2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-8

പറങ്കികളുമായ യുദ്ധത്തിന്റെ ചരിത്രം നാം സ്വീകരിച്ചത് പോര്‍ച്ചുഗീസുകാര്‍ എഴുതിയ ചരിത്രത്തില്‍ നിന്നുമെടുത്താണ്. അതിനാല്‍ തന്നെ അതില്‍ അവര്‍ പരാജയപ്പെട്ട ചരിത്രങ്ങളും വിജയിച്ചതായി പിടിപ്പിക്കുകയും വിജയത്തെ അമിതവത്കരിച്ചതായും പുതിയ ഇന്ത്യന്‍ സമുദ്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും പറങ്കികളുടെ സമുദ്ര ശക്തിയെ തോത്പിക്കുവാന്‍ നമ്മുടെ ആളുകള്‍ക്കു കഴിവില്ലായിരുന്നു. ലോഗന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യശരീരമുള്ള ചെകുത്താന്‍മാരായിരുന്നു അവര്‍. കെ.എം. പണിക്കരെഴുതുന്നത് പരങ്കികള്‍ നമുക്കു നല്‍കിയ ഒരേയൊരു നേട്ടം കൂടുതല്‍ മനുഷ്യരെ എങ്ങിനെ കൊല്ലാം എന്ന അറിവുമാത്രമാണെന്നാണ്.

ബുദ്ധമതം കേരള്ല‍ത്തില്‍ നിന്നും തുടച്ചുമാറ്റിയത് പോലെയുള്ള ഒരു ചരിത്രം ക്രിസ്ത്യാനികള്‍ക്കുമുണ്ട്. അത് സുറിയാനിയെ ഗ്രീക്ക് വിഴുങ്ങിയതിന്റെതാകുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമേ സുറിയാനിയില്‍ പ്രാര്‍ത്ഥനകളുള്ളൂ എന്നറിയുമ്പോഴാണ് അതിന്റെ ചിത്രം മനസ്സിലാകുകയുള്ളൂ. അതായത് യേശുവിന്റെ ഭാഷയായ അരാമിക്കില്‍ നിന്നും ലാറ്റിനിലേക്ക് ബൈബിളിനേയും പ്രാര്‍ത്ഥനകളെയും മാറ്റിയതിനു പിന്നില്‍ ഒരുപാട് അതിക്രമങ്ങളുടെ കഥകളുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്ക് മതാന്ധതയുടെ സര്‍റ്റിഫികറ്റ് കൊടുക്കേണ്ട ഭാഗങ്ങളാണിവയെല്ലാം. പോപ്പാകട്ടെ പറങ്കികള്‍ ചെയ്യുന്ന എല്ലാ അതിക്രമങ്ങള്‍ക്കും മുന്‍‌കൂട്ടിത്തന്നെ പ്രായശ്ചിത്തം നല്‍കുകയും ചെയ്തിരുന്നു. അതിനാല്‍ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെയാണ് ഇവരീ അക്രമമെല്ലാം തുടര്‍ന്നത്. ബ്രിട്ടിഷുകാരുമായി തുലനം ചെയ്യുമ്പോള്‍ പോര്‍ച്ചുഗീസുകാര്‍ ഒരു സംസ്കാരവും തീണ്ടാത്ത വിഭാഗമായിരുന്നു. ഒരു സാംസ്കാരിക പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത അവരുടെ ഇങ്ക്വിസിഷനെല്ലാം കുപ്രസിദ്ധങ്ങളായിരുന്നു.

സാമൂതിരി ഇതിന്നിടയില്‍ കോലത്തിരിയേയും കൊച്ചിരാജാവിനെയും അനുനയിപ്പിക്കുവാന്‍ പലവഴികളും നോക്കി. അവര്‍ വഴങ്ങുന്നില്ലെന്നു മനസ്സിലാക്കിയ സാമൂതിരി തന്റെ മുഖ്യപുരോഹിതനായ തലപ്പന്ന നമ്പൂതിരിയെ കൊച്ചിരാജാവിന്നരികിലേക്കു അയച്ചു. എന്നാല്‍ ഇത് മുന്‍‌കൂട്ടി അറിഞ്ഞ ഗാമയാകട്ടെ നമ്പൂതിരിയെപ്പിടിച്ചു ചെവിയും മൂക്കും ചെത്തിയെടുത്ത് പകരം പട്ടിയുടെ അവയവങ്ങള്‍ തുന്നിപ്പിടിപ്പിച്ച്“ മുറിച്ചെടുത്ത അവയവങ്ങള്‍ കൊണ്ടു നല്ല കറിയുണ്ടാക്കുക“ എന്ന് ഓലയിലെഴുതി കഴുത്തില്‍ കെട്ടി സാമൂതിരിയുടെ അരികിലേക്കു തിരിച്ചയച്ചു.

ഇത് സാമൂതിരിയുടെ നായര്‍ പടയാളികളെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഹജ്ജ് തീര്‍ത്ഥാടകരെ കൊന്നൊടുക്കിയത് മുസ്ലിങ്ങളെ മുമ്പ് തന്നെ പ്രകോപിപ്പിച്ചിരുന്നുവല്ലോ. ഒരു കച്ചവട പ്രശ്നമെന്നതില്‍ നിന്നും മതസമരമായി മാറുന്നത് ഇതെല്ലാമൂലമാണ്. മാത്രമല്ല, കുരിശു യുദ്ധത്തിന്റെ കഥകള്‍ അറബികളില്‍ നിന്നും ഇവിടെയും എത്തുകയും ചെയ്തിരുന്നു.

ഇക്രൂരതകള്‍ക്കെല്ലാം പുറമെ ഗാമ മൂന്നു നിബന്ധനകള്‍ വച്ചു. കടലുകളുടെ അധിപതിയും ലോകത്തിന്റെ മേല്‍ക്കോയ്മയും പോര്‍ച്ചുഗലിന്റെതാണെന്നും അതിനാല്‍ ഒറ്റക്കപ്പലുകളും ഇനിമുതല്‍ കുരുമുളകു വ്യാപാരം നടത്തരുത്. തുര്‍ക്കികളുമായി യാതൊരു ബന്ധവും പാടില്ല. കോഴിക്കോടുമായുള്ള കച്ചവടം നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഇതായിരുന്നു ഈ നിബന്ധനകള്‍.

ഇക്കാര്യങ്ങള്‍ സാമൂതിരിയെ ഒരു യുദ്ധത്തിലേക്കു നയിപ്പിക്കുകയും മുസ്ലിങ്ങളും നായന്മാരും ചേര്‍ന്ന് കൊച്ചിയെ അക്രമിക്കുകയും ചെയ്തു. എന്നാല്‍ പറങ്കികളുമായി മത്സരിക്കുവാനുള്ള ആയുധബലമൊന്നും കോഴിക്കോടിന്നുണ്ടായിരുന്നില്ല. കുറേ ആള്‍നാശമുണ്ടായതെല്ലാതെ മറ്റൊന്നും തന്നെ നേടാന്‍ ഈ യുദ്ധത്തിന്നു കഴിഞ്ഞില്ല.

ഈ തോല്‍‌വി 1503-ല്‍ മറ്റൊരു യുദ്ധത്തിലേക്കു നയിക്കുകയും കരയില്‍ നിന്നും കടലില്‍നിന്നുമായി നടന്ന യുദ്ധത്തില്‍ കൊച്ചിയിലെ ഇളമുറതമ്പുരാന്‍ കൊല്ലപ്പെടുകയും കൊച്ചി തോറ്റുപിന്മാറുകയും ചെയ്തു.

നിരന്തരമായ തോല്‍‌വി 1504-ല്‍ സമൂതിരിയെ പറങ്കികളുമായി ഒരു ഉടമ്പടിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതനാക്കി. ഇത് മുസ്ലിം വ്യാപാരികളെ നിരാശരാക്കി. പറങ്കികളുടെ ആഗമനത്തോടെ തന്നെ കുറെ വിദേശവ്യാപാരികള്‍ ഇവിടം വിട്ടിരുന്നു, ശേഷിച്ചവരെക്കൂടി ഇവിടം വിടാന്‍ ഇതു പ്രേരിപ്പിച്ചു.

തങ്ങളുടെ നാവികബലത്തെകുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്ന പറങ്കികള്‍ തങ്ങളുടെ പാസില്ലാതെ ഇനി അറബിക്കടലിലൂടെ ഒരു കപ്പലും പോകുവാന്‍ പാടില്ലെന്നു കല്പന പുറപ്പെടുവിച്ചു.

ഇതിന്നിടയില്‍ തനിച്ച് യുദ്ധം ചെയ്യുന്നത് ആപത്കരമാണെന്നു മനസ്സിലാക്കിയ സാമൂതിരി ഈജിപ്തിന്റെയും ഗുജ്‌റാത്തിലെയും രാജാക്കന്മാരെക്കൂട്ടി പറങ്കികള്‍ക്കെതിരില്‍ ഒരു ഐക്യനിരയുണ്ടാക്കുവാന്‍ ശ്രമം നടത്തി. ഇതറിഞ്ഞ പറങ്കികള്‍ ഒരു കടന്നാക്രമണം നടത്തി മാപ്പിള നാവികരെ കുറെ വകവരുത്തി.
പക്ഷെ 1509-ല്‍ ഇവിടെയെത്തിയ ഈജിപ്തിലെ നാവിക സേന 12 കപ്പലുകളിലായി 1500 നാവികരുമായി എത്തിച്ചേര്‍ന്നു. ഗുജ്‌റാത്തു സുല്‍ത്താനായ മുഹമ്മെദ് ഷാ തന്റെ ഗവര്‍ണ്ണറായിരുന്ന മാലിക് അയാസിന്റെ കീഴിലും സൈന്യത്തെ അയച്ചു. യുദ്ധത്തില്‍ പോര്‍ച്ചുഗീസിനു പരാജയം സംഭവിച്ചു. പരാജയത്തിനു പ്രതികാരം ചെയ്യാന്‍ കൂടുതല്‍ സൈന്യവുമായി വരികയും യുദ്ധം പുനരാരംഭിക്കുകയും ചെയ്തു. ഇതിന്നിടയില്‍ പോര്‍ച്ചുഗീസുകാര്‍ മാലിക് അയാസിന്‍ കോഴകൊടുത്തു വശത്താക്കി. യുദ്ധത്തില്‍ മാലിക്കിന്റെ നിസ്സംഗത കണ്ടു ഈജിപ്ത് സൈന്യം തിരിച്ചു പോയി- ഇത് വീണ്ടും മലബാറിനെ ഒറ്റപ്പെടുത്തി.

ഇവയെല്ലാം തന്നെ പറങ്കികള്‍ക്ക് കടലാധിപത്യത്തിനു കൂടുതല്‍ കാരണമാക്കി. കടലില്‍ പാസ് ഏര്‍പ്പെടുത്തിയെങ്കിലും പാസുള്ള കപ്പലുകളും ആക്രമിക്കപ്പെട്ടു.

