരീക്ഷണങ്ങൾ പിന്നിട്ട തായിഫിലേക്കാണു ഞങ്ങള്‍ക്ക് പ്രവേശിക്കേണ്ടത്. ഞാനെന്റെ മനസ്സിനെ തായിഫുമായി കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. ചരിത്ര സ്മരണകള്‍ എന്റെ മുന്നില്‍ ചലചിത്രം കാണിച്ചു.

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം. അനാഥനായ മുഹെമ്മദിന്റെ പുതിയ മാർഗ്ഗം പ്രമാണിമാരായ മക്കക്കാര്‍ക്ക് ഒരിക്കലുമുള്‍ക്കൊള്ളാനാകാത്തതായിരുന്നു. നിരവധി ദൈവങ്ങല്‍ക്ക് പകരം ഒരൊറ്റ ദൈവം മതിയെന്നോ? എങ്കില്‍ ഞങ്ങളുടെ ഗോത്ര ദൈവങ്ങളെ എന്തു ചെയ്യും. അല്ലാഹു ഏറ്റവും വലിയവനാണെന്നവര്‍ക്കറിയാം. പക്ഷെ, സഹായിയായ ചെറുദൈവങ്ങളില്ലാതെ ഏകദൈവം അവര്‍ക്കഗീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. പ്രമാണിമാരെല്ലാം തള്ളിപ്പറഞ്ഞപ്പോള്‍ പ്രവാചകനു സഹായിയായി ഉണ്ടായത് പിതൃവ്യനായ അബൂത്വാലിബും ഭാര്യയായ ഖദീജയുമാണു. അവര്‍ രണ്ടു പേരുമാണു ഒന്നിനു പിറകെ ഒന്നായി മരണപ്പെട്ടത്. ഇനി പ്രവാചകനെ അക്രമിച്ചാല്‍ ചോദ്യം ചെയ്യാനാരുമില്ല. അവസരം മുതലെടുത്ത മക്കക്കാർ പ്രവാചകനെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. വീട്ടില്‍ തിരിച്ചെത്തുന്ന പിതാവിന്റെ തലയില്‍ നിന്നും ആളുകളിട്ട മണ്ണു കഴുകിമാറ്റുമ്പോള്‍ പുത്രിയായ ഫാത്വിമ കരഞ്ഞു പോകും. പ്രവാചകന്‍ അവളെ സമാധാനിപ്പിക്കും. മകളേ കരയാതെ/ അല്ലാഹു നിന്റെ പിതാവിനു സം‌രക്ഷണം നല്‍കും.

എതിര്‍പ്പ് കൂടി വരികയാണു. സ്വന്തം അമ്മാവന്മാര്‍ തായിഫിലുണ്ട്. മക്കയില്‍ നിന്നും കിഴക്കു മാറി അമ്പത് മൈല്‍ അപ്പുറമാണു തായിഫ്. മലകളുടെ നാട്. പ്രവാചകന്‍ മകളെയും കൂട്ടി അമ്മാവന്മാരായ ത്വകീഫ് ഗോത്രക്കാരുടെ സഹായം പ്രതീക്ഷിച്ചു അവിടേക്ക് പോയി. കുടുംബക്കാരെ സം‌രക്ഷിക്കുക അന്നത്തെ ഗോത്ര സമ്പ്രദായമാണു. പക്ഷെ അവര്‍ പ്രവാചകനെ സഹായിച്ചില്ലെന്നു മാത്രമല്ല, തങ്ങളുടെ അടിമകളെ വിട്ട് അക്രമികളെ കൂട്ടി കൂക്കിവിളിപ്പിക്കുകയും കല്ലെറിയുമാണു ചെയ്തത്. പ്രവാചകന്റെ കാലുകളില്‍ നിന്നു രക്തം വാര്‍ന്നൊഴുകി. പ്രവാചകന്‍ ഓടി അടുത്തുള്ള ഒരു മുന്തിരിതോട്ടത്തില്‍ അഭയം പ്രാപിച്ചു.

