2010, ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല

ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.

പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും. 

മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍  ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു. 

പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന  ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ.  തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു. 

മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ? 

എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?

ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും. 

കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല?  അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല? 

ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ  എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും.  ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല. 

അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു. 

2010, ജൂലൈ 4, ഞായറാഴ്‌ച

തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു

സമൂഹത്തിലെ പ്രശ്നങ്ങളില്‍ സ്വയം വിധി നടപ്പിലാക്കുന്നത് നിലവിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും തെമ്മാടിത്തവുമാണു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമവിധേയമാകാതെയാകുമ്പോള്‍ പിന്നീട് നിയമത്തെ കുറ്റപ്പെടുത്താല്‍ അര്‍ഹത ഇലാതായി തീരുകയും ചെയ്യുന്നു. ഇത് തൊടുപുഴയിലെ വിവാദ സംഭവങ്ങളുമായുള്ള വര്‍ത്തമാന കാര്യങ്ങളിലുള്ള എന്റെ പ്രതികരണമാണു.

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു എന്നതിനാലാണു ഈ കുറിപ്പിവിടെ കുറിക്കുന്നത്. തൊടുപുഴയിലെ ചോദ്യപേപ്പര്‍ തയ്യാറാകിയ അദ്ധ്യാപകനോടുള്ള അമര്‍ശം ജനാധിപത്യ രീതിയില്‍ നല്ലവഴിക്കു നീങ്ങി കൊണ്ടിരിക്കെ തികച്ചും അപലനീയമായ രീതിയില്‍ പ്രാകൃതരായ ചില ആളുകള്‍ നിയമത്തെ കയ്യിലെടുത്തതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തന്നെ ഞാന്‍ പ്രതിഷേധിക്കുന്നു.

ഇത് ജനാധിപത്യത്തോടും നിയമവാഴചയോടുമുള്ള വെല്ലുവിളിയാണു. പ്രത്യേകിച്ചും ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു. അവരില്‍ നിന്നു വരുന്ന ഇത്തരം ചെയ്തികള്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. എന്തു കൊണ്ട് തങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് കുറെ വേവലാതിപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇങ്ങിനെയുള്ള സംഭവങ്ങളെ മനസികമായി വെറുക്കാനും കഴിയുന്നത്ര അപലപിക്കാനും സമുദായത്തിലെ ഓരോ അം‌ഗവും തയ്യാറാകാത്തിടത്തോളം പ്രതിക്കൂട്ടില്‍ പിന്നെയും പിന്നെയും കയറി നില്‍ക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും ഉള്‍കൊള്ളേണ്ടതുണ്ട്.

ഒരു മുസ്ലിം എന്ന നിലക്ക് ദൈവം പ്രവാചകന്‍ എന്നിവരോടൊപ്പം സമൂഹത്തിലെ നേതൃത്വത്തെയും അനുസരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണു. സാമൂഹിക നിയമങ്ങളാണു ഉലുല്‍ അംറില്‍ വരുന്നതെന്ന്‍ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കോടതിയേയും നിയമപാലകരേയും അനുസരിക്കേണ്ട ഒരു സമൂഹം നിയമത്തിലെ കയ്യിലെടുക്കുന്നത് ഏത് പ്രവാചകനു വേണ്ടിയാണു. തങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മാത്രം നിയമം മതിയെന്നാണോ കരുതുന്നത്, അതല്ല നിയമത്തെയും വ്യവസ്ഥിതിയേയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രം തങ്ങള്‍ക്കാകുമെന്നു ഈ പൊട്ടക്കിണറ്റിലെ തവളകള്‍ കരുതുന്നുവോ?

ആയിരക്കണക്കിനു നരേന്ദ്രമോഡികളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു മ‌അദനിയെ തന്നെയാണ്. സമൂഹത്തിലെ പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഉള്ളിലുള്ള അര്‍ബുദം ഒരു ഭാഗം മുഴുവന്‍ നശിപ്പിച്ച് ചികിത്സ സാധ്യമാവാത്ത വിധം അപകടപ്പെടുത്തുമ്പോഴെ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങൂ.

മാന്യമായി പ്രതികരിച്ച് കോടതിലെത്തിയ ഒരു വിഷയം നാലാളുകൂടി വിധി നടപ്പിലാക്കിയത് മതപരമായ വിജയമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണീ പോസ്റ്റ്. കാരണം മനസ്സുകൊണ്ട് നിങ്ങളും വര്‍ഗ്ഗീയതയെ താലോലിക്കുകയാണു. സ്വന്തം വിഭാഗത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയും മറ്റുള്ളവരുടെ തിന്മകള്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്ന ഒരു സ്മൂഹമായി നാം രൂപപ്പെട്ടുകൂടാ. തിന്മ തിന്മയും നന്മ നന്മയുമാകണം. അത് എത്ര അടുത്തവരില്‍ നിന്നായാലും.

ഇതെന്റെ വ്യക്തിപരമായ കുറിപ്പാണു. എനിക്കു ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതിക്കുള്ളില്‍ നിന്ന് എനിക്കിതെങ്കിലും ചെയ്തേ മതിയാകൂ.