1510-ല്‍ പറങ്കികള്‍ ഗോവ പിടിച്ചടക്കി. കൃസ്ത്യാനികളല്ലാത്ത എല്ലാവരെയും പുറത്താക്കുകയോ വധിക്കുകയോ ചെയ്ത പറങ്കികള്‍ സ്ത്രീകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ഇതേ മതനയമാണ് കൊച്ചിയിലെ പറങ്കിക്കോട്ടയിലും പരിസരത്തും നടപ്പിലാക്കിയത്.

പോര്‍ച്ചുഗീസുമായി ശത്രുതയില്‍ കഴിഞ്ഞ അന്നത്തെ സാമൂതിരിയെ പോര്‍ച്ചുഗീസുകാര്‍ വിഷം കൊടുത്തു കൊല്ലിച്ചു എന്നാണു കരുതുന്നത്, പിന്നീട് അധികാരത്തിലേറിയ സാമൂതിരി കോഴിക്കോട് ഒരു ഫാക്ടറി സ്ഥാപിക്കുവാനുള്ള അധികാരം നല്‍കി. ഇത് പറങ്കികളെ കരയിലും കടലിലുമുള്ള മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുന്വാനുള്ള അവസരമായി ഉപയോഗിക്കുകയും രോഷാകുലരായ മുസ്ലിങ്ങള്‍ തിരിച്ചും അവരുടെ വ്യാപാരം നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് മരക്കാര്‍മാരുടെ രംഗപ്രവേശം.


2009, ഒക്‌ടോബർ 25, ഞായറാഴ്‌ച

കേരള ചരിത്രത്തിലൂടെ-7

രണ്ട് കപ്പലുകളില്‍ വന്ന പറങ്കികളുടെ വരവ് ആദ്യം സാമൂതിരി സ്വീകരിച്ചത് വളരെ ആദരവോടെയാണ്. രാജകീയമായ സ്വീകരണമാണു സാമൂതിരി അവര്‍ക്കു നല്‍കിയത്. കൊട്ടാരത്തിലെത്തിയ ഗാമ മാനുവല്‍ രാജാവിന്റെ എഴുത്ത് സാമൂതിരിക്കു നല്‍കി. അതില്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്നും മുസ്ലിം ശത്രുക്കളില്‍ നിന്നുമുള്ള സംരക്ഷണവുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കച്ചവടത്തിനുള്ള ആവശ്യം മാത്രമല്ല- കുത്തകയാണ് ഗാമ ആവശ്യപ്പെട്ടത്. അതായത് നിലവിലുള്ള കച്ചവടക്കാരായ മുസ്ലിങ്ങളെ ഒഴിവാക്കി കച്ചവടം പറങ്കികളിലൂടെ മാത്രമേ ആകാവൂ എന്നായിരുന്നു ഗാമയുടെ ആവശ്യം. എന്നാല്‍ സാമൂതിരി കച്ചവടം ചെയ്യാന്‍ അനുവദിച്ചെങ്കിലും കുത്തക നല്‍കുവാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

യൂറോപ്പിലിന്നും മുസ്ലിങ്ങളെ കുരിശുയുദ്ധത്തിന്റെ കണ്ണിലൂടെയാണ് നോക്കിക്കാണുന്നതെന്നറിയുമ്പോള്‍ മാത്രമേ ആ ശത്രു എന്ന പദത്തിന്റെ ഭാഷ മനസ്സിലാക്കാനാവൂ.

സാമൂതിരി ആദ്യം തന്നെ കച്ചവടം നടത്തുവാന്‍ അനുവദിച്ചുവെങ്കിലും കച്ചവടത്തിന്റെ വഴികളെല്ലാം മുസ്ലിങ്ങളുടെ കയ്യിലായിരുന്നതിനാല്‍ പറങ്കികള്‍ക്ക് ചരക്കു വാങ്ങുവാന്‍ കഴിഞ്ഞില്ല. അന്നത്തെ കച്ചവടക്കാരില്‍ പ്രമുഖനും ഈജിപ്തുകാരനുമായ ക്വാജാ‌അക്ബര്‍ കോഴിക്കോട് ഖ്വാസിയെക്കണ്ടു പറങ്ക്ങ്കികളുടെ യഥാര്‍ത്ഥ സ്വഭാവത്തെ കുറിച്ചു ധരിപ്പിച്ചതിനാല്‍ അവരിരുവരുടെയും ശ്രമഫലമായി ഗാമക്കു ചരക്കുകള്‍ ഒന്നും വില്‍ക്കുവാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒരു മാറ്റകച്ചവടത്തിനായി ഗാമ സാമൂതിരിയെ സമീപിക്കുകയും തന്നെ വെറുമൊരു കച്ചവടക്കാരനായി കണ്ടതില്‍ സാമൂതിരിക്ക് നിരീസമുണ്ടാവുകയും ചെയ്തു. ഇത് ഗാമയെ പ്രകോപിപ്പിക്കുകയും സാമൂതിരിയുടെ ദൂതന്മാരെ കരക്കിറക്കാതെയും ചുങ്കം കൊടുക്കാതെയും കണ്ണൂരിലെ കോലത്തിരിയുടെ അടുക്കലേക്ക് കപ്പല്‍ വിടുകയും ചെയ്തു. അവിടെ കോലത്തിരി ഗാമയെ സ്വീകരിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്തു.

എഴുപതു ദിവസത്തെ താമസത്തിന്നു ശേഷം ഗാമ പോര്‍ച്ചുഗലിലേക്കു യാത്ര തിരിച്ചു. തിരിച്ചെത്തിയ ഗാമക്കു മാനുവല്‍ രാജാവ് വമ്പന്‍ സ്വീകരണം നല്‍കി. കച്ചവടത്തിന്റെ ലാഭം ചിലവിനേക്കാള്‍ അറുപതിരട്ടിയാണെന്നത് രാജാവിന്റെ കണ്ണു തുറപ്പിച്ചു. എന്തു ത്യാഗം ചെയ്തും ഈ കച്ചവടസാധ്യത നിലനിര്‍ത്താന്‍ രാജാവു തീരുമാനിച്ചു.

എ.ഡി 1500-ല്‍ പെറ്റ്രോ അല്വാരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പറങ്കികള്‍ വരുമ്പോള്‍ 13 കപ്പലുകളില്‍ 1200 നാവിക ഭടന്മാരും വെടിക്കോപ്പുകളുമുണ്ടായിരുന്നു. പക്ഷേ രണ്ടുമാസത്തെ നിരന്തര പരിശ്രത്തിനു ശേഷവും രണ്ടുകപ്പല്‍ കുരുമുളകു മാത്രമേ അവര്‍ക്കു വാങ്ങാന്‍ കഴിഞ്ഞുള്ളൂ. ഇതി കുപിതനായ കബ്രാള്‍ തന്റെ പറങ്കിത്തരം പുറത്തെടുത്തു. കോഴിക്കോട്ട് നങ്കൂരമിട്ട അറബിക്കപ്പലുകള്‍ അവര്‍ കൊള്ളയടിച്ചു. ഇതിന്റെ പരിണിതിയെന്നോണം പറങ്കികളുടെ പാണ്ടികശാല മുസ്ലിങ്ങളും നായന്മാരും ചേര്‍ന്നു നശിപ്പിച്ചു. തുടര്‍ന്നു ചെറുതും വലുതുമായ എല്ലാ കപ്പലുകളെയും പറങ്കികള്‍ നശിപ്പിക്കുകയും അതിലുണ്ടായിരുന്ന എല്ലാവരെയും വധിക്കുകയും ചെയ്തു.രണ്ടു ദിവസം തുടര്‍ച്ചയായി തുറമുഖത്തേക്കു പീരങ്കി വെക്കുകയും ചെയ്തു.
കൂടാതെ പന്തലയനിയില്‍ ചെന്നു അവിടെയുള്ള മുസ്ലിങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത ശേഷം കൊച്ചിയിലേക്കു നീങ്ങി.

കൊച്ചിരാജാവാകട്ടെ സാമൂതിരിക്കു കീഴിലായിരുന്നുവെങ്കിലും ജാതിയില്‍ സാമൂതിരിയേക്കാള്‍ മുകളിലായിരുന്നു, അതിനാല്‍ തന്നെ തന്നേക്കാള്‍ ജാതിയില്‍ കുറഞ്ഞ സാമൂതിരിക്കു കീഴില്‍ കഴിയുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. ഇത് നല്ലയൊരു അവസരമായി കണ്ട അദ്ദേഹം പറങ്കികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കി. കൊച്ചിയില്‍ നിന്നും വേണ്ട ചരക്കുകള്‍ സംഭരിക്കാന്‍ കബ്രാളിന്നായി. ഇതറിഞ്ഞ സാമൂതിരി ഒരു യുദ്ധത്തിനായി എട്ടു കപ്പലുകളുമായി കൊച്ചിയിലേക്കു തിരിച്ചെങ്കിലും കബ്രാള്‍ ഒരു യുദ്ധത്തിനു നില്‍ക്കാതെ തിരിച്ചു പോയി.

സാമൂതിരിയുമായി പിണങ്ങിയെങ്കിലും കണ്ണൂരിലെ കോലത്തിരിയുമായും കൊച്ചിരാജാവുമായും ബന്ധമുണ്ടാക്കാന്‍ കഴിഞ്ഞെന്നത് പറങ്കികളുടെ നേട്ടമായിരുന്നു.

1501- നവമ്പറില്‍ ജൊ‌ആവോ ഡിനോവ എന്ന കപ്പിത്താനുമായെത്തിയ അടുത്ത പറങ്കിസംഘം ആദ്യം തന്നെ ചെയ്തത് കോഴിക്കോടിന്നടുത്തു കിടന്നിരുന്ന കപ്പലുകള്‍ കൊള്ളയടിക്കുകയായിരുന്നു. ഇവരുമായി ഒരു യുദ്ധത്തിനു സാമൂതിരി തയ്യാറായെങ്കിലും ഡിനോവ രക്ഷപ്പെട്ടു.