അദ്ദേഹം അവിടെനിന്നിങ്ങനെ പ്രാര്‍ത്ഥിച്ചു.
എന്റെ നാഥാ. എന്റെ ശക്തി ദൗര്‍ബല്യത്തെയും സൂത്രക്കുറവിനെയും അവഹേളിക്കപ്പെടുന്നതിനെയും ഞാന്‍ നിന്നോടാണു പരാതിപ്പെടുന്നത്.
കരുണാനിധിയായവനേ- നീ പീഡിതരുടെ സം‌രക്ഷകനാണു.
നീയാണെന്റെ നാഥന്‍.
നീ ആരെയാണ് എന്നെ ഏല്പ്പിക്കുന്നത്.
എന്നെ മ്ലാനവദനായി സ്വീകരിക്കുന്ന ഒരു വിദൂരസ്ഥനെയോ? അതോ എന്നെ ജയിച്ചടക്കാന്‍ കഴിയുന്ന ശത്രുവിനെയോ?
എങ്കിലും എന്നോട് നിനക്ക് കോപമൊന്നുമില്ലെങ്കില്‍ ഇതൊന്നുമെനിക്ക് പ്രശ്നമില്ല.

പ്രവാചകന്റെ സ്ഥിതി കണ്ടലിവു തോന്നിയ തോട്ടത്തിന്റെ ഉടമകള്‍ കുറച്ച് മുന്തിരി ഭക്ഷിക്കാന്‍ നല്‍കുകയും  കുറച്ചു നേരത്തേക്ക് അവിടെ തങ്ങാന്‍ അനുവദിക്കുകയും ചെയ്തു.

ചരിത്രത്തിന്റെ ഈ ഓര്‍മകളിലൂടെ ഞങ്ങള്‍ തായിഫില്‍ പ്രവേശിക്കുകയാണു. വണ്ടി ഞങ്ങളേയും കൊണ്ട് മുകളിലേക്ക് കയറ്റം കയറുകയാണു.  സമുദ്രനിരപ്പിൽ നിന്നു ആറായിരത്തോളം അടി ഉയരത്തിലാണു തായിഫിന്റെ നിൽപ്പ്. അതിനാൽ തന്നെ സൗദിയിലെ ഒരു സുഖവാസ കേന്ദ്രം കൂടിയാണു തായിഫ്. ഉഷ്ണകാലത്ത് സൗദി ഗവർമെന്റ് തങ്ങളുടെ തലസ്ഥാനം താത്ക്കാലികമായി തായിഫിലേക്ക് മാറ്റും.

പ്രവാചകന്റെ കാലത്തെ മുന്തിരി തോട്ടം പറഞ്ഞതിൽ തന്നെ അതിന്റെ കാർഷിക പ്രാധാന്യം പറയേണ്ടതില്ലല്ലോ? വളഞ്ഞു തിരിഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി തായിഫിലെത്തിയപ്പോള്‍ സമയം മൂന്നു മണിയോളമായിരിക്കുന്നു. ഇഹ്‌റാമിന്റെ സ്ഥലം വളരെ വിശാലമാണെന്നു കേട്ടറിവുണ്ട്. ഞങ്ങള്‍ അവിടെ കണ്ട ഒരു സൗദിയോട് സ്ഥലമന്യേഷിച്ചു. അയാല്‍ വണ്ടി നിര്‍ത്തി ഇറങ്ങി വന്നു പുഞ്ചിരിച്ച് എല്ലാം വിശദമാക്കി തന്നു. സുഹൈര്‍ എന്നൊട് ചോദിച്ചു. ഇപ്പോഴെന്തായി. അയാളുടെ പെരുമാറ്റം എത്ര മാന്യമാണു. എനിക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍‌വാഹമില്ലായിരുന്നു.

തായിഫ് ടൗണിലല്ല ഇഹ്റാമിന്റെ സ്ഥലം . മറിച്ച് സൈല്‍ കബീര്‍ എന്ന സ്ഥലത്താണു. സൈന്‍ ബോര്‍ഡ് വളരെ വ്യക്തമായി അടയാളപ്പെടുത്തിയതിനാല്‍ സ്ഥലപേരു കിട്ടിയപ്പോള്‍ പിന്നെ ചോദിക്കേണ്ടി വന്നില്ല. അങ്ങിനെ സൈല്‍ കബീറിലെത്തി.

റിയാദില്‍ നിന്നു കൊണ്ട് വന്ന ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ മൂന്നരകഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് രുചി ഇരട്ടിപ്പിച്ചു. ഇപ്പോള്‍ വലിയ തിരക്കില്ലെങ്കിലും ഹജ്ജിനെ കൂടി കണക്കിലെടുത്താണു സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ഇഹ്റാമിനു വസ്ത്രം മാറ്റുന്നതിനു മുമ്പ് കുളിക്കുന്നത് സുന്നത്തുണ്ട്. അതിന്നായി കുളിമുറികളുടെ ഒരു നിര തന്നെയുണ്ട് . കുളിമുറികലിൽ ഈസ്റ്റേൺ രീതിയിലുള്ള ലാട്രിനും ഷവറും നമ്മുടെ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള സൗകര്യമെല്ലാമുണ്ട്.

