2010, ജനുവരി 26, ചൊവ്വാഴ്ച

മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"


തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍‌ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.

ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍‌ഗ്വിന്‍ ബുക്സ് ഇം‌ഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.

ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍‌ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.

ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍‌ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.

പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.

ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.

ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍‌വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.

കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.

ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.

2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു.

ഈ പുസ്തകം മുന്‍‌നിര്‍‌ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.

2010, ജനുവരി 18, തിങ്കളാഴ്‌ച

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും

അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രൂപം കൊള്ളുന്നു.ബ്ലോഗിന്റെ ഒരു വ്യത്യസ്തത അതിന്റെ അഭിപ്രായം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്. നമ്മുടെ അഭിപ്രായം മാറ്റുരക്കുന്നത് അതില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടെ വരുമ്പോഴാണ്. സജീവമായ ചര്‍ച്ചകള്‍ വായനക്കാരായ പലര്‍ക്കും അഭിപ്രായങ്ങളിലെ വ്യത്യസ്തതകളെ വീക്ഷിക്കുവാനും തങ്ങളുടെ വീക്ഷണങ്ങളുമായി താരതമ്യം ചെയ്യുവാനും അവസരമൊരുക്കിയിട്ടുണ്ട്.

നമ്മുടെ ചിന്താഗതികള്‍ ഏറെക്കുറെ പ്രൊഗ്രാം ചെയ്യപ്പെട്ടവയാണു- അതെല്ലാവര്‍ക്കുമതെ. നമ്മുടെ ചുറ്റുപാടുകള്‍, വായന, മാധ്യമങ്ങള്‍, എന്തിനേറെ പരസ്യങ്ങള്‍ പോലും നമ്മെ നാമറിയാതെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിനു ഒരു മിഠായി വാങ്ങുമ്പോള്‍ പോലും ഇന്ന കമ്പനിയുടെ മിഠായി നല്ലതായിരിക്കുമെന്ന് നാം കരുതുന്നത് അതിലടങ്ങിയവയെ കുറിച്ചുള്ള അറിവിനേക്കാള്‍ പരസ്യത്തിന്റെ മികവിലായിരിക്കുമെന്നതാണു യഥാര്‍ത്ഥ്യം.

ഇതൊരു ചെറിയ മിഠായിയുടെ കാര്യം മാത്രമല്ല, നമ്മുടെ രാഷ്ടീയം,മതം തുടങ്ങിയവയിലെല്ലാം ഈ സ്വാധീനമുണ്ട്. ഇതിനു പുറമെ നമ്മെ സ്വാധീനിച്ചതെന്തോ അതിനു വിധേയമാകുന്ന ഒരു മനസ്സുകൂടി നാം വളര്‍ത്തിയെടുക്കുക കൂടി ചെയ്യും. നമുക്ക് നമ്മെ തന്നെ കൂടുതല്‍ നോക്കാനാണു കൂടുതല്‍ ഇഷ്ടം. ഒരു ഗ്രൂപ് ഫോട്ടോയില്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നത് നമ്മെയാകും. ഇവിടെ നിന്ന് തുടങ്ങുന്നു നമ്മളിലെ നാം. അങ്ങിനെ കോണ്‍ഗ്രസ്സുകാരന്‍ വീക്ഷണവും, ലീഗുകാരന്‍ ചന്ദ്രികയും, ബിജെപിക്കാരന്‍ ജന്മഭൂമിയും, ജമാഅത്തുകാരന്‍ മാധ്യമവും, മാര്‍കിസ്റ്റുകാരന്‍ ദേശാഭിമാനിയും, യുക്തിവാദി യുക്തിരേഖയും വായിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുന്നു. ബ്ലോഗിലെ വായനയുടെ ചിത്രവും തരുന്ന സൂചനയും മറ്റൊന്നുമല്ല, കമെന്റുകള്‍ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കുന്നതെയുള്ളൂ. എന്റെ മതപരമായ പോസ്റ്റുകള്‍ക്ക് കിട്ടുന്ന കമെന്റുകള്‍ അധികവും അതിനെ ചോദ്യം ചെയ്തവയെക്കാള്‍ അംഗീകരിക്കുന്നവയായിരിക്കും. ഒരിക്കല്‍ മാത്രമാണെനിക്ക് ഒരു സം‌വാദത്തിന്റെ സ്വഭാവത്തിലേക്കു വരുമെന്നു തോന്നിച്ചത്- പക്ഷെ അതോടെ അതു നിലക്കുകയും ചെയ്തു.