പിന്നീട് 1502- വാസ്കോഡിഗാമ അഡ്മിറല്‍ പദവിയുമായി 20 വലിയ യുദ്ധക്കപ്പലുമായി വന്നു. ഓടങ്ങള്‍ മുതല്‍ കപ്പലുകള്‍ വരെ കണ്ണില്‍ കണ്ടവയെയെല്ലാം കൊള്ളയടിച്ചും കിട്ടിയവരെയെല്ലാം കൊന്നുമായിരുന്നു ഗാമയുടെ വരവ്. മാടായിക്കടുത്തെത്തിയപ്പോള്‍ മക്കയിലേക്കു തീര്‍ത്ഥാടനത്തിന് പോയി വരുന്ന ഒരു കപ്പല്‍ കണ്ട ഗാമ കപ്പല്‍ വളഞ്ഞു. തങ്ങള്‍ കച്ചവടക്കാരോ പടയാളികളൊയല്ലെന്നും തങ്ങളെ ഉപദ്രവിക്കരുതരുതെന്നുമുള്ള അപേക്ഷയൊന്നും ഗാമ ചെവി കൊണ്ടില്ല. അവസാനം ഒരു രക്ഷയുമില്ലാതെ ഒമ്പതു ദിവസത്തെ ചെറുത്തു നില്‍പ്പിന്നു ശേഷം ഗാമ അവരെ കീഴടക്കുകയും പിഞ്ചുകുഞ്ഞുങ്ങളെയടക്കം എല്ലാവരെയും വധിക്കുകയും കപ്പലിലുണ്ടായിരുന്ന ആഭരണങ്ങളും സ്വത്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ഇത് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. കോഴിക്കോട്ടു തുറമുഖത്ത് നിലയുറപ്പിച്ച ഗാമ തീരത്തേക്ക് പീരങ്കികളില്‍ നിന്നും നിറയൊഴിച്ചു കൊണ്ടിരുന്നു. കരയില്‍ നിന്നും തിരിച്ചു നിറയൊഴിക്കുന്നുണ്ടായിരുന്നുവെങ്കിലും നമ്മുടെ പീരങ്കികള്‍ക്കു കപ്പലിനടുത്തേക്കെത്തുവാന്‍ കഴിയില്ലായിരുന്നു. അപ്പോള്‍ കച്ചവടത്തിനായി എത്തിയ 24 കപ്പലുകളിലെ അരി മുഴുവന്‍ പിടിച്ചെടുക്കുകയും അതിലെ 800 ജോലിക്കാരുടെ തടവുകാരാക്കി ചെവിയും മൂക്കും അറുത്തെടുത്ത് ഇരുമ്പുദണ്ഡു കൊണ്ട് പല്ലുകള്‍ അടിച്ചു കൊഴിക്കുകയും ചെയ്തു. എന്നിട്ട് അവരെയെല്ലാം ഒരു കപ്പലിലട്ടിയാക്കിയിട്ടു തീ കൊളുത്തിയിട്ടേ ഗാമക്കു തൃപ്തിയായുള്ളൂ.

2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-6

കേരളചരിത്രത്തെ കുറിച്ചെഴുതുമ്പോള്‍ അതോടനുബന്ധിച്ചു ചിലപ്പോള്‍ നമുക്കു മറ്റു ചില ചരിത്രങ്ങളും ചികയേണ്ടി വരുന്നു. ഒരു സമൂഹം പരസ്പരം പലതിന്റെയും കണ്ണികളായാണു ചരിത്രമാറ്റങ്ങള്‍ക്കു വിധേയമാകുന്നത്, കേരളം യൂറോപ്പുമായുള്ള ബന്ധത്തില്‍ യൂറോപ്പും കുറച്ചു ചിത്രത്തിലേക്കു കൊണ്ടു വരേണ്ടിവരും.

ചരിത്രം യൂറോപ്പിന്റെതാണെന്നു കരുതുന്ന യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ലോകചരിത്രത്തെ മൂന്നാക്കി പകുത്തു, പ്രാചീനകാലം, മധ്യകാലം, പിന്നെ ആധുനികകാലം. പക്ഷെ ഇത് സത്യത്തില്‍ യൂറൊപ്പിനു മാത്രം ബാധകമായ ഒന്നാണെന്നതാണ് സത്യം.

മധ്യകാലഘട്ടം അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ എന്നാണ് വിവക്ഷിക്കുന്നത്. മധ്യകാലത്തെ ഇരുണ്ടകാലഘട്ടമെന്നും വിളിക്കുന്നു. യൂരോപ്പിനെ കുറിച്ച് ഇതക്ഷരാര്‍ത്ഥത്തില്‍ ശരിയുമാണ്.

പക്ഷെ, സ്പയിന്‍ കീഴടക്കിയ ശേഷം യൂറോപ്പിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണു നാം കാണുന്നത്. സ്പെയിനില്‍ നിന്നും മുസ്ലിം ഭരണത്തെ ഇല്ലാതാക്കിയതോടു കൂടി ആ വഴി ലഭിച്ചിരുന്ന സുഗന്ധദ്രവ്യങ്ങളുമില്ലാതായി. ഇതിനാല്‍ മുസ്ലിങ്ങളെ ആശ്രയിക്കാതെ തന്നെ തങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ ലഭിക്കുവാനുള്ള പ്രയത്നങ്ങളാണു പിന്നീട് നടന്നത്. യൂറൊപ്പ്യന്‍ നാവികവളര്‍ച്ചയുടെ സാമ്പത്തിക വശമിതായിരുന്നുവെങ്കില്‍ മറ്റൊരു മതഭാഗവുമുണ്ടായിരുന്നു.

റോമിന്റെ ക്രൈസ്തവാശ്ലെഷം റോം ക്രൈസ്തവത സ്വീകരിക്കുക എന്നതിലുപരി ക്രൈസ്തവത റൊമിനെ സ്വീകരിക്കുക എന്നതാണെന്നു പറയാം. ക്രിസ്തുമസ് യഥാര്‍ത്ഥത്തില്‍ റോമില്‍ എത്രയോ മുന്‍പേ ആചരിച്ചു പോന്നിരുന്ന ഒരാഘോഷമായിരുന്നു. റോമാചകൃവര്‍ത്തിയുടെ ക്രൈസ്തവമതാശ്ലേഷത്തിനു ശേഷം ആ ആഘോഷം ക്രിസ്തുവിന്റെ ജന്മദിനമായി പേരുമാറ്റി എന്നര്‍ത്ഥം. ഇങ്ങിനെ എല്ലാ ഭാഗങ്ങളിലും ക്രൈസ്തവത റോമുമായി ബന്ധപ്പെട്ടു പേരില്‍ മാത്രം ക്രിസ്തുവായി പുനരുദ്ധരിക്കപ്പെട്ടു.

ഇതാണു ലാറ്റിന്‍ ക്രൈസ്തവതയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതിന്റെ അടിത്തറ. പൌരോഹിത്യം ഇരുണ്ടകാലഘട്ടത്തില്‍ നടത്തിയ സ്വാധീനമെല്ലാം ഇതോടനുബന്ധിച്ച വിഷയമാണെങ്കിലും നേരിട്ടു ബന്ധപ്പെടാത്തതിനാല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. പോപ്പ് അഥവാ പൌരോഹിത്യം ക്രൈസ്തവതയില്‍ വന്ന വഴി സൂചിപ്പിക്കാന്‍ മാത്രമാണു ഞാന്‍ ഇക്കാര്യമിവിടെ പരാമര്‍ശിക്കുന്നത്. വിഷയുമായി ബന്ധപ്പെട്ടു വരുന്നത് മാത്രം കുറിക്കാം.

പോര്‍റ്റുഗീസ് ചകൃവര്‍ത്തിയായ ഹെന്റ്രി സമുദ്രസഞ്ചാരത്തിനു പ്രോത്സാഹനം നല്‍കുന്നതില്‍ അതീവ തത്പരനായിരുന്നു.ഹെന്റ്രിയുടെ സഹോദരനായ ഡോമ്പെട്രോ ആകട്ടെ പ്രമുഖനായ ഒരു നാ‍വിക സഞ്ചാരിയായിരുന്നു. സുദീര്‍ഘമായ തന്റെ പന്ത്രണ്ടുകൊല്ലത്തെ ലോകസഞ്ചാരത്തിനു ശേഷം തിരിച്ച് പോര്‍ച്ചുഗലിലെത്തുമ്പോള്‍ അദ്ദെഹത്തിന്റെ കയ്യില്‍ മാര്‍കോപോളോ എന്ന മറ്റൊരു പ്രസിദ്ധനായ സഞ്ചാരി തയ്യാറാക്കിയ ഒരു ഭൂപടമുണ്ടായിരുന്നു. ഇന്ത്യ, ചൈന, സിലോണ്‍ എന്നീ വിഭവകേന്ദ്രങ്ങളുടെ വിവരം യൂറോപ്പിനു ലഭിക്കുന്നത് അങ്ങിനെയാണ്.

ഹെന്ട്രിയുടെ കാലത്ത് എല്ലാവര്‍ഷവും രണ്ടോ മൂന്നോ കപ്പലുകളെ പശ്ചിമാഫ്രിക്കന്‍ തീരങ്ങളിലയക്കുകയും അവിടുത്തെ ജനങ്ങളെ മതപരിവര്‍ത്തനം നടത്തി അടിമകളായി കൊണ്ടുവരാനും രാജ്യങ്ങളില്‍ ആധിപത്യം കൊണ്ടുവരാനും കഴിഞ്ഞു.

പോപിന്റെതാണ് കരയും കടലുമെന്ന്, അദ്ദേഹത്തിന് ദൈവദത്തമായി ലഭിച്ചതാണെന്നായിരുന്നു പ്രചരിപ്പിച്ചത്. അതിനാല്‍ ലോകം മുഴുവന്‍ ക്രിസ്തുമതത്തിനു കീഴില്‍ കൊണ്ടുവരാന്‍ പോപ്പിനു ദൈവിക ബാധ്യതയുണ്ടായിരുന്നു. ഇതും സമുദ്രാധിപത്യത്തിന്റെ ഒരു പ്രചോദനമായി.

ഹെന്റ്രി ആഫ്രികന്‍ മുനന്പിനു കിഴക്കുള്ള പുതുതായി കീഴടക്കിയ ആഫ്രികന്‍ രാജ്യങ്ങളുടെയും പിന്നീട് കീഴടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളും പോര്‍ച്ചുഗീസിന് കല്പിച്ച് നല്‍കി ആശീര്‍വദിക്കുവാന്‍ പൊപ്പിനോടാവശ്യപ്പെട്ടു.

ഈ ആവശ്യവുമായി അദ്ദേഹം പോപ്പിനെ സന്ദര്‍ശിക്കുകയും അവിശ്വാസികളുടെയും മുസ്ലിങ്ങളുടെയും രാജ്യങ്ങളും സ്വത്തും പിടിച്ചെടുക്കുവാനുള്ള അധികാരം പോപ്പ് കല്പന വഴി പോര്‍ച്ചുഗലിനു നല്‍കുകയും ചെയ്തു. ഈ കല്പനയുടെ പിന്‍ബലത്തിലാണ് കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അറബിക്കടലിന്റെ ആധിപത്യം അവകാശപ്പെട്ടത്.

1495- ല്‍ ഹെന്റ്രി മരണപ്പെടുമ്പൊള്‍ ആഫ്രികന്‍ മുനമ്പു ചുറ്റി പുതിയ വഴികള്‍ കണ്ടെത്തിയുരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍‌ഗാമി മാനുവല്‍ രാജാവാണ് ഇന്ത്യാ സമുദ്രത്തിലൂടെ തന്റെ നാവികപ്പടയെ ആദ്യമായി അയക്കുന്നത്.
1498-ല്‍ വാസ്കോഡിഗാമ കേരളത്തിലെത്തുന്നതോടു കൂടി പുതിയ ചരിത്രം തുടങ്ങി. യൂറോപ്പിന്റെ ഇന്ത്യന്‍ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നതവിടെനിന്നിമാണ്.