ഉം‌റ എന്നത് നാലു കര്‍മങ്ങള്‍ ഉള്‍കൊള്ളുന്നതാണു. ഇഹ്റാം, ത്വവാഫ്, സ‌അയ്, മുണ്ഡനം അല്ലെങ്കില്‍ മുടി മുറിക്കല്‍ ഇത്രയുമാണു അതിലെ കാര്യങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ ഇഹ്‌റാമിലേക്ക്
സൈൽ കബീറിൽ ഇഹ്റാമിൽ പ്രവേശിക്കാനുള്ള സ്ഥലം ( മീഖാത്ത്)
പ്രവേശിക്കുകയാണു. ഇഹ്‌റാമിലേക്ക് പ്രവേശിക്കുകക എന്നാല്‍ ഒരു സ്ഥലത്തേക്ക് പ്രവേശിക്കുക എന്ന ഭാഷയല്ല. കര്‍മത്തിലേക്ക് തുടക്കം കുറിക്കുക എന്നതാണു. മാനസികമായും ശാരീരികമായും കര്‍മത്തിലേക്ക് പ്രവേശിക്കുകയാണു ഇതുവഴി ഉദ്ദേശിക്കുന്നത്.

ഇഹ്റാമിൽ പ്രവേശിക്കുന്നതിനു മുമ്പ് കുളിച്ചതിന്നു ശേഷം അല്പം സുഗന്ധദ്രവ്യം ശരീരത്തിൽ പുരട്ടുന്നതും നല്ലതാണു. പക്ഷെ അത് വസ്ത്രത്തിൽ പുരട്ടരുത്. രണ്ട് തുണികളല്ലാതെ മറ്റു വസ്ത്രങ്ങളൊന്നും തന്നെ പുരുഷന്മാർക്ക് അനുവദനീയമല്ല. എന്നാൽ ബെൽറ്റ്, കണ്ണട എന്നിവ ഉപയോഗിക്കാം. സോക്സ്, ഷൂ, കയ്യുറ, അടി വസ്ത്രം എന്നിവയൊന്നും ഉപയോഗിക്കരുത്. ചെരുപ്പ് ഉപയോഗിക്കാം. രണ്ടു തുണികളിലെ ഒന്ന് എടുക്കുവാനും മറ്റൊന്നു ചുറ്റുവാനുമുള്ളതാണെന്നു പറഞ്ഞിരുന്നല്ലോ- എന്നാല്‍ തല മൂടിപുതച്ചു വസ്ത്രം ഇടരുത്. തോളിലൂടെ ചുറ്റിയിട്ടാല്‍ മതി. ചിലരെല്ലാം ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ തന്നെ വലതു കൈ തുറന്ന് മേല്‍‌വസ്ത്രം ചുറ്റും. ഇതും അനുകരിണീയമല്ല. ത്വവാഫ് തുടങ്ങുന്നതു വരെ സാധാരണപോലെ മേൽത്തട്ടം ചുമലിലൂടെയിട്ടാൽ മതിയാകും.. (ഈ ലിങ്കിലൂടെ പോയാല്‍ ഇഹ്റാമിലെ വസ്ത്രം ധരിക്കുന്നതിന്റെ ഒരു രൂപം കിട്ടും.)

വസ്ത്രം ധരിച്ചു വുളുവെടുത്തു. ഇഹ്‌റാമിനു പ്രത്യേക സുന്നത്ത് നമസ്കാരമൊന്നുമില്ല. പക്ഷെ, അവിടെയുള്ള പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ പള്ളിയില്‍ കടന്നതിനും വുളുവിനുമായ രണ്ട് റക‌അത്ത് സുന്നത്ത് നമസ്കരിച്ചു.

ഇഹ്റാമില്‍ പ്രവേശിച്ചാല്‍ ഇഹ്‌റാമില്‍ നിന്നു വിരമിക്കുന്നത് വരെ മുടി,നഖം എന്നിവ മുറിക്കുകയോ മനപ്പൂര്‍‌വ്വം നീക്കം ചെയ്യുകയോ ചെയ്യരുത്. സാധാരണ ഗതിയില്‍ കൊഴിഞ്ഞു പോകുന്നതില്‍ കുഴപ്പവുമില്ല. അതേ പോലെ വേട്ടയാടലും വിവാഹാന്യേഷണങ്ങള്‍ നടത്തുന്നതും നിഷിദ്ധമാണു. ലൈംഗിക പ്രകടനങ്ങളും പാടില്ല.  ഇഹ്റാമിനു മുമ്പ് ശരീരത്തിൽ സുഗന്ധമുപയോഗിക്കാമെങ്കിലും ഇഹ്‌റാമിന്‌ ശേഷം ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ സുഗന്ധം ഉപയോഗിക്കരുത്‌.