തന്നെ കുറിച്ച് മറ്റുള്ളവര്‍ക്കെന്തു പറയാനുണ്ടെന്നതിനു പകരം എനിക്കെന്നെ കുറിച്ചെന്തു പറയാനുണ്ടെന്നാണ് അറിയാനാണെനിക്കിഷ്ടം. അങ്ങിനെ നാം നമ്മുടെ ചിന്തകളെ ഒരു പൂപ്പയാക്കി അതില്‍ മഥിക്കുന്നു. പക്ഷെ, ഇങ്ങിനെയൊക്കെയാണെങ്കിലും നാം മറ്റുള്ളവര്‍ കരുതുന്നത് ശരിയല്ല എന്നു നാം വിധിക്കുകയും ചെയ്യുന്നു.

ഒരാള്‍ക്ക് അയാളുടെ മതം(മതമില്ലായ്മയും) , രാഷ്ട്രീയം, ചിന്താഗതികള്‍ എല്ലാം ശരിയാണെന്നു വിശ്വസിക്കാനുള്ള അവകാശമുണ്ട്. അത് മാത്രമാണെന്ന് വരെ. പക്ഷെ എന്തു കൊണ്ട് മറ്റുള്ളവര്‍ അവരുടെത് ശരിയെന്നു കരുതുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കൂടുതള്‍ ഉള്‍കാഴ്ച്ച നല്‍കുവാന്‍ സഹായകമാകും.ഇതിനെയാണു സം‌വാദം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സം‌വാദം ഒരു സമൂഹത്തിന്റെ പോസിറ്റിവ് ആയ വളര്‍ച്ചയുടെ ലക്ഷണമാണു. ഞാനെന്തുകൊണ്ട് ഇങ്ങിനെ വിശ്വസിക്കുന്നു എന്ന് പറയുന്നതോടൊപ്പം നിങ്ങളെന്തുകൊണ്ട് അങ്ങിനെ പറയുന്നു എന്നു മനസ്സിലാക്കാനും അറിയുവാനുമുള്ള മാനസിക വളര്‍ച്ചയുള്ള വ്യക്തിക്കും സമൂഹത്തിനോടും മാത്രമേ ഒരു സം‌വാദത്തിനുള്ള സാധ്യതയുള്ളൂ.

എന്നാല്‍ ചിലരാകട്ടെ- എല്ലാം ശരിയാണെന്ന് എല്ലാവരും ധരിക്കണമെന്ന് കരുതുന്നു. പക്ഷെ ശരിക്കാകട്ടെ ഒരു കുഴപ്പമുണ്ട്- അത് ഒന്നെയുണ്ടാകുകയുള്ളൂ. രണ്ടും രണ്ടും കൂട്ടിയാല്‍ നാലു മാത്രമെ ഉണ്ടാകൂ, അതിന്റെ തെറ്റാകട്ടെ നാലെല്ലാത്ത എല്ലാതുമായിരിക്കുകയും ചെയ്യും. ഇത് ശരിയുടെ ഒരു നിസ്സഹായതയാണ്. അതു കൊണ്ടാണു തന്റെ ചിന്താഗതിയാണു ശരി എന്നതില്‍ എല്ലാവരും തര്‍ക്കിക്കുന്നത്.അങ്ങിനെ കരുതുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്,ഉദാഹരണത്തിനു ബ്ലോഗിലെ ഏറ്റവും ഒരു പക്ഷെ സം‌വാദം നടക്കുന്ന ഒരു വിഷയമാണല്ലോ ദൈവം-