2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കേരള ചരിത്രത്തിലൂടെ-5

റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച അറബിക്കടലിന്റെ ആധിപത്യം പേര്‍ഷ്യക്കാരുടെ കൈകളിലേക്കെത്തിച്ചു, എന്നാല്‍ ആറാം നൂറ്റാണ്ടോടു കൂടി കടലിന്റെ ആധിപത്യം പേര്‍ഷ്യക്കാരില്‍ നിന്നും അറബികളിലേക്കു വന്ന് പൌരസ്ത്യരുമായുള്ള വിനിമയമെല്ലാം തങ്ങളുടെ കീഴിലാക്കിയിരുന്നു. അറബികള്‍ വലിയ സാഹസികരായിരുന്നു. എവിടെയെല്ലാം അവര്‍ കച്ചവട ബന്ധങ്ങളുണ്ടാക്കിയോ അവിടെയെല്ലാം തങ്ങള്‍ക്കാവശ്യമായ കച്ചവറ്റ വിഭവങ്ങള്‍ ശേഖരിക്കാനാവശ്യമായ കേന്ദ്രങ്ങളും നിലനിര്‍ത്തി. കേരളത്തിലെ തുറമുഖങ്ങളിലെല്ലാം തന്നെ ഇത്തരം കോളനികളുണ്ടാവുകയും അവരും തദ്ദേശിയരായ സ്ത്രീകളും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുമല്ലാം നാം വിവരിച്ചതുമാണല്ലോ. ഇവരാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ച ആളുകള്‍. വ്യാപാരികളായ ഇവര്‍ ഇസ്ലാമിക പ്രചരണത്തിന്‍ വേഗത കൂട്ടി.

നമ്മുടെ രാജാക്കന്മാരും, ഗോത്രതലവന്മാരും നാട്ടുകാരുമായെല്ലാം കച്ചവടാവശ്യാര്‍ത്ഥം തന്നെ ഇവരുമായെല്ലാം നല്ല സമ്പര്‍ക്കത്തിലായിരുന്നു. മാത്രമല്ല ഇവരുടെ പ്രീതിയും ബഹുമാനവുമെല്ലാം പിടിച്ചുപറ്റാന്‍ ഇവര്‍ക്കു കഴിയുകയും ചെയ്തിരുന്നു.മാത്രമല്ല അറബികള്‍ എന്ന കച്ചവടക്കാരില്‍ നിന്നും മുസ്ലിങ്ങള്‍ എന്ന രീതിയിളെക്കു മത പ്രബോധനത്തിന്ന് ആദ്യമായെത്തിയ അറബികളാകട്ടെ ഒരു രാജാവീന്റെ കത്തുമായി എത്തുന്ന അതിഥികളായാണ് വരുന്നത്.

മുസ്ലിങ്ങളായ കച്ചവടക്കാരാകട്ടെ സമ്പന്നരായിരുന്നുവെങ്കിലും അളവുതൂക്കങ്ങളിലെ കൃത്യനിഷ്ടത, കരാറുകളിലെ സത്യസന്ധത, ലളിതമായ ജീവിത രീതി, സദാചാര ബോധം എന്നിവയാല്‍ രാജാക്കന്മരുടെ പ്രീതിയിലായി. അതിനാല്‍ തന്നെ ആരാധനാലയങ്ങള്‍ നിര്‍മിക്കുവാന്‍ രാജാക്കന്മാരും നാടുവാഴികളും എല്ലാ സഹായങ്ങളും തുടക്കം മുതലേ നല്കി.

മാത്രമല്ല, തങ്ങള്‍ക്കു സ്വാധീനമുള്ള പ്രദെശങ്ങളിലെ രാഷ്ട്രീയാധികാരത്തിന് മുസ്ലിങ്ങള്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. കച്ചവടം, മതപ്രബോധനം എന്നീ മേഖലകളില്‍ മാത്രമായിരുന്നു മുസ്ലിങ്ങള്‍ ശ്രദ്ധ നല്‍കിയിരുന്നത്. മുസ്ലിമായ മുഹമെദ്‌ അലിയെന്ന രാജകുമാരന് കിട്ടിയ ധര്‍മടത്താകട്ടെ അദ്ദേഹം തന്റെ രാജാധികാരം വിസ്തൃതമാക്കുവാന്‍ ഒരു ശ്രമവും നടത്തുകയും ചെയ്തിരുന്നില്ല.തങ്ങളുടെ രാജാധികാരത്തിന് യാതൊരു പ്രശ്നവുമുണ്ടാക്കാത്ത, വരുമാനം തരുന്ന ഒരു വിഭാഗത്തോട് ഒരെതിര്‍പ്പുണ്ടാകേണ്ടതുമില്ലല്ലോ.

കൂടാതെ കേരളത്തിലെ ജാതി വ്യവസ്ത ഇസ്ലാമിന്റെ പ്രചരണത്തിന് വലിയൊരു സഹായകമായി. ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെ മനുഷ്യരായിക്കാണുവാന്‍ ജാതി വ്യവസ്തക്കു കഴിയില്ലായിരുന്നു. താഴ്ന്ന ജാതികളില്പെട്ട ആളുകള്‍ ഇക്കാരണത്താല്‍ കൂട്ടം കൂട്ടമായി ഇസ്ലാം സ്വീകരിച്ചു.

വിദേശികളായ മത പണ്ഡിതര്‍ കേരളത്തില്‍ ഇക്കാലങ്ങളില്‍ വന്നു സ്ഥിരതാമസമാക്കിയതായി കരുതുവാന്‍ കഴിയും. കാരണം പല മുസ്ലിം ഖബറുകളിലും ഇത്തരുത്തിലുള്ള പേരുകള്‍ കാണുവാന്‍ കഴിയുന്നു.

പത്താം നൂറ്റാണ്ടിലെത്തിയ സഞ്ചാരിയായ മസൂദി കണ്ണൂര്‍ മംഗലാപുരത്തിന്നിടയില്‍ കണ്ട ജുമാമസ്ജിദുകളെ കുറിച്ച് വിവരിക്കുന്നുണ്ട്.

പത്തുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള മുസ്ലിം വളര്‍ച്ചയും സമൂതിരിയുടെ വളര്‍ച്ചയും സമാന്തരമായിട്ടായിരുന്നു. കെ.എം. പണിക്കെരെഴുതുന്നത് കണ്ണൂര്‍ മുതല്‍ കൊല്ലം വരെ സാമൂതിരിക്കുകീഴില്‍ വന്നു എന്നാണ്. സമൂതിരിയുടെ വളര്‍ച്ചയുടെ നിദാനമാകട്ടെ കോഴിക്കോട്ടെ കച്ചവടാഭിവൃദ്ധിയായിരുന്നു. അതിന്റെ ചുക്കാനാകട്ടെ മുസ്ലിങ്ങളുടെ കയ്യിലും. അറബിക്കറ്റലിന്റെ സര്‍വ്വധിപത്യം മുസ്ലിങ്ങളുടെ കരങ്ങളിലമര്‍ന്നു.

സാമൂതിരിയും മുസ്ലിങ്ങളുമായുള്‍ല ബന്ധം ഇരുകൂട്ടര്‍ക്കും പ്രയോജകനകരമായി. സാമൂതിരിയുടെ അധികാരമോഹങ്ങളുടെ ചുക്കാന്‍ മുസ്ലിങ്ങളുടെ കയ്യിലായി. അതിന്റെ ആസൂത്രകര്‍ മുസ്ലിം ഉപദേഷ്ടകരായി. വള്ളുവക്കോനാതിരിയെ കീഴടക്കി മാമാങ്കത്തിന്റെ ആധിപത്യം സാമൂതിരിയുടെ കയ്യില്‍ വന്നതിന്റെ പ്രധാനകാരണമായി സാമൂതിരി ഗ്രന്ഥാവലിയിലും കേരളോത്പത്തിയിലും കാണുന്നത് മുസ്ലിങ്ങളുടെ സഹായത്താലാണെന്നാണ്. കോഴിക്കോട്ടെ കോയമാരുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം വെള്ളാട്ടിരി രാജ്യത്തു പ്രവേശിച്ച് തിരുനാവായലെത്തിയാണ് മാമാങ്കം കൈവശപ്പെടുത്തുന്നത്. കോയയുടെ വിജയാഘോഷം വെടിക്കെട്ടോടെയായിരുന്നു. അങ്ങിനെ സാമൂതിരി കേരളത്തിലെ ആദ്യത്തെ വെടിക്കെട്ടുപയോഗിക്കുന്ന രാജാവുമായി. ഇത് കോയയെന്ന സ്താനപ്പേരിന്നയാളെ അര്‍ഹനാക്കുകയും മമാങ്കത്തില്‍ സാമൂതിരിക്കു ഇടതുവശം നില്‍ക്കുവാനുള്ള പ്രത്യേക പദവിയിളെക്കുയര്‍ത്തുകയും ചെയ്തു.
ഇതന്നത്തെ ഒരു വലിയ പദവിയാണ്.

ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായി കോഴിക്കോട്ട് മാറിയത് ഈ കൂട്ടുകെട്ടിന്റെ വ്യാപാരാഭിവൃദ്ധി. ഇത് സാമൂതിരിക്കു മറ്റു രാജ്യങ്ങളില്‍ പേരും പ്രശസ്തിയുമുണ്ടാക്കി. പറങ്കികളും മറ്റു വിദേശിയരും സാമൂതിരിയെ ഒരു മുസ്ലിം രാജാവായാണ് വിശേഷിപ്പിച്ചിരുന്നത്.

തന്റെ മുക്കുവ പ്രജകളില്‍ ഒരു കുടുമ്പത്തില്‍ നിന്നും ഒന്നോ രണ്ടൊ പേരെങ്കിലും മുസ്ലിമാകണമെന്നു വരെ സാമൂതിരി കല്‍പ്പിച്ചിരുന്നുവെന്നും കാണുന്നു.

പതിമൂന്നാം നൂറ്റാണ്ടിലെ അബുല്‍ ഫിദയും മാര്‍കോപോളോയും ഇബ്നുബത്തൂത്ത, പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരി മാഹ്വാന്‍, പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുറസാക്ക് എന്നിവരെല്ലാം മുസ്ലിങ്ങളുടെ സ്വാധീനത്തെകുറിച്ച് സവിസ്തരം പ്രതിപാദിച്ചവരാണ്.

കൊച്ചി സാമൂതിരി കീഴറ്റക്കിയപ്പോള്‍ കൊച്ചി വഴി ഇനി കപ്പലോട്ടവും കച്ചവറ്റവും പാടില്ലെന്നും കോഴിക്കോടു വഴിയേ പാടുള്ളുവെന്നും കരാര്‍ ചെയ്തു. സാമൂതിരിയുടെ ഉപദേഷ്ടാക്കളില്‍ പ്രധാനികള്‍ മുസ്ലിങ്ങളായിരുന്നു. തുഹ്ഫതുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂമിനെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നുവല്ലോ.

സമൂതിരിയുടെ രാജ്യാവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലേക്കയച്ചിരുന്ന പ്രതിപുരുഷന്മാര്‍ മുസ്ലിങ്ങളായിരുന്നു. നാട്ടുരാജ്യാക്കന്മാര്‍ പോരടിച്ചുകൊണ്ടിരുന്ന അക്കാലത്ത് വ്യാപാരാഭിവൃദ്ധിക്ക് വേണ്ട സുസ്ഥിരതയാവാം സാമൂതിരിയെ ഇങ്ങിനെ പിന്തുണക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്.