മറ്റൊന്നു ശ്രദ്ധിക്കേണ്ടത് വസ്ത്രം ധരിക്കുമ്പോള്‍ മറയേണ്ടത് നിര്‍ബന്ധമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു എന്നത് ഉറപ്പു വരുത്തണം. ഞങ്ങള്‍ വസ്ത്രമെല്ലാം മാറ്റി ഇഹ്റാമിലാകുന്നതിനു മുമ്പ് അവിടെ നില്‍ക്കുന്ന ഒരാള്‍ തന്റെ വസ്ത്രം പുക്കിളിനു താഴെയായാണു ധരിച്ചിരിക്കുന്നത്. ഞാന്‍ സലാം പറഞ്ഞു അയാളുടെ വസ്ത്രം മുകളിലേക്കെടുക്കാന്‍ ആവശ്യപ്പെട്ടു. പരിചയപ്പെട്ടപ്പോള്‍ ഒരു സൗദിക്കാരനാണു. റിയാദിലാണു വീടെന്നു പറഞ്ഞു. പലരും അശ്രദ്ധയാല്‍ തങ്ങളുടെ വസ്ത്രം താഴ്ത്തി എടുക്കുമ്പോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നത് ഉം‌റ മുഴുവനുമായിട്ടാകും.

നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങി. പള്ളിയുടെ മുമ്പിൽ വച്ച് ഞങ്ങൾ ഉംറയിലേക്ക് പ്രവേശിച്ചു. അതിനു ചെയ്യേണ്ടത് ലബ്ബൈക്കല്ലാഹുമ്മ ഉംറത്തൻ എന്നു എന്ന് പറയുകമാത്രമാണു. അല്പം ഉറക്കെയാണു ഇത് പറയേണ്ടത്.  അല്ലാഹുവേ ഉംറക്കുള്ള നിന്റെ വിളിക്കുത്തരം എന്നാണതിന്റെ അർത്ഥം. ഞങ്ങൾ ഉംറയിലായി കഴിഞ്ഞു. ഇനി തവാഫ് ചെയ്യുന്നത് വരെ ചൊല്ലുന്ന മന്ത്രത്തിനു തൽബിയ്യത്ത് എന്നു പറയുന്നു. ഇഹ്റാമിലായാൽ പിന്നെ മക്കയിലെത്തി തവാഫ് തുടങ്ങുന്നത് വരെ ഈ തൽബിയ്യത്ത് ചെല്ലണം -

ലബ്ബയ്ക അല്ലാഹുമ്മ ലബ്ബയ്ക്‌,
ലബ്ബയ്ക ലാശരീക ലക ലബ്ബയ്ക്‌,
ഇന്നൽ ഹംദ:  വന്ന‍ിഅ​‍്മത ലക-വൽ മുല്ക്‌,
ലാശരീക ലക - ലബ്ബയ്ക്

അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാനുത്തരം ചെയ്തിരിക്കുന്ന‍ു.
നിന്റെ വിളികേട്ട്‌ ഞാനെത്തിയിരിക്കുന്ന‍ു.
നിനക്കൊരു പങ്കുകാരുമില്ല.
നിന്റെ വിളിക്ക്‌ ഞാനുത്തരം നൽകിയിരിക്കുന്ന‍ു.
എല്ലാ സ്തുതിയും അനുഗ്രഹവും നിനക്ക്‌. രാജാധികാരവും നിനക്ക്‌ ത​ന്നെ. തീർച്ച. നിനക്ക്‌ പങ്കാളിയായി ആരുമില്ല.-

ഇത് തുടർച്ചയായി ചെല്ലേണ്ടതാണു. മൂന്നു പേരും അല്ലാഹുവിന്റെ വിളിക്കുത്തരവുമായി  മക്കയിലേക്ക് തിരിച്ചു. മക്കയിതാ ഒരു വിളിപ്പാടകലെ-

11 അഭിപ്രായങ്ങൾ:

  1. ലളിതമായ ആഖ്യാനം,സൂക്ഷ്മമായ വിശകലനം,വിജ്ഞാനപ്രദമായി.