ദൈവം ഒന്നുകില്‍ ഉണ്ടാകും, ഇല്ലെങ്കില്‍ ഉണ്ടാകില്ല- എന്തായാലും ഉണ്ടില്ല എന്നത് ശരിയാകില്ല. ഇനി ഉണ്ടെന്നു സമ്മതിച്ചാലോ- ആരുടെ കാഴ്ചപ്പാടിലെ ദൈവ സങ്കല്പമാണു ശരിയെന്ന കാര്യത്തില്‍ പിന്നെയും തര്‍ക്കം വരുന്നു. ഹിന്ദുമതത്തിലെ തന്നെ അദ്വൈതവാദ ദൈവസങ്കല്പം ദ്വൈതവാദവുമായി ഒത്ത് പോകില്ല, അതിനാല്‍ ഒന്നുകല്‍ ദൈവത്തിനു ദ്വൈതവാദ പ്രകാരമുള്ള അസ്തിത്വമോ അല്ലെങ്കില്‍ അദ്വൈതവാദപ്രകാരമുള്ള അസ്ത്വിത്വമോ ഉണ്ടാകാനേ കഴിയൂ. ഒരേ സമയം ഏകനാവാനും എല്ലാറ്റിലുമാകാനും കഴിയില്ല എന്നര്‍ത്ഥം. ഹിന്ദു ദ്വൈതവാദം കൃസ്തീയ-മുസ്ലിം വിശ്വാസങ്ങളിലെ ഏകദൈവവാദവുമായി വിയോജിക്കുന്നു.

കൃസ്തവ ദൈവ സങ്കല്‍‌പവും ഇസ്ലാമിക ദൈവ സങ്കല്പവും തമ്മില്‍ പല കാര്യത്തിലും വിയോജിപ്പുണ്ട്. ഒന്നിനെ തന്നെ മൂന്നായും അതില്‍ മനുഷ്യാവതാരമായുമായാണ് കൃസ്തവര്‍ യേശുവിനെ കരുതുന്നത്. മാത്രമല്ല ദൈവം മനുഷ്യനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു എന്നും കരുതുന്നു. മുസ്ലിങ്ങളാകട്ടെ ദൈവത്തിന്റെ രൂപത്തെ കുറിച്ച് ഒരു സങ്കല്പവും ഒത്തു പോകില്ല എന്നാണു കരുതുന്നത്.

ഇതിലെ മുസ്ലിങ്ങള്‍ തമ്മില്‍ തന്നെ ദൈവത്തിലേക്കടുക്കുന്ന കാര്യത്തില്‍ അതിലേക്കുള്ള വഴികളില്‍ വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. ഇത് എല്ലാ ചിന്താഗതികള്‍ക്കിടയിലുമുണ്ട്.

ഈ പ്രശ്നം വെറും മതരംഗത്തു മാത്രമല്ല, ഭൗതിക നേട്ടങ്ങള്‍ക്കു രൂപം നല്‍കുന്ന രാഷ്ട്രീയമാകട്ടെ, സാംസ്കാരിക രംഗമാക്ട്ടെ ഒന്നും ഈ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്ന് മുക്തമല്ല. ലോകത്തിന് പറ്റിയ സാമ്പത്തികരീതി കമ്യൂണിസമാണോ, സോഷ്യലിസമാണോ, കാപിറ്റലിസമാണൊ എന്നല്ലാം വ്യത്യസ്ത വീക്ഷണങ്ങളാണു. അതില്‍ തന്നെ വിശദീകരണങ്ങള്‍ വരുമ്പോള്‍ ഓരോന്നും പിന്നെയും വിഭാഗങ്ങളായി മാറുന്നു.എത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണുള്ളത്?