ചുരുക്കത്തില്‍ പറങ്കികള്‍ക്കു മുമ്പുള്ള കേരളം മുസ്ലിങ്ങളുടെ വളര്‍ച്ചയുടെ കേരളവും കൂടിയാണ്, സമൂതിരിയുടെയും- സ്നേഹത്തിന്റെയും മത സൌഹാര്‍ദ്ധത്തിന്റെയും കൂടി.

2009, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-4

റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ തകര്‍ച്ചമുതലാണ് അറബിക്കടലിന്റെ ആധിപത്യം അറബികളുടെ കൈകളിലെത്തുന്നത്. പിന്നീട് പാശ്ചാത്യരുമായുള്ള കച്ചവടം നടത്തിയിരുന്നത് മുഴുവന്‍ അറബികളായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച നാലാം നൂറ്റാണ്ടിലായിരുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടുവരെ ഈ കുത്തക അറബികളുടെ കൈവശമായിരുന്നു.

കാറ്റിന്റെ ഗതിക്കനുസരിച്ച് ജൂലൈ-ആഗസ്ത് മാസങ്ങളില്‍ നിന്നും ആരഭിക്കുന്ന യാത്ര നാല്പതു ദിവസം കൊണ്ട് കേരളത്തിലെത്തുകയും ആവശ്യമായ ചരക്കുകള്‍ ശേഖരിച്ച് മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മടങ്ങുകയുമായിരൂനു പതിവ്.

പ്രവാചകനായ മുഹമ്മെദ് നബി ജനിക്കുന്നതിന്ന് എത്രയോ മുമ്പുതന്നെ അറബികള്‍ കേരളവുമായി കച്ചവട ബന്ധമുണ്ടായിരുന്നു.

ഇസ്ലാമിന്നു മുമ്പ് അറെബിയന്‍ സമൂഹത്തിലും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന ഗോത്രങ്ങളുണ്ടായിരുന്നു. ഒരു നിശ്ചിതകാലാവധി വരെയുള്ള വിവാഹവും ബഹുഭര്‍ത്തരീതിയും ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ നായന്മാരിലെ ബഹുഭര്‍ത്തവും സമാനമായിരുന്നുവല്ലോ.

സ്വാഭാവികമായും ഇത്രയേറെ മാസങ്ങള്‍ നാടുകളില്‍ നിന്നും മാറി നില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് അവിടുത്തെ സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത് സാധാരണമാകും.നിശ്ചിതകാലം അവധി വച്ച് അറബികളുമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് കേരളത്തില്‍ മുത്‌അ‌ വിവാഹം എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങിനെയുള്ള ബന്ധങ്ങളില്‍ നിന്നും ജനിച്ച ഒരു സങ്കരവര്‍ഗ്ഗം സിലോണിലും കേരളത്തിലും നിലവിലുണ്ടായിരുന്നു. സിലോണില്‍ ഇത്തരം വിവാഹത്തെ ബീനവിവാഹമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ വിവാഹത്തിലെ പ്രത്യേകതകള്‍ സ്ത്രീക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അതോടൊപ്പം വേണ്ടെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കുവാനുള്ള അവകാശവുമായിരുന്നു. കുട്ടികളുടെയും കുടുമ്പത്തിന്റെയും രക്ഷാകര്‍ത്വത്തം മാതാവില്‍ മാത്രമായിരുന്നു. ഈ സങ്കരവര്‍ഗ്ഗത്തില്‍ നിന്നുമാണ് മാപ്പിള എന്ന പദം ഉണ്ടായത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന്‍ മുമ്പ് തന്നെ ഇത്തരം മാപ്പിള സമൂഹം എല്ലാ പ്രധാന തുറമുഖങ്ങളിലും നിലനിന്നിരുന്നു, അവരാണ് കേരളത്തില്‍ ആദ്യമായി മുസ്ലിങ്ങളായി മാറിയ സമൂഹങ്ങള്‍.

കച്ചവടത്തിലെ മുസ്ലിങ്ങളുടെ കുത്തക 16-)0 നൂറ്റാണ്ടുവരെ തുടര്‍ന്നു. എന്നാല്‍ പറങ്കികളുടെ വരവൊടു കൂടി ചിത്രം മാറി തുടങ്ങി. പറങ്കികള്‍ 1498-ല്‍ വാസ്കോടിഗാമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങി. ഇതിന്റെ പ്രധാനകാരണം സ്പയിനിലെ മുസ്ലിം ഭരണത്തെ തോത്പിച്ചതോടു കൂടി യൂറോപ്പില്‍ ഈ ഭാഗത്തുനിന്നു വന്നിരുന്ന ഏഷ്യയിലെ സുഗന്ധ്ദ്രവ്യങ്ങളും വാണിജ്യ വിഭവങ്ങളും കിട്ടാതെയായി. യൂറോപ്പ് അതിന്റെ ഇരുണ്ടകാലഘട്ടം പിന്നിട്ടിരുന്ന കാലമായിരുന്നുവത്.

കേരളത്തിലെ പ്രധാനരാജാക്കന്മാരെല്ലാം തന്നെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. കോലോത്തരി, സാമൂതിരി, കൊച്ചി, വേണാട് എന്നിവയെല്ലാം. അതിന്റെ പ്രധാന കാരണം രാജക്കന്മാരുടെ വരുമാനം കച്ചവടവുമായി ബന്ധപ്പെട്ടുമാത്രം നിലനിന്നിരുന്ന ഒന്നായിരുന്നു എന്നതായിരുന്നു.

ലോകത്തിലെ എല്ലാ രാജ്യങ്ങളുയും വരുമാനം കാര്‍ഷികവിഭവങ്ങളില്‍ നിന്നും കിട്ടുന്ന കരത്തില്‍ നിന്നായിരുന്നു. എന്നാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ നമ്പൂതിരിമാരുടെ അധീനതയിലായിരുന്നു. നമ്പൂതിരിമാരില്‍ നിന്നും കരം പിരിക്കുക എന്നത് ആലോചിക്കാന്‍ കൂടി കഴിയാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ പിന്നീട് വരുമാനത്തിന്റെ സ്രോതസ്സ് കച്ചവടക്കാരിലേക്കു വില്ക്കുവാന്‍ കൊണ്ടുവരുന്ന ചരക്കുകളില്‍ ചെലുത്തുന്ന ചുങ്കത്തിലും കച്ചവടത്തിലെ ലാഭവിവാഹത്തില്‍ നിന്നും ലഭിക്കുന്ന ഓഹരിയില്‍നിന്നുമായിരുന്നു.

അതിനാല്‍ വരുമാനത്തിന്റെ മുഖ്യകാരണമായ കച്ചവടത്തെ രാജാക്കന്മാര്‍ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.

ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ കച്ചവടക്കാരായ അറബികളില്‍ ആത്മീയമായ മാറ്റമുണ്ടാവുകയും കുടുമ്പബന്ധങ്ങള്‍ മുസ്ലിങ്ങള്‍ക്ക് സാമൂഹികമായ ബാധ്യതയാവുകയും ചെയ്തു. ഇത് മുത്‌അ വിവാഹം പോലെയുള്ള താത്ക്കാലിക കൂട്ടുകെട്ടുകളെ ഇല്ലാതാക്കുകയും ശക്തമായ കുടുമ്പബന്ധം നിലനിറുത്തുന്ന സമൂഹമായും സമുദായമായും രൂപപ്പെടുത്തി. മാത്രമല്ല കച്ചവടത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്ധത അവരെ പുതിയ ചുമതലകളെല്‍പ്പിക്കുന്നതിന്നുള്ള കാരണമായി തീര്‍ന്നു.

ഏഴു മുതല്‍ പതിനഞ്ച് വരെയുള്ള കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികാവസ്ഥയെ കുറിച്ച് അടുത്ത പോസ്റ്റിലാകാം


2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

കേരള ചരിത്രത്തിലൂടെ-3

കേരളത്തിലെ മനുഷ്യാവാസചരിത്രം എന്നു മുതല്‍ തുടങ്ങുന്നു എന്നതിനെ കുറിച്ച് ചരിത്രകാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ആദിശിലായുഗകാലങ്ങളില്‍ ഇവിടെ മനുഷ്യാവാസമുള്ളതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ നവീന ശിലായുഗം മുതല്‍ മനുഷ്യസമൂഹം നിലവിലുണ്ടായിരുന്നുവെന്നതിന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സഹ്യപര്‍വതനിരകളെ അറബിക്കടല്‍ തൊട്ടുകിടന്നിരുന്നതായും പിന്നീട് തൂര്‍ന്ന് രൂപപ്പെട്ടതുമായാണ് കേരളം ഭൂമിശാസ്ത്രപരമായി രൂപപ്പെട്ടിട്ടുള്ളത്. അതായത് ഇന്നത്തെ കേരളം മുഴുവന്‍ ഒരു സമയത്ത് കടലായിരുന്നുവെന്നര്‍ത്ഥം.


ക്രിസ്തുവിനു അഞ്ചുനൂറ്റാണ്ട് മുമ്പ് വരെ കേരളത്തില്‍ ബുദ്ധ-ജൈന മതങ്ങള്‍ക്കു സ്വാധീനമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു സംഘടിത മതസ്വഭാവം വരുന്നത് ഈ മതങ്ങളോടു കൂടിയാണെന്നാണു കരുതുന്നത്. ആരാധനാലായങ്ങളും വിഹാരങ്ങളും സന്യാസജീവിതങ്ങളും കേരളത്തിലെത്തിക്കുന്നത് ഇവരാണ്. അശോക ചകൃവര്‍ത്തിയുടെ ഗിര്‍ണാര്‍ ശാസനയോടുകൂടിയാണ് ബുദ്ധമത പ്രചാരകര്‍ ഇവിടെയെത്തിയത്. കൃസ്തുവിന്നു ശേഷം നാലു നൂറ്റാണ്ടുവരെ ഈ മതങ്ങള്‍ കേരളത്തില്‍ യാതൊരെതിര്‍പ്പുമില്ലാതെ നിലനിന്നിരുന്നതായി തെളിവുകളുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെടുത്തിയിട്ടുണ്ട്. ഇവര്‍ സംഘടിപ്പിച്ച് പാഠശാലകളും ചികിത്സാകേന്ദ്രങ്ങളും പ്രശസ്തങ്ങളായിരുന്നു.

എന്നാല്‍ ആറാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച ബ്രാഹ്മണ അധിനിവേശം ശക്തിയാര്‍ജ്ജിച്ച് ശ്രീ ശങ്കരാചാരാര്യരുടെ ദിഗ്‌വിജയത്തോടു കൂടി സര്‍വ്വാധിപത്യത്തിലേക്കു വളര്‍ന്നു.
ജാതിരഹിതമായ കേരളസമൂഹത്തില്‍ ജാതിയുടെ രൂപം വരുന്നത് അക്കാലങ്ങളിലാണ്. ചേര രാജ്യം-ചേരമാന്‍ എന്നീ പേരുകളില്‍ നിന്നും ചെറുമര്‍ എന്നത് കേരളത്തിലെ ആദ്യ സമൂഹത്തിന്റെ മൊത്തം പേരായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് ബ്രാഹ്മണര്‍ ഉയര്‍ന്ന പദവിയിലാവുകയും ചെറുമര്‍ താഴ്ന്ന വിഭാഗമായി മാറുകയും ചെയ്തു.