    മറുപടിഇല്ലാതാക്കൂ
  2. റഷീദേ..........ഞാന്‍ രണ്ടാമത്തെ ലക്കം വായിച്ചില്ല. ആദ്യം അത് വായിക്കട്ടെ എന്നാലെ ഒരു ഗുമ്ം കിട്ടൂ.

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാമത്തെ ലക്കത്തെക്കാള്‍ മനോഹരമായി വിവരിച്ചിരിക്കുന്നു മൂന്നാം ഭാഗം. ഒരു റഫറന്‍സായി ഉപയോഗിക്കാവുന്ന തരത്തില്‍ ഈ പോസ്റ്റിനെ മാറ്റുക.

    ബഹറൈനിലെ സുഹൃത്ത് ബ്ലോഗര്‍ സാജൂ എന്ന പ്രയോഗം. നട്ടപ്പിരാന്തന്‍ എന്ന പേരായിരുന്നു അവിടെ എഴുതിയിരുന്നെങ്കില്‍ ഒരു നല്ല ഒരു പോസ്റ്റില്‍ എന്റെ പരസ്യവും ആയേനെ. :-)

    മറുപടിഇല്ലാതാക്കൂ
  4. സോറി ഒരു കാര്യം പറയാന്‍ മറന്നുപോയി..... റഷീദ് പ്രതിപാദിച്ച റെയില്‍വേയുടെ ചരിത്രം ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഞാന്‍ റിയാദില്‍ ഉണ്ടായിരുന്നപ്പോള്‍ താമസിച്ചിരുന്നത് ആ റെയില്‍വേ സ്റ്റേഷന്റെ അടുത്തായിരുന്നു. അങ്ങിനെയൊരു ചരിത്രം ഞാന്‍ കേട്ടിട്ടിട്ടെയില്ല. ഞാന്‍ രണ്ട് പ്രാവിശ്യം റിയാദില്‍ നിന്നും ദമാം വരെ ട്രെയിനില്‍ യാത്രചെയ്തിട്ടുണ്ട്. യാത്രയ്ക്ക് ഉപയോഗിക്കുന്നതിനെക്കാള്‍ ആ റെയില്‍വേ സിസ്റ്റം സൌദി ഗവണ്മെന്റ് ഉപയൊഗിക്കുന്നത് ദമാമില്‍ നിന്നും കണ്ടൈനറുകള്‍ റിയാദ് ഡ്രൈപോര്‍ട്ടിലേക്ക് കൊണ്ടുവരാനാനാണ്.

    മറുപടിഇല്ലാതാക്കൂ
  5. ഇസ്ലാമിക ചരിത്രവും ഉംറയും യാത്രാവിവരണവും എല്ലാം അടങ്ങിയ പോസ്റ്റ്‌ ഒരു പ്രത്യേക വികാരത്തോടെ വായിച്ചു തീര്‍ത്തു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  6. അടുത്ത ഭാഗത്തിനായി ആകാക്ഷയോടെ ഇരുത്തുന്ന രചനാ ശൈലി.കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വരുന്ന ഭാഗങ്ങള്‍ക്കും കഴിയും എന്ന് വിശ്വസിക്കുന്നു.ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  7. valare nannayittundu njan ente bloggil ee postinte thudakkam kattu post ittu link ithilekku koduthupoyi. kshamikkumennu karuthunnu ! blog is:
    www.malabarislam.blogspot.com

    feroze bin mohamed !

    മറുപടിഇല്ലാതാക്കൂ
  8. M
    സന്തോഷം
    നട്ടപ്പിരാന്തന്‍

    തുർക്കി സാമ്രാജ്യത്തിന്റെ ചരിത്രം ചികഞ്ഞപ്പോൾ കിട്ടിയതാണു ഈ റെയില് വേ ചരിത്രം. പലർക്കുമറിയില്ല്. കൂടാതെ നട്ട്സിനെ അറിയാത്തവർക്ക് എന്നോട് നട്ടപ്പിരാന്തൻ പറഞ്ഞു എന്ന് കേൾക്കുമ്പോഴുണ്ടാകുന്ന ആശ്ചര്യം ഒന്നോർത്തു നോക്കൂ. അതാണു സാജുവാക്കിയത്.

    Shukoor
    ഷാമോന്‍
    jayarajmurukkumpuzh
    വാഴക്കോടന്‍ ‍// vazhakodan
    pulari
    വായനക്കും പ്രോത്സാഹനത്തിനും നന്ദി

    Feroze Bin Mohamed, Incredible Kerala Team !

    സന്തോഷമേയുള്ളൂ ഫിറോസ്

    മറുപടിഇല്ലാതാക്കൂ