ഇവര്‍ ഓരോ കൂടുകൂട്ടി കൂട്ടില്‍ നിന്നും പുറത്തിറങ്ങാതെ പറക്കുന്നതിന്നു പകരം പരസ്പരം എനിക്കെന്തു പറയാനുണ്ടെന്നു പറയുമ്പോഴാണു ചര്‍ച്ചകളും സം‌വാദങ്ങളും രൂപപ്പെടുന്നത്, അങ്ങിനെ പറയുന്നവന് മറ്റുള്ളവരെന്തു പറയുന്നു എന്ന് ശ്രവിക്കുവാനും ബാധ്യതയുണ്ട്. തനിക്കു ശരിയെന്ന് തോന്നുന്നത് അങ്ങിനെ തന്നെ വിശ്വസിക്കുമ്പോഴും മറ്റുള്ളവന്റെ ശരി എനിക്കു തെറ്റാണെങ്കിലും അവന്റെ ശരി തന്നെയാണെന്ന് ഉള്‍കൊള്ളുവാന്‍ കഴിയുന്നവനേ സം‌വാദത്തിനര്‍ഹതയുള്ളൂ. എന്റെ ശരി എന്തുകൊണ്ടെനിക്കു ശരിയാകുന്നുവെന്നു പറയുന്നവന്‍ അപരന് എന്തു പറയാനുണ്ടെന്നു കേള്‍ക്കാന്‍ ബാധ്യസ്തനുമാകുന്നു. പ്രത്യേകിച്ചും നിന്റെ ചിന്താഗതി തെറ്റാണെന്നു പറയുന്നവര്‍.

എല്ലാവരെയും ഇനി ഒരേ രൂപത്തിലേക്കു ചിന്തിപ്പിക്കാനുകുമെന്നത് ഒരു വിഡ്ഡിത്തമാണു. എത്ര തന്നെ ബോധ്യപെട്ടാലും താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത്യും നമുക്കു കാണാം.അപരന്റെ തെറ്റിനെ പര്‍‌വതീകരിക്കുന്നവര്‍ തങ്ങളുടെ നേതാക്കളുടെയും സമൂഹത്തിന്റെയും തെറ്റുകളെ ഏറ്റെടുക്കുന്നത് കാണുന്നതങ്ങിനെയാണു.പിണറായിയും ഉണ്ണിത്താനുമെല്ലാം ചെയ്യുന്നതിനെ അന്ധമായി അനുയായികള്‍ ന്യായീകരിക്കുന്നത് ഈ വിധേയത്വത്തിന്റെ ഭാഗമായാണ്. പലരിലും അത് പല അളവിലാണു പ്രവര്‍ത്തിക്കുന്നതെന്നു മാത്രം.

നായനാരുടെ പത്രപ്രവര്‍ത്തനത്തെ കുറിച്ചുള്ള നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണു. നിഷ്പക്ഷമൊന്നതൊന്നില്ല എന്നത്. അധികവും അവനവന്റെ പക്ഷമാണു നിഷ്പക്ഷം. ഇവിടെയാണു സം‌വാദങ്ങളുടെ പ്രസ്ക്തി. പരസ്പരം സം‌വദിക്കാതെ സമൂഹത്തിനു മുന്നോട്ട് പോകുവാന്‍ കഴിയില്ല. സം‌വാദം അടഞ്ഞ വാതിലുകള്‍ തുറക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സഹായിക്കുന്നു, ഒരു സം‌വാദം എല്ലാറ്റിനും പരിഹാരവുമൊന്നുമല്ല, എങ്കിലും അവക്കു കുറെ പരിഹാരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നു.