പലരും ധരിക്കുന്നത് പോലെ വലിയൊരു രക്തചൊരിച്ചിലിലൂടെയാണ് ബ്രാഹ്മണ്യം കേരളത്തില്‍ വേരൂന്നിയത് എന്നതിന്ന് ചരിത്ര പിന്‍ബലമില്ല, എന്നാല്‍ ആത്മീയ-ധൈഷിണ വ്യാപനത്തില്‍ അന്നത്തെ ഗൊത്രങ്ങള്‍ക്കു മേല്‍ സ്വാധീനം രൂപപ്പെടുത്തുകയും ജനങ്ങള്‍ ഇവരെ ദൈവീകപ്രീതിയുള്ളവരായി കരുതി അംഗീകരിക്കുവാന്‍ കരുതുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് ബൌദ്ധസന്യാസിമാരുമായി വാദപ്രതിവാദം നടത്തുകയും അവരെ തോല്പിച്ച് നാവറുത്ത് നാടുകടത്തുകയും ചെയ്ത ഒരു കാലഘട്ടവും കടന്നു പോയി. അങ്ങിനെയാണ് ബ്രാഹ്മണ്യം കേരള സമൂഹത്തിന്റെ ഉയര്‍ന്ന പദവിയിലേക്കു കയറിവരികയും ബുദ്ധ-ജൈന മതങ്ങള്‍ പാടെ തുടച്ചു നീങ്ങുകയും ചെയ്യുന്നത്.

ഈ ജാതി വ്യവസ്ഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലന്ന്നു പോന്നു എന്നത് അത്ഭുതകരമാണ്.അതായത് ഒമ്പതാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ജാതിവ്യവസ്ത അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇവിടെ നിലനില്‍ക്കുകയാണുണ്ടായത്.
ലോകത്തില്‍ കേരളത്തിലെ നമ്പൂതിരിമാരെ പ്പോലെയുള്ള ഒരു സമൂഹം ഇല്ലതന്നെ. പൌരോഹത്യവും അധികാരവും ലോകചരിത്രത്തില്‍ എല്ലായിടത്തും കൈകോര്‍ത്തിരുന്നതായി നമുക്കു കാണാന്‍ കഴിയും. എന്നാല്‍ പുരോഹിതരുടെ മണ്ഡലം ആത്മീയമായ മേഖല മാത്രമായിരുന്നു. ഭൂമിയുടെ അവകാശം രാജാവിന്റെ കീഴിലായിരുന്നുവെന്നര്‍ത്ഥം. എന്നാല്‍ കേരളത്തില്‍ ഭൂമി മുഴുവന്‍ ബ്രാഹ്മണന്റെ കീഴിലായിരുന്നു. ഭൌതികവും ആത്മീയവുമായ അധികാരം കേന്ദ്രീകരിച്ചിരുന്ന അപൂര്‍വമായ - അതിനേക്കാള്‍- മറ്റെങ്ങുമില്ലാത്ത ഉയര്‍ന്ന പദവിയിലുള്ളവരായിരുന്നു കേരളത്തിലെ ബ്രഹ്മണന്മാര്‍.

കേരളത്തിലെ ജാതിയുടെ ശ്രേണി ഇങ്ങിനെയായിരുന്നു-
നമ്പൂതിരിമാര്‍-
ക്ഷത്രിയന്മാര്‍-സാമാന്തന്മാര്‍
നായന്മാര്‍
ഈഴവര്‍
കമ്മാളന്മാര്‍
ചെറുമര്‍

ഇവയില്‍ പല അവാന്തരവിഭാഗങ്ങളും സമാന്തരവിഭാഗങ്ങളുമുണ്ട്.

2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കേരള ചരിത്രത്തിലൂടെ-2

കേരളത്തെകുറിച്ച ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത് എ.ഡി.851-ന് സുലൈമാന്‍ എന്നറിയപ്പെടുന്ന അറബിവ്യാപാരി എഴുതിയ സിത്സിലാത്ത്-അല്‍-തവാരിഖ് എന്ന ഗ്രന്ഥത്തിലാണ്. പക്ഷെ കേരളവും പുറം രാജ്യങ്ങളുമായ കച്ചവട ബന്ധത്തിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് ശരിയായ നിഗമനത്തിലെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കൃസ്തുവിന്നു മുമ്പേ നമ്മുടെ സുഗന്ധ്ദൃവ്യങ്ങളും ആനക്കൊമ്പും തേക്കുമെല്ലാം ലോകപ്രശസ്തങ്ങളായിരുന്നുവെന്ന ഒരു വാദമുണ്ട്. സോളമന്‍ ചകൃവര്‍ത്തിയുടെ അരമന മോടിപിടിപ്പിക്കാന്‍ കേരളത്തില്‍ നിന്നും ഇവ കോണ്ടുപോയി എന്ന ഒരു പ്രസ്ത്യാവ്യമുണ്ട്.

കേരളത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടിയ റോമന്‍ നാണയങ്ങള്‍ ബി.സി.117-മുതല്‍ എ.ഡി 123 വരെ ഉപയോഗത്തിലുണ്ടായ കാലഘട്ടത്തിലേതാണ്. എന്തായാലും കൃസ്താബ്ദം മുതല്‍തന്നെ നമുക്ക് വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന സമ്പര്‍ക്കത്തിന് വ്യക്തമായ തെളിവുകളുണ്ട്.

കേരളത്തെ അന്ന് മൊത്തമായി വിളിച്ചിരുന്ന പേരായിരുന്നു മലബാര്‍ എന്നത്. പിന്നീട് ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന കേരളം ബ്രിട്ടിഷുകാര്‍ കീഴടക്കിയപ്പോള്‍ അത് ബ്രിട്ടിഷ് മലബാറാവുകയും അത് പിന്നീട് മലബാര്‍ വടക്കന്‍ കേരളത്തെ മാത്രം വിളിക്കുന്ന ഒരു രീതിയിലേക്കെത്തുകയുമാണുണ്ടായത്.

മധ്യപൌരസ്ത്യ മതങ്ങളായ യഹൂദ-ക്രൈസ്തവ-മുസ്ലിം മതങ്ങള്‍ കേരളത്തില്‍ ഒരു സമൂഹമായി ഏകദേശം അവയുടെ തുടക്കം മുതല്‍ തന്നെ ഇവിടെയും എത്തപ്പെട്ടതായി കരുതുന്നു. യഹൂദമതത്തെ കുറിച്ച് എത്രകാലം മുമ്പെന്ന് പറയാന്‍ കഴിയില്ലെങ്കിലും കൃസ്തുവീനു മുമ്പ് തന്നെ ജറൂസലേമില്‍നിന്നും രക്ഷാസങ്കേതം തേടിയെത്തിയതായാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. കൊടുങ്ങല്ലൂരിന്നടുത്ത് ഇവര്‍ക്ക് ഒരു സ്വതന്ത്രരാജ്യമുണ്ടായിരുന്നതായും അതിന്ന് ഷിങ്കിളി എന്നായിരുന്നു പേരെന്നും കാണപ്പെടുന്നുണ്ട്.

എ.ഡി52ല്‍ യേശുവിന്റെ ശിഷ്യനായിരുന്ന തോമസ് പുണ്യവാളന്‍ മുസ്‌രിസ് എന്ന തുറമുഖത്തിറങ്ങി എന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്നത്തെ പതിവനുസരിച്ച് പലഗോത്രത്തലവന്മാരും ഈ പുതിയമതത്തെ സ്വീകരിക്കുകയും ദേവാലയങ്ങള്‍ പണിയുന്നതിന്നുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. ആദ്ദേഹം എ.ഡി. 65-ല്‍ തന്റെ മതപ്രചരണ ദൌത്യവുമായി സഞ്ചരിക്കുന്നതിന്നിടയില്‍ മദ്രാസ്സിന്നടുത്ത് മൈലാപ്പൂരില്‍ വച്ച് വധിക്കപ്പെട്ടതായാണ് കരുതുന്നത്. ഇക്കാലത്ത് മതം മാറിയവരെയാണ് മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു വിളിക്കുന്നത്.

മതം മാറി എന്നല്ലാതെ ജനങ്ങള്‍ അവരുടെ ആചാരങ്ങളില്‍ വലിയ വ്യത്യാസമൊന്നും വരുത്തിയിരുന്നില്ല, ക്നായി തൊമ്മനെന്ന പാതിരി 72 ക്രൈസ്തവകുടുമ്പങ്ങളുമായി ഇവിടെ എത്തുന്നത് വരെ. പിന്നീട് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടു കൂടി വന്ന ബിഷപ്പുമാരും പാതിരിമാരും കേരളത്തില്‍ മിഷിനറി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും വിദേശതിരുസഭകളുടെ സ്വാധീനം ക്രൈസ്തവരില്‍ അഒര്‍ സംഘടിത സ്വഭാവമുണ്ടാക്കുകയും ചെയ്തു.

പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കൂടുതല്‍ പ്രാബല്യമുണ്ടായി. കാത്തലിക് വിഭാഗത്തിന് കൂടുതല്‍ സ്വാധീനം വരുന്നത് പോര്‍ച്ചുഗീസുകാരുടെ ഇടപെടലോടെയാണ്. അവര്‍ സിറിയന്‍ ക്രൈസ്തവരെ ഉപദ്രവിക്കുകയും ആരാധനലായങ്ങളെ ആക്രമിക്കുകയും പ്രാര്‍ത്ഥനകള്‍ സുറിയാനി ഭാഷയില്‍ നിന്നും ലത്തീന്‍ ഭാഷയിലേക്കു മാറ്റുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കേരളത്തില്‍ കാത്തലിക് വിഭാഗം ശക്തമാകുന്നത് അങ്ങിനെയായിരുന്നു.

ചേരമാന്‍ പെരുമാള്‍ എന്ന ചേരസാമ്രാജ്യത്തിലെ ഒരു രാജാവ് ഇവിടെ വന്ന അറബികളായ കച്ചവടക്കാരായ മുസ്ലിങ്ങളുടെ കൂടെ മക്കയില്‍ പോകുകയും പ്രവാചകസന്നിദ്ധിയില്‍ വച്ച് മുസ്ലിമായി താജുദ്ദീന്‍ എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു എന്നാണ് കാണുന്നത്, എന്നാല്‍ എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ അവസാനത്തെ പെരുമാളായ (സ്ഥാനപ്പേരാണ് പെരുമാളെന്നത്) ചേരമാന്‍ പെരുമാള്‍ ഇസ്ലാം സ്വീകരിക്കുകയും അബ്ദുരഹിമാന്‍ എന്ന പേര്‍ സ്വീകരിച്ച് മരണപ്പെടുകയും ചെയ്ത സംഭവം ചരിത്രകാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്.അദ്ദേഹത്തിന്റെ ഖബറിടം (ശവകുടീരം) ഇന്നും സലാലയില്‍ ഉണ്ട്. അതില്‍ മരണ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് ഹിജ്ര 216 എന്നാണ്.

കേരളത്തിലെത്തിയ ആദ്യ മുസ്ലിം മിഷിനറി സംഘം നബിയുടെ കാലത്തുതന്നെ എത്തിയ ഷൈഖ് സഹറുബ്നു തഖ്‌യുദ്ദീനും രണ്ടു പേരുമാണെന്ന് ഒരു വാദമുണ്ട്. അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആദ്യത്തെ പെരുമാള്‍ മുസ്ലിമായതെന്നും രോഗബാധിതനായ അദ്ദേഹത്തിന്റെ മരണ‌ഉടമ്പടിപ്രകാരമാണ് ഏ.ഡി. 642 ല്‍ മാലിക്ദീനാറിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം 44 പേര്‍ കേരളത്തിലെത്തുന്നതെന്നും അവര്‍ കൊടുങ്ങല്ലൂരില്‍ ഇറങ്ങി പെരുമാളില്‍ നിന്നും ( താജുദ്ദീന്‍ ) കൊടുത്തയച്ചിരുന്ന കത്ത് രാജാവിന്ന് നല്‍കുകയും അവര്‍ രാജാവിന്റെ അതിഥികളായി മതപ്രചരണം ആരംഭിക്കുകയും ചെയ്തു എന്ന് രിഹ്‌ലാലത്തുല്‍ മുലൂക്ക് എന്ന ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു.

അവരാല്‍ നിര്‍മിച്ച ആദ്യത്തെ പത്തു പള്ളികളുടെ പേരും പിന്നീട് അവര്‍ ഏറ്റെടുത്ത ഖാസിസ്ഥാനങ്ങളുടെ വിവരണങ്ങളുമെല്ലാം തുഹ്ഫത്തുല്‍ മുജാഹിദീനിലുണ്ട്.

ഇതിന്നിടയില്‍ പെരുമാളോടൊപ്പം മക്കയിലേക്കു പോയി തിരിച്ചു വന്നവരുറ്റെ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ സൈഫുദ്ദീന്‍ മുഹെമ്മദലി എന്ന പേര്‍ സ്വീകരിച്ച് ഇക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന് ചിറക്കല്‍ രാജവംശത്തിലെ ഒരു രാജകുമാരിയെ നദിയില്‍ നിന്നും രക്ഷിക്കേണ്ടിവന്നു. വിവസ്ത്രയായ രാജകുമാരിക്ക് തന്റെ മേല്‍മുണ്ട് നല്‍കിയ അദ്ദേഹത്തിന് പക്ഷേ ഹൈന്ദവാചാരപ്രകാരം മേല്‍മുണ്ട് നല്‍കിയ പുരുഷനാരാവട്ടെ ഒന്നുകില്‍ ഭാര്യയായി സ്വീകരിക്കുക അല്ലെങ്കില്‍ ജാതിഭൃഷ്ടിന്നു രാജകുമാരിയെ വിട്ടുകൊടുക്കുക എന്ന സാഹചര്യത്തില്‍ ഭാര്യയായി സ്വീകരിക്കേണ്ടി വന്നു. തുടര്‍ന്നു ചിറക്കല്‍ രാജാവ് കണ്ണൂരും അടുത്ത പ്രദേശങ്ങളും അവര്‍ക്കു നല്‍കി. ഇതാണ് അറക്കല്‍ രാജവംശമെന്ന ആദ്യത്തെ മുസ്ലിം രാജ്യത്തിന്റെ ചരിത്രം.

തുടരും

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-1


(ചിത്രങ്ങള്‍ക്കു കടപ്പാട്-http://khizana.blogspot.com/)

കേരളത്തിന്റെ ചരിത്രം വളരെകുറച്ച് മാത്രം രേഖപ്പെടുത്തപ്പെട്ട, വളരെയേറെ നിഗമനങ്ങളില്‍നിന്നും ഊഹിച്ചെടുത്ത ഒരു ചരിത്രശാഖയാണ്. എന്തിനേറെ കേരളചരിത്രത്തില്‍ നാം പഠിച്ചുവന്നിരുന്ന രണ്ടാം ചേരസാമൃജ്യം ഒരു മിത്താണെന്നാണ് കേസരിയെപ്പോലെയുള്ളവര്‍ അവകാശപ്പെടുന്നത്. അതിന്റെ ഒരു പ്രധാനകാരണം മറ്റു രാജ്യങ്ങളെ പോലെ രാജാക്കന്മാരുടെ കീഴില്‍ ചരിത്രകാരന്മാര്‍ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ്.

കേരളചരിത്രത്തിന്റെ ഒരു പ്രധാന സ്ത്രോതസ്സ് അറേബ്യയില്‍നിന്നും വന്ന സഞ്ചാരികളുടെയും കച്ചവടക്കാരില്‍ നിന്നും കിട്ടിയ വിവരങ്ങളാണ്.

കേരളചരിത്രത്തെ കുറിച്ചുള്ള ആദ്യഗ്രന്ഥമെന്ന പേരിലറിയപ്പെടുന്നത് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ ("പോരാളികള്‍ക്കുള്ള സമ്മാനം") എന്ന അറബിയിലെഴുതിയ പുസ്തകമാണ്.
ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദിഷായുടെ ഉപദേഷ്ടാവും സുഹൃത്തുകൂടിയായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം. അതിനാലാണ് അദ്ദേഹം തന്റെ ഗ്രന്ഥം സുല്‍ത്താന് സമര്‍പ്പിക്കുന്നത്. 1557 മുതല്‍ 1580 വരെ ബീജാപ്പൂരിലായിരുന്ന മഖ്ദൂം പിന്നീട് തന്റെ ജന്മസ്ഥലമായ പൊന്നാനിയിലേക്ക് തിരിച്ചു വരികയും സാമൂതിരിയുടെ ഉപദേഷ്ടാളുകളില്‍ ഒരാളാകുകയും ചെയ്തു.

മക്കയില്‍ ഷൈഖ് ഷിഹാബിദ്ദീനു ബ്നു ഹജര്‍ ഹൈത്തമിയുടെ ശിഷ്യനായിരുന്ന മഖ്ദൂം ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായിരുന്ന ഇമാം അഹ്മെദ് ബ്നു ജമല്‍ മക്കിയുടെ കീഴിലും പഠനം നടത്തിയിട്ടുണ്ട്.

മഖ്ദൂമിന്റെ ഗ്രന്ഥങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. അദ്ദേഹം രചിച്ച ഫതഹുല്‍ മുഹീന്‍ ഇസ്ലാമിലെ ഒരു ചിന്താധാരയായ ഷാഫി മദ്‌ഹബിലെ കര്‍മശാസ്തൃരംഗത്തെ അറിയപ്പെടുന്ന പുസ്തകമാണ്.

കേരളചരിത്രത്തില്‍, പക്ഷെ അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിനാണ് കൂടുതല്‍ പ്രാധാന്യം. പറങ്കികള്‍ക്കെതിരെ മുസ്ലിങ്ങളെ സമരസജ്ജരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെങ്കിലും പുസ്തകം ഉള്‍കൊല്ലുന്നത് ഒരു യുദ്ധ്വാഹ്വാനം മാത്രമല്ല. നാലുഭാഗങ്ങളാക്കി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ നാലുഭാഗങ്ങലിലൂടെ പതിനാറാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം ലിഖിതപ്പെടുത്തിയിരിക്കുന്നു.

പുസ്തകത്തിലെ ഒന്നാം ഭാഗം പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നടത്തേണ്ട യുദ്ധ്വാഹ്വാനവും അതിന്റെ കടമകളും യുദ്ധനിയമങ്ങളുമാണെങ്കില്‍ രണ്ടാം ഭാഗത്തില്‍ കേരളത്തിലെ നിലവിലുള്ള മുസ്ലിങ്ങളുടെ അവസ്ഥകളെ കുറിച്ചും ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ യാത്രയെ കുറിച്ചുള്ള വിവരണങ്ങളുമാണ്. കേരളത്തിലെ പ്രധാനതുറമുഖങ്ങളെ കുറിച്ചും അവയുടെ വളര്‍ച്ചയുടെ ചരിത്രവുമെല്ലാം ഈ ഭാഗത്തുണ്ട്.

മൂന്നാം ഭാ‍ഗത്താകട്ടെ ഇവിടെ നിലനിന്നിരുന്ന സഹിഷ്ണുതയുടെ ചിത്രവും നാട്ടു രാജ്യക്കാര്‍ മുസ്ലിങ്ങളോട് കാണിച്ചിരുന്ന ആദരവിന്റെ വിവരണങ്ങളും നല്‍കുന്നു. നാലാം ഭാഗം കേരളത്തിലെ ആചാരങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ്. ജാതി സമ്പ്രദായം ശിക്ഷാരീതികള്‍, വസ്ത്രധാരണം എന്നിവയെല്ലാം വളരെ സവിസ്തരം ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നു.
നാലാംഭാഗത്തില്‍ പതിനാലു അദ്ധ്യായങ്ങളാക്കി തിരിച്ച് 1498 മുതല്‍ 1583 വരെ നടന്ന കുഞ്ഞാലിമരക്കാര്‍- വാസ്കോഡിഗാമാ നാവികപോരാട്ടത്തിന്റെ കഥ പറഞ്ഞു തരുന്നു.

ഒരുപുസ്തകം വായനയിലെടുക്കുമ്പോള്‍ മനസ്സിരുത്തേണ്ട ചില വസ്തുതകളുണ്ട്. അതില്‍ പ്രധാനമായത് അതിന്റെ പ്ശ്ചാത്തലമാണ്. ഒരു വിശുദ്ധയുദ്ധത്തിന്വാഹ്വാനം ചെയ്യുന്നു എന്ന ഒരു സാമാന്യവത്കരണം നടത്തി ഒരു ചരിത്രഗതിയെ വ്യാഖ്യാനിക്കുന്നത് ശുദ്ധ‌അസംബന്ധമാണ്. നിലനിന്നിരുന്ന സ്ഥലത്തെ ഹിന്ദുക്കളുമായി യുദ്ധം ചെയ്യാതെ പറങ്കികളുമായൊരു യുദ്ധ്വാഹ്വാനത്തിന് എന്തു സാമൂഹികസാഹചര്യമായിരുന്നു രൂപപ്പെട്ടെത് എന്നും ചര്‍ച്ചക്കെടുക്കേണ്ടിവരുന്നു.

ജിഹാദ്‌ എന്ന സങ്കല്‍പം ഖുര്‍ ആനികമാണെങ്കിലും അതിന്റെ സജീവപ്രയോഗം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നു വരവോടെയാണ്‌ സംഭവിക്കുന്നത്‌.

എന്ന് സന്തോഷെഴുതുമ്പോള്‍ മനസ്സിലാക്കുക-

ഇസ്ലാമിന്റെ രാഷ്ടീയ രൂപം പ്രവാചകന്റെ കാലത്തെ രൂപപ്പെട്ടിരുന്നു. അത് ഒരു പുതിയ സംഞ്ജയല്ലെന്നര്‍ത്ഥം. അതിന്റെ ഒരു പ്രായോഗിക രൂപമൊന്നുമല്ല പോര്‍റ്റുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം. മറിച്ച് ഒരു അധിനിവേശത്തിന്നെതിരെ ആത്മീയമായ ശക്തിഉപയോഗിക്കുകയായിരുന്നു.