രാഷ്ട്ര രക്ഷക്ക് ഏത് സാമ്പത്തിക രീതിയാണഭികാമ്യമെന്നു രാഷ്ട്രീയക്കാര്‍ സം‌വദിക്കട്ടെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടക്കട്ടെ. ഏതു മതമാണു ശരിയായ ദൈവസങ്കല്പമുള്‍കൊള്ളുന്നതെന്നു മതവിശ്വാസികള്‍ സം‌വദിക്കട്ടെ, ഇനി ദൈവമുണ്ടൊ ഇല്ലെയോ എന്നു ദൈവമുണ്ടെന്നു വിശ്വസിക്കുന്നവരും ഇല്ല എന്നു വിശ്വസിക്കുന്നവരും തമ്മിലും സംദവദിക്കട്ടെ. അതില്‍ തന്നെ ഓരോ മതക്കാരും വെവ്വേറെയായും കൂട്ടമായും ഉണ്ടെന്നു വിശ്വസിക്കുന്നവും ഇല്ല എന്നു വിശ്വസിക്കുന്നവ്രുമായി ചര്‍ച്ചകള്‍ നടക്കട്ടെ.

അപ്പോഴെല്ലാം പര്‍സ്പരം പാലിക്കേണ്ട ചില മര്യാദകളുണ്ട്, ക്രൈസ്തവ വാദപ്രകാരമുള്ള ദൈവ സങ്കല്പമാണ് ശരിയെന്നും ഹിന്ദു മതപ്രകാരമുള്ള ദൈവ സങ്കല്പങ്ങള്‍ക്കു ഇന്ന ദൗര്‍ബല്യങ്ങളുണ്ടെന്നു ക്രൈസ്ത്യാനി വാദിക്കുമ്പോള്‍ ഏതു ഹൈന്ദവനും ആ വാദങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശത്തെയും വക വച്ചു നല്‍കാന്‍ വാദിക്കുന്നയാള്‍ ബാധ്യസ്ത്ഥനാണ്.

ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

എനിക്കെല്ലാവരെയും ചോദ്യം ചെയ്യാം. ആര്‍ക്കും എന്നെ ചോദ്യം ചെയ്യാനവകാശമില്ല എന്ന സങ്കുചിതമായ നിലപാടിന്റെ ഭാഗമാണത്. എനിക്കെ എല്ലാം മനസ്സിലാക്കുവാനും ചിന്തിക്കുവാനുമുള്ള കഴിവുള്ളൂ എന്ന ബാലിഷമായ നിലപാടിന്നടിമകളാണിവര്‍-

ദൈവമില്ല എന്നു വാദിക്കുന്ന ഒരു യുക്തിവാദിക്ക് ഏത് ദൈവവിശ്വാസവും ശരിയല്ല എന്നു വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. പക്ഷെ, അതോടൊപ്പം തന്നെ ത്ന്റെ ചോദ്യങ്ങളെയും ചോദ്യം ചെയ്യപ്പെടാനുള്ള വിശ്വാസിയുടെ അവകാശത്തെയും മാനിക്കാന്‍ പഠിക്കേണ്ടതുണ്ട്.അതെപോലെ ദൈവമുണ്ടെന്നു വാദിക്കുന്ന ഒരു മത വിശ്വാസിക്ക് അതില്ല എന്നു വാദിക്കുന്ന ഒരു നിഷേധിയുടെ വാദങ്ങള്‍ക്ക് മറുപടിപറയാനും തന്റെ വാദങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനുമുള്ള അവകാശത്തെ മാനിക്കുവാനും കഴിയേണ്ടതുണ്ട്. എല്ലാറ്റിനെയും ചോദ്യം ചെയ്യുക എന്നതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും തെറ്റിദ്ധരിപ്പിക്കുക എന്നതാവരുത്. അതാരില്‍ നിന്നും.

ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന, അതിനെ ഉള്‍കൊള്ളാന്‍ വിശാലതയുള്ള ഒരുലോകം ഈ വിവരസാങ്കേതിക ലോകം നമുക്കു നല്‍കട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട്.