എന്തുകൊണ്ട് ഒരു മതപണ്ഡിതന്‍ ഇങ്ങിനെ ഒരു യുദ്ധത്തിന്വാഹ്വാനം ചെയ്യേണ്ടിവന്നു എന്നതിന് അന്നത്തെ കേരള സമൂഹത്തെകുറിച്ചും അവിടെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്-

ഇക്കാര്യങ്ങള്‍ അടുത്ത പോസ്റ്റിലാകാം

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൌ ജിഹാദ്

ഈ പോസ്റ്റ് അല്ല പിന്നെയില്‍ വന്ന ലൗ ജിഹാദ്‌ !!!!! ഈ എന്ന പോസ്റ്റിനുള്ള ഒരു കമെന്റ് ആണ്.

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Posted on: 30 Sep 2009
'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '

മാതൃഭൂമിയിലെ ഒരു വാര്‍ത്തയില്‍നിന്നാണ് പോസ്റ്റിന്റെ ഉത്ഭവം- അല്ല, അതിനേക്കാളേറെ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നാണെന്നു പറയാം.

അതിലേക്കു കടക്കുന്നതിന്നു മുമ്പ് ജിഹാദ് എന്ന പദത്തെകുറിച്ചും അതിന്റെ ഇസ്ലാമികമാനത്തെ കുറിച്ചും ---നിലവില്‍ വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. പക്ഷേ, അറബിയില്‍ ജിഹാദ് എന്ന പദത്തിന്ന് അങ്ങിനെ ഒരര്‍ത്ഥമില്ല. ജിഹാദ് എന്ന പദത്തിന് ആത്മപരിത്യാഗം എന്നാണര്‍ത്ഥം വരുന്നത്.

ഇവിടെ പര്‍മാമര്‍ശിക്കപ്പെട്ട സംഭവമാകട്ടെ പത്തനംതിട്ടയിലെ ഒരു സാധാരണ പ്രണയവുമായി ഒരു വക്കീല്‍ നടത്തിയ സമര്‍ത്ഥമായ ഒരു കളിയും.

വെബ്ദുനിയയില്‍ പിന്നീട് വന്ന വാര്‍ത്ത.

നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

ആരും ആവശ്യപ്പെട്ടിട്ടില്ല- പക്ഷെ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സിലൊരു നൊമ്പരം- സഹായിക്കാനാവശ്യപ്പെടാതെതന്നെ സഹായിക്കാന്‍ പാടില്ലെ- അതും ഇത് പോലെ മനസ്സുള്ള ഒരാളെ- ഒരാള്‍ക്ക് ചെയ്യുവാനുള്ള പരിമിതി ഒരു കൂട്ടത്തിന്ന് മറികടക്കാനാവും- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?

കുറേ തട്ടിപ്പുകളുടെ കഥകള്‍ നമ്മെ നിരുത്സാഹപ്പെടുത്തേണമോ?

ഒന്നുകൂടി ആവര്‍ത്തിക്കുന്നു- നമുക്കെന്തെങ്കിലും ചെയ്യുവാനാവുമോ?അപര്‍ണയ്ക്ക് സംഭവിച്ചത്; ആര്‍ക്കും സംഭവിച്ചുകൂടാത്തത്‌
Posted on: 06 Oct 2009

പാലക്കാട്: അനുമോദനങ്ങളുടെ ആരവമൊഴിഞ്ഞപ്പോള്‍ അപര്‍ണാലവകുമാര്‍ എന്ന വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ വീണത് ദുരന്തങ്ങളുടെ കണ്ണീര്‍ഹാരം. കഴിഞ്ഞകൊല്ലം ഈ സമയത്ത് മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലായിരുന്നു തൃശ്ശൂരിലെ ഒല്ലൂര്‍ പോലീസ്‌സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ അപര്‍ണ.

കൂര്‍ക്കഞ്ചേരിയിലെ ഒരു ആസ്​പത്രിയില്‍ ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടമ്മയുടെ മൃതദേഹം വിട്ടുകിട്ടാതെ വിഷമിക്കുന്ന അപരിചിതകുടുംബത്തിന് തന്റെ മൂന്ന് സ്വര്‍ണവളകള്‍ ദാനംചെയ്ത മഹാമനസ്‌കതയാണ് അപര്‍ണയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. കാരുണ്യത്തിന്റെ മഹാമാതൃക എന്ന് കേരളം വാഴ്ത്തിയ അപര്‍ണ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ്, മനസ്സിന്റെ നന്മയ്ക്ക് പ്രതിഫലമായി വിധി കൊടുത്ത അകാലവൈധവ്യത്തിന്റെയും ഭീമമായ കടബാധ്യതകളുടെയും മുന്നില്‍. അപര്‍ണ ഇന്ന് പത്തുലക്ഷം രൂപയുടെ കടക്കാരിയാണ്.സ്വകാര്യദുഃഖങ്ങള്‍ മറച്ചുപിടിച്ചുകൊണ്ട് നന്മയുടെ പിന്നാലെ നടക്കുന്ന അപര്‍ണ എന്ന പോലീസുകാരിയുമായുള്ള അഭിമുഖമല്ല ഈ കുറിപ്പ്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്ന് നാട് വിശേഷിപ്പിച്ച അപര്‍ണയെ ലക്ഷങ്ങളുടെ കടക്കാരിയാക്കിയ ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണിത്.

രണ്ടുമാസംമുമ്പ് ആത്മഹത്യചെയ്ത ഭര്‍ത്താവ് രാജന്‍ വരുത്തിവെച്ച കടങ്ങളാണിപ്പോള്‍ അപര്‍ണയുടെ ചുമലില്‍ വന്നിരിക്കുന്നത്. ആറുലക്ഷംരൂപ സ്വന്തംപേരില്‍ത്തന്നെ കടമുണ്ട്. ഭര്‍ത്താവിന് ജാമ്യംനിന്നവര്‍ക്ക് കൊടുക്കാനുള്ള നാലുലക്ഷത്തോളം രൂപയുടെ ധാര്‍മിക ബാധ്യത വേറെയും.പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളും എടുത്താല്‍പ്പൊങ്ങാത്ത സാമ്പത്തികബാധ്യതയുമാണ് അപര്‍ണയുടെ ഇപ്പോഴത്തെ സമ്പാദ്യങ്ങള്‍.

2008 സപ്തംബര്‍ നാലിന് കൂര്‍ക്കഞ്ചേരിയിലെ ആസ്​പത്രിയില്‍വെച്ചായിരുന്നു അപര്‍ണയുടെ 'സ്വര്‍ണദാനം'. ബന്ധുവിന്റെ അടിയേറ്റുമരിച്ച ഒരു സ്ത്രീയുടെ മൃതദേഹം, ബില്ലടയ്ക്കാന്‍ പണം തികയാത്തതുകൊണ്ട് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആസ്​പത്രിഅധികൃതര്‍. ഇന്‍ക്വസ്റ്റ് ഡ്യൂട്ടിക്കെത്തിയ അപര്‍ണ തന്റെ മൂന്നുവളകള്‍ ഊരിക്കൊടുക്കുകയായിരുന്നു. അവ പണയംവെച്ചാണ് അവര്‍ ബില്ലടയ്ക്കാനുള്ള തുക സ്വരൂപിച്ചത്.

തുടര്‍ന്ന് അനുമോദനങ്ങളുടെയും അഭിമുഖങ്ങളുടെയും പ്രവാഹമായിരുന്നു. സര്‍ക്കാരിന്റെ പാരിതോഷികമായി 25,000 രൂപയും ഡി.ജി.പി.യുടെ പ്രശംസാപത്രവും ഗുഡ്‌സര്‍വീസ് എന്‍ട്രിയും ലഭിച്ചു. പുറമെയുള്ള വ്യക്തികളും സംഘടനകളും സമ്മാനമായി നല്കിയ പണം അപര്‍ണ ആസ്​പത്രിയില്‍ പരിചയപ്പെട്ട നിര്‍ധന കുടുംബത്തിനാണ് നല്കിയത്. ഭര്‍ത്താവിന്റെ ബിസിനസ് സംരംഭങ്ങള്‍ പൊളിഞ്ഞ് കുടുംബത്തിന്റെ സാമ്പത്തികനില തകിടം മറിഞ്ഞ സമയത്തായിരുന്നു സ്വന്തംമനസ്സിന്റെ പ്രേരണയില്‍ ഈ ദാനധര്‍മങ്ങള്‍.

1997 ല്‍ രാജനെ വിവാഹംചെയ്ത അപര്‍ണയ്ക്ക് 2002 ലാണ് പോലീസ്‌വകുപ്പില്‍ ജോലികിട്ടിയത്. വിവാഹത്തിനുമുമ്പ് ഗള്‍ഫിലായിരുന്ന രാജന്‍ പിന്നീട് നീതിസ്റ്റോറും പലചരക്കുകടയുമൊക്കെ നടത്തിയെങ്കിലും എല്ലാം വന്‍ നഷ്ടത്തിലാണ് അവസാനിച്ചത്. ലോട്ടറിയിലും കുറെയേറെ പണം കളഞ്ഞു. സ്വന്തംവീടും അപര്‍ണയുടെ പേരിലുള്ള അഞ്ചുസെന്റ് സ്ഥലവുമൊക്കെ പണയത്തിലായി. ചായക്കട നടത്തിയാണ് ലവകുമാറും ശാന്തയും രണ്ട് മക്കളെ വളര്‍ത്തിയത്. വീട്ടിലെ കഷ്ടപ്പാടുകാരണം മൂന്നുകൊല്ലം അനാഥാലയത്തില്‍ നിന്നാണ് അപര്‍ണ പഠിച്ചത്. അപര്‍ണ പത്തില്‍ പഠിക്കുമ്പോഴാണ് രോഗം ബാധിച്ച് ലവകുമാര്‍ ആസ്​പത്രിയിലായത്. ഡിസ്ചാര്‍ജ്ദിവസം കൈയില്‍ ഒട്ടും പണമില്ലാതെ കരഞ്ഞുനിന്ന അവള്‍ക്ക് തൊട്ടടുത്ത കിടക്കയിലെ രോഗിയാണ് അത്യാവശ്യത്തിന് പണംനല്‍കി സഹായിച്ചത്. 65 വയസ്സുള്ള അച്ഛന്റെയും ഡ്രൈവറായ അനിയന്റെയും സംരക്ഷണയില്‍ തൃശ്ശൂര്‍ ജില്ലയിലെ മണ്ണംപേട്ടയിലെ വീട്ടില്‍ കഴിയുകയാണ് അപര്‍ണയും മക്കളും. ഭര്‍ത്താവിന്റെ അച്ഛനും സഹോദരങ്ങളും നല്‍കുന്ന സ്നേഹവും ധൈര്യവും സഹപ്രവര്‍ത്തകരുടെ പിന്തുണയും ദുരിതവഴികളില്‍ കരുത്ത് പകരുന്നുണ്ട്.